Sunday, December 29, 2019

ഡ്രൈവിംഗ് ലൈസൻസ് - സൂപ്പർ താരത്തിന്റെയും ആരാധകന്റെയും ഈഗോ പോരാട്ടങ്ങൾ !!

ആത്മാഭിമാനം എന്നത് ഒരളവ് വരെ വേണ്ടതും ഒരളവിനപ്പുറം വേണ്ടാത്തതുമായ ഒന്നാണ്. നെഞ്ചിൽ കൊണ്ട് നടക്കേണ്ട ആത്മാഭിമാനം തലയിലേക്ക് എത്തിയാൽ ഏതൊരാളുടെയും മനോ നില താറുമാറാകും. 'ഡ്രൈവിംഗ് ലൈസൻസ്' കൈകാര്യം ചെയ്യുന്ന വിഷയവും അത് തന്നെ.

മനുഷ്യർക്കിടയിൽ എപ്പോൾ വേണമെങ്കിലും ഏത് കാര്യത്തിൽ വേണമെങ്കിലും ഉണ്ടായേക്കാവുന്ന ഈഗോ ക്ലാഷുകളെ ഒരു സൂപ്പർ താരത്തിന്റെയും ആരാധകന്റെയുമിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പറഞ്ഞവതരിപ്പിക്കുന്നതിലാണ് ഡ്രൈവിംഗ് ലൈസൻസിന്റെ പുതുമയും ത്രില്ലും.

ഒരേ സമയം സൂപ്പർ താരത്തിന്റെയും ആരാധകന്റെയും പക്ഷം പിടിച്ചു സംസാരിക്കുന്നുണ്ട് സിനിമ. നിർമ്മാതാവിന്റെയും താരത്തിന്റെയും ആരാധകന്റെയുമടക്കമുള്ളവരുടെ മാനസിക സംഘർഷങ്ങൾ കാണിച്ചു തരുന്ന സിനിമയിൽ ഒരിടത്തും ഒരാളെയും പ്രതിക്കൂട്ടിൽ നിർത്താൻ തയ്യാറാകുന്നില്ല തിരക്കഥാകൃത്ത്.

സുരാജിന്റെ കുരുവിളക്കും പൃഥ്വിരാജിന്റെ ഹരീന്ദ്രനും തുല്യമായി വീതം വച്ച് കൊടുക്കുന്ന തരത്തിലാണ് ഓരോ സീനുകളും സച്ചി എഴുതി ചേർത്തിരിക്കുന്നത്. രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ഈഗോ പോരാട്ടത്തിൽ പലയിടത്തും പൃഥ്വി രാജിന്റെ ഹരീന്ദ്രൻ സ്‌ക്രീൻ പ്രസൻസ് കൊണ്ട് സ്‌കോർ ചെയ്യുമ്പോൾ മികച്ച പ്രകടനം കൊണ്ടാണ് സുരാജ് പല സീനുകളിലും പൃഥ്വിരാജിനെ ഓവർടേക്ക് ചെയ്യുന്നത്.

സൂപ്പർ സ്റ്റാറുകളുടെ വ്യക്തി ജീവിതത്തിലേക്കുള്ള മാധ്യമങ്ങളുടെയും പൊതു ജനത്തിന്റെയും ഇടിച്ചു കയറ്റവും സിനിമക്കുള്ളിലെ അന്ധവിശ്വാസങ്ങളും കുതികാൽ വെട്ടുമടക്കം പലതും ആക്ഷേപ ഹാസ്യ ശൈലിയിൽ വിമർശിക്കപ്പെടുന്നുണ്ട്. സുരേഷ് കൃഷ്ണയുടെ ഭദ്രൻ എന്ന താര കഥാപാത്രത്തെ സിനിമക്കുള്ളിലെ മത്സരബുദ്ധിയും പാരവെപ്പും ട്രോൾ ചെയ്യാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്ന് പറയാം.

സിനിമക്കുള്ളിലെ ഇത്തരം പ്രശ്നങ്ങളോടുള്ള AMMA സംഘടനയുടെ നിലപാടും മനോഭാവവുമൊക്കെ ഇന്നസെന്റിനെയും വിജയരാഘവനെയും ഇടവേള ബാബുവിനെയും കൊണ്ട് തന്നെ വ്യക്തമാക്കി തരുമ്പോൾ 'ഞങ്ങളെ ട്രോളാൻ പുറമെ നിന്നൊരു തെണ്ടിയുടേയും സഹായം ഞങ്ങക്ക് വേണ്ട' എന്ന മട്ടിലായി മാറുന്നുണ്ട് AMMA . അറിഞ്ഞോ അറിയാതെയോ പൃഥ്വിരാജ് പോലും ആ സെൽഫ് ട്രോളിൽ സ്വയം തേഞ്ഞൊട്ടുന്നുമുണ്ട്. 

