Thursday, June 18, 2015

പ്രേമം ആഘോഷിക്കപ്പെടുമ്പോൾ

പ്രേമം എന്ന വികാരത്തെ അഭ്രപാളികളിൽ എത്രയൊക്കെ തവണ പ്രമേയവത്ക്കരിച്ചാലും അതിലൊരു സത്യസന്ധത ഉണ്ടെങ്കിൽ പുതുമ നോക്കാതെ അത് സ്വീകരിക്കപ്പെടുക തന്നെ ചെയ്യും എന്നാണ്  ലോക സിനിമാ ചരിത്രം വരെ പറയുന്നത്. ആ നിലക്ക് 'പ്രേമം' സിനിമയിൽ പ്രേമം വീണ്ടും പ്രമേയവത്ക്കരിക്കുമ്പോൾ  പുതുമ പ്രതീക്ഷിക്കേണ്ട. പകരം അത് എന്തൊക്കെ സംഗതികൾ  ഏതൊക്കെ വിധത്തിൽ എത്രത്തോളം പ്രേക്ഷകനെ അനുഭവപ്പെടുത്തുന്നു എന്ന് മാത്രം നോക്കിയാൽ മതിയാകും.  സിനിമ റിലീസാകുന്നതിനു മുൻപ്  സംവിധായകൻ തന്നെ പ്രേക്ഷകർക്ക് നൽകിയ മുന്നറിയിപ്പ് ആരും തന്റെ സിനിമയിൽ  ഒരു യുദ്ധം പ്രതീക്ഷിച്ചു വരേണ്ട എന്നായിരുന്നു. അവകാശ വാദങ്ങൾ ഒന്നുമില്ലാതെ   പുള്ളി തന്നെ തന്റെ സിനിമയെ കുറിച്ച് ഒരു ഇന്ട്രോ നൽകുകയും ചെയ്തു . റിലീസിന് മുൻപേ തന്നെ പ്രേക്ഷക മനസ്സിൽ  സിനിമകളെ കുറിച്ച്  വലിയ പ്രതീക്ഷകൾ രൂപപ്പെടുത്തി  തങ്ങളുടെ സിനിമ വളരെ വ്യത്യസ്തവും മനോഹരവുമാണ് എന്നടക്കമുള്ള  മാർക്കെറ്റിംങ്ങും   നടത്തി  ബോക്സോഫീസ് കളക്ഷൻ ഉണ്ടാക്കിയെടുക്കുന്ന  സിനിമാ പ്രവർത്തകരിൽ നിന്നും വ്യത്യസ്ത നിലപാട് സ്വീകരിച്ച അൽഫോൻസ്‌ പുത്രനും സുഹൃത്തുക്കളും അക്കാര്യത്തിൽ ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്.  

സമീപ കാലത്തായി സംവിധായകൻ രാജീവ് രവി നടത്തിയ ഒരു വിവാദ പ്രസ്താവനയായിരുന്നു  സിനിമ ചെയ്യാൻ സ്ക്രിപ്റ്റിന്റെ ആവശ്യമില്ലെന്നും  സിനിമ ചെയ്യുന്നതിന് മുൻപ് സ്ക്രിപ്റ്റ് കത്തിച്ചു കളയണം എന്നുമൊക്കെ. പ്രേമം സിനിമയുടെ കാര്യത്തിൽ അത് ഒരു പരിധി വരെ ശരിയാണോ എന്ന്  തോന്നിപ്പോകാം. കാരണം കഥയല്ല സിനിമയെ നയിക്കുന്നത് മറിച്ച് കുറേ കഥാപാത്രങ്ങളും അവരുടെ കൃത്രിമത്വം കലരാത്ത സംഭാഷണങ്ങളും അനുബന്ധമായി വരുന്ന രംഗങ്ങളുമാണ്. അതെല്ലാം സ്ക്രിപ്റ്റ് എഴുതി ചെയ്തത് പോലെ തോന്നിക്കാത്ത വിധം അവതരിപ്പിക്കാൻ അൽഫോൻസിന് സാധിച്ചു എന്നതാണ് ഈ സിനിമയുടെ യഥാർത്ഥ വിജയം. പറയാനും അവതരിപ്പിക്കാനുമുള്ള   കാര്യങ്ങൾ  മനസ്സിൽ വ്യക്തമായി സൂക്ഷിച്ചു വക്കാൻ  സാധിക്കുന്ന  ഒരു സംവിധായകന് രാജീവ് രവി പറഞ്ഞ പോലെ ഒരു സ്ക്രിപ്റ്റിന്റെ ആവശ്യമേ വരുന്നില്ല. അനുവദനീയമായ ചുറ്റുപാടിൽ കഥാപാത്രങ്ങളെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ അവതരിപ്പിക്കാൻ ഈ സിനിമയിലെ അഭിനേതാക്കൾക്ക്  അവസരം കിട്ടിയതും ആ കാരണം കൊണ്ട് തന്നെ. 

