Friday, September 29, 2017

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള - കറുത്ത ഹാസ്യത്തിന്റെ സാധ്യതകൾ തേടിയ പ്രമേയം

കാൻസറിനോട് പൊരുതി ജയിച്ച എഴുത്തുകാരി ചന്ദ്രമതിയുടെ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന പുസ്തകത്തിന്റെ പേര് മാത്രം കടമെടുത്തു കൊണ്ട് ഒരു സിനിമയുണ്ടാക്കുക എന്നത് ശ്രമകരമായ ദൗത്യം തന്നെയായിരിന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയപ്പെടുന്ന കേരളം എന്ന് മുതലായിരിക്കാം ഞണ്ടുകളുടെ (കാൻസറിന്റെ) നാടായി മാറാൻ തുടങ്ങിയത് എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരമില്ല. വർദ്ധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണം മലയാളി സമൂഹത്തെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലാണ് കാൻസറിനെ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് കൊണ്ട് അൽത്താഫ് സലിം തന്റെ സിനിമയിൽ അവതരിപ്പിക്കുന്നത് എന്നോർക്കണം. കറുത്ത ഹാസ്യം എന്നത് മലയാള സിനിമകളിൽ അധികം ഉപയോഗിച്ചോ പരീക്ഷിച്ചോ കണ്ട ഒന്നല്ല എന്ന കാരണം കൊണ്ട് തന്നെ ഇത്തരമൊരു സിനിമാ നിർമ്മിതിയെ പ്രേക്ഷക സമൂഹം എങ്ങിനെ സ്വീകരിക്കും എന്നത് സംവിധായകനും അതിനേക്കാളേറെ നിർമ്മാതാവിനും ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. നിവിൻ പോളി എന്ന നടനെക്കാൾ ഈ സിനിമയിൽ നിവിൻ പോളി എന്ന നിർമ്മാതാവിന് കൈയ്യടി കൊടുക്കേണ്ടതും അവിടെ തന്നെ. 

മലയാള സിനിമാ ചരിത്രത്തിൽ എല്ലാ കാലത്തും കാൻസറിനെ ഒരു ദുരന്തമായി മാത്രമേ പരിഗണിച്ചിട്ടുള്ളൂ. ട്രാജഡിക്ക് വേണ്ടി സിനിമകളിൽ ഇത്രത്തോളം ഉപയോഗിക്കപ്പെട്ട മറ്റൊരു രോഗാവസ്ഥ വേറെയുണ്ടോ എന്നത് പോലും സംശയമാണ്. 'മദനോത്സവ'വും, 'ആകാശദൂതും' 'മിന്നാര'വുമൊക്കെ കാൻസറിനെ ട്രാജഡിക്കായി ഉപയോഗിച്ചപ്പോൾ കെബി മധുവിന്റെ 'ചിത്രശലഭം' (പഴയ ഹിന്ദി സിനിമ ആനന്ദിന്റെ റീമേക്) കാൻസർ രോഗിയായ ദേവൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിനോടും മരണത്തോടുമൊക്കെയുള്ള വേറിട്ട കാഴ്ചപ്പാടുകളാണ് പങ്കു വച്ചത്. സജി സുരേന്ദ്രന്റെ 'ഫോർ ഫ്രണ്ട്സ്' കാൻസർ രോഗികളായ നാല് സുഹൃത്തുക്കളുടെ കഥയായിരുന്നു പറഞ്ഞത്. കാൻസർ കാരണം ജീവിതം അവസാനിച്ചെന്ന് കരുതി സങ്കടപ്പെടുകയല്ല വേണ്ടത് ബാക്കിയുള്ള ജീവിതമെങ്കിലും അർത്ഥപൂർണ്ണമായി ആഘോഷിക്കാൻ മനസ്സിനെ സജ്ജമാക്കുകയാണ് വേണ്ടത് എന്ന അഭിപ്രായപ്പെടൽ തന്നെയായിരുന്നു ആ സിനിമയുടേതും. ട്രാജഡിയിലൊതുങ്ങേണ്ട ഒരു വിഷയത്തെ കഥാപാത്രങ്ങളുടെ നിലപാടുകൾ കൊണ്ടും മനോഭാവം കൊണ്ടും സർവ്വോപരി അവതരണ ശൈലി കൊണ്ടും വേണമെങ്കിൽ മാറ്റിയെഴുതാൻ സാധിക്കും എന്ന് ബോധ്യപ്പെടുന്നിടത്താണ് പരീക്ഷണാടിസ്ഥാനത്തിലെങ്കിലും ഇത്തരം ചില സിനിമാ നിർമ്മിതികൾ സംഭവിക്കുന്നത്. ആ കൂട്ടത്തിലെ ഏറ്റവും അവസാനം വന്ന പരീക്ഷണ സിനിമാ നിർമ്മിതിയായി വേണം അൽത്താഫിന്റെ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' കാണാൻ. 

പ്രമേയം കൊണ്ട് കരുത്തുണ്ടായിട്ടും അവതരണത്തിൽ പാളിയാൽ സകലതും പോയി എന്ന വെല്ലുവിളിയെ അൽത്താഫ് സലിം ഏറെക്കുറെ ഭംഗിയായി തരണം ചെയ്തിട്ടുണ്ട്. സന്തോഷമായി ജീവിതം മുന്നോട്ട് നയിച്ച് കൊണ്ടിരിക്കെ കുടുംബത്തിൽ ഒരാൾക്ക് കാൻസർ വന്നാൽ ആ സാഹചര്യത്തെ ആ കുടുംബം എങ്ങിനെ നേരിടും എന്ന ചിന്തയെ വൈകാരികമായി വിശദീകരിക്കാതെ രസകരമായി അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്. അതിനായി ആ കുടുംബത്തിലെ പ്രധാന കഥാപാത്രങ്ങളുടെ സ്വഭാവ ശൈലി ആദ്യമേ നമുക്ക് കാണിച്ചു തരുന്നുണ്ട്. ലാലിന്റെ അച്ഛൻ കഥാപാത്രം ഒന്നല്ലെങ്കിൽ ഓരോ കാരണങ്ങൾ കൊണ്ട് സദാ 'അസ്വസ്ഥത' ഉണ്ടെന്നു പറയുന്നവനാണ്. ശാന്തി കൃഷ്ണയുടെ ഷീല ചാക്കോ ബോൾഡ് ആണെങ്കിൽ മക്കൾ മൂന്നും മൂന്നു ടൈപ്പുമാണ്. ചാക്കോയുടെ വയസ്സായ അപ്പൻ പോലും സ്വഭാവ ശൈലിയിൽ വേറിട്ട് നിൽക്കുന്നു. ഇങ്ങിനെയൊരു കടുംബത്തിലേക്ക് വില്ലനായി എത്തുന്ന കാൻസറിന് ഒരു കൊമേഡിയന്റെ റോളാണ് സംവിധായകൻ കൽപ്പിക്കുന്നത്. മറ്റാരെയും പോലെ തനിക്ക് കാൻസർ ഉണ്ടെന്നു സംശയം തോന്നുന്ന മാത്ര ഷീല ചാക്കോയും ഞെട്ടുന്നുണ്ട്. പക്ഷെ അതൊരു ജീവിത തകർച്ചയായി കാണാതെ അവർ എന്നത്തേയും പോലെ ദൈനം ദിന കാര്യങ്ങളിലും സ്വന്തം ജോലിയിലും മുഴുകുകയാണ്. ഇവിടെ രോഗിയേക്കാൾ അസ്വസ്ഥതയും ആധിയുമൊക്കെ രോഗിക്ക് ചുറ്റുമുള്ളവരിലാണ് സംഭവിക്കുന്നത്. സ്വന്തം ഭാര്യക്ക് കാൻസർ ഉണ്ടെന്നു മക്കളോട് പറയാൻ വിഷമിക്കുന്ന അച്ഛനെയും അയാൾ അത് പറയാൻ വേണ്ടി തിരഞ്ഞെടുക്കുന്ന സാഹചര്യങ്ങളുമൊക്കെ ചിരിയുണർത്താൻ വേണ്ടിയാണ് അൽതാഫ് ഉപയോഗിക്കുന്നത്. എന്തിനേറെ പറയുന്നു കാൻസറിന്‌ ചികിത്സ തേടി ചെന്നെത്തുന്ന ഡോക്ടർ പോലും ഇവിടെ സരസനാണ്. അങ്ങിനെ തുടക്കം മുതൽ ഒടുക്കം വരെയും കാൻസറിനെയും രോഗിയേയും അവരുമായി ബന്ധപ്പെട്ടവരെയുമെല്ലാം കറുത്ത ഹാസ്യത്തിന്റെ ഭാഗമാക്കുകയാണ് സംവിധായകൻ. 

