Tuesday, August 30, 2022

നിഗൂഢമായ സൗഹൃദം !!


ഒരു ഫീൽ ഗുഡ് സൗഹൃദ സിനിമയുടെ സുഖം തന്നു കൊണ്ട് തുടങ്ങുകയും അതേ സമയം സൗഹൃദത്തിലെ സങ്കീർണതകളും ദുരൂഹതകളും അനുഭവപ്പെടുത്തി കൊണ്ട് കാണുന്നവരുടെ മനസ്സിലേക്ക് ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളും തന്നു കൊണ്ട് അവസാനിക്കുന്ന സിനിമയാണ് ഡിയർ ഫ്രണ്ട്.

ഈ സിനിമയുടെ ആസ്വാദനം എന്നത് ഒരു തരം ഡിസ്റ്റർബൻസ് ആണ് ..ആ ഡിസ്ടർബൻസിനെ നിരാശയായി കാണുന്നവർക്ക് ഈ സിനിമയും നിരാശയായി മാറും എന്നതാണ് റിസ്ക് .

വിനോദിന്റെ കഥാപാത്രത്തോട് ഒരു ഘട്ടത്തിൽ നമുക്ക് തന്നെ വല്ലാത്ത ഒരു സിമ്പതി തോന്നാം .. ആ സിമ്പതിയിലൂടെ തന്നെയാണ് സൗഹൃദത്തിന്റെ ആഴത്തിലേക്ക് അവൻ നമ്മളെ കൊണ്ട് പോകുന്നത് .

അവന്റെ മുഖത്ത് നമ്മൾ കണ്ട നിഷ്ക്കളങ്കത പതിയെ ഒരു വലിയ ദുരൂഹതയായി മാറുന്നിടത്ത് 'ഡിയർ ഫ്രണ്ട്' അന്വേഷണാത്മകത കൈവരിക്കുന്നു.

ഒരു പിടി നുണകളിലൂടെയാണ് സുഹൃത് ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നതെങ്കിലും സൗഹൃദത്തിലിരിക്കുന്ന ഒരു ഘട്ടത്തിലും അവൻ ആരെയും ചതിച്ചിട്ടില്ല ..അവന്റെ കള്ളക്കഥകളേക്കാൾ അകാരണമായി ഉപേക്ഷിച്ചു പോകുന്ന അവന്റെ സൗഹൃദമാണ് ചതിയായി അനുഭവപ്പെടുന്നത്.


തൃപ്‍തികരമായ ഒരു ഉത്തരം പോലും നൽകാതെ മുൻകാല സുഹൃത്തുക്കളെയെല്ലാം ഉപേക്ഷിച്ചു കൊണ്ട് പൊടുന്നനെ അപ്രത്യക്ഷനാകുന്നവൻ. 

മറ്റൊരിടത്ത് മറ്റൊരു വേഷത്തിൽ പുതിയ സുഹൃത്തുക്കളുമായി പ്രത്യക്ഷപ്പെടുമ്പോഴും അവനിൽ കുറ്റബോധമോ പശ്ചാത്താപമോ ഒന്നും തന്നെയില്ല.. തീർത്തും പുതിയ ഒരാൾ.

മെട്രോ ലൈഫിന്റെ രാത്രി ഭംഗിയും നിഗൂഢതയുമൊക്കെ ഗംഭീരമായി പകർത്തിയ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം ഈ സിനിമയുടെ പ്രമേയവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നത് കാണാം ..

ആ ക്ലൈമാക്സ് സീൻ വീണ്ടും ഓർത്തു പോകുന്നു..

Same story..it always works എന്നും പറഞ്ഞ ശേഷം വിനോദിന്റെ ഒരു ചിരിയുണ്ട്. അവന്റെ ആ ചിരിയോടുള്ള ജന്നത്തിന്റെയും അർജ്ജുന്റെയും റിയാക്ഷനും കഴിഞ്ഞു ഇരുട്ടിലൂടെ അവർ നടന്നു നീങ്ങുമ്പോൾ വരുന്ന പശ്ചാത്തല സംഗീതത്തിനൊപ്പം വീണ്ടും വിനോദിന്റെ മുഖം കാണാം.. ഇരുട്ടിൽ ആ മുഖത്ത് ചിരിക്കൊപ്പം ചെറിയൊരു ഭാവ മാറ്റം കാണാം.. അടക്കി വക്കുന്ന ഒരു സങ്കടം ആ ചിരിയെ പാതി മറക്കുന്നു .

ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാതെ പോകുന്ന ആ കഥാപാത്രം നമുക്ക് തരുന്ന ഡിസ്റ്റർബൻസ് ആണ് 'ഡിയർ ഫ്രണ്ടി'ന്റെ ദുരൂഹമായ സൗന്ദര്യം.

ആകെ മൊത്തം ടോട്ടൽ = സ്ഥിരം സൗഹൃദ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായൊരു ആംഗിളിലൂടെ കഥ പറഞ്ഞ സിനിമ എന്ന നിലക്ക് പുതുമയുണ്ട്. അതിനേക്കാളേറെ വളരെ റിസ്‌ക്കി ആയ ഒരു പരീക്ഷണ സിനിമ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഡിയർ ഫ്രണ്ടിനെ.

