Wednesday, May 31, 2023

അയോത്തി - മനസ്സും കണ്ണും നിറക്കുന്ന സിനിമ

എല്ലാവരും കാണേണ്ട ഒരു  പടം. തുടക്കം മുതൽ ഒടുക്കം വരെ ഈ സിനിമയിലെ കഥാപാത്രങ്ങളുമായും അവരുടെ സാഹചര്യങ്ങളുമായും കാണുന്നവരെ ഇമോഷണലി കണക്ട് ആക്കുന്ന മേക്കിങ്. ക്ലൈമാക്സ് സീനുകളൊക്കെ അത്രയേറെ ഹൃദ്യമായിരുന്നു.. പ്രത്യേകിച്ച് ആ tale end സീനൊക്കെ.

ഒരൊറ്റ ദിവസത്തെ കഥയെ നല്ലൊരു തിരക്കഥയാക്കി മാറ്റിയതിനൊപ്പം അതെല്ലാം ഏച്ചു കൂട്ടലുകളില്ലാതെ പറഞ്ഞവതരിപ്പിക്കാനും സംവിധായകൻ ആർ. മന്ദിരമൂർത്തിക്ക് സാധിച്ചു.

ശശികുമാർ, പ്രീതി അസ്രാനി അടക്കമുള്ളവരുടെ കാസ്റ്റിങ്ങും പ്രകടനവുമൊക്കെ ഈ സിനിമയുടെ പ്രധാന മികവുകളായി മാറി. അതോടൊപ്പം പശ്ചാത്തല സംഗീതവും പാട്ടുകളും നൽകിയ ഫീലും എടുത്തു പറയാവുന്നതാണ്.

മരണം ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും സംഭവിക്കാം .. പക്ഷേ അത് സംഭവിക്കുന്നത് അന്യനാടുകളിൽ വച്ചാണെങ്കിൽ മൃതദേഹം വിട്ടു കിട്ടാനും സ്വന്തം നാട്ടിലേക്ക് എത്തിക്കാനുമൊക്കെ വേണ്ടി വരുന്ന നിയമ നടപടികൾ വലുതാണ്. അത്തരം പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളും അതെല്ലാം അഭിമുഖീകരിക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥയുമൊക്കെ 'അയോത്തി' നമ്മളെ ബോധ്യപ്പെടുത്തുന്നു.

മനുഷ്യത്വം നിറഞ്ഞ പ്രവർത്തികളാണ് ആചാര വിശ്വാസങ്ങളെക്കാൾ വലുത്. അതൊന്നും പാലിക്കാതെയുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് എന്താണ് പ്രസക്തി എന്ന് ചോദിക്കുകയാണ് സിനിമ.

പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രീ. അഷ്‌റഫ് താമരശ്ശേരിയെ പോലുള്ളവർ നടത്തുന്ന പ്രവർത്തനങ്ങൾ ഓർത്തു പോകുന്നുണ്ട് സിനിമ കാണുമ്പോൾ. 'പരേതരുടെ സംരക്ഷകൻ' എന്ന വിളിപ്പേരിനു എന്ത് കൊണ്ടും അനുയോജ്യനായ ആ മനുഷ്യനെ പരാമർശിക്കാതെ ഈ സിനിമയെ കുറിച്ച് പറഞ്ഞവസാനിപ്പിക്കാൻ സാധ്യമല്ല.

ആകെ മൊത്തം ടോട്ടൽ =  A must watch movie. വെറുപ്പ് പ്രചരിപ്പിക്കാൻ വേണ്ടി മാത്രം സിനിമകളെടുക്കുന്ന ഈ കാലത്ത് 'അയോത്തി' പോലുള്ള സിനിമകൾ മനസ്സിന് തരുന്ന ആശ്വാസം ചെറുതല്ല. അത് കൊണ്ട് തന്നെയാകാം ഈ സിനിമ മറക്കാനാകാത്ത പ്രിയപ്പെട്ട ഒന്നായി മാറുന്നതും.

*വിധി മാർക്ക് = 8/10 

-pravin-

Monday, May 22, 2023

മഹാപ്രളയത്തിന്റ മികവുറ്റ സിനിമാവിഷ്ക്കാരം !!


