Saturday, April 27, 2013

സൌണ്ട് തോമ - രൂപവും സൌണ്ടും മാത്രം പുതുമ.


പ്ലാപ്പറമ്പിൽ പൌലോയുടെ (സായ്കുമാർ) മൂന്നാമത്തെ മകനാണ് തോമ (ദിലീപ്).  മുറിച്ചുണ്ടോട് കൂടി ജനിച്ചു വീണ കുഞ്ഞു തോമയെ കണ്ടപ്പോൾ പൌലോയടക്കം എല്ലാവരുടെയും മുഖം  നിരാശാമയമായി.  തോമയെ പ്രസവിച്ചതിനാലാണ്  അവന്റെ അമ്മ മരിക്കുന്നത്  എന്നതിനാൽ തോമയെ അന്ത്യ ക്രിസ്തുവായാണ് അപ്പനായ  പൌലോ കാണാൻ ശ്രമിക്കുന്നത്.  ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയാൽ  തോമയുടെ മുറിച്ചുണ്ട് മാറ്റിയെടുക്കാമെന്നു ഡോക്ടർമാർ പറഞ്ഞു നോക്കുന്നുവെങ്കിലും  പിശുക്കനും, അറുത്ത കൈക്ക് ഉപ്പു തേക്കാത്തവാനുമായ പൌലോ അതിനു തയ്യാറല്ലായിരുന്നു. ആ ഒരു കാരണത്താൽ ഒരു പക്ഷെ ഭാവിയിൽ അവന്റെ ശബ്ദം വരെ വികലമായി പോയേക്കാം എന്ന സൂചന കൊടുത്തിട്ട് പോലും പൌലോ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. അതാണ്‌ പൌലോയുടെ സ്വഭാവം. പണത്തിനെക്കാൾ കൂടുതലായി ഒന്നിനെയും ഒരു ബന്ധത്തിനെയും അയാൾ വില കൽപ്പിക്കില്ല. അതിന്റെ ആദ്യത്തെ ഇരയാണ് മുസ്ലീം പെണ്ണിനെ കല്യാണം കഴിച്ചു മതം മാറേണ്ടി വന്ന പൗലൊയുടെ മൂത്ത മകനായ മത്തായി അഥവാ ഇന്നത്തെ മുസ്തഫ (മുകേഷ്) . ഉയർന്ന സ്ത്രീധനം വാങ്ങി കൊണ്ട് മക്കളെ  കല്യാണം കഴിപ്പിക്കുക എന്ന പൌലോയുടെ ആഗ്രഹത്തിനു വിപരീതമായി  പ്രവർത്തിച്ചതു കൊണ്ടാണ്  മത്തായിക്ക്  പ്ലാപ്പറമ്പിൽ വീടിന്റെ പടിക്ക് പുറത്ത് പോകേണ്ടി വന്നത് പോലും . അപ്പന്റെ ഈ വക സ്വഭാവമെല്ലാം  അറിഞ്ഞിട്ടും ഇളയ മകനായ തോമ സ്ഥലത്തെ ഭാഗവതരുടെ (വിജയ രാഘവൻ) മകൾ ശ്രീലക്ഷ്മിയെ (നമിത പ്രമോദ് ) അഗാധമായി പ്രേമിക്കുന്നു. അവന്റെ പ്രേമം അവൾ തിരിച്ചറിയുമോ, പിശുക്കനായ പൌലോക്ക് മാനസാന്തരം സംഭവിക്കുമോ, ബന്ധങ്ങളുടെ വില അയാൾക്ക്‌ ബോധ്യപ്പെടുമോ, എന്നീ ചോദ്യങ്ങളാണ് സിനിമ പിന്നീട് ബാക്കി വക്കുന്നത്. ഇതിനിടയിലേക്ക് ഒരു വില്ലനെയും കൂടി കയറ്റി വിടുമ്പോൾ കഥ ഏകദേശം മസാല പരവുമായി തീരുന്നു. 

പോക്കിരി രാജ, സീനിയേഴ്സ്, മല്ലു സിംഗ് എന്നീ സിനിമകൾക്ക്‌ ശേഷം ദിലീപിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത സിനിമയാണ് സൌണ്ട് തോമ. ബെന്നി പി നായരമ്പലമാണ് സിനിമയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. തോമ എന്ന കഥാപാത്ര സൃഷ്ടി നടത്തി എന്നതിലുപരി ബെന്നി പി നായരമ്പലത്തിന് പ്രത്യേകിച്ചൊരു പുതുമയോ വ്യത്യസ്തതയോ   കഥയിലും തിരക്കഥയിലും കൊണ്ട് വരാൻ സാധിച്ചിട്ടില്ല . പണ്ട് കണ്ടു മറന്ന കഥാ സാഹചര്യങ്ങളും കഥാപാത്രങ്ങളും സിനിമയിൽ നിറഞ്ഞു നിൽക്കുന്നു . വിരൂപനായ നായകന് നായികയോട് തോന്നുന്ന ഇഷ്ടവും, നായികക്ക് നായകനോട് ആദ്യം തോന്നുന്ന വെറുപ്പും , പിന്നീടുള്ള ഇഷ്ടവും , വില്ലന്റെ കടന്നു വരവും എല്ലാം തന്നെ പുതിയ കുപ്പിയിലെ  പഴയ വീഞ്ഞിനെ ഓർമിപ്പിക്കുന്ന ചുരുക്കം ചില ഘടകങ്ങൾ ആണ്. 

വൈശാഖിനെ സംബന്ധിച്ച് തന്റെ ആദ്യ സിനിമയിലൂടെ  അയാളുണ്ടാക്കിയ ഇമേജിനു വലിയ കോട്ടം ഇപ്പോഴും സംഭവിക്കുന്നില്ല. ഇമേജിൽ കാര്യമായൊരു ഉയർച്ചയോ താഴ്ച്ചയോ ഇല്ലാതെ നിലനിർത്തുക മാത്രമാണ് വൈശാഖ് ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ ഒരു നവ സംവിധായകൻ എന്ന നിലയിൽ വൈശാഖിന്റെ ഈ നിലപാട് അയാളുടെ ഭാവിയിലേക്ക് ദോഷമേ ചെയ്യൂ എന്നതും  മറ്റൊരു വസ്തുതയാണ്.


