Monday, September 19, 2022

കേരളം കാണേണ്ട സിനിമ !!


ആറാട്ടുപുഴ വേലായുധ പണിക്കരുടെ സംഭവ ബഹുലമായ ജീവിതത്തെ മികവുറ്റ സിനിമാവിഷ്‌ക്കാരമാക്കി മാറ്റുന്നതിനൊപ്പം മലയാളി പിന്നിട്ട ഇരുണ്ട കാലഘട്ടത്തെ ഓർമ്മപ്പെടുത്തുക കൂടിയാണ് 'പത്തൊമ്പതാം നൂറ്റാണ്ടി'ലൂടെ വിനയൻ ചെയ്യുന്നത്.

തലക്കരവും മീശക്കരവും മുലക്കരവുമൊക്കെ ചുമത്തി അധികാരി വർഗ്ഗങ്ങൾ അതിദാരുണമായി പീഡിപ്പിച്ചിരുന്ന ഒരു ജനതയുടെ ദുസ്സഹമായ ജീവിത സാഹചര്യങ്ങൾ സ്‌ക്രീനിൽ കാണുമ്പോൾ ഒരു ടൈം മെഷീനിലൂടെന്ന പോലെ കാഴ്ചക്കാരും പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് എത്തിപ്പെടുന്നു.

അയിത്തവും തൊട്ടു കൂടായ്‌മയും ജാതീയതയുമൊക്കെ ആളുകളുടെ മനസ്സിൽ നിന്ന് പോകാത്തിടത്തോളം കാലം നിയമം കൊണ്ടുള്ള നിരോധനങ്ങൾ കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്ന് കൃഷ്ണയുടെ കഥാപാത്രം വേലായുധ പണിക്കരോട് പറയുന്ന സീൻ അർത്ഥവത്താണ്.


അധസ്ഥിതർക്ക് വേണ്ടി ശബ്ദം ഉയർത്താനും അവരെ പ്രതികരണ ശേഷിയുള്ളവരാക്കി മാറ്റാനുമൊക്കെ വേലായുധ പണിക്കർ നടത്തിയ പോരാട്ടങ്ങളെ ഗംഭീരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് സിനിമയിൽ.

ആറാട്ടുപുഴ വേലായുധ പണിക്കരെന്ന നായകനെ അല്ലെങ്കിൽ രക്ഷകനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്ന സീനുകളെല്ലാം മികച്ചു നിന്നു.

സിജു വിൽസൺ ഈ സിനിമക്ക് വേണ്ടി എടുത്ത എല്ലാ പരിശ്രമങ്ങളും ആറാട്ടുപുഴ വേലായുധ പണിക്കാരായിട്ടുള്ള അയാളുടെ പ്രകടനത്തിൽ നിന്ന് കണ്ടറിയാം. മെയ് വഴക്കം കൊണ്ടും സ്‌ക്രീൻ പ്രസൻസ് കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടുമൊക്കെ വേലായുധ പണിക്കരായി പരകായ പ്രവേശം നടത്തുന്ന സിജു വിൽസണെ അഭിനന്ദിക്കാതെ പാകമില്ല.

എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നങ്ങേലിയായി വരുന്ന കയാദുവിന്റേതാണ്. ക്ലൈമാക്സ് സീനുകളിലേക്ക് എത്തുമ്പോൾ വേലായുധ പണിക്കരുടെ കഥാപാത്രത്തിനൊപ്പം തന്നെ മനസ്സിൽ തങ്ങി നിൽക്കുന്ന നിലക്ക് നങ്ങേലിയെ മികവുറ്റതാക്കുന്നു കയാദു.

നിവിൻ പോളിയുടെ മുഴുനീള കായംകുളം കൊച്ചുണ്ണി വേഷത്തെ പത്തൊമ്പതാം നൂറ്റാണ്ടിലെ കുറച്ചു സീനുകൾ കൊണ്ട് മാത്രം അനായാസേന മറി കടക്കുന്നു ചെമ്പൻ വിനോദ്. കാസ്റ്റിങ് സെൻസ് എന്നത് നിസ്സാര കാര്യമല്ല എന്ന ഓർമ്മപ്പെടുത്തല് കൂടിയാണത്. അനൂപ് മേനോന്റെ തിരുവിതാം കൂർ മഹാരാജാവും രാജസദസ്സുമൊക്കെ നന്നായി തോന്നി.