2018 ലെ മഹാ പ്രളയത്തിൽ നമ്മൾ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ ഒരു ഓർമ്മപ്പെടുത്തലെന്ന പോലെ പറഞ്ഞു പോകുന്നതിനപ്പുറം അന്നത്തെ പ്രളയത്തിന്റെ ഭീകരവും നിസ്സഹായവുമായ നേർ കാഴ്ചകളെ തിയേറ്ററിനുള്ളിൽ എല്ലാ തലത്തിലും അനുഭവഭേദ്യമാക്കാൻ ജൂഡ് ആന്റണിക്ക് സാധിച്ചു.
 
ഈ സിനിമ ആസ്വദിച്ചു എന്ന് പറയുന്നതിനേക്കാൾ 2018 ലെ മഹാപ്രളയം തിയേറ്ററിനുള്ളിലിരുന്ന് അനുഭവിക്കുകയായിരുന്നു എന്ന് പറയുന്നതാണ് ഉത്തമം. അത്ര മാത്രം തീവ്രമായി സിനിമയിലെ കഥാപാത്രങ്ങളും അവർ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും അവരുടെ മാനസികാവസ്ഥകളുമൊക്കെ നമ്മുടേത് കൂടിയായി മാറുന്നു.

1924 ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ വിവരണങ്ങളിലൂടെ തുടങ്ങി 2018 ന്റെ ടൈറ്റിൽ തെളിയുന്നതോടെ തന്നെ തന്റെ സിനിമയുടെ ഒരു റേഞ്ച് എന്താണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സംവിധായകൻ.

അടിയൊഴുക്കിൽ പെട്ട് പോകുന്ന ഒരു മീൻ ഡാമിൽ നിന്ന് കുതിച്ചു ചാടി നേരെ പാറക്കല്ലിൽ പോയി വീണ് ചോരയോടെ പിടയുന്ന ആ ഒരു ചെറിയ സീൻ കൊണ്ട് തന്നെ പ്രളയം വിഴുങ്ങാൻ പോകുന്ന കേരളത്തിന്റെ അവസ്ഥയെ വരച്ചിടുകയാണ് ജൂഡ്.

പ്രളയ ദിവസത്തിലെ സംഭവ വികാസങ്ങൾ പല ഭാഗത്തുള്ള കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ട് വരച്ചിടുന്ന സീനുകളിൽ പലയിടത്തും കണ്ണ് നിറഞ്ഞു പോയി. പല സീനുകളും സിനിമക്കുമപ്പുറം കേരളത്തെയും മലയാളികളെയും കുറിച്ച് അഭിമാനം കൊള്ളിച്ചു.


ഹെലികോപ്റ്റർ ലിഫ്റ്റിങ് സീനിലൊക്കെ എന്ത് നടക്കുമെന്ന ബോധ്യം ഉള്ളപ്പോഴും ആ സീനൊക്കെ തന്ന ത്രില്ലും ഫീലുമൊക്കെ വേറെ തന്നെയായിരുന്നു. ഈ സിനിമയിലെ ഇഷ്ട സീനുകളെ കുറിച്ചോ പ്രകടനങ്ങളെ കുറിച്ചോ പറഞ്ഞാൽ പറഞ്ഞു തീരില്ല. എന്നാലും എടുത്തു പറയാൻ തോന്നുന്ന ഒരു സെഗ്മെന്റ് ആയി മാറി സുധീഷ്-ജിലു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ വീട്ടിനുള്ളിൽ തങ്ങളുടെ വയ്യാത്ത മകനുമായി പ്രളയത്തിൽ കുടുങ്ങി പോകുന്നത് .

പ്രളയത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾക്കൊപ്പം തന്നെ മികച്ചു നിൽക്കുന്ന കഥാപാത്ര പ്രകടനങ്ങളായിരുന്നു സുധീഷ്-ജിലു ജോസഫ് ടീമിന്റെത്. മകനായി അഭിനയിച്ച ആ കുട്ടിയെയും മറക്കാനാവില്ല.

ലാൽ-ആസിഫ് അലി-നരേൻ കോമ്പോ, അത് പോലെ ടോവിനോ -ഇന്ദ്രൻസ്, പിന്നെ കുഞ്ചാക്കോ ബോബൻ, റോണി ഡേവിഡ് പോലുള്ളവരുടെ കഥാപാത്രങ്ങളടക്കം ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളെയും കൃത്യമായി പ്ലേസ് ചെയ്തിട്ടുണ്ട് സിനിമയിൽ.