വികലാംഗ കഥാപാത്രങ്ങളെ നായകനാക്കി ഒരു കാലത്ത് തുടരെ സിനിമകൾ  ചെയ്ത ആളായിരുന്നു സംവിധായകൻ വിനയൻ. ഇവിടെ ദിലീപും ഒരു തരത്തിൽ ആ പാതയാണ് പിന്തുടരുന്നത്. കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട് തുടങ്ങീ സിനിമകളിലെ ദിലീപിന്റെ അത്തരം കഥാപാത്രങ്ങൾ  ഏറെ പ്രശംസയും ജന ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. അതിനു ശേഷം എന്ത് കൊണ്ടോ, അത്തരം വേഷങ്ങൾക്കായി തന്റെ സിനിമാ ജീവിതത്തിലെ ഒരു വലിയ ഭാഗം  എഴുതി കൊടുത്ത പോലെയാണ് ദിലീപ് അഭ്രപാളിയിൽ പച്ചകുതിരയായും, മായാ മോഹിനിയായും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നത്. അത്തരം കഥാപാത്രങ്ങളെ വേഷം കൊണ്ടും പ്രകടനം കൊണ്ടും അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നതിൽ ദിലീപിനുള്ള കഴിവ് അഭിനന്ദനീയം തന്നെയാണ്. സൌണ്ട് തോമയിലും ആ പ്രകടന നിലവാരം ദിലീപ് തന്മയത്വത്തോടെ നിലനിർത്തിയിട്ടുണ്ട്. ദിലീപിന്റെ പഴയ കാലത്തെ മിമിക്രിയുടെ സ്വാധീനം ഇത്തരം കഥാപാത്രങ്ങളിൽ പലയിടത്തും പ്രകടമാണെങ്കിലും   മലയാള സിനിമയിൽ സ്വന്തം ശരീരത്തെയും രൂപത്തെയും ശബ്ദത്തെയും പരീക്ഷണാടിസ്ഥാനത്തിൽ ഇത്ര മേൽ ഉപയോഗിച്ച മറ്റൊരു നടൻ വേറെയുണ്ടാകില്ല. സംഗതികൾ ഇങ്ങിനെയൊക്കെ ആണെങ്കിലും സൌണ്ട് തോമയിൽ  ശബ്ദത്തിനും രൂപത്തിലുമുപരി കാര്യമായൊരു പ്രകടനം ദിലീപ് കാഴ്ച വച്ചിട്ടില്ല. അതെ സമയം പൌലോ ആയി വന്ന സായ് കുമാർ ചോട്ടാ  മുംബൈക്ക് ശേഷം സമാനമായ നല്ലൊരു വേഷം ചെയ്തെന്നു പറയാം. സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിൽ ഒരു മാറ്റം വരുത്തിയേക്കാവുന്ന ഒരു കഥാപാത്രമായിരുന്നു ഈ സിനിമയിലെത് എന്നാലും ആ വേഷം വേണ്ട പോലെ ഉപയോഗിക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല . 

ഗോപീ സുന്ദറിന്റെ സംഗീതം സിനിമയിലെ കഥാ സന്ദർഭത്തിന് യോജിച്ചു നിന്നു എന്നൊഴിച്ചാൽ അവിടെയും കാര്യമായൊരു ചലനം സൃഷ്ടിക്കാൻ സിനിമക്ക് സാധിച്ചിട്ടില്ല. അതെ സമയം ഗാന രംഗങ്ങളിലെ ച്ഛായാഗ്രഹണവും, കലാ സംവിധാനവും, choreography  യും മികച്ചു നിന്നു.  നമിത പ്രമോദിന്റെ  അഭിനയത്തേക്കാൾ മികച്ചതായി തോന്നിയത് സിനിമയിൽ നമിതയ്ക്ക് കിട്ടിയ ഡാൻസാണ്.  ഈ സിനിമയിൽ നമിത പ്രമോദ് identify ചെയ്യുന്നത് പോലും ആ ഡാൻസ് കൊണ്ട് മാത്രമാണ് എന്ന് പറയുന്നതായിരിക്കും ഏറെ ഉചിതം. 

ആകെ മൊത്തം ടോട്ടൽ = പ്രത്യേകിച്ച് പുതുമയോ ട്വിസ്ട്ടോ ഇല്ലാത്ത ഒരു സിനിമ. ദിലീപിന്റെ   മുറിച്ചുണ്ടും  ശബ്ദവും  പുതുമയായി അവതരിപ്പിക്കാൻ ശ്രമിച്ച അവതരിപ്പിച്ച ഒരു ആവറേജ്  സിനിമ. 

* വിധി മാർക്ക്‌ = 5/10 

-pravin- 

Sunday, April 14, 2013

ആമേൻ - പുതുമക്ക് സ്തുതി


നായകൻ, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകൾക്ക്‌ ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ആമേൻ. ലിജോ ജോസിന്റെ തന്നെയാണ് ആമെന്റെ കഥ. 'നായക'ന് ശേഷം ഇത് രണ്ടാം തവണയാണ് പി. എസ് റഫീക്ക് മറ്റൊരു ലിജോ ജോസ് സിനിമയ്ക്കു കൂടി തിരക്കഥ- സംഭാഷണം ഒരുക്കുന്നത്. 1970 ന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമകൾ ചിലതെല്ലാം നമ്മൾ കണ്ടു മറന്നിട്ടുണ്ട്. അതിൽ  നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ലിജോവിന്റെ ആമേൻ. 

കുമരംഗരി എന്ന ഗ്രാമവും, അവിടത്തെ ക്രിസ്ത്യൻ ദേവാലയവും, ദേവാലയം വകയുള്ള ബാൻഡ് സംഘവും,  ആണ് സിനിമയിലെ പ്രധാന ആകർഷണം. കുമരംഗരി ഗ്രാമത്തിനു പുറം നാട്ടുകാരോട് പറയാൻ ഒരു വലിയ സംഗീത ചരിത്രമുണ്ട്. എസ്താപ്പനും (രാജേഷ്‌ ഹബ്ബർ), ലൂയി പാപ്പനും (കലാഭവൻ മണി, അടങ്ങുന്ന ബാൻഡ് സംഘമായിരുന്നു ഒരു കാലത്തെ കുമരംഗരിയുടെ പ്രധാന സംഗീത വിസ്മയം. എസ്തപ്പാന്റെ  മരണ ശേഷമാണ് ബാൻഡ് സംഘത്തിനു  പ്രധാനമായും തകർച്ച നേരിടേണ്ടി  വരുന്നത്.  തുടരെ തുടരെ എല്ലാ മത്സരങ്ങളിലും തോറ്റു തുന്നം പാടുന്നതിലൂടെ  ബാൻഡ് സംഘം പള്ളിക്ക് ഒരു ബാധ്യതയായി വരുന്നു. എസ്താപ്പന്റെ മകനായ സോളമൻ (ഫഹദ്) ക്ലാർനെറ്റ് വായിക്കാനും പള്ളി വക ബാൻഡ് സംഘത്തിൽ ചേരാനും  താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഫാദർ അബ്രഹാം ഒറ്റപ്ലാക്കൽ (ജോയ്  മാത്യു) അവനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. പള്ളി വകയുള്ള  ബാൻഡ് സംഘം  എന്നന്നേക്കുമായി പിരിച്ചു വിടാൻ ഫാദർ അബ്രഹാം ശ്രമിക്കുന്ന സമയത്താണ് പള്ളിയിലേക്ക് പുതിയതായി നിയമിച്ച ഫാദർ വിൻസെന്റ് വട്ടോളി (ഇന്ദ്രജിത്ത് ) സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്നങ്ങോട്ടുള്ള സംഭവ വികാസങ്ങളാണ് സിനിമയെ ജീവസ്സുറ്റതാക്കുന്നത്. 

