Saturday, August 16, 2014

വിക്രമാദിത്യൻ - ഒരു കള്ളനും പോലീസും കളി

ലാൽ ജോസ് സിനിമകൾക്ക് പൊതുവെ കാണുന്ന ഒരു പ്രത്യേകതയുണ്ട്. കഥ-തിരക്കഥയിലെ ഒന്നുമില്ലായ്മകളെ അഭ്രപാളിയിലേക്ക് ദൃശ്യവത്ക്കരിക്കുന്ന സമയത്ത് സിനിമയിൽ എന്തൊക്കെയോ ഉള്ള പോലെ പ്രേക്ഷകനെ തോന്നിപ്പിക്കുന്ന ഒരു തരം മാജിക്ക്. ലാൽ ജോസ് മാജിക് എന്ന ബ്രാൻഡിൽ തന്നെ അത് അറിയപ്പെടുന്നതാണ് ഉചിതം. കള്ളന്റെ കഥക്ക് സിനിമാ പരിവേഷം കൊടുക്കുമ്പോൾ കള്ളനോട് സ്വാഭാവികമായും പ്രേക്ഷകന് ഒരു അടുപ്പമൊക്കെ തോന്നാം. ഈ ഒരു ഫ്രൈമിൽ കള്ളനെ നായകനാക്കി കൊണ്ട് നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുമുണ്ട്. 1966 ൽ പി.എ തോമസ്‌ സംവിധാനം ചെയ്ത് സത്യൻ മാഷ്‌ നായകനായ  'കായംകുളം കൊച്ചുണ്ണി'യായിരിക്കണം ഒരു പക്ഷെ മലയാളം കണ്ട ആദ്യത്തെ 'ജനപ്രിയ കള്ളൻ' സിനിമ.  എന്നാൽ 1990കളിലെത്തിയപ്പോഴേക്കും കള്ളൻ കഥാപാത്രങ്ങളിലെ ക്ലീഷേകൾ ഒലിച്ചു പോയിരുന്നു. വേഷത്തിലും ഭാവത്തിലും നടത്തത്തിലും പെരുമാറ്റത്തിലും സിനിമയിലെ കള്ളന്മാർ പുതുമ സൃഷ്ടിച്ച കാലമായിരുന്നു അത്. അക്കൂട്ടത്തിൽ ജി. എസ് വിജയന്റെ  'ചെപ്പടി വിദ്യ'ക്കും, സത്യൻ അന്തിക്കാടിന്റെ 'കളിക്കള'ത്തിനും ഏറെ പ്രക്ഷക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എന്നാൽ 2002 ൽ ഇറങ്ങിയ ലാൽ ജോസിന്റെ മീശമാധവനോളം പ്രേക്ഷകർ നെഞ്ചിലേറ്റിയ മറ്റൊരു കള്ളൻ കഥാപാത്രം പിന്നീടൊരു കാലത്തും അഭ്രപാളിയിൽ വന്നു പോയിട്ടില്ല എന്നതാണ് സത്യം. അന്ന് രഞ്ജൻ പ്രമോദ് തന്റെ എഴുത്തിലൂടെ വാർത്ത് നൽകിയ മീശമാധവനെ ലാൽ ജോസ് തന്റെ ദൃശ്യ ഭാഷ്യത്തിലൂടെ പ്രേക്ഷകർക്ക് എക്കാലത്തും ഓർത്ത്‌ വക്കാൻ പാകത്തിലുള്ള ഒരു കള്ളനെ സമ്മാനിക്കുകയായിരുന്നു. 

