Wednesday, August 26, 2015

Bajrangi Bhaijaan - രാജ്യാതിർത്തികൾ തകർക്കപ്പെടുമ്പോൾ

പുരാതന കാലം മുതലേ രാജ്യങ്ങൾ തമ്മിൽ തർക്കങ്ങളും യുദ്ധങ്ങളുമെല്ലാം പതിവായിരുന്നെങ്കിലും ഒരു രാജ്യത്തിനും വ്യക്തമായ അതിർത്തി രേഖകളോ അധികാര സീമയോ ഉണ്ടായിരുന്നില്ല. പൊതുവായുള്ള ഏതെങ്കിലും പ്രത്യേക പ്രദേശത്തെ അതിർത്തിയായി പരിഗണിക്കുന്നതായിരുന്നു അക്കാലത്തെ പതിവ്. അക്കാരണങ്ങൾ കൊണ്ട് തന്നെ സാധാരണ ജനങ്ങൾക്ക് അവരുടെ ദൈനം ദിനാവശ്യങ്ങൾക്കും കച്ചവട കാര്യങ്ങൾക്കുമായി രാജ്യാതിർത്തികൾ കടന്ന് പോകാനും തിരിച്ചു വരാനുമൊന്നും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടില്ലായിരുന്നു. എന്നാൽ ആധുനിക കാലത്തെ മനുഷ്യരുടെ ജീവിതത്തിൽ രാജ്യാതിർത്തികൾ എത്രത്തോളം വിഘാതം സൃഷ്ടിക്കുന്നു എന്ന് ചിന്തിക്കേണ്ട വിഷയമാണ്. രാഷ്ട്രീയവും മതപരവും സാംസ്ക്കാരികവുമായ വിയോജിപ്പുകൾ കാരണം ഒന്നിൽ നിന്ന് ഒന്നൊന്നായി വിഭജിച്ചു മാറിയ രാഷ്ട്രങ്ങളിൽ പലതും സൌഹൃദാന്തരീക്ഷം സൃഷ്ടിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോഴും ചില രാജ്യങ്ങൾ അതിനെല്ലാം കടുത്ത അപവാദമായി ഇന്നും രാജ്യാർത്തികളുടെ പേരിൽ കടുത്ത ശത്രുതയിൽ തുടരുകയാണ്. ഈ വിഷയത്തിൽ അന്നും ഇന്നും ലോക രാഷ്ട്രങ്ങൾ ഉറ്റു നോക്കി കൊണ്ടിരിക്കുന്നത് ഇന്ത്യ-പാകിസ്താൻ അതിർത്തി തർക്കവും ശത്രുതയുമാണ്. ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും ജോലിക്കായി വിദേശ രാജ്യങ്ങളിലെക്കെത്തുന്ന പ്രവാസികൾ ഒരുമിച്ചു ജോലി ചെയ്യുകയും സഹവസിക്കുകയും ചെയ്യുന്ന സമയത്ത് അവരിലൊന്നും കാണാത്ത ശത്രുതാ മനോഭാവം ഇപ്പറയുന്ന രാജ്യങ്ങൾക്ക് മാത്രമായി എങ്ങിനെ കിട്ടി എന്നത് തീർത്തും ന്യായമായ ഒരു സംശയമാണ്. കാലാകാലങ്ങളായുള്ള ഭരണകൂടങ്ങളുടെ രാഷ്ട്രീയ താൽപ്പര്യം എന്നതിലുപരി ഇരു രാജ്യങ്ങളിലെയും സാധാരണ ജനങ്ങൾക്ക് ഈ ശത്രുതയിൽ പങ്കില്ല എന്ന് വ്യക്തമാക്കുകയാണ് കബീർ ഖാന്റെ "ബജ്റംഗി ഭായ്ജാൻ" .