അവതരണമികവും, കഥാ പശ്ചാത്തലത്തിന്റെ പുതുമയും, ഫഹദിന്റെയും സ്വാതിയുടെയും വേറിട്ട പ്രകടന നിലവാരവും കൊണ്ടും മാത്രമാണ് ആമെനിലെ പ്രണയം വിശുദ്ധമാകുന്നത്. അതല്ലായിരുന്നെങ്കിൽ കഥയിലെ പാവപ്പെട്ട നായകന് സ്ഥലത്തെ പ്രമാണിയുടെ മകളോട് തോന്നുന്ന വെറും ക്ലീഷേ പ്രണയമായി ഇതും വിലയിരുത്തപ്പെട്ടെനെ. ജോയ് മാത്യുവിന്റെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കലും, ഇന്ദ്രജിത്തിന്റെ ഫാദർ വട്ടോളിയും, സുനിൽ സുഖദയുടെ കപ്യാർ വേഷവും, മകരന്ദ് ദേശ്പാണ്ടെയുടെ ഷെവലിയാർ പോത്തച്ചനും പോലെ തന്നെ  ഈ സിനിമയിലഭിനയിച്ച അഭിനേതാക്കളെല്ലാവരും  അവരവർക്ക് കിട്ടിയ വേഷത്തെ മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്. നിസ്സഹായനായ കാമുകന്റെ ശരീര ഭാഷ വേണ്ട പോലെ കൈകാര്യം ചെയ്യുന്നതിൽ ഫഹദ് വിജയിച്ചപ്പോൾ, ശോശന്നയായി വന്ന സ്വാതി തന്റെതായാ  പ്രകടനം കൊണ്ട് പ്രേക്ഷകനെ കൈയ്യിലെടുത്തു. ലൂയി പാപ്പാനായി വരുന്ന കലാഭവൻ മണിയുടെ പ്രകടനത്തിൽ   പലയിടങ്ങളിലും  നടൻ തിലകന്റെ അപ്രത്യക്ഷ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ. 

സിനിമയുടെ തുടക്കം തൊട്ടു അവസാനം വരെയുള്ള സോളമന്റെയും ശോശന്നയുടെയും (സ്വാതി) പ്രണയത്തെക്കാൾ കൂടുതൽ പ്രേക്ഷകന്റെ മനസ്സിൽ തങ്ങി നിൽക്കുന്നത് പള്ളിയും, പള്ളി വികാരിയും, ഇടവകക്കാരും, ബാൻഡ് സംഘവുമടങ്ങുന്ന  കുമരംഗരി ഗ്രാമം തന്നെയാണ് എന്ന് പറയേണ്ടി വരും. അത്രക്കും ദൃശ്യചാരുതയോടെയാണ് അഭിനന്ദൻ രാമാനുജം 'കുമരംഗരി' എന്ന സ്വപ്നലോകത്തെ തന്റെ ക്യാമറയിലൂടെ സിനിമയിലേക്ക് ആവാഹിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകൻ ആരെ മറന്നാലും  കുമരംഗരിയെ മറക്കില്ല. ക്ലോസപ്പ് ഷോട്ടുകൾ, സ്ലോ മോഷൻ സീനുകൾ, മറ്റു ക്യാമറാ ഗിമ്മിക്കുകൾ എന്നിവക്കൊന്നും അമിത പ്രസക്തി കൊടുക്കാൻ ലിജോ ആഗ്രഹിക്കുന്നില്ല . അതിനു പകരമായി ക്രൈൻ ഷോട്ടും ഏരിയൽ ഷോട്ടുമൊക്കെയാണ് പുള്ളി കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ചില സീനുകളിൽ, പ്രത്യേകിച്ച് തോണിയിൽ സഞ്ചരിക്കുന്നതും, അതിനിടയിലെ സംഭാഷണ സീനുകകളിലെല്ലാം ഉപയോഗിച്ചിരുന്ന ഷോട്ടുകൾ  ഒരു തരം തലവേദനയുണ്ടാക്കുന്ന ദൃശ്യാവിഷ്ക്കാരമായും മാറിയിട്ടുണ്ട് എന്ന് കൂടി പറയട്ടെ. 

പ്രശാന്ത് പിള്ളയുടെ സംഗീതമാണ് സിനിമയിലെ മറ്റൊരു വിജയ തരംഗം. സിനിമയിലെ ഗാനങ്ങൾ എന്നത് നായകനും നായികക്കും പ്രണയവും വിരഹവും തോന്നുമ്പോൾ മാത്രം പാടാനുള്ളതല്ല, മറിച്ച് ആവശ്യമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ പ്രേക്ഷകനുമായി സംവദിക്കാനും കഥാപാത്രങ്ങൾക്കിടയിലെ ആശയ വിനിമയത്തിനും കൂടി ഉപയോഗിക്കാമെന്ന് ലിജോ ജോസ് ഈ സിനിമയിൽ നമുക്ക് കാണിച്ചു തരുന്നുണ്ട്. ക്രിസ്ത്യൻ ഭക്തി ചുവയുള്ള  ഗാനങ്ങൾ എന്നതിലുപരി അതെ പശ്ചാത്തലത്തിൽ ആവേശം തുളുമ്പുന്ന മാത്സരികമായ ഊർജ്ജമാണ് ഈ സിനിമയിലെ സംഗീതം നമുക്ക് നൽകുന്നത്. കാവാലം നാരായണ പണിക്കരുടെ വരികളോട് കൂടെ പ്രശാന്തിന്റെ സംഗീതം കൂടിചേർന്നപ്പോൾ സിനിമാ ചരിത്രത്തിലെ ഇന്ന് വരെയുള്ള സംഗീത ശൈലികളുടെ പൊളിച്ചെഴുത്താണ് സംഭവിച്ചത് എന്ന് പറയുന്നതായിരിക്കും ഉചിതം. 

