Monday, November 17, 2014

വെള്ളിമൂങ്ങ ആളൊരു മുതലാണ്‌ ട്ടോ !


ഇൻ ഹരി നഗർ സിനിമയിലെ ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത്. ഗോവിന്ദൻ കുട്ടി സാറിന്റെ ടൈം, നല്ല ബെസ്റ്റ് ടൈം. അതൊന്നു മാറ്റി ബിജു മേനോന്റെ ടൈം നല്ല ബെസ്റ്റ് ടൈം എന്ന് പറയാനാണ് ഇപ്പോൾ തോന്നുന്നത്. എത്രയോ കാലങ്ങളായി നായക കഥാപാത്രങ്ങളുടെ കൈയ്യാളായും കൂട്ടുകരനായും ഒരു സഹനടൻ പരിവേഷത്തിൽ മാത്രം ഒതുങ്ങി നടക്കുമ്പോഴും ബിജു മേനോൻ എന്ന നടന്റെ കഴിവിൽ ആർക്കും സംശയമില്ലായിരുന്നു . ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്. എന്നാലും   നായകനായി നിന്നു കൊണ്ട് ഒരു സിനിമയെ വിജയിപ്പിച്ചെടുക്കാനുള്ള ഭാഗ്യ രാശി ബിജുമേനോൻ എന്ന നടനില്ല എന്ന മുൻ വിധി പല സിനിമാ സംവിധായകർക്കും ഉണ്ടായിരുന്നോ എന്ന് സംശയിക്കാം. മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ, ശിവം തുടങ്ങീ കുറച്ചു സിനിമകളിലൊക്കെ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ബിജു മേനോൻ ഇടക്കാലത്ത് മലയാള സിനിമയിൽ സജീവമായെങ്കിലും വീണ്ടും സഹനടന്റെ വേഷത്തിലേക്ക് ഒതുങ്ങിക്കൂടാനാണ് ബിജു മേനോൻ തീരുമാനിച്ചത്. സുഗീതിന്റെ ഓർഡിനറി സിനിമക്ക് ശേഷമാണ് ബിജുമേനോൻ വീണ്ടും തരംഗമാകുന്നത്. അത് വരെ പയറ്റി തെളിയാതിരുന്ന കോമഡി കൂടി തനിക്ക് വഴങ്ങും എന്ന് തെളിയിച്ചതോട് കൂടെയാണ് സത്യത്തിൽ ബിജുമേനോന്റെ ഭാഗ്യ രാശി തുടങ്ങുന്നത്. ആ രാശി ഇപ്പോൾ ബിജു മേനോന്  വെള്ളിമൂങ്ങയുടെ വിജയവും സമ്മാനിച്ചിരിക്കുന്നു. 

ഒരു കാലത്ത് നമ്മൾ കണ്ടിരുന്ന രാഷ്ട്രീയ സിനിമകളിൽ നിറഞ്ഞു നിന്നിരുന്നത് ടി ദാമോദരനെ  പോലുള്ള എഴുത്തുകാരുടെ ശക്തമായ രാഷ്ട്രീയ കഥാപാത്രങ്ങളും സംഭാഷണങ്ങളുമായിരുന്നെങ്കിൽ പിന്നീട് ഒരു കാലത്ത് അത് രണ്‍ജി പണിക്കരെ പോലുള്ള എഴുത്തുകാരുടെ തീപ്പൊരി ഡയലോഗുകളും സംഘട്ടനങ്ങളും നിറഞ്ഞതായി മാറി. രാഷ്ട്രീയ സിനിമകളെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കാൻ അക്കാലത്ത് അധികമാരും മെനക്കെട്ടില്ല എന്നതാണ് സത്യം. ഇതിനൊരു അപവാദമായി പറയാവുന്ന അക്കാലത്തെ ഏക സിനിമ കെ. ജി ജോർജ്ജിന്റെ പഞ്ചവടിപ്പാലമായിരുന്നു. വിചിത്രമായ പേരുകൾ കൊണ്ടും അവതരണ രീതി കൊണ്ടും വ്യത്യസ്തമായ  ആ സിനിമക്ക്  പ്രേക്ഷകർ വേണ്ട സ്വീകരണം കൊടുത്തില്ല എന്നത് കൊണ്ടാകാം ആക്ഷേപ ഹാസ്യം എന്ന നിലയിൽ കുറേ കാലത്തേക്ക് ആരും സിനിമയിൽ രാഷ്ട്രീയത്തെ പ്രമേയവത്ക്കരിക്കാൻ ശ്രമിച്ചില്ല. പിന്നീട് തൊണ്ണൂറ്റിയൊന്നു കാലത്ത്  വന്ന സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ടീമിന്റെ  'സന്ദേശ'മാണ്  അതിലൊരു പരിപൂർണ്ണ വിജയം നേടിയത്. മലയാളത്തിലെ എക്കാലത്തെയും ഒത്ത ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ എന്ന ബഹുമതി ഇന്നും 'സന്ദേശം' നിലനിർത്തുന്നു. പിന്നീടങ്ങോട്ടുള്ള വന്ന പല സിനിമകളിലും രാഷ്ട്രീയത്തെ പല തരത്തിൽ പ്രമേയവത്ക്കരിച്ചു കണ്ടിട്ടുണ്ടെങ്കിലും പൂർണ്ണമായും  രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമകൾ എന്ന് വിളിക്കാവുന്ന സിനിമകൾ വേറെയുണ്ടോ  എന്ന് സംശയമായിരുന്നു. വെള്ളിമൂങ്ങ ആ സംശയം ഒരു പരിധി വരെ നികത്തി എന്ന് പറയാം.