*വിധി മാർക്ക് = 7.5/10

-pravin-

Saturday, August 27, 2022

ചിരിയും ചിന്തയുമുണർത്തുന്ന കോടതി മുറി !!


'The Man Who Sued God' എന്ന സിനിമയിൽ വക്കീൽ ജോലി ഉപേക്ഷിച്ചു മത്സ്യബന്ധനത്തിനിറങ്ങുന്ന സ്റ്റീവ് ആണ് കേന്ദ്ര കഥാപാത്രം. മത്സ്യ ബന്ധനത്തിനായി അയാൾ വാങ്ങിയ ബോട്ട് ഇടിമിന്നലിൽ തകർന്നു പോകുകയാണ്. 

നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കുന്ന സ്റ്റീവിനു കിട്ടുന്ന മറുപടി ഇടിമിന്നൽ എന്നത് Act of God ആയത് കൊണ്ട് അത് മൂലമുണ്ടായ നഷ്ടം നികത്താൻ ഇൻഷുറൻസ് കമ്പനിക്ക് സാധിക്കില്ല എന്നാണ്. അങ്ങിനെയെങ്കിൽ തന്റെ നഷ്ടം നികത്തി തരാൻ ഈ പറഞ്ഞ ഗോഡിന് ഉത്തരവാദിത്തവുമുണ്ട് എന്നും പറഞ്ഞു ദൈവത്തിന് എതിരായി കോടതിയിൽ സ്റ്റീവ് ഒരു കേസ് കൊടുക്കുകയാണ്. 

ഈ വിചിത്രമായ കേസും അനുബന്ധ വാദ പ്രതിവാദങ്ങളുമൊക്കെയാണ് 'The Man Who Sued God' എന്ന സിനിമയെ രസകരമാക്കുന്നത്. ഇതേ പടത്തിന്റെ മറ്റൊരു പതിപ്പാണ് ഹിന്ദിയിൽ വന്ന Oh My God. 

'ന്നാ താൻ കേസ് കൊട്' സിനിമക്ക് മേൽപ്പറഞ്ഞ സിനിമകളുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും സിനിമയെ മുന്നോട്ട് നയിക്കുന്ന കേസും കേസ് നടക്കുന്ന കോടതി മുറിയും കോടതി മുറിക്കുള്ളിലെ വാദ പ്രതിവാദങ്ങളുമൊക്കെ ഈ പറഞ്ഞ സിനിമകളെ ഓർമ്മപ്പെടുത്തി.

ദൈവത്തിന് എതിരെ കേസ് വരുമ്പോൾ ഭക്തർക്കും മന്ത്രിക്കെതിരെ കേസ് വരുമ്പോൾ അണികൾക്കും ഒരു പോലെ പൊള്ളുന്നു. ആ തലത്തിൽ രണ്ടു കൂട്ടരിലും ഒരുപാട് സാമ്യതകൾ ഉണ്ട് താനും. 


കൈകാര്യം ചെയ്യുന്ന പ്രമേയം കൊണ്ടും അത് പറഞ്ഞവതരിപ്പിക്കുന്ന ശൈലി കൊണ്ടും മികച്ചു നിൽക്കുന്നു 'ന്നാ താൻ കേസ് കൊട്'. കാസ്റ്റിങ് ആണ് ഈ സിനിമയുടെ പരമാത്മാവ്. വിരലിൽ എണ്ണാവുന്ന നടീനടമാർ ഒഴിച്ച് നിർത്തിയാൽ എല്ലാവരും പുതുമുഖങ്ങൾ. എന്നിട്ടും ഒരിടത്തു പോലും പാളിപ്പോകാതെ അത്ര മേൽ സ്വാഭാവികമായ കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് അവരെല്ലാം ഓരോ സീനിലും നമ്മളെ ഞെട്ടിക്കുന്നു. 

ജഡ്ജിയും വക്കീലന്മാരും പോലീസുകാരും കൊഴുമ്മൽ രാജീവനും മാത്രമല്ല പോലീസ് സ്റ്റേഷനിൽ പരാതിയുമായി വരുന്ന വൃദ്ധ കഥാപാത്രങ്ങളും കോടതിയിലെ പ്രതിക്കൂട്ടിൽ കയറി ഇറങ്ങുന്നവരും തൊട്ട് വഴിയേ നടന്നു പോകുന്ന ആളുകൾക്ക് വരെ ഈ സിനിമയിൽ അപാരമായ സ്‌ക്രീൻ സ്പേസ് കിട്ടിയിട്ടുണ്ട്. കൊഴുമ്മൽ രാജീവനെ കടിച്ച കിങ്ങിണിയും പൈങ്കിളിയും വരെ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളായി മാറുന്നു.

