Thursday, January 19, 2023

ഹൃദ്യം ..ഭക്തി സാന്ദ്രം.. 'മാളികപ്പുറം' !!


ഒരുപാട് മുൻവിധികളോടെയാണ് 'മാളികപ്പുറം' കാണാൻ പോയതെങ്കിലും നിറഞ്ഞ മനസ്സോടെയാണ് തിയേറ്റർ വിട്ടിറങ്ങിയത്. ട്രെയ്‌ലർ കണ്ട ഏതൊരാൾക്കും ഊഹിക്കാവുന്ന കഥ തന്നെയെങ്കിലും തെളിമയുള്ള തിരക്കഥയും ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന അവതരണവുമൊക്കെ കൊണ്ട് 'മാളികപ്പുറം' വേറിട്ട ആസ്വാദനം സമ്മാനിച്ചു.

ഒരു കുഞ്ഞു കഥയെ മനോഹരമായി പറഞ്ഞവതരിപ്പിക്കുന്ന സിനിമ എന്നതിനുമപ്പുറത്തേക്ക് ആർക്കും ഉൾക്കൊള്ളാവുന്ന ഒരു ദൈവ വിശ്വാസത്തെ യുക്തിസഹമായി പറഞ്ഞു വക്കാൻ സാധിച്ചിടത്താണ് 'മാളികപ്പുറം' മനസ്സിൽ കുടിയേറുന്നത്. അത്രക്കും മനോഹരമായിട്ടുണ്ട് സിനിമയുടെ ക്ലൈമാക്സ് എന്ന് പറയാം.
'നന്ദന'വും, 'ആമേനും' പോലുള്ള സിനിമയുടെ ക്ലൈമാക്സ് സീനുകൾ ഓർമ്മയിലുള്ളപ്പോഴും 'മാളികപ്പുറ'ത്തിന്റെ ആസ്വാദനത്തിൽ അതൊരു ബാധ്യതയാകാത്ത വിധം അവസാന സീനുകളെ ഗംഭീരമായി കൈകാര്യം ചെയ്തു കാണാം സംവിധായകൻ വിഷ്ണു ശശിശങ്കർ. ഒരു വരിയിൽ പറഞ്ഞവസാനിപ്പിക്കാൻ സാധിക്കുന്ന ഒരു കഥയെ ഭക്തിയും വിശ്വാസവും വൈകാരികതയുമൊക്കെ നിറഞ്ഞു നിൽക്കുന്ന നല്ലൊരു തിരക്കഥയാക്കി മാറ്റിയ അഭിലാഷ് പിള്ളയെ പരാമർശിക്കാതിരിക്കാനാകില്ല.
ശബരിമലയും അയ്യപ്പനും ഭക്തിയും വിശ്വാസവുമൊക്കെ പ്രധാന പ്രമേയമായി വരുമ്പോഴും ഒരു കുടുംബ കഥയുടെ പശ്ചാത്തലവും സിനിമ കൈകാര്യം ചെയ്യുന്നു. അച്ഛനും മകളും തമ്മിലുള്ള സ്നേഹ ബന്ധവും, നിരാലംബമാകുന്ന കുടുംബത്തിന്റെ സാഹചര്യവുമൊക്കെ സിനിമയിൽ കണ്ണ് നിറക്കുന്ന വൈകാരിക മുഹൂർത്തങ്ങളായി മാറുന്നു.
അജയന്റെ വേഷം സൈജു കുറിപ്പ് വേണ്ട പോലെ സിനിമയിൽ അടയാളപ്പെടുത്തുമ്പോൾ കൂട്ടുകാരൻ വേഷത്തിൽ രമേശ് പിഷാരടിയും തിളങ്ങി കാണാം. മുൻപൊന്നും കണ്ടിട്ടില്ലാത്ത വിധം ഇമോഷണൽ സീനുകൾ നന്നായി കൈകാര്യം ചെയ്യുന്നു രമേശ് പിഷാരടി. സമ്പത്ത് റാമിന്റെ വില്ലൻ വേഷമടക്കം എല്ലാവരുടെയും കാസ്റ്റിങ്ങും പ്രകടനവും സിനിമയുടെ മൈലേജ് കൂട്ടി.
രഞ്ജിൻ രാജിന്റെ സംഗീതമാണ് 'മാളികപ്പുറ'ത്തിന് ദിവ്യത്വം നൽകുന്നത്. അത്ര മേൽ ഹൃദ്യമായിരുന്നു പാട്ടുകളും പശ്ചാത്തല സംഗീതവുമൊക്കെ. വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങുമൊക്കെ സിനിമയിലെ എടുത്തു പറയേണ്ട മറ്റു മികവുകളായി.
ദേവനന്ദ- ശ്രീപഥ് ജോഡി തന്നെയാണ് മാളികപ്പുറം സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നതെങ്കിലും പറഞ്ഞറിയിക്കാൻ പറ്റാത്ത സ്‌ക്രീൻ പ്രസൻസ് കൊണ്ട് 'മാളികപ്പുറ'ത്തിന് ഒരു ചൈതന്യം നൽകുന്നുണ്ട് ഉണ്ണി മുകുന്ദന്റെ കഥാപാത്ര പ്രകടനം. കുട്ടികളോടൊപ്പമുള്ള സീനുകളിൽ കുസൃതിത്തരമുള്ള സ്വാമിയായും രക്ഷകനായും ആക്ഷൻ രംഗങ്ങളിൽ ക്ലാസ്സായും മാസ്സായുമൊക്കെ ഒരേ സമയം തിളങ്ങി ഉണ്ണി മുകുന്ദൻ.

