Thursday, November 26, 2015

മൊയ്തീനും കാഞ്ചനയും - ജീവിതത്തിലും സിനിമയിലും

ഒരാൾക്ക് ഒരാളോട് പ്രണയം തോന്നുക സ്വാഭാവികമാണ്. ആരെ പ്രണയിച്ചു എങ്ങിനെ പ്രണയിച്ചു ഒടുക്കം എന്തായി എന്നത് മാത്രമാണ് ഒരാളുടെ പ്രണയത്തെ കുറിച്ച് കേൾക്കുമ്പോൾ നമുക്ക് ചോദിക്കേണ്ടി വരുക. അതിനപ്പുറം ചോദിക്കാനുള്ള ചോദ്യങ്ങൾ സമ്മാനിക്കുന്ന പ്രണയ കഥകൾ നമ്മൾ കേട്ടിട്ടില്ല എന്ന് പറയുന്നതാകും ഉചിതം. എന്നാൽ മൊയ്തീന്റെയും കാഞ്ചന മാലയുടെയും പ്രണയ കഥ കേൾക്കും തോറും ചോദ്യങ്ങൾ കൂടും. ഉത്തരങ്ങൾ അറിയും തോറും നമ്മുടെ അതിശയവും. 'എന്ന് നിന്റെ മൊയ്തീൻ' സിനിമ കണ്ടു കൊണ്ട് മാത്രം അവരുടെ ജീവിതത്തെയും പ്രണയത്തേയും ചർച്ച ചെയ്യുന്നതിൽ അപാകതയുണ്ട് എന്നതിനാൽ ഈ സിനിമ സത്യത്തിൽ അവരുടെ യഥാർത്ഥ ജീവിതത്തത്തെ കുറിച്ചുള്ള സമഗ്രമായ ഒരു അന്വേഷണത്തിലേക്കാണ് ഓരോ പ്രേക്ഷകനേയും ക്ഷണിക്കുന്നത്. സിനിമ കണ്ട ശേഷം എത്ര പേർ അവരെ കുറിച്ച് സത്യസന്ധമായി അന്വേഷിച്ചു കാണും എന്നത് മനസ്സിൽ തോന്നിയ ഒരു ചോദ്യവുമായിരുന്നു. 

എന്ന് നിന്റെ മൊയ്തീൻ സിനിമയുടെ പ്രാരംഭ ചർച്ചകൾ നടക്കുന്ന കാലത്താണ് മൊയ്തീൻ -കാഞ്ചന പ്രണയ കഥ കേരളം മുഴുവൻ ചർച്ചയാകുന്നതും അവരുടെ ജീവിതം ഇപ്പോഴും വാർത്താ പ്രസക്തമെന്ന് പല മുഖ്യാധാരാ മാധ്യമങ്ങൾ തിരിച്ചറിഞ്ഞതും. വർഷങ്ങൾക്ക് മുന്നേ തന്നെ കാഞ്ചന മാലയുടെ ജീവിതം പലരും വാർത്തയായും ഡോക്യുമെന്ററിയായും പകർത്തിയിട്ടുണ്ടെങ്കിലും അന്നൊന്നും അതിന് കിട്ടാതിരുന്ന ജനശ്രദ്ധ ഇപ്പോൾ സിനിമയിലൂടെ കിട്ടി എന്നത് സിനിമ എന്ന മാധ്യമത്തിന്റെ ജനസ്വീകാര്യതയാണ് വെളിപ്പെടുത്തുന്നത്. കേവലം ഒരു സിനിമയിലൂടെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്നതല്ല മൊയ്തീന്റെയും കാഞ്ചന മാലയുടേയും പ്രണയ കഥയും ജീവിതവും എന്നറിയാമായിരുന്നിട്ടും അവരെ അഭ്രപാളിയിലേക്ക് എത്തിക്കാൻ R. S വിമൽ കാണിച്ച ശ്രമത്തെ ധീരമായ ഒരു എടുത്ത് ചാട്ടമായാണ് വിശേഷിപ്പിക്കാൻ തോന്നുന്നത്. കൽപ്പിത കഥകളിലെ കഥാപാത്രങ്ങളുടെ വിശുദ്ധ പ്രണയത്തെ ദൃശ്യവത്ക്കരിക്കുന്ന പോലെയല്ല ചരിത്രത്തിലെ ഒരു വ്യക്തിയുടെയോ ജീവിച്ചിരിക്കുന്ന ഒരാളുടെയോ സംഭവ ബഹുലമായ ജീവിതത്തെയോ പ്രണയത്തെയോ സിനിമയാക്കി പരിണാമപ്പെടുത്തുമ്പോഴുള്ള വെല്ലുവിളികൾ. കഥാപാത്രങ്ങൾ ജീവിച്ച പശ്ചാത്തലം, കാലഘട്ടം അന്നത്തെ ജീവിത രീതികൾ അവരുടെ സാമൂഹ്യ ഇടപെടലുകൾ എന്ന് തുടങ്ങീ കാര്യങ്ങൾ സത്യസന്ധമായും യാഥാർത്ഥ്യബോധത്തോടെയും അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇത്തരം സിനിമകളിൽ കൂടുതലുമാണ്. 

ഒരു സാധാരണ ജീവിതത്തെ എത്ര മാത്രം സിനിമാറ്റിക് ആയി അവതരിപ്പിക്കാൻ സാധിക്കുമോ അത്രത്തോളം സിനിമാറ്റിക് ആയി തന്നെ അവതരിപ്പിച്ചാലേ ആ സിനിമക്ക് ജീവനുണ്ടാകൂ എന്നാൽ മാത്രമേ ആ സിനിമക്ക് പ്രേക്ഷകരെ സ്വാധീനിക്കാൻ സാധിക്കൂ എന്നൊക്കെയുള്ള സിനിമാ ചിന്തകൾ കാത്തു സൂക്ഷിക്കുന്നവർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് മൊയ്തീൻ - കാഞ്ചനമാല ജീവിതം. എന്തെന്നാൽ അവരുടെ ജീവിതമേ സിനിമാറ്റിക് ആണ്. അത്രമാത്രം സിനിമാറ്റിക് ആയ ഒരു ജീവിതത്തെ സിനിമയാക്കുമ്പോൾ സംവിധായകന് സിനിമയോടോ അവരുടെ ജീവിതത്തോടോ പൂർണ്ണമായും നീതി കാണിക്കാൻ സാധിക്കാതെ പോയേക്കാം. ഇവിടെ R.S വിമലിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയും അത് തന്നെ. രണ്ടര രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യം നീളമുള്ള ഒരു സിനിമയിൽ എന്തൊക്കെ ഉൾക്കൊള്ളിക്കണം എന്തൊക്കെ ഒഴിവാക്കണം എന്തൊക്കെ യാഥാർത്ഥ്യത്തിൽ നിന്നും മാറ്റി മറച്ച് അവതരിപ്പിക്കണം ഇതെല്ലാം എങ്ങിനെ ഏതു വിധത്തിലൊക്കെ അവതരിപ്പിക്കാം എന്നതിന്റെ സാധ്യതകൾ അന്വേഷിക്കുക തന്നെയാകാം സംവിധായകൻ ആദ്യം ചെയ്തത്. മൊയ്തീനും കാഞ്ചനയും ജീവിച്ച നാട്, അവരുടെ കുടുംബ പശ്ചാത്തലം, നാട്ടിലെ ആചാരാനുഷ്ഠാനങ്ങൾ, രാഷ്ട്രീയ സാംസ്ക്കാരിക മുന്നേറ്റങ്ങൾ, സാമൂഹിക വ്യവസ്ഥിതി എന്നിവ ചില ചെറിയ സീനുകളിലൂടെ മനോഹരമായി സംവിധായകൻ നമുക്ക് കാണിച്ചു തരുന്നുണ്ട്. എന്നാൽ മൊയ്തീനെയും കാഞ്ചനയേയും അവരുടെ ചുറ്റുപാടുകളെയും കുറിച്ച് മുഴു നീളെ പറയാൻ നിൽക്കാതെ അവരുടെ പ്രണയത്തെ മാത്രം ഫോക്കസ് ചെയ്തു കൊണ്ട് സിനിമ അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൊയ്തീന്റെയും കാഞ്ചനയുടേയും ജീവിതം അപൂർണ്ണമായി വിവരിക്കാനേ സംവിധായകന് സാധിച്ചിട്ടുള്ളൂ എന്ന് തന്നെ പറയേണ്ടി വരും. മൊയ്തീൻ - കാഞ്ചന ജീവിതവും പ്രണയവും എന്തായിരുന്നെന്ന് അന്വേഷിച്ചവർക്ക് സിനിമയിൽ പല പൊരുത്തക്കേടുകളും കണ്ടെത്താം. അതേ സമയം അവരുടെ പ്രണയം ഒരു കഥയായി മാത്രം കേട്ടറിഞ്ഞവർക്ക് RS വിമലിന്റെ സിനിമയെ ഉൾക്കൊള്ളാനും സാധിക്കും. അവരെക്കുറിച്ച് ഒന്നും അറിയാതെ കാണുന്നവർക്കാകട്ടെ ഈ സിനിമ വിശിഷ്യാ ഒന്നും പറയാത്ത ഒരു സാധാരണ സിനിമയായും മാറും . ഈ ഒരു വെല്ലുവിളി മുൻകൂട്ടി കണ്ടതിനാലാകാം മൊയ്തീൻ - കാഞ്ചന പ്രണയ കഥ കേരളത്തിൽ വേണ്ടധിലധികം ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പൂർണ്ണ ബോധ്യമായ ശേഷമാണ് സംവിധായകൻ തന്റെ സിനിമയെ തിയേറ്ററിൽ എത്തിച്ചത്. അത് കൊണ്ട് തന്നെ സിനിമ എല്ലാത്തരം പ്രക്ഷകരാലും സ്വീകരിക്കപ്പെട്ടു എന്ന് തന്നെ പറയാം. 

പ്രേമിച്ചു തുടങ്ങുന്ന സമയത്ത് ജീവിതത്തിലേയും സിനിമയിലേയും കഥാപാത്രങ്ങൾക്ക് ഏറെ സമാനതകൾ കാണാം. ചുറ്റുമുള്ളതിനെയൊന്നും കാണാൻ സാധിക്കാത്ത വിധം അവർ പ്രണയത്തിൽ മതി മറന്നു പോയിരിക്കും. എത്ര എതിർപ്പുകൾ ഉണ്ടായാലും നമ്മൾ ഒന്നാകുക തന്നെ ചെയ്യും എന്ന് പറഞ്ഞു പോകുന്ന നിമിഷങ്ങൾ. ഒടുക്കം പ്രശ്നങ്ങൾ വിചാരിച്ച പോലെ ചെറുതല്ല എന്ന് മനസ്സിലാകുമ്പോൾ ആണ് സിനിമയും ജീവിതവും പ്രണയത്തോട് വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നത്. സിനിമയിലെ കമിതാക്കാൾ പ്രശ്നങ്ങളെ അതി ജീവിക്കാനും ത്യാഗം സഹിക്കാനും തയ്യാറാകുമ്പോൾ യഥാർത്ഥ ജീവിതത്തിലെ കമിതാക്കൾക്ക് അത് സാധിച്ചു കൊള്ളണമെന്നില്ല. അവർ പ്രതിബന്ധങ്ങളെ മറി കടക്കാനാകില്ല എന്ന സത്യത്തെ അംഗീകരിച്ചു കൊണ്ട് സാഹചര്യ സമ്മർദ്ദങ്ങളാൽ പ്രണയത്തെ ഉപേക്ഷിക്കാനും യാഥാർത്ഥ്യ ബോധത്തോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാനും പ്രേരിതരാകുകയാണ് പതിവ്. സിനിമകളിലും ഈ യാഥാർത്ഥ്യം പല കുറി കാണിച്ചു തന്നിട്ടുണ്ടെങ്കിലും പിരിയാനുള്ള കാരണം ശക്തമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുള്ള സിനിമകളെ മാത്രമേ പ്രേക്ഷകർ കണ്ടറിഞ്ഞ് സ്വീകരിച്ചിട്ടുള്ളൂ . വ്യത്യസ്ത ദേശക്കാരും മതക്കാരും പ്രായക്കാരും തമ്മിലുള്ള പ്രണയം അതുമല്ലെങ്കിൽ സാമ്പത്തിക സ്ഥിതി കൂടിയവരും കുറഞ്ഞവരും തമ്മിലുള്ള പ്രണയം, അവരുടെ പ്രണയത്തിനുണ്ടാകുന്ന തടസ്സങ്ങൾ, ഒടുക്കം അതിനെ മറി കടന്നു കൊണ്ടുള്ള കമിതാക്കളുടെ ഒന്നാകൽ അതുമല്ലെങ്കിൽ ഒരുമിക്കാനാകാതെ എന്നന്നേക്കുമായി അവർക്ക് പിരിയേണ്ടി വരുക ഇതൊക്കെ തന്നെയാണ് സാധാരണ പ്രണയ സിനിമകളിലെല്ലാം കണ്ടു വരുന്നത്. അത് കൊണ്ട് തന്നെ പ്രണയത്തെ പ്രമേയവത്ക്കരിക്കുന്ന സിനിമകളിൽ അവതരണത്തിലെ പുതുമക്കാണ് കൂടുതൽ പ്രസക്തി കൊടുക്കേണ്ടത് എന്ന് തോന്നുന്നു. റിയലിസ്റ്റിക് ആയുള്ള അവതരണ രീതികൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമക്ക് അത്തരം പുതുമയും പ്രസരിപ്പും നൽകി വരുന്നുണ്ട് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. 

രാജീവ് രവിയുടെ അന്നയും റസൂലിലും പ്രേമത്തെ റിയലിസ്റ്റിക് ആയി കാണിക്കുമ്പോഴും പ്രേക്ഷകനെ അതിശയിപ്പിക്കുന്ന തരത്തിലുള്ള ത്യാഗങ്ങളോ കാത്തിരിപ്പോ ഒന്നും കണ്ടു കിട്ടുകയില്ല. രണ്ടു വ്യക്തികളുടെ മാനസിക വ്യാപാരങ്ങൾ പ്രേമത്തിന്റെ നിഴലിൽ അവതരിപ്പിക്കുക കൂടിയാണ് ആ സിനിമ ചെയ്യുന്നത്. അന്നയുടെ മതത്തെ കുറിച്ചൊന്നും ചിന്തിക്കാതെ തന്നെയാണ് റസൂൽ അവളെ പ്രേമിച്ചതെങ്കിലും തന്നെ സ്വന്തമാക്കണമെങ്കിൽ റസൂൽ മതം മാറേണ്ടി വരുമെന്ന നിർബന്ധം അന്നക്കുണ്ടായിരുന്നതായി ആ സിനിമ കാണിക്കുന്നുണ്ട്. ദിവ്യവും ഉദാത്തവുമായ പ്രേമത്തെ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകന് ഇതൊരു കല്ല്‌ കടിയായി തോന്നാമെങ്കിലും യഥാർത്ഥ ജീവിതത്തിൽ പ്രണയ സാക്ഷാത്ക്കാരത്തിനായി മതം മാറേണ്ടി വന്ന കമിതാക്കളെ സത്യസന്ധമായി തന്റെ സിനിമയിൽ കാണിക്കാനാണ് രാജീവ് രവി അവിടെ ശ്രമിച്ചത്. അന്നയുടെയും റസൂലിന്റെയും പ്രേമത്തിനിടയിൽ കയറി വന്ന മത ചിന്ത മൊയ്തീൻ- കാഞ്ചന മാല പ്രണയത്തിൽ കാണാൻ കിട്ടില്ല എന്ന് മാത്രമല്ല മതം മാറ്റമെന്ന വിഷയത്തോട് മൊയ്തീന്റെ പ്രതികരണം ഏറെ പ്രസക്തവുമാണ്. അമ്മായിയുടെ മകൾ മൊയ്തീനോട് കാഞ്ചന മാലയെ മതം മാറ്റിയാൽ അവളെ പെട്ടെന്ന് സ്വന്തമാക്കി കൂടെ എന്ന് ചോദിക്കുമ്പോൾ മതം മാറിയാൽ അവളെ ഞാൻ കൊല്ലും എന്നാണ് മൊയ്തീൻ മറുപടി പറയുന്നത്. റസൂലിന് അന്നയോടുള്ള പ്രണയം ആത്മാർത്ഥമല്ലെന്നോ മാംസ നിബന്ധമെന്നോ വ്യാഖ്യാനിക്കാനല്ല മൊയ്തീന്റെ പ്രണയ നിലപാടിനെ ഇവിടെ എടുത്ത് പറയുന്നത്. മറിച്ച് സിനിമകളിലെ നായികാ നായകന്മാരിൽ പോലും മതം പ്രണയത്തിന് തടസ്സമെന്ന് തോന്നിപ്പിക്കുന്ന സമയത്ത് യാഥാസ്ഥിതിക ചിന്ത ഏറെ ശക്തമായി നിലനിന്നിരുന്ന ഒരു കാലത്ത് ജീവിച്ച മൊയ്തീൻ തന്റെ പ്രണയത്തിന് മതം യാതൊരു വിധത്തിലുമുള്ള തടസ്സവുമല്ല എന്ന് പറയുന്നതിലെ ഗാംഭീര്യമാണ് ചർച്ചാ പ്രസക്തമാകുന്നത്. 

പഴയ കാല കാഴ്ചകൾ സ്ക്രീനിൽ തെളിയുമ്പോൾ സാധാരണ പ്രേക്ഷകന്റെ മനസ്സിലുണരുന്ന ഗൃഹാതുരതയേക്കാൾ ഈ സിനിമയിലെ ദൃശ്യങ്ങൾ ഇക്കാലത്തെ പ്രേക്ഷകരെ കൊണ്ട് ചർച്ച ചെയ്യിക്കുന്ന ചില രാഷ്ട്രീയങ്ങളും ഈ കൂട്ടത്തിൽ പ്രസക്തമാണ്. ഉള്ളാട്ടിൽ ഉണ്ണി മൊയ്തീൻ സാഹിബ് കൊറ്റങ്ങൽ അച്യുതന്റെ കുടുംബ ക്ഷേത്രം സന്ദർശിക്കുന്നതും, ജാതി - മതപരമായ ചട്ടക്കൂടുകളെ മാനിക്കാതെയുള്ള അക്കാലത്തെ പ്രണയവും , കാഞ്ചന മാല കോളേജ് ഹോസ്റ്റലിൽ ദളിതർക്ക് വേണ്ടി ഉയർത്തിയ ശബ്ദവും, കോണ്‍ഗ്രസ്സുകാരനായിരുന്നിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ്കൾക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കാനും അവർക്ക് നാടകം കളിക്കാനുള്ള സ്റ്റേജ് നിർമ്മിക്കാൻ സ്വന്തം വയൽപ്പാടം നികത്താനും തയ്യാറായ അച്യുതന്റെ മനസ്സിലെ സഹിഷ്ണുതയും ഇന്നുള്ളവർക്ക് അതിശയത്തോടെ കാണേണ്ടി വരും ഒരു പക്ഷേ. സഹിഷ്ണുതയുടേയും മതേതരത്വ വാദത്തിന്റെയും വക്താക്കളായ രണ്ടു കുടുംബക്കാരും അഭിമാന ക്ഷതം സംഭവിക്കുമോ എന്ന ഭയം കൊണ്ടാണ് അസഹിഷ്ണുവായും യാഥാസ്ഥിതികരായും പിന്നീട് പെരുമാറുന്നത്. 

കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിത കഥ സിനിമയിലേക്ക് പകർത്തുമ്പോൾ പൊതു ബോധത്തെ തൃപ്തിപ്പെടുത്താനെന്ന വണ്ണം സംവിധായകൻ പല ഗിമ്മിക്കുകളും കാണിച്ചിട്ടുണ്ട്. അതിൽ അപലപിക്കപ്പെടേണ്ട പ്രധാനപ്പെട്ട ഒരു കാര്യം മൊയ്തീന്റെ വാപ്പയായ ഉണ്ണി മൊയ്തീൻ സാഹിബിന് സിനിമയിൽ നൽകിയിരിക്കുന്ന കോസ്റ്റ്യൂം ആണ്. കാഞ്ചനമാലയുടെയും മൊയ്തീന്റെയും രൂപ സാദൃശ്യത്തോടെ പ്രിഥ്വി രാജിനേയും പാർവ്വതിയേയും സിനിമയിൽ മനോഹരമായി അണിയിച്ചൊരുക്കിയപ്പോൾ മൊയ്തീന്റെ വാപ്പയുടെ കഥാപാത്രത്തെ രൂപ -സ്വഭാവ സാദൃശ്യങ്ങളൊന്നുമില്ലാത്ത വിധം സായ്കുമാറിനെ കൊണ്ട് അവതരിപ്പിച്ചു. കഥാപാത്രത്തിന്റെ വേഷഭൂഷാദികളിൽ പോലും മായം ചേർക്കുകയാണ് ചെയ്തിരിക്കുന്നത്. മലബാറിലെ മുസ്ലീമുകൾ നീണ്ട താടി നീട്ടി വളർത്തിയവരും തലയിൽ തൊപ്പിയോ തുണിയോ ചുറ്റി നടക്കുന്നവരുമാണ് എന്ന പൊതു കാഴ്ചപ്പാടിനെ ശരി വക്കുന്ന നിലപാടാണ് സംവിധായകൻ അവിടെ സ്വീകരിച്ചു കണ്ടത്. മലബാർ സിംഹം എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ്‌ അബ്ദു റഹ്മാൻ സാഹിബിന്റെ കൂടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ച ഉണ്ണി മൊയ്തീൻ സാഹിബിനെ യാഥാർത്ഥ്യമല്ലാത്ത വിധം ചിത്രീകരിക്കേണ്ട ആവശ്യമെന്തായിരുന്നു എന്ന് ചിന്തിച്ചു പോകുന്നുണ്ട് പല സീനുകളിലും. മകനോടുള്ള പക ഉള്ളിൽ കത്തി നിൽക്കുന്ന ഒരു ബാപ്പയായാണ്‌ ഉണ്ണി മൊയ്തീൻ സാഹിബിനെ സിനിമ കാണിക്കുന്നത്. മകനെ കൊല്ലാനായി തീരുമാനമെടുക്കുന്ന ആ ബാപ്പ മഴ പെയ്യുന്ന ഒരു രാത്രിയിൽ മൊയ്തീനെ വഴിയിൽ തടഞ്ഞു നിർത്തി കൊണ്ട് പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും പിന്മാറില്ല എന്ന് ഉറപ്പായതോടെ മൊയ്തീനെ കുത്തുന്നതുമായാണ് സിനിമ പറയുന്നത്. വാസ്തവവിരുദ്ധമായ ഈ സീനിന്റെ ആവശ്യകത എന്താണ് ? കവലയിൽ വച്ച് കാഞ്ചനമാലയുടെ ചേച്ചിമാരോടോ കൂട്ടുകാരിയോടോ സംസാരിക്കുന്ന മൊയ്തീനെ കണ്ട് ബാപ്പ മൊയ്തീന്റെ അടുക്കലേക്ക് നടന്നു ചെല്ലുകയും തുടർന്നുണ്ടായ എന്തോ ചെറിയ വാക്കേറ്റത്തിൽ കുത്തുകയുമാണ്‌ ഉണ്ടായതെന്ന് മൊയ്തീന്റെ ഇന്നും ജീവിച്ചിരിക്കുന്ന അനിയൻ ഓർക്കുന്നുണ്ട്. സംവിധായകൻ തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ചു എന്ന കാഞ്ചനമാലയുടെ പരാതി കൂടെ കൂട്ടത്തിൽ പരാമർശിക്കേണ്ടി വരും. കമ്യൂണിസ്റ്റ് നേതാവ് കല്ലാട്ട് കൃഷ്ണൻ മറ്റൊരു ജാതിയിൽ പെട്ട സ്ത്രീയെ കല്യാണം കഴിച്ച സമയത്ത് നാട്ടിലുണ്ടായ പ്രശ്നങ്ങളെ വക വക്കാതെ അവർക്ക് അഭയം കൊടുത്ത ആളായിരുന്നു കൊറ്റങ്ങൽ അച്യുതൻ അഥവാ കാഞ്ചന മാലയുടെ അച്ഛൻ. മകളുടെ പ്രണയമറിഞ്ഞ സമയത്ത് സ്വാഭാവികമായും അദ്ദേഹത്തിന് എതിർപ്പുകൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ ആ എതിർപ്പുകൾ  അദ്ദേഹം  ഒരിക്കലും കായികമായോ മറ്റേതെങ്കിലും വിധേനയുള്ള അസഹിഷ്ണുതാ ഭാഷയിലോ   രേഖപ്പെടുത്താൻ  ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. സമൂഹത്തിൽ എത്ര കണ്ട് ആദർശവാനായി ജീവിച്ചവർക്കും സ്വന്തം വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങൾ വരുമ്പോൾ ആദർശ പുസ്തകം അടച്ചു വക്കേണ്ടി വരാറുണ്ട്. ഉണ്ണി മൊയ്തീൻ സാഹിബിനും അച്യുതനും സംഭവിച്ചത് അത് മാത്രമാണ്. അല്ലായിരുന്നെങ്കിൽ മൊയ്തീൻ -കാഞ്ചന പ്രണയത്തിന് അവർക്ക് നീണ്ട കാലം തടസ്സം നിൽക്കേണ്ടി വരുമായിരുന്നില്ല. 

മൊയ്തീന്റെ രാഷ്ട്രീയം എന്തെന്ന് പലരും ഈ സിനിമ കാണുമ്പോൾ ചിന്തിക്കാനിടയുണ്ട്. സിനിമയുടെ തുടക്കത്തിൽ സോഷ്യലിസ്റ്റ് പാർട്ടിക്കാരാനായ മൊയ്തീൻ ഇന്ദിരാ ഗാന്ധിയെ കരിങ്കൊടി കാണിക്കാൻ പോകുന്നതിനെ കുറിച്ചു പറയുന്നുണ്ട്. കരിങ്കൊടി വീശലിനിടയിൽ നടന്ന ലാത്തി ചാർജിൽ പരിക്കേറ്റു വരുന്ന മൊയ്തീനെ കൊണ്ട് കോമഡി സീനുണ്ടാക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. മൊയ്തീന്റെ രാഷ്ട്രീയം സ്വന്തം കാര്യം നേടാൻ വേണ്ടിയുള്ള ഒരു ഉഡായിപ്പ് മാത്രമോ എന്ന് പോലും സംശയിപ്പിക്കുന്ന വിധത്തിലാണ് ആ സീനുകൾ പോലും. ലാത്തി ചാർജിൽ പരിക്ക് പറ്റിയതായി അഭിനയിക്കുക വഴി വരുന്ന പഞ്ചായത്ത് ഇലക്ഷനിൽ ജനങ്ങളുടെ സഹതാപ വോട്ട് തനിക്ക് കിട്ടുമെന്നും സിനിമയിലെ മൊയ്തീൻ പറയുന്നുണ്ട്. എത്ര വാസ്തവ വിരുദ്ധമായാണ് മൊയ്തീന്റെ രാഷ്ട്രീയം പിന്നീട് കാണിക്കുന്നത് എന്ന് നോക്കുക. ഇന്ദിരാഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ച മൊയ്തീൻ ഒറ്റയടിക്ക് അതേ ഇന്ദിരാ ഗാന്ധിയെ കൊണ്ട് സ്പോർട്സ് മാസിക പ്രകാശനം ചെയ്യിപ്പിച്ചതെങ്ങനെ എന്ന് ആർക്കും സംശയം തോന്നാം സിനിമയിൽ. അതിന് ഒറ്റ മറുപടിയെ സിനിമ നൽകുന്നുള്ളൂ. മൊയ്തീൻ അത്രക്കും മിടുക്കനാണ് എന്ന്. എന്നാൽ വെറുമൊരു മിടുക്കൻ കളി മാത്രമായി സിനിമയിൽ വ്യഖ്യാനിച്ച മൊയ്തീൻ - ഇന്ദിരാഗാന്ധി ബന്ധത്തെ കുറിച്ച് മുക്കം നിവാസികൾക്ക് പറയാനുള്ളത് മറ്റൊന്നാണ്. യഥാർത്ഥ മൊയ്തീന്റെ രാഷ്ട്രീയം ഒരു കോമഡി കളിയായിരുന്നില്ല എന്ന് അവരോട് അന്വേഷിച്ചാൽ മനസ്സിലാകും . മൊയ്തീൻ സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഗോവ വിമോചന സമരം നടക്കുകയായിരുന്നു. അന്ന് എൻ സി ശേഖർ രൂപവത്ക്കരിച്ച വിമോചന സേനക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുക്കം ഹൈസ്ക്കൂളിൽ മൊയ്തീൻ നടത്തിയ ബ്യൂഗിൾ സമരത്തെ കുറിച്ച് നാട്ടുകാർ ഇന്നും ഓർക്കുന്നു. അതൊരു തുടക്കമായിരുന്നു . അത് പിന്നെ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് വരെയുള്ള സ്ഥാനങ്ങളിലേക്ക് വരെ മൊയ്തീനെ കൊണ്ട് ചെന്നെത്തിച്ചിട്ടുണ്ട്. അക്കാലത്താണ് കോഴിക്കോട് വന്ന ഇന്ദിരാഗാന്ധിയെ കരിങ്കൊടി കാണിക്കാൻ മൊയ്തീൻ പോകുന്നതും ലാത്തി ചാർജ്ജ് നടക്കുന്നതൊക്കെ. സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളിൽ ആദർശ വിരുദ്ധമായ പലതും കണ്ടതിനെ തുടർന്ന് പിന്നീട് പാർട്ടിയിൽ നിന്നും മൊയ്തീൻ അകലുകയാണുണ്ടായത്. 

പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബാപ്പയെ ഇലക്ഷനിൽ വെല്ലുവിളിക്കുന്ന സീൻ സിനിമയിലുണ്ടെങ്കിലും ആ സമയത്ത് മൊയ്തീൻ സോഷ്യലിസ്റ്റ് പാർട്ടിക്കാരനല്ല. ആ ഇലക്ഷനിൽ സ്വതന്ത്രനായ് മത്സരിച്ച മൊയ്തീൻ പിന്നീട് വിജയിച്ചതായോ യാതോന്നുമേ സിനിമ പറയുന്നില്ല എന്ന് മാത്രമല്ല തിരഞ്ഞെടുപ്പ് സമയത്തെ മൊയ്തീന്റെ രാഷ്ട്രീയ പ്രചരണങ്ങൾ കാഞ്ചനമാലക്ക് പ്രണയ സന്ദേശം കൈമാറാനുള്ള ഒരു ഉപാധിയായിട്ടാണ് സിനിമ കാണിക്കുന്നത്. മൊയ്തീന്റെ രാഷ്ട്രീയ നിലപാടുകളും സാമൂഹിക പ്രവർത്തനങ്ങളും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും രാഷ്‌ട്രപതി വി.വി ഗിരിക്കും വരെ അറിയാവുന്ന തലത്തിലായിരുന്നു എന്ന് ജീവിച്ചിരിക്കുന്ന പല പ്രമുഖരും ഓർത്തെടുത്ത് പറയുന്നു . നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിത കേരളം സന്ദർശിച്ച വേളയിൽ അവരോടൊപ്പം മൊയ്തീന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നതായും പറയുന്നു. അക്കാലത്താണ് അനിതയുടെ പേരിൽ ചിൽഡ്രൻസ് ക്ലബും ടൈലറിംഗ് ക്ലാസ്സും സ്ത്രീശാക്തീകരണത്തിനായി മോചന വിമൻസ് ക്ലബുമൊക്കെ മൊയ്തീൻ തുടങ്ങുന്നത്. സൗജന്യ നേത്ര രോഗ ചികിത്സാ ക്യാമ്പ്, മനുഷ്യാവകാശ പഠന ക്യാമ്പ് അങ്ങിനെ ഒട്ടനവധി പ്രവർത്തനങ്ങൾ പിന്നീട് മൊയ്തീന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായിട്ടുണ്ട്. ഇതിനെല്ലാം രാഷ്ട്രപതിയുടെ പിന്തുണയും മൊയ്തീന് കിട്ടിയിരുന്നു എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. എന്നാൽ ഇതെല്ലാം തന്റെ സിനിമയിൽ പരാമർശവിധേയമാക്കാൻ സംവിധായകൻ ശ്രമിച്ചില്ല എന്നത് ഖേദകരവും അതിനു പകരം മൊയ്തീന്റെ രാഷ്ട്രീയത്തെ വെറും കോമഡിക്കെന്ന പോലെ അവതരിപ്പിച്ചത് അപലപനീയവുമാണ്. 

മൊയ്തീനെ പ്രേമ നായകനായി മാത്രം അവതരിപ്പിച്ചു പോകുന്നതിനിടയിലെ ചില സീനുകളിൽ മിന്നായം പോലെ ഒരു ഭ്രാന്തന്റെ കഥാപാത്രത്തെ കാണാം . സിനിമയിൽ ആ ഭ്രാന്തന് വലിയ പ്രസക്തിയൊന്നുമില്ല. എന്നാൽ മൊയ്തീന്റെ യഥാർത്ഥ ജീവിതത്തിൽ ആ ഭ്രാന്തന് പ്രസക്തിയുണ്ട്. അയാൾക്കൊരു പേരുമുണ്ട് - വേലായുധൻ. ഭ്രാന്തൻ വേലായുധനേയും അയാളുടെ അമ്മയേയും സംരക്ഷിച്ചു പോന്നത് മോയ്തീനായിരുന്നു. മൊയ്തീൻ - കാഞ്ചന പ്രണയത്തിൽ ഇതെല്ലാം കാണിക്കേണ്ട ആവശ്യകതയുണ്ടോ എന്ന് ന്യായമായും ചിന്തിക്കാം. അതിന്റെ ഉത്തരവും കൂടി അറിയാൻ ശ്രമിക്കണം എന്ന് മാത്രം. മൊയ്തീൻ കാഞ്ചനക്ക് എഴുതിയ ഒരു കത്തിൽ കാഞ്ചനമാലയെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ താൻ കേവലമൊരു മരക്കച്ചവടക്കാരനാകു മായിരുന്നുവെന്നും കാഞ്ചനയെ കണ്ട മുതലാണ്‌ തന്റെ ആശയങ്ങള്‍ക്ക് തെളിച്ചമുണ്ടായതും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കാഞ്ചനയാണ് പ്രചോദനമായതെന്നും പറയുന്നുണ്ട്. കാഞ്ചനയെ ഇഷ്ടപ്പെടാനുള്ള കാരണം അവളുടെ മൊഞ്ചല്ല അവളുടെ മനസ്സ് തന്നെയാണ് എന്ന് സിനിമയിൽ മൊയ്തീൻ വ്യക്തമാക്കുന്നതിന്റെ കാരണം അതാണ്‌. എന്നാൽ സിനിമയിൽ മൊയ്തീന് കാഞ്ചനയെ ഇഷ്ടപ്പെടാനുണ്ടായ കാരണം വ്യക്തമാക്കുന്നില്ല എന്ന് മാത്രം. 

മൊയ്തീന്റെ കലാ സാംസ്ക്കാരിക പ്രവർത്തനങ്ങളെ കുറിച്ച് കൂടി ഇവിടെ പറയാതിരിക്കാൻ സാധ്യമല്ല. സിനിമയിൽ മൊയ്തീൻ എഴുതി സംവിധാനം ചെയ്ത എന്ന് പറയുന്ന "വെളിച്ചം വിളക്കന്വേഷിക്കുന്നു" എന്ന നാടകത്തെ അവതരിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യം ശ്രദ്ധിക്കുക. കൊറ്റങ്ങൽ കാഞ്ചനമാലയോടുള്ള പ്രണയം സമൂഹത്തിൽ തുറന്നു പറയാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു തട്ടിക്കൂട്ട് കോമഡി നാടകം എന്ന നിലക്കാണ് സിനിമയിൽ ആ നാടകം അരങ്ങേറുന്നത്. കാഞ്ചനമാലയുടെ സഹോദരങ്ങളോടുള്ള വെല്ലുവിളികളും അപഹാസ്യവും നിറഞ്ഞു നിൽക്കുന്ന അത്തരത്തിലൊരു നാടകം അവതരിപ്പിക്കാൻ മൊയ്തീൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. യഥാർത്ഥത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള മനുഷ്യന്റെ വിഭാഗീയ ചിന്തകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു നാടകമായിരുന്നു "വെളിച്ചം വിളക്കന്വേഷിക്കുന്നു". അതെഴുതിയത് മൊയ്തീനുമല്ല. പ്രശസ്ത നാടകകൃത്തും ചലച്ചിത്ര തിരക്കഥാകൃത്തും എഴുത്തുകാരനുമൊക്കെയായിരുന്ന ശ്രീ കെ.ടി മുഹമ്മദിന്റെ ആ നാടകത്തിൽ ഹിന്ദു -മുസ്ലീം പ്രണയം കൈകാര്യം ചെയ്യപ്പെടുന്നതോടൊപ്പം കഥാപാത്ര സംഭാഷണങ്ങൾക്ക് സാമൂഹികതലത്തിൽ ഏറെ പ്രസക്തിയും നൽകിയിരുന്നു. ഇതെല്ലാം സൌകര്യപൂർവ്വം മറന്നു കൊണ്ട് സിനിമയിലെ നാടകത്തിൽ മൊയ്തീൻ അവതരിപ്പിക്കുന്ന കഥാപാത്രം നാടകാവസാനം തന്നെ വെടി വക്കാൻ ഒരുങ്ങുന്ന കാമുകിയുടെ സഹോദരനോട് കോമഡി ഷോകളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും വിധം "തോക്കിൽ ഉണ്ട വേണമെടാ ..ഉണ്ട " എന്ന ഡയലോഗ് അടിച്ചു കൊണ്ട് നാടകം അവസാനിപ്പിക്കുകയാണ്. ചങ്ങമ്പുഴയുടെ 'ശാരദാംബരം ചാരു ചന്ദ്രികേ' എന്ന ഗാനം രമേഷ് നാരായണന്റെ സംഗീതത്തിൽ ജയചന്ദ്രനും ശിൽപ്പ രാജും അതിമനോഹരമായി ആലപിക്കുന്നുണ്ട് ആ നാടകത്തിലെ ഗാന രംഗത്തിൽ. ഗാന രംഗത്തെ ചോദ്യം ചെയ്താലും ഗാനത്തെ ഒരാൾക്കും ചോദ്യം ചെയ്യാൻ പറ്റാത്ത വിധം മനോഹരമായ ഒരു ഗാനമായിരുന്നു അത്. അക്കാലത്ത് സ്വന്തമായി നാലോളം സിനിമകൾ മൊയ്തീൻ നിർമ്മിച്ചെന്നും സത്യനും ജയനും അടക്കമുള്ള താരങ്ങളോട് മൊയ്തീന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നതായും അറിയാൻ സാധിക്കുന്നു. 

ഇരുവഴഞ്ഞിപ്പുഴ മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയത്തിനും വിരഹത്തിനും ഒരു മൂക സാക്ഷിയായി സിനിമയിലുടനീളം കാണാം. സംവിധായകൻ തന്റെ സിനിമയിൽ പുഴയുടെ ആ ഒരു സാധ്യതയെ വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട്. ജോമോന്റെ ക്യാമറ പോലും പുഴയെ പ്രണയിച്ചു പോയോ എന്ന് തോന്നിപ്പിക്കും വിധമുള്ള മനോഹരമായ ദൃശ്യാവിഷ്ക്കാരം എന്ന് തന്നെ പറയാം. ഇരുവഴഞ്ഞി പുഴ അറബിക്കടലിന് ഉള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാണ് എന്ന് പറഞ്ഞ് കാഞ്ചനക്ക് ആത്മവിശ്വാസം നൽകുമ്പോൾ പശ്ചാത്തലത്തിൽ ഒഴുകിയിരുന്ന അതേ പുഴക്ക് പിന്നീട് എപ്പോഴായിരിക്കാം മൊയ്തീനെ കാഞ്ചനമാലയിൽ നിന്നും കവർന്നെടുക്കണം എന്ന ചിന്ത വന്നു കാണുക ? കാഞ്ചനമാലക്ക് മൊയ്തീനെ നഷ്ടമാകാൻ കാരണക്കാരിയായ ആ പുഴയോടുള്ള അമർഷം സിനിമ കാണുന്ന പ്രേക്ഷകനെ തോന്നിപ്പിക്കും വിധമുള്ള സീനുകൾ സംവിധായകൻ സിനിമയിൽ കൂട്ടി ചേർത്തിട്ടുണ്ടെങ്കിലും മറ്റൊരു സത്യം മറച്ചു വക്കുകയാണ്. മൊയ്തീന്റെ മരണം നടക്കുന്ന അതേ ദിവസം അതേ സമയം അതേ പുഴയിൽ ചാടി മരിക്കാൻ കൊതിച്ചതായി യഥാർത്ഥ കാഞ്ചനമാല പറയുന്നു. അന്ന് ബന്ധുക്കളുമൊത്ത് ബസിൽ ഒരിടത്തേക്ക് യാത്ര ചെയ്യവേ പാലത്തിനു മുകളിൽ നിന്നും കര കവിഞ്ഞൊഴുകുന്ന പുഴയെ അവർ അറിയാതെ നോക്കി നിന്നെന്നും ആത്മഹത്യയെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത അവർ അന്നാദ്യമായി ആ പുഴയിലേക്ക് ചാടി മരിക്കാൻ ആഗ്രഹിച്ചതായും പറയുന്നു. എന്നാൽ അവരറിഞ്ഞിരുന്നില്ല മൊയ്തീൻ അതേ സമയം ഇരുവഴഞ്ഞിപ്പുഴയുടെ ആഴങ്ങളിൽ ശ്വാസം മുട്ടി മരിച്ചു കൊണ്ടിരിക്കുകയായിരുന്നെന്ന്. സിനിമയിൽ ഇതേ കുറിച്ച് പറയുന്നില്ല. അവിടെ നമുക്ക് കാണാൻ സാധിക്കുക മൊയ്തീന്റെ മരണ വാർത്ത കേട്ട് തകരുന്ന കാഞ്ചനമാലയെയാണ്. ആധുനിക ശാസ്ത്രം വസ്തുതാപരമായ പ്രതിഭാസമായി ഒരിക്കലും പരിഗണിച്ചിട്ടില്ലാത്ത ഇന്ദ്രിയാതീത സന്ദേശം അഥവാ ടെലിപ്പതി പോലെ എന്തോ ഒന്ന് മൊയ്തീന്റെ മരണ സമയത്ത് കാഞ്ചനമാലയിൽ സംഭവിച്ചു എന്ന് വിശ്വസിക്കേണ്ടി വന്നാൽ അതിൽ തെറ്റ് പറയാനൊക്കില്ല. കാരണം മൊയ്തീന്റെയും കാഞ്ചനമാലയുടെയും ഇടയിൽ നില നിന്നിരുന്ന പ്രണയം അത്രക്കും ഗാഡമായിരുന്നു. 