കാലങ്ങളായി കണ്ടു ശീലിച്ച ഇന്ത്യാ-പാകിസ്താൻ കഥാപാത്രങ്ങളുടെ ശത്രുതയുടെയും പ്രണയത്തിന്റെയും ക്ലീഷേ അവതരണമൊന്നും ബജ്റംഗി ഭായ്ജാനിൽ കടന്നു വരുന്നില്ല. ഇന്ത്യാക്കാരൻ നായകൻ പാകിസ്താനി നായികയെ പാകിസ്താനിൽ പോയി പ്രേമിക്കുകയും നായികയുടെ ക്രൂരരായ വീട്ടുകാരോടും പാക് പോലീസിനോടുമെല്ലാം യുദ്ധം ചെയ്ത് നായികയെ ഇന്ത്യയിലേക്ക് കടത്തി കൊണ്ട് വരുകയും ചെയ്യുന്നതോടെ അവസാനിക്കുന്ന സിനിമാ കഥകളിൽ പലപ്പോഴും പാകിസ്താൻ നമ്മുടെ ശത്രു രാജ്യവും അവിടെയുള്ളവരെല്ലാം ഇന്ത്യാക്കാരന്റെ ശത്രുക്കളും എന്ന ചിന്ത മാത്രമായിരുന്നു അവശേഷിപ്പിച്ചിരുന്നത്. പാക്സിതാനെ ഉപേക്ഷിച്ച് നായകൻറെ കൂടെ ഇന്ത്യയിലേക്ക് എത്തുന്ന നായിക ഇന്ത്യയെ വാഴ്ത്തിപ്പാടുകയും പാകിസ്താനേക്കാൾ സുന്ദരം ഇന്ത്യ തന്നെ എന്ന് പറയുകയും ചെയ്യുന്ന സീനുകൾ കൂടി ഉൾപ്പെടുത്തിയാൽ ബഹു ഇന്ത്യൻ പ്രേക്ഷകർക്കും അതി സന്തോഷം. ദേശീയത എന്ന വികാരം സിനിമ കാണുന്ന പ്രേക്ഷകനിൽ ആളിക്കത്തിക്കണമെങ്കിൽ പല സംവിധായകർക്കും മേൽപ്പറഞ്ഞ ഫോർമുല ഒഴിച്ച് കൂടാനാകാത്ത ഒന്നായിരുന്നു. എല്ലായ്പ്പോഴും വിജയം ഇന്ത്യാക്കാരന് സ്വന്തമാകണം - അതിപ്പോൾ യുദ്ധമായാലും പ്രണയമായാലും ആക്ഷനായാലും. അങ്ങിനെയെങ്കിൽ മാത്രമേ ഇത്തരം ജനുസിൽപ്പെട്ട ഇന്ത്യൻ സിനിമകൾക്ക് ബോക്സോഫീസിൽ പണം കൊയ്യാൻ സാധിക്കുമായിരുന്നുള്ളൂ. 

