Monday, August 24, 2020

ത്രില്ലടിപ്പിക്കാത്ത ഒരു പോലീസ് കഥ !

ബോംബെ അധോലകത്തിന്റെ പശ്ചാത്തലത്തിൽ ക്രിമിനലുകളെ ഹീറോവത്ക്കരിച്ചു കൊണ്ട് കഥ പറഞ്ഞ സിനിമകൾ ബോളിവുഡിൽ ലാഭം കൊയ്തപ്പോൾ ശോഭ് രാജ്, കരിം ലാല , ചോട്ടാ ഷക്കീൽ , ഹാജി മസ്താൻ , ദാവൂദ് ഇബ്രാഹിം, വരദരാജൻ മുതലിയാർ തൊട്ടുള്ള പല അധോലോക നേതാക്കൾക്കും സിനിമാക്കാരേക്കാൾ വലിയ ഹീറോ പരിവേഷം കിട്ടുകയുണ്ടായിട്ടുണ്ട്.

2000 കാലത്തിങ്ങോട്ടുള്ള പല ബോളിവുഡ് അധോലോക സിനിമകൾക്കും റഫറൻസ് ആയിട്ടുള്ളത് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഹുസൈൻ സെയ്ദിയുടെ പുസ്തകങ്ങളാണ്. അതുൽ സഭർവാളിന്റെ 'Class of 83' യാണ് അക്കൂട്ടത്തിൽ ഏറ്റവും അവസാനത്തേത്.

ബോംബെ അധോലോകവും പോലീസ് - ഗ്യാങ്‌സ്റ്റർ പോരാട്ടങ്ങളും നിരവധി തവണ പ്രമേയവത്ക്കരിക്കപ്പെട്ടതെങ്കിലും ബോളിവുഡിൽ അത്തരം സിനിമകൾക്ക് അവതരണപരമായ സാധ്യതകൾ എന്നുമുണ്ട് .

ഏത് ആംഗിളിൽ നിന്ന് കൊണ്ട് കഥ പറയുന്നുവോ അതിനനുസരിച്ച് പോലീസിനും അധോലോക നേതാക്കൾക്കും ഹീറോ പരിവേഷം മാറിമാറി കിട്ടി കൊണ്ടിരിക്കും. 'Class of 83' യിൽ ക്രിമിനലുകളെ എൻകൗണ്ടർ ചെയ്യുന്ന ബോംബെ പോലീസിനാണ് നായക പ്രതിഷ്ഠ.

വ്യക്തിജീവിതത്തിലെ തകർച്ചയും ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികളുമൊക്കെയായി മുന്നോട്ട് പോകുന്ന പോലീസ് കഥാപാത്രങ്ങൾ കണ്ടു മടുത്തത് തന്നെയെങ്കിലും ബോബി ഡിയോളിനെ സംബന്ധിച്ച് വിജയ് സിംഗ് ഒരു വേറിട്ട കഥാപാത്രവും മെയ്ക് ഓവറുമായിരുന്നു. പക്ഷേ അപ്പോഴും ആ കഥാപാത്രത്തിന് നിറഞ്ഞാടാൻ പാകത്തിൽ കാര്യമായൊന്നും സിനിമയിൽ ഇല്ലാതെ പോയി. പുതുമുഖങ്ങളുടെ കാര്യവും ഏറെക്കുറെ അതേ അവസ്ഥ തന്നെ.

80 കളുടെ തുടക്കത്തിലെ ബോംബെ അധോലകവും, ലോ ആൻഡ് ഓർഡർ സിസ്റ്റവുമൊക്കെ പ്രധാന ഘടകങ്ങളായി വരുന്ന കഥയായിട്ടും അതിനൊത്ത ഒരു തിരക്കഥയോ, അവതരണപരമായ ത്രില്ലോ നൽകാൻ 'ക്ലാസ്സ് ഓഫ് 83' ക്ക് സാധിച്ചില്ല.