മൊയ്തീൻ- കാഞ്ചനമാല പ്രണയത്തെ ശക്തവും ഗാഡവുമെന്നൊക്കെ വിലയിരുത്തുന്ന സമയത്തും മൊയ്തീന്റെ മറ്റൊരു നിലപാടിനെ ചൂണ്ടി അത് ശരിയോ തെറ്റോ എന്ന് ചിലരെങ്കിലും ചോദിക്കാവുന്ന ഒരു സംഭവം കൂടി ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നു. സിനിമയിൽ മൊയ്തീന് വേണ്ടി ഒരു കല്യാണ ആലോചന നടക്കുന്ന സീനുണ്ട്. ആ കല്യാണത്തിന് തനിക്ക് സമ്മതമല്ലെന്നും താൻ കൊറ്റങ്ങലിലെ കാഞ്ചനമാലയുമായ് പ്രണയത്തിലാണെന്നും തുറന്നു പറഞ്ഞു കൊണ്ട് ബാപ്പയെ ധിക്കരിക്കുന്ന മൊയ്തീൻ വീട് വിട്ടിറങ്ങി പോകുന്നതായാണ് സിനിമ കാണിക്കുന്നത്. യഥാർത്ഥത്തിൽ ബാപ്പയുടെ നിർബന്ധ പ്രകാരം മൊയ്തീൻ ഒരു നിക്കാഹ് ചെയ്യുന്നുണ്ട്. ബാപ്പയുടെ അഭിമാനം കാക്കാൻ വേണ്ടി മാത്രം ചെയ്ത ആ നിക്കാഹിന് ശേഷം മൊയ്തീൻ കാഞ്ചനമാലയോട് നീതി കാണിക്കാനായി ആ വിവാഹ ബന്ധം തലാഖ് ചൊല്ലി അവസാനിപ്പിക്കുകയാണുണ്ടായത്. ഇത് മൊയ്തീന്റെ ബാപ്പക്ക് കടുത്ത അപമാനം ഉണ്ടാക്കുകയും ബാപ്പ മൊയ്തീനെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സിനിമയിൽ ഇതിനു മറ്റൊരു ഭാഷ്യമാണ് ഉള്ളതെന്ന് മാത്രം. 

കാത്തിരുപ്പിന്റെ തീവ്രത ഏറ്റവും നന്നായി  അവതരിപ്പിച്ച സിനിമകൾ ഒരു പക്ഷേബാലു മഹേന്ദ്രയുടെ യാത്രയും പ്രിയദർശന്റെ കാലാപനിയും, സിബി മലയിലിന്റെ ദേവദൂതനുമൊക്കെ തന്നെയായിരിക്കും. നിഖിൽ മഹേശ്വർ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നറിയാതെ വർഷങ്ങളോളം അലീന കാത്തിരുന്നതും, ആന്തമാൻ ആൻഡ്‌ നിക്കോബാർ ദ്വീപുകളിലെ ജയിൽ ശിക്ഷ കഴിഞ്ഞ് എന്നെങ്കിലും ഗോവർദ്ധൻ തിരിച്ചുമായിരിക്കും എന്ന പ്രതീക്ഷയിൽ പാർവ്വതി കാത്തിരിക്കുന്നതും, ഉണ്ണിക്കൃഷ്ണന് വേണ്ടി കുന്നിൻ മുകളിൽ ആയിരം വിളക്കുകൾ കൊളുത്തി തുളസി കാത്തിരുന്നതും കാണുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ തോന്നിയ നൊമ്പരമൊക്കെ ഓർത്ത് പോകുന്നുണ്ട് എന്ന് നിന്റെ മൊയ്തീൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ. ഡയറി താളുകളിൽ അച്ചടിച്ച വർഷങ്ങൾ കാണിച്ചു കൊണ്ടാണ് കാലത്തിന്റെ സഞ്ചാരം പ്രധാനമായും ഈ സിനിമയിൽ കാണിക്കുന്നത്. വർഷങ്ങൾ നീണ്ട പ്രണയവും കാത്തിരിപ്പുമൊക്കെ ഒരൊറ്റ പാട്ടിലൊതുക്കി കാണിച്ചത് കൊണ്ടാകാം പ്രണയ സാക്ഷാത്ക്കാരത്തിനായുള്ള മൊയ്തീൻ- കാഞ്ചനമാലയുടെ കാത്തിരുപ്പിന്റെ തീവ്രതയൊന്നും വേണ്ട പോലെ അനുഭവപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടില്ല. പ്രേക്ഷകന് എന്തെങ്കിലും അനുഭവപ്പെട്ടെങ്കിൽ തന്നെ അത് കാഞ്ചനമാലയുടെയും മൊയ്തീന്റെയും യഥാർത്ഥ കഥ അറിയാവുന്നത് കൊണ്ട് മാത്രം. അതേ സമയം നീണ്ട പത്ത് പതിനഞ്ചു വർഷങ്ങൾക്ക് ശേഷം മൊയ്തീനും കാഞ്ചനയും തമ്മിൽ കാണുന്ന നിമിഷം അവർക്കുണ്ടാകുന്ന ആകാംക്ഷയും മൊയ്തീന്റെ അകാലത്തിലുള്ള വേർപാടും പ്രേക്ഷകനിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുമുണ്ട്. 

ആകെ മൊത്തം ടോട്ടൽ = നവാഗത സംവിധായകൻ എന്ന നിലക്ക്  RS വിമൽ മികവ് കാണിച്ചെങ്കിലും കാഞ്ചന മാലയുടെ ജീവിതത്തോടും ചരിത്രത്തോടും നീതി പുലർത്താൻ ഈ സിനിമക്ക് സാധിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. വെറുമൊരു കൊമേഴ്സ്യൽ സിനിമ എന്ന നിലയിൽ മാത്രം കണ്ടു തീർക്കാൻ തീരുമാനിച്ചാൽ എന്ന് നിന്റെ മൊയ്തീൻ ആസ്വാദന ഭംഗം വരുത്താത്ത നല്ലൊരു സിനിമ തന്നെയാണ്. വരികളാലും സംഗീതത്താലും ദൃശ്യാവിഷ്ക്കാരത്താലും ആരും ഇഷ്ടപ്പെട്ടു പോകുന്ന മനോഹര പാട്ടുകൾ, ജോമോന്റെ ക്യാമറ, പാർവ്വതി, പ്രിഥ്വി രാജ്, ടോവിനോ തോമസ്‌ എന്നിവരുടെ മികച്ച പ്രകടനങ്ങൾ എന്നിവ സിനിമയുടെ മികവിന്റെ പ്രധാന ഘടകങ്ങളാണ്. ഇങ്ങിനെയും പ്രണയങ്ങൾ ഉണ്ടായിരുന്നു എന്ന് പുത്തൻ തലമുറയോട് പറഞ്ഞു കൊടുക്കുക കൂടിയാണ് ഈ സിനിമ ചെയ്യുന്നത്. 

*വിധി മാർക്ക്‌ = 7/10 

-pravin-

Friday, October 2, 2015

എല്ലാം ഒരു 'മായ"യോ ?

പേടിപ്പെടുത്തുന്ന പ്രേത രൂപങ്ങൾ, ശബ്ദങ്ങൾ, കഥാപാത്രങ്ങൾ എന്നിവ അതിനൊത്ത ഒരു കഥാ പശ്ചാത്തലത്തിൽ  അവതരിപ്പിക്കുന്ന രീതിയാണ് മിക്ക ഹൊറർ സിനിമകളും പിന്തുടരുന്നത്.  അത് കൊണ്ട് തന്നെ ഭയത്തിന്റെ ആസ്വാദനം മാത്രമാണ് ഹൊറർ  സിനിമകളിൽ നിന്ന് പ്രതീക്ഷിക്കാനും സാധിക്കുമായിരുന്നുള്ളൂ. ഹൊറർ സിനിമയെന്നാൽ പ്രേത സിനിമ തന്നെ  എന്ന ഒരു പൊതു ധാരണക്ക് വിപരീതമായി പിന്നീട് പല ഹൊറർ സിനിമാ പരീക്ഷണങ്ങളും നടക്കുകയുണ്ടായിട്ടുണ്ട്. ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ഒരു ക്ലാസ്സ് പ്രേത സിനിമ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന 'ഭാർഗ്ഗവീ നിലയ' മാണ് എന്ന് തോന്നുന്നു  പ്രേതങ്ങൾക്ക് ഉണ്ടാകേണ്ട സ്വഭാവ ഗുണങ്ങളെ കുറിച്ചും വസ്ത്ര രീതികളെ കുറിച്ചുമൊക്കെ വളരെ ആധികാരികമായി പറഞ്ഞു തുടങ്ങിയത്.  വെള്ള വസ്ത്രം ധരിച്ച്   അർദ്ധ രാത്രിയിൽ ചിലങ്ക കിലുക്കി കൊണ്ട് നിലം  തൊടാതെ സഞ്ചരിക്കുന്ന പ്രേത രൂപങ്ങളെ പിന്നീടങ്ങോട്ട് പല സിനിമകളും കടം കൊള്ളുകയാണുണ്ടായത്. അത് കൊണ്ട് തന്നെ പിന്നീട് വന്ന പ്രേത സിനിമകളുടെ അവതരണ രീതിയിലും കഥയിലുമൊന്നും വലിയ പുതുമകൾ പ്രേതീക്ഷിക്കാനില്ലായിരുന്നു.  ദുർ മരണവും  പ്രേതവും അതിന്റെ പ്രതികാര ദാഹവും ഒടുക്കം മന്ത്രവാദിയുടെ പൂജയും പ്രേതത്തെ ഒഴിപ്പിക്കലുമൊക്കെയായി തുടർന്ന് കൊണ്ടിരുന്ന  പ്രേത സിനിമകളിൽ  സാങ്കേതികപരമായ വല്ല പുതുമകളും   ഉണ്ടോ  എന്ന് മാത്രമാണ് നോക്കേണ്ടിയിരുന്നുള്ളൂ. വൈകിയെങ്കിലും ഇത്തരം ക്ലീഷേ പ്രേത സങ്കൽപ്പങ്ങളെ ഒഴിവാക്കി കൊണ്ട് പുതുമകൾ പരീക്ഷിക്കാൻ  ഇന്ത്യൻ സിനിമാ ലോകവും തയ്യാറായി എന്നത് ആശാവഹമായ ഒരു കാര്യമാണ്. സമീപ കാല  തമിഴ് സിനിമകളിൽ ഇത്തരം പരീക്ഷണങ്ങൾ ഏറെ നടന്നിട്ടുണ്ട്. കോമഡി, ഡ്രാമ, സൂപ്പർ നാച്ചുറൽ, സസ്പെൻസ് ത്രില്ലർ  വിഭാഗത്തിൽ പെടുത്താവുന്ന  കഥകളെ   ഹൊറർ സബ്ജക്റ്റുമായി കൂട്ടിയിണക്കി കൊണ്ട് ഈ കഴിഞ്ഞ വർഷങ്ങളിൽ തമിഴ് സിനിമാ ലോകത്ത് പല പരീക്ഷണ സിനിമകളും  അവതരിപ്പിക്കപ്പെടുകയുണ്ടായി.   അശ്വിൻ ശരവണൻ എഴുതി സംവിധാനം ചെയ്ത 'മായ' ഈ  കൂട്ടത്തിലെ  മറ്റൊരു പരീക്ഷണമാണ്. 

സിനിമക്കുള്ളിൽ മറ്റൊരു സിനിമാ കഥ  പറഞ്ഞു കൊണ്ട്  കഥ  പറയുന്ന രീതി ഏറെ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ   ഇവിടെ ഏതാണ് സിനിമാ കഥ ഏതാണ് സംഭവ കഥ എന്ന് മനസിലാക്കാൻ പറ്റാത്ത വിധമാണ് "മായ"യുടെ കഥ അവതരിപ്പിക്കുന്നത്. ബ്ലാക്ക് ആൻഡ്‌ വൈറ്റിലും കളറിലുമായി രണ്ടു കഥകളാണ് ഒരേ സമയത്ത് പറഞ്ഞു പോകുന്നത്. ഇത് രണ്ടും  തമ്മിൽ എന്ത് ബന്ധം എന്ന് ഒരു വേള സംശയിക്കാമെങ്കിലും സിനിമ മുന്നേറുന്ന സമയത്ത് രണ്ടും കണക്റ്റ് ചെയ്ത് വായിച്ചെടുക്കാൻ പ്രേക്ഷകന് സാധിക്കാതെ പോയാൽ   സിനിമ ഒരു പുക മാത്രമായി  അനുഭവപ്പെടാം. ബ്ലാക്ക് ആൻഡ്‌ വൈറ്റും കളറും  ആയി പറയുന്ന കഥയെ വേർ തിരിച്ചു മനസിലാക്കാനായി പ്രത്യേകിച്ച് എളുപ്പ വഴികളൊന്നും സംവിധായകൻ ചേർക്കുന്നില്ല എന്ന് മാത്രമല്ല രണ്ടു കഥയും നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കഥയാക്കി അനുഭവപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ ഒരു സങ്കീർണ്ണത പ്രേക്ഷകർക്ക് ഒരൽപ്പം ലാഗ് തോന്നിച്ചാലും കുറ്റം പറയാനാകില്ല. മറ്റു ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്തമായി എന്തൊക്കെയോ ചേരുവകൾ ഈ സിനിമയിലുണ്ട് എന്ന് തോന്നിപ്പിച്ചു കൊണ്ട് സിനിമ കാണാനായി പ്രേക്ഷകനെ പിടിച്ചിരുത്താനാണ് ആദ്യ സീനുകളിൽ കൂടെ സംവിധായകൻ ശ്രമിക്കുന്നത്.  മായയുടെ കഥ അങ്ങിനെയാണ് പറഞ്ഞു തുടങ്ങുന്നതും.  മായാവനം എന്ന കാടും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന പേടിപ്പെടുത്തുന്ന വിവരണങ്ങളും ആദ്യമേ സിനിമ കാണുന്നവർക്ക് പറഞ്ഞു കൊടുക്കുന്നുവെങ്കിലും മായയുടെ  യഥാർത്ഥ  കഥ  സംവിധായകൻ ആദ്യ പകുതി അവസാനിക്കും  വരെ സമർത്ഥമായി മൂടി വക്കുകയാണ് ചെയ്യുന്നത്. രണ്ടാം പകുതിയിലാകട്ടെ  മായയുടെ ജീവിത കഥയിലേക്കെന്ന പോലെ തുടങ്ങിയ  അന്വേഷണം അപ്സരയുടെ  (നയൻ താര)  ജീവിതത്തിലേക്ക് കൂടിയുള്ള അന്വേഷണമായി  പരിവർത്തനപ്പെടുന്നു. 

മായ ആരായിരുന്നെന്നും എന്തായിരുന്നെന്നും ദൃശ്യവത്ക്കരിച്ച് കാണിക്കാൻ സംവിധായകൻ മെനക്കെടുന്നില്ല. പകരം സിനിമയിലെ തന്നെ പല പല കഥാപാത്രങ്ങൾ അവരവർക്ക് കേട്ടറിവുള്ള മായയുടെ കഥ വാക്കുകളാൽ വിവരിക്കുകയാണ് ചെയ്യുന്നത്. അങ്ങും ഇങ്ങുമായി സിനിമക്കിടയിൽ ഇപ്രകാരം കേട്ട് കൊണ്ടിരിക്കുന്ന ആ കഥയെ പ്രേക്ഷകർ വേണം കൂട്ടി യോജിപ്പിച്ചു വായിക്കാൻ. മായയുടെ ഒരു ഏകദേശ കഥാരൂപം പ്രേക്ഷകൻ സ്വന്തം മനസ്സിന്റെ സ്ക്രീനിൽ കാണണം എന്ന് സാരം. പ്രേക്ഷകൻ visualize ചെയ്യേണ്ട ആ കഥ ഇങ്ങിനെയായിരുന്നു. മായ മാത്യൂസ് സമ്പന്നയായ ഒരു കുടുംബത്തിലെ അംഗമായിരുന്നു. അവൾ പ്രേമിച്ചവനെ തന്നെ അവൾ വിവാഹവും ചെയ്തു. അവരുടെ ഒന്നാം വിവാഹ വാർഷിക ദിനത്തിൽ അവൾ രണ്ടു കാര്യങ്ങൾ മനസിലാക്കുന്നു. ഒന്ന് - അവൾ ഗർഭിണിയാണ്. രണ്ട് - അവളുടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്. മനോനില തെറ്റിയ അവൾ ഭർത്താവിനെ വിഷം കൊടുത്ത് കൊല്ലുന്നു. ബന്ധുക്കൾ അവളെ നഗരത്തിലെ ഒരു മാനസികാശുപത്രിയിൽ തള്ളുകയാണ് പിന്നീട്. ചികിത്സക്കായി ഇപ്രകാരം അവിടെയെത്തുന്ന പല രോഗികളെയും പിന്നീടാരും വന്നു കാണുകയോ അന്വേഷിച്ചു നോക്കുകയോ ചെയ്യാത്ത ഒരു സ്ഥിതിയാണ് അവിടെ ഉണ്ടായിരുന്നത്. ഇത് മുതലെടുക്കുന്ന ആശുപത്രി മാനെജ്മെന്റ് കാട്ടിനുള്ളിൽ രഹസ്യമായി പണിത ഒരു കെട്ടിടത്തിലേക്ക് ഇങ്ങിനെയുള്ള രോഗികളെ മാറ്റി പാർപ്പിക്കുകയും അവരിൽ നിരന്തരം മരുന്ന് പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത് കൊണ്ടിരുന്നു. ഗർഭിണിയായ മായയും ആ കെട്ടിടത്തിലേക്ക് പിന്നീട് മാറ്റപ്പെടുകയുണ്ടായി. മരുന്ന് പരീക്ഷണത്തിന്‌ വിധേയമാകുന്നതിനിടയിൽ മരണപ്പെടുന്നവരെ ആ കാട്ടിൽ തന്നെ പലയിടങ്ങളിലായി മറവു ചെയ്യുകയാണ് പതിവ്. സ്വബോധമുള്ള രോഗികൾ പലരും ഇവിടുന്നു രക്ഷപ്പെടാൻ ശ്രമിക്കുമെങ്കിലും അവരെ വെടി വച്ച് കൊന്നു കുഴിച്ചിടുമായിരുന്നു. മായ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നത് ഈ കാലത്താണ്. എന്നാൽ ജനിച്ച് ദിവസങ്ങൾക്കകം അവളിൽ നിന്ന് ആ കുഞ്ഞിനെ ആശുപത്രി ജീവനക്കാർ മറ്റെങ്ങോട്ടോ മാറ്റുന്നു. മായ ആ കുഞ്ഞിനെ കുറിച്ച് നിരന്തരം ആശുപത്രി അധികൃതരോട് അന്വേഷിക്കുമായിരുന്നു. അപ്പോഴെല്ലാം അവർ സത്യമായും നിന്റെ കുഞ്ഞ് ഞങ്ങളുടെ കയ്യിൽ ഇല്ല എന്ന മറുപടി മാത്രം പറഞ്ഞു കൊണ്ടിരുന്നു. പിന്നീട് അവൾ ചോദിച്ചില്ലെങ്കിലും അവളെ പരിഹസിക്കാനും പ്രകോപിപ്പിക്കാനുമായി അവർ ആ മറുപടി ആവർത്തിച്ചു. മരുന്ന് പരീക്ഷണത്തിനിടെ കാഴ്ച നഷ്ടപ്പെട്ട മായ മായ പിന്നീട് കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിക്കുകയാണ്. മായയെ മറവു ചെയ്യുന്ന സമയത്ത് അവളുടെ ഡയറിയും തന്റെ കുട്ടിക്കായി അവൾ എടുത്ത് വച്ചിരുന്ന കളിപ്പാട്ടവും അവളോട്‌ കൂടെ മണ്ണിട്ട്‌ മൂടി. മറവ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പലരും മറ്റൊരു കാര്യം അറിയുന്നത്. മായയുടെ കൈ വിരലിൽ വില പിടിപ്പുള്ള രത്നക്കല്ല് പതിച്ച ഒരു മോതിരം ഉണ്ടായിരുന്നെന്ന്. ആ മോതിരം ലഭിക്കാനായി പലരും കാട്ടിൽ കുഴി തോണ്ടാൻ പോയെന്നും ആ പോയവരെയൊക്കെ മായയുടെ പ്രേതം കൊന്നെന്നുമാണ് കേട്ട് കേൾവി. അങ്ങിനെയാണ് ആ കാടിന് മായാവനം എന്ന് പേര് പോലും വരുന്നത്. ഇത്രയുമാണ് മായയെ കുറിച്ച് പ്രേക്ഷകർ മനസ്സിൽ എഡിറ്റ്‌ ചെയ്ത് visualize ചെയ്യേണ്ട കഥ.