എന്നാൽ സമീപ കാലത്ത് വന്ന ചില സിനിമകളിൽ ഈ ചിന്താഗതികൾ മാറിയിട്ടുണ്ട് എന്നത് ഏറെ ആശ്വാസാജനകമാണ്. പി.കെ സിനിമയിൽ അനുഷ്ക്കയുടെ കഥാപാത്രം പാകിസ്താൻകാരനെയാണ് പ്രേമിക്കുന്നത്. കാമുകൻ പാകിസ്താൻകാരനെങ്കിൽ അവൻ ചതിയൻ തന്നെയെന്ന മുൻവിധി തെറ്റെന്ന് ചൂണ്ടി കാണിച്ചു തരുകയാണ് പി.കെ ചെയ്യുന്നത്. നിഥിൻ കക്കാർ സംവിധാനം ചെയ്ത 'ഫിൽമിസ്താൻ' സിനിമയിൽ ഇന്ത്യാ - പാക്സിതാൻ അതിർത്തികൾ സൌഹൃദത്തിന് വിഘാതം സൃഷ്ടിക്കുമ്പോഴും സിനിമ എന്ന മാധ്യമം ആ സൌഹൃദത്തെ പിന്തുണക്കുന്നത് കാണാം. സണ്ണി എന്ന ഇന്ത്യാക്കാരനും അഫ്താബ് എന്ന പാകിസ്താനിയും സിനിമ എന്ന അവരുടെ പൊതു വികാരത്തെ തന്നെയാണ് അവരുടെ ദേശീയതയായും കണക്കാക്കുന്നത്. അതിനാകട്ടെ യാതൊരു വിധ അതിർത്തികളും ഇല്ല താനും. ഇന്ത്യ - പാക്സിതാൻ അതിർത്തികളിൽ ഒറ്റപ്പെട്ട് ജോലി ചെയ്യേണ്ടി വരുന്ന ഇരു രാജ്യത്തിലേയും സൈനികർക്ക് അറിയാവുന്നിടത്തോളം മറ്റാർക്കും തന്നെ അതിർത്തി എന്ന വാക്കിന്റെ പ്രസക്തിയും അപ്രസക്തിയും ഒരു പോലെ അറിഞ്ഞു കൊള്ളണമെന്നില്ല. ഫറാസ് ഹൈദറിന്റെ 'വാർ ചോഡ്നാ യാർ', മേജർ രവിയുടെ 'പിക്കറ്റ് 43' തുടങ്ങിയ സിനിമകൾ ഈ വിഷയത്തെ വ്യത്യസ്തമായൊരു ആംഗിളിൽ ചർച്ച ചെയ്യുകയുണ്ടായിട്ടുണ്ട്. ഇത്തരം ചുരുക്കം ചില സിനിമകളാണ് ഇന്ത്യാ-പാകിസ്താൻ അതിർത്തികളെ ഭേദിക്കും വിധമുള്ള ഹൃദ്യമായ ചലച്ചിത്ര ആവിഷ്ക്കരണങ്ങൾക്ക് സമീപ കാലത്ത് തുടക്കം കുറിച്ചത്. മറ്റൊരു തലത്തിൽ നോക്കുമ്പോൾ "ബജ്റംഗി ഭായ്ജാൻ" പോലെയുള്ള സിനിമാ സൃഷ്ടികൾക്ക് മേൽപ്പറഞ്ഞ സിനിമകൾ ഒരു പ്രോത്സാഹനം കൂടിയായിരുന്നു. പാകിസ്താൻകാരെല്ലാം വില്ലന്മാരും ഇന്ത്യക്കാരെല്ലാം നല്ലവരും എന്ന പുരാതന ബോളിവുഡ് സിനിമാ ക്ലീഷേകളെ പാടേ തിരസ്ക്കരിക്കുന്നതോടൊപ്പം ഇരു രാജ്യങ്ങളിലെയും സാധാരണക്കാരായ മനുഷ്യരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് മാനവികതയെ ഉയർത്തി പിടിക്കുക കൂടിയാണ് ബജ്റംഗി ഭായ്ജാൻ ചെയ്യുന്നത് . 

