Friday, January 25, 2019

Uri: The Surgical Strike - ഹൈ ജോഷ് ഹേ സാർ !!

ഉറി മിന്നലാക്രമണത്തിന്റെ സിനിമാവിഷ്ക്കാരം എന്നതിനേക്കാൾ രാഷ്ട്രീയപരമായ മുൻവിധികളോടെയാണ് പലരും ഈ സിനിമയെ ഉറ്റു നോക്കിയിരുന്നത് . എന്നാൽ അത്തരം മുൻവിധികൾക്കൊന്നും സിനിമയുടെ ആസ്വാദനത്തിൽ ഇടപെടാൻ സാധിക്കാത്ത വിധം ഇത് വരെ ഇറങ്ങിയ സോ കാൾഡ് പട്ടാള സിനിമകളിൽ നിന്നും അവതരണപരമായും സാങ്കേതിക പരമായും വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കുകയാണ് 'ഉറി'. മണിപ്പൂരിൽ പതിനെട്ടോളം സൈനികരെ കൊലപ്പെടുത്തിയ നാഗാ തീവ്രാദവാദികൾക്കെതിരെ ഇന്ത്യൻ സൈന്യം 2015-ൽ മ്യാന്മർ അതിർത്തി കടന്നു നടത്തിയ സർജിക്കൽ സ്ട്രൈക്ക് കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. വെറും നാൽപ്പതു മിനുറ്റുകൾ മാത്രം ദൈർഘ്യമുള്ള അന്നത്തെ ആ സർജ്ജിക്കൽ സ്‌ട്രൈക്കിന്റെ ആക്രമണ ശൈലിയും ചടുലതയും കൃത്യതയുമൊക്കെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഗംഭീരമായി തന്നെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുക വഴി സിനിമ പ്രേക്ഷകനെ ആദ്യമേ പിടിച്ചിരുത്തുന്നുണ്ട്. ബോളിവുഡ് സിനിമാ രംഗത്ത് പത്തു പന്ത്രണ്ടോളം വർഷങ്ങളായി തിരക്കഥാകൃത്തായും ഗാനരചയിതാവായും സംഭാഷണമെഴുത്തുകാരനായുമൊക്കെ നാനാ മേഖലകളിൽ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ഒരു സംവിധായകൻ എന്ന നിലക്ക് ആദിത്യ ധറിന്റെ മികച്ച തുടക്കം കൂടിയാണ് 'ഉറി' എന്ന് പറയാം. 

2015 തൊട്ട് ഇടവേളകളില്ലാത്ത വിധം അശാന്തമായി കൊണ്ടിരുന്നിരുന്ന കശ്മീർ താഴ്വരയുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടന്ന നിരവധി അക്രമ സംഭവങ്ങളാണ് ഇന്ത്യൻ സൈന്യത്തെ ഉറി മിന്നലാക്രമണത്തിലേക്ക് നയിക്കുന്നത്. സൈന്യവും കശ്മീർ ജനതയും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ അകം പൊരുൾ തേടലല്ല മറിച്ച് ഉറി മിന്നലാക്രമണം മാത്രമാണ് സിനിമ ഫോക്കസ് ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ ഇതിലേക്ക് നയിക്കുന്ന അക്രമ സംഭവങ്ങളുടെ പരമ്പരയിൽ പ്രധാനമായും ചിത്രീകരിക്കപ്പെടുന്നത് ഉറി സൈനിക താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണമാണ്. പഠാൻകോട്ട് എയർഫോഴ്സ് സ്റ്റേഷനിൽ കരസേനയുടെ യൂണിഫോമു ധരിച്ചു കൊണ്ട് ക്യാമ്പിനകത്തേക്ക് കയറിയാണ് ഭീകരവാദികൾ ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഉറി സൈനിക താവളത്തിലും അതേ രീതിയിലുള്ള ആക്രമണം നടന്നതായിട്ടാണ്  സിനിമയിലും കാണുന്നത്. ഭീകരർ സൈനിക താവളത്തിലേക്ക് വളരെ എളുപ്പത്തിൽ കയറിക്കൂടുന്ന രംഗം കാണുമ്പോൾ അന്ന് സംഭവിച്ച സുരക്ഷാ വീഴ്ചകളെ ഓർത്ത് ആശങ്കപ്പെടുന്നതിനോടൊപ്പം തന്നെ രാജ്യത്തിന് സുരക്ഷ നൽകാൻ നിയോഗിക്കപ്പെടുന്ന സൈനികർക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ എന്ത് കൊണ്ട് ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. 