പ്രേത കഥകളിൽ ലോജിക്കിനെ കുറിച്ച് ചോദിക്കുന്നതിൽ പരിധികൾ ഉണ്ട്. എന്നാലും മിനിമം ലോജിക്കുകൾ എല്ലാത്തരം കഥകൾക്കും ബാധകമാണല്ലോ അതെന്തു കൊണ്ട് ഈ സിനിമയിൽ പാലിക്കുന്നില്ല എന്ന ചോദ്യങ്ങൾ ധാരാളമായി കേൾക്കാൻ സാധ്യതയുണ്ട്. പാതി രാത്രിക്ക് മാത്രം എന്ത് കൊണ്ട് ആളുകൾ  മായാവനത്തിൽ   രത്നക്കല്ല് തിരയാനായി പോകുന്നു, പ്രോഫസ്സർ ക്യാമറയും തൂക്കി കാട്ടിലേക്ക് എന്തിനാണ് രാത്രി തന്നെ പോകുന്നത്, പൊതുവേ പകൽ പോലും ആള് പോകാത്ത ആ കാട്ടിൽ രാത്രി രഹസ്യമായി ഒന്നും പോയി ചെയ്യേണ്ടതിന്റെ ആവശ്യകതയില്ല എന്ന് സിനിമ തന്നെ വ്യക്തമാക്കുമ്പോഴും പലരും രാത്രി മാത്രം കാട്ടിലേക്ക് യാത്ര തിരിക്കാൻ ആഗ്രഹിക്കുന്നത് എന്ത് കൊണ്ട് എന്ന് തുടങ്ങി ഒരായിരം സംശയങ്ങൾ ഉയർത്തിയാലും അതിന് മറുപടിയില്ല. കാരണം സിനിമക്കുള്ളിലെ 'ഇരുൾ' എന്ന ഹൊറർ  സിനിമയിലാണ് ഇത്തരം സംഗതികൾ നടക്കുന്നത്. ഒരു ഹൊറർ സിനിമക്ക് വേണ്ട ക്ലീഷേ വിഭവങ്ങളെ സിനിമക്കുള്ളിലെ സിനിമയിൽ അവതരിപ്പിക്കുക വഴി യഥാർത്ഥ സിനിമയിൽ അവതരിപ്പിച്ചാൽ ഉണ്ടായേക്കാവുന്ന വിമർശനങ്ങളെ സമർത്ഥമായി ഒഴിവാക്കി കൊണ്ട് തനിക്ക് പറയാനുള്ള കഥയെ പരമാവധി  യുക്തി ഭദ്രമാക്കാൻ ശ്രമിക്കുകയാണ് സംവിധായകൻ ചെയ്തത്. എന്നാൽ ആദ്യമേ സൂചിപ്പിച്ച പോലെ ഈ സങ്കീർണ്ണത എത്ര പേർ മനസ്സിലാക്കി കൊണ്ട് സിനിമയെ ആസ്വദിച്ചു കാണും എന്നത് ചോദ്യമാണ്.  പ്രത്യേകിച്ചു പറഞ്ഞാൽ അവസാന സീനുകളിലേക്ക് എത്തുമ്പോൾ  പ്രേതം  എന്നത് ഒന്നിലധികം രൂപങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്ന തരത്തിലുള്ള ഒരു കോമാളിക്കളിയായി അനുഭവപ്പെടുത്തുന്നുമുണ്ട് . കണ്ടു മറന്ന ഹോളിവുഡ് സിനിമകളിലെ ഹൊറർ സീനുകൾ അതേ പടി ചിത്രീകരിക്കാൻ ശ്രമിച്ചതും ആസ്വാദനത്തിൽ കല്ല്‌ കടിയുണ്ടാക്കുന്നു. മിസ്കിന്റെ 'പിസാസ്' സിനിമയിൽ കണ്ടു മറന്ന ചില പ്രേത കാഴ്ചകൾ 'മായ' യിലും ആവർത്തിക്കുന്നതായി കാണാം . 

ദൃശ്യ സാങ്കേതിക പരിചരണത്തിലെ  പരിചയ സമ്പത്തിന്റെ അഭാവവും മറ്റു ചില പോരായ്മകളും  'മായ'യെ ഒരു മായ പോലെ കണ്ടിരിക്കാൻ നിർബന്ധിപ്പിക്കുമ്പോഴും സിനിമയുടെ  സ്ക്രിപ്റ്റും  അവതരണരീതിയിലെ പരീക്ഷണങ്ങളും   മികച്ചു തന്നെ നിൽക്കുന്നു.  ഉമാ ദേവി എഴുതി റോണ്‍ ഏതൻ യോഹാന്റെ സംഗീതത്തിൽ  ശ്വേതാ മോഹൻ പാടിയ "നാനേ വരുവായേൻ" എന്ന ഗാനം  ഒരിക്കൽ കേട്ടാൽ മതിയാകും  ഹൃദയത്തിലേറ്റാൻ. ഒരു അമ്മക്ക് കുട്ടിയോടുള്ള സ്നേഹം, കരുതൽ, പ്രതീക്ഷ എന്ന് വേണ്ട എല്ലാ വികാരങ്ങളും ഇത് പോലെ ചേർത്തലിയിച്ച ഒരു താരാട്ട് പാട്ട്  ഈ അടുത്താരും കേട്ടിരിക്കാൻ  വഴിയില്ല. അത്രക്കും മനോഹരമായ ഒരു ഗാനം . 

ആകെ മൊത്തം ടോട്ടൽ = സങ്കീർണ്ണമായ  അവതരണ രീതി ഉള്ളത് കൊണ്ട്  ഒരു വ്യത്യസ്ത സിനിമ ആസ്വാദനം എല്ലാവർക്കും  അനുഭവപ്പെടണം എന്നില്ല. എന്നാൽ ആ സങ്കീർണ്ണതയെ അതിന്റെ സെൻസിൽ എടുത്താൽ ആസ്വദിക്കാവുന്ന ഒരു നല്ല സിനിമയുമാണ് മായ. വേറിട്ട സിനിമാ പരീക്ഷണങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ സിനിമ കാണുക. 

* വിധി മാർക്ക് = 7/10 

-pravin- 

Wednesday, August 26, 2015

Bajrangi Bhaijaan - രാജ്യാതിർത്തികൾ തകർക്കപ്പെടുമ്പോൾ

പുരാതന കാലം മുതലേ രാജ്യങ്ങൾ തമ്മിൽ തർക്കങ്ങളും യുദ്ധങ്ങളുമെല്ലാം പതിവായിരുന്നെങ്കിലും ഒരു രാജ്യത്തിനും വ്യക്തമായ അതിർത്തി രേഖകളോ അധികാര സീമയോ ഉണ്ടായിരുന്നില്ല. പൊതുവായുള്ള ഏതെങ്കിലും പ്രത്യേക പ്രദേശത്തെ അതിർത്തിയായി പരിഗണിക്കുന്നതായിരുന്നു അക്കാലത്തെ പതിവ്. അക്കാരണങ്ങൾ കൊണ്ട് തന്നെ സാധാരണ ജനങ്ങൾക്ക് അവരുടെ ദൈനം ദിനാവശ്യങ്ങൾക്കും കച്ചവട കാര്യങ്ങൾക്കുമായി രാജ്യാതിർത്തികൾ കടന്ന് പോകാനും തിരിച്ചു വരാനുമൊന്നും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടില്ലായിരുന്നു. എന്നാൽ ആധുനിക കാലത്തെ മനുഷ്യരുടെ ജീവിതത്തിൽ രാജ്യാതിർത്തികൾ എത്രത്തോളം വിഘാതം സൃഷ്ടിക്കുന്നു എന്ന് ചിന്തിക്കേണ്ട വിഷയമാണ്. രാഷ്ട്രീയവും മതപരവും സാംസ്ക്കാരികവുമായ വിയോജിപ്പുകൾ കാരണം ഒന്നിൽ നിന്ന് ഒന്നൊന്നായി വിഭജിച്ചു മാറിയ രാഷ്ട്രങ്ങളിൽ പലതും സൌഹൃദാന്തരീക്ഷം സൃഷ്ടിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോഴും ചില രാജ്യങ്ങൾ അതിനെല്ലാം കടുത്ത അപവാദമായി ഇന്നും രാജ്യാർത്തികളുടെ പേരിൽ കടുത്ത ശത്രുതയിൽ തുടരുകയാണ്. ഈ വിഷയത്തിൽ അന്നും ഇന്നും ലോക രാഷ്ട്രങ്ങൾ ഉറ്റു നോക്കി കൊണ്ടിരിക്കുന്നത് ഇന്ത്യ-പാകിസ്താൻ അതിർത്തി തർക്കവും ശത്രുതയുമാണ്. ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും ജോലിക്കായി വിദേശ രാജ്യങ്ങളിലെക്കെത്തുന്ന പ്രവാസികൾ ഒരുമിച്ചു ജോലി ചെയ്യുകയും സഹവസിക്കുകയും ചെയ്യുന്ന സമയത്ത് അവരിലൊന്നും കാണാത്ത ശത്രുതാ മനോഭാവം ഇപ്പറയുന്ന രാജ്യങ്ങൾക്ക് മാത്രമായി എങ്ങിനെ കിട്ടി എന്നത് തീർത്തും ന്യായമായ ഒരു സംശയമാണ്. കാലാകാലങ്ങളായുള്ള ഭരണകൂടങ്ങളുടെ രാഷ്ട്രീയ താൽപ്പര്യം എന്നതിലുപരി ഇരു രാജ്യങ്ങളിലെയും സാധാരണ ജനങ്ങൾക്ക് ഈ ശത്രുതയിൽ പങ്കില്ല എന്ന് വ്യക്തമാക്കുകയാണ് കബീർ ഖാന്റെ "ബജ്റംഗി ഭായ്ജാൻ" .

കാലങ്ങളായി കണ്ടു ശീലിച്ച ഇന്ത്യാ-പാകിസ്താൻ കഥാപാത്രങ്ങളുടെ ശത്രുതയുടെയും പ്രണയത്തിന്റെയും ക്ലീഷേ അവതരണമൊന്നും ബജ്റംഗി ഭായ്ജാനിൽ കടന്നു വരുന്നില്ല. ഇന്ത്യാക്കാരൻ നായകൻ പാകിസ്താനി നായികയെ പാകിസ്താനിൽ പോയി പ്രേമിക്കുകയും നായികയുടെ ക്രൂരരായ വീട്ടുകാരോടും പാക് പോലീസിനോടുമെല്ലാം യുദ്ധം ചെയ്ത് നായികയെ ഇന്ത്യയിലേക്ക് കടത്തി കൊണ്ട് വരുകയും ചെയ്യുന്നതോടെ അവസാനിക്കുന്ന സിനിമാ കഥകളിൽ പലപ്പോഴും പാകിസ്താൻ നമ്മുടെ ശത്രു രാജ്യവും അവിടെയുള്ളവരെല്ലാം ഇന്ത്യാക്കാരന്റെ ശത്രുക്കളും എന്ന ചിന്ത മാത്രമായിരുന്നു അവശേഷിപ്പിച്ചിരുന്നത്. പാക്സിതാനെ ഉപേക്ഷിച്ച് നായകൻറെ കൂടെ ഇന്ത്യയിലേക്ക് എത്തുന്ന നായിക ഇന്ത്യയെ വാഴ്ത്തിപ്പാടുകയും പാകിസ്താനേക്കാൾ സുന്ദരം ഇന്ത്യ തന്നെ എന്ന് പറയുകയും ചെയ്യുന്ന സീനുകൾ കൂടി ഉൾപ്പെടുത്തിയാൽ ബഹു ഇന്ത്യൻ പ്രേക്ഷകർക്കും അതി സന്തോഷം. ദേശീയത എന്ന വികാരം സിനിമ കാണുന്ന പ്രേക്ഷകനിൽ ആളിക്കത്തിക്കണമെങ്കിൽ പല സംവിധായകർക്കും മേൽപ്പറഞ്ഞ ഫോർമുല ഒഴിച്ച് കൂടാനാകാത്ത ഒന്നായിരുന്നു. എല്ലായ്പ്പോഴും വിജയം ഇന്ത്യാക്കാരന് സ്വന്തമാകണം - അതിപ്പോൾ യുദ്ധമായാലും പ്രണയമായാലും ആക്ഷനായാലും. അങ്ങിനെയെങ്കിൽ മാത്രമേ ഇത്തരം ജനുസിൽപ്പെട്ട ഇന്ത്യൻ സിനിമകൾക്ക് ബോക്സോഫീസിൽ പണം കൊയ്യാൻ സാധിക്കുമായിരുന്നുള്ളൂ. 

എന്നാൽ സമീപ കാലത്ത് വന്ന ചില സിനിമകളിൽ ഈ ചിന്താഗതികൾ മാറിയിട്ടുണ്ട് എന്നത് ഏറെ ആശ്വാസാജനകമാണ്. പി.കെ സിനിമയിൽ അനുഷ്ക്കയുടെ കഥാപാത്രം പാകിസ്താൻകാരനെയാണ് പ്രേമിക്കുന്നത്. കാമുകൻ പാകിസ്താൻകാരനെങ്കിൽ അവൻ ചതിയൻ തന്നെയെന്ന മുൻവിധി തെറ്റെന്ന് ചൂണ്ടി കാണിച്ചു തരുകയാണ് പി.കെ ചെയ്യുന്നത്. നിഥിൻ കക്കാർ സംവിധാനം ചെയ്ത 'ഫിൽമിസ്താൻ' സിനിമയിൽ ഇന്ത്യാ - പാക്സിതാൻ അതിർത്തികൾ സൌഹൃദത്തിന് വിഘാതം സൃഷ്ടിക്കുമ്പോഴും സിനിമ എന്ന മാധ്യമം ആ സൌഹൃദത്തെ പിന്തുണക്കുന്നത് കാണാം. സണ്ണി എന്ന ഇന്ത്യാക്കാരനും അഫ്താബ് എന്ന പാകിസ്താനിയും സിനിമ എന്ന അവരുടെ പൊതു വികാരത്തെ തന്നെയാണ് അവരുടെ ദേശീയതയായും കണക്കാക്കുന്നത്. അതിനാകട്ടെ യാതൊരു വിധ അതിർത്തികളും ഇല്ല താനും. ഇന്ത്യ - പാക്സിതാൻ അതിർത്തികളിൽ ഒറ്റപ്പെട്ട് ജോലി ചെയ്യേണ്ടി വരുന്ന ഇരു രാജ്യത്തിലേയും സൈനികർക്ക് അറിയാവുന്നിടത്തോളം മറ്റാർക്കും തന്നെ അതിർത്തി എന്ന വാക്കിന്റെ പ്രസക്തിയും അപ്രസക്തിയും ഒരു പോലെ അറിഞ്ഞു കൊള്ളണമെന്നില്ല. ഫറാസ് ഹൈദറിന്റെ 'വാർ ചോഡ്നാ യാർ', മേജർ രവിയുടെ 'പിക്കറ്റ് 43' തുടങ്ങിയ സിനിമകൾ ഈ വിഷയത്തെ വ്യത്യസ്തമായൊരു ആംഗിളിൽ ചർച്ച ചെയ്യുകയുണ്ടായിട്ടുണ്ട്. ഇത്തരം ചുരുക്കം ചില സിനിമകളാണ് ഇന്ത്യാ-പാകിസ്താൻ അതിർത്തികളെ ഭേദിക്കും വിധമുള്ള ഹൃദ്യമായ ചലച്ചിത്ര ആവിഷ്ക്കരണങ്ങൾക്ക് സമീപ കാലത്ത് തുടക്കം കുറിച്ചത്. മറ്റൊരു തലത്തിൽ നോക്കുമ്പോൾ "ബജ്റംഗി ഭായ്ജാൻ" പോലെയുള്ള സിനിമാ സൃഷ്ടികൾക്ക് മേൽപ്പറഞ്ഞ സിനിമകൾ ഒരു പ്രോത്സാഹനം കൂടിയായിരുന്നു. പാകിസ്താൻകാരെല്ലാം വില്ലന്മാരും ഇന്ത്യക്കാരെല്ലാം നല്ലവരും എന്ന പുരാതന ബോളിവുഡ് സിനിമാ ക്ലീഷേകളെ പാടേ തിരസ്ക്കരിക്കുന്നതോടൊപ്പം ഇരു രാജ്യങ്ങളിലെയും സാധാരണക്കാരായ മനുഷ്യരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് മാനവികതയെ ഉയർത്തി പിടിക്കുക കൂടിയാണ് ബജ്റംഗി ഭായ്ജാൻ ചെയ്യുന്നത് . 