നഷ്ടങ്ങളുടെ കണക്ക് മാത്രം സമ്മാനിച്ച പ്രളയത്തിലും മനുഷ്യർ ഒറ്റക്കെട്ടായി നിന്ന് പൊരുതിയതും അതിജീവിച്ചതുമൊക്കെ ആശ്വാസം തരുന്ന കാര്യങ്ങളായിരുന്നു. ആശ്വാസത്തിന്റെ അത്തരം സ്ക്രീൻ കാഴ്ചകളുടെ കൂട്ടത്തിൽ മത്സ്യതൊഴിലാളികൾ കേരളത്തിന് നൽകിയ സഹായം എടുത്തു കാണിച്ചത് അവർക്കുള്ള സമർപ്പണമായി.


പ്രളയ കാലത്തെ സർക്കാർ സംവിധാനങ്ങളെ കുറിച്ചും രാഷ്ട്രീയ നേതൃത്വത്തിന്റെ മികവിനെ കുറിച്ചുമൊന്നും സിനിമ സംസാരിച്ചില്ല എന്ന പരാതിക്കാരോട് പറയാനുള്ളത് അതിന് മാത്രമായി വേറൊരു സിനിമ എടുക്കേണ്ടി വരുമെന്ന് മാത്രമാണ്. ഇനി അങ്ങിനെ നോക്കിയാൽ തന്നെ സർക്കാരിനേക്കാൾ കൂടുതൽ കേരളത്തിന് വേണ്ടി പ്രളയ സമയത്തും പ്രളയാനന്തരവും ഉണർന്ന് പ്രവർത്തിച്ച പ്രവാസി സമൂഹത്തെ സ്മരിക്കാതെ പോയതിലാണ് ഏറ്റവും വലിയ പരാതി പറയേണ്ടി വരുക.

ഈ സിനിമ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് പ്രളയം നേരിട്ട ഒരു ജനതയെയാണ്. അതിൽ ജീവൻ നഷ്ടപ്പെട്ടവരും ജീവിതം തിരിച്ചു പിടിച്ചവരും തിരിച്ചറിവുകൾ നേടിയവരുമൊക്കെയുണ്ട്. ആ തലത്തിൽ മനുഷ്യന്റെ ഏറ്റവും പ്രാഥമിക രാഷ്ട്രീയമായ മാനവികതയെ കുറിച്ച് സംസാരിക്കാൻ സിനിമക്ക് സാധിച്ചിട്ടുണ്ട് എന്നിരിക്കെ പരാമർശിക്കാതെ പോയ കാര്യങ്ങളെ ചൊല്ലി പരാതിപ്പെടുന്നതിൽ കാര്യമില്ല എന്ന് തോന്നുന്നു.

ആകെ മൊത്തം ടോട്ടൽ = സൗണ്ട് ഡിസൈൻ, കാമറ, ലൈറ്റിങ്, ആർട്ട്, VFX അടക്കം എല്ലാത്തിലും സാങ്കേതികമായി മികവറിയിച്ച, ഈ വർഷം തിയേറ്ററിൽ കണ്ട മലയാള സിനിമകളിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.

*വിധി മാർക്ക് = 8.5/10 

-pravin-

Friday, May 12, 2023

പുതുമയുടെ അത്ഭുതങ്ങളില്ലെങ്കിലും പാച്ചു ഒരു ഫീൽ ഗുഡ് ആണ് !!


ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് അനൂപ് സത്യൻ ''വരനെ ആവശ്യമുണ്ട്' പറഞ്ഞവതരിപ്പിച്ചതെങ്കിൽ അഖിൽ സത്യൻ 'പാച്ചുവും അത്ഭുതവിളക്കും' പറഞ്ഞു തുടങ്ങുന്നത് മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ്. രണ്ടു പേരും പറഞ്ഞ കഥയിൽ സമാനതകളില്ലെങ്കിലും അവതരണത്തിൽ പലയിടത്തും 'ഫീൽ ഗുഡ്' സമാനതകൾ അനുഭവപ്പെടുന്നുണ്ട്.