പാകിസ്താനി കുട്ടിയെയാണ് ഇന്ത്യാക്കാരൻ സംരക്ഷിക്കുന്നത് എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന രണ്ടു വിഭാഗം ആളുകളുടെ ചിന്തയെ സിനിമ കാണിച്ചു തരുന്നുണ്ട്. ഒന്ന് - മനസ്സിൽ മതത്തിന്റെയും ദേശീയതയുടെയും പേരിൽ കടുത്ത വിഭാഗീയത കാത്ത് സൂക്ഷിക്കുന്നവരുടെ. രണ്ട് - മത രാഷ്ട്രീയ ദേശ ഭേദമന്യേ മനസ്സിൽ മാനവികത കാത്ത് സൂക്ഷിക്കുന്നവരുടെ. ഇവിടെ സംഘപരിവാർ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരാളായി പവൻ കുമാർ ചതുർവേദിയെ അവതരിപ്പിക്കുന്നതിൽ പോലും സംവിധായകന് വ്യക്തമായ ലക്ഷ്യം ഉണ്ട്. മറ്റു പല സിനിമകളിലും പല സംവിധായകരും കാവി രാഷ്ട്രീയത്തെ ഒളിച്ചു കടത്താൻ ശ്രമിച്ചപ്പോൾ കബീർ ഖാൻ അതേ രാഷ്ട്രീയത്തെ വളരെ തന്ത്രപരമായി തന്നെ സിനിമക്ക് പശ്ചാത്തലമാക്കുകയാണ് ചെയ്തത്. ഇലക്കും മുള്ളിനും കേടില്ലാത്ത വിധം കാവി രാഷ്ട്രീയത്തെ തൊട്ടും തൊടാതെയും ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുക വഴി സംഘപരിവാർ സംഘടനകൾക്ക് പോലും ആ അവതരണ രീതിയെ അംഗീകരിക്കേണ്ടി വന്നു എന്നതാണ് സത്യം. മറ്റൊരു തലത്തിൽ നിരീക്ഷിക്കുമ്പോൾ നായകന് അങ്ങിനെയൊരു രാഷ്ട്രീയ പശ്ചാത്തലം നൽകുക വഴി പരിവാർ രാഷ്ട്രീയക്കാരെ ആദ്യമേ പ്രീണിപ്പിച്ചു നിശബ്ദരാക്കുക കൂടിയാണ് കബീർ ഖാൻ ചെയ്തിരിക്കുന്നത്. കുടുംബപരമായി സംഘപരിവാർ രാഷ്ട്രീയം കൈമാറി കിട്ടുന്ന പവൻ കുമാർ ചതുർവേദിമാരിൽ പലരും രാഷ്ട്രീയം അറിഞ്ഞു കൊണ്ടല്ലെങ്കിലും അതിന്റെ കുപ്പായം ധരിച്ചു നടക്കാൻ നിയോഗിക്കപ്പെടുന്നവരാണ്. സംഘപരിവാർ രാഷ്ട്രീയക്കാരിലും നിഷ്ക്കളങ്കരായ ചതുർവേദിമാർ ഉണ്ടെന്ന് സംവിധായകൻ പറയാതെ പറയുന്നു. ഇങ്ങിനെയൊക്കെയെങ്കിലും നായകൻറെ രാഷ്ട്രീയ സംഘടനാ പശ്ചാത്തലം സിനിമക്ക് ഒരു ബാധ്യതയാകാത്തത് പ്രമേയത്തിന്റെ ഉദ്ദേശ്യ ശുദ്ധി ഒന്ന് കൊണ്ട് മാത്രമാണ്. സിനിമയുടെ ഈ ഉദ്ദേശ്യ ശുദ്ധിയും കുറിക്ക് കൊള്ളുന്ന ആക്ഷേപ ഹാസ്യവും  മനസിലാക്കാൻ സാധിച്ചതിനാലാണ് കാവി രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകർ പോലും RSS ശാഖയും ബജ്റംഗ് ദൾ പ്രവർത്തകരുടെ ആഘോഷവും അടക്കമുള്ള സീനുകളിൽ കൂടി നായകനെ അവതരിപ്പിച്ചു കാണിക്കുന്ന സിനിമക്കുള്ളിലെ പുതിയ രാഷ്ട്രീയ നിലപാടിനെതിരെ നെറ്റി ചുളിക്കാഞ്ഞത്. മുഖ്യധാരാ സിനിമകളിലെ നായകന്മാർക്ക് ഇടതു വലത് രാഷ്ട്രീയ പശ്ചാത്തലം മാത്രം കൽപ്പിച്ചു നൽകിയിരുന്ന സ്ഥിതിവിശേഷത്തിന് ബജ്റംഗി ഭായ്ജാനിലൂടെ കബീർ ഖാൻ വിരാമമിടുകയാണോ ചെയ്തത് എന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു.

