Thursday, June 30, 2022

ആലിയയുടെ ഗംഗു ഭായ് !!




ഗംഗു ഭായിയുടെ വായിച്ചറിഞ്ഞ ജീവിത കഥയിൽ ലൈംഗിക തൊഴിലാളികൾക്ക് വേണ്ടി അവരെടുത്ത നിലപാടുകളും അവർക്ക് പിന്നീട് സമൂഹത്തിൽ കിട്ടിയ ആദരവുമൊക്കെ വ്യക്തമാക്കുന്ന ഒരുപാട് സംഭവങ്ങളുണ്ട് ..ഗംഗു ഭായി അങ്ങിനെയാണ് ഗംഗാ മാ ആയി മാറുന്നതും. എന്നാൽ അത്തരം വിവരണങ്ങളെയൊന്നും സിനിമ കടം കൊള്ളുന്നില്ല. ഗംഗു ഭായി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് മാത്രം കഥ പറയാൻ ശ്രമിച്ചത് വിരസമാകുകയും ചെയ്തു.

ആലിയാ ഭട്ടിനെ സംബന്ധിച്ച് ഗംഗു ഭായിയെ അവതരിപ്പിക്കുന്നതിൽ ശാരീരികമായി പോലും ഒരുപാട് പരിമിതികൾ ഉണ്ട് .. പ്രകടനം കൊണ്ട് പരമാവധി നന്നാക്കാൻ ആലിയ ശ്രമിക്കുമ്പോഴും ആ കഥാപാത്രത്തിന്റെ പവർ അനുഭവപ്പെടാത്ത അവസ്ഥയുണ്ട് പല സീനുകളിലും. പ്രധാന മന്ത്രി നെഹ്‌റുവിനെ കാണാൻ പോകുന്ന സീനും ക്ലൈമാക്സിലെ മൈതാന പ്രസംഗവുമൊക്കെയാണ് കൂട്ടത്തിൽ മികച്ചതെന്ന് പറയാവുന്നത് .

ഗംഗു ഭായിയുടെ കഥ പറയുന്ന സിനിമയിൽ മുഴുനീള വേഷത്തിൽ ആലിയ മരിച്ചഭിനയിച്ചിട്ടും കിട്ടാതെ പോയ സ്‌ക്രീൻ പ്രസൻസ് റഹീം ലാലയായി കുറഞ്ഞ സീനുകളിൽ മാത്രം വന്ന അജയ് ദേവ്ഗൺ കൊണ്ട് പോയി എന്ന് പറയാം .

ആകെ മൊത്തം ടോട്ടൽ = ഒരു സഞ്ജയ് ലീല ബൻസാലി സിനിമ എന്ന നിലക്ക് ഇഷ്ടപ്പെട്ടുവെങ്കിലും ഒരു ബയോപിക് സിനിമ എന്ന നിലക്ക് പൂർണ്ണത അനുഭവപ്പെട്ടില്ല.

*വിധി മാർക്ക് = 7/10

©bhadran praveen sekhar

Tuesday, June 14, 2022

ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സ് !!


ലോകേഷ് കനകരാജെന്ന പുതുമുഖ സംവിധായകനെ ഗംഭീരമായി അടയാളപ്പെടുത്തിയ സിനിമ 'മാനഗരം' ആയിരുന്നെങ്കിലും 'കൈതി'യിലൂടെയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകൻ ആഘോഷിക്കപ്പെടുന്നത്.

മാസ്സ് പരിവേഷമുള്ള കഥാപാത്ര നിർമ്മിതികളെ കെട്ടുറപ്പുള്ള തിരക്കഥയുടെ പിൻബലത്തിലിൽ ത്രില്ലടിപ്പിക്കും വിധം അവതരിപ്പിക്കാൻ സാധിക്കുന്ന ഒരു സംവിധായകൻ എന്ന നിലക്ക് ലോകേഷ് വിലയിരുത്തപ്പെടുന്നതും 'കൈതി'ക്ക് ശേഷമാണ്.

എന്നാൽ 'മാസ്റ്ററി'ലേക്ക് എത്തിയപ്പോൾ വിജയുടെ സൂപ്പർ താര പരിവേഷത്തെ ഉപയോഗപ്പെടുത്തി ഒരു ടിപ്പിക്കൽ മാസ്സ് പടം കൊണ്ട് പ്രേക്ഷകരെ തൃപ്‍തിപ്പെടുത്തുകയാണ് ലോകേഷ് ചെയ്തത്. വിജയുടെ ജെ.ഡിയെക്കാൾ വിജയ് സേതുപതിയുടെ ഭവാനിയായിരുന്നു ആ പടത്തിൽ സ്‌കോർ ചെയ്തത് .