ആക്ഷൻ സീനുകളിലെ മെയ് വഴക്കവും മെയ്ക് ഓവറുമൊക്കെ ഉണ്ണി മുകുന്ദൻ അവിസ്മരണീയമാക്കി എന്ന് പറയാം. ഏറ്റവും ഇഷ്ടപ്പെട്ട സീൻ കാട്ടിനുള്ളിലെ ആ ഇരുന്നുള്ള ഉറക്കമാണ് .. ആ സീൻ
മറക്കില്ല. 
ചെറിയ വേഷമെങ്കിലും മനോജ് കെ ജയന്റെ കഥാപാത്ര സംഭാഷണങ്ങളാണ് 'മാളികപ്പുറം' സിനിമയുടെ ആത്മാവിനെ തുറന്നു കാണിക്കുന്നത്.
തത്വമസിയെക്കാൾ മനോഹരമായ മറ്റൊരു ഫിലോസഫി വേറെയുണ്ടോ എന്ന് ചിന്തിപ്പിക്കുന്ന സീൻ.
ആകെ മൊത്തം ടോട്ടൽ = മനോഹരമായ ഒരു സിനിമ. ശബരി മലയിൽ ഒരിക്കൽ പോലും പോയിട്ടില്ലാത്ത, അയ്യപ്പനെ ഇന്ന് വരെ കണ്ടിട്ടില്ലാത്ത എന്നെ പോലുള്ളവരുടെ മനസ്സിൽ പോലും ഈ സിനിമ ഒരു അനുഭൂതി സൃഷ്ടിക്കുന്നുണ്ടെങ്കിൽ അയ്യപ്പ ഭക്തിയും വിശ്വാസവുമൊക്കെ ഏറെയുള്ളവർ ഈ സിനിമയെ എങ്ങിനെയായിരിക്കും നോക്കി കാണുന്നുണ്ടാകുക എന്ന് ആലോചിച്ചു പോയി. ഈ സിനിമ കാണണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ് . പക്ഷെ ഒന്ന് പറയേണ്ടി വരുന്നു. ദയവ് ചെയ്ത് ഇത്തരം സിനിമകളെ ഏതെങ്കിലും മതത്തിന്റെയോ സമാജത്തിന്റെയോ സിനിമയാക്കി കാണിച്ചു കൊണ്ട് മാർക്കറ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. സിനിമ ഒരു മത/സമാജങ്ങളുടേയുമല്ല അത് ആത്യന്തികമായി പ്രേക്ഷകരുടെ മാത്രമാണ്. അതിൽ വിഷം കലക്കാതിരിക്കുക.