ആകെ മൊത്തം ടോട്ടൽ = പ്രമേയപരമായ പുതുമക്കൊന്നും സാധ്യതയില്ലാത്ത ഒരു കഥയെ സിനിമയാക്കുമ്പോൾ അത് പാളിപ്പോകാൻ എളുപ്പമാണ്. 'Class of 83' യ്ക്ക് സംഭവിച്ചതും അത് തന്നെയാണ്. ട്രെയ്‌ലർ തന്ന പ്രതീക്ഷയെ പോലും തകിടം മറിച്ച ഒരു സിനിമ എന്ന് പറയേണ്ടി വരുന്നു.

*വിധി മാർക്ക് = 4/10 

-pravin-

Tuesday, August 18, 2020

പാറിപ്പറന്ന പെൺ ശൗര്യത്തിന്റെ കഥ !!

കാർഗിൽ യുദ്ധ കാലത്ത് തീർത്തും നിർണ്ണായകമായ സാഹചര്യങ്ങളിൽ ഇന്ത്യൻ സൈന്യത്തെ സഹായിച്ച, ഇന്ത്യൻ സൈന്യത്തിന്റെ വിജയത്തിൽ പോലും പ്രധാന പങ്കു വഹിച്ച പെൺ കരുത്തായിരുന്നു ഗുഞ്ചൻ സക്‌സേന.

കാർഗിൽ യുദ്ധത്തിന്റെ ഭാഗമായ ഏക വനിതയും ഏക വ്യോമസേനാ ഉദ്യോഗസ്ഥയും അവർ തന്നെ. പരിക്കേറ്റവരും മരണപ്പെട്ടവരുമായ തൊള്ളായിരത്തോളം ഇന്ത്യൻ സൈനികരെ ഹെലികോപ്റ്ററിൽ യഥാ സ്ഥലത്ത് എത്തിക്കാൻ അവർക്ക് സാധിച്ചു.

ശത്രുക്കളുടെ മുന്നേറ്റം നിരീക്ഷിക്കുകയും അതാത് സമയത്ത് ഇന്ത്യൻ സൈന്യത്തിന് വേണ്ട വിവരങ്ങൾ കൈമാറുകയും ചെയ്തു കൊണ്ട് യുദ്ധ മുഖത്ത് ഹെലികോപ്റ്ററിൽ പാറിപ്പറന്നു നടന്ന IAF ഓഫിസർ ഗുഞ്ചൻ സക്‌സേനക്ക് അന്ന് പ്രായം വെറും ഇരുപത്തി നാല്.

Kargil Girl എന്ന പേരിൽ അറിയപ്പെട്ട ഗുഞ്ചൻ സക്സേനയെ രാജ്യം പിന്നീട് ശൗര്യ ചക്ര അവാർഡ് നൽകി ആദരിച്ചു.

ഇതേ കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് 'ഗുഞ്ചൻ സക്സേന' സിനിമ തുടങ്ങുന്നതെങ്കിലും ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഒരു യുദ്ധ സിനിമയല്ല. പക്ഷേ തീർച്ചയായും ഒരു പോരാട്ടത്തിന്റെ കഥയാണ്. ആണധികാര വ്യവസ്ഥിതികളോടും പൊതു ബോധങ്ങളോടുമൊക്കെയുള്ള ഒരു പെണ്ണിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥ.

പൈലറ്റാകാൻ സ്വപ്നം കാണുന്ന കുഞ്ഞു ഗുഞ്ചനെ നോക്കി പെണ്ണുങ്ങൾ ഒരിക്കലും പൈലറ്റാകില്ല എന്ന് പറഞ്ഞു സഹോദരൻ കളിയാക്കുന്നുണ്ട്. വിമാനം പറത്തുന്നവർ ആൺ പെൺ ഭേദമില്ലാതെ പൈലറ്റ് എന്ന ഒരേ പേരിലാണ് അറിയപ്പെടുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് അവർക്കിടയിലുണ്ടാകുന്ന ആ തർക്കത്തിൽ അച്ഛൻ ഇടപെടുന്നത്.