തന്റെ സിനിമകളിൽ നായകനും വില്ലനുമൊക്കെ ഒരു പോലെ സ്‌ക്രീൻ സ്പേസ് കൊടുക്കുന്ന കാര്യത്തിൽ ലോകേഷ് കാണിക്കുന്ന താൽപ്പര്യം ശ്രദ്ധേയമാണ്. അത് കൊണ്ട് തന്നെ കമൽ ഹാസനെ വച്ച് 'വിക്രം' പ്രഖ്യാപിക്കുമ്പോൾ ആ സിനിമ ഒരു ഹീറോക്ക് വേണ്ടി മാത്രം എഴുതുന്നതല്ല എന്ന് ഉറപ്പായിരുന്നു.

മുൻകാല സിനിമകളുടെ റഫറൻസുകൾ 'വിക്രമി'ന് വേണ്ടി സമർത്ഥമായി ഉപയോഗപ്പെടുത്താൻ ലോകേഷിന് സാധിച്ചു. 'കൈതി'യെ തന്നെയാണ് പ്രധാനമായും അതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

പഴയ 'വിക്രം' സിനിമയിൽ കമൽ ഹാസ്സൻ ചെയ്ത RAW ഏജന്റ് കഥാപാത്രത്തെ ഓർമ്മപ്പെടുത്തും വിധമാണ് ഫഹദിന്റെ അമർ എന്ന കഥാപാത്ര സൃഷ്ടി. പഴയ വിക്രമിനെ കർണ്ണനായി പുനരവതരിപ്പിക്കുന്നതോടൊപ്പം ആ സിനിമയിലെ സത്യരാജിന്റെ വില്ലൻ കഥാപാത്രത്തിന്റെ ഒറ്റ ചില്ലു മാത്രമുള്ള കണ്ണട വിജയ് സേതുപതിയുടെ വില്ലന് വേണ്ടിയും റഫർ ചെയ്ത് കാണാം.

കമൽ ഹാസ്സന്റെ സ്‌ക്രീൻ പ്രസൻസും എനർജിയും 'വിക്രമി'ന്റെ ഹൈലൈറ്റ് ആകുമ്പോഴും ഫഹദും വിജയ് സേതുപതിയും ചെമ്പനും നരേനുമടക്കമുള്ളവരുടെ കഥാപാത്ര പ്രകടനങ്ങൾക്ക് സിനിമയിൽ വ്യക്തമായ ഇടം കിട്ടുന്നുണ്ട്. ശബ്ദം കൊണ്ടാണെങ്കിലും കാർത്തിയുടെ ഡില്ലി വന്നു പോകുന്ന സീനും, സൂര്യയുടെ ഇൻട്രോ സീനുമൊക്കെ തിയേറ്റർ കാഴ്ചയിൽ ഗംഭീരമായ ഒരു ഓളം ഉണ്ടാക്കുന്നു.

പ്രവചനാതീതമായ കഥയോ കഥാ സാഹചര്യമോ അല്ലാതിരുന്നിട്ടു കൂടി കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന മേക്കിങ് തന്നെയാണ് വിക്രമിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആക്ഷൻ സീനുകളും, പശ്ചാത്തല സംഗീതവും, ഛായാഗ്രഹണവുമൊക്കെ മികച്ചതായി തന്നെ അനുഭവപ്പെട്ടു.

ഒരു ആക്ഷൻ ത്രില്ലർ സിനിമയുടെ ചേരുവകൾ കൂടുതലുണ്ടെങ്കിലും കഥാപാത്രങ്ങളുടെ കുടുംബവും വ്യക്തി ജീവിതവും വൈകാരികതയുമൊക്കെ ഇഴ ചേർന്ന് കിടക്കുന്ന വിധമാണ് ലോകേഷ് 'വിക്രമി'നെ രൂപപ്പെടുത്തിയിരിക്കുന്നത്.