നങ്ങേലിയുടെ ചിരുകണ്ടനെ സെന്തിലിനെ ഏൽപ്പിച്ചതിൽ തെറ്റില്ലായിരുന്നു. പക്ഷെ കലാഭവൻ മണിയുടെ കരുമാടിക്കുട്ടനെ അതേ പടി ഓർമ്മിപ്പിക്കും വിധം പറഞ്ഞവതരിപ്പിക്കുമ്പോൾ സെന്തിൽ എന്ന നടന്റെതായ ഒരു അടയാളപ്പെടുത്തൽ ഈ സിനിമയിൽ ഇല്ലാതെ പോകുന്നു എന്ന പരാതിയുണ്ട്.

കുറ്റമറ്റ ചരിത്ര സിനിമയെന്ന് പറഞ്ഞു വെക്കുന്നില്ല. പക്ഷേ സമീപ കാലത്ത് ചരിത്ര സിനിമകളെന്ന നിലക്ക് വന്നു പോയ 'കായംകുളം കൊച്ചുണ്ണി'യും, 'മാമാങ്ക'വും, 'മരക്കാറു'മൊക്കെ അനുഭവപ്പെടുത്താതെ പോയ പലതും 'പത്തൊമ്പതാം നൂറ്റാണ്ടി'ലുണ്ട്.

മലയാള സിനിമയുടേതായ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ പ്രേക്ഷകരുടെ നെറ്റി ചുളിപ്പിക്കാത്ത വിധം കേരളത്തിന്റെ പഴയ ചരിത്രത്തെ പറഞ്ഞവതരിപ്പിച്ച വിനയന് കൈയ്യടി കൊടുക്കേണ്ടതുണ്ട്.

ആകെ മൊത്തം ടോട്ടൽ = വിസ്മൃതിയിലാണ്ടു പോയ ഒരു നവോത്ഥാന നായകനേയും കേരളത്തിന്റെ ചരിത്രത്തെയും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഓർമ്മപ്പെടുത്തുന്നതിലുള്ള പ്രസക്തി തന്നെയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയേയും ശ്രദ്ധേയമാക്കുന്നത് എന്ന് പറയാം.

*വിധി മാർക്ക് = 7.5/10 

-pravin-

Saturday, September 17, 2022

പാപ്പൻ


സീരിയൽ കില്ലിങ്ങും കുറ്റാന്വേഷണവുമെന്നത് സിനിമയെ സംബന്ധിച്ച് ഒരു പുതുമയുളള വിഷയമേ അല്ല എന്നിരിക്കെ 'പാപ്പനി'ൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കാതെയാണ് കാണാൻ തുടങ്ങിയത് . 

നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുപാട് കഥാപാത്രങ്ങളെ നമുക്ക് മുന്നിലേക്ക് ഇട്ടു തരുകയും അതിൽ തന്നെയുള്ള പലരെയും സംശയ മുനയിൽ നിർത്തുക . അതിൽ ഒരാൾ തന്നെയായിരിക്കാം കൊലപാതകി എന്ന് നമ്മളെ കൊണ്ട് ഊഹിപ്പിക്കുക.. ഒടുക്കം ആരാണ് ആ കൊലപാതകി അയാൾ എന്തിന് ഈ ക്രൈം ചെയ്യുന്നു എന്ന് വെളിപ്പെടുത്തുന്നതോടെ പൂർണ്ണമാകുന്ന ആസ്വാദനം .