ഒരു യഥാർത്ഥ കാൻസർ രോഗിക്ക് ഈ സിനിമ കാണുമ്പോൾ ഒരു പക്ഷെ ചികിത്സാ കാലയളവിൽ താൻ അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ വേദനകളെ പരാമർശിക്കാതെ പോയതിൽ സങ്കടവും അമർഷവും തോന്നിയേക്കാം. പക്ഷെ നാളെ എപ്പോഴെങ്കിലും താനൊരു കാൻസർ രോഗിയാണെന്ന് തിരിച്ചറിയേണ്ടി വരുന്നവർക്ക് ഈ സിനിമ കൊടുക്കുന്ന ഒരു മാനസിക പിന്തുണയുണ്ട്. അതിനെ കണ്ടില്ലെന്നു നടിക്കാനാകില്ല ഒരാൾക്കും. കീമോക്ക് ശേഷം കൊഴിഞ്ഞു പോകുന്ന മുടിയെ കുറിച്ച് ഷീലാ ചാക്കോ ഒരു വേള പരാതി പറയുന്നുണ്ട് സിനിമയിൽ. മുടി കൊഴിച്ചിൽ കാണുമ്പോൾ അമ്മക്കുണ്ടാകുന്ന വിഷമം ഇല്ലാതാക്കാൻ മകൾ കണ്ടെത്തുന്ന ഉപായത്തെ പോലും അവിടെ ശരി വെക്കേണ്ടി വരുന്നുണ്ട്. എന്തായാലും ഈ മുടിയെല്ലാം കൊഴിഞ്ഞു പോകും, എന്നാൽപ്പിന്നെ കൊഴിഞ്ഞു പോകുന്നതിനു മുന്നേ തന്നെ അത് ട്രിം ചെയ്തു കളയുന്നതല്ലേ നല്ലത് എന്ന് പറയുന്ന മകളെ ആ അമ്മ സ്നേഹത്തോടെയാണ് നോക്കുന്നത്. മകളുടെ പിന്തുണയോടെ മൊട്ടയടിച്ച ശേഷം കണ്ണാടിയിലെ തന്റെ പുതിയ തല നോക്കി ആ അമ്മ കൂടുതൽ ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലാണ് ഈ സിനിമയിലെ ഓരോ സീനുകളും വന്നു പോകുന്നത്. തുടക്കം മുതൽ ഒടുക്കം വരെയും കാൻസർ എന്ന വില്ലൻ ആ കടുംബത്തിൽ സാന്നിധ്യം കൊണ്ട് ഭീകരത സൃഷ്ടിക്കുമ്പോഴും ഷീലയും കുടുംബവും ആ വില്ലനെ ഭീകരനായി പരിഗണിക്കാതെ ചിരിച്ചു തള്ളുകയാണ്. രോഗം വന്നെന്നു കരുതി ആഘോഷങ്ങൾ ഒഴിവാക്കാൻ അവരാരും തയ്യാറാകുന്നില്ല എന്ന് മാത്രമല്ല രോഗത്തെ കുറിച്ചുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യ-സംശയങ്ങളെ സധൈര്യം നേരിടുന്നു. 

കാൻസറിനെ ഹാസ്യവത്ക്കരിക്കുമ്പോഴും കാന്സറിനോടുള്ള കഥാപാത്രങ്ങളുടെ ഉൾഭയങ്ങളെ പങ്കു വക്കാൻ സിനിമ മറക്കുന്നില്ല.  കീമോ കീമോ എന്ന് വീട്ടിൽ പാടി നടക്കുന്ന കുട്ടിയിലൂടെ കീമോ പോലും ട്രോൾ ചെയ്യപ്പെടുന്നുണ്ട് . കീമോയെ ആദ്യം പേടിച്ചിരുന്നു ഇപ്പോൾ പേടിയില്ല എന്ന് ഷീല ചാക്കോ പറയുന്നുണ്ടെങ്കിലും  കീമോ ഭടന്മാരും ഞണ്ടുകളും തമ്മിലുള്ള യുദ്ധത്തെ ഡോക്ടർ നിസ്സാരമാക്കി പറയുന്നില്ല. കീമോക്ക് വിധേയരാകേണ്ടി വരുന്ന കാൻസർ രോഗികളുടെ ഉറക്കമില്ലാത്ത രാത്രികളെ രണ്ടു മൂന്നു ഷോട്ടുകളിലൂടെ സംവിധായകൻ പരാമർശിക്കുന്നുമുണ്ട്. ഇത്രയും മാറ്റി നിർത്തിയാൽ കാൻസർ എന്ന രോഗത്തിന്റെ ഭീകരതയെ ആ രോഗത്തിൽ നിന്ന് രക്ഷ തേടാൻ നടക്കുന്ന രോഗികൾക്ക് നേരിടേണ്ടി വരുന്ന മാനസിക വ്യഥകളോ ഭാരിച്ച ചികിത്സാ ചിലവുകളോ അടക്കമുള്ള പല വസ്തുതകളുടെയും സാമൂഹികമാനമൊന്നും സിനിമയിൽ നിന്ന് കണ്ടു കിട്ടില്ല. ഷീല ചാക്കോ എന്ന വ്യക്തിയിലേക്കും അവരുടെ കുടുംബത്തിനുള്ളിലേക്കും മാത്രം ഫോക്കസ് ചെയ്യുന്ന ഒരു കാൻസർ കഥ എന്ന നിലയിൽ സിനിമ ചുരുങ്ങി പോകുന്നതും അവിടെയാണ്. എന്നിരുന്നാലും നിലപാടുകൾ കൊണ്ടും മനോഭാവം കൊണ്ടും കാൻസറിനെ ചെറുത്തു നിൽക്കാൻ രോഗികളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് വേണ്ട മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്ന നിലക്കുള്ള സിനിമയുടെ ഉദ്ദേശ്യ ലക്ഷ്യത്തെ അഭിന്ദിക്കാതിരിക്കാതെ വയ്യ. 