ഇത് വരെയുള്ള സൽമാൻ ഖാൻ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ബജ്റംഗി ഭായ്ജാൻ എന്ന് പറയാനായി ഒരുപാട് കാരണങ്ങൾ നിരത്താം. അതിലേറ്റവും പ്രധാനപ്പെട്ട സംഗതി മസിൽ - മസാല -ആക്ഷൻ സിനിമകളിൽ നിന്ന് കളം മാറ്റി ചവിട്ടി കൊണ്ട് തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ സൽമാന് സാധിച്ചു എന്നുള്ളതാണ്. അതിനോടൊപ്പം പവൻ കുമാർ ചതുർവേദി എന്ന കഥാപാത്രത്തെ സൽമാൻ അവതരിപ്പിച്ച രീതിയും ചൂണ്ടി കാണിക്കേണ്ടതുണ്ട്. മുൻകാല സിനിമകളെ പോലെ മസിൽ ഷോകൾക്കും ആക്ഷൻ ഹീറോ പരിവേഷത്തിനുമൊന്നും മുതിരാതെ സാധാരണക്കാരന്റെ മനസ്സും വികാരവും ഉള്ള ഒരു കഥാപാത്രമായി മാറുകയാണ് സൽമാൻ ഈ സിനിമയിലൂടെ. അത് കൊണ്ട് തന്നെ സൽമാൻ ഫാൻസ്‌ അല്ലാത്ത സാധാരണ പ്രേക്ഷകരെ പോലും കയ്യിലെടുക്കാൻ പവൻ കുമാർ ചതുർവേദിക്ക് സാധിക്കുന്നു. ഭാവാഭിനയം കാഴ്ച വക്കാനുള്ള സൽമാൻ ഖാന്റെ പരിമിതികളെ മനസ്സിലാക്കി കൊണ്ട് വിലയിരുത്തിയാലും ഈ സിനിമയിലെ സൽമാൻ ഖാന്റെ പ്രകടനത്തെ അഭിനന്ദിക്കാതിരിക്കാൻ ഒരു പ്രേക്ഷകനും സാധ്യമല്ല. സിനിമയുടെ പ്രമേയം തന്നെയാണ് സൽമാൻ ഖാനെ സകലയിടത്തും തുണച്ചതെന്നും പറയാം. 

ഷാഹിദ അഥവാ മുന്നിയെ അവതരിപ്പിച്ച ഹർഷാലി മൽഹോത്ര എന്ന കൊച്ചു മിടുക്കിയുടെ പ്രകടന മികവ് എടുത്തു പറയേണ്ട ഒന്നാണ്. വാക്കുകൾ ഉച്ചരിച്ചു കൊണ്ട് ഭാവാഭിനയം കാഴ്ച വക്കാൻ തന്നെ പ്രയാസമാണ് എന്നിരിക്കെ സിനിമയിലുടനീളം ഒരൊറ്റ ഡയലോഗ് പോലും പറയാതെ എന്നാൽ ഒരായിരം വാക്കുകൾ ഉരിയാടുന്ന ഭാവാഭിനയത്തോടെ തന്റെ കഥാപാത്രത്തെ അനശ്വരമാക്കിയ ഹർഷാലിയെ അഭിനന്ദിക്കാതിരിക്കാനാകില്ല. പ്രേക്ഷകരുടെ ഹൃദയം കവരുന്ന നിഷ്ക്കളങ്കതയാണ് ഷാഹിദ എന്ന കഥാപാത്രത്തിന്. ആ നിഷ്ക്കളങ്കതയെ തന്നെയാണ് സംവിധായകൻ സിനിമയിൽ വേണ്ടുവോളം ഉപയോഗപ്പെടുത്തിയതും. കുറഞ്ഞ സീനുകളിൽ മാത്രം വന്നു പോകുന്ന നടീ നടന്മാർ പോലും കാമ്പുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സിനിമയിൽ. ഓം പുരിയുടെ മൌലാന എന്ന കഥാപാത്രം