അതെ സമയം മേൽപ്പറഞ്ഞ യാതൊരു വിധ ഗിമ്മിക്കുകളുമില്ലാതെ തികഞ്ഞ നിശബ്ദതയിലാണ് സിനിമയിൽ  പി എസ് റഫീക്ക് എഴുതിയ ' സോളമനും ശോശന്നയും ..' എന്ന് തുടങ്ങുന്ന ഗാനം അവതരിപ്പിക്കപ്പെടുന്നത്. സോളമന്റെയും ശോശന്നയുടെയും വിശുദ്ധപ്രണയത്തിന്റെ സംഗീതാവിഷ്ക്കാരം കൂടിയാണ് ഈ ഗാനം.   ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച 'പമ്പര പ പ്പ പ്പാ .. ' എന്ന കള്ള് ഷാപ്പ് ഗാനം ഗാനം സിനിമയിലെ മറ്റൊരു ആകർഷണീയതയാണ്. ഒറ്റ ഷോട്ടിൽ എടുത്തു എന്നതിലുപരി ആ ഗാനത്തിന്റെ  സീൻ coordination, ടീം സ്പിരിറ്റുമാണ് ഏറെ അഭിനന്ദനീയം. ഫാദർ വട്ടോളിയുടെ രംഗ പ്രവേശന ശേഷം ആ കഥാപാത്രത്തെ ഒന്ന് കൂടി ഹൈലൈറ്റ് ചെയ്യാനെന്ന വണ്ണം പ്രമുഖ ഗായകനായ ലക്കി അലിയെ കൊണ്ട്   "വട്ടോളി ..വട്ടോളി " എന്ന് തുടങ്ങുന്ന ഒരു ആഷ് -ബുഷ്‌ ഗാനം കൂടി സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ സാഹസം എന്തിനായിരുന്നു എന്നത് അജ്ഞാതം.

ഈ അടുത്ത കാലത്ത് വന്ന ഏതു സിനിമകൾ എടുത്തു നോക്കിയാലും അതിലെല്ലാം കാണാവുന്ന വളിപ്പും അശ്ലീലവും കലർന്ന തമാശകൾ ഈ സിനിമയിലും ചേർക്കപ്പെട്ടിട്ടുണ്ട്. സത്യത്തിൽ അങ്ങിനെയൊക്കെയുള്ള  സീനുകൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിൽ കൂടി തിരക്കഥാകൃത്തും സംവിധായകനും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. അതോ, ഇത്തരം അധോവായു തമാശകൾ പ്രേക്ഷനെ രസിപ്പിക്കും എന്ന മുൻവിധി ലിജോവിനു ഉണ്ടായിരുന്നോ എന്തോ.  1970 കാലത്തിലാണ് കഥ നടക്കുന്നതെന്ന് നേരത്തെ പറയുന്നുണ്ടെങ്കിലും ക്ലൈമാക്സ് സീനുകളിൽ പ്രമുഖ ബാൻഡ് സംഘങ്ങളുടെ പേരിൽ മത്സര വേദിയോട് ചേർന്ന് ഫ്ലക്സ് ബോർഡ് പൊങ്ങി നിൽക്കുന്നത് ശ്രദ്ധയിൽ പെടുന്നുണ്ട്. ഇങ്ങിനെയുള്ള ചുരുക്കം ചില പൊരുത്തക്കേടുകൾ ഒഴിച്ച് നിർത്തിയാൽ ആമേൻ മലയാള സിനിമയ്ക്കു സമ്മാനിക്കുന്നത് പുതുമയുടെയും അവതരണ മികവിന്റെയും ദൃശ്യമനോഹാരിത മാത്രമാണ്. 

ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ സിനിമയിൽ വന്നു പോകുന്നുണ്ട്. കൂട്ടത്തിൽ ശ്രദ്ധേയമായ വേഷമായിരുന്നു തെങ്ങിൻ മുകളിലെ കള്ള് ചെത്തുകാരൻ കാഴ്ച വച്ചത്. കുറഞ്ഞ സീനുകളിൽ മാത്രമേ ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിൽ കൂടി പ്രേക്ഷന്റെ മനസ്സിലേക്ക്  ഒരേ സമയം ചിരിയുടെയും ചിന്തയുടെയും  വെളിച്ചം  വാരി വിതറുന്ന മിടുക്കനും കൂടിയാണ് ഈ കള്ള് ചെത്തുകാരൻ. തെങ്ങിൻ മുകളിലിരുന്നു സദാ ഗ്രാമത്തെ നിരീക്ഷിക്കുകയും ഓരോരുത്തരുടെയും പ്രവർത്തികളെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് വിലയിരുത്തുകയും ചെയ്യുന്ന കള്ള് ചെത്തുകാരന് സംവിധായകൻ സിനിമയിൽ ഒരു ദൈവീക പരിവേഷം നൽകിയിരുന്നൊ എന്ന സംശയം  സിനിമ കഴിയുമ്പോൾ ചുരുക്കം പ്രേക്ഷകർക്കെങ്കിലും തോന്നിയേക്കാം. അങ്ങിനെ ചിന്തിക്കുമ്പോൾ  കുമരംഗരി എന്ന സാങ്കൽപ്പിക ഗ്രാമത്തിന്റെ അർത്ഥ വ്യാപ്തി മറ്റൊരു തലത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. അത്തരത്തിൽ ചിന്തിക്കുന്ന പ്രേക്ഷകർക്ക് മുന്നിലാണ് പുണ്യാളൻ സത്യത്തിൽ വെളിപ്പെടുന്നതും സംശയങ്ങളുടെയും ചോദ്യങ്ങളുടെയും ഒരു നീണ്ട നിര സൃഷ്ടിക്കുന്നതും. 

ആകെ മൊത്തം ടോട്ടൽ =  മികച്ച ദൃശ്യാവിഷ്ക്കാരം കൊണ്ട് കഥ പറഞ്ഞ  സിനിമ. മലയാളിക്ക് പരിചയമില്ലാത്ത, പുതുമയുള്ള വഴികളിൽ കൂടി പ്രേക്ഷകന്റെ കൈ പിടിച്ചു നടത്തി ഒരു സാങ്കൽപ്പിക ലോകത്തിന്റെ അനുഭൂതി തന്നു കൊണ്ട് കഥ പറയുന്ന ഒരു നല്ല സിനിമ. ആകെ മൊത്തം ഒരു പുണ്യാളൻ എഫെക്റ്റ് ഉള്ള ഒരു മാജിക്കൽ സിനിമ. അതാണ്‌ ചുരുക്കത്തിൽ ആമേൻ. 