ഷീല ചാക്കോയും അവരുടെ രോഗവുമൊക്കെ കറുത്ത ഹാസ്യത്തിന്റെ അവതരണത്തിനുള്ള ഉപകാരണങ്ങളാക്കി മാറ്റുമ്പോഴും ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ കഥാപാത്രങ്ങൾ അനുഭവിക്കുന്ന സംഘർഷവും വിഷമവുമൊക്കെ പല സീനുകളിലും മിന്നായം പോലെ പറഞ്ഞറിയിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. സന്തോഷ് വർമ്മയുടെ വരികളിൽ ജസ്റ്റിൻ ജോസഫ് ഈണം പകർന്ന " നനവേറെ തന്നിട്ടും.. മുറ്റത്തെ പൂ മൊട്ടിൽ..പുഞ്ചിരി വിരിയാഞ്ഞതെന്തേ .." എന്ന ഗാനവും ഗാന രംഗങ്ങളും സിനിമയുടെ ഈ പറഞ്ഞ ഇമോഷനുമായി വല്ലാതെ ചേർന്ന് നിൽക്കുന്ന ഒന്നാണ്. അവർ പോലുമറിയാതെ അവർക്കിടയിൽ നടക്കുന്ന മാറ്റങ്ങളും പെരുമാറ്റങ്ങളും വളരെ വ്യക്തമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട് പല സീനുകളിലും. അമ്മക്ക് എങ്ങിനെ ഇത്ര ധൈര്യത്തോടെ പെരുമാറാൻ സാധിക്കുന്നു അതോ ഇതെല്ലാം അമ്മയുടെ അഭിനയമാണോ എന്ന് ചോദിക്കുന്ന സഹോദരിയോട് കുവൈത്തിൽ താമസിച്ചിരുന്ന കാലത്തെ സംഭവ ബഹുലമായ ഒരു ഓർമ്മ പങ്കിട്ടു കൊണ്ട് കുര്യൻ പറഞ്ഞു കൊടുക്കുന്നുണ്ട് അമ്മ അഭിനയിക്കുന്നതല്ല അമ്മ എന്നും അങ്ങിനെ ബോൾഡായിരുന്നുവെന്ന്. എത്ര ഗംഭീരമായാണ് ആ അമ്മ കഥാപാത്രത്തെ സിനിമയിൽ പ്രതിഷ്‌ഠിക്കുന്നതു എന്ന് നോക്കൂ. ഇത്രയും പ്രശ്നങ്ങൾക്കിടയിലും നിങ്ങൾക്കെങ്ങനെ ചിരിക്കാൻ സാധിക്കുന്നു എന്ന റേച്ചലിന്റെ ചോദ്യത്തിനുള്ള ശരിയായ ഉത്തരം കുര്യന് പറയാൻ സാധിക്കുന്നത് പോലും ആ അമ്മയുടെ മകനായി പിറന്നത് കൊണ്ട് മാത്രമാണ്. 

ആകെ മൊത്തം ടോട്ടൽ = കുര്യൻ എന്ന കഥാപാത്രം നിവിൻ പോളിയെ സംബന്ധിച്ച് ഒരുപാട് അഭിനയിച്ചു പരിചയിച്ച ഒരു കഥാപാത്രമായിരുന്നു എന്ന് വേണേൽ പറയാം. കാര്യ പ്രാപ്തി ഇല്ലാതെ കോമാളി കളിച്ചു നടക്കുന്ന ഒരു അലസന്റെ ശരീര ശൈലിയിലേക്കും മാനറിസത്തിലേക്കും നിവിൻ പോളിക്ക് വളരെ പെട്ടെന്ന് താദാത്മ്യം പ്രാപിക്കാൻ സാധിക്കാറുണ്ട് എന്നത് കൊണ്ട് തന്നെ ഈ സിനിമയിൽ നിവിൻ പോളി എന്ന നടന്റെ സാന്നിധ്യത്തിന് പ്രത്യകിച്ച് പ്രസക്തിയോ പുതുമയോ ഉണ്ടെന്നു പറയാനില്ല. നിവിൻ പോളി എന്ന നിർമ്മാതാവിനെ ഈ സിനിമ കൊണ്ട് വേണമെങ്കിൽ അടയാളപ്പെടുത്താം. ശാന്തി കൃഷ്ണ തന്നെയാണ് ഈ സിനിമയിലെ താരം. ഷീല ചാക്കോയെ പൂർണ്ണതയോടെ അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ലാലും, അഹാനയും, ശ്രിന്ദയും, സിജു വിത്സണും , സൈജു കുറുപ്പും, ഷറഫുദ്ധീനും, കെ എൽ ആന്റണിയും, ദിലീഷ് പോത്തനും അടക്കമുള്ളവരുടെ കാസ്റ്റിങ്ങ് നന്നായിരുന്നു. ഇടവേളക്ക് ശേഷമുള്ള ഭാഗങ്ങളിൽ കേന്ദ്ര പ്രമേയത്തെ മറി കടക്കും വിധം നിവിൻ പോളി- ഐശ്വര്യ ടീമിന്റെ കണ്ടു മുട്ടലുകളും പരിചയം പുതുക്കലും പ്രണയ ചിന്തകളുമൊക്കെ അവതരിപ്പിച്ചത് ലാഗുണ്ടാക്കി എന്നതൊഴിച്ചാൽ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഒരു പുതുമുഖ സംവിധായകൻറെ ആദ്യ സിനിമാ സംരഭം എന്ന നിലക്കും ഗൗരവസ്വഭാവമുള്ള ഒരു വിഷയത്തിന്റെ വേറിട്ട അവതരണ ശ്രമം എന്ന നിലക്കും പ്രോത്സാഹിപ്പിക്കപ്പെടേണ്ട സിനിമ. 

*വിധി മാർക്ക് = 6.5/10 

-pravin- 

Friday, September 22, 2017

തുപ്പരിവാളൻ - വീണ്ടും മിഷ്ക്കിൻ മാജിക്ക്

പ്രതീക്ഷ തെറ്റിയില്ല. മിഷ്ക്കിന്റെ സംവിധാനത്തിൽ മറ്റൊരു മികച്ച സിനിമ. ആർക്കുമറിയാതെ പോകുന്ന എത്രയെത്ര കൊലപാതകങ്ങൾ നമുക്ക് ചുറ്റും നടന്നിട്ടുണ്ടാകാം അല്ലെങ്കിൽ ഇപ്പോഴും നടക്കുന്നുണ്ടാകാം എന്ന് ചിന്തിപ്പിക്കുന്നുണ്ട് സിനിമ. സ്വാഭാവിക മരണമെന്നും അപകട മരണമെന്നും നമ്മൾ വിധിയെഴുതിയതും വിശ്വസിച്ചു പോയതുമായ മരണങ്ങൾ കൊലപാതകങ്ങൾ അല്ലെന്ന് എങ്ങിനെ ഉറപ്പിക്കാം? ഈ  ഒരു സംശയത്തിന്റെയും ചോദ്യത്തിന്റെയുമൊക്കെ പശ്ചാത്തലം ഈ സിനിമയുടെ തീമിനുണ്ട്. ഷെർലക് ഹോംസിന്റെ സ്വാധീനം ഏറെ പ്രകടമാകുന്ന വിശാലിന്റെ കനിയൻ പൂങ്കുഡ്രൻ എന്ന നായക കഥാപാത്ര സൃഷ്ടിയും അയാളുടെ ചടുലമായ കേസ് അന്വേഷണ രീതിയും ആക്ഷനുമൊക്കെ കൂടെ സിനിമയെ അടിമുടി ത്രില്ലർ സ്വഭാവത്തിലാണ് മിഷ്കിൻ 'തുപ്പരിവാള'നെ ഒരുക്കിയിരിക്കുന്നത്. വിശാലിന്റെ ഫാൻസിനെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണോ എന്തോ മുൻപൊന്നുമില്ലാത്ത വിധം ആക്ഷൻ സീനുകളിൽ നായകനെ അമാനുഷികനാക്കുന്നുണ്ട് മിഷ്കിൻ. ആക്ഷൻ സീനുകളൊക്കെ ഡ്യൂപ്പില്ലാതെ മനോഹരമായി ചെയ്യാൻ വിശാലിന് സാധിച്ചിട്ടുണ്ട് എന്നത് അംഗീകരിക്കുമ്പോഴും പത്തു പതിനഞ്ചു പേരെ ഒറ്റക്ക് നിന്നടിച്ചു നിലം പരിശാക്കുന്ന ഒരു നായക സങ്കൽപ്പത്തെ മിഷ്‌കിനെ പോലെയൊരു സംവിധായകൻ പ്രോത്സാഹിപ്പിച്ചു കണ്ടതിൽ നിരാശ തോന്നി. ഈ ഒരൊറ്റ കാര്യം ഒഴിച്ച് നിർത്തിയാൽ കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടും അവതരണ ശൈലി കൊണ്ടുമൊക്കെ മികച്ചു നിൽക്കുന്ന ഒരു ക്രൈം ത്രില്ലർ സിനിമയാണ് 'തുപ്പരിവാളൻ' .