പാകിസ്താനി കുട്ടിയെയാണ് ഇന്ത്യാക്കാരൻ സംരക്ഷിക്കുന്നത് എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന രണ്ടു വിഭാഗം ആളുകളുടെ ചിന്തയെ സിനിമ കാണിച്ചു തരുന്നുണ്ട്. ഒന്ന് - മനസ്സിൽ മതത്തിന്റെയും ദേശീയതയുടെയും പേരിൽ കടുത്ത വിഭാഗീയത കാത്ത് സൂക്ഷിക്കുന്നവരുടെ. രണ്ട് - മത രാഷ്ട്രീയ ദേശ ഭേദമന്യേ മനസ്സിൽ മാനവികത കാത്ത് സൂക്ഷിക്കുന്നവരുടെ. ഇവിടെ സംഘപരിവാർ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരാളായി പവൻ കുമാർ ചതുർവേദിയെ അവതരിപ്പിക്കുന്നതിൽ പോലും സംവിധായകന് വ്യക്തമായ ലക്ഷ്യം ഉണ്ട്. മറ്റു പല സിനിമകളിലും പല സംവിധായകരും കാവി രാഷ്ട്രീയത്തെ ഒളിച്ചു കടത്താൻ ശ്രമിച്ചപ്പോൾ കബീർ ഖാൻ അതേ രാഷ്ട്രീയത്തെ വളരെ തന്ത്രപരമായി തന്നെ സിനിമക്ക് പശ്ചാത്തലമാക്കുകയാണ് ചെയ്തത്. ഇലക്കും മുള്ളിനും കേടില്ലാത്ത വിധം കാവി രാഷ്ട്രീയത്തെ തൊട്ടും തൊടാതെയും ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുക വഴി സംഘപരിവാർ സംഘടനകൾക്ക് പോലും ആ അവതരണ രീതിയെ അംഗീകരിക്കേണ്ടി വന്നു എന്നതാണ് സത്യം. മറ്റൊരു തലത്തിൽ നിരീക്ഷിക്കുമ്പോൾ നായകന് അങ്ങിനെയൊരു രാഷ്ട്രീയ പശ്ചാത്തലം നൽകുക വഴി പരിവാർ രാഷ്ട്രീയക്കാരെ ആദ്യമേ പ്രീണിപ്പിച്ചു നിശബ്ദരാക്കുക കൂടിയാണ് കബീർ ഖാൻ ചെയ്തിരിക്കുന്നത്. കുടുംബപരമായി സംഘപരിവാർ രാഷ്ട്രീയം കൈമാറി കിട്ടുന്ന പവൻ കുമാർ ചതുർവേദിമാരിൽ പലരും രാഷ്ട്രീയം അറിഞ്ഞു കൊണ്ടല്ലെങ്കിലും അതിന്റെ കുപ്പായം ധരിച്ചു നടക്കാൻ നിയോഗിക്കപ്പെടുന്നവരാണ്. സംഘപരിവാർ രാഷ്ട്രീയക്കാരിലും നിഷ്ക്കളങ്കരായ ചതുർവേദിമാർ ഉണ്ടെന്ന് സംവിധായകൻ പറയാതെ പറയുന്നു. ഇങ്ങിനെയൊക്കെയെങ്കിലും നായകൻറെ രാഷ്ട്രീയ സംഘടനാ പശ്ചാത്തലം സിനിമക്ക് ഒരു ബാധ്യതയാകാത്തത് പ്രമേയത്തിന്റെ ഉദ്ദേശ്യ ശുദ്ധി ഒന്ന് കൊണ്ട് മാത്രമാണ്. സിനിമയുടെ ഈ ഉദ്ദേശ്യ ശുദ്ധിയും കുറിക്ക് കൊള്ളുന്ന ആക്ഷേപ ഹാസ്യവും  മനസിലാക്കാൻ സാധിച്ചതിനാലാണ് കാവി രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകർ പോലും RSS ശാഖയും ബജ്റംഗ് ദൾ പ്രവർത്തകരുടെ ആഘോഷവും അടക്കമുള്ള സീനുകളിൽ കൂടി നായകനെ അവതരിപ്പിച്ചു കാണിക്കുന്ന സിനിമക്കുള്ളിലെ പുതിയ രാഷ്ട്രീയ നിലപാടിനെതിരെ നെറ്റി ചുളിക്കാഞ്ഞത്. മുഖ്യധാരാ സിനിമകളിലെ നായകന്മാർക്ക് ഇടതു വലത് രാഷ്ട്രീയ പശ്ചാത്തലം മാത്രം കൽപ്പിച്ചു നൽകിയിരുന്ന സ്ഥിതിവിശേഷത്തിന് ബജ്റംഗി ഭായ്ജാനിലൂടെ കബീർ ഖാൻ വിരാമമിടുകയാണോ ചെയ്തത് എന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു.

ഇത് വരെയുള്ള സൽമാൻ ഖാൻ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ബജ്റംഗി ഭായ്ജാൻ എന്ന് പറയാനായി ഒരുപാട് കാരണങ്ങൾ നിരത്താം. അതിലേറ്റവും പ്രധാനപ്പെട്ട സംഗതി മസിൽ - മസാല -ആക്ഷൻ സിനിമകളിൽ നിന്ന് കളം മാറ്റി ചവിട്ടി കൊണ്ട് തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ സൽമാന് സാധിച്ചു എന്നുള്ളതാണ്. അതിനോടൊപ്പം പവൻ കുമാർ ചതുർവേദി എന്ന കഥാപാത്രത്തെ സൽമാൻ അവതരിപ്പിച്ച രീതിയും ചൂണ്ടി കാണിക്കേണ്ടതുണ്ട്. മുൻകാല സിനിമകളെ പോലെ മസിൽ ഷോകൾക്കും ആക്ഷൻ ഹീറോ പരിവേഷത്തിനുമൊന്നും മുതിരാതെ സാധാരണക്കാരന്റെ മനസ്സും വികാരവും ഉള്ള ഒരു കഥാപാത്രമായി മാറുകയാണ് സൽമാൻ ഈ സിനിമയിലൂടെ. അത് കൊണ്ട് തന്നെ സൽമാൻ ഫാൻസ്‌ അല്ലാത്ത സാധാരണ പ്രേക്ഷകരെ പോലും കയ്യിലെടുക്കാൻ പവൻ കുമാർ ചതുർവേദിക്ക് സാധിക്കുന്നു. ഭാവാഭിനയം കാഴ്ച വക്കാനുള്ള സൽമാൻ ഖാന്റെ പരിമിതികളെ മനസ്സിലാക്കി കൊണ്ട് വിലയിരുത്തിയാലും ഈ സിനിമയിലെ സൽമാൻ ഖാന്റെ പ്രകടനത്തെ അഭിനന്ദിക്കാതിരിക്കാൻ ഒരു പ്രേക്ഷകനും സാധ്യമല്ല. സിനിമയുടെ പ്രമേയം തന്നെയാണ് സൽമാൻ ഖാനെ സകലയിടത്തും തുണച്ചതെന്നും പറയാം. 

ഷാഹിദ അഥവാ മുന്നിയെ അവതരിപ്പിച്ച ഹർഷാലി മൽഹോത്ര എന്ന കൊച്ചു മിടുക്കിയുടെ പ്രകടന മികവ് എടുത്തു പറയേണ്ട ഒന്നാണ്. വാക്കുകൾ ഉച്ചരിച്ചു കൊണ്ട് ഭാവാഭിനയം കാഴ്ച വക്കാൻ തന്നെ പ്രയാസമാണ് എന്നിരിക്കെ സിനിമയിലുടനീളം ഒരൊറ്റ ഡയലോഗ് പോലും പറയാതെ എന്നാൽ ഒരായിരം വാക്കുകൾ ഉരിയാടുന്ന ഭാവാഭിനയത്തോടെ തന്റെ കഥാപാത്രത്തെ അനശ്വരമാക്കിയ ഹർഷാലിയെ അഭിനന്ദിക്കാതിരിക്കാനാകില്ല. പ്രേക്ഷകരുടെ ഹൃദയം കവരുന്ന നിഷ്ക്കളങ്കതയാണ് ഷാഹിദ എന്ന കഥാപാത്രത്തിന്. ആ നിഷ്ക്കളങ്കതയെ തന്നെയാണ് സംവിധായകൻ സിനിമയിൽ വേണ്ടുവോളം ഉപയോഗപ്പെടുത്തിയതും. കുറഞ്ഞ സീനുകളിൽ മാത്രം വന്നു പോകുന്ന നടീ നടന്മാർ പോലും കാമ്പുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സിനിമയിൽ. ഓം പുരിയുടെ മൌലാന എന്ന കഥാപാത്രം അതിൽ പ്രധാനിയാണ്‌. പള്ളിക്കുള്ളിൽ ഹിന്ദു വിശ്വാസിക്ക് കയറാൻ പാടില്ല, അത് നിഷിദ്ധമാണ് എന്ന് ധരിച്ചു വച്ചിരിക്കുന്ന ചതുർവേദിയോട് പാകിസ്താനി പള്ളിയിലെ ഉസ്താദായ മൗലാനാ പറയുന്നത് പള്ളി ദൈവത്തിന്റെ ഭവനമാണ് അവിടെ ആർക്കും പ്രവേശനം നിഷിദ്ധമല്ല അത് കൊണ്ട് താങ്കൾ ധൈര്യമായി അകത്തേക്ക് കയറി പോരൂ എന്നാണ്. ഇത്തരം കാഴ്ചപ്പാടുകൾ പങ്കു വക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് കൂടി സമ്പുഷ്ടമാണ് ബജ്റംഗി ഭായ്ജാൻ. 

നവാസുദ്ധീൻ സിദ്ധീഖിയെ പോലുള്ള ഒരു നടന്റെ സാമീപ്യം ഈ സിനിമയെ എത്രത്തോളം മികവുറ്റതാക്കുന്നു എന്ന് കൂടി പറയേണ്ടതുണ്ട്. ഇടവേള വരെ സൽമാൻ ഖാനും ഹർഷാലിയും പ്രധാന കഥാപാത്രങ്ങളായി മുന്നേറുന്ന സമയത്താണ് ഇടവേളക്ക് ശേഷം സഹനടന്റെ വേഷത്തിൽ നവാസുദ്ധീൻ സിദ്ധീഖി പ്രത്യക്ഷപ്പെടുന്നത്. പാകിസ്താനി ചാനൽ റിപ്പോർട്ടർ ചാന്ദ് നവാബ് എന്ന കഥാപാത്രമായി സ്ക്രീനിലെത്തുന്ന അദ്ദേഹം പിന്നീടങ്ങോട്ട് സൽമാൻ ഖാന്റെ സ്ക്രീൻ പ്രസൻസിനെ പോലും അപ്രസക്തമാക്കും വിധം സിനിമയിലെ പ്രധാന വേഷം കൈയ്യേറുകയാണ് ചെയ്യുന്നത്. ആ പ്രകടനമികവിനെ കവച്ചു വക്കാൻ സൽമാന്റെ നായക കഥാപാത്രത്തിന് പോലും സാധിക്കുന്നില്ല. എന്നാൽ അവിടെയും സംവിധായകന്റെ ഇടപെടലുകൾ ശ്രദ്ധേയമാണ്. ക്ലൈമാക്സിൽ ചതുർവേദി-മുന്നി ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കും വിധമുള്ള വൈകാരികമായ അഭിനയ മുഹൂർത്തങ്ങൾ അവതരിപ്പിക്കാൻ സൽമാനും ഹർഷാലിക്കും വീണ്ടും അവസരം ലഭിക്കുന്നു. തന്മൂലം പ്രേക്ഷകന്റെ അവസാന സിനിമാ കാഴ്ചയിൽ സൽമാനും ഹർഷാലിയും തന്നെ തിരിച്ചെത്തുന്നു. പ്രേക്ഷക ഹൃദയങ്ങളിൽ പവൻകുമാർ ചതുർവേദിയും മുന്നിയും തീർക്കുന്ന നൊമ്പരത്തിൽ ചാന്ദ് നവാബ് എന്ന കഥാപാത്രത്തിന്റെ ശോഭ ഒരു പക്ഷേ മങ്ങിപ്പോകുമെങ്കിലും ബജ്റംഗി ഭായ്ജാൻ ഓർക്കുന്നിടത്തോളം കാലം ചാന്ദ് നവാബും ഓർക്കപ്പെടും. എന്തിനേറെ ബജ്റംഗി ഭായ്ജാൻ എന്ന പേര് പോലും ചാന്ദ് നവാബുമായല്ലേ കടപ്പെട്ടിരിക്കുന്നത് ?

അസീം മിശ്രയുടെ cinematography എടുത്ത് പറയേണ്ട ഒരു മികവു തന്നെയാണ്. ആദ്യ പകുതി അവസാനിക്കുന്നിടത്ത് നിന്ന് ഒരു റോഡ്‌ മൂവി മൂഡിലേക്ക് സിനിമ പരിണാമപ്പെടുമ്പോഴും ക്യാമറയുടെ ഇടപെടലുകൾ സജീവമാക്കി മാറ്റുന്നു അദ്ദേഹം. പ്രിതത്തിന്റെ സംഗീതവും ജൂലിയസിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനപൂർണ്ണത വേണ്ടോളം ഉറപ്പ് വരുത്തി. അദ്നാൻ സാമി പാടി അഭിനയിച്ച 'Bhar Do Jholi Meri..' എന്ന ഗാനം ഒരേ സമയം ആത്മീയതയേയും  സിനിമയുടെ ആ സമയത്തെ ഇമോഷണൽ മൂഡിനെയും മുഴുവനായും ഉൾക്കൊണ്ട് കൊണ്ട് ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ. അത് കൊണ്ട് തന്നെ ആ പാട്ട് ഇനിയെന്ന് കേട്ടാലും  പ്രേക്ഷകന്റെ ഹൃദയമായിരിക്കും അതിന് താളം ചേർക്കുക. 

ബജ്റംഗി ഭായ്ജാൻ സിനിമ അവസാനിക്കുന്നിടത്ത് പ്രേക്ഷകമനസ്സിൽ ഉയർന്നേക്കാവുന്ന ചില ചോദ്യങ്ങളുണ്ട്. എന്താണ് ഈ അതിർത്തി ? ആർക്കിടയിലാണ് ഈ അതിർത്തി ? ആരാണീ അതിർത്തി നിശ്ചയിക്കുന്നത് ? അതിർത്തി കൊണ്ട് ഗുണമോ ദോഷമോ ? ചോദ്യങ്ങൾ എത്ര തന്നെയായാലും ഉത്തരം ഒന്ന് മാത്രമേയുള്ളൂ- ജന മനസ്സുകളിൽ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദേശീയതയുടെയും പേരിൽ അതിർത്തികൾ ഉണ്ടാകാത്തിടത്തോളം കാലം രാജ്യങ്ങളും ഭരണകൂടങ്ങളും തീർക്കുന്ന അതിർത്തികൾ ഏതു സമയത്ത് വേണമെങ്കിലും തകർക്കപ്പെടാവുന്നതെയുള്ളൂ. 

ആകെ മൊത്തം ടോട്ടൽ = സൽമാൻ ഖാന്റെ ഇത് വരെയുള്ള സിനിമകളിൽ വച്ച് ഏറ്റവും നിലവാരമുള്ള ഒരു സിനിമ. രാഷ്ട്രീയത്തിനും മതത്തിനും ദേശീയതക്കുമെല്ലാം അപ്പുറം വേറെ ചിലതുണ്ട് നമുക്ക് ഉയർത്തിക്കാണിക്കാൻ എന്ന് ബോധ്യപ്പെടുത്തി തരുന്ന സമീപകാലത്തെ മികച്ച ഒരു സിനിമ. ഇത്തരം സിനിമകൾ ഉണ്ടാകുക എന്നത് പ്രേക്ഷകനെക്കാൾ ഈ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്‌. 

*വിധി മാർക്ക്‌ = 8.5/10 
-pravin-

Friday, July 24, 2015

ബാഹുബലി - ഒരു തുടക്കം മാത്രം

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബിഗ്‌ ബജറ്റ് സിനിമ എന്ന ലേബലിലാണ് ബാഹുബലി ആദ്യം വാർത്താ പ്രാധാന്യം നേടിയതെങ്കിലും അതിനുമപ്പുറം വായിച്ചെടുക്കേണ്ട ഒരുപാട് സവിശേഷതകൾ തന്റെ സിനിമയിൽ തുന്നി ചേർക്കാൻ സംവിധായകൻ രാജമൗലിക്ക് സാധിച്ചിട്ടുണ്ട്. ഒരു സിനിമ ഭാഷാധീതമായി പ്രേക്ഷകന് വായിച്ചെടുക്കാൻ സാധിക്കണമെങ്കിൽ സിനിമയിൽ ഉപയോഗിക്കപ്പെടുന്ന ദൃശ്യ-ശ്രവ്യ കലാ മാധ്യമങ്ങളുടെ മികവ് കൂടി സംവിധായകൻ ഉറപ്പ് വരുത്തേണ്ടതുണ്ട്. രാജമൌലിയുടെ ബാഹുബലി അക്കാര്യത്തിൽ സമീപ കാല ഇന്ത്യൻ സിനിമകളിൽ വച്ച് മികച്ച ഒരു സിനിമാ ഉദാഹരണമാണ്. ഭാഷ ഏത് തന്നെയായാലും ഈ സിനിമയൊന്നു കാണണം എന്ന് പ്രേക്ഷകനെ കൊണ്ട് തോന്നിപ്പിക്കുന്ന ഒരു തരം മാജിക്ക് രാജമൌലി സിനിമകളുടെ പോസ്റ്ററിൽ തന്നെയുണ്ടാകാറുണ്ട്. രാജമൌലിയുടെ ആദ്യകാല സിനിമകളെല്ലാം ആക്ഷനും കോമഡിയും മറ്റ് മസാലകളും മാത്രം പിൻപറ്റിയപ്പോൾ ഫാന്റസിയും ഫിക്ഷനും മാത്രം അദ്ദേഹത്തിന്റെ സിനിമകളിൽ പരീക്ഷിക്കപ്പെട്ടിരുന്നില്ല. 2007 ൽ റിലീസായ 'യമഡോങ്ക' യിലൂടെയാണ് ഫാന്റസി / ഫിക്ഷൻ സിനിമകളുടെ പ്രേക്ഷക സ്വീകാര്യത അളന്നു നോക്കാൻ അദ്ദേഹം കാര്യമായി ശ്രമിക്കുന്നത് . ആ സിനിമയുടെ വിജയത്തിന് ശേഷമാണ് രാജമൌലി കൂടുതലായും ആക്ഷനും ഫിക്ഷനും ഫാന്റസിയും കലർന്ന സിനിമകളുടെ അമരക്കാരനുമാകുന്നത്. ഇന്ത്യൻ സിനിമാ ലോകത്തെ മികച്ച ഫിക്ഷൻ ഫാന്റസി സിനിമകളിൽ രാജമൌലിയുടെ 'ഈഗ'യുടെ സ്ഥാനം വളരെ മുകളിലാണ്. പ്രേക്ഷകരെ ഒരേ സമയം അതിശയിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന കൽപ്പിത കഥകൾ എഴുതിയുണ്ടാക്കുക മാത്രമല്ല തന്റെ അത്തരം സ്ക്രിപ്റ്റിനെ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യവത്ക്കരിച്ച് സിനിമ എന്ന കലയെ അതിന്റെ പരിപൂർണ്ണതയിലെത്തിക്കാൻ നിരന്തരം ശ്രമിക്കുക കൂടി ചെയ്യുന്ന ഒരു സംവിധായകനാണ് അദ്ദേഹം. അത് കൊണ്ട് തന്നെ ഫാന്റസിയോടും ഫിക്ഷനോടുമുള്ള രാജമൌലിയുടെ പ്രണയത്തിന്റെ തുടർച്ച കൂടിയായി വേണം ബാഹുബലിയെ കാണാൻ. 

'മഗധീര'യിലും 'ഈഗ' യിലും കേന്ദ്ര കഥാപാത്രങ്ങൾക്ക് പൂർവ്വ ജന്മവും പുനർജന്മവും നൽകി കൊണ്ടാണ് ഫാന്റസി- ഫിക്ഷന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയത് എങ്കിൽ ബാഹുബാലിയിലേക്ക് വരുമ്പോൾ മഹിഷ്മതി എന്ന സാങ്കൽപ്പിക സാമ്രാജ്യത്തിന്റെ ചരിത്ര പശ്ചാത്തലത്തിൽ ചതിയുടെയും പ്രതികാരത്തിന്റെയുമൊക്കെ കഥയാണ്‌ ഫാന്റസി - ഫിക്ഷനായി ഉപയോഗിക്കുന്നത്. പുരാണ-ഇതിഹാസങ്ങളിലെ പോലെ ശക്തമായ നായക-വില്ലൻ കഥാപാത്രങ്ങളും, അധികാര ലബ്ധിക്കായുള്ള വില്ലന്റെ ചതി പ്രയോഗങ്ങളും നായകൻറെ പ്രതികാര ദൗത്യവും ധർമ്മ യുദ്ധവുമെല്ലാം ബാഹുബലിയുടെ തിരക്കഥയിൽ സംവിധായകൻ സമർത്ഥമായി അലിയിച്ചു ചേർത്തിട്ടുണ്ട്. രണ്ടു മൂന്നു തലമുറകളിലുള്ള വിവിധ കഥാപാത്രങ്ങളുടെ സംഗമ വേദി കൂടിയാണ് ഈ സിനിമ. ഒന്നിന്റെ ഒടുക്കം മറ്റൊന്നിന്റെ തുടക്കമെന്ന പോലെയാണ് സിനിമയിലെ കഥന രീതി. ഒരു കഥാപാത്രം ഇല്ലാതായാലും ആ കഥാപാത്രത്തിന്റെ പ്രസക്തി സിനിമയിൽ അവസാനിക്കാത്ത വിധം തുടരുന്നതായാണ് സിനിമ കാണിക്കുന്നത്. ശിവഗാമി (രമ്യാ കൃഷ്ണൻ), അമരേന്ദ്ര ബാഹുബലി (പ്രഭാസ്) എന്നീ കഥാപാത്രങ്ങൾ അതിന്റെ ഉദാഹരണങ്ങളാണ്. ഒരു പിടി ശക്തമായ കേന്ദ്ര കഥാപാത്രങ്ങൾ അവർ നായകനെന്നോ വില്ലനെന്നോ സഹാനടനെന്നോ നായികയെന്നോ സഹനടിയെന്നോ ഇല്ലാതെ അവരവരുടേതായ സാന്നിധ്യം കരുത്തുറ്റ രീതിയിൽ അവതരിപ്പിച്ചു പോകുന്നുണ്ട് ബാഹുബലിയിൽ. പ്രഭാസിന്റെ ശരീരവും പ്രകടനവുമെല്ലാം നായകൻറെ ഹീറോയിസത്തിനും അമാനുഷികതക്കും ഒത്തു പോയപ്പോൾ തമന്നയുടെ പോരാളി വേഷവും ഫൈറ്റ് സീനുകളും കാഴ്ചയിൽ കല്ല്‌ കടിയുണ്ടാക്കി. എത്ര തികഞ്ഞ പോരാളിയായ പെണ്ണെങ്കിലും അവൾ ആണിന്റെ പ്രത്യേകിച്ച് നായകൻറെ കരബലത്തിനു മുന്നിൽ ഒന്നുമല്ലാതായി പോകുകയും അവനുമായി എത്രയും പെട്ടെന്ന് പ്രണയത്തിലാകുകയും ചെയ്യണം എന്ന പുരാതന ക്ലീഷേയെ രാജമൌലിയും ഉപേക്ഷിച്ചു കണ്ടില്ല. ഒരു പക്ഷേ പ്രണയം ആർക്കും അപ്രാപ്യമല്ല എന്നും ആരും എപ്പോ വേണമെങ്കിലും പ്രണയിക്കുകയോ പ്രണയിക്കപ്പെടുകയോ ചെയ്യാം എന്നും അടിവരയിടാനാകും പ്രഭാസ്-തമന്നാ ലവ് സീനുകളും പാട്ടുമെല്ലാം ഉൾപ്പെടുത്തിയതെങ്കിലോ ?

