Thursday, December 4, 2014

അപ്പോത്തിക്കിരിയുടെ വിരലുകൾ കണ്ടിട്ടുണ്ടോ ?

നന്ദി വീണ്ടും വരുക എന്ന പരസ്യ വാക്യം  കേൾക്കാനോ കാണാനോ ആഗ്രഹിക്കാത്ത ഒരു സ്ഥലമാണ് ആശുപത്രി. രോഗങ്ങളുമായിഒരിക്കൽ അവിടെ വന്നു പോകുന്നവർ വീണ്ടും അവിടേക്ക് വരാനിടയാക്കരുതേ എന്ന് മുട്ടിപ്പായി പ്രാർഥിച്ചു പോകുന്ന സ്ഥലവും ആശുപത്രി തന്നെ. ഒരർത്ഥത്തിൽ ദൈവത്തെ കാണാനും അറിയാനും അമ്പലങ്ങളിലോ പള്ളിയിലോ അല്ല പോകേണ്ടത്. തൊട്ടടുത്ത ആശുപത്രികളിലേക്കാണ്. അവിടെ ദൈവത്തെ കാണാനുള്ളവരുടെ തിരക്കായിരിക്കും. ആ ദൈവം പറയുന്നത് അനുസരിക്കാതിരിക്കാൻ ഒരു രോഗിക്കും സാധ്യമല്ല. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ അനുസരണാ ശീലം കാണിക്കുമെങ്കിലും പണം എന്ന വ്യവസ്ഥക്ക് മുന്നിൽ പാവപ്പെട്ടവന് പലപ്പോഴും ദൈവത്തിന്റെ മാന്ത്രിക സ്പർശം അനുഭവിക്കാനുള്ള യോഗ്യത പോലും നഷ്ടമാകുന്നു. ഒരു രോഗിയുടെ ചികിത്സാ യോഗ്യത എന്നാൽ അയാളുടെ കയ്യിലെ പണമാണ് എന്ന് വിശ്വസിക്കുന്ന ഇന്നിന്റെ ഡോക്ടർ ദൈവങ്ങൾക്ക് മുന്നിലാണ് അപ്പോത്തിക്കിരിയുടെ പഴയ ആ കഥ ഒരു വലിയ ഓർമ്മപ്പെടുത്തലാകുന്നത്. അതൊരു കാലമായിരുന്നു. കിലോമീറ്ററുകൾ നടന്നും സൈക്കിൾ ചവിട്ടിയും രോഗികളെ തേടി വന്നു ചികിത്സ നടത്തിയിരുന്ന ഭിഷഗ്വരൻമാരുടെ കാലം. രോഗങ്ങളെ ആട്ടിയകറ്റുകയും രോഗികളെ സ്നേഹത്തോടെ ആശ്വസിപ്പിക്കുകയും ധൈര്യം പകർന്നു കൊടുക്കുകയും ചെയ്തിരുന്ന അവരെയാണ് ജനം ഹൃദയം കൊണ്ട് അപ്പോത്തിക്കിരീ എന്ന് വിളിച്ചു ശീലിച്ചത്. കാലമേറെ പിന്നിട്ടപ്പോൾ അപ്പോത്തിക്കിരിമാർ ഇല്ലാതായി. പകരം വന്ന അവരുടെ തലമുറ രോഗികളെ അകറ്റി നിർത്തുകയും രോഗങ്ങളെ നിലനിർത്തുകയും ചെയ്തു. രോഗങ്ങളും രോഗികളും ഇല്ലെങ്കിൽ തങ്ങൾക്ക് നിലനിൽപ്പില്ല എന്ന ആസുരിക തിരിച്ചറിവ് അവരെ അത്ര മാത്രം അന്ധരാക്കിയിരിക്കുന്നു. തദ്ഫലമായി ആശുപത്രി സേവനങ്ങളും മരുന്നുകളും മാഫിയവത്ക്കരിക്കപ്പെട്ടു. ഇതിന്റെയെല്ലാം തുടർ മാറ്റങ്ങളെ  തന്നെയാണ് സിനിമ പ്രമേയവത്ക്കരിക്കുന്നതും  സമൂഹത്തിൽ ചർച്ചാ പ്രസക്തമാക്കുകയും ചെയ്യുന്നത്. 