ആരാധന ഒരു പരിധി വിട്ടാൽ ഭ്രാന്താണെന്ന ഓർമ്മപ്പെടുത്തലുകൾ നൽകുന്ന സിനിമ തന്നെ സ്വന്തം ആരാധകരുടെ പേക്കൂത്തുകൾക്കെതിരെ ശബ്ദമുയർത്തുന്നതിൽ നിന്ന് ഹരീന്ദ്രനെ വിലക്കുകയും പകരം ആരാധകർ തന്നെയാണ് താരങ്ങളുടെ ശക്തി എന്ന നിലക്ക് പറഞ്ഞവസാനിപ്പിക്കുന്നിടത്തും ഒരു വൈരുദ്ധ്യമുണ്ട്.

താരങ്ങളോട് ആരാധന ആകാം - പക്ഷേ അതെങ്ങനെ ആകാം അല്ലെങ്കിൽ അതിന്റെയൊക്കെ പരിധി ഏത് വരെ എന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ നൽകലോ ഉപദേശമോ സിനിമയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പെടുന്നതല്ല. അതെല്ലാം ആരാധകർക്ക് സ്വയം വിലയിരുത്തി തീരുമാനിക്കാം എന്നതാണ് 'ഡ്രൈവിങ് ലൈസൻസ്' ആ വിഷയത്തിൽ സ്വീകരിക്കുന്ന അഴകുഴ നിലപാട്. 

ആകെ മൊത്തം ടോട്ടൽ = പൃഥ്വിരാജിന്റെ സ്റ്റൈലൻ സ്‌ക്രീൻ പ്രസൻസും സുരാജിന്റെ പ്രകടനവും തന്നെയാണ് ഡ്രൈവിങ്‌ ലൈസൻസിന്റെ പ്രധാന ആസ്വാദനം. മനീഷ് ശർമ്മയുടെ 'Fan' സിനിമയുമായി സാമ്യതയില്ലാത്ത വിധം ഒരു സൂപ്പർ താരത്തിന്റെയും ആരാധകന്റെയും ഈഗോ പോരാട്ട കഥയെ ത്രില്ലടിപ്പിച്ചു കൊണ്ട് തന്നെ അവതരിപ്പിക്കാൻ ജീൻ പോളിന് സാധിച്ചിട്ടുണ്ട്.

*വിധി മാർക്ക് = 7.5/10 

-pravin-

Saturday, December 21, 2019

ചാവേറുകളുടെ ജീവിത 'മാമാങ്കം' !!

പകയും ചതിയും പോരാട്ടവും ജീവത്യാഗങ്ങളുമൊക്കെ കൊണ്ട് സംഭവ ബഹുലമായ മാമാങ്ക ചരിത്രത്തിന്റെ സിനിമാവിഷ്ക്കാരം എന്ന നിലക്ക് 'മാമാങ്കം' നൽകിയ പ്രതീക്ഷ വളരെ വലുതായിരുന്നു. പ്രതീക്ഷകൾക്കൊത്ത് ഉയരാത്ത സിനിമയെന്ന് കുറ്റം പറയാമെങ്കിലും മാമാങ്കം ഒരിക്കലും ഡീഗ്രേഡ് ചെയ്യപ്പെടേണ്ട ഒരു സിനിമയല്ല.

പോരായ്മകളും മികവുകളുമുള്ള ഒരു സിനിമയെ പോരായ്മാകളെ കൊണ്ട് മാത്രം വിലയിരുത്തുന്ന ആസ്വാദന ശൈലിയോട് യോജിപ്പില്ലാത്തത് കൊണ്ടാകാം മാമാങ്കം വ്യക്തിപരമായി എനിക്ക് പൂർണ്ണ നിരാശയായിരുന്നില്ല.

ഒരു സിനിമ എന്ന നിലക്ക് അനുഭവപ്പെടുത്തലുകളെക്കാൾ ഓർമ്മപ്പെടുത്തലുകളാണ് മാമാങ്കം സമ്മാനിക്കുന്നത്. തോറ്റു പോയവരുടെയും ആർക്കൊക്കെയോ വേണ്ടി ജീവൻ കളഞ്ഞ വള്ളുവനാടിന്റെ ചാവേറുകളുടെ പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തലുകൾ.

ചരിത്രമറിയാതെ സിനിമ കാണുന്നവനും സിനിമയിലേക്ക് മുഴുകി ചേരാൻ തക്ക വിധത്തിൽ കുറഞ്ഞ വരികൾ കൊണ്ട് ഗംഭീര ശബ്ദ വിവരണത്തോടെ കഥാ പശ്ചാത്തലം മനോഹരമായി വരച്ചിടുന്നുണ്ട് രഞ്ജിത്ത്.