*വിധി മാർക്ക് = 8/10

-pravin-

Tuesday, January 10, 2023

ഗ്യാങ്സ് ഓഫ് തിരോന്തരം ആക്കാമായിരുന്ന പടം !!



ഗ്യാങ്‌സ്റ്റർ സിനിമകളിലെ സ്ഥിരം കഥയും കഥാപാത്രങ്ങളും കഥാഗതികളും ഏറെക്കുറെ അത് പോലെ ആവർത്തിക്കുന്ന 'കാപ്പ'യിൽ പുതുമയില്ല എന്ന പരാതി പറയുന്നില്ല. പക്ഷേ പ്രമേയത്തിലെ പുതുമയില്ലായ്മയെ മറി കടക്കുന്ന ഒരു അവതരണമികവെങ്കിലും ഉണ്ടാകണമായിരുന്നു. ഷാജി കൈലാസ്- പൃഥ്വിരാജ് ടീമിന്റെ 'കടുവ'യിലെ പോലൊരു ത്രില്ലും പഞ്ചുമൊന്നും 'കാപ്പ'യിൽ നിന്ന് കിട്ടിയില്ല.

നാളിത് വരെ കണ്ടിട്ടുള്ള ഗ്യാങ്സ്റ്റർ സിനിമകളെയൊന്നും അനുസ്മരിപ്പിക്കാത്ത ഒരു സീനോ, ഷോട്ടോ പോലും 'കാപ്പ'യിൽ ഇല്ല എന്ന് വേണമെങ്കിൽ പറയാം. കണ്ടു മറന്ന ഏതോ ഓരോ ഗ്യാങ്സ്റ്റർ സിനിമ വീണ്ടും മറ്റേതൊക്കെയോ രൂപത്തിൽ കാണുന്ന പോലെയൊരു ഫീൽ.
ചടുലമായ അവതരണവും മാസ്സ് ആക്ഷൻ സീനുകളും തീപ്പൊരി ഡയഗുകളുമൊക്കെ കൊണ്ട് ഞെട്ടിക്കാൻ കഴിവുള്ള ഷാജി കൈലാസ് ആയുധം താഴെ വച്ച് കീഴടങ്ങിയ പോലെയായിരുന്നു കാപ്പയുടെ ഒട്ടുമുക്കാൽ സീനുകളും.
ഒട്ടും ത്രില്ലടിപ്പിക്കാതെ വളരെ സ്ലോ പേസിലുള്ള ഒരു കഥ പറച്ചിൽ കാപ്പ പോലൊരു സിനിമക്ക് അനുയോജ്യമായി തോന്നിയില്ല. കാപ്പ എന്ന ടൈറ്റിലുമായി പോലും സിനിമയെ വേണ്ട വിധം ബന്ധിപ്പിക്കാൻ സാധിക്കാതെ പോയ പോലെ തോന്നി.
മാസ്സ് പരിവേഷങ്ങളൊക്കെ ഉണ്ടെങ്കിലും അതിനൊക്കെ ഒത്ത സീനുകൾ ഇല്ലാതെ പോകുന്നു. ആക്ഷൻ സീനുകൾ മിക്കതും വയലൻസിൽ മാത്രം ഒതുങ്ങി പോയി.
ആസിഫ് അലി നല്ല നടനൊക്കെ തന്നെയെങ്കിലും 'കാപ്പ'യിലെ ആനന്ദ് അനിരുദ്ധൻ അയാൾക്ക് വേണ്ടി തുന്നിയ വേഷമായി അനുഭവപ്പെട്ടില്ല. അന്ന ബെന്നിന്റെ കാര്യത്തിലും അതേ അഭിപ്രായമാണുള്ളത്.