സിസ്റ്റത്തോടുള്ള എതിർപ്പുകളും, മനുഷ്യന്റെ പ്രതികാര ബുദ്ധിയും, സാമൂഹികതയും, വേട്ടക്കാരനും ഇരക്കുമൊക്കെ ഒരു പോലെ ബാധകമായിട്ടുള്ള പ്രകൃതിയുടെ നിയമവുമൊക്കെ കൂട്ടത്തിൽ പറഞ്ഞു പോകുന്നത് കാണാം.


'കൈതി'യിലെ ക്ലൈമാക്സിൽ ഉയരുന്ന ഒരു ചോദ്യമുണ്ട് - സംബന്ധമേ ഇല്ലാതെ വന്ത് മൊത്തത്തെ കാലി പൻഡ്രു പോയവൻ യാര് ?

സംബന്ധം ഇരിക്ക് ..അവൻ പേര് ഡില്ലി .. എന്ന് അടൈകളം പറയുമ്പോൾ ഡില്ലി മകളെയും എടുത്ത് റോഡിലൂടെ നടന്നു പോകുകയാണ്.. കത്തിക്കയറുന്ന ബിജിഎമ്മിനോടൊപ്പം ആ സീൻ കാണുമ്പോഴാണ് ഈ കഥ ഇവിടെയൊന്നും തീരുന്നതല്ല എന്ന് മനസ്സിലാകുന്നത്.

അന്ന് 'കൈതി' സമ്മാനിച്ച അതേ മൂഡിലിരുന്നു കൊണ്ട് വിക്രമിനെ കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അത് തന്നെയാണ് 'വിക്രമി'ന്റെ ഏറ്റവും മികച്ച ആസ്വാദനം എന്ന് പറയാം.

ആകെ മൊത്തം ടോട്ടൽ =ഉലകനായകനെ മുൻനിർത്തി കൊണ്ട് ലോകേഷ് കനകരാജ് ഒരുക്കുന്ന ഒരു സിനിമാറ്റിക് യൂണിവേഴ്‌സിലേക്കുള്ള വാതിൽ മാത്രമാണ് വിക്രം. ഇത് ആരംഭം മാത്രമാണ്. കഥകളും കഥാപാത്രങ്ങളുമൊക്കെ ഇനിയും വരാനുണ്ട്.'വിക്രമി'ൽ കേൾക്കുന്ന ഡില്ലിയുടെ ശബ്ദവും, കഥാവസാനം റോളക്‌സെന്ന കൊടൂര വില്ലന്റെ ഇൻട്രോയുമൊക്കെ അതിന്റെ ചെറിയ സൂചനകൾ മാത്രം.ജെ.ഡിയും, ഡില്ലിയും, റോളക്‌സും, വിക്രമുമൊക്കെ കൂടെ ഉണ്ടാക്കാൻ പോകുന്ന ആ സിനിമാറ്റിക് യൂണിവേഴ്‌സ് ലോകേഷിന്റെ വരും സിനിമകളെ കൂടുതൽ ത്രസിപ്പിക്കട്ടെ.

*വിധി മാർക്ക് = 8/10

©bhadran praveen sekhar

Thursday, June 9, 2022

പുഴുവരിക്കുന്ന യാഥാർഥ്യങ്ങൾ !!


ജാതി ഒരു മിഥ്യയെങ്കിലും ജാതീയത ഒരു യാഥാർഥ്യമാണ്. മനുഷ്യൻ മാറി റോബോട്ട് വന്നാലും ഇതൊന്നും അങ്ങിനെ മാറില്ലെടോ എന്ന് കുട്ടപ്പൻ പറയുന്നത് അത് കൊണ്ടാണ്.

മമ്മൂട്ടിയുടെ കുട്ടനും അപ്പുണ്ണി ശശിയുടെ കുട്ടപ്പനും തമ്മിലുള്ള അന്തരം കൃത്യമായി വരച്ചു കാണിക്കുന്നതോടൊപ്പം ആ രണ്ടു കഥാപാത്രങ്ങളും കൊണ്ട് നടക്കുന്ന നിലപാടുകളും ആദർശവും അമർഷവുമൊക്കെ അവരുടേതായ കാഴ്ചപ്പാടിൽ കാണിച്ചു തരുന്നുണ്ട് സിനിമ. ഇതിൽ കുട്ടന്റെ കൂടെ നിൽക്കണമോ കുട്ടപ്പന്റെ കൂടെ നിൽക്കണമോ എന്നത് കാഴ്ചക്കാരന്റെ രാഷ്ട്രീയം പോലിരിക്കും.