ആൾക്കൂട്ടവും ആനയും കൂടാരങ്ങളുമൊക്കെയായി ഉത്സവഭരിതമായ മഹാ മാമാങ്ക പട്ടണവും അംഗ രക്ഷകരുമൊത്ത് നിലപാട് തറയിലേക്കുള്ള സാമൂതിരിയുടെ വരവുമൊക്കെ കൂടി മിഴിവേകുന്ന സ്‌ക്രീൻ കാഴ്ചകളോടെയുള്ള തുടക്കം നന്നായിരുന്നു. അതേ സമയത്തു തന്നെയാണ് മമ്മുക്കയുടെ ചന്ദ്രോത്ത് വലിയ പണിക്കരെ കയറിൽ കെട്ടി പൊക്കി അവതരിപ്പിച്ചത് കല്ല് കടിയായി മാറുന്നതും. അത് മമ്മുക്ക എന്ന നടന്റെ കുഴപ്പമല്ല അദ്ദേഹത്തിന്റെ പ്രായത്തെയും പരിമിതികളെയും മറന്നു കൊണ്ട് അത്തരമൊരു സീൻ അവതരിപ്പിക്കുന്നതിൽ സംവിധായകന് പറ്റിയ തെറ്റ് മാത്രം.

അവതരണ പരിമിതികൾക്കും പോരായ്മകൾക്കും ഇടയിലും മമ്മുട്ടി എന്ന നടൻ അപ്പോഴും ചന്ദ്രോത്ത് വലിയ പണിക്കാരായി മാറുന്നത് കാണാതെ പോകാനുമാകില്ല. എന്നാൽ മമ്മുട്ടിയിലെ നടനെ പൂർണ്ണമായും പരാജയപ്പെടുത്തിയ ഗെറ്റപ്പ് ആയിരുന്നു സ്ത്രൈണതയുള്ള കുറുപ്പച്ചന്റെ വേഷം. ആ കഥാപാത്രത്തിന്റെ മാനറിസം അളന്നെടുത്തു അവതരിപ്പിക്കാനും പ്രകടനത്തിൽ ആവശ്യമായ constancy നിലനിർത്താനും അദ്ദേഹത്തിന്റെ ആകാരവും ശബ്ദവും പ്രായവുമൊക്കെ വിലങ്ങു തടിയായി മാറി.

ഒരുപാട് കാലത്തെ അന്വേഷണവും പരിശ്രമവും കൊണ്ട് സജീവ് പിളള എഴുതിയുണ്ടാക്കിയ മാമാങ്കത്തിന്റെ തിരക്കഥയും ഇപ്പോഴത്തെ തിരക്കഥയും എത്രത്തോളം വ്യത്യാസമുണ്ട് എന്നറിയില്ല. എങ്കിലും പറയാം, ചരിത്രം പറഞ്ഞു തുടങ്ങി ചാവേറിന്റെ ജീവിതവും പോരാട്ടവും ചർച്ച ചെയ്യപ്പെടേണ്ടിയിരുന്ന തിരക്കഥയുടെ പ്രധാന രസം കൊല്ലികളായി മാറുന്നത് സമർ കോയയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണി മായയുടെയും ഉണ്ണി നീലിയുടെയും കൂത്ത് മാളികയിൽ സിദ്ധീഖിന്റെ തലച്ചെന്നോർ എത്തുന്നിടത്തു നിന്നാണ്.

സിനിമയുടെ വലിയ ഒരു ഭാഗം തലച്ചെന്നോറിന്റെ സമർ കോയ കേസ് അന്വേഷണത്തിന് വേണ്ടി മാത്രമായി മാറ്റി നിർത്തിയപ്പോൾ അത് വരെ സിനിമക്കുണ്ടായ വേഗവും ഉദ്വോഗവും നഷ്ടപ്പെട്ടു എന്ന് പറയാം. നല്ല നടനെന്ന ഖ്യാതി ഉണ്ടായിട്ടും പല കാരണങ്ങൾ കൊണ്ട് തലച്ചെന്നോറിനെ ഗംഭീരമാക്കാൻ സിദ്ധീഖിനും സാധിക്കാതെ പോകുന്നു.

വള്ളുവനാടിന്റെ അഭിമാനം കാക്കാൻ ചാവേറായി മാമാങ്കത്തിന് പോകുന്നവരുടെയും അവരുടെ കുടുംബത്തിന്റെയുമൊക്കെ വൈകാരിക തലങ്ങളിലേക്ക് ആഴത്തിലേക്ക് ചെന്നെത്തുന്നില്ല സിനിമ. അക്കാരണം കൊണ്ട് തന്നെ ഗംഭീരമാകുമായിരുന്ന പല സീനുകളും വെറും കാഴ്ചകളിലേക്ക് ഒതുങ്ങി പോകുന്നുമുണ്ട്.