'തൊണ്ടി മുതലും ദൃക്‌സാക്ഷിയും', 'തിങ്കളാഴ്ച നിശ്ചയം', സിനിമകൾക്ക് ശേഷം കാസർഗോഡിന്റെ പ്രാദേശികതയെ മനോഹരമായി അവതരിപ്പിച്ച സിനിമ എന്ന നിലക്കും ശ്രദ്ധേയമാകുന്നു 'ന്നാ താൻ കേസ് കൊട്'. മലയാള സിനിമയുടെ കഥാ ഭൂമികയിൽ കാസർഗോഡ് ഇനിയും കടന്നു വരട്ടെ.

കുഴിയുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന സിനിമയിൽ കൃത്യമായി ഇടത് പക്ഷ സർക്കാരിനെ തന്നെ പ്രതിക്കൂട്ടിൽ കയറ്റുന്നത് എന്തിനാണെന്ന് ചിന്തിക്കുകയുണ്ടായി. ഈ കുഴി എന്നത് ഏതെങ്കിലും ഒരു സർക്കാരിന്റെ കാലത്ത് മാത്രം രൂപപ്പെട്ടതോ രൂപപ്പെടുന്നതോ അല്ല എന്നിരിക്കെ എന്തിനാണ് അങ്ങിനെയൊരു ചിത്രീകരണത്തിന്റെ ആവശ്യകത എന്നും സംശയിക്കാം. അവിടെയാണ് സഖാവ് ഇ.എം.എസ് പറഞ്ഞ ചില കാര്യങ്ങളുടെ പ്രസക്തി. (അങ്ങിനെ പറഞ്ഞിട്ടില്ലെങ്കിൽ തിരുത്താം) 


തിരഞ്ഞെടുപ്പിൽ ജയിച്ച് സർക്കാർ രൂപീകരിച്ചു ഭരണത്തിലേറിയാലും സർക്കാരിനെയല്ല അധികാരത്തിലേറ്റിയ ജനങ്ങളെയാണ് പാർട്ടി പിന്തുണക്കേണ്ടത്. ഏത് സർക്കാർ ഭരിച്ചാലും പാർട്ടിക്ക് എന്നും പ്രതിപക്ഷത്തിന്റെ റോളാണ് ഉണ്ടാകേണ്ടത് എന്ന് ഓർമ്മിപ്പിച്ചിട്ടുള്ള സഖാവ് ഇ.എം.എസിന്റെ ചിന്തകളോട് ചേർന്ന് നിൽക്കുന്നുണ്ട് ഈ സിനിമ. അങ്ങിനെ ഒരു പ്രതിപക്ഷത്തിന്റെ ദൗത്യം തന്നെയാണ് ഈ സിനിമക്കും ഉണ്ടായി കാണുന്നത്. 

കുഴി എന്ന വിഷയത്തെ എത്ര കാര്യക്ഷമതയോടെ ചർച്ച ചെയ്യിക്കാൻ സിനിമക്ക് സാധിച്ചു എന്നതിന്റെ ഉത്തരമാണ് ഈ സിനിമ വന്ന ശേഷം റോഡിലെ കുഴികളുടെ കാര്യത്തിൽ സർക്കാരും ഉദ്യോഗസ്ഥ വിഭാഗങ്ങളും സ്വീകരിച്ചു കാണുന്ന പോസിറ്റിവ് നിലപാടുകൾ. ബഹിഷ്‌ക്കരിക്കേണ്ടത് ഇത്തരം സിനിമകളെയല്ല. ചൂണ്ടി കാണിക്കുന്ന ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതികളെയാണ്. 

പെട്രോൾ വില വർദ്ധനവും രക്തസാക്ഷിത്വവുമൊക്കെ ചിരിച്ചു തള്ളാനുള്ള കോമഡി ടൂളാക്കി മാറ്റിയ ആക്ഷേപ ഹാസ്യ ശൈലിയോടൊന്നും യോജിപ്പില്ലെങ്കിലും സിനിമയുടെ ജോണറിനെ കണക്കിലെടുത്തു കൊണ്ട് കണ്ണടക്കാം. 

ഏറെ ഇഷ്ടപ്പെട്ട ഒരു കാര്യം എന്താണെന്ന് വച്ചാൽ സിനിമയിലൂടെയെങ്കിലും കേരളത്തിന്റെ ഒരു വനിതാ മുഖ്യമന്ത്രിയെ കാണിച്ചു തന്നു എന്നതാണ്. ചെറിയ റോളെങ്കിലും ഉണ്ണി മായയുടെ മുഖ്യമന്ത്രി വേഷം മലയാള സിനിമാ ചരിത്രത്തിൽ എന്നും അടയാളപ്പെട്ടു കിടക്കും.  