'നാടോടിക്കാറ്റും', 'സന്മനസ്സുള്ളവർക്ക് സമാധാനവു'മടക്കമുള്ള സിനിമകളുടെ സീൻ റഫറൻസിനുമപ്പുറം കഥാപാത്ര നിർമ്മിതികളിലും ചില മുൻകാല സത്യൻ അന്തിക്കാട് സിനിമകളെ ഓർമ്മപ്പെടുത്തുന്നുണ്ട് അഖിൽ സത്യൻ.

ഫഹദിന്റെ പ്രകടനത്തിൽ സിദ്ധാർത്ഥനും പ്രകാശനുമൊക്കെ മിന്നി മാഞ്ഞു കൊണ്ടേയിരുന്നപ്പോൾ മുകേഷിൽ എവിടെയോ ജോമോന്റെ അപ്പനെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. മക്കളുടെ വാക്കുകളെ മറി കടന്നു കൊണ്ട് സ്വന്തം താൽപ്പര്യങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്ന കുസൃതിക്കാരി ഉമ്മച്ചിയിൽ കൊമ്പനക്കാട്ടിലെ കൊച്ചു ത്രേസ്യായെ കാണാം.

വിനോദിന്റെ ജീവിത യാത്രയിൽ ഗൗരവം പകരാൻ വഴിയിൽ നിന്ന് കൂടെ കൂടേണ്ടി വന്ന അനുപമയെ പോലെ, അയ്മനം സിദ്ധാർത്ഥനെ തിരുത്താൻ കാനഡയിൽ നിന്ന് വന്നിറങ്ങിയ ഐറീനെ പോലെ, ജോമോനെ നേർവഴിയിലാക്കാൻ അവതരിച്ച വൈദേഹിയെ പോലെ, പ്രകാശന് ജീവിതത്തിന്റെ തിരിച്ചറിവുകൾ നൽകിയ ടീന മോളെ പോലെ.. ഏറെക്കുറെ അത് പോലെ മറ്റൊരു സാഹചര്യത്തിൽ ഗോവയിൽ വച്ച് കണ്ടു മുട്ടുന്ന ഹംസധ്വനി പാച്ചുവിൻറെ ജീവിതത്തിൽ വെളിച്ചം പകരാൻ നിയോഗിക്കപ്പെട്ടവളായി മാറുന്നു.

അങ്ങിനെ നിരീക്ഷിക്കാൻ നിന്നാൽ ഇത് നമ്മൾ കണ്ടു മറന്ന ഏതൊക്കെയോ സത്യൻ അന്തിക്കാട് സിനിമകൾ തന്നെയല്ലേ എന്ന് സംശയിച്ചു പോകാമെങ്കിലും പുതുമകൾ പരതാതെ കണ്ടാൽ നിരാശപ്പെടുത്താത്ത ഒരു ഫീൽ ഗുഡ് സിനിമ തന്നെയാണ് 'പാച്ചുവും അത്ഭുതവിളക്കും'.

അവസാനത്തെ അര മുക്കാൽ മണിക്കൂറിലെ വലിച്ചു നീട്ടൽ ഒഴിച്ച് നിർത്തിയാൽ ഒരു പുതുമുഖ സംവിധായകൻ എന്ന നിലക്ക് അഖിൽ സത്യൻ ഉള്ള കഥയെ നന്നായി തന്നെ പറഞ്ഞവതരിപ്പിച്ചിട്ടുണ്ട്. കുടുംബ പ്രേക്ഷകരെ സംബന്ധിച്ച് അതിനെ ഗ്യാരണ്ടിയുള്ള പടം എന്ന് പറയാം.

ജസ്റ്റിൻ പ്രഭാകരന്റെ മനോഹരമായ പശ്ചാത്തല സംഗീതം ഈ സിനിമക്ക് കൊടുക്കുന്ന ഫീല് എടുത്തു പറയാവുന്ന മികവാണ്. അത് പോലെ പ്രകടനങ്ങളിലേക്ക് വന്നാൽ ഉമ്മച്ചിയായി അഭിനയിച്ച വിജി വെങ്കടേഷ് ഗംഭീരമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് . അഞ്ജനയുടെ ഹംസധ്വനിയും, ധ്വനി രാജേഷിന്റെ നിധിയുമൊക്കെ കൊള്ളാമായിരുന്നു .