പറയാനൊരു വലിയ കഥയില്ലായ്മ ഈ സിനിമയുടെ പോരായ്മയായി നിലനിൽക്കുമ്പോഴും മുഷിവ്‌ അനുഭവപ്പെടുത്താതെ രണ്ടേ മുക്കാൽ മണിക്കൂറോളം പ്രേക്ഷകനെ രസിപ്പിച്ചും ചിരിപ്പിച്ചും തിയേറ്ററിൽ അടക്കി ഒതുക്കി ഇരുത്തുക എന്ന് പറഞ്ഞാൽ നല്ല  ബുദ്ധിമുട്ടുള്ള ഒരു സംഗതി തന്നെയാണ്. ആ വെല്ലുവിളിയെ സംവിധായകൻ  നേരിടുന്നത് യുവാക്കളുടെ ജീവിതത്തിലെ മൂന്നു സുപ്രധാന കാലഘട്ടങ്ങളിലെ രസകരമായ ഓർമ്മകളെയും അനുഭവങ്ങളെയും ഗൃഹാതുരതയുണർത്തും വിധം അവതരിപ്പിച്ചു കൊണ്ടാണ്. ആ കാലഘട്ടങ്ങളിലെ സൌഹൃദ ബന്ധങ്ങളും പ്രണയവും മറ്റുമെല്ലാം പൈങ്കിളിവത്ക്കരിക്കാതെ തീർത്തും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നതിനപ്പുറത്തേക്ക് ഹൃദ്യമായൊരു പ്രണയ സങ്കൽപ്പമൊന്നും സമ്മാനിക്കാൻ  ഈ സിനിമക്ക് സാധിച്ചിട്ടില്ല. അങ്ങിനെ  വല്ല ദിവ്യ പ്രണയമെങ്ങാനും ഈ സിനിമയിലുണ്ടെന്ന് കണ്ടെത്തിയാൽ അത് കണ്ടെത്തുന്ന പ്രേക്ഷകനാണ് സത്യത്തിൽ പൈങ്കിളിയായി മാറുന്നത്. പ്രേമം എന്നും പൈങ്കിളി തന്നെയാണളിയാ എന്ന  സ്ഥിരം പല്ലവികൾ പറയാനുള്ള അവസരം പോലും ഈ സിനിമ തരുന്നില്ല എന്ന്  കൂടി ഓർക്കണം. അതേ സമയം മൊബൈലും ഇന്റർനെറ്റും ഒന്നുമില്ലാത്ത ഒരു കാലത്ത് ഒരു പെണ്ണിനെ പ്രേമിക്കാൻ ആ കാലത്തെ ആണ്‍ പിള്ളേർ എത്ര മാത്രം പണിപ്പെട്ടിരുന്നു എന്ന് പുത്തൻ തലമുറക്ക് രസകരമായി പറഞ്ഞു കൊടുക്കുന്നുണ്ട് ഈ സിനിമ. പഴയ തലമുറയിലെ പൂവാലന്മാർക്കാകട്ടെ ഈ സിനിമ  മനോഹരമായ ഒരു ഓർമ്മ പുതുക്കലുമാകുന്നു. 

