Tuesday, May 28, 2019

കാലഘട്ടത്തിന്റെയും നിലപാടുകളുടെയും 'ഇഷ്‌ക്ക്'

2015 ൽ നവദീപ് സിംഗിന്റെ സംവിധാനത്തിൽ വന്ന ബോളിവുഡ് സിനിമ 'NH 10', 2016 ൽ സമീർ താഹിറിന്റെ സംവിധാനത്തിൽ വന്ന മോളിവുഡ് സിനിമ 'കലി' എന്നിവയുടെ കൂട്ടത്തിലേക്ക് നിർത്താവുന്ന ഒരു സിനിമയാണ് അനുരാജ് മനോഹറിന്റെ 'ഇഷ്‌ക്' എന്ന് വേണമെങ്കിൽ പറയാം. പരിചിതമല്ലാത്ത ഒരു ചുറ്റുപാടിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഒരാണിനും പെണ്ണിനും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന വെല്ലുവിളികളും അപകടങ്ങളുമൊക്കെ കാണിച്ചു തരുന്നതാണ് ഈ മൂന്നു സിനിമകളും. എങ്കിൽ പോലും അക്കൂട്ടത്തിൽ ഇഷ്‌ക്ക് വേറിട്ട് നിക്കുന്നത് ചർച്ച ചെയ്യപ്പെടുന്ന വിഷയം കൊണ്ടാണ്. ഇന്നത്തെ സാമൂഹികാവസ്ഥകളിലൂടെ പ്രേമവും കാമവും സദാചാര പോലീസിങ്ങുമൊക്കെ ഭീകരമായി തന്നെ വരച്ചിടുകയാണ് സംവിധായകനും കൂട്ടരും. 

ഷൈൻ നിഗത്തിന്റെ മറ്റൊരു തകർപ്പൻ കഥാപാത്രം..കിടുക്കൻ പ്രകടനം.. ആൽവിന്റെ വീട്ടിൽ നിന്ന് ചെക്കൻ ചിരിച്ചോണ്ട് ഇറങ്ങി വരുന്ന ആ സീനും ബിജിഎമ്മും. എന്റെ പൊന്നോ വേറെ ലെവൽ !! ഇഷ്‌ക്- ഒരു പ്രേമ കഥയല്ല എന്ന ടാഗ് ലൈൻ പോലെ സച്ചി ഹീറോയും അല്ല ഒരു മണ്ണാങ്കട്ടിയുമല്ല എന്ന് കാണിച്ചു തരാൻ അങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്തതിൽ ഒരു വ്യത്യസ്തയുണ്ട്. ഷൈനിന്റെ സിനിമാ തിരഞ്ഞെടുപ്പുകളിലേക്ക് മറ്റൊരു പൊൻതൂവൽ കൂടിയാകുന്നു ഇഷ്‌ക്. ജാഫർ ഇടുക്കി, ഷൈൻ ടോം ചാക്കോ ടീമിനെ നേരിട്ട് കണ്ടാൽ പോലും ഒന്ന് പൊട്ടിച്ചു പോകും വിധമുള്ള നെഗറ്റിവ് വേഷങ്ങൾ. ആൻ ശീതളിന്റെ വസുധയും ശ്രദ്ധേയമായ  സ്ത്രീ കഥാപാത്രമാണ്. 

ഷമ്മിമാരെയും ഗോവിന്ദുമാരെയും കണ്ടു തീർന്നില്ല അപ്പോഴേക്കും ഇതാ സച്ചിമാരും ആൽവിൻമാരും.. ഈ സമൂഹം ഇത്ര മേൽ ആൺ വിചാര വൈകല്യങ്ങൾ പേറുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തി തരുക കൂടിയാണ് ഇഷ്‌ക്. ബേബിമോളെ എടീ പോടീ വിളിക്കരുതെന്നും പറഞ്ഞു ഷമ്മിയെ ചൂളിച്ചു നിർത്തിയ സിമിക്കൊപ്പം, എനിക്ക് ഞാനാകണം എന്ന് ഗോവിന്ദിനോട് പറഞ്ഞ പല്ലവിക്കൊപ്പം തന്നെ നിർത്തേണ്ടതാണ് വസുധയെയും.

ആൽവിന്റെ ചൊറിച്ചിലിനു മറുപടി സച്ചിൻ നൽകുമ്പോൾ സച്ചിന്റെ ഊള മനസ്സിന് നിലപാട് കൊണ്ട് പ്രഹരമേൽപ്പിക്കുന്നു വസുധ. ആ നിലപാടിലെ ഗാംഭീര്യം തന്നെയാണീ സിനിമയുടെ ക്ലൈമാക്സിനെ മികച്ചതാക്കി മാറ്റുന്നത്. മറ്റൊരു തലത്തിൽ പറഞ്ഞാൽ പല കോണുകളിൽ കൂടി പല സാമൂഹിക പ്രശ്നങ്ങളെ കാണിച്ചു തരുകയും അതിനോടുള്ള നിലപാട് അറിയിക്കലുമണീ സിനിമ. 