* വിധി മാർക്ക്‌ = 7.7/10 

- pravin- 

Wednesday, April 3, 2013

'സെല്ലൂലോയ്ഡ്' ചരിത്രം


ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ ജെ . സി. ഡാനിയൽ ജീവചരിത്രത്തെയും, വിനു എബ്രഹാമിന്റെ 'നഷ്ട നായിക' എന്ന കഥയെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് "സെല്ലുലോയ്ഡ്".  2012-ലെ മികച്ച ചിത്രത്തിനടക്കമുള്ള ഏഴോളം  കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ സെല്ലുലോയിഡിനെ  വെറും ഒരു സിനിമ മാത്രമായി പ്രേക്ഷകന് കാണാൻ സാധിക്കില്ല. അതൊരു വേദനിപ്പിക്കുന്ന ചരിത്രം കൂടിയാണ്.  ജാതി വ്യവസ്ഥയുടെ കരാള ഹസ്തങ്ങളാൽ കൊല ചെയ്യപ്പെട്ട, തന്മൂലം  ലോകം അറിയാതെ പോയ മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രം വിഗതകുമാരനാണ് ഇന്നും നമ്മളെ  വേദനിപ്പിക്കുന്ന ആ ചരിത്രം .

സിനിമ തുടങ്ങുന്ന രംഗം വളരെ ശ്രദ്ധേയമാണ്. ഒരു കൊച്ചു കുട്ടി ഏതോ സിനിമയുടെ ഫിലിമെല്ലാം വാരി വലിച്ചു പുറത്തിടുകയാണ്. വലിച്ചു വാരിയിട്ട ഫിലിമിൽ അവൻ നിഷ്ക്കളങ്കമായി ചാടിക്കളിക്കുന്നു. പിന്നീട് ആ ഫിലിമെല്ലാം തീയിൽ അലിഞ്ഞു ചേരുന്നതായാണ് കാണാൻ സാധിക്കുന്നത്. ഒരൊറ്റ നോട്ടത്തിൽത്തന്നെ എത്ര നിഷ്കളങ്കൻ എന്ന് തോന്നിക്കുന്ന ആ കുട്ടിയാണ് മലയാള സിനിമാ ചരിത്രത്തിന്റെ അവശേഷിക്കുന്ന ഏക തെളിവിനെ ചുട്ടെരിച്ച വികൃതികുമാരൻ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ജെ. സി. ഡാനിയലിന്റെ ഏറ്റവും ഇളയ മകനായ ഹാരിസ് ഡാനിയൽ ആയിരുന്നു ആ കൊച്ചു കുട്ടി. അവൻ ആ ഫിലിമെല്ലാം ചുട്ടെരിക്കുന്ന സമയത്ത് പിതാവായ ജെ. സി. ഡാനിയൽ അത് നിസ്സംഗതയോടെ നോക്കി നിൽക്കുകയായിരുന്നു. സിനിമയെ ജീവനായിക്കാണുകയും, തിരുവിതാംകൂറിലെ ആദ്യ മലയാള സിനിമ എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി തന്റെ സകല സമ്പാദ്യവും ഉപയോഗിച്ച് ഒരു സിനിമ നിർമിക്കാനും സംവിധാനം ചെയ്യാനും ചങ്കൂറ്റം കാണിക്കുകയും ചെയ്ത ആ മനുഷ്യന് അതെങ്ങനെ നോക്കി നിൽക്കാൻ സാധിച്ചു എന്ന സംശയം പ്രേക്ഷകനുണ്ടായേക്കാം. പക്ഷേ, ആ സംശയങ്ങളെല്ലാം നികത്തപ്പെടുന്നത്  ജെ. സി യുടെ ജീവ ചരിത്രത്തിലേക്ക് സിനിമ പ്രേക്ഷകന്റെ കൈ പിടിച്ചു കൊണ്ടുപോകുന്നതിൽ കൂടിയാണ് .

ജെ. സി. ഡാനിയൽ  തന്റെ അവസാന കാലത്ത് സിനിമയെ വെറുത്തിരുന്നു എന്ന് പറയുമ്പോഴും സിനിമയിൽ നമുക്ക് കാണാൻ പറ്റുന്ന ഡാനിയലിന്റെ മുഖത്ത് ആ വെറുപ്പ്‌ നിഴലിച്ചതായി കാണപ്പെടുന്നില്ല. അദ്ദേഹം വെറുത്തിരുന്നത് ഒരിക്കലും സിനിമയെ ആകാൻ തരമില്ല. വർഷങ്ങൾക്കു ശേഷം, അഗസ്ത്യപുരത്തെ ഇരുട്ട് മുറിയിൽ കണ്ണ് ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന സമയത്താണ് ചേലങ്ങാട്ട്  ഗോപാലകൃഷ്ണൻ ഡാനിയലിനെ കാണാൻ വരുന്നതും പഴയ സിനിമ വിശേഷം അന്വേഷിച്ചറിയാൻ ശ്രമിക്കുന്നതും. ആ നേരത്ത് ചേലങ്ങാടിനെ  കാണാൻ വിസമ്മതിക്കുകയും ഒരൽപ്പം നീരസത്തോടെ അയാളോട് സംസാരിക്കുകയും ചെയ്യുന്നതിലൂടെ ഡാനിയൽ പ്രകടിപ്പിച്ചത് സിനിമയോടുള്ള വിരോധമോ വെറുപ്പോ അല്ല. മറിച്ച് തിരുവിതാംകൂറിന്റെ ആദ്യ സിനിമയെ തകർത്ത് കളഞ്ഞ ജാതിക്കോമരങ്ങളോടും, രണ്ടാമത് സിനിമയെടുക്കാൻ മദിരാശിയിൽ ചെന്നപ്പോൾ സിനിമയുടെ പേരിൽ തന്റെ സമ്പാദ്യത്തെ ഇല്ലാതാക്കിയവരോടുമുള്ള കടുത്ത അമർഷമായിരുന്നു എന്ന് അനുമാനിക്കുന്നതാകും ഉചിതം.