സാധാരണ കുറ്റാന്വേഷണ സിനിമയിൽ കുറ്റം ചെയ്യാനുള്ള കാരണങ്ങളും കൊലപാതകിയിലേക്ക് നീളുന്ന അന്വേഷണവും മറ്റും വിശദീകരിക്കുകയും അന്വേഷണത്തിന്റെ ഓരോ ഘട്ടവും കാണികളെ വ്യക്തതയോടെ ബോധ്യപ്പെടുത്തുകയുമൊക്കെ ചെയ്യുമ്പോൾ 'തുപ്പരിവാള'നിൽ അന്വേഷണത്തിന്റെ ഭാഗമമെന്നോണം പ്രേക്ഷകരെ കൂടി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് സംവിധായകൻ. അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും ഡിറ്റക്ടീവ് കനിയുടെ ചിന്ത എങ്ങോട്ടൊക്കെയാണ് പോകുന്നതെന്ന് അന്തം വിട്ട് ആലോചിച്ചു പോകും പ്രേക്ഷകർ. ഷെർലക് ഹോംസിനൊപ്പം കാണാവുന്ന ഡോക്ടർ വാട്സനെ പോലെ ഇവിടെ ഡിറ്റക്ടീവ് കനിക്കൊപ്പം പ്രസന്ന അവതരിപ്പിക്കുന്ന മനോഹർ എന്ന കഥാപാത്രത്തെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഭംഗിയായി തുന്നി ചേർത്ത് വച്ചിരിക്കുകയാണ്. നായകൻറെ പിന്നാലെ നിഴല് പോലെ നടക്കുന്ന ഒരു കൂട്ടുകാരൻ കഥാപാത്രം എന്നതിലുപരി സിനിമയിൽ നായകനൊപ്പം തന്നെ നിർത്താവുന്ന ഒരു കഥാപാത്ര സൃഷ്ടിയായിരുന്നു മനോഹറിന്റേത്. കനിയുടെ അന്വേഷണത്തിന്റെ ദിശ എങ്ങോട്ടാണ് അല്ലെങ്കിൽ അയാൾ എന്താണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാകാതെ നിൽക്കേണ്ടി വരുന്ന പ്രേക്ഷകന്റെ തന്നെ പ്രതിരൂപമാണോ മനോഹർ എന്നും സംശയിക്കാം. കാരണം പല സീനുകളിലും നമുക്ക് തോന്നിയേക്കാവുന്ന അതേ സംശയവും ചോദ്യവുമൊക്കെ നമുക്ക് വേണ്ടി കനിയോട് ചോദിക്കാൻ സംവിധായകൻ നിയോഗിക്കുന്നത്  മനോഹറിനെയാണ്. നിർണ്ണായകമായ പല സീനുകളിലും മനോ നടത്തുന്ന ഇടപെടലുകളെല്ലാം തന്നെ  ആ കഥാപാത്രത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നതാണ്.  

കിം ഡുക്ക് സിനിമകളിലെത് പോലെ തന്റെ സിനിമകളിൽ വയലൻസ് ചിത്രീകരണത്തിൽ പ്രത്യേക താൽപ്പര്യം കാണിക്കാറുള്ള സംവിധായകനാണ് മിഷ്ക്കിൻ. അൻജാതെ, യുദ്ധം സെയ്‌, ഒനായും ആട്ടിൻകുട്ടിയും തുടങ്ങിയ സിനിമകളിലൊക്കെ അത്തരം ക്രൈം ആൻഡ് വയലൻസ് സീനുകൾ മികച്ച രീതിയിൽ അവതരിപ്പിച്ചു കണ്ടിട്ടുണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ അളവിലാണ് ഇക്കുറി 'തുപ്പരിവാള'നിലെ വയലൻസ് ചിത്രീകരിച്ചു കാണുന്നത്. ഹോളിവുഡ് സ്ലാഷർ മൂവികളിൽ മാത്രം കണ്ടിട്ടുള്ള വയലൻസിനെ തമിഴിന്റെ പ്രാദേശിക ചുറ്റുവട്ടത്തിൽ വൾഗറാക്കാതെ അവതരിപ്പിക്കാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഡെവിൾ എന്ന പേരിനൊപ്പം തന്നെ വില്ലനെ ഒരു ഡെവിൾ കണക്കെ ഭീകരമായി അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. ഡെവിൾ എന്ന ആ വില്ലൻ കഥാപാത്രം വിനയിന്റെ പ്രകടനത്തിൽ ഭദ്രമായിരുന്നു. ദിവസങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഡെഡ് ബോഡിയെ ഇല്ലായ്മ ചെയ്യുന്ന ഒറ്റ രംഗം മതി ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ശരി വക്കാൻ. ഡെഡ് ബോഡി അറുത്ത് മുറിച്ച് ചോരയിൽ കുളിച്ചു നിൽക്കുമ്പോഴും അയാൾ കോഫി ആസ്വദിച്ചു കുടിക്കുന്നത് കാണാം. കൊലപാതകത്തേയും ചോരയേയുമൊക്കെ അത്ര മേൽ സ്വാഭാവികമായി നോക്കി കണ്ടു പെരുമാറുന്ന ഒരു വില്ലനെ ഈ അടുത്തൊന്നും ഒരു സിനിമയിലും കണ്ടിട്ടില്ല. 