ആദ്യാവസാനം വരെ ചിരിപ്പിച്ച കോടതി ഒരു ഘട്ടത്തിൽ ഗൗരവത്തോടെ ചിലത് ചിന്തിപ്പിക്കുന്നു. ദൈവം കനിയാത്തിടത്ത് ജഡ്ജ് കനിയുമെങ്കിൽ ജനാധിപത്യ വ്യവസ്ഥിതിയിൽ അത് ഒരുപാട് മാറ്റങ്ങൾക്ക് വഴി തെളിയിക്കും. സാധാരണക്കാരന്റെ ശബ്ദം മുഴങ്ങുന്ന കോടതി മുറികളും സാധാരണക്കാരന് വേണ്ടി ന്യായത്തിന്റെ വിധി പറയുന്ന ജഡ്ജുമൊക്കെ സിനിമകളിലൂടെയെങ്കിലും നമ്മളെ ത്രസിപ്പിക്കട്ടെ.

ആകെ മൊത്തം ടോട്ടൽ = ഒരു ക്ലീൻ എന്റർടൈനർ എന്നതിനൊപ്പം ഒരു സാമൂഹ്യ വിഷയം അതിന്റെ ഗൗരവം ചോരാതെ  ചർച്ച ചെയ്ത സിനിമ. 

*വിധി മാർക്ക് = 8/10 

 ©bhadran praveen sekhar

Tuesday, August 23, 2022

തിയേറ്റർ പൊളിച്ചടുക്കുന്ന ഡബിൾ സ്ട്രോങ്ങ്‌ എനർജറ്റിക് സിനിമ !!

ഒരു അടിയിൽ തുടങ്ങി മറ്റൊരു അടിയിൽ അവസാനിച്ച് വീണ്ടും മറ്റൊരു അടിയിൽ തുടങ്ങി അങ്ങിനെ തുടർന്ന് കൊണ്ടേയിരിക്കുന്ന ഒരു അടിക്കഥ. അത് എത്രത്തോളം കളർഫുളും സ്റ്റൈലിഷും ആക്കാൻ പറ്റുമോ അതിന്റെ മാക്സിമം ആണ് 'തല്ലുമാല'.

ഒരു സിനിമക്ക് വേണ്ട കഥയുണ്ടോ എന്ന് സംശയിപ്പിക്കുന്ന ഒരു ചെറിയ പ്ലോട്ടിനെ പാട്ടും ഡാൻസും സൗഹൃദവും തമ്മിൽതല്ലുമൊക്കെ കൊണ്ട് ആഘോഷഭരിതമാക്കി മാറ്റുന്ന ഗംഭീര മെയ്കിങ് എന്ന് തന്നെ പറഞ്ഞു വക്കാം 'തല്ലുമാല'യെ.
ടോവിനോയും, ഷൈൻ ടോം ചാക്കോയും, കല്യാണിയും, ബിനു പപ്പുവും, ഗോകുലനും, ഓസ്റ്റിനും പിന്നെ സത്താറും വികാസുമൊക്കെയായി വന്നവരുമടക്കം എല്ലാവരും ഒരേ പൊളിച്ചടുക്കൽ.

കൂട്ടത്തിൽ ചങ്കിൽ കയറി കൂടിയത് ജംഷിയായി വന്ന മ്മടെ ലുഖ്മാൻ തന്നെ.. എജ്ജാതി പടപ്പാണ് ഷ്ടാ.. ചെമ്പന്റെയും സലിം കുമാറിന്റെയും ഗസ്റ്റ് അപ്പിയറൻസ് വേഷങ്ങൾക്ക് പോലും പടത്തിൽ നല്ല സ്‌പേസ് കിട്ടി.
ജിംഷി ഖാലിദിന്റെ ഛായാഗ്രഹണം, വിഷ്‌ണു വിജയുടെ സംഗീതം അതിലുമുപരി നിഷാദ് യൂസഫിന്റെ എഡിറ്റിംഗ്.. ഇത് മൂന്നും തല്ലുമാലയുടെ എടുത്തു പറയേണ്ട മികവുകളാണ്.

ആക്ഷൻ സീനുകളെല്ലാം ഒന്നിനൊന്നു മികച്ചത്.. അടിപ്പടങ്ങൾ പലതും നമ്മൾ കണ്ടിട്ടുണ്ടാകാം.. പക്ഷെ ഈ പടത്തിലെ പോലെ ഒരു അടി വേറെ കണ്ട ഓർമ്മ പോലുമില്ല. ഓരോ അടിക്കും നമ്മളെ ത്രസിപ്പിക്കുന്ന ഒരു താളമുണ്ട്..

ആ തിയേറ്ററിനുള്ളിലെയും കാറിനുള്ളിലെയുമൊക്കെ അടി. എന്റെ പൊന്നോ വേറെ ലെവൽ എക്സ്പീരിയൻസ്. തിയേറ്റർ നിന്ന് അത് കാണുമ്പോഴുണ്ടായ അതേ തരിപ്പ് കണ്ടിറങ്ങിയ ശേഷവും കൂടെ പോരുന്നു.
ആകെ മൊത്തം ടോട്ടൽ = തിയേറ്ററിൽ നിന്ന് തന്നെ കാണേണ്ട സിനിമ.

*വിധി മാർക്ക് = 8/10

-pravin-

Friday, August 19, 2022

ജീവന്റെയും മരണത്തിന്റെയും മണമുള്ള മലയൻകുഞ്ഞ്!!