സ്ഥിരം സൈക്കോ -സീരിയൽ കില്ലർ പടങ്ങളിൽ കാണുന്ന ക്രൈമും അന്വേഷണ രീതിയുമൊക്കെ തന്നെയല്ലേ പാപ്പനിലും ഈ കാണിച്ചു കൊണ്ടിരിക്കുന്നത് എന്ന ചോദ്യം മനസ്സിൽ വന്നു പോകുമ്പോഴും എന്ത് കൊണ്ടോ പടം വ്യക്തിപരമായി എന്നെ മുഷിമിപ്പിച്ചില്ല .

ഒരു തിരക്കഥാകൃത്തിനെയും സംവിധായകനെയും സംബന്ധിച്ച് പുതുമയുള്ള വിഷയം പറഞ്ഞവതരിപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് പുതുമയില്ലാത്ത വിഷയത്തെ ബോറടിപ്പിക്കാതെയും ത്രില്ലടിപ്പിച്ചും പറഞ്ഞവതരിപ്പിക്കുന്നതിനാണ്. ജോഷി - RJ ഷാൻ ടീം 'പാപ്പനെ' കൈകാര്യം ചെയ്തിരിക്കുന്നതും അങ്ങിനെ തന്നെ .

മുഖ്യ കഥയേക്കാൾ നന്നായി പറഞ്ഞവതരിപ്പിച്ച ഉപകഥകളിലൂടെയാണ് 'പാപ്പൻ' ത്രില്ലിംഗ് ആകുന്നത് .


ഷമ്മി തിലകന്റെ ഇരുട്ടൻ ചാക്കോയെ പോലുള്ള കഥാപാത്ര പ്രകടനങ്ങൾ പാപ്പന്റെ ബോണസ് ആണ്. ഷട്ടർ സിനിമയിലെ പ്രകടനത്തിന് ശേഷം സജിതാ മഠത്തിലിന്റെ ഇഷ്ടപ്പെട്ട ഒരു പ്രകടനം പാപ്പനിലെയാണ്. അവരുടെ കഥാപാത്രത്തിന്റെ ആ വോയ്‌സ് മോഡുലേഷനൊക്കെ വേറെ ലെവലായിരുന്നു .

ഭരത് ചന്ദ്രന്മാരുടെ ഹാങ് ഓവർ ഒന്നുമില്ലാത്ത CI എബ്രഹാം മാത്യു സുരേഷ് ഗോപിയിൽ ഭദ്രമായിരുന്നു. നീതാ പിള്ളയുടെ പ്രകടനം കൊള്ളാമായിരുന്നെങ്കിലും ഡയലോഗ് ഡെലിവറിയിൽ വല്ലാത്തൊരു കൃത്രിമത്വം അനുഭവപ്പെട്ടു .

ഒരാളുടെ ഇന്നത്തെ ക്രൈമിനു പിന്നിൽ അയാളെ വേദനിപ്പിച്ച ഒരു ഇന്നലെ ഉണ്ട് ..The Killer Has a Past !! 'പാപ്പന്റെ' കഥയും സസ്‌പെൻസും ട്വിസ്റ്റും എല്ലാം ആ വരികളിൽ കുരുങ്ങി കിടപ്പുണ്ട് .

നാടകീയതകളും യുക്തിയില്ലായ്മകളും കൊലപാതകത്തിന് പിന്നിൽ വേണ്ടത്ര ബോധ്യപ്പെടാതെ പോകുന്ന കാര്യ കാരണങ്ങളുമൊക്കെ ഉള്ളപ്പോഴും 'പാപ്പൻ' ത്രില്ലടിപ്പിച്ചു .. ആദ്യ പകുതിയെ വച്ച് നോക്കുമ്പോൾ രണ്ടാം പകുതിയിലാണ് പാപ്പൻ ചടുലമാകുന്നത് എന്ന് മാത്രം ..

ആകെ മൊത്തം ടോട്ടൽ = കുറ്റമറ്റതോ സംഭവ ബഹുലമായതോ പുതുമ നിറഞ്ഞതോ അല്ലെങ്കിൽ കൂടി 'പാപ്പൻ' കണ്ടിരിക്കാവുന്ന ഒരു ക്രൈം ത്രില്ലർ പടം തന്നെയാണ്. 

*വിധി മാർക്ക് = 7/10 

-pravin-