സിനിമ എന്നത് സകല കലാരൂപങ്ങളുടെയും സംഗമ വേദിയാണ്. അവിടെ ജാതിക്കും മതത്തിനും അതീതമായി നില കൊള്ളുന്നത്‌ കല എന്ന ദൈവികതയാണ്.  ആ ദൈവികതക്ക് ജാതി വ്യവസ്ഥയുടെ തൊട്ടു കൂടായ്മകളും ഭ്രഷ്ടും കൽപ്പിക്കാനാണ് വിഗതകുമാരന്റെ ഘാതകരായ ജാതിക്കോമരങ്ങൾ ആഗ്രഹിച്ചത്.  സവർണ കഥാപാത്രത്തെ റോസി എന്ന ദളിത്‌ സ്ത്രീ അഭിനയിച്ചു കാണിച്ചതിനെതിരെ തുടങ്ങിയ കാഹളം പിന്നീട് ആ സ്ത്രീയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുന്ന ആഭാസത്തോളം ചെന്നെത്തിയതായി ചരിത്രം പറയുമ്പോൾ  സിനിമയിലെ റോസി സമൂഹത്തെ ഭയന്ന് ഇരുട്ടിലെവിടെയോ ഓടി മറയുന്നതായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ആ സാഹചര്യം അത്തരത്തിൽ ചിത്രീകരിക്കുന്നതിൽക്കൂടി സംവിധായകൻ റോസിയുടെ വേദന പ്രേക്ഷകന്റെ മനസ്സിലേക്ക് തള്ളി വിടുകയാണ് ചെയ്തത്. റോസിയുടെ രംഗങ്ങൾ കഴിഞ്ഞ ശേഷവും സിനിമ ഡാനിയലിന്റെ ജീവിതവുമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും ഇരുളിലെവിടെയോ ഓടി മറഞ്ഞ റോസി  പ്രേക്ഷകരിൽ അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. സിനിമയിലെ റോസിക്ക് നേരിടേണ്ടി വരുന്ന പീഡനത്തേക്കാൾ കൂടുതൽ ഭീകരമായ അനുഭവങ്ങളാണ് ചരിത്രത്തിലെ പി.കെ റോസി നമ്മളോട് പങ്കു വച്ചിട്ടുള്ളത് എന്നതോര്‍ക്കുമ്പോൾ ആ അസ്വസ്ഥത കൂടുകയും ചെയ്യുന്നു.

റോസി എന്ന കഥാപാത്രത്തെ ഇത്രമേൽ ഉൾക്കൊണ്ടു് അഭിനയിച്ച് ഫലിപ്പിച്ചതിൽ ചാന്ദ്നി എന്ന നടി ഒട്ടേറെ അഭിനന്ദനം അർഹിക്കുന്നു. പൃഥ്വിരാജ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഡാനിയലിന്റെ വേഷം അഭ്രപാളിയിൽ അവതരിപ്പിക്കുക എന്നത് ഒരു വെല്ലു വിളി തന്നെയായിരുന്നു. അതൊട്ടും മോശമാക്കാതെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതിന്റെ തെളിവ് തന്നെയാണ് അയാൾക്ക്‌ ഇത്തവണ ലഭിച്ച മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ്.  വേഷഭൂഷാദികൾ കൊണ്ടുള്ള കണ്‍കെട്ട് മാത്രമല്ല സിനിമയിലെ അഭിനയം എന്ന് അക്ഷരാർത്ഥത്തിൽ തെളിയിക്കുകയാണ് പൃഥ്വിരാജ് സെല്ലുലോയ്ഡ്‌ എന്ന സിനിമയിലൂടെ ചെയ്തത്. തുടക്കം മുതലുള്ള തിരുവിതാംകൂർ ശൈലിയിലുള്ള സംസാരവും പട്ടണം റഷീദിന്റെ മികവാർന്ന മേയ്ക്കപ്പും കൂടിയായപ്പോൾ പൃഥ്വിയിലൂടെ ജെ. സി. ഡാനിയൽ പുനർജ്ജനിക്കുക തന്നെ ചെയ്തെന്നു പറയാം. പട്ടണം റഷീദ് എന്ന ചമയക്കാരന്റെ പേര്  പല സിനിമകളുടെ ഭാഗമായി സ്ക്രീനിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും പ്രേക്ഷകന് അത്ര കണ്ട് പരിചയം അയാളോട് തോന്നാൻ ഇടയില്ല. പക്ഷേ സെല്ലുലോയ്ഡിലെ വേഷപ്പകർച്ചകൾ ആസ്വദിച്ച പ്രേക്ഷകന് ഇനി മുതൽ പട്ടണം റഷീദ് സുപരിചിതൻ തന്നെയാകും.


129 മിനുട്ടോളം ദൈർഘ്യമുള്ള ഈ സിനിമയിലെ ഓരോ രംഗത്തിനും കാലാനുസൃതമായ ദൃശ്യ ചാരുത സമ്മാനിക്കുന്നതിൽ ഒരു ഛായാഗ്രാഹകന് എന്തെല്ലാം സാധിക്കുമോ അതെല്ലാം വളരെ മികവോടെ തന്നെ അവതരിപ്പിക്കാൻ വേണുവിനു സാധിച്ചു എന്ന് നിസ്സംശയം പറയാം. പഴയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരു കഥ അഭ്രപാളിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ   പ്രേക്ഷകന് സ്ക്രീനിൽ സാധാരണ അനുഭവപ്പെടുമായിരുന്ന  നിറം മങ്ങലോ ക്യമറാ ഗിമ്മിക്കുകളോ ഒന്നും തന്നെ ഈ സിനിമയിൽ അനുഭവപ്പെടാത്ത വിധമാണ്  സംവിധായകനും ഛായാഗ്രാഹകനും സിനിമയെ മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്. അതുകൊണ്ട് തന്നെ കഥാ സാഹചര്യത്തിന് അനുയോജ്യമായ പ്രകൃതി ദൃശ്യങ്ങളും മറ്റു ഔട്ട്‌ ഡോർ സീനുകളും ദൃശ്യചാരുതയോടെ അനുഭവവേദ്യമാക്കുന്നതിൽ സിനിമക്ക് ഒരു തരത്തിലുമുള്ള വെല്ലുവിളിയും നേരിടേണ്ടി വന്നില്ല.  1928 കാലഘട്ടമാണ് ആദ്യ പകുതിയിൽ കാണിക്കുന്നത്. രണ്ടാം പകുതി തുടങ്ങുന്നത് 1966 കാലഘട്ടത്തിൽ നിന്നുമാണ്.  ഇവിടെല്ലാം ഒരു കലാ സംവിധായകന്റെ ചുമതല കണ്ടറിഞ്ഞു ചെയ്യുന്നതിൽ സുരേഷ് കൊല്ലം വിജയിച്ചിട്ടുണ്ട്. മറ്റൊരു തരത്തിൽ പറയുമ്പോൾ, സിനിമയിലെ ഏറ്റവും നല്ല കോമ്പിനേഷൻ സംഭവിച്ചിരിക്കുന്നത്  വേണുവിന്റെ ഛായാഗ്രഹണവും സുരേഷിന്റെ കലാ സംവിധാനവും ഒത്തു കൂടിയപ്പോഴാണ് .