പൈലറ്റാകാനുളള സ്വപ്നം ഗുഞ്ചന്റെ തന്നെയെങ്കിലും ആ സ്വപ്ന സാക്ഷാത്ക്കാരത്തിന് വേണ്ടി അവളെ പറക്കാൻ പ്രേരിപ്പിക്കുന്നതും തളരുമ്പോഴൊക്കെ ശക്തി പകരുന്നതും അച്ഛൻ അനൂപ് സക്സേനയാണ്.

അങ്ങിനെ നോക്കുമ്പോൾ ഈ സിനിമ ഗുഞ്ചൻ സക്സേനയുടെ മാത്രമല്ല അനൂപ് സക്‌സേന എന്ന അച്ഛന്റെ കൂടിയാണ്. അനൂപ് സക്‌സേനയെന്ന അച്ഛനെ അതി വൈകാരികതകളില്ലാതെ നിയന്ത്രിത ഭാവ ചലനങ്ങൾ കൊണ്ട് മികവുറ്റതാക്കി പങ്കജ് ത്രിപാഠി.

ഗുഞ്ചൻ സക്സേനയെ പൂർണ്ണമായും അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നതിൽ ജാൻവി കപൂറിന് പരിമിതികൾ ഉള്ളതായി പല സീനുകളിലും അനുഭവപ്പെടുമെങ്കിലും രണ്ടു മൂന്നു സിനിമകൾ കൊണ്ട് തന്നെ കരിയറിന്റെ ഗ്രാഫിൽ ഉയർച്ച നേടാൻ ജാൻവിക്ക് സാധിച്ചിട്ടുണ്ട്. ഗുഞ്ചൻ സക്‌സേന ആ ഉയർച്ചയെ അടയാളപ്പെടുത്താൻ സഹായിച്ചു എന്ന് തന്നെ പറയാം.

ആകെ മൊത്തം ടോട്ടൽ = കുറ്റമറ്റ ബയോപിക് സിനിമയല്ലെങ്കിലും കണ്ടു നോക്കേണ്ട പടം തന്നെയാണ് 'ഗുഞ്ചൻ സക്‌സേന'. പറക്കാൻ ആഗ്രഹിക്കുന്ന പെൺ മനസ്സുകളോടുള്ള ഒരു ഐക്യദാർഢ്യം പ്രഖ്യാപ്പിക്കല് കൂടിയാണ് ഈ സിനിമ കാണൽ. 

*വിധി മാർക്ക് = 7/10 

-pravin-

Wednesday, August 12, 2020

വിദ്യാ ബാലൻ ഷോയിൽ ഒതുങ്ങിപ്പോയ 'ശകുന്തളാ ദേവി' !

ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലാതെ ഗണിത ശാസ്ത്രത്തിൽ അത്ഭുതകരമായ കഴിവുകൾ വെളിപ്പെടുത്തിയ സ്ത്രീ വ്യക്തിത്വമായിരുന്നു ശകുന്തളാ ദേവി.

ആറാം വയസ്സ് തൊട്ട് അക്കങ്ങളുടെയും സംഖ്യകളുടെയും കളിത്തോഴിയായവൾ പിന്നീട് എൺപതുകളുടെ തുടക്കത്തിൽ ഗിന്നസ് ബുക്കിൽ കയറി പറ്റിയ അത്ഭുത സ്ത്രീയായി മാറി.

ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾക്കപ്പുറം തന്റേതായ നിലപാടുകളും ചിന്തകളും കൊണ്ടുമൊക്കെ സാമൂഹികമായ ഇടപെടൽ നടത്തിയിരുന്ന ഒരാള് കൂടിയായിരുന്നു ശകുന്തളാ ദേവി.

Homosexuality യെ കുറിച്ച് ഇന്ന് ഇന്ത്യയിൽ എന്തെങ്കിലും ചർച്ച നടന്നിട്ടുണ്ടെങ്കിൽ അതിനുള്ള പഠനങ്ങൾക്ക് വേണ്ട സാധ്യത ഒരുക്കിയത് അക്കാലത്ത് അവരെഴുതിയ 'World of Homosexuals' എന്ന പുസ്തകമായിരുന്നു.