പൂർണ്ണമായും ഡോക്ടർ സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു സിനിമയാണോ അപ്പോത്തിക്കിരി എന്ന് സംശയിക്കുന്നവരുണ്ട്. ഒരു ഡോക്ടർ ഈ സിനിമ കാണുമ്പോൾ സ്വാഭാവികമായും അപ്രകാരം ചിന്തിച്ചു പോകാനുള്ള സാധ്യതകളെ തള്ളിക്കളയുന്നില്ല. എന്നാൽ ഈ സിനിമയുടെ ഉദ്ദേശ്യ ശുദ്ധി മനസിലാക്കി കൊണ്ട് കാണുന്ന ഡോക്ടർമാർക്ക് ഈ സിനിമ വലിയൊരു തിരിച്ചറിവ് സമ്മാനിക്കുക തന്നെ ചെയ്യും. ആ തലത്തിൽ വിശകലനം ചെയ്‌താൽ നാളെയുടെ പ്രതിക്കൂട്ടിലേക്ക് നടന്നു കൊണ്ടിരിക്കുന്ന ഒരു കൂട്ടം ഡോക്ടർമാരെ തിരിച്ചു നന്മയുടെയും സ്നേഹത്തിന്റെയും വൈദ്യ പാതയിലേക്ക് തിരിച്ചു വിളിക്കുന്ന സിനിമയാണ് അപ്പോത്തിക്കിരി എന്ന് പറയേണ്ടി വരും. ഡോക്ടർ വിജയ് നമ്പ്യാരുടെ (സുരേഷ് ഗോപി) വിവിധ മാനസികാവസ്ഥയിലൂടെയാണ് സിനിമ  മുന്നേറുന്നത്. ഒരേ സമയം ശരി പക്ഷത്ത് നിൽക്കാൻ മനസ്സ് മന്ത്രിക്കുകയും എന്നാൽ നിലനിൽപ്പിന്റെ ഭാഗമായി മനസാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യേണ്ടിയും വരുന്നത്  കൊണ്ടാണ് ഡോക്ടർക്ക് മുന്നിൽ  ചില വിചിത്ര കാഴ്ചകൾ രൂപപ്പെടുന്നത്. ആശുപത്രിക്ക് വേണ്ടിയും മരുന്ന് മാഫിയക്ക് വേണ്ടിയും തന്റെ  രോഗികളിൽ  പലരെയും മരുന്ന് പരീക്ഷണത്തിന്‌ വിധേയരാക്കുമ്പൊഴും ഡോക്ടർ വിജയ്‌ നമ്പ്യാർ തന്റെ തന്നെ മനസാക്ഷിയുടെ വിചിത്രമായ പ്രതികരണങ്ങൾ കൊണ്ട് അസ്വസ്ഥമാകുന്നു. ഒരു ഘട്ടത്തിൽ ചിത്ത ഭ്രമത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് പോലും എത്തിയേക്കാവുന്ന തരത്തിൽ അദ്ദേഹം അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ട്. എന്നിട്ടും ഡോക്ടർ കുറ്റബോധത്തോടെ തന്നെ  തന്റെ പതിവ് ജോലികൾ തുടരുമ്പോൾ മനസിലാക്കാം ഭൌതിക ജീവിതത്തിലെ സുഖ സൌകര്യങ്ങളോട് അദ്ദേഹം എത്ര മാത്രം ആകൃഷ്ടനായിരുന്നു എന്ന്. 