കാലം ഏറെ കഴിഞ്ഞിട്ടും കള്ളനോടുള്ള തന്റെ മമതക്ക് മാറ്റമൊന്നും വന്നിട്ടില്ല എന്ന് തെളിയിക്കാനുള്ള അവസരം ഡോക്ടർ ഇഖ്‌ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിലൂടെ ലാൽ ജോസിന് ലഭിച്ചത് ഒരു നിയോഗമായിരിക്കാം. വിക്രമാദിത്യൻ സിനിമയിലെ ആദ്യത്തെ അര മണിക്കൂർ രംഗങ്ങൾ ലാൽ ജോസ് അതിനു വേണ്ടി വിനിയോഗിച്ചതായി തന്നെ കണക്കാക്കാം.  കുഞ്ഞുണ്ണി മേനോൻ (സന്തോഷ്‌ കീഴാറ്റൂർ) ഒരു പ്രാദേശിക കള്ളൻ തന്നെയാണ് എന്ന് പ്രസ്താവിക്കുന്ന രംഗങ്ങളിലൂടെയാണ് സിനിമയുടെ തുടക്കം. കുഞ്ഞുണ്ണി ആരെയൊക്കെ കവർച്ച ചെയ്യുന്നു, എന്തിനു കവർച്ച ചെയ്യുന്നു, എപ്പോൾ ചെയ്യുന്നു എന്ന് തുടങ്ങിയ വിശദീകരണ രംഗങ്ങളിലേക്ക് പോകാൻ സംവിധായകൻ മടിക്കുന്നു. അതേ സമയം കുഞ്ഞുണ്ണി നന്മയുള്ള കള്ളൻ തന്നെയെന്ന്   ചുരുങ്ങിയ രംഗങ്ങളിലൂടെ  നിഷ്പ്രയാസം തെളിയിക്കപ്പെടുന്നു. സ്വന്തം മകൻ കളിപ്പാട്ടം മോഷ്ടിച്ചെന്ന്  മനസിലാക്കുമ്പോൾ  കള്ളനായ അച്ഛൻ വിഷമിക്കുന്നതും  അതേ കടയിൽ മകനുമായി ചെന്ന്  അത് തിരിച്ചേൽപ്പിക്കുന്നതും  മനസ്സിൽ നന്മ ഉള്ളത് കൊണ്ടാണ്  എന്ന്  വ്യക്തമാക്കുന്നതാണ് ആ  സിനിമാ ഭാഷ്യം. മകന്റെ മുന്നിൽ കള്ളനായി അവരോധിക്കപ്പെടുന്ന നിമിഷം കുഞ്ഞുണ്ണിയെന്ന അച്ഛൻ  തകർന്നു പോകുന്നുണ്ട്.  ഭാര്യക്കും മക്കൾക്കും മുന്നിൽ തല ഉയർത്തി നിൽക്കാൻ പറ്റാത്ത വേളയിൽ വീട് വിട്ടിറങ്ങി പോകുന്ന കുഞ്ഞുണ്ണിയെ പിന്നീട് കാണിക്കുന്നത് ഒരു ടവറിനു മുകളിൽ ഇരുന്നു കൊണ്ട് എന്തോ ആലോചിക്കുന്നതയാണ്. അവിടെ തീരുന്നു കള്ളനോടുള്ള ലാൽ ജോസിന്റെ  emotional  observation, അവിടെ തുടങ്ങുന്നു വിക്രമാദിത്യന്മാരുടെ കഥ. 

വലിയ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സിനിമയാണെങ്കിൽ കൂടി വിക്രമാദിത്യൻ പ്രേക്ഷകരെ പൂർണ്ണമായും നിരാശപ്പെടുത്തില്ല. ആദ്യ പകുതിയിലെ കണ്ടു മറന്ന കഥാ സന്ദർഭങ്ങൾ ചില്ലറ മടുപ്പ് സമ്മാനിക്കുമെങ്കിലും രണ്ടാം പകുതിയിൽ സിനിമ കുറച്ചു കൂടി മെച്ചപ്പെടുന്നുണ്ട്. ദുൽഖർ സൽമാന്റെ ആദിത്യൻ എന്ന കഥാപാത്രം എല്ലാ തവണത്തെയും ദുൽഖർ കഥാപാത്രങ്ങളെ പോലെ ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യ ബോധമില്ലാതെ നടക്കുന്ന ഒന്നായി എന്നത് തന്നെയായിരുന്നു സിനിമയിലെ ആദ്യത്തെ കല്ല്‌ കടി.  വിക്രമൻ എന്ന കഥാപാത്രത്തെ ഉണ്ണി മുകുന്ദൻ   ശരീരം കൊണ്ട് അഭിനയിച്ച് കാണിച്ചപ്പോൾ  ആദിത്യൻ എന്ന കഥാപാത്രത്തെ സാമാന്യം ഭാവ പ്രകടനങ്ങൾ കൊണ്ട് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ സാധിച്ചു എന്നുള്ളിടത്ത് ദുൽഖർ സൽമാൻ കൈയ്യടി നേടുന്നു. രണ്ടു കഥാപാത്രങ്ങൾക്കും ഇടയിൽ ഒരു ഫ്രണ്ട്/കാമുകി യായി പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ നമിതാ പ്രമോദും തനിക്കു കിട്ടിയ ദീപിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കൂട്ടത്തിൽ ശ്രദ്ധേയമായ വേഷം അത്ഭുതകരമാം വിധം മനോഹരമാക്കി ചെയ്യാൻ അനൂപ്‌ മേനോന് സാധിച്ചിട്ടുണ്ട്. വാസുദേവ ഷേണായി എന്ന കഥാപാത്രത്തെ ആദ്യം തൊട്ട് അവസാനം വരെ സജീവമായി സിനിമയിൽ കുടിയിരുത്താൻ പാകത്തിലുള്ള സ്ക്രീൻ പ്രെസെൻസ് അനൂപ്‌ മേനോന് ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. ആദ്യ പകുതി വച്ച് നോക്കുമ്പോൾ രണ്ടാം പകുതിയിൽ വലിയൊരു സസ്പെന്സോ ക്ലൈമാക്സോ പ്രതീക്ഷിക്കാൻ പ്രേക്ഷകർക്ക്‌ അവകാശമില്ലായിരുന്നു. എന്നാൽ ആ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് സാമാന്യം തരക്കേടില്ലാത്ത ഒരു നല്ല ക്ലൈമാക്സ് സമ്മാനിക്കാൻ സിനിമക്ക് സാധിക്കുന്നുണ്ട്. നിവിൻ പോളിയുടെ അതിഥി താര വേഷവും സിനിമക്ക് ഗുണം ചെയ്തു എന്ന് പറയാം. 