അതിൽ പ്രധാനിയാണ്‌. പള്ളിക്കുള്ളിൽ ഹിന്ദു വിശ്വാസിക്ക് കയറാൻ പാടില്ല, അത് നിഷിദ്ധമാണ് എന്ന് ധരിച്ചു വച്ചിരിക്കുന്ന ചതുർവേദിയോട് പാകിസ്താനി പള്ളിയിലെ ഉസ്താദായ മൗലാനാ പറയുന്നത് പള്ളി ദൈവത്തിന്റെ ഭവനമാണ് അവിടെ ആർക്കും പ്രവേശനം നിഷിദ്ധമല്ല അത് കൊണ്ട് താങ്കൾ ധൈര്യമായി അകത്തേക്ക് കയറി പോരൂ എന്നാണ്. ഇത്തരം കാഴ്ചപ്പാടുകൾ പങ്കു വക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് കൂടി സമ്പുഷ്ടമാണ് ബജ്റംഗി ഭായ്ജാൻ. 

നവാസുദ്ധീൻ സിദ്ധീഖിയെ പോലുള്ള ഒരു നടന്റെ സാമീപ്യം ഈ സിനിമയെ എത്രത്തോളം മികവുറ്റതാക്കുന്നു എന്ന് കൂടി പറയേണ്ടതുണ്ട്. ഇടവേള വരെ സൽമാൻ ഖാനും ഹർഷാലിയും പ്രധാന കഥാപാത്രങ്ങളായി മുന്നേറുന്ന സമയത്താണ് ഇടവേളക്ക് ശേഷം സഹനടന്റെ വേഷത്തിൽ നവാസുദ്ധീൻ സിദ്ധീഖി പ്രത്യക്ഷപ്പെടുന്നത്. പാകിസ്താനി ചാനൽ റിപ്പോർട്ടർ ചാന്ദ് നവാബ് എന്ന കഥാപാത്രമായി സ്ക്രീനിലെത്തുന്ന അദ്ദേഹം പിന്നീടങ്ങോട്ട് സൽമാൻ ഖാന്റെ സ്ക്രീൻ പ്രസൻസിനെ പോലും അപ്രസക്തമാക്കും വിധം സിനിമയിലെ പ്രധാന വേഷം കൈയ്യേറുകയാണ് ചെയ്യുന്നത്. ആ പ്രകടനമികവിനെ കവച്ചു വക്കാൻ സൽമാന്റെ നായക കഥാപാത്രത്തിന് പോലും സാധിക്കുന്നില്ല. എന്നാൽ അവിടെയും സംവിധായകന്റെ ഇടപെടലുകൾ ശ്രദ്ധേയമാണ്. ക്ലൈമാക്സിൽ ചതുർവേദി-മുന്നി ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കും വിധമുള്ള വൈകാരികമായ അഭിനയ മുഹൂർത്തങ്ങൾ അവതരിപ്പിക്കാൻ സൽമാനും ഹർഷാലിക്കും വീണ്ടും അവസരം ലഭിക്കുന്നു. തന്മൂലം പ്രേക്ഷകന്റെ അവസാന സിനിമാ കാഴ്ചയിൽ സൽമാനും ഹർഷാലിയും തന്നെ തിരിച്ചെത്തുന്നു. പ്രേക്ഷക ഹൃദയങ്ങളിൽ പവൻകുമാർ ചതുർവേദിയും മുന്നിയും തീർക്കുന്ന നൊമ്പരത്തിൽ ചാന്ദ് നവാബ് എന്ന കഥാപാത്രത്തിന്റെ ശോഭ ഒരു പക്ഷേ മങ്ങിപ്പോകുമെങ്കിലും ബജ്റംഗി ഭായ്ജാൻ ഓർക്കുന്നിടത്തോളം കാലം ചാന്ദ് നവാബും ഓർക്കപ്പെടും. എന്തിനേറെ ബജ്റംഗി ഭായ്ജാൻ എന്ന പേര് പോലും ചാന്ദ് നവാബുമായല്ലേ കടപ്പെട്ടിരിക്കുന്നത് ?