'വിധേയനി'ലെ ഭാസ്ക്കര പട്ടേലരും, 'പാലേരി മാണിക്യ'ത്തിലെ മുരിക്കിൻ കുന്നത് അഹമ്മദ് ഹാജിയെയുമൊക്കെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ 'പുഴു'വിലെ കുട്ടൻ എന്ന കഥാപാത്രം മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച് ഒരു വില്ലൻ വേഷമേ അല്ല. എന്നാൽ അറപ്പിന്റെയും വെറുപ്പിന്റെയുമൊക്കെ ചിന്താഗതികൾ കൊണ്ട് നെഗറ്റിവ് പരിവേഷം കൈവരുന്ന കുട്ടൻ എന്ന കഥാപാത്രത്തെ തനിക്ക് മാത്രം സാധ്യമായ സൂക്ഷ്മാഭിനയങ്ങളിലൂടെ മികച്ചതാക്കി മാറ്റുന്നു മമ്മൂട്ടി.

വേണുവിന്റെ 'മുന്നറിയിപ്പി'ൽ പുറമേക്ക് ശാന്തശീലനായി പെരുമാറുന്ന, ആരെയും ആകർഷിക്കുന്ന സംസാര-പെരുമാറ്റങ്ങൾ ഉള്ള സി.കെ രാഘവനെ എത്ര നിഗൂഢമായാണ് മമ്മൂട്ടി അവതരിപ്പിച്ചത് എന്നോർത്തു നോക്കൂ. ഇവിടെ 'പുഴു'വിലെ കുട്ടനിലും സമാനമായ ഒരു നിഗൂഢതയുണ്ട്. അയാൾ അധികം സംസാരിക്കില്ല, പലപ്പോഴും ഒരു ശത്രുവിനെ പ്രതീക്ഷിക്കുന്നു, പലതിനെയും ഭയക്കുന്നു, പലരെയും വെറുക്കുന്നു, ഒരു വേട്ടക്കാരനെ പോലെ നിലകൊള്ളുന്നു . ഈ സ്വഭാവ സവിശേഷതകൾക്കെല്ലാം പശ്ചാത്തലമായി നിൽക്കുന്നതാകട്ടെ അയാൾക്കുള്ളിലെ സവർണ്ണ ബോധമാണ്. അത് തന്റെ മകനിലേക്ക് കൂടി പകർന്നു കൊടുക്കാൻ അയാൾ ശക്തമായി ശ്രമിക്കുന്നു.

കുട്ടൻ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളെ മമ്മൂട്ടി പകർന്നാടുന്നത് ഹൈ വോൾട്ടേജിൽ അല്ല മറിച്ച് നിസ്സാരമെന്ന് തോന്നാവുന്ന ഭാവപ്രകടനങ്ങളിൽ കൂടിയാണ്. ഉള്ളിൽ വെറുപ്പ് ഒതുക്കി കൊണ്ട് സംസാരിക്കുന്നതും, മനസ്സിൽ പക കത്തി നിൽക്കുമ്പോൾ വൈകാരികമായി പെരുമാറുന്നതും, ഒരു ക്രൂരകൃത്യം നടപ്പിലാക്കിയ ശേഷം തെല്ലും കുറ്റബോധമില്ലാതെ തീർത്തും സാധാരണമായി തന്നെ മറ്റുള്ളവരുമായി ഇടപഴകുന്നതുമടക്കം പല വിധ സ്വഭാവ-പെരുമാറ്റ ശൈലികൾ കൊണ്ട് കുട്ടനെ വേറിട്ടൊരു നെഗറ്റിവ് കഥാപാത്രമാക്കി പൂർണ്ണതയിൽ എത്തിക്കാൻ മമ്മൂട്ടിക്ക് സാധിച്ചു.