ട്രെയിലറിൽ നിന്ന് തന്നെ ഊഹിച്ചെടുക്കാവുന്ന കഥയും കഥാഗതിയും ആണ് മലയൻകുഞ്ഞിന്റെത്. 

എന്നാലും അത് എങ്ങിനെ ഒരു മുഴുനീള സിനിമയാക്കി അവതരിപ്പിച്ചിരിക്കുന്നു എന്നറിയാനുള്ള കൗതുകമാണ് മലയൻകുഞ്ഞിനെ കാണാൻ പ്രേരിപ്പിക്കുക .

ഇത്തരം ജോണറുകളിൽ പല ഭാഷകളിലായി നമ്മൾ മുൻപ് കണ്ട സിനിമകളുമായൊന്നും മലയൻകുഞ്ഞിനെ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. എന്തിന് ഭരതന്റെ 'മാളൂട്ടി'യുമായോ മാത്തുക്കുട്ടി സേവ്യറിന്റെ 'ഹെലനു'മായോ പോലും അത്തരമൊരു താരതമ്യം ആവശ്യമില്ല .
ഒരേ തീമിലും ഒരേ കഥയിലും വരുന്ന സിനിമകൾ ആണെങ്കിൽ കൂടി ഒന്ന് മറ്റൊന്നിൽ നിന്ന് മാറി എങ്ങിനെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു എന്ന് നോക്കുന്നതായിരിക്കും നല്ലത്. മലയൻകുഞ്ഞിനെ അങ്ങിനെയാണ് ആസ്വദിക്കാനും സാധിക്കുക.
ആദ്യത്തെ പല സീനുകളും ഓവർ ഡീറ്റൈലിംഗ് നൽകി നീട്ടി വലിക്കുന്നതായി തോന്നിയെങ്കിലും ഒരു ഘട്ടമെത്തുമ്പോൾ സിനിമയോട് ഇഴുകി ചേരാൻ സാധിക്കുന്നുണ്ട്. മലയോര ജനതയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന സീനുകൾ കാര്യമായി ഒന്നുമില്ലെങ്കിൽ കൂടിയും സിനിമ കണ്ടു കൊണ്ടിരിക്കെ നമ്മളും അവരിൽ ഒരാളായി മാറുന്നുണ്ട് .
അനിക്കുട്ടന്റെ കഥാപാത്രത്തെ വരച്ചിടാൻ കുറച്ചധികം സമയം എടുക്കുന്നുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ ഭ്രാന്തൻ മാനസികാവസ്ഥയെ നമുക്ക് കൂടി ഉൾക്കൊള്ളാൻ സാധിച്ചതും അത് കൊണ്ട് തന്നെയല്ലേ എന്ന് ചിന്തിച്ചു പോയി .
അയാൾ ഒരിക്കലും ഒരു ജാതിവാദി ആയിരുന്നിരിക്കാൻ സാധ്യതയില്ല .. പക്ഷേ പെങ്ങളുടെ ഒളിച്ചോട്ടവും അച്ഛന്റെ തൂങ്ങി മരണവും ഒക്കെ കൂടി ചേർന്ന മനസികാഘാതങ്ങൾ അയാൾക്കുള്ളിൽ അയാൾ പോലുമറിയാതെ ജാതിവെറിയും പകയും സൃഷ്ടിക്കുന്നു ..അത് കൊണ്ട് തന്നെ ഒരേ സമയം സിനിമയിൽ ആ കഥാപാത്രം വെറുപ്പും സഹതാപവുമൊക്കെ പിടിച്ചു പറ്റുന്നുണ്ട്.
ജാഫർ ഇടുക്കിയൊക്കെ കുറച്ചു സീനിലേ ഉള്ളൂ എന്ന് പറഞ്ഞിട്ടെന്താ കിടിലൻ പെർഫോമൻസ് തന്നെ. കല്യാണ തലേന്ന് മകൾ ഒളിച്ചോടി പോയിട്ടും സമനില നഷ്ടപ്പെടാതെ അയാൾ സംസാരിക്കാൻ ശ്രമിക്കുന്നതും ചെക്കന്റെ വീട്ടുകാരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താനുള്ള അയാളുടെ ആ പോക്കും ഒടുക്കം മരക്കൊമ്പിൽ മരിച്ചു തൂങ്ങിയാടുന്നതുമൊക്കെ നെഞ്ചിൽ കനമുണ്ടാക്കുന്നു .