വില്ലന്മാർ എന്ന ലേബൽ ഒട്ടിക്കാതെ അവരവരുടേതായ ആവശ്യങ്ങളുടെയും ന്യായങ്ങളുടെയുമൊക്കെ പേരിൽ തിന്മയുടെ പക്ഷത്തു നിൽക്കുകയും സ്വാഭാവിക ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളെന്ന പോലെയാണ് ഡെവിളിനെയും സംഘത്തെയും സിനിമയിൽ പരിചയപ്പെടുത്തുന്നത്. ആൻഡ്രിയയുടെ സുന്ദരി വില്ലത്തി വേഷവും ഭാഗ്യരാജിന്റെ പടു കിളവൻ വില്ലൻ വേഷവും ശ്രദ്ധേയമാണ് ഈ കൂട്ടത്തിൽ. 'യുദ്ധം സെയ്‌' സിനിമയിൽ ഡോക്ടർ പുരുഷോത്തമനും ഭാര്യയും മകനും ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ന്യായത്തിന്റെ പിന്തുണയും ഒടുക്കം മരിച്ചു വീഴുമ്പോൾ സഹതാപവും സൃഷ്ടിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഡെവിളിനും സംഘത്തിനും അങ്ങിനെയൊരു പിന്തുണയോ സഹതാപമോ ലഭിക്കാനിട വരുത്തുന്നില്ല സംവിധായകൻ. വിതച്ചത് കൊയ്തു എന്ന് തോന്നിപ്പിക്കും വിധമാണ് ഓരോരുത്തരുടെയും അന്ത്യം. ഭാഗ്യ രാജ് അവതരിപ്പിച്ച അങ്കിൾ കഥാപാത്രത്തിന്റെ കിടപ്പിലായ ഭാര്യയുടെ നിസ്സംഗമായ മരണം അപ്പോഴും ഒരു വേദനയായി അവശേഷിപ്പിക്കുന്നുണ്ട് മിഷ്കിൻ. കൊലപാതകങ്ങളുടെയും മരണങ്ങളുടെയും ഒരു പരമ്പര തന്നെ അരങ്ങേറുമ്പോഴും വയലൻസിനെ ആവർത്തന വിരസതയില്ലാതെ അവതരിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്നു സംവിധായകൻ. മറ്റൊരു തലത്തിൽ നോക്കുമ്പോൾ മരണത്തെയും വയലൻസിനെയുമൊക്കെ വിഭ്രമാത്മകമായ ഒരു സൗന്ദര്യ സൃഷ്ടിയാക്കി മാറ്റാനുള്ള ശ്രമം കൂടിയാണ് മിഷ്ക്കിന്റെ ഈ സിനിമ എന്ന് പറയേണ്ടി വരുന്നു.  

ആകെ മൊത്തം ടോട്ടൽ = വിശാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നതിനേക്കാൾ മിഷ്ക്കിൻ കാരണം വിശാലിന് തന്റെ കരിയറിൽ കിട്ടിയ നല്ലൊരു സിനിമ എന്ന് പറയാനാണ് തോന്നുന്നത്. എക്സൻട്രിക് കഥാപാത്രത്തിന്റെ അഭിനയ സാധ്യതകളിലേക്കൊന്നും പോയി കാണുന്നില്ലെങ്കിലും കനി പൂങ്കുണ്ട്രനായി ഏറെക്കുറെ നല്ല പ്രകടനം കാഴ്ച വക്കാൻ വിശാലിന് സാധിച്ചിട്ടുണ്ട് എന്ന് മാത്രം. അമിത ഹീറോയിസം മുഴച്ചു നിൽക്കുന്ന റെസ്റ്റോറന്റ് ഫൈറ്റ് ഒഴിവാക്കി നോക്കിയാൽ ബാക്കി ഫൈറ്റുകളൊക്കെ നന്നായിരുന്നു. അനു ഇമ്മാനുവലിന്റെ മല്ലിക എന്ന കഥാപാത്രം വെറും നായികയിൽ ഒതുങ്ങാതെ സിനിമയിലെ നിർണ്ണായക സാന്നിധ്യമായി നില കൊള്ളുന്നുണ്ടെങ്കിലും ഈ സിനിമയിൽ തിളങ്ങിയത് വില്ലത്തിയായ ആൻഡ്രിയയാണ്. അത് പോലെ തന്നെ വിനയ് അസാധ്യമായി അഭിനയിച്ചു തകർത്തിട്ടുണ്ട് ഡെവിളിന്റെ റോളിൽ. ആ ശബ്ദ ഗാംഭീര്യത്തിനും വോയ്‌സ് മോഡുലേഷനും കൊടുക്കണം പ്രത്യേക കൈയ്യടി. എന്നത്തേയും പോലെ കാമറയും സംഗീതവും ഈ മിഷ്ക്കിൻ സിനിമയിലും മികച്ചു നിൽക്കുന്നു. അന്വേഷണം മുന്നേറുന്നതിനൊപ്പം തന്നെ ഇരച്ചു കേറുന്ന ബിജിഎം വേറെ ലെവലായിരുന്നു . അങ്ങിനെ എല്ലാം കൊണ്ടും സൂപ്പർ പടം. 

* വിധി മാർക്ക് = 8/10 


-pravin-

Friday, September 8, 2017

ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും - ജീവിത 'യാത്ര'യിൽ 'അപരൻ'മാരാകേണ്ടി വന്നവർ

ബാലുമഹേന്ദ്രയുടെ 'യാത്ര'യും പത്മരാജന്റെ 'അപര'നും കണ്ട ഒരു പ്രേക്ഷകർക്കും മറക്കാൻ സാധിക്കാത്ത രണ്ടു കഥാപാത്രങ്ങളാണ് ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും. 1985 ലും 1988 ലുമായി റിലീസായ ഈ രണ്ടു സിനിമകളിലെ രണ്ടു കഥാപാത്രങ്ങളും രണ്ടു കഥാപശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും അവർ രണ്ടു പേർക്കും ജീവിതത്തിന്റെ ഒരു പ്രത്യേക കോണിൽ വച്ച് നേരിടേണ്ടി വന്ന ഒരു പൊതു സമസ്യയായിരുന്നു അവരുടെ അതേ രൂപസാദൃശ്യമുള്ള അപരൻ. പ്രശ്നക്കാരനായ ഈ അപരൻ ഒരിടത്തു പോലും ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെടുകയോ അവരുടെ പേരിൽ ഒരു ആൾമാറാട്ടത്തിനു മുതിരുകയോ ചെയ്യുന്നില്ലെങ്കിലും അപരന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിത്വങ്ങളായി മാറുകയാണ് ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും. അപരൻ കാരണം സ്വന്തം വ്യക്തിത്വം ഇരുളിലാകുകയും ജീവിതം കൈ വിട്ടു പോകുകയും ചെയ്ത രണ്ടു നിരപരാധികൾ. ആ തലത്തിൽ നോക്കുമ്പോൾ ഒരാളെ പോലെ ലോകത്ത് ഒരുപാട് പേരുണ്ടാകാം എന്ന സരസമായ നാട്ടു വർത്തമാനം കേട്ട് ശീലിച്ച ഒരു സമൂഹത്തോട്, ഒരാളെ പോലെ വെറും ഒരാൾ മാത്രമുണ്ടായാൽ തന്നെ വ്യക്തിജീവിതങ്ങൾ സങ്കീർണ്ണവും ദുരന്തപര്യവസായിയുമാകാൻ സാധ്യതയുണ്ട് എന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ഈ രണ്ടു സിനിമകൾ ചെയ്യുന്നത്. ജീവിത യാത്രയിൽ ഒരിക്കൽ പോലും കണ്ടു മുട്ടിയിട്ടില്ലാത്ത ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും ജീവിതങ്ങൾ ഒരേ കാലത്ത് രണ്ടിടങ്ങളിലായി സമാന്തരമായി സംഭവിക്കുന്ന ഒന്നാണെന്ന് കരുതിക്കൊണ്ടുള്ള ഒരു ആസ്വാദന സാധ്യത തെളിയുന്നതും അവിടെയാണ്. കാലങ്ങൾക്കിപ്പുറം 'യാത്ര'യും 'അപരനും അങ്ങിനെ ചിലത് കൂടെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. 

