Tuesday, November 29, 2022

വ്യത്യസ്തനായ സീരിയൽ കില്ലർ.. പുതുമയുള്ള കഥാപാശ്ചാത്തലം!!

കണ്ടു മടുത്ത സീരിയൽ കില്ലർ കഥകളിൽ നിന്ന് വ്യത്യസ്തമായി പറഞ്ഞവതരിപ്പിക്കുന്നിടത്താണ് ആർ. ബാൽകിയുടെ 'ചുപ്' വേറിട്ട ഒരു സിനിമാനുഭവം ആകുന്നത്.

എല്ലാ സീരിയൽ കില്ലർമാരെയും പോലെ ഈ സിനിമയിലെ കില്ലർക്കും ഉണ്ട് ഒരു ഭൂതകാലം. ആ ഭൂതകാലം തന്നെയാണ് അയാളെ സീരിയൽ കില്ലർ ആക്കുന്നതും. ഒട്ടും പുതുമയില്ലാത്ത ഈ പ്ലോട്ടിലെ പുതുമ എന്ന് പറയുന്നത് കൊല ചെയ്യാൻ കില്ലർ കണ്ടെത്തുന്ന കാരണങ്ങളും കൊല ചെയ്യുന്ന ശൈലിയും അതിനൊത്ത വേറിട്ട അവതരണവുമാണ്.
സത്യസന്ധമല്ലാതെ സിനിമാ റിവ്യൂ എഴുതി ഏറ്റവും കുറഞ്ഞ സ്റ്റാർ മാർക്ക് നൽകുന്ന റിവ്യൂവറെ അവരുടെ തന്നെ റിവ്യൂവിൽ നിന്ന് തിരഞ്ഞെടുക്കുന്ന പദപ്രയോഗങ്ങൾക്കനുസരിച്ചു ഹീനമായി കൊല്ലുന്ന ശൈലി.
ഈ കഥയിൽ പോലീസ് അന്വേഷണത്തിന്റെ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾ ഇല്ല. ഇരയെ തേടി വേട്ടക്കാരൻ വരുന്ന ഭീകര നിമിഷങ്ങൾ ഇല്ല. പകരം അതാത് കൊലപാതകങ്ങൾ അതാത് സമയത്ത് അങ്ങിനെ നടക്കുകയാണ്.
കൊലപാതകി ആരാണെന്നുള്ള സസ്പെൻസിന് ഒട്ടും തന്നെ പ്രസക്തി നൽകാതെ സിനിമ എന്ന കലയെ പ്രസക്തമായി പ്രയോജനപ്പെടുത്തുക മാത്രമാണ് ബാൽകി ചെയ്യുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 'കാഗസ് കെ ഫൂൽ' സിനിമയുടെ റഫറൻസുകൾ കോർത്തു വച്ചു കൊണ്ടുള്ള മനോഹരമായ അവതരണം.


















1959 ൽ ഇറങ്ങിയ ഗുരു ദത്തിന്റെ 'കാഗസ് കേ ഫൂൽ' സാമ്പത്തികമായി പരാജയപ്പെടുകയും വിമർശനങ്ങൾ ഏറ്റു വാങ്ങുകയുമുണ്ടായിരുന്നു. ഇന്ത്യയിൽ ഇറങ്ങിയ ആദ്യത്തെ സിനിമാസ്കോപ് സിനിമ കൂടിയായിരുന്നു അത്. ആ സിനിമയുടെ തകർച്ചക്ക് ശേഷം ഗുരു ദത്ത് പിന്നീട് മറ്റൊരു സിനിമ സംവിധാനം ചെയ്തില്ല.
ഒരു കാലത്ത് സ്വീകരിക്കപ്പെടാതെ പോയ സിനിമയെ പിന്നീട് 80കളിൽ നിരൂപക പ്രശംസ കൊണ്ട് ക്ലാസ്സിക്കായി വാഴ്ത്തിയെങ്കിലും അന്ന് അത് കേൾക്കാൻ ഗുരു ദത്ത് ജീവിച്ചിരുന്നില്ല.
കാഗസ് കേ ഫൂൽ സിനിമയിലെ നായക കഥാപാത്രത്തെ തന്റെ സിനിമയിലെ നായകനുമായി കൂട്ടിയിണക്കി കൊണ്ട് കഥ പറഞ്ഞപ്പോൾ 'ചുപ്' ഗുരു ദത്തിനുള്ള സമർപ്പണം കൂടിയാക്കി മാറ്റി ആർ ബാൽകി.