Human Computer എന്ന വിളിപ്പേരിൽ ലോകമാകെ അറിയപ്പെട്ട ഇന്ത്യക്കാരിയുടെ സംഭവ ബഹുലമായ ജീവിത കഥ സിനിമയാകുമ്പോൾ പ്രതീക്ഷകളേറെയായിരുന്നു. പക്ഷേ ടിപ്പിക്കൽ ബോളിവുഡ് ബയോപിക് സിനിമകളുടെ പരിമിതികളും പോരായ്മാകളും ആവർത്തിച്ച ഒരു സാധാരണ സിനിമയായി ഒതുങ്ങി പോയി അരുൺ മേനോന്റെ ' ശകുന്തളാ ദേവി'.

ശകുന്തളാ ദേവി എന്ന പ്രതിഭാസത്തെ സിനിമയാക്കേണ്ടതിന് പകരം ശകുന്തളാ ദേവി എന്ന അമ്മയുടെ കഥയാണ് സിനിമക്കാധാരമായത് എന്ന് പറയാം. അമ്മയുടെ കഥ എന്ന് തോന്നിത്തുടങ്ങുന്ന അതേ സമയത്ത് തന്നെ ശകുന്തളാദേവിയുടെ മകളുടെ സിനിമ എന്ന നിലക്ക് കഥ വീണ്ടും മാറുന്നു.

അമ്മയ്ക്കും മകൾക്കും ഇടയിൽ നടക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ കഥ മാറി മാറി പറയുമ്പോൾ നഷ്ടപ്പെട്ടത് സംഭവബഹുലമായ ഒരു ജീവിത കഥയുടെ ആത്മാവാണ് എന്ന് സംവിധായകൻ തിരിച്ചറിഞ്ഞില്ല.

ആകെ മൊത്തം ടോട്ടൽ = ശകുന്തളാ ദേവിക്ക് സമർപ്പണമാകേണ്ടിയിരുന്ന സിനിമ അതിനൊത്ത നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിലും ശകുന്തളാ ദേവിയായി വിദ്യാ ബാലൻ നിറഞ്ഞാടി. ആ വിദ്യാ ബാലൻ ഷോ മാത്രമാണ് 'ശകുന്തളാ ദേവി' യെ കണ്ടിരിക്കാവുന്ന സിനിമയാക്കി മാറ്റിയതും എന്ന് പറയാം.

*വിധി മാർക്ക് = 5/10

-pravin- 

Tuesday, August 4, 2020

Raat Akeli Hai - ദുരൂഹതകളും അന്വേഷണങ്ങളും !!


രാത്രിയിൽ വിജനമായ വഴിയിൽ വച്ച് നടക്കുന്ന ക്രൂരമായ ഒരു കൊലപാതകം കാണിച്ചു കൊണ്ടാണ് സിനിമയുടെ ടൈറ്റിൽ തെളിയുന്നത്. അഞ്ചു വർഷങ്ങൾക്ക് ശേഷം കഥ മറ്റൊരിടത്ത് വച്ച് വീണ്ടും പറഞ്ഞു തുടങ്ങുമ്പോൾ അവിടെയും ദുരൂഹമായ മറ്റൊരു കൊലപാതകം ആവർത്തിക്കുകയാണ്.

ഭാര്യ മരിച്ച ശേഷം രണ്ടാമത് വിവാഹം കഴിച്ച പ്രമാണിയും ധനികനുമായ വൃദ്ധനെ അതേ രാത്രിയിൽ സ്വന്തം ഹവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയാണ്. മണവാട്ടി പെണ്ണടക്കം ആ വീട്ടിലുളള എല്ലാവരും ഒരു പോലെ സംശയത്തിന്റെ നിഴലിലാണ്. വൃദ്ധൻ മരിച്ചതുമായി ബന്ധപ്പെട്ട് വീട്ടിലുള്ള ആർക്കും ഒരു സങ്കടവുമില്ല എന്ന് മാത്രമല്ല പല കാരണങ്ങളാൽ എല്ലാവർക്കും ആ വൃദ്ധൻ ശത്രുവുമായിരുന്നു എന്നതാണ് ശ്രദ്ധേയം .