ഇരുന്നൂറു കോടിയിലധികം പണം മുടക്കിയ സിനിമയെങ്കിലും സാങ്കേതിക വിദ്യയുടെ പൂർണ്ണത ബാഹുബലിയിൽ ഉണ്ടെന്ന് അവകാശപ്പെടാനാകില്ല. മഹിഷ്മതി സാമ്രാജ്യത്തിന്റെ ക്ലോസപ്പ് ഷോട്ടുകളിലും ലോങ്ങ്‌ ഷോട്ടുകളിലും കൊട്ടാര വാതിലിലൂടെയും മതിലിനു മുകളിലൂടെയുമൊക്കെയുള്ള ക്യാമറയുടെ സഞ്ചാരത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരുപാട് കൃത്രിമത്വങ്ങൾ പുറത്ത് ചാടുന്നുണ്ട്. അനിമേഷൻ മൂവികളിൽ കണ്ടു പരിചയമുള്ള ചില ഗ്രാഫിക്സ് നിർമ്മിതികൾ ചുരുക്കം ചില സീനുകളിൽ സിനിമയുടെ ദൃശ്യ ചാരുതയുടെ നിറം കെടുത്തുന്നുണ്ട്. യുദ്ധ സമയത്ത് ചത്ത്‌ വീഴുന്ന ആനയെല്ലാം അതിന്റെ ഒരുദാഹരണം മാത്രം. ഇപ്രകാരമുള്ള ചുരുക്കം ചില പോരായ്മകളെ ഒഴിച്ച് നിർത്തിയാൽ ബാഹുബലി എന്ത് കൊണ്ടും മികച്ച ഗ്രാഫിക്സ് വിസ്മയം തന്നെയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. അതിലേറ്റവും എടുത്ത് പറയേണ്ട കാഴ്ചകളാണ് ഭീമാകാരമായ വെള്ളച്ചാട്ടവും അതിനു മുകളിലെ മഞ്ഞു വീണ പ്രദേശവും. സ്വർഗ്ഗതുല്യമായ ഒരു അന്തരീക്ഷമാണ് ആ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള സീനുകളിൽ കാണാൻ സാധിക്കുക. ആതിരപ്പള്ളി വെള്ളച്ചാട്ടം സിനിമയിലെ ഒരു ജീവസ്സുറ്റ കഥാ പശ്ചാത്തലമായി മാറിയതിൽ മലയാളികൾക്ക് അഭിമാനിക്കാം. അവസാന ഇരുപത് മിനുട്ടുകളിലെ യുദ്ധ രംഗങ്ങൾ ഇത് വരെയുള്ള ഒരു ഇന്ത്യൻ സിനിമകളിലും കണ്ടിട്ടില്ലാത്ത വിധം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. അതിനെല്ലാം വേണ്ടിയെടുത്ത ശ്രമങ്ങൾ ഒന്ന് മാത്രം മതി ഈ സിനിമയെ മനസ്സ് കൊണ്ട് അംഗീകരിക്കാൻ. 
രാജ ഭരണ കാലത്തെ നയ തന്ത്ര രീതികളെങ്കിലും ആധുനിക ഭരണകർത്താക്കൾക്കൊരു ഓർമ്മ പ്പെടുത്തലെന്ന രീതിയിൽ രാജ്യ തന്ത്രം, യുദ്ധ തന്ത്രം, രാജാ-പ്രജാ ബന്ധം എന്നിവ എങ്ങിനെയായിരിക്കണം എന്നത് സംബന്ധിച്ചുള്ള പ്രസക്തമായ ചില നിരീക്ഷണങ്ങളും ചിന്തകളും സിനിമ പങ്കു വക്കുന്നുണ്ട്. യുദ്ധത്തിലെ ജയമെന്നാൽ ശത്രുവിനെ കൊന്നു തള്ളുക എന്നതിനേക്കാളുപരി പ്രജകളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതായിരിക്കണം എന്നും യുദ്ധ ജയത്തിനായി മൃഗ ബലി നടത്തേണ്ടതില്ല മറിച്ച് തന്റെ ജീവൻ രാജ്യ സംരക്ഷണത്തിനായി മാറ്റിവക്കപ്പെട്ടിരിക്കുന്നു എന്ന് സ്വന്തം ചോര കൊണ്ട് തന്നെ ശപഥം ചെയ്യുകയാണ് വേണ്ടതെന്നും ബാഹുബലി ഓർമ്മപ്പെടുത്തുന്നു. രമ്യാ കൃഷ്ണന്റെ ശിവഗാമി എന്ന കഥാപാത്രം ചർച്ചാ പ്രസക്തമാം വിധം സിനിമയിൽ ബിംബവത്ക്കരിക്കപ്പെടുന്ന സീനാണ് എടുത്ത് പറയേണ്ട മറ്റൊരു കാഴ്ച. രാജ സിംഹാസനത്തിൽ കയറിയിരുന്ന് ഒരേ സമയം രണ്ടു കുഞ്ഞുങ്ങളെയും മടിയിലിരുത്തി മുലയൂട്ടി കൊണ്ട് രാജ്യ ഭരണത്തിന് തുടക്കം കുറിക്കുന്ന ശിവഗാമി ഇന്ന് വരെ കണ്ട സ്ത്രീ കഥാപാത്രങ്ങളിൽ നിന്ന് ഏറ്റവും ശക്തമായ കഥാപാത്രമായി വേറിട്ട് നിൽക്കുന്നതിനു കാരണം പോലും ആ സീനാണ്. 

സത്യരാജ് അവതരിപ്പിക്കുന്ന കട്ടപ്പ എന്ന കഥാപാത്രവും സമകാലീന രാഷ്ട്രീയത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഉദ്യോഗസ്ഥരും സേനാധിപന്മാരും രാജ്യത്തോടും ഭരണാധികാരികളോടുമുള്ള അവരവരുടെ കടമകൾ മറക്കാതെ അത് നിറവേറ്റാൻ സദാ സജ്ജമാകുക തന്നെ വേണം എന്ന് പറയാതെ പറഞ്ഞവസാനിപ്പിക്കുന്നുണ്ട് കട്ടപ്പ. ഭരണാധികാരികളോടുമുള്ള ആശയ വിയോജിപ്പിക്കുകൾ പ്രകടിപ്പിക്കേണ്ടത് പുറമേ നിന്ന് രാജ്യത്തിനകത്ത് അന്ന്യായമായി കടന്നു കയറുന്നവനെ സഹായിക്കും വിധമായിരിക്കരുത്. അത്തരത്തിൽ കടന്നു വരുന്നവന്റെ ഉദ്ദേശ്യ ശുദ്ധിയെ അംഗീകരിച്ചാലും അതിനേക്കാൾ കൂടുതൽ രാജാവിനോടും രാജ്യത്തോടുമൊക്കെയുള്ള തന്റെ കടമയും കർത്തവ്യവും തന്നെയാണ് ഓർക്കേണ്ടതും നിറവേറ്റണ്ടതുമെന്ന് വ്യക്തമാക്കും വിധമാണ് കട്ടപ്പയുടെ രാഷ്ട്രീയ നിലപാടുകൾ സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത്. 

ദുര്യോധനൻ, ശകുനി, ധൃത രാഷ്ട്രർ, ഭീമസേനൻ, കർണ്ണൻ, ദ്രൗപദി, സീത,രാവണൻ, ഭീഷ്മർ ഇത്യാദി പുരാണ കഥാപാത്രങ്ങളുടെ ആത്മാംശങ്ങൾ കൂട്ടിക്കുഴച്ചു കൊണ്ടാണ് പല കഥാപാത്ര സൃഷ്ടികളും നടന്നിട്ടുള്ളത്. ധാർമ്മികനെങ്കിലും മഹാഭാരതത്തിലെ ഭീഷ്മർക്ക് സമമെന്ന നിലയിൽ അധർമ്മ പക്ഷത്ത് നിലയുറപ്പിച്ച് പോകേണ്ടി വരുന്ന കഥാപാത്രമായി കട്ടപ്പയെ ഒരു വേള നിരീക്ഷിക്കാവുന്നതാണ്. ദുര്യോധന- രാവണ സ്വഭാവം റാണ ദഗ്ഗുബതിയുടെ ബല്ലാല ദേവയിൽ കാണാം. ശകുനിയുടെയും ധൃതരാഷ്ട്രരുടേയും പുതിയ പതിപ്പാണ്‌ നാസറിന്റെ ബിജ്ജാലദേവ. പുഴയിൽ ഒഴുക്കി വിട്ട കർണ്ണന്റെയും ദ്രൗപതി ശപഥം നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ഭീമസേനന്റെയും സമ്മിശ്ര സ്വഭാവ രൂപമാണ് പ്രഭാസിന്റെ ബാഹുബലിക്ക്. കർണ്ണനെ നദിയിൽ നിന്ന് കളഞ്ഞു കിട്ടി വളർത്തി വലുതാക്കിയ രാധയാകട്ടെ സിനിമയിൽ സംഗ എന്ന കഥാപാത്രമായും രൂപപ്പെട്ടു.രാവണന്റെ ബന്ധനത്തിൽ ലങ്കയിൽ കഴിയേണ്ടി വന്ന സീതയുടെയും ദുര്യോധനനാൽ അപമാനിക്കപ്പെട്ട ദ്രൌപതിയുടെ ശപഥ വീര്യവും ശൌര്യവുമെല്ലാം അനുഷ്ക്കയുടെ ദേവസേന മഹാറാണിയിൽ കാണാനാകും. അങ്ങിനെ സസൂക്ഷമം നിരീക്ഷിച്ചാൽ കഥയും കഥാപാത്രങ്ങളും പലതിൽ നിന്നും പരിണാമം സിദ്ധിച്ചു വന്നിട്ടുള്ളത് മാത്രമാണ്. എന്നാൽ കഥാ പശ്ചാത്തലത്തിലെ വ്യത്യസ്തത കൊണ്ടും ആവിഷ്ക്കരണത്തിലെ മികവു കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൊണ്ടും സാങ്കേതിക വിദ്യയുടെ പിൻബലം കൊണ്ടും ബാഹുബലി ഇന്ത്യൻ സിനിമയിലെ ഒരു ചരിത്രമായി മാറിയിരിക്കുന്നു എന്നതാണ് സത്യം. 

ഹോളിവുഡ് യുദ്ധ സിനിമകളും അതിലെ സാങ്കേതിക മികവും മനസ്സിൽ പ്രതിഷ്ഠിച്ചു കൊണ്ട് ബാഹുബലിയെ നിരീക്ഷിക്കാതിരിക്കുന്നാതാകും നല്ലത്. രണ്ടു ധ്രുവങ്ങളിലുള്ള സിനിമാ ലോകങ്ങളെ രണ്ടായി തന്നെ കാണണം. ഹോളിവുഡ് സിനിമകളുടെ സാങ്കേതിക മികവിന്റെ സ്രോതസ്സ് അവരുടെ ഉയർന്ന സാമ്പത്തിക സ്ഥിതി കൂടിയാണ് എന്ന് മനസിലാക്കണം. അങ്ങിനെ നോക്കുമ്പോൾ 250 കോടി രൂപ എന്ന കുറഞ്ഞ ബജറ്റിൽ ബാഹുബലി പോലൊരു സിനിമ ഉണ്ടാക്കിയെടുക്കുകയും അന്തർ ദേശീയ തലത്തിൽ അത് ചർച്ച ചെയ്യപ്പെടുകയും ചെയ്തെങ്കിൽ  അതൊരു ചെറിയ കാര്യമല്ല. അത് കൊണ്ട് തന്നെ ഭാവിയിൽ ഹോളിവുഡ് സിനിമകളുടെ തൊട്ടു പുറകെയെങ്കിലും ഇന്ത്യൻ സിനിമകൾക്ക് എത്താൻ സാധിക്കുമെന്ന് പ്രതീക്ഷ തരുന്ന ഒരു സിനിമ എന്ന നിലക്ക് ബാഹുബലി ഒരു നല്ല തുടക്കമാണ് താനും. അവിടെയാണ് ബാഹുബലി മികച്ചു നിൽക്കുന്നതും ഇന്ത്യൻ പ്രേക്ഷകരുടെ കൈയ്യടി നേടുന്നതും. 

ആകെ മൊത്തം ടോട്ടൽ = രാജമൌലിയുടെ സംവിധാന മികവ്, കീരവാണിയുടെ മികച്ച സംഗീതം, സെന്തിൽ കുമാറിന്റെ അഴകാർന്ന ച്ഛായാഗ്രഹണം, എന്നതിനോടൊപ്പം ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എണ്ണിയാൽ തീരാത്ത അത്രയും പ്രവർത്തകരുടെ ഓരോ ജോലിയും അഭിനന്ദിക്കപ്പെടേണ്ടതുണ്ട്. ബാഹുബലി ഒന്നാം ഭാഗം അവശേഷിപ്പിച്ച പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം രണ്ടാം ഭാഗം റിലീസാകുമ്പോൾ മാത്രമേ കണ്ടറിയാൻ സാധിക്കൂ എന്നത് രണ്ടാം ഭാഗം കാണാനുള്ള ആവേശത്തെ കൂട്ടുക തന്നെ ചെയ്യും. ബാഹുബലിയുടെ ആസ്വാദനം അപ്പോൾ മാത്രമേ പൂർണ്ണമാകുകയുമുള്ളൂ. 

*വിധി മാർക്ക്‌ = 8.5/10 
-pravin-

Thursday, June 18, 2015

പ്രേമം ആഘോഷിക്കപ്പെടുമ്പോൾ

പ്രേമം എന്ന വികാരത്തെ അഭ്രപാളികളിൽ എത്രയൊക്കെ തവണ പ്രമേയവത്ക്കരിച്ചാലും അതിലൊരു സത്യസന്ധത ഉണ്ടെങ്കിൽ പുതുമ നോക്കാതെ അത് സ്വീകരിക്കപ്പെടുക തന്നെ ചെയ്യും എന്നാണ്  ലോക സിനിമാ ചരിത്രം വരെ പറയുന്നത്. ആ നിലക്ക് 'പ്രേമം' സിനിമയിൽ പ്രേമം വീണ്ടും പ്രമേയവത്ക്കരിക്കുമ്പോൾ  പുതുമ പ്രതീക്ഷിക്കേണ്ട. പകരം അത് എന്തൊക്കെ സംഗതികൾ  ഏതൊക്കെ വിധത്തിൽ എത്രത്തോളം പ്രേക്ഷകനെ അനുഭവപ്പെടുത്തുന്നു എന്ന് മാത്രം നോക്കിയാൽ മതിയാകും.  സിനിമ റിലീസാകുന്നതിനു മുൻപ്  സംവിധായകൻ തന്നെ പ്രേക്ഷകർക്ക് നൽകിയ മുന്നറിയിപ്പ് ആരും തന്റെ സിനിമയിൽ  ഒരു യുദ്ധം പ്രതീക്ഷിച്ചു വരേണ്ട എന്നായിരുന്നു. അവകാശ വാദങ്ങൾ ഒന്നുമില്ലാതെ   പുള്ളി തന്നെ തന്റെ സിനിമയെ കുറിച്ച് ഒരു ഇന്ട്രോ നൽകുകയും ചെയ്തു . റിലീസിന് മുൻപേ തന്നെ പ്രേക്ഷക മനസ്സിൽ  സിനിമകളെ കുറിച്ച്  വലിയ പ്രതീക്ഷകൾ രൂപപ്പെടുത്തി  തങ്ങളുടെ സിനിമ വളരെ വ്യത്യസ്തവും മനോഹരവുമാണ് എന്നടക്കമുള്ള  മാർക്കെറ്റിംങ്ങും   നടത്തി  ബോക്സോഫീസ് കളക്ഷൻ ഉണ്ടാക്കിയെടുക്കുന്ന  സിനിമാ പ്രവർത്തകരിൽ നിന്നും വ്യത്യസ്ത നിലപാട് സ്വീകരിച്ച അൽഫോൻസ്‌ പുത്രനും സുഹൃത്തുക്കളും അക്കാര്യത്തിൽ ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്.  

സമീപ കാലത്തായി സംവിധായകൻ രാജീവ് രവി നടത്തിയ ഒരു വിവാദ പ്രസ്താവനയായിരുന്നു  സിനിമ ചെയ്യാൻ സ്ക്രിപ്റ്റിന്റെ ആവശ്യമില്ലെന്നും  സിനിമ ചെയ്യുന്നതിന് മുൻപ് സ്ക്രിപ്റ്റ് കത്തിച്ചു കളയണം എന്നുമൊക്കെ. പ്രേമം സിനിമയുടെ കാര്യത്തിൽ അത് ഒരു പരിധി വരെ ശരിയാണോ എന്ന്  തോന്നിപ്പോകാം. കാരണം കഥയല്ല സിനിമയെ നയിക്കുന്നത് മറിച്ച് കുറേ കഥാപാത്രങ്ങളും അവരുടെ കൃത്രിമത്വം കലരാത്ത സംഭാഷണങ്ങളും അനുബന്ധമായി വരുന്ന രംഗങ്ങളുമാണ്. അതെല്ലാം സ്ക്രിപ്റ്റ് എഴുതി ചെയ്തത് പോലെ തോന്നിക്കാത്ത വിധം അവതരിപ്പിക്കാൻ അൽഫോൻസിന് സാധിച്ചു എന്നതാണ് ഈ സിനിമയുടെ യഥാർത്ഥ വിജയം. പറയാനും അവതരിപ്പിക്കാനുമുള്ള   കാര്യങ്ങൾ  മനസ്സിൽ വ്യക്തമായി സൂക്ഷിച്ചു വക്കാൻ  സാധിക്കുന്ന  ഒരു സംവിധായകന് രാജീവ് രവി പറഞ്ഞ പോലെ ഒരു സ്ക്രിപ്റ്റിന്റെ ആവശ്യമേ വരുന്നില്ല. അനുവദനീയമായ ചുറ്റുപാടിൽ കഥാപാത്രങ്ങളെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ അവതരിപ്പിക്കാൻ ഈ സിനിമയിലെ അഭിനേതാക്കൾക്ക്  അവസരം കിട്ടിയതും ആ കാരണം കൊണ്ട് തന്നെ. 