ആകെ മൊത്തം ടോട്ടൽ = DQ വിന്റെ പ്രകടനം കൊള്ളാമായിരുന്നു.. പക്ഷേ ഹിന്ദി ഡയലോഗ് ഡെലിവെറിയിൽ ആദ്യത്തെ രണ്ടു ഹിന്ദി സിനിമകളെ വച്ചു നോക്കുമ്പോൾ പുറകോട്ട് പോയ പോലെ. പെർഫെക്ട് ആയി തോന്നിയില്ല. അതൊഴിച്ചാൽ DQ നന്നായി ചെയ്തിട്ടുണ്ട്. സണ്ണി ഡിയോളും പൂജാ ഭട്ടുമൊക്കെ ഉണ്ടെന്ന് പറയാം എന്നല്ലാതെ പ്രകടനം കൊണ്ട് ഈ സിനിമയിൽ അവർ കാര്യമായി ഒന്നും അനുഭവപ്പെടുത്തിയില്ല.

*വിധി മാർക്ക് = 7/10
©bhadran praveen sekhar

Wednesday, November 16, 2022

ഒരു വറൈറ്റി സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലർ!!!


ഫസ്റ്റ് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ കാണുമ്പോൾ മനസ്സിൽ കയറിക്കൂടിയ ഒരു ദുരൂഹതയായിരുന്നു 'റോഷാക്ക്' കാണാനുള്ള ആകാംക്ഷ വർദ്ധിപ്പിച്ചത്. അതേ ആകാംക്ഷയെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്തുന്നിടത്താണ് നിസ്സാം ബഷീറിന്റെ 'റോഷാക്ക്' വിജയിക്കുന്നത്.

ഒരു മിസ്സിംഗ്‌ കേസ് അന്വേഷണമെന്ന പോലെ തുടങ്ങി ദുരൂഹമായ കഥാ വഴികളിലൂടെ കൈ പിടിച്ചു നടത്തുന്നു സംവിധായകൻ. കാടും, പണി തീരാത്ത ഒറ്റപ്പെട്ട വീടും, ഇരുട്ടും, വിജനമായ വഴികളുമൊക്കെ കഥയിലെ നിഗൂഢതയെ ഇരട്ടിപ്പിച്ചു.
നിമിഷ് രവിയുടെ ദൃശ്യപരിചരണവും മിഥുൻ മുകുന്ദന്റെ പശ്ചാത്തല സംഗീതവും ഒത്തു ചേരുന്നിടത്താണ് 'റോഷാക്കി'ന്റെ ദുരൂഹമായ ഭംഗി എന്ന് പറയാം.
ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന്റെ നിഗൂഢമായ ഭാവ ഭേദങ്ങളും മാനറിസങ്ങളുമൊക്കെ സമാനതകളില്ലാത്ത വിധം ഭംഗിയായി അവതരിപ്പിച്ചു മമ്മുക്ക. ഏതെങ്കിലും പഴയ മമ്മൂട്ടി കഥാപാത്രത്തെ അനുസ്മരിപ്പിക്കാത്ത വിധം പുതുമ നിറഞ്ഞ പ്രകടനമായിരുന്നു ഓരോ സീനിലും അദ്ദേഹത്തിന്റേത്.
കഥയിലെ നിഗൂഢത അതേ പടി സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും പകുത്തു നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് തിരക്കഥാകൃത്ത് സമീർ അബ്ദുൽ.