മരിക്കും വരെയേ ഈ ജാതിയും മതവുമൊക്കെയുള്ളൂ എന്ന തിരിച്ചറിവ് തന്റെ മകൻ അനിക്കുട്ടന് പകർന്ന് കൊടുക്കാൻ ഒരു മലവെള്ളപാച്ചിൽ വേണ്ടി വന്നു.
ഒരായുസ്സ് മുഴുവൻ മനസ്സിൽ കൊണ്ട് നടക്കാൻ തീരുമാനിച്ച ദ്വേഷ്യവും പകയും സ്വാർത്ഥതയുമൊക്കെ എത്ര പെട്ടെന്നാണ് വെള്ളത്തിനും മണ്ണിനുമിടയിൽ അലിഞ്ഞില്ലാതാകുന്നത് .
താൻ കലഹിച്ചവരും തന്നോട് കലഹിക്കാൻ വന്നവരുമൊക്കെ ഒരു പെരുമഴയിൽ പൊടുന്നനെ ഒലിച്ചു വന്ന മലയുടെ ചീഞ്ഞ മണ്ണിൽ ശ്വാസം വെടിഞ്ഞിട്ടും അനിക്കുട്ടനെ മാത്രം ബാക്കിയാക്കുന്ന വിധി വൈപരീത്യം .
പൊന്നിയുടെ കരച്ചിൽ ആണ് അനിക്കുട്ടന്റെ ഇനിയുള്ള ജീവിതത്തെ മുന്നോട്ട് നടത്തുക .. ക്ലൈമാക്സ് സീനുകളെല്ലാം ശരിക്കും കണ്ണ് നനയിച്ചു..
ഫഹദിന്റെ ഒറ്റയാൾ പ്രകടനമൊക്കെ മികച്ചു നിന്നു..ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനം തന്നെയാണ് മലയൻകുഞ്ഞിന്റെ ഹൈലൈറ്റ്.
AR റഹ്മാൻ സംഗീതം സിനിമക്ക് ഗുണം ചെയ്തതായി തോന്നിയില്ല.. പക്ഷെ പശ്ചാത്തല സംഗീതം മനസ്സ് തൊടുന്നു.. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിൽ..
ആകെ മൊത്തം ടോട്ടൽ = കുറ്റമറ്റ സിനിമാ നിർമ്മിതി അല്ല മലയൻകുഞ്ഞ്. പോരായ്മകൾ അനുഭവപ്പെടാം.. ബോധ്യപ്പെടാതെ പോകുന്ന സീനുകളും ഉണ്ടാകാം .. ഇനിയും നന്നാക്കാമായിരുന്നെന്ന് തോന്നാവുന്ന കാര്യങ്ങൾ പറയാനുമുണ്ടാകാം .. എന്നിട്ടും എന്ത് കൊണ്ടൊക്കെയോ പല കാരണങ്ങൾ കൊണ്ട് മലയൻകുഞ്ഞിനെ ഇഷ്ടപ്പെട്ടു.
*വിധി മാർക്ക് = 6.5/10

-pravin-

Tuesday, August 16, 2022

സംഭവ ബഹുലമായ ജീവിത കഥ..സത്യസന്ധമായ സിനിമാവിഷ്ക്കാരം !!


'നമ്പി നാരായണൻ' എന്ന മനുഷ്യന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിന് നൽകുന്ന ആദരവും ബഹുമാനവും സമർപ്പണവുമാണ് 'റോക്കട്രി'.

ചാരവൃത്തി കേസുമായി ബന്ധപ്പെടുത്തി കൊണ്ട് മാത്രം ചർച്ച ചെയ്യപ്പെട്ട ഒരു
മനുഷ്യന്റെ ജീവിതത്തിലെ നമ്മൾ അറിയാതെ പോയതും അറിഞ്ഞിരിക്കേണ്ടതുമായ പ്രധാനപ്പെട്ട കാര്യങ്ങളെയെല്ലാം തികഞ്ഞ സത്യസന്ധതയോടെ സിനിമയിലേക്ക് പകർത്തിയെടുക്കുന്നതിനൊപ്പം സംഭവ ബഹുലമായ അദ്ദേഹത്തിന്റെ ജീവിത മുഹൂർത്തങ്ങളെ സമയബന്ധിതമായി പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'റോക്കട്രി' മികച്ചു നിൽക്കുന്നത്.

ഒരു സിനിമയുടെ ക്ലിപ്ത ദൈർഘ്യത്തിൽ ഒതുക്കി പറയാവുന്ന ജീവിതമല്ല നമ്പി നാരായണന്റേത് എന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചെയ്യാൻ തീരുമാനിച്ച മാധവനെ അഭിനന്ദിക്കാതെ പാകമില്ല. കൃത്യമായ പഠന വിവരണങ്ങളിലൂടെ ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിക്കപ്പെട്ട ചുരുക്കം ബയോപിക് സിനിമകളിൽ ഒന്ന് കൂടിയായി മാറുന്നു 'റോക്കട്രി'.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളായി നമ്പി നാരായണൻ എങ്ങിനെ വിശേഷിപ്പിക്കപ്പെടാം എന്നതിന്റെ ദൃശ്യ വിവരണങ്ങൾ ഒരു ഭാഗത്ത് അഭിമാനകരമായ് അവതരിപ്പിക്കപ്പെടുമ്പോഴും അദ്ദേഹത്തെ പോലുള്ള ഒരാളുടെ ജീവിതത്തിൽ അകാരണമായി സംഭവിക്കുന്ന അനിഷ്ടങ്ങളും അത് മൂലം അദ്ദേഹം അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും ശാരീരിക പീഡനങ്ങളുമൊക്കെ സ്‌ക്രീൻ കാഴ്ചക്കപ്പുറം നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നുണ്ട് .