ഉണ്ണികൃഷ്ണൻ അനാഥത്വം നീന്തിക്കയറി ജീവിതം പടുത്തു കെട്ടിയവനാണെങ്കിൽ വിശ്വനാഥൻ അതിനു നേരെ വിപരീതമാണ്. അയാൾക്ക് അച്ഛനും അമ്മയും പെങ്ങളും അടങ്ങുന്ന ഒരു നല്ല കുടുംബ പശ്ചാത്തലമുണ്ടെങ്കിലും സ്വയം പര്യാപ്തനല്ല. സ്വന്തം കാലിൽ നിൽക്കാനൊരു ജോലിക്ക് വേണ്ടി അയാൾ നഗരത്തിലേക്ക് ഇന്റർവ്യൂവിനായി പോകുമ്പോൾ വനം ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണൻ എല്ലാവരും പോകാൻ മടിക്കുന്ന അരുണഗിരിയിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങി വരുകയാണ് . തികച്ചും ഉൾവലിഞ്ഞ ആ വനഗ്രാമത്തിലെ ഏകാന്തതയിൽ നിന്ന് ഉണ്ണിക്കൃഷ്ണനെ മോചിപ്പിക്കുന്നത് തുളസിയാണ്. കൃഷ്ണ പ്രതിഷ്‌ഠക്ക് മുന്നിൽ നിന്നു കൊണ്ട് ഒരേ സമയം പരാതി പറഞ്ഞും പരിഭവപ്പെട്ടും കൃഷ്ണനെ ഭീഷണിപ്പെടുത്തിയുമൊക്കെ സംസാരിക്കുന്ന തുളസിയെ പരിചയപ്പെടുന്നത് മുതലാണ് ഉണ്ണിക്കൃഷ്ണൻ തന്റെ ഒറ്റയാൻ ജീവിതത്തിലെ മടുപ്പുകളെ അവസാനിപ്പിക്കുന്നത് പോലും. തുളസിയുടെ അച്ഛനുമായി വിവാഹത്തെ കുറിച്ചൊരു ധാരണയുണ്ടാക്കിയ ശേഷം അയാൾ തന്റെ ആത്മാർത്ഥ സുഹൃത്ത് ബാലനെ നേരിട്ട് കാണാൻ പോകുകയാണ്. വിശ്വനാഥനാകട്ടെ സ്വന്തമായൊരു ജോലിയെന്ന സ്വപ്നവുമായി നഗരത്തിലേക്കും പോയി കൊണ്ടിരിക്കുന്നു. ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും ജീവിതം പ്രതീക്ഷകൾക്ക് വിപരീതമായി മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങുന്നത് അവിടെ നിന്നാണ്. 

ആത്മാർത്ഥ സുഹൃത്ത് ബാലന്റെ വിയോഗ വാർത്തയിൽ ദുഃഖിതനായി അരുണഗിരിയിലേക്ക് തിരിച്ചു പോകുന്ന വഴിക്കാണ് ഉണ്ണിക്കൃഷ്ണനെ അരവിന്ദാക്ഷനെന്ന വ്യാജേന പോലീസ് പിടിക്കുന്നത്. അതേ സമയം ഇന്റർവ്യൂനിടയിൽ പുറത്തിങ്ങിയ വിശ്വനാഥനെ പോലീസ് കൊണ്ട് പോകുന്നതാകട്ടെ ഉത്തമന്റെ പേരിലുമാണ്. ഒരേ പോലീസ് ജീപ്പിൽ മുഖാമുഖം നോക്കാതെ  മനസ്സ് കൊണ്ട് ഒരേ അവസ്ഥയെ അഭിമുഖീകരിക്കുകയായിരുന്നു അവർ. പോലീസ് സേനയെ ഇത്ര മാത്രം അസ്വസ്ഥമാക്കിയ രണ്ടു പേർ ഇനി വേറെയുണ്ടാകില്ല എന്ന മട്ടിലാണ് വഴി നീളെ അരവിന്ദാക്ഷനെയും ഉത്തമനെയും കുറിച്ച് പോലീസുകാർ പറഞ്ഞു കൊണ്ടിരുന്നത്. ഇതിനു മുൻപ് പല തവണയും പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടവരും കൂടിയാണ് കക്ഷികൾ എന്നത് കൊണ്ട് തന്നെ അവരുടെ യാതൊരു വിധേനയുമുള്ള വിശദീകരണങ്ങൾക്കും ചെവി കൊടുക്കാൻ പോലീസുകാർ തയ്യാറായില്ല. അരവിന്ദാക്ഷനും ഉത്തമനും തങ്ങളുടെ അപരന്മാരാണെന്ന് പോലീസിനെ ബോധിപ്പിക്കാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല ഉണ്ണിക്കൃഷ്ണനു പോലീസുകാരിൽ നിന്ന് കഠിന പീഡനങ്ങൾ പോലും ഏറ്റു വാങ്ങേണ്ടി വരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുന്നു. 

പോലീസ് സ്റ്റേഷനിൽ വച്ചു അവിടത്തെ എസ് ഐ തന്റെ പഴയ സുഹൃത്ത് ജോർജ്ജ് കുട്ടിയാണ് എന്ന് മനസ്സിലാക്കുന്ന വിശ്വനാഥന് തൽക്കാലം മറ്റു കുരുക്കുകളിൽ പെട്ട് ജയിലിൽ കിടക്കേണ്ടി വന്നില്ല. വിശ്വനാഥനെ വിശ്വസിക്കാൻ ആ സാഹചര്യത്തിൽ ഒരു സുഹൃത്തെങ്കിലും ഉണ്ടായി എന്നത് അയാളുടെ വലിയൊരു ഭാഗ്യവുമായിരുന്നു. പക്ഷേ ഉണ്ണിക്കൃഷ്ണന്റെ അവസ്ഥ അതായിരുന്നില്ല. ജോർജ്ജ്‌കുട്ടിയുടെ കൂടെ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു കൊണ്ട് പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി പോകുന്ന വിശ്വനാഥനെ അയാൾ നിർനിമേഷനായി നോക്കി നിന്നു. താൻ പറയുന്ന സത്യം വിശ്വസിക്കാനോ, തന്നെ സഹായിക്കാനോ ഇനിയൊരാൾ വരില്ലെന്ന് മനസ്സിലാക്കിയ ഉണ്ണിക്കൃഷ്ണൻ പിന്നീട് പോലീസുകാരോട് ഏറ്റുമുട്ടുകയും ഓടി രക്ഷപ്പെടാനും ശ്രമിക്കുകയാണ്. അബദ്ധവശാൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ചെയ്യുന്നു. ഉണ്ണികൃഷ്ണന്റെ തുടർന്നുള്ള ജീവിതം ഒരു ജീവപര്യന്തം ശിക്ഷയുടെ രൂപത്തിൽ ജയിലിൽ തുടങ്ങുകയാണ്. 