ഗ്രേസ് ആന്റണിയുടെ സുജാതയും, ഷറഫുദ്ധീൻറെ സതീശനും, കോട്ടയം നസീറിന്റെ ശശാങ്കനും സഞ്ജു ശിവരാമിന്റെ അനിയൻ കഥാപാത്രവുമൊക്കെ ആ തലത്തിൽ ശ്രദ്ധേയമാണ്. ആ കൂട്ടത്തിൽ പ്രകടനം കൊണ്ട് ഞെട്ടിച്ചത് ബിന്ദു പണിക്കരാണ്. ജഗദീഷിന്റെ കരിയറിലെ വേറിട്ട കഥാപാത്ര പ്രകടനത്തിന് വഴിയൊരുക്കി അഷ്‌റഫ്‌ .
ഒറ്റ വാക്കിൽ പറഞ്ഞു പോകാനാകുന്ന ഒരു ടിപ്പിക്കൽ പ്രതികാര കഥയെ വേറിട്ട അവതരണ രീതി കൊണ്ടും മെയ്ക്കിങ്ങിലെ പുതുമ കൊണ്ടും മികച്ചതാക്കി മാറ്റുന്നു നിസ്സാം ബഷീർ.
പ്രേതം എന്നത് ഒരാളുടെ തോന്നലോ അനുഭവമോ ആകാം. പക്ഷേ ആ തോന്നലിൽ/അനുഭവത്തിൽ ഒരു സത്യം ഉണ്ടെങ്കിൽ, ഒരു രഹസ്യം ഉണ്ടെങ്കിൽ അത് പുറത്തു വരിക തന്നെ ചെയ്യും. റോഷോക്ക് ഒരു പ്രേത സിനിമയല്ല പക്ഷേ പ്രേത സാമീപ്യമുള്ള ഒരു സിനിമ തന്നെയാണ്.
ഒരു മിസ്സിംഗ്‌ കേസ് ഫയൽ ചെയ്തു കൊണ്ട് പോലീസ് സ്റ്റേഷനിൽ തുടങ്ങി അതേ പോലീസ് സ്റ്റേഷനിൽ സിനിമ അവസാനിക്കുന്ന സമയത്തും കഥയും കഥയിലെ ദുരൂഹതയും തുടരുകയാണ്.
സിനിമയിൽ ഒരിടത്തും നമ്മൾ കണ്ടിട്ടില്ലാത്ത എന്നാൽ വേണ്ടുവോളം കേട്ടിട്ടുള്ള ദിലീപ് യഥാർത്ഥത്തിൽ ആരായിരിക്കാം..ലൂക്ക് ആന്റണി വീണ്ടും ദിലീപിനെ പ്രതീക്ഷിക്കുന്നുണ്ടോ.. ദിലീപ് വീണ്ടും വരുമോ..അയാളുടെ കഥാപാത്രം അത്ര മേൽ നിഗൂഢവും അജ്ഞാതവുമായി തുടരുന്ന പക്ഷം ഒരുപാട് ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്..ഉത്തരങ്ങൾ തേടി നമ്മളും യാത്ര തുടരുന്നു.
ആകെ മൊത്തം ടോട്ടൽ = യുക്തി അളന്നു കൊണ്ട് മാത്രം സിനിമ കാണാൻ താൽപ്പര്യപ്പെടുന്നവർക്ക് റോഷാക്ക് നിരാശ സമ്മാനിച്ചേക്കാം. പക്ഷേ പുതുമ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് വ്യത്യസ്ത സിനിമാസ്വാദനം സമ്മാനിക്കുന്നു 'റോഷാക്ക്'.

*വിധി മാർക്ക് = 7.5/10

-pravin-

Monday, November 14, 2022

പൊന്നിയിൻ സെൽവൻ


കൽക്കിയുടെ 'പൊന്നിയിൻ സെൽവൻ' വായിച്ചിട്ടില്ലാത്തത് കൊണ്ട് ഒരു മുൻവിധിയുമില്ലാതെ സിനിമ ആസ്വദിച്ചു കാണാൻ സാധിച്ചു. ഒറ്റ കേൾവിയിൽ മനസ്സിലാക്കാൻ പറ്റാതെ പോകുന്ന ഭാഷാ പ്രയോഗങ്ങൾ നിറഞ്ഞ ഡയലോഗുകൾ ഉള്ളപ്പോഴും തമിഴ് ഭാഷയുടെ കാവ്യ ഭംഗിയിൽ അതൊരു പ്രശ്നമായി അനുഭവപ്പെട്ടതേയില്ല.

ചോള സാമ്രാജ്യത്തിന്റെ വർത്തമാന കാല ചിത്രം കമൽ ഹാസ്സന്റെ ശബ്ദ വിവരണത്തിലൂടെ വരച്ചിടുന്നതിനൊപ്പം കഥയിലെ കഥാപാത്രങ്ങൾ ഒന്നിന് പുറകെ ഒന്നൊന്നായി സ്‌ക്രീനിൽ അവതരിക്കുന്നു.
സുന്ദര ചോളനും ആദിത്ത കരികാലനും അരുൾ മൊഴി വർമ്മനും, നന്ദിനിയും, വല്ലവരായൻ വന്ദ്യദേവനും, കുന്ദവൈയും, പഴുവേട്ടരയർ സഹോദരന്മാരും, ആൾവാർ കടിയാൻ നമ്പിയും, മധുരാന്തകനും, വാനതിയും, പൂങ്കുഴലിയുമടക്കം സ്‌ക്രീനിൽ വന്നു പോകുന്ന വലുതും ചെറുതുമായ ഓരോ കഥാപാത്രങ്ങളുടെയും കാസ്റ്റിംഗ് നന്നായി തോന്നി.
വിക്രമിന്റെയും കാർത്തിയുടെയുമൊക്കെ ഇൻട്രോ സീൻ കുറച്ച് കൂടി പവർഫുൾ ആക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ജയറാമിന്റെ ആൾവാർ കടിയാൻ നമ്പിയും ഐശ്വര്യ ലക്ഷ്മിയുടെ പൂങ്കുഴലിയുമൊക്കെ നന്നായി തന്നെ അനുഭവപ്പെട്ടു.

