Sunday, November 27, 2016

മലയാളം ബിഗ് ബജറ്റ് സിനിമ - പുലിമുരുകന് മുൻപും ശേഷവും

'ബിഗ് ബജറ്റ്' എന്ന പദപ്രയോഗം തീർത്തും അപരിചിതമായിരുന്ന കാലത്തും ചെലവ് കൂടിയ സിനിമാ നിർമ്മാണങ്ങൾ മലയാള സിനിമാ ലോകത്ത് നടന്നിട്ടുണ്ട്. ആ കൂട്ടത്തിൽ ശ്രദ്ധേയമായ സിനിമാ നിർമ്മാണങ്ങൾക്ക് ചുക്കാൻ പിടിച്ചത് നവോദയ അപ്പച്ചനായിരുന്നു എന്ന് പറയാം. ഫ്രഞ്ച് നാടകൃത്തും നോവലിസ്റ്റുമായിരുന്ന അലക്‌സാണ്ടർ ഡ്യൂമാസിന്റെ 'ദി കൗണ്ട് ഓഫ് മൗണ്ടി ക്രിസ്റ്റോ' എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസ് സംവിധാനം ചെയ്ത് 1982 ൽ റിലീസായ 'പടയോട്ടം' മലയാളത്തിലെ ആദ്യത്തെ 70 mm സിനിമയായിരുന്നു. അമ്പതു ലക്ഷത്തോളം രൂപ ചിലവിട്ടാണ് നവോദയ അപ്പച്ചൻ അന്ന് ആ സിനിമ നിർമ്മിച്ചത്. തുടർന്ന്, 1984 ൽ ഇതേ കൂട്ടുകെട്ട് ആവർത്തിച്ചപ്പോൾ പിറന്നത് മറ്റൊരു ചരിത്രമാണ്. സാങ്കേതികതയിലും കഥാവതരണത്തിലുമൊക്കെ പുതുമ സമ്മാനിച്ച, ഇന്ത്യയിലെ ആദ്യത്തെ 3D സിനിമയായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' സ്വപ്ന സാക്ഷാത്ക്കരിക്കപ്പെടുന്നത് ഒരു കോടി രൂപ ചിലവിട്ടു കൊണ്ടാണ്. 1988 ൽ മമ്മൂട്ടിയും സുരേഷ്‌ഗോപിയും അടക്കമുള്ള ഒട്ടനവധി താരങ്ങൾ അണിനിരന്ന്  ഐ.വി ശശിയുടെ സംവിധാനത്തിൽ മലബാർ കലാപത്തിന്റെ ചരിത്ര കഥ പറഞ്ഞ '1921' സിനിമക്ക് വേണ്ടി ചെലവായത് ഒന്നേ കാൽ കോടി രൂപയാണ്. തൊട്ടടുത്ത വർഷത്തിൽ വടക്കൻ പാട്ടുകളെ ആസ്പദമാക്കിയ എം.ടിയുടെ തിരക്കഥയിൽ  ഹരിഹരൻ സംവിധാനം ചെയ്ത്   മമ്മൂട്ടിയും സുരേഷ്ഗോപിയും അടക്കം പ്രമുഖ താരങ്ങളെല്ലാം പ്രധാന വേഷങ്ങളിലെത്തിയ 'ഒരു വടക്കൻ വീരഗാഥ'യും അക്കാലത്തെ ഒരു പണച്ചെലവുള്ള സിനിമാ നിർമ്മാണമായിരുന്നു. ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം ആയിരുന്നു ആ സിനിമയുടെ ബഡ്ജറ്റ്.