കഥാപരമായാലും പ്രകടനം കൊണ്ടായാലും ഒരു മമ്മൂട്ടി സിനിമ എന്ന ലേബൽ 'മാമാങ്ക'ത്തിന് ബാധ്യതയാണ്. ആ ലെവലിൽ നോക്കുമ്പോൾ മാമാങ്കം ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് പണിക്കരുടെയും മാസ്റ്റർ അച്ചുതന്റെ ചന്ദ്രോത്ത് ചന്തുണ്ണിയുടെയും മാത്രമാണ്.

കുറഞ്ഞ സീനുകളിൽ വന്നു പോകുന്ന സുരേഷ് കൃഷ്ണയുടെ പോക്കറും മണിക്കുട്ടന്റെ മൊയീനും സ്‌ക്രീൻ പ്രസൻസ് കൊണ്ട് മാമാങ്കത്തെ പിന്തണക്കുന്നുണ്ട്. ആ കഥാപാത്രങ്ങൾക്ക് അർഹിക്കുന്ന സ്‌പേസ് തിരക്കഥയിൽ ഇല്ലാതെ പോയത് ദുഃഖകരമായിരുന്നു. മണികണ്ഠൻ ആചാരിയുടെ കുങ്കനും കൂട്ടത്തിൽ തന്റേതായ രീതിയിൽ അടയാളപ്പെടുന്നുണ്ട്.

അവസാന ഭാഗങ്ങളിലെ ആക്ഷൻ സീനുകളും വെട്ടും വാൾ പയറ്റുമൊക്കെ സിനിമയുടെ ഗ്രാഫ് ഉയർത്തുന്നുണ്ട്. അവിടെയും മാസ്റ്റർ അച്ചുതൻ മറ്റാരേക്കാളും മികച്ചു നിൽക്കുന്നു. ഒരർത്ഥത്തിൽ മാമാങ്കം സിനിമയുടെ മുഴുവൻ ഭാരവും അച്ചുതന്റെ ചുമലിലായിരുന്നു എന്ന് വേണം പറയാൻ.

ഒരു വടക്കൻ വീരഗാഥയും ബാഹുബലിയുമൊക്കെ കണക്കു കൂട്ടി കാണേണ്ട സിനിമയല്ല മാമാങ്കം. തിയേറ്റർ കാഴ്ചകൾക്കുമപ്പുറം ഒരു കാലഘട്ടത്തിന്റെ ഓർമ്മ പുതുക്കലുകളും സർവ്വോപരി ചരിത്രത്തിൽ രേഖപ്പെടുത്താത്ത വിധം പലരുടെയും പകക്കും ആചാരങ്ങൾക്കും വേണ്ടി ജീവൻ കളഞ്ഞ ചാവേറുകളുടെ സ്മരണയുമാണ് മാമാങ്കം.

കുടിപ്പകയും യുദ്ധങ്ങളുമൊക്കെ കൊണ്ട് മനുഷ്യൻ എന്ത് നേടി എന്ന ചോദ്യം ഉയർത്തി കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ക്ലൈമാക്സ് സീനുകളൊക്കെ ആ തലത്തിൽ അർത്ഥവത്തായി പറഞ്ഞവസാനിപ്പിക്കുന്നുണ്ട്.

ഒരു ചരിത്രം വേണമെങ്കിൽ സിനിമയാക്കാം എന്നാൽ ആ സിനിമ ഒരു ചരിത്രമായി മാറാൻ അതിന് ഒരുപാട് മികവുകൾ വേണ്ടതുണ്ട് . മാമാങ്കത്തിന് ഇല്ലാതെ പോയതും അതൊക്കെ തന്നെ.

ചതിയിൽ തോറ്റു പോയവരുടെയും വീണു പോയവരുടെയും കഥ പറഞ്ഞ മാമാങ്കത്തിന് സജീവ് പിള്ള എന്ന കലാകാരനോട് ചെയ്ത ചതിയുടെ ഫലം അനുഭവിക്കേണ്ടി വന്നതാകുമോ എന്ന സംശയത്തിനു പോലും പ്രസക്തിയുണ്ട്. 

ആകെ മൊത്തം ടോട്ടൽ = പോരായ്‌മകൾ ഉണ്ടെങ്കിലും അമിത പ്രതീക്ഷകളില്ലാതെ കാണാവുന്ന ഒരു സിനിമ. 