ഒരു ഘട്ടത്തിൽ വിക്രമിൻറെ സ്ക്രീൻ സ്പേസ് ഇല്ലാതാകുകയും കാർത്തിയുടെ സ്ക്രീൻ സ്‌പേസ് കൂടുകയും ചെയ്തു. ഇടവേളക്ക് ശേഷം അത് പൂർണ്ണമായും ജയം രവിയിലേക്ക് മാറുന്നു. എന്നാൽ എല്ലായിടത്തും ഒരു പോലെ തിളങ്ങി നിന്നത് ഐശ്വര്യ- തൃഷ മാരാണ് എന്ന് പറയാതെ വയ്യ.അവരുടെ മുഖാ മുഖ സീനുകളും ഡയലോഗുകളുമൊക്കെ പലയിടത്തും നായകന്മാരെക്കാൾ മികച്ചു നിൽക്കുന്നു.
പകയും കുടിലതയും സൗന്ദര്യവുമുള്ള നന്ദിനിയെ ഐശ്വര്യ റായി ഗംഭീരമായി കൈകാര്യം ചെയ്യുമ്പോൾ അതിനെ എല്ലാ തലത്തിലും വെല്ലുന്ന ഒത്ത ഒരു എതിരാളിയുടെ വേഷം തൃഷയും മികവുറ്റതാക്കി.
ബാഹുബലിക്ക് ശേഷം വന്ന സിനിമകൾക്ക് നേരിടേണ്ടി വരുന്ന അതേ പ്രതിസന്ധി 'പൊന്നിയിൻ സെൽവ'ന്റെ യുദ്ധ രംഗങ്ങളിലും കാണാം. യുദ്ധരംഗങ്ങളിലെ ആവർത്തന വിരസത ഒഴിവാക്കുന്ന അവതരണമൊന്നും ഇനി പ്രതീക്ഷിക്കാതിരിക്കുന്നതാകും ഉചിതം.

ആദ്യ പകുതിയിൽ കുറച്ച് ലാഗ് അനുഭവപ്പെട്ടെങ്കിലും രണ്ടാം പകുതിയിൽ ജയം രവിയുടെ അരുൾ മൊഴി അഥവാ പൊന്നിയിൻ സെൽവന്റെ വരവോട് കൂടെയാണ് സിനിമ ത്രില്ലിംഗ് ആകുന്നത്. വിക്രമിനെയും കാർത്തിയെയും ക്ഷണ നേരം കൊണ്ട് മറി കടക്കുന്ന ഒരു പ്രകടനം ജയം രവിയിൽ നിന്ന് പ്രതീക്ഷിച്ചതായിരുന്നില്ല. അത്രക്കും മികവോടെയും കൃത്യതയോടെയും അയാൾ പൊന്നിയിൻ സെൽവനായി തിളങ്ങി എന്ന് പറയാം.
അധികാരത്തിന് വേണ്ടിയുള്ള തർക്കങ്ങളും ചതിയും യുദ്ധവും പക വീട്ടലുമൊക്കെ ഏതൊരു ഇതിഹാസ കഥയിലേതുമെന്ന പോലെ പൊന്നിയിൻ സെൽവനിലും കടന്നു വരുന്നുണ്ട്. പക്ഷെ ടൈറ്റിൽ കഥാപാത്രത്തിലേക്ക് മാത്രമായി ഒതുങ്ങാതെ, വെറും നായകന്മാരുടെ കഥ മാത്രമായി മാറാതെ നന്ദിനി-കുന്ദവൈ മാരെ കൂടി ഭാഗമാക്കി കൊണ്ടുള്ള ഒരു യുദ്ധ കഥയായി മാറുകയാണ് പൊന്നിയിൻ സെൽവൻ.
ആകെ മൊത്തം ടോട്ടൽ = മണിരത്നത്തിന്റെ ഇത് വരെയുള്ള ഏറ്റവും മികച്ച സിനിമയായി വിലയിരുത്താനാകില്ലെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ പൊന്നിയിൻ സെൽവൻ ഉണ്ടാകുക തന്നെ ചെയ്യും. രവി വർമ്മന്റെ cinematography പൊന്നിയിൻ സെൽവന്റെ തിയേറ്റർ കാഴ്ചകൾക്ക് നൽകുന്ന മിഴിവ് എടുത്തു പറയേണ്ടതാണ്. രണ്ടാം ഭാഗം കൂടി കണ്ടു തീർന്നാൽ മാത്രമേ ആസ്വാദനം പൂർണ്ണമാകൂ എന്നതിനാൽ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിൽ തോന്നിയ കല്ല് കടികളെ മനഃപൂർവ്വം പരാമർശിക്കാതെ വിടുന്നു.

*വിധി മാർക്ക് = 8/10
-pravin-