പൃഥ്വിരാജിന്റെ സ്‌ക്രീൻ പ്രസൻസ് കൊള്ളാമായിരുന്നു . ബിഗ് ബിയിലെ മമ്മുക്കയുടെ ഡയലോഗ് ഡെലിവെറിയിലെ താളം അനുകരിക്കാൻ ശ്രമിക്കുന്ന പോലെ ചിലയിടത്ത് അനുഭവപ്പെട്ടെങ്കിലും ഇത്തരം കനമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഡയലോഗ് ഡെലിവറിയിൽ അനുഭവപ്പെട്ടിരുന്ന കൃത്രിമത്വങ്ങൾ കാപ്പയിൽ ഒരു വിധം പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട് പൃഥ്വിരാജ്.
തിരുവനന്തപുരം ഭാഷ മിതത്വത്തോടെ കൈകാര്യം ചെയ്ത സിനിമ എന്ന നിലക്ക് കാപ്പ ശ്രദ്ധേയമാണ്.
പ്രകടനങ്ങളിൽ പൃഥ്വിരാജിന്റെ കൊട്ട മധുവിനേക്കാൾ എത്രയോ മുന്നിലെത്തുന്നു ജഗദീഷിന്റെ ജബ്ബാർ ഇക്കയും ദിലീഷ് പോത്തന്റെ ലത്തീഫുമൊക്കെ.
എന്തിനും ഏതിനും മധുവിന്റെ കൂടെയുണ്ടാകുന്ന വെറുമൊരു നിഴൽ വേഷമായി ഒതുങ്ങിയില്ല ജബ്ബാർ ഇക്ക. ആ വേഷം അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ ജഗദീഷിന് സാധിച്ചു.
ഉള്ളിൽ എരിയുന്ന പക വർഷങ്ങളായി കൊണ്ട് നടക്കുന്ന പ്രതിനായക വേഷത്തെ എല്ലാ തലത്തിലും ഗംഭീരമാക്കി ദിലീഷ് പോത്തൻ. ഒരർത്ഥത്തിൽ ജഗദീഷും ദിലീഷ് പോത്തനുമൊക്കെയാണ് 'കാപ്പ'ക്ക് പ്രതീക്ഷിക്കാത്ത ഒരു ആസ്വാദനമുണ്ടാക്കി തന്നത് എന്ന് പറയാം.
ഊഹിച്ചെടുക്കാവുന്ന കഥയും ക്ലൈമാക്സുമൊക്കെ തന്നെയെങ്കിലും തീർത്തും നിരാശപ്പെടുത്താത്ത വിധം പറഞ്ഞവസാനിപ്പിച്ചതിൽ ഷാജി കൈലാസ് എന്ന സംവിധായകന് ഒരു പങ്കുണ്ട് .
ഒരു രണ്ടാം ഭാഗം വരുമെങ്കിൽ ആ സിനിമയിൽ അപർണ്ണ ബാലമുരളിയുടെ പ്രമീള തന്നെയാകും സ്‌കോർ ചെയ്യുക എന്ന് തോന്നുന്നു. ഒരു 'ഗ്യാങ്സ് ഓഫ് തിരോന്തര'മൊക്കെ ആക്കാമായിരുന്ന പടം ഇങ്ങിനെയൊക്കെയായി മാറിയതിലെ നിരാശ അപ്പോഴുമുണ്ടാകും എന്നത് വേറെ കാര്യം.

ആകെ മൊത്തം ടോട്ടൽ = പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ ഒരു പടം.

*വിധി മാർക്ക് = 6/10

-pravin-