*വിധി മാർക്ക് = 6/10 
-pravin-

Thursday, December 12, 2019

സ്ലീവാച്ചന്റെ തിരിച്ചറിവുകൾ !!

നിസ്സാരമെന്ന് തോന്നുകയും എന്നാൽ ഗൗരവമേറിയതുമായ ഒരു സാമൂഹിക വിഷയത്തെ ഒരു കുടുംബ പശ്ചാത്തലത്തിൽ മനോഹരമായി പറഞ്ഞവതരിപ്പിച്ചു എന്നത് തന്നെയാണ് 'കെട്ട്യോളാണ് എന്റെ മാലാഖ' യെ വേറിട്ട് നിർത്തുന്ന പ്രധാന കാര്യം. 

അശ്ലീല ചുവയോ ദ്വയാർത്ഥ പ്രയോഗങ്ങളോ ഇല്ലാതെ ദാമ്പത്യവും ലൈംഗികതയുമൊക്കെ ഒരു കുടുംബ സിനിമയിലൂടെ തന്നെ ചർച്ച ചെയ്യിക്കാൻ സാധിച്ചതിലാണ് നിസാം ബഷീർ എന്ന പുതുമുഖ സംവിധായകൻ കൈയ്യടി നേടുന്നത്. ഏച്ചുകൂട്ടലില്ലാത്ത വിധം പറയാനുള്ള വിഷയത്തെ നല്ലൊരു തിരക്കഥയിലേക്ക് പടർത്തിയെഴുതിയതിൽ അജി പീറ്ററും അഭിനന്ദനമർഹിക്കുന്നു. 

തുടക്കം മുതൽ ഒടുക്കം വരെ ഇടുക്കിയുടെ മലയോര ഗ്രാമ ഭംഗിയും അവിടത്തെ നാട്ടുകാരും അവരുടെ സംസാര ശൈലിയുമൊക്കെ കൂടെ സിനിമക്ക് നൽകിയ പുതുമയും പ്രസരിപ്പും ചെറുതല്ല. സ്ലീവാച്ചന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമടക്കം ഒരൊറ്റ പാട്ടിൽ കണ്ടറിയാം ആ നാടിനെയും നാട്ടാരെയും.അഭിലാഷ് ശങ്കറിന്റെ കാമറ പോലും ആ നാട്ടുകാരനായി മാറുന്ന പോലെ മനോഹരമായ ഛായാഗ്രഹണം. 

ഗാന ചിത്രീകരണം കൊണ്ടും പ്രതീകാത്മക ബിംബ സീനുകൾ കൊണ്ടുമൊക്കെ നാളിതു വരെ മലയാള സിനിമ കാണിച്ചു തന്നിട്ടുള്ള ദാമ്പത്യ ജീവിതത്തിനു അപവാദമായി സ്ലീവാച്ചന്റെയും റിൻസിയുടെയും ദാമ്പത്യം മാറുന്നിടത്താണ് സിനിമ ഗൗരവമേറിയ അതിന്റെ വിഷയം പറയാൻ ആരംഭിക്കുന്നത്.

വിവാഹ ശേഷമുള്ള സ്ലീവാച്ചന്റെ മുഖത്തെ മ്ലാനതയും പരിഭ്രമവും അഞ്ജതയുമൊക്കെ ആദ്യം ചിരിപ്പിക്കുകയും പിന്നീട് വല്ലാത്ത ഭീകരത അനുഭവപ്പെടുത്തുകയും ചെയ്യുന്നു. 

ലൈംഗികതയെ കുറിച്ചുള്ള തെറ്റിദ്ധാരണകളും അഞ്ജതയുമൊക്കെ സ്ലീവാച്ചനെ പോലെ പത്തരമാറ്റ് സ്വഭാവ സെർട്ടിഫിക്കറ്റ് കിട്ടിയ ഒരാളുടെ കുടുംബ ജീവിതത്തിൽ പോലും അത്ര മാത്രം ഭീകരത സമ്മാനിക്കുന്നുവെങ്കിൽ ഓർക്കണം അങ്ങിനെ പറയത്തക്ക ഗുണഗണങ്ങൾ ഒന്നുമില്ലാതെ, അതേ അജ്ഞത മറച്ചു വച്ച് കൊണ്ട് , വെറും ആണധികാരം മാത്രം കൈമുതലാക്കി, ആ ഈഗോ കൊണ്ട് മാത്രം ഭാര്യയോട് ഇടപഴകുന്നവർ സൃഷ്ടിക്കുന്ന ഭീകരത എത്ര മാത്രം വലുതെന്ന്. 