ആകെ മൊത്തം ടോട്ടൽ = നിലപാടുകളുടെ സിനിമ എന്ന് തന്നെ പറയാം. നമ്മുടെ സമൂഹം കാണേണ്ട സിനിമ. പുതുമുഖ സംവിധായകന്റെയോ എഴുത്തുകാരന്റെയോ പോരായ്മാകളൊന്നും അനുഭവപ്പെടുത്താതെ പറയാനുള്ള കാര്യം ഗംഭീരമായി തന്നെ പറഞ്ഞവസാനിപ്പിക്കാൻ അനുരാജ് മനോഹറിനും രതീഷ് രവിക്കും സാധിച്ചിരിക്കുന്നു. 

വിധി മാർക്ക് = 7.5/10 

-pravin- 

Wednesday, May 15, 2019

ഉയരെ - നിലപാടുകളുടെ ചിറകിൽ പറന്നുയരുന്ന സിനിമ

നവ തലമുറ സിനിമാ നിർമ്മാണങ്ങൾക്ക് തുടക്കം കുറിച്ച രാജേഷ് പിള്ളയുടെ ഓർമ്മകളിലാണ് 'ഉയരെ' ആരംഭിക്കുന്നത്. പിള്ളേച്ചന്റെ ശിഷ്യൻ മനു അശോകൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ. രാജേഷ് പിള്ളയുടെ പൊടുന്നനെയുള്ള വിയോഗത്തിന് ശേഷമായിരുന്നു രാജേഷ് പിള്ള ഫിലിംസിന്റെ ബാനറിൽ എഡിറ്റർ മഹേഷ് നാരായൺ ആദ്യമായി സംവിധാനം ചെയ്ത 'ടേക് ഓഫ്' വരുന്നത്. ഈ രണ്ടു സിനിമകളിലും രാജേഷ് പിള്ളയുടെ അദൃശ്യ സാന്നിധ്യവും പിന്തുണയും ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നതാണ് ശരി. അവതരണ മികവായിരുന്നു ടേക് ഓഫിന്റെ പ്രധാന മികവെങ്കിൽ 'ഉയരെ' ശ്രദ്ധേയമാകുന്നത് പ്രമേയം കൊണ്ടും നിലപാടുകൾ കൊണ്ടുമാണ്. ഈ രണ്ടു സിനിമയിലും പൊതുവായുള്ള മികവാണ് പാർവതിയുടെ കേന്ദ്ര കഥാപാത്രങ്ങളായുള്ള പ്രകടനങ്ങൾ. ടേക് ഓഫിലെ സമീറയെന്ന ശ്കതമായ കഥാപാത്രത്തിന് ശേഷം പാർവതിക്ക് കിട്ടിയ മറ്റൊരു മികച്ച കഥാപാത്രമാണ് 'ഉയരെ'യിലെ പല്ലവി. 

"എനിക്ക് ഞാനായി ജീവിക്കണം..നിനക്ക് വേണ്ട ഞാനല്ല എനിക്ക് വേണ്ട ഞാൻ".. സിനിമയിൽ പല്ലവി ഗോവിന്ദിനോട് പറയുന്ന ആ ഒറ്റ ഡയലോഗിൽ ഉണ്ട് 'ഉയരെ'യുടെ ആത്മാവ്. നിലപാടുകളുടെ സിനിമയാണ് ഉയരെ. നിലപാടുകൾ കൊണ്ടും ബോധ്യങ്ങൾ കൊണ്ടും ഉയരേക്ക് പറക്കുന്ന സിനിമ. കണ്ടു ശീലിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു കഥാപാത്രത്തിന്റെ വ്യക്തിത്വവും സൗന്ദര്യവുമൊക്കെ എന്താണെന്ന് ഭംഗിയായി വരച്ചു കാണിക്കാൻ സിനിമക്ക് സാധിക്കുന്നു. സൗഹൃദവും പ്രണയവുമൊക്കെ എങ്ങിനെയാകണം എന്താകരുത് എന്ന് കാണിച്ചു തരുന്നു പല സീനുകളും. ഒരു പക്ഷേ ഈ സിനിമ കാണുന്ന പലർക്കും സ്വന്തം ജീവിതത്തിൽ ചില തിരുത്തലുകളെങ്കിലും നടത്താൻ സാധിച്ചാൽ ബോക്സ് ഓഫിസ് ഹിറ്റിനുമപ്പുറം അതാണീ സിനിമയുടെ വിജയം എന്ന് പറയാം. 