മലയാളി സൈനികൻ ലഫ്. കേണൽ നിരഞ്ജനടക്കം ആറു ഇന്ത്യക്കാരുടെ മരണത്തിനു കാരണമായ പഠാൻകോട്ട് ഭീകരാക്രമണവും കേണൽ മുനീന്ദ്ര റായ് അടക്കം ഇരുപതോളം സൈനികർ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണവുമൊക്കെ വൈകാരികമായല്ലാതെ നോക്കി കാണാനാകില്ല. കേണൽ മുനീന്ദ്ര റായിയുടെ മൃതദേഹത്തിന് മുന്നിൽ നിന്ന് കരഞ്ഞു കൊണ്ട് മുദ്രാവാക്യം വിളിച്ച് സലൂട്ട് ചെയ്ത മകളുടെ വീഡിയോ കാണാത്തവരുണ്ടാകില്ല. നമ്മൾ കണ്ടു മറന്ന ആ വീഡിയോയിലെ രംഗങ്ങൾ സിനിമയിൽ അത് പോലെ തന്നെ കാണാം. ഗൂർഖാ റെജിമെന്റിന്റെ വാർ ക്രൈ ഇടനെഞ്ചിൽ വിങ്ങലുണ്ടാക്കാതെ കടന്നു പോകില്ല. അത്ര മാത്രം വികാരഭരിതമായ സീൻ. വേണ്ടപ്പെട്ടവർ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌താൽ ഏത് മനുഷ്യനും ഉണ്ടാകുമല്ലോ ഒരൽപ്പമെങ്കിലും പ്രതികാര ദാഹം. ആ സ്പിരിറ്റ് ഒരു പട്ടാളക്കാരനെ സംബന്ധിച്ചോളം മറ്റാരേക്കാളും കൂടുതലാണ് എന്ന് പറയാനും കൂടി ശ്രമിക്കുന്നുണ്ട് സിനിമ. അത് കൊണ്ട് തന്നെ അവസാന രംഗങ്ങളിലേക്ക് എത്തുമ്പോൾ war movie യെന്ന ചട്ടക്കൂട് പൊളിച്ചു കൊണ്ട് വ്യക്തിപരമായ കണക്ക് തീർക്കലുകൾക്ക് കൂടി സ്‌പേസ് ഉണ്ടാക്കി കൊടുക്കുന്നുണ്ട് സംവിധായകൻ.

പ്രതികാരവും പ്രകടനവുമൊക്കെ റിയലിസ്റ്റിക് തന്നെയെന്ന് സമ്മതിക്കുമ്പോഴും അത്തരം രംഗങ്ങൾ അത് വരേക്കും സിനിമ നിലനിർത്തി കൊണ്ട് പോയ ആർമി ടീം സ്പിരിറ്റിൽ നിന്ന് മാറി നായകനിലേക്ക് മാത്രമായി ഒതുങ്ങി കൂടുന്നുണ്ട്. സിനിമാറ്റിക് ആക്കാതെ അവതരിപ്പിക്കാനുള്ള സാധ്യതകൾ ഉണ്ടായിട്ടും ആ രംഗം നായകന് വേണ്ടി മാറ്റി നിർത്തപ്പെട്ടതിനു കാരണമാകുന്നത് നായകന്റെ അളിയന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വൈകാരികതയും പ്രതികാര ബുദ്ധിയും കൂടിയാണ്. ആർമി സ്പിരിറ്റിൽ നിന്ന് മാറി അത് വ്യക്തിപരമായ ഒരു കണക്ക് തീർക്കൽ എന്ന നിലക്ക് ഒറ്റക്ക് ചെയ്തു തീർക്കുന്നത് കാണുമ്പോൾ ആണ് പുരികം ചുളിഞ്ഞു പോകുന്നത്. അല്ലാത്ത പക്ഷം ആ സീനിനെ കുറ്റം പറയാൻ തോന്നുമായിരുന്നില്ല .പിന്നെ പ്രധാനമായും ഇത് ഒരു യുദ്ധമല്ല surgical strike മാത്രമാണ് . ടൈമിങ്ങിന് ഏറെ പ്രാധാന്യമുള്ള ഒരു ഗ്യാങ് ഓപ്പറേഷൻ. ആ നിലക്ക് കൂടി ചിന്തിക്കുമ്പോൾ അത്തരമൊരു സീനിൽ ഒരു വൺ മാൻ ഫൈറ്റ് ഷോക്ക് ആസ്വാദന സാധ്യത കൽപ്പിക്കാൻ പോലുമാകില്ല. എത്രയൊക്കെ യാഥാർഥ്യ ബോധത്തോടെ ചിത്രീകരിച്ചാലും ഇത്തരം ഓപ്പറേഷൻ സീനുകളിൽ സാധാരണക്കാരെന്ന നിലക്കുള്ള നമ്മുടെ അറിവില്ലായ്‍മ കൊണ്ടും ചില സംശയങ്ങൾ ഉന്നയിക്കപ്പെടാം . അത് കൊണ്ടൊക്കെ തന്നെ ആധികാരികമായ കണ്ടെത്തലുകളല്ല മറിച്ച് ആസ്വാദനപരമായ ഒരു വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്ന് മാത്രം. 