പ്രേമം ഓരോ വ്യക്തിക്കും ഓരോ വിധമാകും. സിനിമയിലെ നായകന് ഓരോ കാലത്തും ഓരോ പ്രേമങ്ങൾ ഉണ്ട്. പ്രേമിച്ചു മാത്രമേ കല്യാണം കഴിക്കൂ എന്ന ചിന്ത ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കുന്ന ചില നിർബന്ധിതാവസ്ഥകൾ ഏറെക്കുറെ ജോർജ്ജ് എന്ന നായകനിലും  കാണാൻ സാധിക്കും. പ്രായത്തിന്റെ ചിന്തകൾ തീർക്കുന്ന വേലിക്കെട്ടിനപ്പുറത്തേക്ക് പോയി കാര്യങ്ങളെ മനസിലാക്കാനും പ്രായോഗികമായ നിലപാടുകളിൽ എത്താനൊന്നും ഏതൊരു കൗമാരക്കാരനെയും പോലെ ജോർജ്ജും ഇവിടെ ശ്രമിക്കുന്നില്ല. ആ പ്രായത്തിൽ അതങ്ങിനെ തന്നെയാകണം എന്നത് കാലത്തിന്റെ ഒരു ക്ലീഷേയാണ്. അത് കൊണ്ട് അതിൽ കുറ്റം പറയാനില്ല. ആദ്യ പ്രണയം എന്നത് എന്നെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാകും എന്ന് എല്ലാ കമിതാക്കളും ആവർത്തിച്ചു പറയുമ്പോഴും ആദ്യ പ്രണയത്തെ മറന്ന്  രണ്ടാമതും മൂന്നാമതും വേണ്ടി വന്നാൽ നാലാമതും പ്രണയിക്കാൻ കമിതാക്കൾക്ക് സാധിക്കുന്നു. ഒന്നിനെ മറക്കാതിരിക്കുക എന്നതാകണം അതിനോടുള്ള ആത്മാർത്ഥത എന്ന് പറയുന്നില്ല. എന്നാൽ ഒന്നിനെ മറന്ന്  മറ്റൊന്നിലേക്ക്  ആകൃഷ്ടനാകാനുള്ള കാല താമസം ആത്മാർത്ഥതയുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്. 

ഒരാളെ കാണുമ്പോഴേക്കും ഉടനടി അയാളെ പ്രേമിക്കാൻ തോന്നുന്നത് വെറും ശാരീരിക ആകർഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഇവിടെ ജോർജ്ജിന്റെ പ്രേമം തുടങ്ങുന്നത് മുഴുവൻ അങ്ങിനെയാണ്. എന്ന് കരുതി ആ പ്രേമത്തിൽ ആത്മാർത്ഥതയില്ല എന്നല്ല. നേരത്തെ സൂചിപ്പിച്ച ഒരു തരം നിർബന്ധിതാവസ്ഥ - അതായത് പ്രേമിച്ചു മാത്രമേ  തന്റെ ജീവിത പങ്കാളിയെ സ്വന്തമാക്കാവൂ എന്നൊരു വാശി ജോർജ്ജിന്റെ കഥാപാത്രത്തിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. മേരിയോടുള്ള തന്റെ  പ്രേമത്തിന് യാതൊരുവിധ  അർത്ഥവുമില്ല എന്ന് വിഷമത്തോടെ മനസിലാക്കുന്ന ജോർജ്ജ് ആ പ്രേമ പരാജയത്തെ പിന്നീട് ആസ്വദിക്കുന്നത് മലരിനെ കാണുമ്പോഴാണ്. മേരിയോടുണ്ടായിരുന്ന സ്കൂൾ കാല  പ്രേമത്തെക്കാളും കൂടുതൽ പ്രായോഗികമായി പ്രേമിക്കാൻ സാധിക്കുക കോളേജ് കാലത്ത് കണ്ട  മലരിനെ തന്നെയാണ് എന്നൊരു ധാരണയും ജോർജ്ജിനുണ്ടായിരുന്നു. അതിന്റെ കാരണമായി ജോർജ്ജ് തന്റെ കൂട്ടുകാരോട് പറയുന്നത് പ്രായമോ ജാതിയോ മതമോ ഭാഷയോ  ഒന്നും ഈ വിഷയത്തിൽ പ്രശ്നമില്ല ആ വക കാര്യത്തിലെല്ലാം തന്റെ അപ്പനും വീട്ടുകാരും കുറച്ച് തുറന്ന ചിന്താഗതിക്കാരാണ് എന്നാണ്.  ഈ ആത്മവിശ്വാസം തന്നെയാണ്   മലരിനെ പ്രണയിക്കാൻ ജോർജ്ജിനെ കൂടുതൽ പ്രേരിപ്പിക്കുന്നതും. എന്നാൽ ഇവർക്കിടയിൽ സത്യത്തിൽ പ്രേമം ഉണ്ടായിരുന്നോ എന്നത് ചോദ്യമായി അവശേഷിപ്പിക്കുന്നുണ്ട് സംവിധായകൻ. 