ബലാൽസംഗം എന്നത് ജോസ് പ്രകാശും, ടി.ജി രവിയും, ബാലൻ കെ നായരുമടക്കമുള്ളവരുടെ വില്ലൻ കഥാപാത്രങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള ഒരു കാര്യമെന്നോണം അവതരിപ്പിച്ചു ശീലിച്ച അതേ മലയാള സിനിമയിൽ നായകൻ നായികയെ, അതും ഭർത്താവ് ഭാര്യയെ തന്നെ റേപ് ചെയ്തിരിക്കുന്നു എന്ന് പറഞ്ഞവതരിപ്പിക്കുന്നതിൽ ഒരു പൊളിച്ചെഴുത്തുണ്ട്. അത്ര തന്നെ ധൈര്യത്തോടെ വിഷയത്തിന്റെ ഭീകരതയെ കുറിച്ചുള്ള തുറന്നു പറച്ചിലുമുണ്ട്. 

അഴകിയ രാവണനിൽ തന്റെ ചിറകൊടിഞ്ഞ കിനാക്കളി'ൽ റേപ് സീൻ ഒന്നുമില്ലേ എന്ന് ചോദിക്കുമ്പോൾ കാമുകൻ കാമുകിയെ വേണമെങ്കിൽ റേപ് ചെയ്തോട്ടെ എന്ന് മറുപടി പറയുന്നുണ്ട് അംബുജാക്ഷൻ. ആ പറഞ്ഞതിൽ ഒരു ലോജിക്കില്ല എന്ന മട്ടിലായിരുന്നു അന്ന് ആ കോമഡി വർക് ഔട്ട് ആയതെങ്കിൽ ഇന്ന് ഓർക്കുമ്പോൾ അത് കോമഡിയല്ല. ലൈംഗികതയിലെ അജ്ഞത കൊണ്ടും ദാമ്പത്യത്തിലെ ആൺ അപ്രമാദിത്തം കൊണ്ടുമൊക്കെ ഭാര്യയെ ഭർത്താവ് റേപ് ചെയ്ത കേസുകളുടെ കൂടി പശ്ചാത്തലത്തിൽ വേണം അത്തരം കോമഡികളെ തള്ളിക്കളയാൻ.

സിനിമയിലെ തന്നെ ഒരു സീനിൽ തീർത്തും സരസമായി സ്ലീവാച്ചന്റെ കേസ് ചർച്ച ചെയ്യുന്ന നാട്ടിൻപുറത്തെ സാധാരണ സ്ത്രീകളെ കാണാം. ഒന്നാലോചിച്ചാൽ ഇതൊക്കെ പല കുടുംബത്തിലും നടക്കുന്നുണ്ട് പിന്നെ നമ്മളാരും ബോധം കെട്ടു വീഴാഞ്ഞത് കൊണ്ട് ആറുമറഞ്ഞില്ല എന്ന് അവർ ചിരിച്ചു കൊണ്ടാണ് പറയുന്നതെങ്കിലും അവരുടെ ആ അടക്കം പറച്ചിൽ പോലും സിനിമയിൽ ഭീകരമായി അടയാളപ്പെടുന്നുണ്ട്. 

ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി തരുന്ന അതേ സമയത്ത് തന്നെ ദാമ്പത്യ ജീവിതത്തിൽ ഇതൊന്നും അത്ര കാര്യമല്ല എല്ലാം പ്രകൃതിയിലേക്ക് നോക്കി കണ്ടു പഠിക്കാവുന്നതേയുള്ളൂ എന്ന വാദവും സിനിമ ഉയർത്തുന്നുണ്ട്. അവിടെ സിനിമക്ക് വ്യക്തമായ ഒരു നിലപാട് ഇല്ലാതായി പോയ പോലെ തോന്നി. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന പേരും സിനിമയോട് ചേർന്ന് നിക്കുന്നില്ല.

സ്ലീവാച്ചന്റെ ജീവിതത്തിൽ മാറ്റം സംഭവിക്കാൻ കാരണമായവൾ എന്ന നിലക്ക് റിൻസിയെ മാലാഖാവത്ക്കരിക്കാമെങ്കിലും റിൻസി എന്ന ഭാര്യ സ്ലീവാച്ചന്റെ ജീവിതത്തെ സ്വാധീനിക്കുന്നതായി തോന്നിയില്ല.സ്ലീവാച്ചന് തെറ്റ് ബോധ്യപ്പെടുകയും സ്വയം തിരുത്തുകയും തിരിച്ചറിവോടെ പെരുമാറി തുടങ്ങുകയും ചെയ്യുന്നിടത്താണ് സിനിമക്ക് അതിന്റെ പേര് ബാധ്യതയായി മാറിയത്. അവിടെ റിൻസി എന്ന ഭാര്യയിൽ നിന്നും തിരിച്ചറിവ് വച്ച സ്ലീവാച്ചന്റെതു മാത്രമായി മാറുന്നുമുണ്ട് സിനിമ.