കുട്ടൻ -കുട്ടപ്പൻ എന്ന ഒരു പോലെയുള്ള കഥാപാത്ര നാമകരണത്തിന്റെ പിന്നിൽ പോലും കൃത്യതയുണ്ട്. രണ്ടു പേരുകളിൽ ഒന്ന് ഓമനത്തത്തോടെ സ്വീകരിക്കപ്പെടുന്നതും മറ്റൊന്ന് ദളിത് സ്വത്വമുള്ള പേരായി കണ്ട് അവഗണിക്കപ്പെടുന്നതുമാണ്. അപ്പുണ്ണി ശശിയുടെ കുട്ടപ്പനിലേക്ക് ചെന്നാൽ അയാൾ ഒരുപാട് അവഗണനകളും അവഹേളനങ്ങളും അനുഭവിച്ചറിയുകയും അതിൽ നിന്ന് സ്വയമേ പൊരുതി വിജയിച്ചവനുമാണ് എന്ന് മനസ്സിലാക്കാം.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ടീച്ചർമാരിൽ നിന്ന് നേരിട്ട പരിഹാസത്തെ കുട്ടിയായിരിക്കെ തന്നെ അയാൾ തന്റേതായ രീതിയിൽ ഒറ്റക്ക് നാടകം കളിച്ചു കൊണ്ട് പ്രതിഷേധിച്ചതായി പറയുന്നുണ്ട്. തന്റെ നിറത്തെ ജാതീയമായി പരിഹസിച്ചവനെ കായികമായി കൈകാര്യം ചെയ്തു കൊണ്ട് പ്രതിഷേധിക്കുന്ന തലത്തിലേക്ക് അയാൾ മാറിയതിന് പിന്നിൽ കയ്പ്പേറിയ ജീവിതാനുഭവങ്ങൾ തന്നെയാകാം കാരണം. അയാൾ നിയമവ്യവസ്ഥകളിലൂടെ നീതി വാങ്ങാൻ വേണ്ടി കാത്തു നിൽക്കുന്നില്ല എന്ന് മാത്രമല്ല സ്വതന്ത്രമായി ജീവിക്കാൻ ഒരു ലൈസൻസിന്റെയും ആവശ്യമില്ല എന്ന് പറയുന്ന തരത്തിൽ ഒരു റബൽ ആയി തന്നെ നിലകൊള്ളുന്നു.


കുട്ടപ്പന്റെ ഭാര്യാ കഥാപാത്രം പാർവ്വതിയെ സംബന്ധിച്ചിടത്തോളം പ്രകടനപരമായ സാധ്യതകൾ നൽകുന്ന ഒന്നായിരുന്നില്ല . പാർവ്വതിക്ക് പകരം ആര് അഭിനയിച്ചാലും ആ റോൾ മോശമാകുകയും ഇല്ല. എന്നിട്ടും എന്ത് കൊണ്ട് പാർവ്വതി എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ചിലരൊക്കെ അപ്പുണ്ണി ശശിക്ക് എതിരെ പറഞ്ഞ സവർണ്ണത നിറഞ്ഞ കമെന്റുകൾ.

കലാഭവൻ മണിയുടെ നായികയാകാൻ വിമുഖത കാണിച്ച നടിമാരുണ്ടായിരുന്ന മലയാള സിനിമയിൽ അത്ര പോലും പ്രശസ്തനല്ലാത്ത അപ്പുണ്ണി ശശിയുടെ ഭാര്യാ വേഷം ചെയ്യാൻ തയ്യാറായ പാർവ്വതിയുടെ നിലപാട് ആണ് ഈ സിനിമയിലെ അവരുടെ കഥാപാത്രത്തേക്കാൾ കൈയ്യടി അർഹിക്കുന്നത്.

പുഴു എന്ന പേര് ഈ സിനിമയുടെ പല തലങ്ങളിൽ കൂടിപ്പിണഞ്ഞു കിടക്കുന്നുണ്ട്. നിസ്സാരവത്ക്കരണത്തിന്റെ ഭാഗമായും അറപ്പിന്റെ പ്രതീകമായുമൊക്കെ പുഴുവിനെ സിനിമയിൽ ബന്ധപ്പെടുത്തി കാണാം. അതിനോടൊപ്പം തന്നെ സിനിമയിൽ പ്രാധാന്യമുണ്ട് തക്ഷകന്റെ ആ നാടകത്തിന്. അഥവാ ആ നാടകമാണ് പുഴുവിന്റ ആത്മാവ്.

ആകെ മൊത്തം ടോട്ടൽ =  ഒരിക്കലും പറയാത്ത ഒരു വിഷയമല്ല പുഴുവിന്റെ പ്രമേയം, പക്ഷെ എത്ര പറഞ്ഞാലും പ്രസക്തി നഷ്ടപ്പെടാത്ത ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന സിനിമ എന്ന നിലക്ക് തന്നെയാണ് 'പുഴു' ഇന്നും പ്രസക്തമാകുന്നത്. അവതരണത്തിലെ മന്ദഗതിയും പറഞ്ഞു തുടങ്ങിയ വിഷയത്തെ പറഞ്ഞവസാനിപ്പിച്ച ശൈലിയുമൊക്കെ പുഴുവിന്റെ പോരായ്മാകളായി പറയാമെങ്കിലും ഒരു പാഴ് കാഴ്ചയല്ല 'പുഴു' വിന്റേത്.