ഏറെ ഇഷ്ടപ്പെട്ട പ്രകടനം റിയാസ് ഡോക്ടറായി വന്ന വിനീതിന്റേതായിരുന്നു. വിനീതിലെ നടനെ ഒരു കാലത്തിനിപ്പുറം വേണ്ട വിധം ഉപയോഗിക്കാൻ ഒരു സംവിധായകർക്കും സാധിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. അഖിൽ സത്യന്റെ ആ ഓർമ്മപ്പെടുത്തലിന് പ്രത്യേക നന്ദി.

ഇന്നസെന്റ് അവസാനമായി അഭിനയിച്ച സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധേയമായി 'പാച്ചുവും അത്ഭുത വിളക്കും'. അദ്ദേഹത്തിന്റെ അവശതകൾക്കിടയിലും ആ റോൾ പതിവ് പോലെ നമ്മളെ ചിരിപ്പിക്കുന്നതായി മാറി. ഇന്നസെന്റിന്റെ വിയോഗം തീർത്ത നഷ്ടം എത്ര വലുതെന്ന് പറയാനാവില്ല.

ആകെ മൊത്തം ടോട്ടൽ = കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് സിനിമ. 

*വിധി മാർക്ക് = 7/10 

-pravin-

Wednesday, May 3, 2023

സംഭവ ബഹുലമായ രണ്ടാം ഭാഗം !!


പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം മനസ്സിൽ അവശേഷിപ്പിച്ച ചോദ്യങ്ങളുടെയും സംശയങ്ങളുടേയുമൊക്കെ കേവല ഉത്തരങ്ങൾ കണ്ടു ബോധിക്കുക എന്നതിനപ്പുറം പൂർണ്ണമായും പറഞ്ഞവതരിപ്പിച്ചിട്ടില്ലാത്ത ആ കഥയേയും അതിലെ അനേകം കഥാപാത്രങ്ങളെയും രണ്ടാം ഭാഗത്തിൽ സമയബന്ധിതമായി എങ്ങിനെയായിരിക്കും മണി രത്‌നം പറഞ്ഞവസാനിപ്പിക്കുന്നുണ്ടാകുക എന്ന ആകാംക്ഷയിലാണ് PS 2 കാണേണ്ടി വരുന്നത്.

സത്യത്തിൽ മണിരത്നത്തെ പോലുള്ള ഒരു മികച്ച സംവിധായകന് നേരിടേണ്ടി വന്ന വെല്ലുവിളികളുടെ സ്‌ക്രീൻ കാഴ്ചകൾ കൂടിയാണ് 'പൊന്നിയിൻ സെൽവൻ' നൽകുന്നത് എന്ന് പറയേണ്ടി വരും.

ഒരുപാട് ഇവെന്റുകൾ കടന്നു വരുന്ന ഒരു കഥയിൽ കൃത്യമായി ഏത് കഥാപാത്രത്തെ ഫോക്കസ് ചെയ്തു കൊണ്ട് കഥ പറയണം എന്നറിയാതെ പോകുന്ന സീനുകൾ കാണാൻ പറ്റും 'പൊന്നിയിൻ സെൽവനി'ൽ. അത് മണിരത്‌നം എന്ന സംവിധായകന്റെ പരാജയമല്ല മറിച്ച് പൊന്നിയിൻ സെൽവൻ പോലൊരു നോവലിനെ വെറും രണ്ടു ഭാഗങ്ങളുള്ള സിനിമയിലേക്ക് ഒതുക്കി അവതരിപ്പിക്കേണ്ടി വരുന്നതിലെ പരിമിതികളാണ്.

ആദ്യ ഭാഗത്ത് കുന്ദവൈ - നന്ദിനി മുഖാമുഖം വന്നു നിൽക്കുന്ന സീനിൽ ഐശ്വര്യ റായി - തൃഷ മാരിൽ ആരാണ് മികച്ചതെന്ന് പറയാനാകാത്ത വിധം ഗംഭീരമായിരുന്നു. പകയും കുടിലതയും ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് സംസാരിക്കുന്ന നന്ദിനിയുടെയും, നന്ദിനിയുടെ മനസ്സ് വായിച്ചറിഞ്ഞു കൊണ്ട് മറുപടി നൽകുന്ന കുന്ദവൈയുടെയും സൗന്ദര്യം ഒരൊറ്റ കാഴ്ച കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല. അതിന്റെ ഒരു തുടർച്ചക്ക് രണ്ടാം ഭാഗത്തിൽ എവിടെയും പ്രസക്തി ഇല്ലാതാകുന്നു.