ചരിത്രവും സംഭവ കഥകളുമൊക്കെ സിനിമയക്കപ്പെടുമ്പോൾ ഒരു സംവിധായകൻ പ്രധാനമായും നേരിടുന്ന പ്രശ്നം അതിന്റെ അവതരണമാണ്. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളെ സിനിമയിലൂടെ എങ്ങിനെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നു എന്നതിലാണ് അയാളുടെ മിടുക്ക്. 'ഉറി' യിൽ ആദിത്യധർ തന്റെ ആ മിടുക്ക്  തെളിയിച്ചിട്ടുണ്ട്. സർജിക്കൽ സ്ട്രൈക്ക് എന്ന കേട്ട് കേൾവിയെ അല്ലെങ്കിൽ വായിച്ചറിവിനെ കാഴ്ചകളിലൂടെ നമ്മളെ അനുഭവപ്പെടുത്താൻ സംവിധായകന് സാധിച്ചു എന്നതിനൊപ്പം തന്നെ ഇനി വരാനിരിക്കുന്ന പട്ടാള സിനിമകൾക്ക് അവതരണപരമായ വെല്ലുവിളികളും ഉയർത്തുന്നുണ്ട് 'ഉറി'. മേജർ വിഹാൻ സിംഗ് തന്റെ സഹ സൈനികരെ ഊർജ്ജ സ്വലരാക്കാൻ വേണ്ടി ഇടക്ക് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഹൌ ഈസ് ദി ജോഷ് എന്ന്. അതിന്റെ മറുപടിയായി  ഹൈ സാർ എന്ന് മറ്റു സൈനികർ ഉച്ചത്തിൽ ഊർജ്ജത്തോടെ പറയുമ്പോൾ സിനിമ കാണുന്നവരുടെ ജോഷും അറിയാതെ കൂടി പോകും. അത്തരത്തിൽ പഞ്ച് ഡയലോഗുകൾ കൊണ്ട് പല സീനിലും ആവേശം വിതറുന്നുണ്ടെങ്കിലും സർജിക്കൽ സ്‌ട്രൈക്കിനിടയിൽ  ഭീകരവാദികളോട് പറയുന്ന ഒരു ഡയലോഗ് അത് പറയുന്ന ശൈലി കൊണ്ടും സൗണ്ട് മോഡുലേഷൻ കൊണ്ടും വേറെ ലെവലാക്കി മാറ്റുന്നുണ്ട് വിക്കി കൗശൽ. 

" അപ്നീ 72 ഹൂറോം കോ ഹമാരാ സലാം ബോൽനാ !! കഹ്‌നാ, ദാവത് പേ ഇൻതസാർ കരേ, ആജ് ബഹുത് സാരെ മെഹ്‌മാൻ കോ ഭേജ്നെവാലെ ഹേ.."