നെഗറ്റിവ് പരിവേഷമുള്ള അല്ലെങ്കിൽ മുരടൻ സ്വഭാവമുള്ള കഥാപാത്രങ്ങൾ ആസിഫ് അലി മുന്നേയും ചെയ്തിട്ടുണ്ടെങ്കിലും 'ഉയരെ'യിലെ ഗോവിന്ദ് ആസിഫിന്റെ കരിയറിൽ വ്യത്യസ്തതമായ ഒന്നാണ്. ടോവിനോയുടെ കഥാപാത്രവും സ്‌ക്രീൻ പ്രസൻസും സിനിമക്ക് നൽകുന്ന ഉണർവ് ചെറുതല്ല. പല്ലവിയുടെ കൂട്ടുകാരി കഥാപാത്രത്തെ അനാർക്കലി മരിക്കാറും മനോഹരമാക്കിയിട്ടുണ്ട്. സിദ്ധീഖ്, പ്രേം പ്രകാശ് അവരവരുടെ സ്‌പേസിൽ ഒതുങ്ങിയ പ്രകടനം കൊണ്ട് തൃപ്‍തിപ്പെടുത്തുന്നുണ്ട്. ഇപ്പറഞ്ഞവരുടെ കൂട്ടത്തിൽ പാർവ്വതി തന്നെയാണ് പ്രകടനത്തിൽ അവർക്കെല്ലാം ഉയരെ നിൽക്കുന്നത്. പ്രമേയപരമായി ഒരുപാട് പ്രസക്തിയുള്ള ഒരു സിനിമയായിട്ടു പോലും അത് പാർവ്വതിയുടെ പല്ലവിയിൽ നിറഞ്ഞൊഴുകിയത് അത് കൊണ്ടാണ്. 

പ്രണയം നിഷേധിക്കപ്പെടുമ്പോൾ പ്രതികാര ദാഹം തീർക്കാൻ പെണ്ണിനെ പച്ചക്ക് തീയിടാൻ നടക്കുന്ന നമ്മുടെ നാട്ടിൽ ഇത്തരം സിനിമകൾക്ക് പ്രസക്തി ഏറെയാണ്. ആസിഡ് ആക്രമണമാണ് 'ഉയരെ' യിലെ പ്രതിപാദ്യ വിഷയമെങ്കിലും, സിനിമ കൈക്കൊള്ളുന്ന നിലപാട് ആസിഡ് ആക്രമണത്തിന് എതിരെ മാത്രമാണ് എന്ന് ചുരുക്കി വായിക്കാനാകില്ല. നിബന്ധനകളോടെയല്ല പ്രണയം തിരഞ്ഞെടുക്കേണ്ടതും പ്രണയിക്കേണ്ടതും. പ്രണയം നിഷേധിക്കപ്പെടുന്നത് എന്തിന്റെ കാരണത്താലായാൽ പോലും ഒരു പെണ്ണിനോട് ചെയ്യരുതാത്ത കുറെ അരുതേകളുണ്ട്. അതെല്ലാം അക്ഷരം പ്രതി മാനിക്കേണ്ട കാര്യങ്ങളാണ്. ഒരു പെണ്ണ് തേച്ചു പോയെന്നും പറഞ്ഞു അവളുടെ കൂടെ ചിലവഴിച്ച സ്വകാര്യ നിമിഷങ്ങൾ ഫോട്ടോയായും വീഡിയോയായും സമൂഹത്തിൽ പ്രചരിപ്പിക്കുന്ന കാമുകന്മാരും ആസിഡ് ആക്രമണം നടത്തുന്ന ഗോവിന്ദുമാരിൽ പെടുന്ന സൈബർ ക്രിമിനലുകളാണ് എന്ന് തിരിച്ചറിയണം. 

ആകെ മൊത്തം ടോട്ടൽ = പ്രമേയം കൊണ്ടും കഥാപാത്ര നിലപാടുകൾ കൊണ്ടും മികച്ചു നിൽക്കുന്ന സിനിമ. സഞ്ജയ് ബോബി മാരുടെ നട്ടെല്ലുള്ള തിരക്കഥ തന്നെയാണ് സിനിമയുടെ ശക്തി. ഉയരെ ഒരു സിനിമാനുഭവം മാത്രമായി പറയാനാകില്ല. കാഴ്ചക്കാരോടുള്ള ചില ആഹ്വാനങ്ങളുടേതു കൂടിയാണ്. നമ്മുടെ പ്രണയ സൗന്ദര്യ സങ്കൽപ്പങ്ങളും സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകളുമൊക്കെ മാറേണ്ടതുണ്ട്. ടോവിനോയുടെ വിശാൽ പറയുന്ന പോലെ 2019 ഒക്കെ ആയില്ലേ..മാറണം. 

*വിധി മാർക്ക് - 7.5/10 
-pravin-