അരവിന്ദാക്ഷൻ എന്ന തന്റെ അപരൻ ചെയ്ത കുറ്റങ്ങളുടെയല്ല മറിച്ച് താൻ തന്നെ ചെയ്ത കൊലപതാകത്തിന്റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത് എന്ന നിലയിലേക്ക് പൊരുത്തപ്പെട്ടു കൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്റെ ജയിലിനകത്തെ ജീവിതം. തുളസിയെ കുറിച്ചുള്ള ഓർമ്മകളിൽ ഒരേ സമയം അയാൾ ആശ്വസിക്കുകയും വേദനിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇതിനിടയിലൊരിക്കലും തന്റെ അപരനാര് എന്ന ചിന്ത അയാളെ അലട്ടിയില്ല. ഇവിടെയാണ് വിശ്വനാഥൻ വ്യത്യസ്തനാകുന്നത്. തന്നെ പോലെ രൂപഭാവമുള്ള ഒരുത്തൻ ആ നഗരത്തിലുണ്ടെന്നും അയാൾ പോലീസിന്റെ നോട്ടപ്പുള്ളി ആണെന്നുമൊക്കെ വിശദമായി ജോർജ്ജ് കുട്ടിയിൽ നിന്ന് കേട്ടറിയുന്നത് മുതൽ വിശ്വനാഥന്റെയുള്ളിലേക്ക് അപരൻ ഒരു ഒഴിയാബാധ പോലെ കുടിയേറുകയാണ്. തൽക്കാലം ടൗണിൽ വച്ച് നടന്ന സംഭവങ്ങൾ വീട്ടിലറിയണ്ട എന്ന് അയാൾ തീരുമാനിച്ചുറപ്പിക്കുന്നുവെങ്കിലും പിന്നീടങ്ങോട്ട് അയാളുടെ മനസ്സിനെ സംഘർഷഭരിതമാക്കുന്നുണ്ട് അപരൻ. തന്റെ നിഴലിലും പ്രതിബിംബത്തിലുമൊക്കെ അപരനെ വെറുപ്പോടെ നോക്കുന്ന വിശ്വനാഥനെ കാണാം സിനിമയിൽ. പെങ്ങൾക്ക് വന്ന ഒരു കല്ല്യാണലോചന മുടങ്ങുന്നതും സ്വന്തം വീട്ടിൽ പോലും താൻ അവിശ്വസിക്കപ്പെടുന്നതുമൊക്കെ തന്റെ അപരൻ കാരണമാണല്ലോ എന്ന ചിന്ത അയാളെ  ക്ഷോഭിതനാക്കുന്നുണ്ടെങ്കിലും ആഗ്രഹിച്ച പോലൊരു ജോലി ഒത്തു വന്നപ്പോൾ അയാൾ എല്ലാം മറന്നു ജീവിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ യാദൃശ്ചികമെന്നോണം അയാൾക്ക് തന്റെ  അപരൻ വാഴുന്ന അതേ സിറ്റിയിലേക്ക് തന്നെ ജോലിക്ക് പോകേണ്ടി വരുന്നു. 

ഒന്നൊഴിഞ്ഞാൽ വീണ്ടും മറ്റൊന്ന് എന്ന തരത്തിൽ വിശ്വനാഥന്റെ സ്വകാര്യ ജീവിതത്തിൽ 'അപര'ന്റെ ശല്യങ്ങൾ തുടരുകയാണ്. ഓഫിസിലെ സഹപ്രവർത്തക അമ്പിളിക്ക് ഓട്ടോറിക്ഷയിൽ വച്ചുണ്ടായ അനുഭവം വച്ച് നോക്കുമ്പോൾ വിശ്വനാഥൻ എന്ന പേരിൽ തനിക്കൊരു അപരൻ ഉണ്ടെന്നു ഉത്തമനും കൂടി മനസ്സിലാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകുന്നു. ഉണ്ണിക്കൃഷ്ണൻ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിന് ബദലായി ജയിലിനു പുറത്തു വിശ്വനാഥൻ തന്റെ അപരനാൽ പല വിധത്തിലുള്ള ശിക്ഷകൾ അനുഭവിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം. വ്യക്തിജീവിതത്തിനു പുറമേ ഔദ്യോഗിക ജീവിതത്തിലേക്ക് കൂടി പ്രശ്നങ്ങൾ നീളാൻ തുടങ്ങുന്ന ഘട്ടത്തിലാണ് വിശ്വനാഥൻ തന്റെ  അപരനെ തേടി ഇറങ്ങുന്നത്. തന്റെ ജീവിതത്തിലേക്ക് അധിനിവേശം നടത്തിയ ഉത്തമനോടുള്ള പ്രതികാരമെന്നോണം തിരിച്ചും അതേ ശൈലിയിൽ തിരിച്ചടിക്കാൻ തീരുമാനിക്കുന്നു വിശ്വനാഥൻ. അതിനായി അപരന്റെ വിഹാര സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അയാൾ ഉത്തമനായി പരകായ പ്രവേശം നടത്തുകയും ലക്‌ഷ്യം കാണുകയും ചെയ്യുന്നു. ഉത്തമന് കിട്ടേണ്ട പണം കൈപ്പറ്റിയ വിശ്വനാഥൻ ആ പണം അത് വരേക്കും താൻ അനുഭവിച്ച പീഢനങ്ങൾക്കുള്ള പരിഹാര തുകയായി കരുതുന്നു. ആ പണവുമായി വിശ്വനാഥൻ വീട്ടിലേക്ക് തിരിക്കുന്ന ആ രാത്രിയിൽ ഉണ്ണിക്കൃഷ്ണൻ ഉറങ്ങാതിരുന്നു കൊണ്ട് തുളസിക്ക് കത്തെഴുതുകയായിരുന്നു. തന്നെ കൊല്ലങ്ങളോളം കാത്തിരുന്നു കൊണ്ട് തുളസിയുടെ യൗവ്വനം നശിപ്പിക്കരുതെന്ന് അയാൾ കത്തിൽ അപേക്ഷിച്ചു. ഉണ്ണിക്കൃഷ്ണൻറ്‍റെ കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും, മനസ്സ് വിങ്ങിപ്പൊട്ടിയെങ്കിലും തുളസിക്ക് മറ്റൊരു ജീവിതം കിട്ടണമേ എന്ന് മാത്രം അയാൾ ആഗ്രഹിച്ചു. ആ കത്തിനൊരു മറുപടി വന്നെങ്കിലും അവളുടെ തീരുമാനം എന്താണെന്ന് വായിക്കാനുള്ള ധൈര്യം അയാൾ കാണിച്ചില്ല. ആ കത്ത് കീറികളഞ്ഞു കൊണ്ട് അയാൾ സ്വയം തന്റെ വിധിയെ പുൽകി കരഞ്ഞു. 