പറയാനൊരു വലിയ കഥയില്ലായ്മ ഈ സിനിമയുടെ പോരായ്മയായി നിലനിൽക്കുമ്പോഴും മുഷിവ്‌ അനുഭവപ്പെടുത്താതെ രണ്ടേ മുക്കാൽ മണിക്കൂറോളം പ്രേക്ഷകനെ രസിപ്പിച്ചും ചിരിപ്പിച്ചും തിയേറ്ററിൽ അടക്കി ഒതുക്കി ഇരുത്തുക എന്ന് പറഞ്ഞാൽ നല്ല  ബുദ്ധിമുട്ടുള്ള ഒരു സംഗതി തന്നെയാണ്. ആ വെല്ലുവിളിയെ സംവിധായകൻ  നേരിടുന്നത് യുവാക്കളുടെ ജീവിതത്തിലെ മൂന്നു സുപ്രധാന കാലഘട്ടങ്ങളിലെ രസകരമായ ഓർമ്മകളെയും അനുഭവങ്ങളെയും ഗൃഹാതുരതയുണർത്തും വിധം അവതരിപ്പിച്ചു കൊണ്ടാണ്. ആ കാലഘട്ടങ്ങളിലെ സൌഹൃദ ബന്ധങ്ങളും പ്രണയവും മറ്റുമെല്ലാം പൈങ്കിളിവത്ക്കരിക്കാതെ തീർത്തും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നതിനപ്പുറത്തേക്ക് ഹൃദ്യമായൊരു പ്രണയ സങ്കൽപ്പമൊന്നും സമ്മാനിക്കാൻ  ഈ സിനിമക്ക് സാധിച്ചിട്ടില്ല. അങ്ങിനെ  വല്ല ദിവ്യ പ്രണയമെങ്ങാനും ഈ സിനിമയിലുണ്ടെന്ന് കണ്ടെത്തിയാൽ അത് കണ്ടെത്തുന്ന പ്രേക്ഷകനാണ് സത്യത്തിൽ പൈങ്കിളിയായി മാറുന്നത്. പ്രേമം എന്നും പൈങ്കിളി തന്നെയാണളിയാ എന്ന  സ്ഥിരം പല്ലവികൾ പറയാനുള്ള അവസരം പോലും ഈ സിനിമ തരുന്നില്ല എന്ന്  കൂടി ഓർക്കണം. അതേ സമയം മൊബൈലും ഇന്റർനെറ്റും ഒന്നുമില്ലാത്ത ഒരു കാലത്ത് ഒരു പെണ്ണിനെ പ്രേമിക്കാൻ ആ കാലത്തെ ആണ്‍ പിള്ളേർ എത്ര മാത്രം പണിപ്പെട്ടിരുന്നു എന്ന് പുത്തൻ തലമുറക്ക് രസകരമായി പറഞ്ഞു കൊടുക്കുന്നുണ്ട് ഈ സിനിമ. പഴയ തലമുറയിലെ പൂവാലന്മാർക്കാകട്ടെ ഈ സിനിമ  മനോഹരമായ ഒരു ഓർമ്മ പുതുക്കലുമാകുന്നു. 

പ്രേമം ഓരോ വ്യക്തിക്കും ഓരോ വിധമാകും. സിനിമയിലെ നായകന് ഓരോ കാലത്തും ഓരോ പ്രേമങ്ങൾ ഉണ്ട്. പ്രേമിച്ചു മാത്രമേ കല്യാണം കഴിക്കൂ എന്ന ചിന്ത ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കുന്ന ചില നിർബന്ധിതാവസ്ഥകൾ ഏറെക്കുറെ ജോർജ്ജ് എന്ന നായകനിലും  കാണാൻ സാധിക്കും. പ്രായത്തിന്റെ ചിന്തകൾ തീർക്കുന്ന വേലിക്കെട്ടിനപ്പുറത്തേക്ക് പോയി കാര്യങ്ങളെ മനസിലാക്കാനും പ്രായോഗികമായ നിലപാടുകളിൽ എത്താനൊന്നും ഏതൊരു കൗമാരക്കാരനെയും പോലെ ജോർജ്ജും ഇവിടെ ശ്രമിക്കുന്നില്ല. ആ പ്രായത്തിൽ അതങ്ങിനെ തന്നെയാകണം എന്നത് കാലത്തിന്റെ ഒരു ക്ലീഷേയാണ്. അത് കൊണ്ട് അതിൽ കുറ്റം പറയാനില്ല. ആദ്യ പ്രണയം എന്നത് എന്നെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാകും എന്ന് എല്ലാ കമിതാക്കളും ആവർത്തിച്ചു പറയുമ്പോഴും ആദ്യ പ്രണയത്തെ മറന്ന്  രണ്ടാമതും മൂന്നാമതും വേണ്ടി വന്നാൽ നാലാമതും പ്രണയിക്കാൻ കമിതാക്കൾക്ക് സാധിക്കുന്നു. ഒന്നിനെ മറക്കാതിരിക്കുക എന്നതാകണം അതിനോടുള്ള ആത്മാർത്ഥത എന്ന് പറയുന്നില്ല. എന്നാൽ ഒന്നിനെ മറന്ന്  മറ്റൊന്നിലേക്ക്  ആകൃഷ്ടനാകാനുള്ള കാല താമസം ആത്മാർത്ഥതയുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്. 

ഒരാളെ കാണുമ്പോഴേക്കും ഉടനടി അയാളെ പ്രേമിക്കാൻ തോന്നുന്നത് വെറും ശാരീരിക ആകർഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഇവിടെ ജോർജ്ജിന്റെ പ്രേമം തുടങ്ങുന്നത് മുഴുവൻ അങ്ങിനെയാണ്. എന്ന് കരുതി ആ പ്രേമത്തിൽ ആത്മാർത്ഥതയില്ല എന്നല്ല. നേരത്തെ സൂചിപ്പിച്ച ഒരു തരം നിർബന്ധിതാവസ്ഥ - അതായത് പ്രേമിച്ചു മാത്രമേ  തന്റെ ജീവിത പങ്കാളിയെ സ്വന്തമാക്കാവൂ എന്നൊരു വാശി ജോർജ്ജിന്റെ കഥാപാത്രത്തിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. മേരിയോടുള്ള തന്റെ  പ്രേമത്തിന് യാതൊരുവിധ  അർത്ഥവുമില്ല എന്ന് വിഷമത്തോടെ മനസിലാക്കുന്ന ജോർജ്ജ് ആ പ്രേമ പരാജയത്തെ പിന്നീട് ആസ്വദിക്കുന്നത് മലരിനെ കാണുമ്പോഴാണ്. മേരിയോടുണ്ടായിരുന്ന സ്കൂൾ കാല  പ്രേമത്തെക്കാളും കൂടുതൽ പ്രായോഗികമായി പ്രേമിക്കാൻ സാധിക്കുക കോളേജ് കാലത്ത് കണ്ട  മലരിനെ തന്നെയാണ് എന്നൊരു ധാരണയും ജോർജ്ജിനുണ്ടായിരുന്നു. അതിന്റെ കാരണമായി ജോർജ്ജ് തന്റെ കൂട്ടുകാരോട് പറയുന്നത് പ്രായമോ ജാതിയോ മതമോ ഭാഷയോ  ഒന്നും ഈ വിഷയത്തിൽ പ്രശ്നമില്ല ആ വക കാര്യത്തിലെല്ലാം തന്റെ അപ്പനും വീട്ടുകാരും കുറച്ച് തുറന്ന ചിന്താഗതിക്കാരാണ് എന്നാണ്.  ഈ ആത്മവിശ്വാസം തന്നെയാണ്   മലരിനെ പ്രണയിക്കാൻ ജോർജ്ജിനെ കൂടുതൽ പ്രേരിപ്പിക്കുന്നതും. എന്നാൽ ഇവർക്കിടയിൽ സത്യത്തിൽ പ്രേമം ഉണ്ടായിരുന്നോ എന്നത് ചോദ്യമായി അവശേഷിപ്പിക്കുന്നുണ്ട് സംവിധായകൻ. 

പഠിപ്പിക്കുന്ന ടീച്ചർ, അവരുടെ പ്രായം ഇതെല്ലാം  മറന്ന് മലരിനെ കാമുകി മാത്രമായി കാണാൻ ആഗ്രഹിക്കുമ്പോഴും  ജോർജ്ജിനെ കാമുകനായി കാണാൻ മലർ തയ്യാറായിട്ടില്ല എന്ന് വേണം മനസിലാക്കാൻ. ഒരു ടീച്ചറെന്ന നിലയിൽ മലരിന് അറിയാമായിരുന്നു ജോർജ്ജിന്റ മനസ്സ്. അവന്റെ നല്ല ഒരു സുഹൃത്ത് എന്നതിനപ്പുറത്തേക്ക് ആ ബന്ധം വളർത്താൻ അവർ ആഗ്രഹിച്ചിരുന്നില്ല. മലരിന്റെ കഥാപാത്രത്തെ പലരും ജോർജ്ജിന്റെ കണ്ണിലൂടെ നോക്കി കാണാൻ ശ്രമിച്ചത് കൊണ്ടാണ് മലരിന്റെ മുഖത്ത് ഒരു കാമുകിയെ കാണാൻ സാധിക്കുന്നത്. അല്ലാത്ത പക്ഷം മലരിന്റെ കഥാപാത്രവും അവരുടെ നിലപാടുകളും എന്തെന്ന് ആദ്യത്തെ കുറച്ചു സീനുകളിൽ നിന്ന്   തന്നെ മനസിലാക്കിയെടുക്കാൻ സാധിക്കും. സീനിയേഴ്സിന്റെ അല്ലറ ചില്ലറ റാഗിങ്ങെല്ലാം ജൂനിയേഴ്സിന് പ്രത്യേകിച്ച് പെണ്‍കുട്ടികൾക്ക് ഗുണമേ ചെയ്യൂ എന്ന അഭിപ്രായക്കാരിയായിരുന്നു  മലർ. സാധാരണ ടീച്ചർമാരിൽ നിന്നും വ്യത്യസ്തമായി അങ്ങിനെ പലതും മലരിന്റെ കഥാപാത്രത്തിൽ കാണാൻ പറ്റും. വിമൽ സാർ ആളൊരു കോഴിയാണെന്ന് മനസിലാക്കി കൊണ്ടാണ് ടീച്ചർ അയാൾക്ക് ഫോണ്‍ നമ്പർ തെറ്റിച്ചു പറഞ്ഞു കൊടുക്കുന്നത്‌. ടീച്ചറിന്റെ ഉള്ളിലെ കുസൃതിക്കാരിയെയും അവിടെ കാണാം. പഠിപ്പിക്കുന്ന വിദ്യാർഥികളുടെ പ്രായത്തേയും അവരുടെ ചിന്തകളെയും അതിന്റെതായ നിലയിൽ കണ്ടു കൊണ്ട് പെരുമാറുന്ന ടീച്ചർ എന്നതിനപ്പുറത്തേക്ക് ആരായിരിക്കാം മലരിന് ഒരു കാമുകിയുടെ മുഖച്ഛായ കൂടി ഉണ്ടെന്ന് ആദ്യമായി പറഞ്ഞിട്ടുണ്ടാകുക ? 

മലരിന്  മുല്ലപ്പൂ വാങ്ങി കൊടുക്കുമ്പോഴും  അവളോട്‌ ഫോണിൽ സംസാരിക്കുമ്പോഴും ജോർജ്ജ് ഒന്നാം തരം  ഒരു കാമുകന്റെ സ്ഥാനത്ത് തന്നെയാണ് നിൽക്കുന്നത്. എന്നാൽ മലർ  ജോർജ്ജിനെ സ്നേഹിക്കുന്നത് പ്രേമം കൊണ്ടല്ല.  ജോർജ്ജ് കൂടുതൽ കൂടുതൽ  തന്നോട് അടുക്കുകയാണല്ലോ എന്ന് മലരിന് മനസ്സിലാകുന്നത് പോലും  കോളേജ് ഡേയിലെ  ജോർജ്ജിന്റെ ഡാൻസിനെ അഭിനന്ദിക്കാനായി സ്റ്റേജിന്റെ പുറകിലേക്ക്  ഓടിയെത്തുമ്പോൾ ആണ്. അന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കി സംസാരിച്ച് കഴിഞ്ഞ ശേഷം തെല്ലു നേരത്തെ നിശബ്തയിലാണ് തന്റെ ഉള്ളിലും ഒരു പ്രേമം മുള പൊട്ടുന്നുണ്ടോ എന്ന് മലർ സംശയിക്കുന്നത്.  പക്ഷേ ആ പ്രേമത്തെ പ്രായോഗികമായി വിലയിരുത്തിയ ശേഷം അതിനെ ഉപേക്ഷിക്കാനുള്ള പക്വത മലർ കാണിച്ചു എന്നതാണ്  സിനിമയുടെ അവസാന സീനുകളിൽ നിന്ന് മനസിലാകുന്നത്.  മലരും ജോർജ്ജും തമ്മിലുള്ള ബന്ധത്തെ ചൊല്ലി നമുക്ക് വേണമെങ്കിൽ പല ചർച്ചകളും നടത്താം. അപ്രകാരം ഓരോ പ്രേക്ഷകനും  അവനവന്റെ  താൽപ്പര്യാർത്ഥം അവരുടെ ബന്ധത്തെ വ്യാഖ്യാനിക്കാനുള്ള അവസരം കൂടിയാണ് സിനിമയിലെ ക്ലൈമാക്സിലൂടെ സംവിധായകൻ നൽകുന്നത്. 

പ്രേമം എന്താണെന്ന്  വ്യാഖ്യാനിക്കലല്ല ഈ സിനിമയുടെ ലക്ഷ്യമെങ്കിലും എല്ലാ വ്യക്തികളുടെയും   ജീവിതത്തിലൂടെ കടന്നു പോയിട്ടുള്ള യൌവ്വന  കാലത്തെയും ആ പ്രായത്തിലെ  ചിന്തകളേയുമെല്ലാം  വളരെ സരസമായി  വരച്ചു കാണിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.  രസകരമായ കഥാപാത്ര സംഭാഷണങ്ങൾക്കിടയിലും ക്ലോസപ്പ് ഷോട്ടുകളെ അവഗണിച്ചു കൊണ്ട്  ചായക്കടയിലെ ചില്ലലമാരയിലെ പലഹാരങ്ങളിലേക്കും മിട്ടായി ഭരണികളിലേക്കും സർബത്ത് കുപ്പികളിലേക്കും  ഗൃഹാതുരത തേടി പോകുന്ന ക്യാമറ അവിടത്തെ  മേശപ്പുറത്ത് മധുരം നുണഞ്ഞ്  നടക്കുന്ന ഉറുമ്പുകളെ വരെ മനോഹരമായി സ്ക്രീനിലേക്ക് പകർത്തി കാണിക്കുകയാണ് ചെയ്യുന്നത്. പ്രേമം എന്ന വാക്കിനെക്കാൾ കൂടുതൽ ഈ സിനിമയിൽ എന്ത് കൊണ്ടും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് സൗഹൃദം.  അത്ര മാത്രം ഹൃദ്യമായ സൌഹൃദ ബന്ധങ്ങളാണ് ഈ സിനിമയിലുടനീളം കാണാനാകുക. ജോർജ്ജ് -കോയ - ശംഭു എന്നതാണ് സൌഹൃദത്തിന്റെ ആ  രസക്കൂട്ട്. അവരുടെ വട്ടം കൂടിയുള്ള നടത്തവും ഇരുത്തവും സൈക്കിൾ സവാരികളും സൌഹൃദ പ്രേമികളെ കൊതിപ്പിച്ചു കളയുന്നുണ്ട് പല സീനുകളിലും. അത് കൊണ്ട് തന്നെ   ഈ സിനിമയിലെ നായകന്റെ പ്രേമവും  കാമുകിമാരുമൊന്നും   പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയില്ലെങ്കിലും അവന്റെ സുഹൃത്തുക്കളും  സുഹൃത്ത് ബന്ധങ്ങളും ഏതൊരു പ്രേക്ഷകന്റെയും ഹൃദയം കവരുക തന്നെ ചെയ്യും. സത്യത്തിൽ 'പ്രേമ'ത്തിന്റെ  ആത്മാവ് പോലും അവരാണ്. സിനിമയിലെ പോലെ തന്നെ രസികന്മാരായ ഒരു കൂട്ടം സുഹൃത്തുക്കളാണ്  സിനിമക്ക് പുറകേയും പ്രവർത്തിച്ചിട്ടുള്ളത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ആ നിലക്ക് ഈ സിനിമ എല്ലാ അർത്ഥത്തിലും   പ്രേമത്തേക്കാൾ കൂടുതൽ ആഘോഷിക്കപ്പെടേണ്ടതും  അറിയപ്പെടേണ്ടതും  സൌഹൃദത്തിന്റെ പേരിലാകണമായിരുന്നു. 

ആകെ മൊത്തം ടോട്ടൽ = രണ്ടേ മുക്കാൽ മണിക്കൂർ നേരം തീർത്തും ആസ്വദിച്ച് കണ്ടിരിക്കാവുന്ന രസകരമായ ഒരു സിനിമ.  സംവിധായകൻ പറഞ്ഞ പോലെ ഒരു യുദ്ധമൊന്നും പ്രതീക്ഷിച്ചു കാണാൻ പോകണ്ട. ശബരീഷ് വർമ്മയുടെ വരികൾ,  രാജേഷ്‌ മുരുകന്റെ സംഗീതം, ആനന്ദ് സി ചന്ദ്രന്റെ ച്ഛായാഗ്രഹണം എന്നിവ ഈ സിനിമയിലെ എടുത്തു പറയേണ്ട മികവുകളാണ്. നിവിൻ പോളി അടുത്ത ലാലേട്ടൻ ഒന്നുമായില്ലെങ്കിലും മലയാള സിനിമയിലെ നല്ലൊരു നടനായി തുടരാൻ സാധിക്കും എന്ന് വിശ്വസിക്കാവുന്ന ഒരാളാണ്. സൂക്ഷിച്ചു നോക്കിയാൽ നിവിൻ പോളി ഈ സിനിമയിൽ ഷൈൻ ചെയ്ത പല സീനുകളിലും പഴയ ലാലേട്ടന്റെ ഭാവഭേദങ്ങൾ കാണാൻ സാധിക്കും.  എന്നാൽ അതൊരു അന്ധമായ അനുകരണമായി പ്രേക്ഷകന് തോന്നാത്ത വിധം ഭംഗിയാക്കാൻ സാധിച്ചു എന്നുള്ളിടത്താണ് നിവിൻ സ്കോർ ചെയ്തത്. നിവിൻ പോളിയെ ഒഴിച്ച് നിർത്തിയാൽ പോലും ഈ സിനിമയിൽ അസാമാന്യമായി അവരവരുടെ കഴിവ് തെളിയിച്ച ഒരു കൂട്ടം ചെറുപ്പക്കാരെ കാണാം. ചുരുക്കത്തിൽ പറഞ്ഞാൽ ഈ സിനിമ  തീർത്തും  യുവത്വത്തിന്റെ ആഘോഷമാണ്. 

* വിധി മാർക്ക് = 7.5/10 
-pravin-

Tuesday, May 5, 2015

എന്നും എപ്പോഴും ഇങ്ങിനെ തന്നെ പോയാ മത്യോ സത്യേട്ടാ ?

സത്യൻ അന്തിക്കാട് സിനിമകളിൽ നിന്ന് ആളുകൾക്ക് പലതും പ്രതീക്ഷിക്കാം. നല്ല  തമാശകൾ , കുടുംബ കഥ, പാട്ടുകൾ,  നന്മ നിറഞ്ഞ  കഥാപാത്രങ്ങൾ, ഹാസ്യാത്മക സാമൂഹിക വിമർശനം, ഗ്രാമാന്തരീക്ഷം   അങ്ങിനെ പലതും പ്രതീക്ഷിക്കാം. തെറ്റ് പറയാനാകില്ല. കാരണം നമുക്കിടയിലെ സാധാരണക്കാരെയും അവരുടെ ചുറ്റുപാടുകളെയും ചുറ്റിപ്പറ്റിയുള്ള കഥകളാണ് കാലങ്ങളായി തന്റെ സിനിമയിലൂടെ സത്യൻ അന്തിക്കാട് അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. പക്ഷേ ഏതൊരു സംവിധായകനും ഒരു ഘട്ടം കഴിഞ്ഞാൽ ഒരേ പോലെയുള്ള കഥകളും കഥാപാത്രങ്ങളും കഥാ പശ്ചാത്തലവുമെല്ലാം   ഒഴിവാക്കി കൊണ്ട് അല്ലറ ചില്ലറ പരീക്ഷണങ്ങൾക്കൊക്കെ  മുതിരും. പുള്ളിക്ക് പക്ഷേ ഇപ്പോഴും അതിനത്ര വലിയ  താൽപ്പര്യമില്ല. ഇടക്കാലത്ത് തന്റെ സിനിമകളിലെ സ്ഥിരം നടീ നടന്മാരെയും ആ പഴയ ഗ്രാമാന്തരീക്ഷവുമൊക്കെ വിട്ടു കൊണ്ട് പുതുതലമുറയിലെ നല്ല നടന്മാരെ വച്ച് രണ്ടു സിനിമകൾ ചെയ്തു നോക്കി എന്നതൊഴിച്ചാൽ  തന്റെ സിനിമയിൽ കാര്യപ്പെട്ട മാറ്റങ്ങൾ വരുത്താൻ പുള്ളി ശ്രമിച്ചില്ല എന്ന് പറയുന്നതാകും ഉചിതം.  കുടുംബ സമേതം കാണാൻ പറ്റുന്ന നിരുപദ്രവകാരികളായ സിനിമകളാണ് പുള്ളി ചെയ്തിട്ടുള്ളത് എന്നത് മാത്രമാണ് ഇക്കാര്യത്തിലുള്ള ഒരു ആശ്വാസം. സംഗതി ഇങ്ങിനെയൊക്കെയെങ്കിലും എന്നും എപ്പോഴും എല്ലാ കാലത്തും  സത്യൻ അന്തിക്കാട് സിനിമ റിലീസാകുന്നു എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ഒരു വലിയ പ്രതീക്ഷയാണ്. ഇത്തവണ എന്തെങ്കിലുമൊക്കെ കാര്യമായ മാറ്റങ്ങളുള്ള  ഒരു കഥ പറയാനുണ്ടാകും എന്ന പ്രതീക്ഷ. മലയാളിക്ക് അത്രക്കും വിശ്വാസവും പ്രതീക്ഷയുമാണ്  സത്യൻ അന്തിക്കാട് എന്ന സംവിധായകനിൽ. എന്നാൽ പ്രേക്ഷകരുടെ ഈ വിശ്വാസത്തെയും പ്രതീക്ഷയേയും  കഴിഞ്ഞ കുറച്ചു കാലങ്ങളായി സത്യൻ അന്തിക്കാട്  ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണ്  എന്നും എപ്പോഴും എന്ന സിനിമ കൂടി കണ്ട്‌ തിയേറ്റർ വിടുമ്പോൾ. 