പലപ്പോഴും സ്വാർത്ഥത പല രൂപത്തിലാണ് മനുഷ്യരിലൂടെ വെളിപ്പെടുക. സ്വന്തം കുടുംബവും സുഖവും മാത്രം നോക്കി നടക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തങ്ങൾക്ക്  ചുറ്റുമുള്ള പലതിനേയും കണ്ടില്ലാന്നു നടിക്കേണ്ടി വരും. അത്തരത്തിലുള്ള ഒരു രംഗം സിനിമയിൽ ഏറെ ശ്രദ്ധേയമായി തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്.  രോഗിയായ സുബിൻ ജോസഫിന്റെ അച്ഛനും അനിയനും കൂടെ വിജയ്‌ നമ്പ്യാരെ കാണാൻ വരുന്ന സമയത്ത് അയാൾ തന്റെ കുട്ടികളുമായി അവർ പുതുതായി പണിയാൻ പോകുന്ന വീടിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആശുപത്രി ബില്ലിൽ എന്തെങ്കിലും ഇളവു ചെയ്തു തരാൻ കനിവുണ്ടാകണേ എന്ന അവരുടെ അഭ്യർത്ഥനയെ ഡോക്ടർ പൂർണ്ണമായും നിരാകരിച്ചു കൊണ്ടാണ് സംസാരിച്ചത്. തനിക്ക് അക്കാര്യത്തിൽ ഒന്നും ചെയ്തു തരാനുള്ള നിർവ്വാഹമില്ല എന്നും പറഞ്ഞ് അവരെ മടക്കുമ്പോൾ എല്ലാം കണ്ടു കൊണ്ട് അവിടെ ഇരുന്നിരുന്ന ഡോക്ടറുടെ അച്ഛൻ മകന് കൊടുക്കുന്ന ഉപദേശം വളരെ പ്രസക്തമാണ്. 

"മോനെ, നിന്റെ മുന്നിലിരിക്കുന്ന ഒരു രോഗിയെയും ഇനട്രാ സെറിബ്രല്‍ ഹെമിറെജായിട്ടും ബ്രെയിന്‍ ട്യൂമറായിട്ടും കാണരുത്. അവരെ ഒരു കമ്മോഡിറ്റിയ്യാക്കരുത്. ഒരു മനുഷ്യനായി കാണണം. കുടുംബവും കുട്ടികളും സന്തോഷവും സങ്കടവുമുള്ള മനുഷ്യനായിട്ട്. അവര്‍ അരി വാങ്ങാനും തുണി വാങ്ങാനും കുട്ടികള്‍ക്ക് സ്ക്കൂളിലെ ഫീസ്‌ കെട്ടാനും മാറ്റി വച്ചിരിക്കുന്ന തുക, അല്ലെങ്കില്‍ മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടി നാണം കെട്ട് ഇരന്നു വാങ്ങുന്ന തുക - അതാണ്‌ അവരിവിടെ കൊണ്ട് വന്നു തരുന്നത്. ഇനിയും നിങ്ങള്‍ പറയുന്ന ഏതു ചികിത്സക്കും അവര്‍ പണം ഉണ്ടാക്കുമായിരിക്കും. ഇനിയും എന്തെങ്കിലും വില്‍ക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അതും കൂടി വില്‍ക്കും. അങ്ങിനെ അവസാനം ആ കുടുംബത്തിനു മുഴുവന്‍ ഒരു നേരത്തെ ആഹാരത്തിനു പോലും കഷ്ട്ടപ്പെടെണ്ടി വരും. കുറച്ച് പച്ചക്കറിക്ക് പോലും മാര്‍ക്കറ്റില്‍ വില പേശാറുള്ള മനുഷ്യന്‍ ചികിത്സക്ക് വേണ്ടിയോ മരുന്നിനു വേണ്ടിയോ വില പേശാറില്ല. അത് അറിയാവുന്നത് കൊണ്ട് തന്നെ അവരെ വഞ്ചിക്കാനും എളുപ്പമാണ്. അവരോടൊക്കെ അല്‍പ്പം സ്നേഹത്തോടെ സംസാരിക്കാനും പെരുമാറാനും കഴിഞ്ഞാല്‍ അതാണ്‌ ഏറ്റവും വലിയ ശരി. "

                                   