തനിക്ക് കിട്ടിയ അതിഥി വേഷത്തിന്റെ ദൗത്യത്തെ ഗംഭീരമായി തന്നെ അവതരിപ്പിക്കാൻ സൂര്യക്ക് സാധിച്ചിട്ടുണ്ട്. ഒരു നായയെ തല്ലിക്കൊല്ലണം എന്ന് തീരുമാനിച്ചു കഴിഞ്ഞാൽ അതിന് പേ ഉണ്ടെന്ന് വെറുതേ വിളിച്ചു പറഞ്ഞാൽ മതി എന്ന പോലെ ഒരാളെ എല്ലാ തരത്തിലും ഇല്ലാതാക്കാൻ രാജ്യദ്രോഹിയെന്ന മുദ്ര കുത്തൽ തന്നെ ധാരാളം എന്ന് സൂര്യ പറയുമ്പോൾ അത് വാസ്തവമെന്നല്ലാതെ ഒന്നും പറയാനില്ല.

പേരും പ്രശസ്തിയും ഒന്നുമില്ലാത്ത എത്രയെത്ര നിരപരാധികൾ ഇതേ രാജ്യദ്രോഹ കുറ്റങ്ങളുടെ പേരിൽ കൊല്ലപ്പെടുകയും ജയിലിൽ അകപ്പെടുകയും ചെയ്തിട്ടുണ്ട് . അതിൽ എത്ര പേർ നിരപരാധിയെന്ന വിധിയും സമ്പാദിച്ച് പുറം ലോകം കാണുകയും ജീവിതം തിരിച്ചു പിടിക്കുകയും ചെയ്തിട്ടുണ്ട് . ഒരാൾ നിരപരാധി ആണെങ്കിൽ തെറ്റ് ചെയ്ത മറ്റൊരാൾ കൂടി ഉണ്ടാകുമല്ലോ അയാൾ ആരാണ് എന്ന് കണ്ടെത്തപ്പെടുന്നുണ്ടോ ?

നമ്പി നാരായണന്റെ ജീവിത കഥയാണ് 'റോക്കട്രി' പറയുന്നതെങ്കിലും ഇത് നമ്പി നാരായണന്റെ മാത്രം ജീവിത കഥയല്ല എന്ന് ഒരുപാട് ചോദ്യങ്ങളിലൂടെ പറഞ്ഞു വക്കുകയാണ് സിനിമ .

സിനിമാറ്റിക് ആയി തന്നെ കാണാവുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ ചില സംഭവ വികാസങ്ങളും ഇമോഷണൽ സീനുകളും അതിനൊത്ത പശ്ചാത്തല സംഗീതവും മാധവന്റെ പ്രകടനവുമൊക്കെ കൂടി ചേർന്നപ്പോൾ 'റോക്കട്രി' ഒരു വേറിട്ട ബയോപിക് സിനിമസ്വാദനം സമ്മാനിക്കുന്നുണ്ട്.


ക്ലൈമാക്സ് സീനുകളിൽ പൊടുന്നനെ മാധവനു പകരം സൂര്യക്കൊപ്പം യഥാർത്ഥ നമ്പി നാരായണൻ പ്രത്യക്ഷപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ശരീര ഭാഷയിലും സംസാരത്തിലുമൊക്കെ നമ്മൾ മാധവനെ അറിയാതെ തിരഞ്ഞു നോക്കും. മാധവന്റെ സ്‌ക്രീൻ അപ്പിയറൻസും അഭിനയവുമൊക്കെ നമ്പി നാരായണനോട് അത്ര മാത്രം നീതി പുലർത്തി കാണാം.

നമ്പി നാരായണനോട് സൂര്യ പറയുന്ന മാപ്പ്. അതൊരു ജനതയുടേതാണ്. ചെയ്യാത്ത തെറ്റിന് വർഷങ്ങളോളം ക്രൂശിക്കപ്പെട്ടപ്പോഴും പീഡിപ്പിക്കപ്പെട്ടപ്പോഴും ദുഃഖത്തോടെയെങ്കിലും തല ഉയർത്തി തന്നെ നിന്ന നമ്പി നാരായണനെ ഒരു സിനിമയിലൂടെ കണ്ടറിയേണ്ടി വന്നത് ഒരർത്ഥത്തിൽ ഗതികേട് കൂടിയാണ്. ഈ സിനിമ കാണാതെ പോകുന്നത് പോലും ഒരു നീതി കേടാണ് എന്ന് പറയേണ്ടി വരുന്നു.

* വിധി മാർക്ക് = 9/10

-pravin-

Monday, August 8, 2022

മനസ്സ് തൊടുന്ന 'വെയിൽ' !!


പ്രതീക്ഷകളോ മുൻവിധികളോ ഒന്നുമില്ലാതെയാണ് 'വെയിൽ' കണ്ടു തുടങ്ങിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ സിനിമയിലേക്ക് ഇഴുകി ചേർന്നു പോയി.