ആരാണ് കൊലപാതകി എന്ന അന്വേഷണവുമായി ഇൻസ്‌പെക്ടർ ജതിൽ യാദവ് മുന്നോട്ട് പോകും തോറും കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്. അന്വേഷണത്തിനിടക്ക് അയാൾ നേരിടുന്ന വ്യക്തിപരവും ഔദ്യോഗികരവുമായ വെല്ലുവിളികളും തുടർന്നുണ്ടാകുന്ന ട്വിസ്റ്റുകളുമൊക്കെ കാഴ്ചക്കാരന് ഊഹിക്കാൻ പറ്റാത്ത തരത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ.

യു,പി യുടെ കഥാപാശ്ചാത്തലവും രാത്രി കാല അന്വേഷണവും യാത്രകളുമൊക്കെ സിനിമക്ക് അനുയോജ്യമായ ദുരൂഹതയുടെ ഒരു മൂഡ് ഉണ്ടാക്കിയെടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. പങ്കജ് കുമാറിന്റെ ഛായാഗ്രഹണം ആ തലത്തിൽ സിനിമക്ക് മികച്ച പിന്തുണ നൽകി.

തുടക്കം മുതൽ ഒടുക്കം വരെ കൊലയാളി ആരെന്ന് നിഗമിക്കാൻ പറ്റാത്ത തരത്തിലുള്ള ട്വിസ്റ്റുകളിലൂടെ സസ്പെന്സിലേക്കുള്ള ദൈർഘ്യത്തെ ഗംഭീരമായി ക്രമീകരിച്ചിട്ടുണ്ട്. ലാഗ് ഉണ്ടായി പോകുമായിരുന്ന സീനുകളിലൊക്കെ തന്നെ അന്വേഷണാത്മകത നഷ്ടപ്പെടാതിരിക്കാൻ നന്നായി തന്നെ ശ്രമിച്ചിട്ടുണ്ട് സംവിധായകൻ ഹണി ട്രെഹാൻ.

അത് കൊണ്ടൊക്കെ തന്നെയാണ് താരതമ്യേന മറ്റു ക്രൈം ത്രില്ലർ സിനിമകളുടെ വേഗമില്ലാതെ കഥ പറഞ്ഞിട്ടും 'രാത് അകേലി ഹേ' വേറിട്ടൊരു ത്രില്ലർ സിനിമയുടെ ആസ്വാദനം തരുന്നതും.

'രാത് അകേലീ ഹേ' എന്ന പേര് ഈ സിനിമക്ക് വെറുതെ ഇട്ടതല്ല. 'രാത്രി'ക്ക് അത്ര മാത്രം റോളുണ്ട് ഈ സിനിമയിൽ. 'രാത്രി'യാണ് രണ്ടു കൊലപാതകങ്ങളുടെയും ഏക സാക്ഷി. രാത്രിയുടെ ഏകാന്തതയും ദുരൂഹതയുമൊക്കെ ഈ സിനിമക്ക് കൊടുക്കുന്ന ഭംഗിയും  വലുതാണ്.  

ആകെ മൊത്തം ടോട്ടൽ = പതിഞ്ഞ താളത്തിൽ ഒരു വേറിട്ട ത്രില്ലർ. നവാസുദ്ധീൻ സിദ്ധീഖി..ഒന്നും പറയാനില്ല ഗംഭീരം എന്നല്ലാതെ. ഇൻസ്‌പെക്ടർ ജതിൽ യാദവായി സിനിമ മുഴുവൻ നിറഞ്ഞാടി. 

*വിധി മാർക്ക് = 8/10 

-pravin-