സുബിൻ ജോസഫിനെ (ജയസൂര്യ) പോലുള്ള രോഗികൾ ജീവിക്കാനുള്ള അവസാനത്തെ പ്രതീക്ഷയും പേറിയാണ് അപ്പോത്തിക്കിരി പോലുള്ള ഹൈ ക്ലാസ്സ് ആശുപത്രികളുടെ പടി ചവിട്ടി കേറുന്നതെങ്കിലും ഭാരിച്ച ബില്ലുകൾ അവരെ ചികിത്സയിൽ നിന്നും തന്നെ പിന്തിരിപ്പിച്ചു കളയും. സുബിൻ ജോസഫിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഇപ്പോൾ ആശുപത്രിക്കാർ പറഞ്ഞ ചികിത്സ നടത്തിയില്ലെങ്കിൽ എന്റെ ജീവൻ മാത്രമേ പോകൂ. ചികിത്സ നടത്തിയാൽ തന്റെ ജീവൻ രക്ഷപ്പെടുമായിരിക്കും എന്നാൽ ചികിത്സാ ചിലവിനായി കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ വകയില്ലാതെ തന്റെ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടി വരും. അതിലും ഭേദം ചികിത്സിക്കാതിരിക്കുന്നതല്ലേ ? ഏറെ ചിന്തിക്കേണ്ട വിഷയം തന്നെയാണ് സുബിനിലൂടെ നമ്മൾ കേട്ടത്.  വാണിജ്യവത്ക്കരിക്കപ്പെട്ട  ആശുപത്രികൾ രോഗികളുടെ ശാപമാണ്. മരുന്നും മരുന്ന് പരീക്ഷണവും അത്യാധുനിക ചികിത്സാ സമ്പ്രദയാങ്ങളും വേണ്ടാ എന്ന് സിനിമ പറയുന്നില്ല. എന്നാൽ ഇതെല്ലാം എപ്പോഴൊക്കെ, എങ്ങിനെയൊക്കെ, ആരോടൊക്കെ, എന്തിനൊക്കെ വേണ്ടി പ്രയോഗിക്കപ്പെടണം എന്ന ചിന്താഗതിയിൽ ശുദ്ധീകരണം അനിവാര്യമാണ് എന്ന് സിനിമ തറപ്പിച്ചു പറയുക തന്നെ ചെയ്യുന്നു. ഏതൊരു അവസ്ഥയിലും രോഗിയെ വിറ്റു ചികിത്സിക്കാൻ തയ്യാറാകില്ല എന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് ഓരോ ഡോക്ടർമാരും വെളുത്ത കോട്ട് അണിയുന്നത്. ആ വെളുത്ത കോട്ടിലെക്ക് ചളി തെറിപ്പിക്കുന്നതായിരിക്കരുത് ഒരു ഡോക്ടറുടെയും പ്രവർത്തികൾ എന്ന് വിജയ് നമ്പ്യാർ പറയുമ്പോൾ പഴയ  അപ്പോത്തിക്കിരിമാരുടെ  ആത്മാശം ഇപ്പോഴും കൈ മുതലായി സൂക്ഷിക്കുന്ന ഡോക്ടർമാർ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുക തന്നെ ചെയ്യും. ഈ കൈയ്യടികൾ വരും തലമുറയിലെ ഡോക്ടർമാർക്ക് ചെറുതായെങ്കിലും ഒരു പ്രചോദനമായി മാറിയാൽ അത് തന്നെയാണ് ഈ സിനിമയുടെ വിദൂരമല്ലാത്ത വിജയവും. 
ഭാവ പ്രകടനങ്ങൾ എന്നതിലുപരി ശരീര ഭാഷ കൊണ്ടാണ് ഈ സിനിമയിലെ അഭിനേതാക്കൾ വിസ്മയം സൃഷ്ടിക്കുന്നത്. ജയസൂര്യയും ഇന്ദ്രൻസുമെല്ലാം ഈ സിനിമയിൽ അതിന്റെ ഏറ്റവും കരുത്തുറ്റ ഉദാഹരണങ്ങളാണ്. മാധവ് രാംദാസിനെ പോലുള്ള സംവിധായകരെ മലയാള സിനിമാ  ലോകവും പ്രേക്ഷകരും  പൂവിട്ട് പൂജിച്ചില്ലെങ്കിലും കണ്ടില്ലെന്നു നടിക്കരുത്. സിനിമ റിലീസായ സമയങ്ങളിൽ കേട്ട ഒരു ആക്ഷേപം ഓർമ്മ വരുന്നു. സിനിമയിൽ ഒരുപാട് നടകീയതകൾ ഉണ്ടെന്നതായിരുന്നു അത്. ശരിയാണ്, സിനിമയിൽ ചെറിയ നാടകീയതകൾ ഉണ്ട്. പക്ഷേ നമ്മുടെയെല്ലാം ജീവിതത്തിൽ സിനിമയിലേത് പോലൊരു സാഹചര്യം വന്നു പോയാൽ ഉണ്ടായേക്കാവുന്ന നാടകീയതകളെക്കാൾ എത്രയോ ചെറിയൊരംശം നാടകീയത മാത്രമാണ് സിനിമയിൽ കാണിച്ചിട്ടുള്ളൂ. അതും ലളിതമായ രീതിയിൽ വലിയൊരു ആശയം പറയാൻ വേണ്ടി മാത്രം. അപ്പോത്തിക്കിരിമാർ ദൈവത്തിന്റെ വിരലുകളുമായി ഓരോ രോഗികളേയും ശുശ്രൂക്ഷിക്കാൻ നിയോഗിക്കപ്പെട്ടവരാണ് എന്ന് പറഞ്ഞു കൊണ്ട് സിനിമ അവസാനിക്കുമ്പോഴും പ്രതിപാദ്യ മേഖലയിലെ പൊള്ളുന്ന പല യാഥാർത്ഥ്യങ്ങളും നമ്മുടെ മനസ്സിന്റെ നീറ്റം കുറക്കുന്നില്ല. അത്തരം അനുഭവങ്ങൾ ആർക്കും വരരുതേ എന്ന് പ്രാർഥിക്കുകയെങ്കിലും ചെയ്യാം നമുക്ക്. 