സംഗീതത്തിന് ഒട്ടും പ്രാധാന്യം ഇല്ലാത്ത ഒരു കഥയായിരുന്നു സെല്ലുലോയ്ഡിന്റേത്. എന്നാൽ സിനിമയിലേക്ക് വരുമ്പോൾ കഥാ  സാഹചര്യത്തിന് ഏറ്റവും അനുയോജ്യമാം വിധം വളരെ പ്രാധാന്യത്തോടെ തന്നെ എം ജയചന്ദ്രൻ സംഗീതത്തെ ഉപയോഗിച്ച് കാണാം.  തന്റെ സകല സ്വത്തും പ്രതാപങ്ങളും നഷ്ട്ടപ്പെട്ടു മുഖ്യധാരാ സമൂഹത്തിൽ നിന്ന് മാറി ജീവിക്കാൻ തീരുമാനിച്ച ഡാനിയൽ കുടുംബത്തോടൊപ്പം അഗസ്ത്യപുരത്തേക്കു യാത്രയാകുന്ന സമയത്താണ് 'കാറ്റേ .. കാറ്റേ' എന്ന് തുടങ്ങുന്ന ഗാനം തുടങ്ങുന്നത്. റഫീക്ക് അഹമ്മദ് എഴുതിയ ഈ ഗാനം ജി. ശ്രീറാമും വൈക്കം വിജയലക്ഷ്മിയും കൂടെ ആലപിച്ചിരിക്കുന്നത്‌ പഴയ കാലത്തെ പാട്ടുകളെ അനുസ്മരിപ്പിക്കും വിധമാണ്. ഗൃഹാതുരമായ ഈണവും  ആലാപന ശബ്ദത്തിലെ വ്യത്യസ്തതയുമാണ് ഈ ഗാനത്തെ സിനിമയിൽ ആകർഷണീയമാക്കിയത്. അതേസമയം ഈ ഗാനത്തെക്കാൾ കൂടുതൽ സ്ഥാനം സിനിമയിൽ നൽകപ്പെടുന്നത്  അല്ലെങ്കിൽ അർഹമായ പ്രാധാന്യം ലഭിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതി സിതാര കൃഷ്ണകുമാർ ആലപിച്ച 'ഏനുണ്ടോടി  അമ്പിളി ചന്തം ' എന്ന ഗാനത്തിനാണ്. തിരുവിതാം കൂറിന്റെ ആദ്യ സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം കിട്ടുന്ന റോസി ആദ്യം ചിന്തിക്കുന്നത് അവളുടെ സൌന്ദര്യത്തെ കുറിച്ചാണ്. സിനിമയിലൊക്കെ അഭിനയിക്കാൻ ഒരുപാട് സൌന്ദര്യം വേണമല്ലോ, തനിക്കത്രക്ക് സൌന്ദര്യമുണ്ടോ എന്ന് കൂട്ടുകാരിയോട് സംശയത്തോടെ ചോദിക്കുന്നിടത്ത് നിന്നാണ് 'ഏനുണ്ടോടി  അമ്പിളി ചന്തം' എന്ന ഗാനം തുടങ്ങുന്നത്.  ഒരു ദളിത്‌ സ്ത്രീയായ റോസിയുടെ നിഷ്ക്കളങ്കമായ മനോവ്യാപാരമാണ് ഈ ഗാനത്തിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. അവൾ അത് പങ്കുവെക്കുന്നതാകട്ടെ പ്രകൃതിയോടും. ഈ പാട്ടിലെ ഓരോ വരിയിലും പ്രകൃതിയും അവളുമായുള്ള ആശയവിനിമയം പ്രകടമാണ്.


നേരത്തേസൂചിപ്പിച്ച പോലെ സിനിമ എന്നത്  സകലകലകളുടെയും സംഗമ വേദിയാണ്. അവിടെ ഓരോ കലയ്ക്കും അതിന്റേതായ സ്ഥാനമുണ്ട്. ഈ സിനിമയുടെ എഡിറ്റിങ്ങിനും  അതുപോലെ അവകാശപ്പെടാൻ ഒരു സ്ഥാനമുണ്ട്. മികച്ച എഡിറ്റിംഗ് എന്ന് പറയാൻ മാത്രം ഒന്നുമില്ല എങ്കിലും രാജഗോപാലിന്റെ കത്രിക ശരിയായ ദിശയിൽ തന്നെയാണ് ചലിച്ചിരിക്കുന്നത് എന്ന് പറയാം. അതുകൊണ്ട് തന്നെ കത്രികയുടെ അവസരോചിതമായ ഇടപെടലുകൾ സിനിമയിൽ ആവശ്യമായ ആകാംക്ഷ നിലനിർത്താൻ സഹായിച്ചിട്ടുമുണ്ട്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന കത്തിയെരിയുന്ന ഫിലിം എന്തായിരുന്നു എന്ന് കഥാവസാനം മാത്രമാണ് സിനിമ വെളിപ്പെടുത്തുന്നത്. ആദ്യ പകുതിയിൽ ഡാനിയൽ സിനിമ നിർമിച്ചതും അതിന്റെ പ്രദർശനം തടയപ്പെടുന്നതും മാത്രമാണ് കാണിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചു എന്ന സൂചന നൽകപ്പെടുന്നത് ഇടവേളയ്ക്കു ശേഷം ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ രംഗ പ്രവേശത്തോടെയാണ്. ഹാരിസ് ഡാനിയലിന്റെ രംഗ പ്രവേശവും അനുബന്ധ സംഭാഷണങ്ങളും സിനിമയുടെ അവസാന ഭാഗത്തേക്ക് വെട്ടി മാറ്റിയത് ഉചിതമായ തീരുമാനമാണ്. ഇതല്ലാത്ത മറ്റൊരു രീതിയിൽ കത്രിക ചലിപ്പിക്കാൻ രാജഗോപാൽ തയ്യാറായിരുന്നെങ്കിൽ പ്രേക്ഷകന് ഹാരിസ് ഡാനിയൽ എന്ന കഥാപാത്രത്തെ ആദ്യമേ പരിചയപ്പെടേണ്ടി വന്നേനെ. തന്മൂലം ആ കഥാപാത്രത്തിനു  സിനിമയുടെ അവസാനത്തിൽ ഇത്ര കണ്ടു സജീവമായി ഇടപടാനും സാധിക്കുമായിരുന്നില്ല. ആ തലത്തിൽ നോക്കുമ്പോൾ രാജഗോപാലിന്റെ കത്രിക മികച്ച ഒരു തീരുമാനം തന്നെയാണ് കൈക്കൊണ്ടതെന്ന് പറയാം.