വിശ്വനാഥനെ പിന്തുടർന്ന് വന്ന ഉത്തമനും കൂട്ടരും പണം സൂക്ഷിച്ച ബാഗിനായി അയാളുമായി മൽപ്പിടിക്കുന്നത് അതേ രാത്രിയിലാണ്. സംഘട്ടനത്തിനിടയിൽ ആളുമാറി ഉത്തമൻ കൊല്ലപ്പെടുമ്പോഴും വിശ്വനാഥൻ ആ പണം കൈവിട്ടു പോകാതെ സൂക്ഷിച്ചു. അയാൾ അതുമായി ഇരുളിലേക്ക് ഓടി മറഞ്ഞു. പിറ്റേന്ന് രാത്രി വരെ അയാൾ അതേ ഇരുട്ടിലെവിടെയോ ഒളിച്ചിരുന്നു. എല്ലാം ശാന്തമെന്നു തോന്നിയപ്പോൾ അയാൾ വീട്ടിലേക്ക് ഓടിയെത്തി. അവിടെ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. അയാൾ ഇരുട്ടിൽ തന്നെ പതുങ്ങിയിരുന്നു കൊണ്ട് സ്വന്തം ശരീരത്തിന്റെ ശവസംസ്ക്കാര ചടങ്ങുകൾക്ക് സാക്ഷിയായി. മരിച്ചത് താനല്ല എന്ന് സ്വയം ബോധിപ്പിക്കാൻ പോലുമാകാത്ത അവസ്ഥയിൽ അയാൾ വെന്തുരുകുകയായിരുന്നു. അന്ത്യകർമ്മങ്ങൾ നിർവഹിച്ച ശേഷം ഒറ്റക്ക് നടന്നു വരുന്ന അച്ഛന് മുന്നിൽ വിശ്വനാഥൻ അവസാനമായി ഒരിക്കൽ കൂടി  അവതരിക്കുകയാണ്. നടന്ന സംഭവങ്ങളെല്ലാം  അച്ഛനെ പറഞ്ഞു  ധരിപ്പിച്ച ശേഷം അയാൾ വീണ്ടും ഇരുളിലേക്ക് നടന്നകന്നു. വിശ്വനാഥനായി ഇനി തനിക്ക് ജീവിക്കാൻ സാധിക്കില്ലെന്നും ഉത്തമനായുള്ള ഒരു ജീവിതമാണ് ഇനി തന്നെ കാത്തിരിക്കുന്നതെന്നും ബോധ്യപ്പെടുത്തി കൊണ്ടാണ് അയാൾ പോകുന്നതെങ്കിലും അവസാനമായി തന്റെ വ്യക്തിത്വവും ജീവിതവുമൊക്കെ എരിഞ്ഞടങ്ങുന്ന ആ  ചിതയിലേക്ക് നോക്കി അയാൾ വല്ലാത്തൊരു ചിരി ചിരിക്കുന്നുണ്ട്. മരിച്ചത് ഉത്തമനോ അതോ വിശ്വനാഥനോ എന്ന ചോദ്യത്തെ പ്രേക്ഷകന്റെ മനസ്സിലേക്ക് എറിഞ്ഞു കൊണ്ടുള്ള ആ ചിരിയുമായാണ് അയാൾ ഇരുളിലേക്ക് മാഞ്ഞു  പോകുന്നത്.

വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. ഉണ്ണിക്കൃഷ്ണൻ ജയിൽ മോചിതനായി പുറത്തു വരാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അയാളുടെ മനസ്സിൽ വീണ്ടും എവിടെയോ ഒരു പ്രതീക്ഷയുടെ തീ നാളം കത്താൻ തുടങ്ങുകയാണ്. ഒരിക്കൽ കൂടെ അയാൾ തുളസിക്ക് ഒരു കത്തെഴുതി. സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ തുളസിക്ക് അനുവാദം നൽകിയ ആ പഴയ ഉണ്ണിക്കൃഷ്ണന്റെ മാനസികാവസ്ഥയിലല്ല അയാളിപ്പോൾ എഴുതുന്നത്. മൂന്നു ദിവസം കഴിഞ്ഞാൽ താൻ ജയിൽ മോചിതനാകും. ആ ദിവസം തുളസിയുടെ ഗ്രാമത്തിലൂടെ കടന്നു പോകുന്ന ഏതെങ്കിലും വണ്ടിയിൽ താനുണ്ടായിരിക്കും. എന്നും തമ്മിൽ കണ്ടു മുട്ടാറുണ്ടായിരുന്ന ആ തണൽ മരത്തിനു മുന്നിലൂടെ വണ്ടി കടന്നു പോകുമ്പോൾ ആ കൃഷ്ണശിലയിലേക്ക് താൻ നോക്കും. തുളസി ഇന്നും സ്വതന്ത്രയായാണ് ജീവിക്കുന്നതെങ്കിൽ, ഇന്നും തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കിൽ ആ കൃഷ്ണ ശിലയുടെ മുന്നിൽ ഒരു വിളക്ക് കൊളുത്തി വെക്കണം. പ്രതീക്ഷയോടെ തന്നെയാണ് കത്തെഴുതി അവസാനിപ്പിക്കുന്നതെങ്കിലും യാഥാർഥ്യം മറ്റൊന്നെങ്കിൽ അതിനെ അംഗീകരിക്കാനും അയാൾ മനസ്സിനെ സജ്ജമാക്കി. 

തുളസിയുടെ ഗ്രാമത്തിലൂടെ പോകുന്ന ബസിനായി അയാൾ ആ ദിവസം രാവിലെ മുതൽ കുറെയധികം സമയം കാത്തു നിന്നു. ഒടുക്കം അയാളോട് കരുണ കാട്ടിയത് 'തന്നന്നം താനന്നം താളത്തിലാടി' വരുന്ന ഒരു ബസായിരുന്നു. അയാളുടെ ജീവിത കഥ ചർച്ച ചെയ്തു കൊണ്ട് നീങ്ങിത്തുടങ്ങിയ ആ ബസിൽ പ്രതീക്ഷയും പ്രാർത്ഥനകളും ആകാംക്ഷയും നിറഞ്ഞു. തുളസിയുടെ ഗ്രാമത്തിലേക്ക് എത്തിയത് മുതൽ ബസിന്റെ വലതു ഭാഗത്തേക്ക് എല്ലാവരും ചേർന്ന് കൂടി. തണൽ മരത്തിനു താഴെയുള്ള കൃഷ്ണശിലക്ക് മുന്നിൽ ഉണ്ണികൃഷ്ണന് വേണ്ടി തുളസി വിളക്ക് കത്തിച്ചു കാത്തിരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി അവരുടെയെല്ലാം കണ്ണുകൾ ദൂരെയുള്ള വിളക്കിന്റെ വെളിച്ചം പരതുമ്പോൾ ഉണ്ണിക്കൃഷ്ണൻ കണ്ണടച്ചിരിക്കുകയായിരുന്നു. ബസ് നിൽക്കുന്ന സമയത്ത് അയാൾ കാണുന്നത് ഒന്നിന് പകരം ഒരായിരം വിളക്കുകൾ കത്തിച്ചു കൊണ്ട് തണൽ മരത്തിനു താഴെ കാത്തു നിൽക്കുന്ന തുളസിയെയാണ്. ജീവിതത്തോടുള്ള പ്രതീക്ഷകൾ കൈ വിട്ടു കൊണ്ട് ഒരു പിടി ചോദ്യങ്ങളുമായി ഇരുളിലേക്ക് മറഞ്ഞ വിശ്വനാഥന് വിപരീതമെന്നോണം പുതിയ പ്രതീക്ഷകളും ഉത്തരങ്ങളുമായി ഇരുളിൽ തെളിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തിലൂടെ അയാൾ തുളസിയിലേക്ക് നടന്നടുക്കുകയാണ്. ആ നയനാന്ദകരമായ ഒത്തൊരുമിക്കൽ കാഴ്ചക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് 'തന്നന്നം താനന്നം താളത്തിലാടി' ചുരമിറങ്ങി പോകുന്ന ആ   ബസിനെ കാത്തു കൊണ്ട് വഴിയിലെവിടെയെങ്കിലും വിശ്വനാഥനും നിൽപ്പുണ്ടാകുമോ ? അപരൻ കാരണം ജീവിതം കൈ വിട്ടു പോയവരുടെ മുന്നിലേക്ക് ഒരു നിയോഗം പോലെ കടന്നു ചെല്ലാൻ ആ ബസിനു സാധിച്ചിരുന്നെങ്കിൽ അത് വഴി അവർക്ക് നഷ്ടപ്പെട്ട പഴയ ജീവിതം പുതുക്കി നൽകാൻ കാലത്തിനു സാധിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് ചിന്തിച്ചു പോകുന്നു. 

-pravin-
ഏപ്രിൽ ലക്കം ഇ മഷിയിൽ പ്രസിദ്ധീകരിച്ചത് .