രണ്ടാം ഭാഗം ആരംഭിക്കുന്നത് നന്ദിനിയുടെയും ആദിത്ത കരികാലന്റെയും മനോഹരമായ ഫ്ലാഷ് ബാക്ക് സീനുകളിൽ നിന്നാണ്. അവരുടെ പ്രണയവും നഷ്ടപ്രണയവും വിരഹവുമൊക്കെ പിന്നീട് ആ രണ്ടു പേരിലുണ്ടാക്കിയ മാറ്റങ്ങൾ നമ്മൾ ഊഹിച്ചെടുക്കണം.

പകയും പ്രതികാരവും ചതിയുമൊക്കെ ഒളിഞ്ഞിരിക്കുന്ന അവരുടെ മനസ്സുകളിൽ അണയാതെ കത്തി നിൽക്കുന്ന പ്രണയമുണ്ട്. പക്ഷേ അത് പ്രകടമാക്കാൻ നന്ദിനിയും പ്രകടമാക്കാതിരിക്കാൻ ആദിത്ത കരികാലനും സാധിക്കുന്നില്ല.

രണ്ടാം ഭാഗത്തിലെ ഏറ്റവും മികച്ച സീനായി അനുഭവപ്പെട്ടത് ആദിത്ത കരികാലനും നന്ദിനിയുടെയും ആ കൂടി കാഴ്ച സീൻ തന്നെ. വിക്രമിന്റെയും ഐശ്വര്യയുടെയും പ്രകടനങ്ങൾ എടുത്തു പറയേണ്ട സീനുകൾ. 

ആദ്യ ഭാഗത്തെ പോലെ തന്നെ വന്ദ്യത്തേവനിലൂടെ തന്നെയാണ് രണ്ടാം ഭാഗത്തിലും കഥ മുന്നോട്ട് പോകുന്നതെങ്കിലും രണ്ടാം ഭാഗത്തിൽ സ്‌ക്രീൻ സ്‌പേസ് മൊത്തത്തിൽ കൈയ്യേറുന്നത് ഐശ്വര്യയുടെ നന്ദിനിയാണ്.


അരുൾമൊഴി - കുന്ദവൈ- ആദിത്ത കരികാലൻ കോംബോ സീൻ നന്നായിരുന്നു. നന്ദിനി- ആദിത്ത കരികാലൻ പ്രണയത്തെ പോലെ പ്രാധാന്യം കൊടുക്കേണ്ടിയിരുന്ന കുന്ദവൈ-വന്ദ്യത്തേവൻ പ്രണയം നാമ മാത്രമായ് ഒതുങ്ങി പോകുന്നുണ്ട് സിനിമയിൽ. അപ്പോഴും അവരുടെ പ്രണയ സീനും ആ പാട്ടുമൊക്കെ മികച്ചതായി തന്നെ തോന്നി. 

ആദ്യ ഭാഗത്തിൽ ഒരുപാട് കഥാപാത്രങ്ങളെ തുറന്നു കാട്ടുകയും അവർക്കൊക്കെ കഥയിൽ വന്നേക്കാവുന്ന പ്രാധാന്യം അനുഭവപ്പെടുത്തുകയും ചെയ്തിട്ട് രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ അങ്ങിനെയുള്ള പല കഥാപാത്രങ്ങൾക്കും വേണ്ട സ്‌പേസ് നൽകാതെ പോയ പോലെ തോന്നി.

സുന്ദര ചോഴൻ - ഊമൈ റാണി ബന്ധത്തെ വെളിപ്പെടുത്തുന്ന രംഗങ്ങൾ പഴയ നാടകങ്ങളെ ഓർമ്മപ്പെടുത്തി. ഒന്നാം ഭാഗത്തിൽ ഊമൈ റാണിക്ക് കൊടുത്ത ഇൻട്രോയും ദുരൂഹതയുമൊക്കെ വച്ച് നോക്കുമ്പോൾ രണ്ടാം ഭാഗത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയൊന്നും ഒട്ടും ദഹിച്ചില്ല.