ആസിഫ് അലിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി എക്കാലത്തും സ്ലീവാച്ചൻ ഉണ്ടാകും എന്നത് ഉറപ്പാണ്. പുതുമുഖത്തിന്റെ പരിമിതികളറിയിക്കാതെ റിൻസിയെ റിൻസിയായി തന്നെ അവതരിപ്പിക്കാൻ വീണക്കും സാധിച്ചിട്ടുണ്ട്. 

ഇത് വരെ എവിടെയും കണ്ടിട്ടില്ലാത്ത കുറെയേറെ നടീനടന്മാരുടെ പ്രകടന മികവിന്റെ ആകെ തുക കൂടിയാണ് ഈ സിനിമയുടെ സൗന്ദര്യം എന്ന് പറയാം. അമ്മച്ചിയും പെങ്ങൾമാരും ഏട്ടനും അളിയനും അവരുടെ മക്കളും അടക്കമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ അപ്രകാരം വേറിട്ട് നിന്നു. 

സ്ലീവച്ചന്റെ ഈ സിനിമയിലൂടെ സമൂഹത്തിലെ ഒരുപാട് സ്ലീവാച്ചന്മാർ തിരുത്തപ്പെടട്ടെ. അവർക്ക് തിരിച്ചറിവുകൾ ലഭിക്കട്ടെ ! 

ആകെ മൊത്തം ടോട്ടൽ = സാമൂഹിക പ്രസക്തിയുള്ള ഒരു നല്ല കുടുംബ സിനിമ.

*വിധി മാർക്ക് = 7.5/10 

-pravin-

Thursday, December 5, 2019

Section 375 - നിയമം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ !

അനിരുദ്ധ റോയ് ചൗധരിയുടെ 'പിങ്ക്' പറഞ്ഞു വച്ച ഒരു രാഷ്ട്രീയമുണ്ട് -" നോ കാ മത്‌ലബ് സിർഫ് നോ ഹി ഹോത്താ ഹേ" !! അത് ഭാര്യയോ കാമുകിയോ വേശ്യയോ ആരുമായിക്കോട്ടെ ആ 'No' പറച്ചിലിന് പ്രസക്തിയുണ്ട്. 

സ്ഥല കാല സമയങ്ങളും വസ്ത്രധാരണ ശൈലികളും പെരുമാറ്റ ചട്ടങ്ങളുമൊക്കെ നോക്കി കൊണ്ട് ഒരു പെണ്ണിനെ പിഴയെന്നു വിളിക്കുന്നവരെ മാത്രമല്ല അതെല്ലാം ആ പെണ്ണിനെതിരെ എന്തും ചെയ്യാനുള്ള ലൈസൻസു കൂടിയാണെന്ന് കരുതുന്നവരെയും അവരുടെ ചിന്താഗതികളെയുമൊക്കെ പ്രതിക്കൂട്ടിൽ കേറ്റി പൊളിച്ചടുക്കി വിടുകയാണ് പിങ്ക് ചെയ്തത്. 

'പിങ്ക്' പറഞ്ഞു വച്ച രാഷ്ട്രീയത്തിനൊപ്പം ചേർത്ത് പറയാവുന്ന സിനിമ അല്ലെങ്കിൽ കൂടി അതേ പ്ലാറ്റ് ഫോമിലിരുന്നു കൊണ്ട് കാണേണ്ട മറ്റൊരു കിടിലൻ കോർട്ട് റൂം സിനിമ തന്നെയാണ് 'Section 375'. 

നിയമവും നീതിയും തമ്മിലുള്ള അന്തരം വ്യക്തമായി ബോധ്യപ്പെടുത്തുന്ന സിനിമയാണ് Section 375 . ഏതൊരു നിയമമാണോ സ്ത്രീയുടെ സംരക്ഷണത്തിന് വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ളത് അതേ നിയം തന്നെ ദുരുപയോഗം ചെയ്യപ്പെട്ടാൽ അത് നീതിക്ക് വേണ്ടി കാത്തിരിക്കുന്ന യഥാർത്ഥ ഇരകളെയാണ് ബാധിക്കുന്നത് എന്ന ഓർമ്മപ്പെടുത്തലും പ്രസക്തമാണ്. 

