Wednesday, November 22, 2023

ഒരു ഡീസന്റ് ക്രൈം ത്രില്ലർ !!


വ്യക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്ക് കോടതിയിൽ നിന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകുന്നതോടെ നീതി നടപ്പിലായി എന്ന് സാങ്കേതികമായി വിശ്വസിക്കുമ്പോഴും തെളിവുകളോടെ അറസ്റ്റ് ചെയ്യപ്പെട്ട് കോടതി ശിക്ഷിച്ചവരൊക്കെ യഥാർത്ഥത്തിൽ കുറ്റവാളികൾ തന്നെയോ എന്ന ചോദ്യത്തിന് പ്രസക്‌തിയുണ്ട്.

ആ ചോദ്യത്തെ പ്രമേയവത്ക്കരിച്ചു കൊണ്ടുള്ള ജിനേഷ് എമ്മിന്റെ കഥയെ സത്യമേത് മിഥ്യയേത് എന്ന് മനസ്സിലാക്കി എടുക്കാനാകാത്ത വിധം തിരക്കഥയിലേക്ക് മാറ്റിയവതരിപ്പിക്കുകയാണ് മിഥുൻ മാനുവൽ ചെയ്തിരിക്കുന്നത്.

ട്രെയിലറിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ പറ്റുന്ന അതേ കഥയെ അവസാനം വരെ പിടി തരാത്ത വിധം മാറ്റിയും മറച്ചും പറഞ്ഞവതരിപ്പിക്കുന്നിടത്താണ് 'ഗരുഡൻ' ത്രില്ലടിപ്പിച്ചത്.

ഏതൊരു ക്രൈം ത്രില്ലർ സിനിമയിലും കണ്ടിട്ടുള്ള അതേ പാറ്റേണിൽ കഥ പറയുമ്പോഴും അവസാനം വരെ സസ്പെൻസ് നിലനിർത്താൻ സംവിധായകനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്.

വയലൻസ് സീനുകളുടെ അതിപ്രസരമോ കേസ് അന്വേഷണത്തിന്റെ ഗിമ്മിക്കുകളോ ഒന്നുമില്ലാതെ തന്നെ ഒരു ക്രൈം ത്രില്ലർ സിനിമയുടെ മൂഡ് സെറ്റ് ചെയ്തതൊക്കെ ശ്രദ്ധേയമായി തോന്നി.

അതേ സമയം ഫാമിലി ഇമോഷണൽ സീനുകളൊന്നും ഒട്ടും വർക്കാകാതെ പോയ പോലെയാണ് അനുഭവപ്പെട്ടത്. അഭിരാമിയുടെയും ദിവ്യ പിള്ളയുടെയുമൊക്കെ സ്ത്രീ കഥാപാത്രങ്ങൾക്ക് സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഛായാഗ്രഹണത്തിനും ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതത്തിനുമൊന്നും 'ഗരുഡ'ന് വേണ്ട മൈലേജ് കൊടുക്കാനായില്ല.

ചടുലമായി മാറേണ്ട കഥാഗതികളിൽ പലയിടത്തും ലാഗും നാടകീയതയുമൊക്കെ കയറി വന്നത് കല്ല് കടിയായി മാറുന്നുണ്ട്. കുറ്റവാളിയെ പിടിക്കുന്ന സീനും മറ്റുമൊക്കെ കുറച്ചു കൂടി നന്നാക്കി ചെയ്യാമായിരുന്നു എന്ന് തോന്നി.

കേന്ദ്ര കഥാപാത്രങ്ങളെ മുൻനിർത്തി കൊണ്ട് കഥ പറയുമ്പോഴും സഹ കഥാപാത്രങ്ങൾക്ക് സ്‌ക്രീൻ സ്‌പേസ് കിട്ടുന്ന സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും 'ഗരുഡ'നിൽ അത് വെറും സുരേഷ് ഗോപി -ബിജുമേനോൻമാരിൽ മാത്രം ഒതുങ്ങുന്നു. ജഗദീഷ്, സിദ്ധീഖ്, നിഷാന്ത് സാഗർ കൂട്ടത്തിൽ പിന്നെയും എടുത്തു പറയാം.

ഗരുഡൻ എന്ന പേര് ഈ സിനിമക്ക് എങ്ങിനെ കിട്ടി എന്ന സംശയത്തിന്റെ ഉത്തരമായി മാറുന്ന ക്ലൈമാക്സ് സീനും ഡയലോഗുമൊക്കെ കിടിലനായിരുന്നു. ക്ലൈമാക്സ് സീനിന്റെ ഒരു പഞ്ച് തന്നെ അതാണെന്ന് പറയാം.

ആകെ മൊത്തം ടോട്ടൽ = കുറ്റമറ്റ സിനിമയെന്നുള്ള വാദമൊന്നും ഇല്ലെങ്കിൽ കൂടി ആദ്യാവസാനം വരെ പിടി തരാതെ സസ്പെൻസ് നിലനിർത്തിയ ഒരു ഡീസന്റ് ത്രില്ലർ തന്നെയാണ് 'ഗരുഡൻ'. നവാഗത സംവിധായകനെന്ന നിലക്ക് അരുൺ വർമ്മ അഭിനന്ദനമർഹിക്കുന്നു. 'ഗരുഡൻ' സിനിമ അവസാനിക്കുന്ന ഘട്ടത്തിലും ജിനേഷ് എമ്മിന്റെ കഥയുടെ പ്രസക്തി അവസാനിക്കുന്നില്ല. ഇതേ കഥയിൽ ഇനിയും ഗംഭീരമായ മറ്റൊരു സിനിമക്കുള്ള സാധ്യതകൾ ഏറെയുണ്ട്.

*വിധി മാർക്ക് = 7.5/10 

-pravin-