ആകെ മൊത്തം ടോട്ടൽ = ഈ ഇലക്ഷൻ കാലത്ത് റിലീസ് ചെയ്യിപ്പിച്ചു എന്നതൊഴിച്ചാൽ സംശയിക്കപ്പെടേണ്ട രാഷ്ട്രീയ കുബുദ്ധികളൊന്നും സിനിമയിൽ ഇല്ല. മോദിയും പരീക്കറും അജിത് ഡോവലും ദൽബീർ സിംഗ് സുഹാഗുമൊക്കെ സിനിമയിൽ വന്നു പോകുന്നുവെങ്കിലും Uri-the surgical strike അവരുടെ സിനിമയാക്കി മാറ്റാതെ ഇന്ത്യൻ ആർമിയുടെ ടീം സ്പിരിറ്റിന്റെതാക്കി മാറ്റുന്നിടത്താണ് സംവിധായകൻ വിജയിക്കുന്നത്. ഒരു പട്ടാളക്കാരന്റെ നിഴല് കണക്കെ നമ്മളെ കൂടെ കൂട്ടുന്ന കാമറ ഈ സിനിമയുടെ ഒരു വലിയ പ്ലസാണ്. അത് പോലെ തന്നെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ആക്ഷനുമൊക്കെ കൂടെയായി സാങ്കേതികമായുള്ള അവതരണത്തിലും സിനിമ ഏറെ മുന്നിട്ടു നിക്കുന്നു. മേജർ വിഹാൻ സിംഗ് ഷെർഗിലായി വിക്കി കൗശൽ നിറഞ്ഞാടിയ സിനിമ കൂടിയാണ് ഉറി. പരേഷ് റാവലും, യാമി ഗൗതമും, കീർത്തി കുലാരിയും ആരും തന്നെ അവരവരുടെ റോളുകൾ മോശമാക്കിയില്ല. ഒടുക്കം വരെ ഇന്ത്യൻ ആർമിയുടെ സിനിമയായി അവതരിപ്പിച്ചു കൊണ്ട് പോയിട്ട് അവസാന സീനുകൾ നായകൻറെ പ്രതികാര കഥയെന്നോണം പറഞ്ഞവസാനിപ്പിക്കാൻ ശ്രമിച്ചതു മാത്രം മികവുകൾക്കിടയിലെ കല്ല് കടിയായി മാറി. എന്നിരുന്നാലും its a decent and well made army operation movie. Tribute to the Indian Army. 

*വിധി മാർക്ക് -7.5 /10 
-pravin- 

Thursday, January 10, 2019

ആരെയും കുപ്രസിദ്ധരാക്കുന്ന നെറികെട്ട പോലീസ് സംവിധാനങ്ങൾ

രാജീവ് അഞ്ചലിന്റെ 'കാശ്മീര'ത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ഒരു നടനിൽ നിന്നും സംവിധായകനിലേക്കുള്ള വലിയൊരു വളർച്ചയുടെ കഥ തന്നെ പറയാനുണ്ട് മധുപാലിനെ കുറിച്ച്. യേശു ക്രിസ്തുവിനെ ഓർമ്മിപ്പിക്കും വിധമുള്ള താടിയും മുടിയും ശരീര പ്രകൃതിയുമുണ്ടായിരുന്ന ഒരാൾ വില്ലൻ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ പ്രേക്ഷക പരിചിതനായത് . ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഇക്കഴിഞ്ഞ വലിയ കാലയളവിൽ സാന്നിധ്യം അറിയിച്ച നടൻ എന്നതിനേക്കാൾ നല്ലൊരു സിനിമാ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ മധുപാലിനെ സഹായിച്ചത് ആദ്യ സംവിധാന സംരംഭമായ 'തലപ്പാവ്' തന്നെയാണ്. നക്സൽ വർഗ്ഗീസിന്റെ ജീവിതവും അദ്ദേഹത്തിന്റെ കൊലപാതകവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു കാലത്ത് തന്നെ അതിനൊരു സിനിമാവിഷ്ക്കാരം സമ്മാനിക്കാൻ മധുപാലിന്‌ സാധിച്ചു. ആദ്യ സിനിമയിൽ നിന്നും വ്യത്യസ്തമായി കേരളം പിന്നിട്ട മുപ്പത് നാൽപ്പത് വർഷ കാലയളവുകളിൽ നിലനിന്നിരുന്ന പിന്തുടർച്ചാവകാശങ്ങളുടെ പശ്ചാത്തലത്തിലാണ് 'ഒഴിമുറി' ഒരുക്കിയത്. സ്ത്രീ സ്വാതന്ത്ര്യവും ജാതിയും ആചാരങ്ങളുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് വീണ്ടും ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമ എന്ന നിലക്ക് ഇപ്പോഴും ശ്രദ്ധേയമാണ് 'ഒഴിമുറി'.  ഒരു സംവിധായകൻ എന്നാൽ സിനിമ നന്നായി സംവിധാനം ചെയ്യാൻ ഉത്തരവാദിത്തപ്പെട്ടവൻ മാത്രമല്ല സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെ തിരഞ്ഞെടുത്ത് സിനിമയാക്കാനുള്ള മനസ്സും കൂടിയുള്ളവനാകണം എന്ന് ബോധ്യപ്പെടുത്തി തരുന്നതാണ് 'തലപ്പാവ്' തൊട്ട് 'ഒരു കുപ്രസിദ്ധ പയ്യൻ' വരെയുള്ള മധുപാലിന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ. 