പഠിപ്പിക്കുന്ന ടീച്ചർ, അവരുടെ പ്രായം ഇതെല്ലാം  മറന്ന് മലരിനെ കാമുകി മാത്രമായി കാണാൻ ആഗ്രഹിക്കുമ്പോഴും  ജോർജ്ജിനെ കാമുകനായി കാണാൻ മലർ തയ്യാറായിട്ടില്ല എന്ന് വേണം മനസിലാക്കാൻ. ഒരു ടീച്ചറെന്ന നിലയിൽ മലരിന് അറിയാമായിരുന്നു ജോർജ്ജിന്റ മനസ്സ്. അവന്റെ നല്ല ഒരു സുഹൃത്ത് എന്നതിനപ്പുറത്തേക്ക് ആ ബന്ധം വളർത്താൻ അവർ ആഗ്രഹിച്ചിരുന്നില്ല. മലരിന്റെ കഥാപാത്രത്തെ പലരും ജോർജ്ജിന്റെ കണ്ണിലൂടെ നോക്കി കാണാൻ ശ്രമിച്ചത് കൊണ്ടാണ് മലരിന്റെ മുഖത്ത് ഒരു കാമുകിയെ കാണാൻ സാധിക്കുന്നത്. അല്ലാത്ത പക്ഷം മലരിന്റെ കഥാപാത്രവും അവരുടെ നിലപാടുകളും എന്തെന്ന് ആദ്യത്തെ കുറച്ചു സീനുകളിൽ നിന്ന്   തന്നെ മനസിലാക്കിയെടുക്കാൻ സാധിക്കും. സീനിയേഴ്സിന്റെ അല്ലറ ചില്ലറ റാഗിങ്ങെല്ലാം ജൂനിയേഴ്സിന് പ്രത്യേകിച്ച് പെണ്‍കുട്ടികൾക്ക് ഗുണമേ ചെയ്യൂ എന്ന അഭിപ്രായക്കാരിയായിരുന്നു  മലർ. സാധാരണ ടീച്ചർമാരിൽ നിന്നും വ്യത്യസ്തമായി അങ്ങിനെ പലതും മലരിന്റെ കഥാപാത്രത്തിൽ കാണാൻ പറ്റും. വിമൽ സാർ ആളൊരു കോഴിയാണെന്ന് മനസിലാക്കി കൊണ്ടാണ് ടീച്ചർ അയാൾക്ക് ഫോണ്‍ നമ്പർ തെറ്റിച്ചു പറഞ്ഞു കൊടുക്കുന്നത്‌. ടീച്ചറിന്റെ ഉള്ളിലെ കുസൃതിക്കാരിയെയും അവിടെ കാണാം. പഠിപ്പിക്കുന്ന വിദ്യാർഥികളുടെ പ്രായത്തേയും അവരുടെ ചിന്തകളെയും അതിന്റെതായ നിലയിൽ കണ്ടു കൊണ്ട് പെരുമാറുന്ന ടീച്ചർ എന്നതിനപ്പുറത്തേക്ക് ആരായിരിക്കാം മലരിന് ഒരു കാമുകിയുടെ മുഖച്ഛായ കൂടി ഉണ്ടെന്ന് ആദ്യമായി പറഞ്ഞിട്ടുണ്ടാകുക ? 