ഇങ്ങിനെ പറഞ്ഞു പോകുമ്പോൾ സംഭവ ബഹുലമായ രണ്ടാം ഭാഗത്തിൽ ഒട്ടും അനുഭവപ്പെടുത്താതെ പോയ സീനുകൾ പലതുണ്ട്. പക്ഷെ പിടി വിട്ടു പോകുന്ന പടമായാലും മണിരത്നത്തിന് മാത്രമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന കുറെ എലമെൻറ്സ് ഉണ്ട് സിനിമയിൽ. പ്രത്യേകിച്ച് പറഞ്ഞാൽ ആദിത്ത കരികാലൻ - നന്ദിനി പ്രണയം തന്നെ. അവർക്കിടയിലെ പ്രശ്‌നങ്ങളും വൈകാരികതകളുമൊക്കെ വച്ച് രണ്ടാം ഭാഗത്തെ പരിക്ക് പറ്റാത്ത വിധം മണിരത്നം ഡീൽ ചെയ്തെന്ന് പറയാം.

ആ രണ്ടു കഥാപാത്രങ്ങളുടെയും രംഗങ്ങൾ അവസാനിക്കുമ്പോൾ സിനിമയിൽ വലിയൊരു സ്‌പേസ് രൂപപ്പെടുന്നു. ആ സ്‌പേസിലാകട്ടെ കാര്യമായൊന്നും ചെയ്യാനില്ലാതെ നിന്ന് പോകുകയാണ് ടൈറ്റിൽ കഥാപാത്രമായ പൊന്നിയിൻ സെൽവനും വന്ദ്യത്തേവനും സർവ്വോപരി എല്ലാത്തിനും തുടക്കമിടുന്ന മധുരാന്തകൻ പോലും.


എല്ലാത്തിനുമൊടുവിൽ നടക്കുന്ന യുദ്ധത്തിന്റെ കാര്യ കാരണങ്ങൾ, യുദ്ധ രംഗത്തെ പക്ഷം പിടിക്കലുകളിൽ പറയുന്ന ന്യായങ്ങൾ അടക്കം പലതും അനുഭവപ്പെടുത്തലുകൾ ഇല്ലാത്ത വെറും പറഞ്ഞു പോകലുകൾ മാത്രമാകുന്നു.

ചോള സാമ്രാജ്യത്തിന്റെ ചരിത്ര കഥയല്ല 'പൊന്നിയിൻ സെൽവന്റെ' സിനിമാ ദൗത്യം എന്ന് വെറുതെ പറയാമെങ്കിലും പൊന്നിയിൻ സെൽവനെന്ന സിനിമയിൽ നിർബന്ധമായും അടയാളപ്പെടേണ്ടിയിരുന്ന ചരിത്രമുണ്ടായിരുന്നു ചോള സാമ്രാജ്യത്തിന് എന്ന് വിസ്മരിക്കാനാകില്ല.

ഒരുപാട് പ്രതീക്ഷിച്ചു കണ്ടത് കൊണ്ടുള്ള ചില നിരാശകൾ ഒഴിച്ച് നിർത്തിയാൽ പടം ഇഷ്ടപ്പെട്ടു. ഐശ്വര്യ റായ്, വിക്രം, കാർത്തി, തൃഷ, ജയറാം എല്ലാവരും കൊള്ളാം . പിന്നെ AR റഹ്മാൻ സംഗീതം. No words. 

ആകെ മൊത്തം ടോട്ടൽ = മണി രത്നത്തിന്റെ ഏറ്റവും മികച്ച സിനിമകളിലേക്ക് 'പൊന്നിയിൻ സെൽവനെ' ചേർക്കാനാകില്ലെങ്കിലും ഒരു മണിരത്‌നം സിനിമ എന്ന നിലക്ക് തിയേറ്റർ കാഴ്ചയുടെ എല്ലാ ആസ്വാദനവും സമ്മാനിക്കുന്നു 'പൊന്നിയിൻ സെൽവം' .

*വിധി മാർക്ക് = 7/10 

-pravin-