എന്താണീ സിനിമയുടെ കഥ എന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ പറയാം എന്നതാണ് ആശ്വാസം. അഡ്വക്കേറ്റ് ദീപയുടെ ഒരു ഇന്റർവ്യൂ വേണം വനിതാ രത്നം മാസികയുടെ വാർഷിക  പതിപ്പിലേക്ക്. അതിനു വേണ്ടി വനിതാ രത്നം സ്റ്റാഫ് റിപ്പോർട്ടർ വിനീത് എൻ പിള്ള  ഓടുന്ന ഓട്ടവും അനുഭവിക്കുന്ന കഷ്ടപ്പാടുകളുമാണ്  ഈ സിനിമയുടെ പ്രധാന കഥ. അതിനിടയിലേക്ക്  പഴയ കാല സത്യൻ അന്തിക്കാട് സിനിമകളിൽ നമ്മൾ കണ്ടു 'മറന്നിട്ടില്ലാത്ത' മനോഹര കഥാപാത്രങ്ങളുടെ പുന സൃഷ്ടികളും സമാന കഥാ സാഹചര്യങ്ങളുമെല്ലാം കടന്നു വരുന്നു. ഒരിക്കലും ഈ സിനിമ പ്രേക്ഷകനെ കടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ കഴിവിനെ പറ്റിയും സംശയമില്ല. കണ്ടിരിക്കാൻ പോലും സാധിക്കാത്ത, അത്ര മേൽ പ്രേക്ഷകനെ വെറുപ്പിക്കുന്ന മോശം സിനിമകൾ കണ്ടു വട്ടായ സാധാരണക്കാരായ ഏതൊരു പ്രേക്ഷകനും ഈ സിനിമയെ ഏറ്റവും മോശം സിനിമയായി  വിലയിരുത്തുമായിരിക്കില്ല. പകരം പണ്ടൊക്കെ കണ്ടിരുന്ന പോലത്തെ  കഥയും കാമ്പുമുള്ള  ഒരു നല്ല സത്യൻ അന്തിക്കാട് സിനിമയല്ല എന്ന് സ്നേഹത്തോടെ  തുറന്നു പറയുമെന്നു മാത്രം. 

മഞ്ജു വാര്യർ എന്ന നടിയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്തുമായിക്കോട്ടെ സിനിമയിൽ  ഭർത്താവിൽ നിന്നും പീഡനം ഏറ്റു വാങ്ങേണ്ടി വരുന്ന  സ്ത്രീ കഥാപാത്രങ്ങളെല്ലാം മഞ്ജു വാര്യർ ചെയ്താലേ നന്നാകൂ എന്നുള്ള ധാരണ ശരിയല്ല. അതൊരു ചീപ് മാർക്കെറ്റിംഗ് ടെക്നിക് മാത്രമാണ്. ഒരു നടിക്ക് അത്തരം കഥാപാത്രങ്ങൾ യാദൃശ്ചികമായി കിട്ടുന്നതല്ലേ എന്ന സംശയത്തിന് അത്ര പ്രസക്തിയില്ല എന്ന് മനസ്സിലാക്കാൻ  മഞ്ജു വാര്യരുടെ കഴിഞ്ഞ രണ്ടു സിനിമകളിലെയും സംഭാഷണങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും. ഹൌ ഓൾഡ്‌ ആർ യു സിനിമയിൽ ഒരു വീട്ടമ്മയിൽ നിന്നും സമൂഹത്തെ മൊത്തത്തിൽ inspire ചെയ്യിക്കാൻ പാകത്തിലുള്ള ഒരു കഥാപാത്ര സൃഷ്ടി നടത്താൻ രോഷൻ ആണ്ട്രൂസ്-ബോബി-സഞ്ജയ്‌ ടീമിന് സാധിച്ചെങ്കിലും അവിടെയും ആ നടിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പല  പ്രശ്നങ്ങളുമായും സമാനത പുലർത്തുന്ന സാഹചര്യങ്ങളിൽ കൂടിയാണ് കഥയെ വികസിപ്പിച്ചെടുക്കുന്നതും അതിനോടെല്ലാം മറുപടിയെന്നോണമുള്ള സംഭാഷണങ്ങൾ അവരെ കൊണ്ട് പറയിപ്പിക്കുന്നതും. വിവാഹ മോചിതരായ ഒരുപാട് നടികൾ ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അവർക്കാർക്കും ഒരു സംവിധായകരും  കൊടുക്കാതിരുന്ന  നിരവധി അവസരങ്ങൾ ആണ് മഞ്ജു വാര്യർക്ക് സിനിമയിലൂടെ തന്റെ വ്യക്തി ജീവിതത്തിലെ വില്ലന്മാർക്കുള്ള മറുപടി കൊടുക്കാനായി ചില സംവിധായകർ ഒരുക്കി കൊടുക്കുന്നത്. അതിന്റെ ചട്ടുകം പോലെ പ്രവർത്തിക്കാതിരിക്കാൻ കുറഞ്ഞ പക്ഷം മഞ്ജു വാര്യരെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നു. 

സ്ത്രീപക്ഷ സിനിമകൾ എന്ന വ്യാജേന പുറത്തിറങ്ങിയ ചില  സിനിമൾ  സ്ത്രീ കഥാപാത്രങ്ങൾക്ക്  ഓവർ  ബിൽഡ് അപ് കൊടുത്ത് കൊണ്ട് സിനിമയുടെ വിജയത്തിനായി  മാർക്കെറ്റിംഗ് ചെയ്യുക മാത്രമാണ് ചെയ്തത്. ഇവിടെ ഈ സിനിമയിൽ മഞ്ജു വാര്യരെ അതിനു വേണ്ടിയാണോ ഉപയോഗിച്ചത് എന്ന് സംശയിച്ചാൽ തെറ്റ് പറയാനില്ല. സിനിമയിലെ  രണ്ടു പ്രധാന സ്ത്രീ കഥാപാത്രങ്ങളെ തന്നെ  എടുത്തു നോക്കുക. മഞ്ജു വാര്യരുടെ അഡ്വക്കേറ്റ് ദീപ എന്ന കഥാപാത്രം  ഭർത്താവിൽ നിന്നും അകന്നു കഴിയുന്നു. വളരെ ചുരുങ്ങിയ വാക്കുകളാൽ കുറ്റം മുഴുവനും ഭർത്താവിന്റെ ആണെന്ന് പ്രേക്ഷകരെ പറഞ്ഞു  ബോധിപ്പിക്കുന്നു. പല പല സീനുകളിലായി ഭർത്താവ് ക്രൂരനാണെന്നും തന്നെ ദ്രോഹിക്കുക എന്നത് മാത്രമാണ് ഭർത്താവിന്റെ ഉദ്ദേശ്യം എന്നും പറയുന്നു. അവർ തമ്മിലുണ്ടായ പ്രശ്നം എന്താണെന്ന് വ്യക്തമാക്കാതെ തന്നെ ആ സ്ത്രീയുടെ കൂടെയാണ് ന്യായം എന്ന് വരുത്തി തീർക്കുക മാത്രമാണ് തിരക്കഥാകൃത്ത്  ചെയ്യുന്നത്. സിനിമയിൽ ദീപയുടെ (മഞ്ജു വാര്യർ) മുൻകാല ഭർത്താവ് വീണ്ടും വിവാഹിതനായ ശേഷവും അവരെ മനപ്പൂർവ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പറയുന്നുണ്ട്. അതിന്റെ ഭാഗമായാണ് മകളെ അയാൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് പോലും. പുള്ളിയുടെ രണ്ടാം ഭാര്യയുടെ മുഖത്ത് പോലും ദീപയോടും കുഞ്ഞിനോടുമുള്ള സ്നേഹമാണ് കാണാൻ കഴിയുക. രണ്ടാം ഭാര്യയുടെ മുഖത്ത് പോലും ഭർത്താവിന്റെ ഭാഗത്താണ് തെറ്റെന്നുള്ള ഭാവം വരുത്തി തീർക്കാൻ സംവിധായകനടക്കമുള്ളവർ നന്നായി ശ്രമിച്ചു കണ്ടു. അതോടു കൂടെ തീർത്തും ഏകപക്ഷീയമായി കൂടുതൽ വിശദീകരണങ്ങളില്ലാതെ തന്നെ ദീപ ന്യായീകരിക്കപ്പെടുന്നു. പ്രേക്ഷകന് അതാലോചിച്ച് കഷ്ടപ്പെടേണ്ടി വരില്ല.  

പിന്നെയുള്ള മറ്റൊരു സ്ത്രീ കഥാപാത്രമാണ് ലെന അവതരിപ്പിക്കുന്ന ഫറാ. ദീപയുടെ അടുത്ത സുഹൃത്തായ ഫറാ യാഥാസ്ഥിതിക മുസ്ലീം കുടുംബാന്തരീക്ഷത്തിൽ നിന്ന് ഏറെ മാറി നടക്കുന്ന സ്വഭാവക്കാരിയാണ് എന്ന് വേഷ ഭൂഷാദികളിൽ നിന്നും വ്യക്തമാണ്. തെറ്റില്ല അതൊന്നും. പക്ഷേ, ഫറാ നീ ഹാപ്പിയല്ലേ എന്ന് ദീപ ചോദിക്കുമ്പോൾ ഫറാ പറയുന്ന ഒരു സംഗതിയുണ്ട്. ഹാപ്പിയാണ് ...എന്നെക്കാൾ ഹാപ്പി ഇപ്പോൾ റഫീഖ് ആണ് എന്നായിരുന്നു ഫറായുടെ മറുപടി. കാരണം മറ്റൊന്നുമല്ല റഫീഖിന് ഇപ്പോൾ ഒരു ഗേൾ ഫ്രെണ്ട് ഉണ്ട്. ഞങ്ങളുടെ സമുദായത്തിൽ ഇതൊക്കെ ആകാം എന്നാണ് ഫറാ പറയുന്ന ന്യായീകരണം. തെറ്റിദ്ധാരണാജനകമായ ആശയങ്ങൾ  സിനിമയിലെ കഥാപാത്ര സംഭാഷണങ്ങളിലൂടെ പടർത്താൻ ഈ കാലത്തും ചില സിനിമാക്കാർ ശ്രമിക്കുന്നുണ്ടല്ലോ എന്നാലോചിച്ചപ്പോൾ അതിശയം തോന്നിപ്പോയി. നെയ്ച്ചോറും കോഴി ബിരിയാണിയും ബീഫുമടങ്ങുന്ന ഭക്ഷണങ്ങൾ തുടങ്ങി മദ്യത്തെയും ഭാഷയെയും വേഷത്തെയും സംസാര ശൈലിയേയും   വരെ  ക്ലീഷേ  കഥാപാത്രങ്ങളിലൂടെ  സമുദായവത്ക്കരിക്കാൻ ശ്രമിച്ച അതേ  സിനിമാക്കാരുടെ പിൻഗാമികൾ  തന്നെയാണ് ഇവിടെ ഈ സിനിമയിൽ ഭർത്താക്കന്മാർക്ക്  ഗേൾ ഫ്രെണ്ട് ആകാം അതെല്ലാം മതം അനുവദിക്കുന്ന കാര്യങ്ങളാണെന്ന് വളച്ചൊടിച്ചു പറയുന്നതും അതിനനുസൃതമായ കഥാപാത്ര സൃഷ്ടികൾ നടത്തുന്നതും. 

ഇതിലെ മറ്റൊരു തമാശ എന്താണെന്ന് വച്ചാൽ  സ്ത്രീയെ സർവ്വ  സ്വതന്ത്രയായ വ്യക്തിത്വങ്ങൾ ആയി കാണിക്കുന്നതിലൂടെയാണ് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്ത്രീ ശാക്തീകരണം സാധ്യമാക്കുന്നത്  എന്നതാണ്. ഫറാ സ്വന്തമായി ബിസിനസ്‌ നടത്തുന്നതും അതിനായി ദൂര ദേശങ്ങളിലേക്ക് ഒറ്റക്ക് സഞ്ചരിക്കുന്നതായും പറയുന്നതിനെ സ്ത്രീ ശാക്തീകരണമെന്ന വ്യാജേന കാണാൻ സാധിക്കുമ്പോഴും അടിസ്ഥാനപരമായി പുരുഷനെ പോലെ തന്നെ ഒരു സ്ത്രീക്ക് അവരുടെ കുടുംബത്തോട് ഉണ്ടാകേണ്ട ഉത്തരവാദിത്തങ്ങളെ നിസ്സാരവാത്ക്കരിക്കുന്ന നിലപാടുകൾ ആണ് ഫറയിലൂടെ  സിനിമ പുറന്തള്ളുന്നത്. സ്വന്തം മക്കളെ കാണാനും നോക്കാനും സമയമില്ല, അവർക്കിപ്പോൾ ഉപ്പൂപ്പയെയും ഉമ്മൂമ്മയെയും മതി എന്ന് വലിയ ആശ്വാസത്തോടെ പറയുന്ന ഫറ  ഭർത്താവുമായുള്ള അസ്വാരസ്യങ്ങൾ അയാളുടെ പുതിയ ഗേൾ ഫ്രണ്ട് നിമിത്തം സംഭവിച്ചതെന്ന് പ്രേക്ഷകനെ കൊണ്ട് ഊഹിപ്പിച്ചെടുപ്പിക്കുന്നു. അതോടെ ഫറ എന്ന സ്ത്രീ കഥാപാത്രവും ഏക പക്ഷീയമായി ന്യായീകരിക്കപ്പെടുന്നു. ഇതിൽപ്പരം ഇനിയെന്ത് സ്ത്രീ പക്ഷം എന്ത് സ്ത്രീ ശാക്തീകരണം എന്നാണ് സിനിമയിലെ പ്രധാനപ്പെട്ട രണ്ടു സ്ത്രീ കഥാപാത്രങ്ങളിലൂടെ സംവിധായകനും തിരക്കഥാകൃത്തും സ്ഥാപിച്ചെടുക്കുന്നത്. 

പ്രേക്ഷകരുടെ തുറന്നു പറച്ചിലുകളെയും വിമർശനങ്ങളെയും  സഹിഷ്ണുതയോടെ നോക്കി കാണാനും മനസിലാക്കാനും  സത്യൻ അന്തിക്കാടിനെ പോലുള്ള സംവിധായകർ ശ്രമിക്കേണ്ടതുണ്ട്.  തന്റെ സിനിമയെ  മോശമെന്ന് വിമർശിക്കുന്നവരെയെല്ലാം മൊത്തത്തിൽ മലയാള സിനിമയുടെ  ശത്രുക്കളായും നിലവാരമില്ലാത്ത കലാസ്വാദകാരായും  മുദ കുത്തി  കൊണ്ട് ഈ അടുത്ത് സത്യൻ അന്തിക്കാട് മാതൃഭൂമിയിൽ എഴുതിയ ലേഖനം അസഹിഷ്ണുതയുടെ കൊടുമുടിയിൽ കയറി ചിന്തിച്ചു കൂട്ടിയതാണ് എന്ന് പറയേണ്ടി വരും. സ്വന്തം സിനിമാ പാരമ്പര്യവും മഹത്വവും കൊട്ടിഘോഷിച്ചു കൊണ്ടുള്ള ലേഖനങ്ങൾ മുഖ്യധാര പത്ര മാധ്യമങ്ങളെന്നു വിശേഷിപ്പിക്കുന്ന ഇവിടത്തെ പത്ര മാധ്യമങ്ങളിൽ അച്ചടിക്കാൻ കൊടുക്കുന്നതിനു മുൻപ് സത്യൻ അന്തിക്കാട് തന്റെ തന്നെ ഭൂത കാല സിനിമകളെയും വർത്തമാന സിനിമകളെയും കുറിച്ച് നന്നായി ഒന്ന് പഠിക്കുക. സിനിമ ചെയ്യാനും തിരക്കഥ എഴുതാനും അറിയുന്നവർക്കും കലാ രംഗത്ത് എന്തെങ്കിലുമൊക്കെ പ്രതിഭാത്വം തെളിയിച്ചവർക്കും മാത്രമേ ഒരു സിനിമയെ ആസ്വദിക്കാനും നിരൂപിക്കാനും അവകാശമുള്ളൂ എന്ന് പറയുന്നത് തന്നെ ഒരു തരം ഫാസിസ്റ്റ്  കലാചിന്തയാണ്. സ്വന്തം സൃഷ്ടികളെ പോലും  ഏറ്റവും കൂടുതൽ വിമർശനാത്മകമായി നിരീക്ഷിക്കാനും പഠിക്കാനും സാധിക്കുന്നവനാണ് ഒരു മികച്ച കലാകാരൻ. ആസ്വാദകരും നിരൂപകരും അതിലേക്കുള്ള ചില ചൂണ്ടി കാണിക്കലുകൾ നടത്തുന്നു എന്ന് മാത്രം. അവർ സിനിമയുടെ ശത്രുക്കൾ അല്ല. സിനിമാ സ്നേഹികൾ മാത്രമാണ്. സിനിമയുടെ ശത്രുക്കൾ എല്ലാ കാലത്തും സിനിമക്കുള്ളിൽ തന്നെയാണ് ഉണ്ടായിട്ടുള്ളതും ഇപ്പോൾ ഉള്ളതും. പിന്നെ നല്ലതും ചീത്തതും എല്ലായിടത്തും ഉണ്ടെന്നത് പോലെ സിനിമാക്കാരുടെ ഇടയിലും നിരൂപകരുടെ കൂട്ടത്തിലും ഉണ്ടാകും. ഈ  ആപേക്ഷികതയെ മനസ്സിലാക്കിയാൽ ഒന്നിനെയും അടിച്ചധിക്ഷേപിക്കാൻ പിന്നെ തോന്നില്ല.  മലയാളിയുടെ പ്രിയ സത്യൻ അന്തിക്കാടിന് ഇനിയും സമയമുണ്ട് തിരിച്ചു വരാൻ.  

ആകെ മൊത്തം ടോട്ടൽ = പഴയ കാല സത്യൻ അന്തിക്കാട് സിനിമയിലെ പല രംഗങ്ങളെയും കഥാപാത്രങ്ങളെയും ഓർമ്മപ്പെടുത്തി കൊണ്ട് പ്രത്യേകിച്ച് വലിയ കഥാ ഉദ്ദേശ്യങ്ങൾ ഒന്നുമില്ലാതെ മഞ്ജു വാര്യർ എന്ന നടിക്ക് ചുറ്റും ഓടി നടക്കുന്ന കുറെ കഥാപാത്രങ്ങൾ അടങ്ങിയ ഒരു സിനിമ. ഒന്നും പ്രതീക്ഷിക്കാതെ കണ്ടാലും പ്രതീക്ഷിച്ചു കണ്ടാലും മനസ്സിന്റെ ഒരിടത്തു പോലും സ്പർശിക്കാൻ  സാധിക്കാതെ പോയ ഒരു നിർവ്വികാര സിനിമ. ജയ ചന്ദ്രന്റെ ശബ്ദത്തിലുള്ള നല്ല പാട്ടുകൾ,  കഥാപാത്രമായി മാറി കൊണ്ടുള്ള മോഹൻ ലാലിന്റെ അനായാസ  അഭിനയം എന്നിവയൊക്കെയാണ് സിനിമയിലെ പ്രതീക്ഷിക്കാതെ കിട്ടിയ രണ്ടു ബോണസുകൾ. സകുടുംബം കണ്ടിരിക്കാം എന്നത് മറ്റൊരു ആശ്വാസം. 

*വിധി മാർക്ക്‌ = 5/10 

-pravin-