ആരെയും കുപ്രസിദ്ധരാക്കാൻ പോന്ന പോലീസിന്റെ നെറി കെട്ട നിയമ സംവിധാനങ്ങളെ പൂർണ്ണമായും പ്രതിക്കൂട്ടിൽ നിർത്തുന്ന സിനിമയാണ് 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന് ഒറ്റ വാക്കിൽ പറയാം. 2012 കാലത്ത് കോഴിക്കോട് നടന്ന സുന്ദരി അമ്മ കൊലപാതക കേസിനെ ചെമ്പമ്മാൾ കൊലപാതക കേസായി പുനരവതരിപ്പിച്ചു കൊണ്ടാണ് സിനിമ അതിന്റെ ദൗത്യം ഏറ്റെടുക്കുന്നത്. കൊലപാതകം നടന്ന് ഒരു വർഷം കഴിഞ്ഞാണ് എല്ലാവർക്കും സുപരിചിതനായ ജയേഷിനെ ജബ്ബാറെന്ന പേരിൽ അറസ്റ്റ് ചെയ്യുന്നത്. ജബ്ബാർ എന്ന പുതിയ പേരിടൽ ചടങ്ങിനു പിന്നിൽ പോലും ഒരു നീച ഉദ്ദേശ്യം ക്രൈം ബ്രാഞ്ചിനുണ്ടായിരുന്നു. സിനിമയിൽ അത് കാണിക്കുന്ന ഒരു രംഗം തന്നെയുണ്ട്. യഥാർത്ഥ ജീവിതത്തിലെ ജയേഷ് ജബ്ബാറായപ്പോൾ സിനിമയിൽ അജയൻ അജ്മലായി മാറി. കാശ്മീരില്ലാത്ത ഇന്ത്യയുടെ മാപ് കടയിൽ തൂക്കിയതിന്റെ പേരിൽ ഏതോ കാലത്തുണ്ടായ കോലാഹലങ്ങളെ പരാമർശിച്ചു കൊണ്ട് അജയൻ ജോലിക്ക് നിന്നിരുന്ന കടയുടമയെ കള്ള സാക്ഷി മൊഴി നൽകാൻ പ്രേരിപ്പിക്കുന്ന സീൻ പോലീസ് കുബുദ്ധികളുടെ നേർ പതിപ്പാണ്. പൊതു സമൂഹത്തിന്റെ മനശാസ്ത്രങ്ങളെ പഠിച്ചെടുക്കുക വഴി ആരോപണങ്ങൾ കൊണ്ടും വ്യാജ തെളിവുകൾ കൊണ്ടും സാക്ഷി മൊഴികൾ കൊണ്ടുമൊക്കെ ഒരു നിരപരാധിയെ പഴുതടച്ച കുറ്റ പത്രം കൊണ്ട് കുരുക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഏതാണ്ട് ഒരു വർഷത്തിലധികം കാലം ജയിലിൽ കിടക്കേണ്ടി വന്ന ജയേഷിനെ കോടതിയുടെ ഇടപെടലുകളിൽ കൂടിയാണ് കുറ്റവിമുക്തനാക്കുന്നത്. വ്യാജ തെളിവുകൾ ഉണ്ടാക്കി ജയേഷിനെ പ്രതിയാക്കിയ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച കോടതി അവർക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. ഈ കേസും അന്വേഷണവും ജയിൽ വാസവും ജയേഷ് എന്ന അനാഥന്റെ ജീവിതത്തെ ഏതൊക്കെ വിധത്തിൽ ബാധിച്ചു എന്ന് ഊഹിക്കാവുന്നതാണ്. അത്രയും കാലം താൻ സ്വീകാര്യനായിരുന്ന ഒരിടത്തിൽ നിന്ന് ഒരു സുപ്രഭാതത്തിൽ ആട്ടിയോടിക്കപ്പെട്ടവന്റെ പരിഭവങ്ങളെല്ലാം മറച്ചു കൊണ്ട് ഇന്നും പോലീസിനെ ഭയപ്പെട്ട് കോഴിക്കോട് തെരുവിൽ എവിടെയൊക്കെയോ ജീവിക്കുന്നുണ്ട് ജയേഷ്. 