മലരിന്  മുല്ലപ്പൂ വാങ്ങി കൊടുക്കുമ്പോഴും  അവളോട്‌ ഫോണിൽ സംസാരിക്കുമ്പോഴും ജോർജ്ജ് ഒന്നാം തരം  ഒരു കാമുകന്റെ സ്ഥാനത്ത് തന്നെയാണ് നിൽക്കുന്നത്. എന്നാൽ മലർ  ജോർജ്ജിനെ സ്നേഹിക്കുന്നത് പ്രേമം കൊണ്ടല്ല.  ജോർജ്ജ് കൂടുതൽ കൂടുതൽ  തന്നോട് അടുക്കുകയാണല്ലോ എന്ന് മലരിന് മനസ്സിലാകുന്നത് പോലും  കോളേജ് ഡേയിലെ  ജോർജ്ജിന്റെ ഡാൻസിനെ അഭിനന്ദിക്കാനായി സ്റ്റേജിന്റെ പുറകിലേക്ക്  ഓടിയെത്തുമ്പോൾ ആണ്. അന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കി സംസാരിച്ച് കഴിഞ്ഞ ശേഷം തെല്ലു നേരത്തെ നിശബ്തയിലാണ് തന്റെ ഉള്ളിലും ഒരു പ്രേമം മുള പൊട്ടുന്നുണ്ടോ എന്ന് മലർ സംശയിക്കുന്നത്.  പക്ഷേ ആ പ്രേമത്തെ പ്രായോഗികമായി വിലയിരുത്തിയ ശേഷം അതിനെ ഉപേക്ഷിക്കാനുള്ള പക്വത മലർ കാണിച്ചു എന്നതാണ്  സിനിമയുടെ അവസാന സീനുകളിൽ നിന്ന് മനസിലാകുന്നത്.  മലരും ജോർജ്ജും തമ്മിലുള്ള ബന്ധത്തെ ചൊല്ലി നമുക്ക് വേണമെങ്കിൽ പല ചർച്ചകളും നടത്താം. അപ്രകാരം ഓരോ പ്രേക്ഷകനും  അവനവന്റെ  താൽപ്പര്യാർത്ഥം അവരുടെ ബന്ധത്തെ വ്യാഖ്യാനിക്കാനുള്ള അവസരം കൂടിയാണ് സിനിമയിലെ ക്ലൈമാക്സിലൂടെ സംവിധായകൻ നൽകുന്നത്. 

പ്രേമം എന്താണെന്ന്  വ്യാഖ്യാനിക്കലല്ല ഈ സിനിമയുടെ ലക്ഷ്യമെങ്കിലും എല്ലാ വ്യക്തികളുടെയും   ജീവിതത്തിലൂടെ കടന്നു പോയിട്ടുള്ള യൌവ്വന  കാലത്തെയും ആ പ്രായത്തിലെ  ചിന്തകളേയുമെല്ലാം  വളരെ സരസമായി  വരച്ചു കാണിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.  രസകരമായ കഥാപാത്ര സംഭാഷണങ്ങൾക്കിടയിലും ക്ലോസപ്പ് ഷോട്ടുകളെ അവഗണിച്ചു കൊണ്ട്  ചായക്കടയിലെ ചില്ലലമാരയിലെ പലഹാരങ്ങളിലേക്കും മിട്ടായി ഭരണികളിലേക്കും സർബത്ത് കുപ്പികളിലേക്കും  ഗൃഹാതുരത തേടി പോകുന്ന ക്യാമറ അവിടത്തെ  മേശപ്പുറത്ത് മധുരം നുണഞ്ഞ്  നടക്കുന്ന ഉറുമ്പുകളെ വരെ മനോഹരമായി സ്ക്രീനിലേക്ക് പകർത്തി കാണിക്കുകയാണ് ചെയ്യുന്നത്. പ്രേമം എന്ന വാക്കിനെക്കാൾ കൂടുതൽ ഈ സിനിമയിൽ എന്ത് കൊണ്ടും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് സൗഹൃദം.  അത്ര മാത്രം ഹൃദ്യമായ സൌഹൃദ ബന്ധങ്ങളാണ് ഈ സിനിമയിലുടനീളം കാണാനാകുക. ജോർജ്ജ് -കോയ - ശംഭു എന്നതാണ് സൌഹൃദത്തിന്റെ ആ  രസക്കൂട്ട്. അവരുടെ വട്ടം കൂടിയുള്ള നടത്തവും ഇരുത്തവും സൈക്കിൾ സവാരികളും സൌഹൃദ പ്രേമികളെ കൊതിപ്പിച്ചു കളയുന്നുണ്ട് പല സീനുകളിലും. അത് കൊണ്ട് തന്നെ   ഈ സിനിമയിലെ നായകന്റെ പ്രേമവും  കാമുകിമാരുമൊന്നും   പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയില്ലെങ്കിലും അവന്റെ സുഹൃത്തുക്കളും  സുഹൃത്ത് ബന്ധങ്ങളും ഏതൊരു പ്രേക്ഷകന്റെയും ഹൃദയം കവരുക തന്നെ ചെയ്യും. സത്യത്തിൽ 'പ്രേമ'ത്തിന്റെ  ആത്മാവ് പോലും അവരാണ്. സിനിമയിലെ പോലെ തന്നെ രസികന്മാരായ ഒരു കൂട്ടം സുഹൃത്തുക്കളാണ്  സിനിമക്ക് പുറകേയും പ്രവർത്തിച്ചിട്ടുള്ളത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ആ നിലക്ക് ഈ സിനിമ എല്ലാ അർത്ഥത്തിലും   പ്രേമത്തേക്കാൾ കൂടുതൽ ആഘോഷിക്കപ്പെടേണ്ടതും  അറിയപ്പെടേണ്ടതും  സൌഹൃദത്തിന്റെ പേരിലാകണമായിരുന്നു. 