ബിജിബാലിന്റെ സംഗീതത്തിന് സിനിമയിൽ യാതൊരു വിധ സ്വാധീനവും ചെലുത്താൻ പറ്റിയില്ലെങ്കിലും ചില രംഗങ്ങളിലെ ബി. ജി. എം മികച്ചു നിന്നു. ജോമോന്റെ ക്യാമറയുടെ മികവ്  സിനിമയുടെ ഗാന രംഗ ചിത്രീകരണത്തിൽ മാത്രം ഒതുങ്ങിപ്പോയി. 

ആകെ മൊത്തം ടോട്ടൽ = പുതുമകൾ ഒന്നും പ്രതീക്ഷിക്കാതെ ഒരു വിനോദത്തിനായി മാത്രം കണ്ടിരിക്കാവുന്ന ഭേദപ്പെട്ട സിനിമ. 

* വിധി മാർക്ക്‌= 6.2/10 
-pravin- 

Friday, August 1, 2014

Velai illa Pattathari (V.I.P)- ധനുഷിന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ മാത്രമോ ?

സിനിമയുടെ സർവ്വ മേഖലയിലും ചുരുങ്ങിയ കാലയളവിൽ  തന്റേതായ ഒരു കൈയ്യൊപ്പ് പതിപ്പിക്കുന്നതിൽ വിജയിച്ച നടനാണ്‌  ധനുഷ്. അത് കൊണ്ട് തന്നെ ധനുഷ് കഴിവുള്ള ഒരു നടനാണ്‌ എന്ന കാര്യത്തിൽ ആർക്കും യാതൊരു തർക്കവുമില്ല. സിനിമാ ജീവിതം ആരംഭിച്ച കാലത്ത് തുടരെ തുടരെ മൂന്നു സിനിമകൾ വിജയിച്ചപ്പോൾ പിന്നീട് വന്ന കുറച്ചു സിനിമകൾ ധനുഷിന് കടുത്ത പരാജയത്തിന്റെ രുചിയാണ് അറിയിച്ചത്.  ഒരു നടന്റെ സിനിമാ ജീവിതത്തിന് തിരശ്ശീല വീഴാൻ സമയമായി എന്ന് കണക്കു കൂട്ടേണ്ട സൂചനകൾ. പക്ഷേ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് മികച്ച വേഷങ്ങൾ തിരഞ്ഞെടുക്കുകയും മികച്ച പ്രകടനം കാഴ്ച വക്കുകയും ചെയ്തു കൊണ്ട് ധനുഷ് എന്ന നടൻ ഉയിർത്തെഴുന്നേറ്റു. ആ ഒരു പ്രകടന മികവു തന്നെയാണ് ആടുകളം സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ധനുഷിനെ തേടിയെത്താൻ കാരണമായതും. ദേശീയ പുരസ്ക്കാരം ലഭിച്ചെന്നു കരുതി മാസ് സിനിമകളെ ഉപേക്ഷിക്കാൻ ധനുഷ് തയ്യാറായില്ല. ഒരേ സമയം മാസ് സിനിമകളിലും ക്ലാസ് സിനിമകളിലും ധനുഷ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. സിനിമ എന്ത് തന്നെയായാലും ഒരു നടൻ എന്ന നിലയിൽ തനിക്ക് സംഭാവന ചെയ്യാൻ പറ്റുന്ന പ്രകടന മികവ് അതാത് സിനിമകളിൽ നൽകുന്നതിൽ ധനുഷ് എല്ലാ കാലത്തും വിജയിച്ചിട്ടുണ്ട്. തന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ Velayilla Pattathari യിലും ധനുഷ് അത് ആവർത്തിച്ച് ഉറപ്പ് വരുത്തുന്നു. 