1993 ൽ ശ്രീക്കുട്ടന്റെ സംവിധാനത്തിൽ വന്ന 'ഓഫാബി'  ഇന്ത്യയിലെ തന്നെ ആദ്യത്തെ സെൽ ആനിമേഷൻ അഥവ പഴയ 2D ആനിമേഷനിൽ നിർമ്മിച്ച സിനിമയായിരുന്നു. കമ്പ്യൂട്ടർ ഉപയോഗം അത്ര കണ്ട് പ്രചാരത്തിലില്ലാത്ത ആ കാലത്തുള്ള ഈ സിനിമയുടെ നിർമ്മാണം പൂർത്തിയാക്കിയത് ഒന്നേ കാൽ കോടിയോളം രൂപ ചിലവിട്ടു കൊണ്ടാണ്. 1996 ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രിയദർശന്റെ സംവിധാനത്തിൽ വന്ന 'കാലാപാനി' മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ സിനിമയാണ്. രണ്ടരക്കോടിയായിരുന്നു കാലാപാനിയുടെ ബഡ്ജറ്റ്. മൂന്നു കോടി മുതൽ മുടക്കിൽ 1997 ൽ രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ വന്ന 'ഗുരു' അതിന്റെ സാമൂഹിക പ്രസക്തി കൊണ്ടും അവതരണ ശൈലി കൊണ്ടും വ്യത്യസ്തമായിരുന്നു. ആ വർഷത്തെ മികച്ച വിദേശ ഭാഷാ സിനിമക്കുള്ള ഓസ്‌ക്കാർ പുരസ്‌ക്കാരത്തിലേക്ക് മത്സരിക്കാനായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത സിനിമയും ഗുരു ആയിരുന്നു.

ബിഗ്‌ ബജറ്റ് മൂവി സങ്കല്പങ്ങൾ പൊതുവെ അപ്രാപ്യമായിരുന്ന കാലത്തും അതിനു മുതിരുകയും വിജയിക്കുകയും ചെയ്തിരുന്നവരുടെ പേരുകൾ മാത്രമേ നമ്മൾ പൊതുവേ ഓർത്തു വക്കാറുള്ളൂവെങ്കിലും ജോഷിയുടെ സംവിധാനത്തിൽ 2001ൽ റിലീസ് ചെയ്യുകയും സാമ്പത്തികമായി പരാജയപ്പെടുകയും ചെയ്ത "ദുബായ്' എന്ന സിനിമയെ ഈ ഘട്ടത്തിൽ ഓർത്തു പോകുകയാണ്. ആ കാലത്തെ ഒരു ബിഗ് ബജറ്റ് പടം തന്നെയായിരുന്നു 'ദുബായ്'. അഞ്ചു കോടി മുതൽ മുടക്കിൽ രണ്ടു വർഷത്തോളം സമയമെടുത്ത് കൊണ്ട് പൂർണ്ണമായും ദുബായിൽ ചിത്രീകരിച്ച സിനിമ എന്ന നിലക്കാണ് ആ സിനിമയുടെ മാർക്കറ്റിങ്ങ് പോലും നടന്നിരുന്നത്. സാധാരണ സിനിമക്ക് 20-35 രൂപയുടെ ടിക്കറ്റ് മതിയായിരുന്നെങ്കിൽ അന്ന് 'ദുബായ്' സിനിമ കാണാൻ 50-65 രൂപയുടെ സ്പെഷ്യൽ ടിക്കറ്റു എടുക്കണം എന്ന അവസ്ഥ പോലും ഉണ്ടായിരുന്നു. സിനിമ അതിന്റെ ഗുണനിലവാരം കൊണ്ട് അധികം ഓടിയില്ല എന്നത് വേറെ കാര്യം.