ആകെ മൊത്തം ടോട്ടൽ = രണ്ടേ മുക്കാൽ മണിക്കൂർ നേരം തീർത്തും ആസ്വദിച്ച് കണ്ടിരിക്കാവുന്ന രസകരമായ ഒരു സിനിമ.  സംവിധായകൻ പറഞ്ഞ പോലെ ഒരു യുദ്ധമൊന്നും പ്രതീക്ഷിച്ചു കാണാൻ പോകണ്ട. ശബരീഷ് വർമ്മയുടെ വരികൾ,  രാജേഷ്‌ മുരുകന്റെ സംഗീതം, ആനന്ദ് സി ചന്ദ്രന്റെ ച്ഛായാഗ്രഹണം എന്നിവ ഈ സിനിമയിലെ എടുത്തു പറയേണ്ട മികവുകളാണ്. നിവിൻ പോളി അടുത്ത ലാലേട്ടൻ ഒന്നുമായില്ലെങ്കിലും മലയാള സിനിമയിലെ നല്ലൊരു നടനായി തുടരാൻ സാധിക്കും എന്ന് വിശ്വസിക്കാവുന്ന ഒരാളാണ്. സൂക്ഷിച്ചു നോക്കിയാൽ നിവിൻ പോളി ഈ സിനിമയിൽ ഷൈൻ ചെയ്ത പല സീനുകളിലും പഴയ ലാലേട്ടന്റെ ഭാവഭേദങ്ങൾ കാണാൻ സാധിക്കും.  എന്നാൽ അതൊരു അന്ധമായ അനുകരണമായി പ്രേക്ഷകന് തോന്നാത്ത വിധം ഭംഗിയാക്കാൻ സാധിച്ചു എന്നുള്ളിടത്താണ് നിവിൻ സ്കോർ ചെയ്തത്. നിവിൻ പോളിയെ ഒഴിച്ച് നിർത്തിയാൽ പോലും ഈ സിനിമയിൽ അസാമാന്യമായി അവരവരുടെ കഴിവ് തെളിയിച്ച ഒരു കൂട്ടം ചെറുപ്പക്കാരെ കാണാം. ചുരുക്കത്തിൽ പറഞ്ഞാൽ ഈ സിനിമ  തീർത്തും  യുവത്വത്തിന്റെ ആഘോഷമാണ്. 

* വിധി മാർക്ക് = 7.5/10 
-pravin-