സമകാലീന രാഷ്ട്രീയത്തിലെ ഗൌരവകരമായ വിഷയങ്ങൾ ചർച്ച ചെയ്യാനൊന്നും വെള്ളിമൂങ്ങ മെനക്കെടുന്നില്ലെങ്കിലും  ഹാസ്യാത്മകായ രാഷ്ട്രീയ വിമർശങ്ങൾ കൊണ്ട് പ്രേക്ഷകനെ ചിരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള കഥ പറച്ചിലിന്  പകരം നായകനും, നായകൻറെ ചുറ്റുപാടുകളും, അതിനോടൊക്കെയുള്ള നായകന്റെ നിലപാടുകളുമാണ് സിനിമയിൽ  കഥാപരിസരം സൃഷ്ടിക്കുന്നത്. കോമഡിക്ക് വേണ്ടി എഴുതിയുണ്ടാക്കുന്ന രംഗങ്ങൾ സിനിമയിലില്ല,  എന്നാലോ കഥ സഞ്ചരിക്കുന്ന  വഴികളിലെല്ലാം സംഭാഷണ പ്രസക്തമായ ഹാസ്യം വിതറി കൊണ്ട്  വെള്ളിമൂങ്ങ പ്രേക്ഷകനെ രസിപ്പിക്കുന്നു. ലളിതമായ ഒരു കഥ ലളിതമായി പറഞ്ഞവസാനിപ്പിക്കുമ്പോഴും ഒരു സിനിമക്ക് വേണ്ട സസ്പെൻസും കോമഡിയും എല്ലാം വെള്ളിമൂങ്ങ ഉറപ്പ് തരുന്നു. കോമഡി സസ്പെന്സ് എന്നൊരു വിഭാഗം ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ അത് വെള്ളിമൂങ്ങയിലാണ് ആദ്യമായി ഇത്ര നന്നായി അവതരിപ്പിക്കപ്പെടുന്നത് എന്ന് പറയാം. 