2008 ൽ ജോഷിയുടെ സംവിധാനത്തിൽ 'അമ്മ' സംഘടനയുടെ ബാനറിൽ ദിലീപ് നിർമ്മാണ ചെലവ് വഹിച്ച് എല്ലാ താരങ്ങളും സൂപ്പർ താരങ്ങളും അണി നിരന്ന 'ട്വന്റി-20' ആ കാലത്തിറങ്ങിയതിലെ ഒരു ചെലവ് കൂടിയ സിനിമയായിരുന്നു. അത് വരേക്കുമുള്ള എല്ലാ മലയാള ബിഗ്‌ ബജറ്റു സിനിമകളെയും കവച്ചു വച്ച് കൊണ്ട് 27 കോടി മുതൽ മുടക്കിൽ 2009 ൽ റിലീസായ 'പഴശ്ശി രാജ'യും, 20 കോടി മുതൽ മുടക്കിൽ 2011 ൽ റിലീസായ 'ഉറുമി'യുമൊക്കെ വാണിജ്യപരമെന്നതിനേക്കാൾ സിനിമയുടെ കലാപരമായ മറ്റു മികവുകൾക്ക് കൂടി വില കൽപ്പിച്ചപ്പോൾ ബിഗ് ബജറ്റ് സിനിമയുടെ ലേബലിൽ വന്ന റോഷൻ ആൻഡ്രൂസിന്റെ 'കാസിനോവ'യും ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ഡബിൾ ബാരലു'മൊക്കെ ഛായാഗ്രഹണ ഭംഗിക്കപ്പുറം ഒന്നുമില്ലാത്ത പാളിപ്പോയ നവ സിനിമാ നിർമ്മാണങ്ങൾ മാത്രമായി വിലയിരുത്തപ്പെട്ടു.

12 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച  'എന്ന് നിന്റെ മൊയ്തീൻ' ബോക്സോഫീസിൽ വൻവിജയമായിരുന്നു എന്ന് സമ്മതിക്കുമ്പോഴും ഒരു  നവാഗത സംവിധായകന്റെ സിനിമ എന്ന നിലക്കുള്ള മികവ് മാത്രമേ    RS വിമലിനു ആ സിനിമയിലൂടെ  കാണിക്കാൻ സാധിച്ചിട്ടുള്ളൂ. അതിനുമപ്പുറം കാഞ്ചന മാലയുടെ ജീവിതത്തോടും ചരിത്രത്തോടുമൊന്നും നീതി പുലർത്താൻ ആ സിനിമക്ക് സാധിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. ഇപ്രകാരം മലയാളം ബിഗ് ബജറ്റ് സിനിമകളുടെ ഗുണ നിലവാരത്തെയും ആസ്വാദന സാധ്യകതകളെയും സംബന്ധിച്ച് പ്രേക്ഷകരുടെയുള്ളിൽ പല വിധം മുൻവിധികളുണ്ടായി കൊണ്ടിരിക്കുന്ന അതേ അന്തരീക്ഷത്തിലേക്ക് തന്നെയാണ് വൈശാഖിന്റെ ബിഗ് ബജറ്റ് 'പുലിമുരുകനെ' കുറിച്ചുള്ള ആദ്യ വാർത്തകളും വന്നെത്തിയത്. ആദ്യ ടീസർ വന്ന ശേഷമുള്ള ട്രോളുകളിലൊക്കെ ഇപ്പറഞ്ഞ പ്രേക്ഷകരുടെ മുൻവിധികളുടെ സ്വാധീനം ഉണ്ടായിരുന്നു എന്ന് പറയാം. വൈശാഖിന്റെ 'പോക്കിരി രാജ' തൊട്ടുള്ള സിനിമകൾ കണ്ട പരിചയത്തിൽ പുലിമുരുകനിൽ നിന്നുള്ള പ്രതീക്ഷകൾക്ക് പരിധികളും ഉണ്ടായിരുന്നു. എന്നാൽ ട്രെയ്‌ലർ വന്ന ശേഷം ആ പ്രതീക്ഷകൾക്ക് ചിറക് മുളച്ചു എന്ന് തന്നെ പറയാം. 