അസീം മിശ്രയുടെ cinematography എടുത്ത് പറയേണ്ട ഒരു മികവു തന്നെയാണ്. ആദ്യ പകുതി അവസാനിക്കുന്നിടത്ത് നിന്ന് ഒരു റോഡ്‌ മൂവി മൂഡിലേക്ക് സിനിമ പരിണാമപ്പെടുമ്പോഴും ക്യാമറയുടെ ഇടപെടലുകൾ സജീവമാക്കി മാറ്റുന്നു അദ്ദേഹം. പ്രിതത്തിന്റെ സംഗീതവും ജൂലിയസിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനപൂർണ്ണത വേണ്ടോളം ഉറപ്പ് വരുത്തി. അദ്നാൻ സാമി പാടി അഭിനയിച്ച 'Bhar Do Jholi Meri..' എന്ന ഗാനം ഒരേ സമയം ആത്മീയതയേയും  സിനിമയുടെ ആ സമയത്തെ ഇമോഷണൽ മൂഡിനെയും മുഴുവനായും ഉൾക്കൊണ്ട് കൊണ്ട് ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ. അത് കൊണ്ട് തന്നെ ആ പാട്ട് ഇനിയെന്ന് കേട്ടാലും  പ്രേക്ഷകന്റെ ഹൃദയമായിരിക്കും അതിന് താളം ചേർക്കുക. 

ബജ്റംഗി ഭായ്ജാൻ സിനിമ അവസാനിക്കുന്നിടത്ത് പ്രേക്ഷകമനസ്സിൽ ഉയർന്നേക്കാവുന്ന ചില ചോദ്യങ്ങളുണ്ട്. എന്താണ് ഈ അതിർത്തി ? ആർക്കിടയിലാണ് ഈ അതിർത്തി ? ആരാണീ അതിർത്തി നിശ്ചയിക്കുന്നത് ? അതിർത്തി കൊണ്ട് ഗുണമോ ദോഷമോ ? ചോദ്യങ്ങൾ എത്ര തന്നെയായാലും ഉത്തരം ഒന്ന് മാത്രമേയുള്ളൂ- ജന മനസ്സുകളിൽ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദേശീയതയുടെയും പേരിൽ അതിർത്തികൾ ഉണ്ടാകാത്തിടത്തോളം കാലം രാജ്യങ്ങളും ഭരണകൂടങ്ങളും തീർക്കുന്ന അതിർത്തികൾ ഏതു സമയത്ത് വേണമെങ്കിലും തകർക്കപ്പെടാവുന്നതെയുള്ളൂ. 

ആകെ മൊത്തം ടോട്ടൽ = സൽമാൻ ഖാന്റെ ഇത് വരെയുള്ള സിനിമകളിൽ വച്ച് ഏറ്റവും നിലവാരമുള്ള ഒരു സിനിമ. രാഷ്ട്രീയത്തിനും മതത്തിനും ദേശീയതക്കുമെല്ലാം അപ്പുറം വേറെ ചിലതുണ്ട് നമുക്ക് ഉയർത്തിക്കാണിക്കാൻ എന്ന് ബോധ്യപ്പെടുത്തി തരുന്ന സമീപകാലത്തെ മികച്ച ഒരു സിനിമ. ഇത്തരം സിനിമകൾ ഉണ്ടാകുക എന്നത് പ്രേക്ഷകനെക്കാൾ ഈ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്‌. 

*വിധി മാർക്ക്‌ = 8.5/10 
-pravin-