സിവിൽ എൻജിനിയറിംഗ് കഴിഞ്ഞ ശേഷം നാല് വർഷത്തോളമായി തൊഴിലൊന്നുമില്ലാതെ വീട്ടിലിരുപ്പാണ് രഘുവരൻ (ധനുഷ്). മറ്റു ഫീൽഡുകളിൽ നിന്നുമുള്ള ജോലിക്കൊന്നും പോകാൻ പുള്ളി തയ്യാറുമല്ല. തന്നെക്കാൾ മൂന്നു വയസ്സ്  ഇളയവനായ അനിയച്ചാർ പോലും നല്ല ശമ്പളമുള്ള ജോലിക്ക് പോയി തുടങ്ങുന്നതോട് കൂടെ രഘുവരന് കുറേശ്ശെ അപമാനമൊക്കെ തോന്നാൻ തുടങ്ങുന്നു. ഇതിനെല്ലാം പുറമേ അച്ഛന്റെയും അമ്മയുടെയും പരിഹാസങ്ങളും മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തലുകളും രഘുവരൻ എന്ന തൊഴിൽ രഹിതനെ കൂടുതൽ  അലോരസപ്പെടുത്തുന്നു. ഇത്തരത്തിലുള്ള രസകരമായ ഒരു കഥാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തുമായ വേൽ രാജ് വിജയിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ പകുതിയിൽ  നായകന്റെ വിവിധ പ്രതിസന്ധികളും മനോ വിഷമങ്ങളും നർമ്മത്തിൽ ചാലിച്ച് കൊണ്ട് അവതരിക്കുന്നതിനിടയിൽ പേരിനൊരു നായിക എന്ന മട്ടിൽ ശാലിനി (അമല പോൾ) എന്ന അയൽവാസി കുട്ടിയെ കൂടി സിനിമ പരിചയപ്പെടുത്തുന്നു. ഒരു കടുത്ത പ്രേമ കഥക്കുള്ള സ്കോപ് ഉണ്ടാകുമോയെന്ന് സംശയിച്ച പ്രേക്ഷകരെ  സംവിധായകൻ നിരാശപ്പെടുത്തുന്നു. അതേ സമയം സിനിമ ഒരു വേളയിൽ അമ്മ- മകൻ സ്നേഹ ബന്ധത്തിന്റെ തീവ്ര ഭാവങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് ചില വൈകാരിക മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്നു. തീർത്തും നിശബ്ദമായ ഒരു അന്തരീക്ഷത്തിൽ അമ്മ എന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹത്തെ സംവിധായകൻ വരച്ചു കാണിക്കുന്നുണ്ട്. ആദ്യ പകുതി അവസാനിക്കുന്നത് അത്തരത്തിലുള്ള  വൈകാരികമായ രംഗങ്ങളിലൂടെയാണ്. കണ്ണിൽ നനവ് പടർത്തും വിധം സംവിധായകൻ ആ രംഗം വൈകാരികമാക്കി എന്ന് പറയുന്നതാകും ശരി. 