1997 ൽ റിലീസായ 'ഹിറ്റ്‌ലർ ബ്രദേഴ്സ്' തൊട്ടു തുടങ്ങി 2014 ൽ റിലീസായ 'മൈലാഞ്ചി മൊഞ്ചുള്ള വീട്' വരെ ഏകദേശം മുപ്പത്തി ഏഴോളം സിനിമകളുടെ തിരക്കഥാകൃത്തുക്കളായിരുന്ന ഉദയ് കൃഷ്ണ സിബി കെ തോമസ് മലയാള സിനിമക്ക് ഒരുപാട് ഹിറ്റ്‌ സിനിമകൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ തിരക്കഥകളിലെ ആവർത്തന വിരസമായ കഥാസാഹചര്യങ്ങളുടെയും ഒരേ അച്ചിൽ വാർത്തെടുക്കുന്ന കഥാപാത്രങ്ങളുടെയും അശ്ലീല ഹാസ്യ സംഭാഷണങ്ങളുടെയുമൊക്കെ പേരിൽ അവർ നിരന്തരം വിമർശിക്കപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ ഈ കൂട്ട് കെട്ട് വേർപിരിഞ്ഞ ശേഷം ഉദയകൃഷ്ണ ഒറ്റക്ക് ആദ്യമായി തിരക്കഥ എഴുതിയ സിനിമ എന്ന നിലക്കും പുലിമുരുകനെ മുൻവിധിയോടെ നോക്കി കണ്ടവരുണ്ടായിരുന്നു. ഉദയ് കൃഷ്ണയുടെ പുലിമുരുകൻ അതിന്റെ കഥാ-തിരക്കഥാ ഘടന കൊണ്ടല്ല മറിച്ച് പുലിയും മനുഷ്യനും എന്ന അതിന്റെ അടിസ്ഥാന പ്രമേയം കൊണ്ടാണ് വ്യത്യസ്തവും ആകർഷണീയവുമാകുന്നത്. പീറ്റർ ഹെയ്നെ പോലുള്ളവരുടെ സാമീപ്യവും സിനിമയെ വേറിട്ടതാക്കി. പുലിയൂരെന്ന സാങ്കൽപ്പിക ഗ്രാമവും അവിടത്തെയാളുകളും കാടും പുലിയും മുരുകനും വില്ലന്മാരുമൊക്കെയായി തിയേറ്റർ ആസ്വാദനത്തിന്റെ എല്ലാ സാധ്യതകളെയും മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ വൈശാഖിനു സാധിച്ചിട്ടുണ്ട്. അഞ്ചു ദിവസവും 80 ലക്ഷം രൂപയും മുടക്കി ഏകദേശം അറുന്നൂറോളം ആർട്ടിസ്റ്റുകളെ അണിനിരത്തി കൊണ്ടാണ് വൈശാഖ് തന്റെ കരിയറിലെ തന്നെ ഒരു മോശം സിനിമയായ 'കസിൻസ്' ലെ ഒരു ഗാനം ചിത്രീകരിച്ചത്. ആ വൈശാഖിനെ സംബന്ധിച്ച് ഒരു സ്വപ്ന സിനിമയായി മനസ്സിൽ കൊണ്ട് നടക്കുന്ന 'പുലിമുരുകനെ' അണിയിച്ചൊരുക്കാൻ എത്രത്തോളം കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ടാകും എന്ന് പ്രേക്ഷകന് ഊഹിക്കാവുന്നതേയുള്ളൂ.