*വിധി മാർക്ക് = 7/10 

©bhadran praveen sekhar

Saturday, June 4, 2022

കടുവയുടെയും കാടിന്റെയും രാഷ്ട്രീയം !!


കടുവയും പുലിയുമൊക്കെ നാട്ടിലിറങ്ങി നാട്ടുകാരെ ആക്രമിച്ചു എന്ന വാർത്ത വായിക്കുമ്പോൾ എന്ത് കൊണ്ട് കടുവയും പുലിയും കാടിറങ്ങി നാട്ടിലെത്തുന്നു എന്ന് ചിന്തിക്കാനോ ചർച്ച ചെയ്യാനോ അധികമാരും ശ്രമിക്കാറില്ല. അത്തരം വാർത്തകളിലെല്ലാം തന്നെ മനുഷ്യന്റെ സ്വൈര്യ ജീവിതം ഇല്ലാതാക്കാൻ വേണ്ടി നാട്ടിലിറങ്ങുന്ന ഭീകരർ മാത്രമാണ് വന്യജീവികൾ.

പുലിയും കടുവയുമൊക്കെ സിനിമകളിലും വില്ലന്മാരാണ്. വാറുണ്ണിയും മുരുകനുമൊക്കെ നായകനായി വരുന്ന സിനിമകളിൽ പുലിക്കും കടുവക്കുമൊന്നും അതിനപ്പുറം മറ്റൊരു കഥാപാത്ര പരിവേഷത്തിന് സാധ്യത പോലുമില്ല.

കഥാന്ത്യത്തിൽ നായകന്മാരുടെ കൈകളാൽ കടുവയും പുലിയും ചത്ത് വീണാലെ ഹീറോയിസത്തിന് പൂർണ്ണതയുണ്ടാകൂ, എന്നാൽ മാത്രമേ അത്തരം സിനിമകൾ ആസ്വദനീയമാകൂ എന്നൊക്കെയുള്ള നിർബന്ധ ബുദ്ധിക്ക് എതിരെ നിക്കുന്ന സിനിമയാണ് 'ഷേർണി'.


കാടിന്റെയും നാടിന്റെയും പ്രശ്നം ഒരു പോലെ വരച്ചു കാണിക്കുന്നുണ്ട് 'ഷേർണി'. വനാതിർത്തികളിൽ താമസിക്കുന്നവരുടെ ജീവിതവും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, വന്യജീവികളുടെയും കാടിന്റെയും നാടിന്റെയുമൊക്കെ കാര്യത്തിൽ ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകളും, രാഷ്ട്രീയപരമായ മുതലെടുപ്പുകളുമടക്കം പലതും റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ ഷേർണിക്ക് സാധിച്ചു.

ശരത് സക്സേനയുടെ പിന്റു എന്ന വേട്ടക്കാരൻ കഥാപാത്രത്തിനു സിനിമക്കുള്ളിലെ മറ്റു കഥാപാത്രങ്ങൾ നൽകുന്ന വീര പരിവേഷത്തെ വിദ്യാ ബാലന്റെ ഫോറസ്സ് ഓഫിസർ എത്ര ഗംഭീരമായാണ് മറി കടക്കുന്നത് എന്ന് പറയ വയ്യ. വിദ്യാ ബാലന്റെ മറ്റൊരു ഇഷ്ട കഥാപാത്രമായി മാറുന്നു ഷേർണിയിലെ വിദ്യാ വിൻസെന്റ്.

ആകെ മൊത്തം ടോട്ടൽ = കഥാപാത്ര സംഘട്ടനങ്ങളും സാഹസിക പ്രകടനങ്ങളും ഒന്നുമില്ലാതെ തന്നെ കാടിന്റെയും കടുവയുടേയുമൊക്കെ രാഷ്ട്രീയം മനോഹരമായി മനസ്സിൽ തട്ടും വിധം ബോധ്യപ്പെടുത്തി തരാൻ സംവിധായകൻ അമിത്‌ വി.മസൂർക്കറിന് സാധിച്ചു. Hats off to the entire team behind this movie.

*വിധി മാർക്ക് = 7.5/10

-pravin-