രണ്ടാം പകുതി തൊട്ട് സിനിമക്ക് മറ്റൊരു ഗതി കൈവരുന്നു. നായകൻറെ നിശ്ചയദാർഢ്യവും, നല്ല നടപ്പും,  നായികക്ക് നായകനോടുള്ള അടുപ്പവും അങ്ങിനെ എല്ലാം കൂട്ടി തൊട്ടു കൊണ്ടുള്ള ഒരു കഥ പറച്ചിൽ. ഒരു തൃകോണ പ്രേമത്തിന് അവസരമുണ്ടാകുമോ എന്ന് സംശയിപ്പിക്കും  വിധം അനിത (സുരഭി)  എന്ന സൈഡ് നായിക കൂടി കഥയിലേക്ക് എത്തുന്നു. അവിടെയും സിനിമ പ്രണയം എന്ന വിഷയത്തെ കാര്യമായൊന്നും ഗൌനിക്കാതെ തിരസ്ക്കരിക്കുകയാണ് ചെയ്യുന്നത്. വില്ലൻ അഥവാ നായകൻറെ എതിരാളി എന്ന നിലയിൽ അരുണ്‍ (അമിതെഷ്) എന്ന മറ്റൊരു കഥാപാത്രത്തെ കൂടി സിനിമ പരിചയപ്പെടുത്തുന്നുണ്ട്. ആദ്യ പകുതിയിലെ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട നിരുപദ്രവകാരിയായ വില്ലൻ (?) പിന്നീട് രണ്ടാം പകുതിയിൽ നായകന്റെ ലക്ഷ്യങ്ങള്‍ക്ക് തടസ്സങ്ങൾ സൃഷ്ടിച്ച് തുടങ്ങുന്നത് തൊട്ട് സിനിമ മറ്റൊരു ഗതിയിലേക്ക് മാറി സഞ്ചരിക്കുന്നു. വില്ലന്റെ ക്ലീഷേ ദുര്‍ബുദ്ധികളും മറ്റു കണ്ടു മടുത്ത ട്വിസ്റ്റുകളും സിനിമയുടെ രണ്ടാം പകുതിയുടെ മേന്മയെ സാരമായി തന്നെ ബാധിച്ചു. എന്നിരുന്നാലും പ്രേക്ഷകന് മുഷിവ്‌ അനുഭവപ്പെടാത്ത വിധം സിനിമയുടെ പല പോരായ്മകളെയും സംവിധായകൻ സമർത്ഥമായി മറച്ചു വക്കുകയും രസകരമായി അവതരിപ്പിക്കുകയും ചെയ്തു  എന്നുള്ളിടത്താണ് V.I.P  കണ്ടിരിക്കാന്‍ സാധിക്കുന്ന സിനിമയായി മാറുന്നത്. 

ധനുഷ് എന്ന നടന്റെ അഭിനയ മികവിനോടൊപ്പം ഈ സിനിമ കാണുന്ന പ്രേക്ഷകർ ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന മറ്റു രണ്ടു കഥാപാത്രങ്ങൾ ആണ് രഘുവരന്റെ (ധനുഷ്) അച്ഛനും അമ്മയും. ശരണ്യ പൊൻവണ്ണൻ, സമുദ്രക്കനി എന്നിവരുടെ പ്രകടന മികവിനെ അഭിനന്ദിക്കാതിരിക്കാൻ ആകില്ല. ഒരു സിനിമയിലെ നായകൻറെ അമ്മ- അച്ഛൻ വേഷങ്ങൾക്ക് ആ സിനിമയിൽ എന്ത് പ്രസക്തി എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം സിനിമ നൽകുന്നുണ്ട്. എന്നാൽ അവിടെ ചോദ്യമായി അവശേഷിക്കുന്നത് നായികയാണ്. എന്തിനായിരുന്നു ഒരു നായിക? അമല പോൾ എന്ന നടിക്ക് നായികയുടെതായ മിനിമം പ്രകടനത്തിൽ പോലും ഭ്രഷ്ട് കൽപ്പിച്ച സിനിമയാണ് Velayilla Pattathari. വില്ലന്റെ കാര്യവും ഏറെക്കുറെ സമാനമായ അവസ്ഥയാണ്. സിനിമയിൽ അമുൽ ബേബി എന്നാണ് ധനുഷ് വില്ലനെ അഭിസംബോധന ചെയ്യുന്നത്. അത് സിനിമയുടെ കാര്യത്തിൽ മാത്രമല്ല, കഥയിലെ വില്ലൻ സങ്കൽപ്പത്തിലും പിന്നീട് കണ്ട വില്ലന്റെ പ്രകടനത്തിലും ശരി വക്കുകയാണ് ചെയ്യുന്നത്. 

അനിരുദ്ധ് രവി ചന്ദറിന്റെ സംഗീതം സിനിമക്ക് അനുയോജ്യമായിരുന്നെങ്കിലും പാട്ടുകളുടെ എണ്ണം സിനിമയിൽ അധികപ്പറ്റായി മാറി. ധനുഷും എസ് ജാനകിയും ചേർന്ന് പാടിയ 'അമ്മാ...അമ്മ .." എന്ന് തുടങ്ങുന്ന പാട്ടാണ് സിനിമയിൽ ഏറ്റവും നന്നായി പ്ലേസ് ചെയ്ത ഗാനം. 

ആകെ മൊത്തം ടോട്ടൽ = ധനുഷിന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ എന്ന പ്രത്യേകതക്കൊപ്പം  തരക്കേടില്ലാത്ത ആസ്വാദനം കൂടി ഉറപ്പു തരുന്ന സിനിമയാണ്   Velayilla Pattathari. 

* വിധി മാർക്ക്‌ = 6.5/10 

-pravin-