ആകെ മൊത്തം ടോട്ടൽ = ആർക്കും കാണാവുന്ന ഒരു സിനിമ .എല്ലാം കൊണ്ടും പ്രസക്തമായ ഒരു നല്ല സിനിമ. ഒറ്റ അപേക്ഷ മാത്രമേ ഉള്ളൂ. എപ്പോഴായാലും ഈ സിനിമ നിങ്ങൾ കാണാതെ പോകരുത്. 

*വിധി മാർക്ക്‌ = 8.5/10
-pravin-

14 comments:

 1. നല്ല റിവ്യൂ. ആഴത്തിലുള്ള വിശകലനം
  ഒരു രോഗിക്കായി ഒരു ഗ്രാമം ഒന്നടങ്കം ഉണരുമ്പോഴും, ചിലര്‍ മാരത്തോണ്‍ ഓട്ടം നടത്തി പണം ശേഖരിക്കുമ്പോഴും, സ്കൂള്‍ കുട്ടികള്‍ വരെ പണപ്പിരിവുമായി ഇറങ്ങുമ്പോഴും, നവമാധ്യമങ്ങള്‍ വഴി അറിയിപ്പുകള്‍ കണ്ട് സുമനസ്സുകള്‍ സംഭാവന ചെയ്യുമ്പോഴും ഒക്കെ ഞാന്‍ ചിന്തിക്കാറുണ്ട്, ഏതെങ്കിലും ഒരു ആശുപത്രിയ്ക്ക് അവരുടെ ഓപ്പറേഷണല്‍ ചെലവ് മാത്രമെടുത്ത് ഇങ്ങനെയുള്ള ഒരു രോഗിയെ എങ്കിലും രക്ഷിച്ചുകൂടേ എന്ന്. വല്ലാത്ത വൈരുദ്ധ്യം തന്നെ!!

  ReplyDelete
  Replies
  1. അങ്ങിനെ ചെയ്യുന്ന ചുരുക്കം ആശുപത്രികൾ ഉണ്ട് എന്നും അറിയാൻ സാധിക്കുന്നു. ബാക്കിയെല്ലാം ബിസിനസ്സ് തന്നെ ..