ടോമിച്ചൻ മുളകുപാടമെന്ന നിർമ്മാതാവ് മലയാള സിനിമക്ക് പരിചിതനായി തുടങ്ങുന്നത് 2007 കാലത്തു ഇറങ്ങിയ മറ്റൊരു മോഹൻലാൽ സിനിമയായ 'ഫ്‌ളാഷ്' ലൂടെയായിരുന്നു എന്നത് ഇപ്പോൾ യാദൃശ്ചികമായി തോന്നാം. ബോക്സോഫിസിൽ തകർന്നു തരിപ്പണമായ ആ സിനിമയോട് കൂടി സിനിമാ നിർമ്മാണം വേണ്ടെന്നു വക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അങ്ങിനെയെങ്കിൽ ഇന്നത്തെ പുലിമുരുകൻ പോലും ഒരു പക്ഷേ സംഭവിക്കില്ലായിരുന്നു. 2010 ൽ പോക്കിരി രാജക്ക് വേണ്ടി വൈശാഖ്-ഉദയകൃഷ്ണ-ടോമിച്ചൻ ഒരുമിച്ചപ്പോൾ തന്നെ ആ സിനിമയുടെ സാമ്പത്തിക വിജയത്തിനുമപ്പുറം പുലിമുരുകനു വേണ്ടിയുള്ള ഒരു തുടക്കമായിരുന്നു അതെല്ലാം എന്ന് ആരും കരുതിക്കാണില്ല. മോഹൻലാൽ എന്ന നടന്റെ അഭിനയത്തോടുള്ള അർപ്പണ മനോഭാവം ഈ അൻപത്തി ആറാം വയസ്സിലും കെടാതെ കത്തുന്ന കാഴ്‌ചയാണ് പുലിമുരുകനിലെ മറ്റൊരു അതിശയം. ഒരു നടനെന്നാൽ കേവലം ഭാവാഭിനയങ്ങളെ സമ്മിശ്രയിപ്പിച്ചു കൊണ്ട് തനിക്ക് കിട്ടിയ വേഷത്തെ വെറുതെ അഭിനയിച്ചു കാണിക്കുന്നവൻ മാത്രമല്ല മറിച്ച് കഥാപാത്രത്തിന്റെ പ്രകടന മികവിനായി സ്വന്തം ശാരീരിക ക്ഷമത പരീക്ഷിക്കുകയും ഉപയോഗിക്കുകയും അതിനായി ഊർജ്ജവും സമയവും കളയുന്നവനും കൂടിയാകണം എന്ന ബോധ്യപ്പെടുത്തലു കൂടിയാണ് മോഹൻ ലാലിന്റെ മുരുകനായുള്ള പ്രകടനങ്ങൾ. ആ അർത്ഥത്തിൽ മികച്ച നടനിലേക്കുള്ള തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ശ്രമഫലങ്ങളെ ന്യായമായും പരിഗണിക്കേണ്ടത് തന്നെയാണ്.

കേരളത്തിനുമപ്പുറം മലയാള സിനിമാക്കൊരു വിപണിയുണ്ടാക്കിയെടുക്കാനും പുതിയ വിപണന സാധ്യതകൾ തേടാനും പുലിമുരുകന്റെ വിജയം വരും കാല മലയാള സിനിമകൾക്ക് പ്രോത്സാഹനമായി മാറുമെന്ന് പ്രതീക്ഷിക്കാം. കലാമൂല്യമുള്ള സിനിമകൾ ബഡ്ജറ്റ് പ്രശ്നങ്ങൾ കാരണം വേണ്ടെന്നു വയ്ക്കുന്ന കാലത്തു തന്നെ 35 കോടിയോളം മുതൽമുടക്കിൽ ജയരാജിനെ പോലുള്ള സംവിധയാകർ 'വീരം' പോലുള്ള സിനിമ ചെയ്യാൻ തീരുമാനിച്ചതും ഇതിനോട് ചേർത്ത് വായിക്കേണ്ട കാര്യമാണ്. നൂറു കോടി ക്ലബിൽ കടന്നു കൂടിയ പുലിമുരുകൻ മലയാള സിനിമക്ക് നൽകിയ മൈലേജ് വാണിജ്യപരമായി മാത്രമാണ് എന്ന ആക്ഷേപം ചിലരൊക്കെ ഉന്നയിക്കുമ്പോഴും ദൃശ്യപരിചരണത്തിലും സാങ്കേതികതയിലും മലയാള സിനിമക്ക് പുലിമുരുകൻ നൽകിയ ഉണർവ്വിനെ കണ്ടില്ലെന്നു നടിക്കാൻ ഒരു മലയാളിക്കും സാധിക്കില്ല . 'വീരം' പുലിമുരുകനോളം ബോക്സോഫീസ് കളക്ഷൻ നേടുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമെങ്കിലും മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമയെന്ന ഖ്യാതി 'പഴശ്ശിരാജ'യിൽ നിന്നും ഇതിനകം  'വീരം' സ്വന്തമാക്കിയിരിക്കുന്നു.  

-pravin-