കൂടുതൽ നിരൂപണ ബുദ്ധിയോടെ സമീപിക്കാവുന്ന ഒരു സിനിമയല്ല വെള്ളിമൂങ്ങ എന്നത് കൊണ്ട് തന്നെ ചിലതെല്ലാം പ്രേക്ഷകന് കണ്ടില്ലാന്നു നടിക്കേണ്ടി വരും. എല്ലാം കോമഡിയായി തന്നെ കാണണം എന്നതാണ് ഈ സിനിമ അനുശാസിക്കുന്ന ആസ്വാദനാ തലം. വ്യക്തിപരമായ നേട്ടങ്ങൾക്ക്‌ വേണ്ടി കുതന്ത്രങ്ങൾ മെനയുന്ന ഒരാളായിട്ടും നായകനെ നമുക്കിഷ്ടപ്പെടെണ്ടി വരുന്നതും ധാർമികത ഇല്ലാത്തവനാണ് നായകൻ എന്ന് തോന്നിക്കാത്തതും അത് കൊണ്ടാണ്. നിർദ്ദോഷകരമായ കുതന്ത്രങ്ങൾ തന്റെ  കൂടപ്പിറപ്പാണ് എന്ന് തെളിയിച്ചു കൊണ്ടാണല്ലോ രാഷ്ട്രീയത്തിലേക്കുള്ള മാമച്ചന്റെ (ബിജു മേനോൻ) കാൽ വപ്പു പോലും. സമകാലീന രാഷ്ട്രീയത്തിൽ അവസരവാദത്തിന്റെ പ്രസക്തി ചെറുതല്ല എന്ന് മാമച്ചന്റെ കഥാപാത്രം പറഞ്ഞു തരുന്നുണ്ട്. സ്വന്തം അമ്മ പോലും മാമാച്ചനോടു പറയുന്നത് നീ കൈയ്യിട്ടു വാരണ്ടാന്നൊന്നും  ഞാൻ പറയില്ല, പക്ഷെ അതിനിടേല് നാട്ടുകാർക്ക് ഗുണമുള്ള വല്ലതും കൂടി ചെയ്യണം എന്നാണ്. രാഷ്ട്രീയം എന്നാൽ ഇതൊക്കെ തന്നെയാണ് എന്ന് പൊതു ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെങ്കിലും അവർ എന്നും എല്ലാക്കാലത്തും രാഷ്ട്രീയക്കാരിൽ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കുക തന്നെ ചെയ്യും  എന്നതിന്റെ സ്വരമാണ് മാമച്ചന്റെ അമ്മയിലൂടെ നമ്മൾ കേൾക്കുന്നത്.  

ബിജിബാലിന്റെ സംഗീതം സിനിമയുടെ പ്രമേയത്തിന് അനുയോജ്യമായിരുന്നു. സംഗീതത്തെക്കാൾ സിനിമയിൽ സ്കോർ ചെയ്തു നിന്നത് വിഷ്ണു നാരായണന്റെ  അതിമനോഹരമായ ച്ഛായാഗ്രഹണമാണ്. ഓരോ അഭിനേതാക്കളും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളെ  നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. 

ആകെ മൊത്തം ടോട്ടൽ = എല്ലാം കൊണ്ടും ചിരിപ്പിക്കുന്ന ഒരു സിനിമ. A  clean entertainer. ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. 

* വിധി മാർക്ക് = 7/10 

-pravin-

Friday, November 7, 2014

'മദ്രാസ്‌' പഠിപ്പിക്കുന്ന രാഷ്ട്രീയം

രാഷ്ട്രീയ വൈരങ്ങളും സംഘർഷങ്ങളും അടിസ്ഥാനപ്പെടുത്തി കൊണ്ട് നിരവധി ഇന്ത്യൻ സിനിമകൾ വന്നു പോയിട്ടുണ്ട് എന്നിരിക്ക അക്കൂട്ടത്തിൽ 'മദ്രാസ്‌' എന്ന സിനിമ  എങ്ങിനെയാണ് വ്യത്യസ്തമാകുന്നത് എന്ന് സംശയിക്കാവുന്നതാണ്. എന്നാൽ പ്രമേയം കൊണ്ട് മാത്രമല്ല ഒരു സിനിമ അതിന്റെ വ്യത്യസ്തത  അനുഭവപ്പെടുത്തുക എന്ന് തിരിച്ചറിഞ്ഞാൽ മേലെ സൂചിപ്പിച്ച സംശയത്തിന്റെ  പ്രസക്തി ഇല്ലാതാകുക തന്നെ ചെയ്യും. ഇതിന്റെ സമീപ കാല സിനിമാ ഉദാഹരണമാണ് പാ. രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത "മദ്രാസ്‌".