   Delete
 2. നല്ല അവലോകനം ............... ആശംസകൾ

  ReplyDelete
 3. << ഏതൊരു അവസ്ഥയിലും രോഗിയെ വിറ്റു ചികിത്സിക്കാൻ തയ്യാറാകില്ല എന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് ഓരോ ഡോക്ടർമാരും വെളുത്ത കോട്ട് അണിയുന്നത്. ആ വെളുത്ത കോട്ടിലെക്ക് ചളി തെറിപ്പിക്കുന്നതായിരിക്കരുത് ഒരു ഡോക്ടറുടെയും പ്രവർത്തികൾ എന്ന് വിജയ് നമ്പ്യാർ പറയുമ്പോൾ പഴയ അപ്പോത്തിക്കിരിമാരുടെ ആത്മാശം ഇപ്പോഴും കൈ മുതലായി സൂക്ഷിക്കുന്ന ഡോക്ടർമാർ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുക തന്നെ ചെയ്യും. ഈ കൈയ്യടികൾ വരും തലമുറയിലെ ഡോക്ടർമാർക്ക് ചെറുതായെങ്കിലും ഒരു പ്രചോദനമായി മാറിയാൽ അത് തന്നെയാണ് ഈ സിനിമയുടെ വിദൂരമല്ലാത്ത വിജയവും. >> 100 % യോജിക്കുന്നു.

  ReplyDelete
 4. ഈ സിനിമയെക്കുറിച്ച് ഇതിനകം ധാരാളം കേട്ടിരിക്കുന്നു. ഒരു നല്ല സിനിമയെ നന്നായി അവതരിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. ഈ ബ്ളോഗിലെ മികച്ച അവലോകനങ്ങളിലേക്ക് ഒന്നുകൂടി

  ReplyDelete
  Replies
  1. നന്ദി പ്രദീപേട്ടാ ..ഈ സിനിമ കാണാതെ പോകരുത്

   Delete
 5. Heart touching movie.

  ReplyDelete
  Replies
  1. കഴിഞ്ഞ വർഷം ഇറങ്ങിയ ചുരുക്കം നല്ല സിനിമകളിൽ ഒന്ന് ..

   Delete
 6. ഭാവ പ്രകടനങ്ങൾ എന്നതിലുപരി ശരീര ഭാഷ
  കൊണ്ടാണ് ഈ സിനിമയിലെ അഭിനേതാക്കൾ വിസ്മയം
  സൃഷ്ടിക്കുന്നത്. ജയസൂര്യയും ഇന്ദ്രൻസുമെല്ലാം ഈ സിനിമയിൽ
  അതിന്റെ ഏറ്റവും കരുത്തുറ്റ ഉദാഹരണങ്ങളാണ്.
  മാധവ് രാംദാസിനെ പോലുള്ള സംവിധായകരെ മലയാള സിനിമാ
  ലോകവും പ്രേക്ഷകരും പൂവിട്ട് പൂജിച്ചില്ലെങ്കിലും കണ്ടില്ലെന്നു നടിക്കരുത്.

  സിനിമ ഇവിടെ വെച്ച് കണ്ടതാണ് ... നല്ല റിവ്യൂ കേട്ടോ പ്രവീൺ

  പിന്നെ
  നാട്ടിലെ ചില വമ്പൻ ആശുപത്രികളിൽ
  ഇത്തരം പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നുള്ളത് പരമാർത്ഥം തന്നേയാണ്,,,!

  ReplyDelete
  Replies
  1. താങ്ക്യു മുരളിയേട്ടാ ...ഈ സിനിമ കണ്ട ശേഷമാണ് ഞാൻ വിഷയത്തെ കുറിച്ച് പലരുമായി അന്വേഷിക്കാൻ തുടങ്ങിയത് ..ഞെട്ടിക്കുന്ന വിവരങ്ങൾ തന്നെയായിരുന്നു അത് ..

   Delete
 7. ജയസൂര്യ പലപ്പോഴും നിസ്സഹായനായ യുവാവായി നന്നായി ശോഭിക്കുന്നു. ഇതും 'കുമ്പസാര'വും ഉദാഹരണം ...പറയത്തക്ക അംഗീകാരം കിട്ടിയിട്ടില്ല അല്ലെ?

  ReplyDelete
  Replies
  1. തീർച്ചയായും ...ജൂറി എന്നാൽ അന്ധത ബാധിച്ചവർ എന്ന അർത്ഥത്തിൽ പറയേണ്ടി വരുമോ ഇനി ഭാവിയിൽ ..

   Delete