സുന്ദരിയമ്മ കൊലപാതക കേസും അതുമായി ബന്ധപ്പെട്ട് ജയേഷിന്റെ ജീവിതത്തിലുണ്ടായ പോലീസിന്റെ ക്രൂരമായ കടന്നു  കയറ്റവും പീഡനങ്ങളുമൊക്കെ അതേ പടി പുനരവതരിപ്പിക്കുന്നതോടൊപ്പം സിനിമാപരമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളുമൊക്കെ നടത്തിക്കാണാം 'ഒരു കുപ്രസിദ്ധ പയ്യനിൽ'. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു മാത്രം കേട്ട് ശീലിച്ച ദുരഭിമാനക്കൊലപാതകങ്ങൾ സമീപ കാലത്തായി കേരളത്തിലും സംഭവിക്കുകയുണ്ടായല്ലോ. അതിന്റെ ഓർമ്മപ്പെടുത്തലെന്നോണം ദുരഭിമാനക്കൊലയുടെ ഒരു ഭീകര നിഴൽ രൂപത്തെ ചെമ്പമ്മാളുടെ ജീവിതവുമായി ബന്ധപ്പെട്ടു കൊണ്ട് കാണാതെ കാണാൻ സാധിക്കും സിനിമയിൽ. ഒരു ക്രൈം ത്രില്ലർ / കോർട്ട് റൂം സിനിമയുടെ കഥാഘടന ഉള്ളപ്പോഴും സമാന ജേർണറിലുള്ള സിനിമകളിലെ പോലെ യഥാർത്ഥ കുറ്റവാളി ആരെന്നുള്ള പോലീസ് അന്വേഷണത്തിന് പിന്നാലെയല്ല 'ഒരു കുപ്രസിദ്ധ പയ്യന്റെ' സഞ്ചാരം എന്നത് ഒരു വ്യത്യസ്തതയാണ്. കുറ്റം ചെയ്തത് ആരാണെന്ന് കണ്ടു പിടിക്കാനുള്ള പോലീസ് അന്വേഷണങ്ങളല്ല മറിച്ച് പ്രതിയാക്കപ്പെട്ടവന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടിയുള്ള ഒരു വക്കീലിന്റെ അന്വേഷണവും വാദമുഖങ്ങളുമാണ് സിനിമയെ ത്രില്ലിങ്ങാക്കുന്നത്. പോലീസ് എഴുതിയുണ്ടാക്കിയ കുറ്റപത്രം അതേ പടി വായിച്ചു വിശ്വസിക്കാതെ കേസിന് ആസ്പദമായ സംഭവത്തെ കുറിച്ച് സ്വതന്ത്രമായി അന്വേഷിച്ചു തന്റേതായ രീതിയിൽ തയ്യാറാക്കിയ മറ്റൊരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണം ഒരു വക്കീൽ കോടതിയിൽ തന്റെ വാദമുഖങ്ങളെ അവതരിപ്പിക്കേണ്ടത് എന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്  സിനിമ .  