സിനിമയിലെ ഏറ്റവും മികച്ച സീനുകളും  ഷോട്ടുകളും  ഏതെന്നു ചോദിച്ചാൽ ചൂണ്ടി കാണിക്കാൻ ഒരുപാടുണ്ടായിരിക്കാം. പക്ഷേ  മനസ്സിൽ ആഴത്തിൽ തങ്ങി നിൽക്കുന്ന  ചില രംഗങ്ങൾ ഉണ്ട്.

  • തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ആദ്യ സിനിമ, അതും താൻ നായികയായി അഭിനയിച്ച സിനിമ. ആ സിനിമ  ആദ്യ ഷോയിൽത്തന്നെ കാണണം എന്ന് ആഗ്രഹിച്ചു വരുന്ന റോസി തിയേറ്ററിനു മുന്നിൽ പ്രവേശനം കാത്തു നിൽക്കുകയാണ്. സവർണന്റെ മേൽക്കോയ്മ എല്ലായിടത്തും പ്രകടമാണ്. അത് തിയേറ്ററിൽ ഒന്നിച്ചിരുന്നു സിനിമ കാണുന്നിടത്തു പോലും പാലിക്കണം എന്ന് നിഷ്ക്കർഷിക്കപ്പെടുമ്പോൾ അവളുടെ മുഖം വാടുന്നു . സിനിമ കാണാൻ സാധിച്ചില്ല എന്ന് മാത്രമല്ല, ദളിത്‌ സ്ത്രീയായ അവൾ നായർ സ്ത്രീയുടെ വേഷം അഭിനയിച്ചു എന്ന കുറ്റത്തിന് ജാതി ഭ്രാന്ത്‌ മൂത്ത ചില നരാധമന്മാർ അവളുടെ മേൽ ചാടി വീഴുന്നു. ഭയചികിതയായ അവൾ സമൂഹത്തിൽ നിന്നും  ഇരുട്ടിലേക്ക് ഓടി മറയുകയാണ്. രംഗം മുഴുവൻ ഇരുട്ടിലാകുന്നു എങ്കിലും  നമ്മുടെയെല്ലാം മനസ്സിൽ നിന്നും അവൾ മാഞ്ഞു പോകുന്നുമില്ല.
  • ഡാനിയലിന് തീരെ വയ്യാതായിരിക്കുന്നു. ശ്വാസഗതിയിലും സംസാരത്തിലും  അത് പ്രകടമാണ്. കട്ടിലിൽ അവശ നിലയിൽ കിടക്കുന്ന അയാൾ ഭാര്യയായ ജാനറ്റിനോട് എന്തൊക്കെയോ അവ്യക്തമായി പറയുന്നുണ്ട്. മുറിയിലെ ചുമരിൽ ഒരു ജനലാകൃതിയിൽ നിലാവെളിച്ചമുണ്ട്. ആ വെളിച്ചത്തിൽ എന്തൊക്കെയോ നിഴലുകൾ ആടുന്നുണ്ട്. ജാനറ്റിനോട് സംസാരിക്കുമ്പോഴും അതിലേക്കാണ് അയാളുടെ നോട്ടം. ജനാലക്കരികിൽ നിൽക്കുന്ന ഏതോ ചെടിയുടെ ഉണങ്ങിയ ശിഖരങ്ങളുടെതായിരിക്കാം ആ നിഴലുകൾ. നിഴലുകൾ ആടുന്ന സമയത്ത് പശ്ചാത്തലത്തിൽ കരിയിലകൾ തമ്മിൽ ഉരസുന്ന ശബ്ദം കേൾക്കാം. ആ നിഴലുകളുടെ ചലനം അയാളെ ഓർമപ്പെടുത്തുന്നത് വിഗതകുമാരനെയാണ്. സ്ക്രീനിൽ  സിനിമ കാണുന്ന കൌതുകത്തോടെ അയാൾ അത് ജാനറ്റിനോട് പറയുന്നു. അത് വിഗതകുമാരനല്ലേ എന്ന് ചോദിക്കുന്ന സമയം നിഴലുകൾ കരിയില ശബ്ദം ഉണ്ടാക്കി കൊണ്ട് വേഗത്തിൽ ആടുകയാണ്.  ഡാനിയലിന്റെ ശ്വാസഗതിയും അത് പോലെ വേഗത്തിലാകുന്നു. പിന്നെ പെട്ടെന്ന് നിലക്കുന്നു. ആ സമയം കരിയിലകളുടെ ശബ്ദവും നിഴലുകളുടെ ആട്ടവും നിലക്കുകയാണ്. മരണത്തിന്റെ നിഴലുകളിൽ വരെ സിനിമയെ കാണാൻ സാധിച്ച ഡാനിയലിന്റെ ജീവിത കഥ അവിടെ അവസാനിക്കുന്നു. ചരിത്രം തുടങ്ങുകയും ചെയ്യുന്നു.

വിഗതകുമാരന്റെയും മലയാള സിനിമയുടെയും  പിതാവായ ജെ. സി. ഡാനിയലിന് വളരെ വൈകിയ വേളയിലെങ്കിലും ഒരു സിനിമയിലൂടെ കൊടുക്കുന്ന പൂർണ ആദരവും സമർപ്പണവും കൂടിയാണ് കമലിന്റെ സെല്ലുലോയ്ഡ് എന്ന് പറയാതെ വയ്യ.  ആ അർത്ഥത്തിൽ, മലയാള സിനിമാ ചരിത്രത്തെ  തികഞ്ഞ ആത്മാർത്ഥതയോടെ, അതിന്റേതായ മികവോടെ അഭ്രപാളിയിൽ ആവിഷ്ക്കരിക്കുകയും, അതോടൊപ്പം ഈ സിനിമ നിർമ്മിക്കുന്നതിനും കൂടി സന്മനസ്സ് കാണിക്കുകയും ചെയ്ത കമൽ തന്നെയാണ് മലയാള സിനിമയുടെ എന്നെന്നത്തെയും ചരിത്രകാരൻ.

* ഇ മഷി മാഗസിന്‍ ലക്കം എട്ടിൽ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി . 

-pravin-