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ  തന്നെ മനസിലാക്കാവുന്ന ചില കാര്യങ്ങളുണ്ട്. വിരലിൽ എണ്ണാവുന്ന പാർട്ടികളിൽ നിന്ന് തുടങ്ങിയ ഇന്ത്യൻ രാഷ്ട്രീയം ഇന്ന് എണ്ണിയാൽ ഒടുങ്ങാത്ത അത്രക്കും പാർട്ടികളിലായി വ്യാപിച്ചു കിടക്കുകയാണ്.  ആശയപരവും അല്ലാത്തതുമായ വിഷയങ്ങളിൽ നടന്ന   തർക്കങ്ങൾ മൂലം വിഘടിച്ചും വിഭജിച്ചും പെറ്റ്  പെരുകിയ രാഷ്ട്രീയ പാർട്ടികളുടെ എണ്ണം നോക്കുകയാണെങ്കിൽ ഇന്ത്യ തന്നെയായിരിക്കും ഒരു പക്ഷേ മുൻപന്തിയിൽ ഉണ്ടായിരിക്കുക. ജനാധിപത്യം എന്ന സാമൂഹിക വ്യവസ്ഥയെ അവരവരുടെ സൌകര്യാർത്ഥം ഏറ്റവും ഭംഗിയായി ചൂഷണം ചെയ്യുക എന്നതാണ് ഇത്തരത്തിൽ പെറ്റു പെരുകുന്ന രാഷ്ട്രീയ പാർട്ടികളുടെ മുഖ്യ അജണ്ട പോലും. ഇത് മനസിലാക്കാതെ കക്ഷി രാഷ്ട്രീയത്തെ വൈകാരികമായി നെഞ്ചിലേറ്റുന്ന സാധാരണക്കാരന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും വഞ്ചനകളുടെ കഥയുമൊക്കെയാണ് "മദ്രാസി"ൽ പ്രധാനമായും പറയുന്നത്. 

നിസ്സാരമായ കാര്യങ്ങൾക്ക് വേണ്ടി തന്നെയാണല്ലോ രാഷ്ട്രീയവും മതപരവുമായ തർക്കങ്ങളും തുടർ സംഘർഷങ്ങളും ഉണ്ടാകുക. അത് വരേയ്ക്കും തോളിൽ കൈയ്യിട്ട് നടന്നവർ പോലും ഇക്കാരണത്താൽ പരസ്പ്പരം വാളോങ്ങുന്നു. ഇവിടെ സിനിമയിലെ കഥാപാത്രങ്ങൾക്കും   സമാന സ്ഥിതി തന്നെയാണ് സംഭവിക്കുന്നത്. നിസ്സാരമെന്നു തോന്നാകുന്ന ഒരു ചുമരിനു വേണ്ടി തുടരുന്ന തർക്കത്തിലൂടെ ഇരു വിഭാഗങ്ങൾക്ക് വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടി വരുന്ന രാഷ്ട്രീയ അണികളിലൂടെയാണ് സിനിമ തുടങ്ങുന്നത്. തലമുറകൾ മാറി വരുമ്പോഴും ആ ചുമരിനു വേണ്ടിയുള്ള തർക്കം അവസാനിക്കുന്നില്ല. ചുമരിൽ വരച്ചിരിക്കുന്ന രാഷ്ട്രീയ നേതാവിന്റെ ചിത്രത്തിന് പോലും  സിനിമയിൽ പിന്നീടങ്ങോട്ട്‌ പ്രസക്തി ലഭിക്കുകയാണ്. അതിനെ ചുറ്റിപ്പറ്റി ചില കഥകൾ കൂടി പ്രചരിക്കുമ്പോൾ ചുമർ എന്നത് കഥയിലെ ഒരു അവിഭാജ്യ പ്രതീകമായി മാറുന്നു. ആദ്യ കാഴ്ചയിൽ നിസ്സാരമെന്നും അപ്രസക്തമെന്നും തോന്നിക്കുന്ന കഥയിലെ ഇത്തരം ചില സംഗതികളെ  സിനിമയുടെ  മുന്നോട്ടുള്ള സഞ്ചാരത്തിൽ ഗൌരവമേറിയതും പ്രസക്തവുമായ രീതിയിൽ രൂപാന്തരപ്പെടുത്തി അവതരിപ്പിക്കുന്നതിലെ  സംവിധായകന്റെ മികവിനെ അഭിനന്ദിക്കാതിരിക്കാൻ സാധ്യമല്ല. 