ഒറ്റ നോട്ടത്തിൽ ഒരു പ്ലസ് ടു പ്രണയ കഥയെന്ന് തോന്നിച്ച തുടക്കത്തിൽ നിന്ന് പതിയെ പിരിമുറുക്കമുള്ള ഒരു കുടുംബ കഥയായി പരിണമിക്കുകയാണ് 'വെയിൽ'.
കൈ വിട്ടു പോകുന്ന ജീവിതത്തെ തിരിച്ചു പിടിക്കാൻ പോലുമാകാത്ത മാനസികാവസ്ഥയിൽ എത്തി ചേരുന്ന ഷൈൻ നിഗത്തിന്റെ സിദ്ധാർഥിനെ കാണുമ്പോൾ മനസ്സിലെവിടെയോ സേതുമാധവന്റെ ഓർമ്മകൾ എത്തി.
ജീവിതത്തോട് പൊരുതി പോരാടി രണ്ട് മക്കളെയും പോറ്റി വളർത്തുന്ന ശ്രീരേഖയുടെ അമ്മ കഥാപാത്രം നമുക്ക് ചുറ്റുമുള്ള ആരുടെയൊക്കെയോ ജീവിതമായി തന്നെ അനുഭവപ്പെടുന്നു.
ഷൈൻ നിഗത്തിന്റെ കഥാപാത്രത്തിന്റെ ഭാഷാ ശൈലി കഥ നടക്കുന്ന സ്ഥലവുമായോ സഹ കഥാപാത്രങ്ങളുടെ സംസാര ശൈലിയുമായോ ഒത്തു പോകാതെ തന്റെ മുൻകാല സിനിമകളിലെ മട്ടാഞ്ചേരിയൻ കഥാപാത്രങ്ങളുടെ തുടർച്ച പോലെ തോന്നിച്ചു എന്നതൊഴിച്ചാൽ സിനിമയിൽ എല്ലായിടത്തും ഷൈൻ നിഗത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു.
സിദ്ധാർഥിന്റെ മാനസികവിചാരങ്ങളും പിരിമുറുക്കങ്ങളും നിഷ്‌ക്രിയത്വവും അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെയൊക്കെ സൂക്ഷ്മതയോടെ തന്നെ അവതരിപ്പിക്കുന്നു ഷൈൻ നിഗം.
സിദ്ധാർഥ്-കാർത്തിക് സഹോദരങ്ങളുടെ വ്യക്തിത്വങ്ങൾ രണ്ട് ധ്രുവങ്ങളിലെന്ന പോലെ വ്യത്യാസപ്പെട്ടു കാണുമ്പോഴും അവർക്കിടയിലുള്ള സാഹോദര്യത്തിന്റെ ആഴം നമ്മൾ അനുഭവിക്കുന്നു പല സീനുകളിലും. അത് കൊണ്ട് തന്നെ അവരുടെ സ്നേഹവും അകൽച്ചയും ഒരു പോലെ മനസ്സ് തൊടുന്നുമുണ്ട്.
അമ്മയും മക്കളും തമ്മിലുള്ള വൈകാരിക രംഗങ്ങളൊക്കെ 'വെയിലി'ലെ മികച്ച രംഗങ്ങൾ ആയി തന്നെ വിലയിരുത്താൻ സാധിക്കും.


ഷൈൻ നിഗത്തിന്റെയും ശ്രീ രേഖയുടെയും സെയ്ദ് ഇമ്രാൻറെയുമൊക്കെ മികച്ച പ്രകടനങ്ങളും , പ്രദീപ് കുമാറിന്റെ ഹൃദ്യമായ സംഗീതവും , ഷാസ് മുഹമ്മദിന്റെ ഛായാഗ്രഹണവുമൊക്കെ വെയിലിന്റെ തിളക്കം കൂട്ടി. സഹനടന്മാരുടെ വേഷത്തിൽ ജെയിംസ് ഏലിയയുടെ ബേബി മാത്യുവും പ്രകടനം കൊണ്ട് വേറിട്ട് നിന്നു.
സൗഹൃദവും പ്രണയവും കുടുംബവുമൊക്കെ ഇഴ ചേർന്ന് കിടക്കുന്ന ഇങ്ങിനെയൊരു നല്ല സിനിമ ഒരു കാര്യവുമില്ലാത്ത തർക്കങ്ങളിൽ കുരുങ്ങി കിടന്നത് ദുഖകരമായ കാര്യമാണ് .
ഷൈൻ നിഗവും നിർമ്മാതാവും തമ്മിലുണ്ടായ പ്രശ്നങ്ങൾ എന്ത് തന്നെയായിരുന്നെങ്കിലും അത് ഈ സിനിമയെ ബാധിക്കാൻ പാടില്ലായിരുന്നു. ശരത് മേനോന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുന്നു.

ആകെ മൊത്തം ടോട്ടൽ = മനസ്സ് തൊടുന്ന ഒരു കുഞ്ഞു മനോഹര സിനിമ.

*വിധി മാർക്ക് = 7.5/10

-pravin-