കഴിഞ്ഞ രണ്ടു മൂന്നു വർഷത്തെ പത്രങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ പത്തും ഇരുപതും വർഷങ്ങളായി ജയിലിൽ കിടന്നിരുന്ന പലരേയും പരമോന്നത നീതി ന്യായ കോടതി കുറ്റക്കാരല്ലെന്നു കണ്ടെത്തി ജയിൽ മോചിതരാക്കിയ വാർത്തകൾ വായിക്കാൻ സാധിക്കും. ഇതിൽ മിക്കവരും കെട്ടിച്ചമച്ച പോലീസ് കേസുകളുടെ ഇരകൾ മാത്രമാണ്. മനോവീര്യം തകർന്നാലും സാരമില്ല പോലീസ് ഭാഷ്യങ്ങളെ ക്രോസ് വിസ്താരം ചെയ്യുക തന്നെ വേണമെന്ന് അടി വരയിടുന്നതോടൊപ്പം തെറ്റായ പോലീസ് അന്വേഷണങ്ങളും സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളെ എങ്ങിനെയൊക്കെ പ്രതികൂലമായി ബാധിക്കുന്നു എന്നത് കൂടി വ്യക്തമാക്കി തരുന്നുണ്ട് സിനിമ. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യൻ ജുഡീഷ്യറിയുടെ ആപ്തവാക്യത്തെ ആരെക്കാളും കൂടുതൽ ഓർക്കേണ്ടത് പോലീസാണ്. പലപ്പോഴും കോടതികളിൽ നീതി പുലരാതെ പോകുന്നത് നീതിന്യായ വ്യവസ്ഥകളുടെ പ്രശ്നം കൊണ്ടല്ല മറിച്ച് കോടതികളിൽ എത്തപ്പെടുന്ന കേസുകളിൽ പോലീസിന്റെ ഭാഗത്തു നിന്ന് അന്വേഷണ കാലയളവിൽ ഉണ്ടായ വീഴ്ചകളും തിരുമറികളും കൊണ്ടാണ്. അപ്രകാരം മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലും രാഷ്ട്രീയ സമ്മർദ്ദങ്ങളിലും പോലീസ് രചിച്ചുണ്ടാകുന്ന കുറ്റപത്രങ്ങളിൽ കുരുങ്ങി പോകുന്ന നിരപാധികൾക്കുള്ള സമർപ്പണം കൂടിയാണ് ഈ സിനിമ. 

ആകെ മൊത്തം ടോട്ടൽ = വെറുമൊരു സിനിമാക്കഥ എന്ന ലാഘവത്തോടെ കാണാൻ സാധിക്കാത്ത ഒരു സിനിമ. കുറ്റമറ്റ സിനിമയല്ലെങ്കിൽ കൂടി ഒരു യഥാർത്ഥ സംഭവ കഥ എന്ന നിലക്കും പ്രമേയപരമായ പ്രസക്തി കൊണ്ടുമൊക്കെ ഇക്കാലത്ത് കാണേണ്ട സിനിമയാണ് 'ഒരു കുപ്രസിദ്ധ പയ്യൻ'. അജയനായി ടൊവിനോ തോമസ് ആദ്യ പകുതി വരെ നിറഞ്ഞു നിന്ന സിനിമയെ ഇടവേളക്ക് ശേഷം നിമിഷാ സജയന്റെ ഹന്ന എലിസബത്ത് എന്ന വക്കീൽ കഥാപാത്രം ഹൈജാക്ക് ചെയ്യുകയാണ്. നിമിഷയുടെ കരിയറിലെ മികച്ച കഥാപാത്രമെന്നതിനപ്പുറം ഈ സിനിമയുടെ നട്ടെല്ല് കൂടിയായിരുന്നു നിമിഷയുടെ ഹന്ന. സാധാരണക്കാരനും നിഷ്ക്കളങ്കനുമായ അജയനെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ടൊവിനോയും. തിരക്കഥയിലെ പോരായ്മാകൾ ചില രംഗങ്ങളെ വിരസമാക്കുന്നുണ്ടെങ്കിലും ഒരു നവാഗത തിരക്കഥാകൃത്ത് എന്ന നിലക്ക് ജീവൻ ജോബ് തോമസ് അഭിനന്ദനമർഹിക്കുന്നു. 

*വിധി മാർക്ക് = 7/10 
-pravin-