കാലി (കാർത്തി), അന്പ് (കലൈയരാസൻ) എന്നീ കഥാപാത്രങ്ങളുടെ സൌഹൃദ ബന്ധത്തിന്റെ തീവ്രതയാണ് സിനിമയുടെ ആത്മാവ്. സമീപ കാല സിനിമകളിലൊന്നും  ഇത്രമേൽ വികാര തീവ്രതയോടെ രണ്ടു സുഹൃത്ത് കഥപാത്രങ്ങളുടെ ആത്മബന്ധത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു കണ്ടിട്ടില്ല. സൌഹൃദവും പ്രണയവും രാഷ്ട്രീയവും പകയും എല്ലാം ഒരേ നൂലിൽ കോർത്തിണക്കി കൊണ്ട് അവതരിപ്പിക്കുമ്പോൾ ഉണ്ടാകുമായിരുന്ന പാളിച്ചകളെയെല്ലാം സംവിധായകന് മറി കടക്കാൻ സാധിക്കുന്നത് ആഴത്തിലുള്ള കഥാപാത്ര സൃഷ്ടികൾ  കൊണ്ടാണ്. നാടകീയത കലരാത്ത കഥാപാത്രങ്ങളും സംഭാഷണങ്ങളുമാണ്  ഈ സിനിമയുടെ എടുത്തു പറയേണ്ട മറ്റൊരു മികവ്. 

സന്തോഷ്‌ നാരായണന്റെ സംഗീതം എല്ലാം കൊണ്ടും സിനിമക്ക് അനുയോജ്യമായിരുന്നു. ഗാന ബാല, ശക്തി ശ്രീ ഗോപാലൻ തുടങ്ങിയ ഒരു പിടി നല്ല ഗായകരെ അവരുടെ  വ്യത്യസ്ത ശബ്ദ സൌന്ദര്യത്തോടെ സിനിമയുടെ ഗാന സാഹചര്യത്തിന് ചേരുന്ന രീതിയിൽ  പാടിപ്പിക്കാൻ സന്തോഷ്‌ നാരയാണന് സാധിച്ചു. സിനിമയുടെ പശ്ചാത്തല സംഗീതം ഒന്ന് മാത്രം മതിയാകും വരും കാല സിനിമകളിൽ സന്തോഷ്‌ നാരായണ്‍ എന്ന സംഗീത സംവിധായകന്റെ സ്ഥാനം എവിടെയാകുമെന്ന് ഊഹിക്കാൻ. 

സാധാരണ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായി ലോങ്ങ്‌ ഷോട്ടുകളിൽ കൂടി രംഗ വിശദീകരണം നൽകി കൊണ്ടാണ് ജി. മുരളിയുടെ ക്യാമറ സിനിമയിൽ കാഴ്ചയുടെ പുതുമകള്‍ സമ്മാനിക്കുന്നത്. കാലിയും അന്പും ആക്രമിക്കപ്പെടാൻ പോകുന്ന രംഗം അതിന്റെ ഒരു ഉദാഹരണം മാത്രം. ആക്രമിക്കപ്പെടാൻ പോകുന്നു എന്ന സൂചന പ്രേക്ഷകർക്ക് ആദ്യമേ നൽകുക  വഴി പിന്നീട്  വരുന്ന  വൈഡ് ആൻഡ്‌ ലോങ്ങ്‌  ഷോട്ട് സീനിന്റെ നാനാ ഭാഗത്തേക്കും  പ്രേക്ഷകന്റെ ശ്രദ്ധ ചെന്നെത്തുന്നു. ഗാന രംഗങ്ങളിൽ മാത്രം കണ്ടു വരുന്ന ഈ  ഒരു രീതി തീർത്തും  ആകാംക്ഷാ ഭരിതമായ സീനിൽ ക്ലോസപ്പ് ഷോട്ടുകളുടെ എണ്ണം കുറച്ചു കൊണ്ട് ചെയ്യാൻ തീരുമാനിച്ചത് ഒരു പുതിയ ട്രെൻഡ് ആയി കാണാവുന്നതാണ്. 

ആകെ മൊത്തം ടോട്ടൽ = അവതരണ രീതി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികവു പുലർത്തിയ ഒരു സിനിമ. സിനിമയുടെ ആദ്യം മുതൽ അവസാനം വരെയുണ്ടായിരുന്ന മികവ് ക്ലൈമാക്സ് സീനിലേക്ക് എത്തുമ്പോൾ ഒരൽപ്പം കുറഞ്ഞോ എന്ന് മാത്രം ഒരു സംശയം.  

* വിധി മാർക്ക് = 7.8/10 
-pravin-