വ്യക്തിപരമായ കണക്കു തീർക്കലുകളുടെ ഭാഗമായി നിയമത്തെ കൂട്ട് പിടിച്ചു നടക്കുന്ന പ്രതികാര നടപടികളിൽ കോടതികൾ പോലും നീതി നടപ്പിലാക്കാൻ പറ്റാത്ത വിധം നിസ്സഹായവസ്ഥയിലെത്തുന്നുണ്ട് പല കേസുകളിലും. ചില കേസുകളിൽ നിയമപരമായി സ്ഥാപിച്ചെടുക്കുന്ന കാര്യങ്ങളെ മാത്രം വിലയിരുത്തി കൊണ്ട് നീതി നടപ്പിലാക്കുമ്പോൾ യഥാർത്ഥ നീതി പുലരാതെ പോകുകയാണ് ചെയ്യുന്നത്. 

We are not in the business of justice..we are in the business of law എന്ന് വക്കീലന്മാരെ പോലെ കാണുന്നവനും തോന്നിപ്പോകും. 

വാദി പ്രതിഭാഗം വക്കീലുമാരുടെ വാദ പ്രതിവാദങ്ങളും ജഡ്ജുമാരുടെ ഇടപെടലുകളും വിധി പ്രസ്താവ സമയത്തുള്ള അവരുടെ മാനസിക സംഘർഷങ്ങളുമൊക്കെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. അക്ഷയ് ഖന്ന - റിച്ച ചഡ്ഡ ടീമിന്റെ മികച്ച പ്രകടനമാണ് മറ്റൊരു ഹൈലൈറ്റ്. 

ആകെ മൊത്തം ടോട്ടൽ = കോടതി നിയമവ്യവസ്ഥകളും വ്യവഹാരങ്ങളും വിധി പ്രസ്താവവുമൊക്കെ  മികച്ച രീതിയിൽ അവതരിപ്പിച്ചു കാണിക്കുന്ന ഒരു വേറിട്ട കോർട്ട് റൂം ത്രില്ലർ സിനിമ. 

*വിധി മാർക്ക് = 8/10 

-pravin-

Wednesday, December 4, 2019

PERIOD End of Sentence

PERIOD End of Sentence - ഈ ഡോക്യൂമെന്ററി ഫിലിമിന്റെ പേരിൽ നിന്ന് തന്നെ വായിച്ചെടുക്കാൻ ഒരുപാടുണ്ട്.. 

ഇരുപത്തിയാറു മിനുട്ടുകൾ മാത്രം ദൈർഘ്യമുള്ള ഈ ഡോക്യൂമെന്ററി ഫിലിമിൽ വന്നു പോകുന്ന കുറച്ചു സ്ത്രീകളിലൂടെ ഉത്തരേന്ത്യൻ സ്ത്രീ ജീവിതങ്ങളെയും അവരുടെ ആർത്തവ കാലത്തെ സഹനങ്ങളേയുമൊക്കെ കുറിച്ച് പറഞ്ഞു തരുകയാണ് സംവിധായിക.

ആർത്തവത്തെ കുറിച്ചുള്ള അവരുടെ അജ്ഞതയും അതേ കുറിച്ച് പറയുമ്പോഴുള്ള അവരുടെ അപകർഷതാ ബോധവും മറ്റു ചിന്തകളുമൊക്കെ കണ്ടറിയുമ്പോൾ അവരുടെ ലോകം എത്ര മാത്രം ഇരുട്ടിലാണെന്നു ബോധ്യമാകും ..ആർത്തവം ആരംഭിക്കുന്നത് തൊട്ട് സ്ക്കൂൾ പഠനം നിർത്തേണ്ടി വരുന്ന പെൺകുട്ടികളൊക്കെ ആ ഇരുട്ടിന്റെ ഇരകളാണ് .

ലോസ് ആഞ്ചലസിലെ ഓക് വുഡ് സ്ക്കൂളിലെ വിദ്യാർത്ഥികളുടെ പ്രൊജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ഡോക്യൂമെന്ററിക്കാണ് Short Subject വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള ഇത്തവണത്തെ ഓസ്ക്കാർ പുരസ്ക്കാരം കിട്ടിയത്.

ഉത്തരേന്ത്യൻ സ്ത്രീ ജീവിതങ്ങളെ ഒരു ഡോക്യൂമെന്ററിയിലേക്ക് പകർത്തിയെടുത്തു എന്നതിനേക്കാൾ ആർത്തവകാലത്തെ ആരോഗ്യകരമായി നേരിടാനും അതിനു വേണ്ട സാനിറ്ററി പാഡ് ചിലവ് കുറഞ്ഞ രീതിയിൽ അവർക്ക് തന്നെ ഉണ്ടാക്കാനും വിറ്റഴിക്കാനും സാധിക്കുന്ന തരത്തിൽ അവിടത്തെ സ്ത്രീകളെ സന്നദ്ധരാക്കി എന്നതാണ് ഈ ഡോക്യൂമെന്ററിയുടെ ഏറ്റവും വലിയ വിജയം . 

-pravin-