Tuesday, January 20, 2015

ഐ - അതുക്കും മേലെയാ ?

ഓരോ സിനിമകളും ഓരോ പ്രതീക്ഷയിൽ തന്നെയാകും എല്ലാ പ്രേക്ഷകരും കാണുന്നുണ്ടാകുക. ഒരു പ്രതീക്ഷയും ഇല്ലാതെ ഒരാളും തിയേറ്ററിൽ പോയി സിനിമ കാണാൻ തയ്യാറാകില്ല ല്ലോ. ഇത്തരത്തിൽ ഒരു സാധാരണ സിനിമക്ക് പോലും പ്രതീക്ഷയർപ്പിക്കുന്ന പ്രേക്ഷകർ ശങ്കർ സിനിമകളെ ഉറ്റു നോക്കുന്നത് എത്രത്തോളം പ്രതീക്ഷയോടെയാകാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം ശങ്കർ ചെയ്യുന്ന ഒരു ബ്രഹ്മാണ്ട  സിനിമ എന്നതിനൊപ്പം  സിനിമക്ക് വേണ്ടി വിക്രം നടത്തിയ കഠിന പരിശ്രമങ്ങളും സിനിമയുടെ ഉയർന്ന സാങ്കേതിക വശങ്ങളുമെല്ലാം സിനിമ റിലീസ് ആകുന്നതിനും മുൻപേ തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തത് കൊണ്ടാണ് മറ്റേത് സിനിമകളെക്കാളും കൂടുതൽ 'ഐ' എന്ന സിനിമ  പ്രേക്ഷകർക്കിടയിൽ സസൂക്ഷ്മം നിരീക്ഷണ വിധേയമാകുന്നത്. 

ഒരു  സംവിധായകന്റെ മുൻകാല  സിനിമകൾ എടുത്ത് വച്ചു കൊണ്ട് അതിൽ പലതിനെയും അങ്ങോട്ടുമിങ്ങോട്ടും താരതമ്യം ചെയ്തു കൊണ്ട് അയാളുടെ പുതിയ സിനിമയെ വിലയിരുത്തുന്ന രീതിയെ ശരി വക്ക വയ്യ. കാരണം ഓരോ സിനിമയിലും വെവ്വേറെ കഥകളും കഥാപാത്രങ്ങളും ചുറ്റുപാടുകളുമാണ് വിവരിക്കുന്നത്. ഏറിപ്പോയാൽ ചില സാമ്യതകൾ കണ്ടെത്താൻ സാധിക്കും എന്ന് മാത്രം. ഇവിടെ 'ഐ' സിനിമയെ ശങ്കറിന്റെ യെന്തിരനുമായോ അന്ന്യനുമായോ താരതമ്യപ്പെടുത്തി കൊണ്ട് വിലയിരുത്തുന്നത് തീർത്തും അപ്രസക്തമാണ് എന്നതിന്റെ മുഖവുരയായാണ് ഇത്രയും പറഞ്ഞത്. അത് കൊണ്ട് തന്നെ മുൻകാല ശങ്കർ സിനിമകളിലെ സന്ദേശങ്ങളെയോ സാമൂഹിക പ്രസക്തിയെയോ 'ഐ' യിൽ തിരയേണ്ടതില്ല.  നായകന് നായികയോട് ആദ്യം തോന്നുന്ന ആരാധനയും, അത് മുതലെടുത്ത്‌ കൊണ്ട്  സ്വന്തം കാര്യ സാധ്യത്തിനായി  നായകനോട്  പ്രണയം അഭിനയിക്കാൻ നിർബന്ധിതയാകുന്ന നായികയും, പിന്നീട് ഇവർക്കിടയിൽ ഉണ്ടാകുന്ന യഥാർത്ഥ പ്രണയവും, നായികയെ നായകനിൽ നിന്ന് തട്ടിയെടുക്കാൻ തന്ത്രം മെനയുന്ന വില്ലനും, അവരോടുള്ള നായകൻറെ പ്രതികാരവുമടക്കമുള്ള കണ്ടു മറന്ന പല സംഗതികളും ഈ  സിനിമയിലും ആവർത്തിക്കപ്പെടുന്നുണ്ട്. എന്നാൽ കണ്ടു മറന്ന ഈ പ്രണയവും പ്രതികാരവും ആക്ഷനുമെല്ലാം  സാങ്കേതികതയുടെ സഹായത്താൽ എത്രത്തോളം നിറപ്പകിട്ടോടെ വ്യത്യസ്തമാക്കി അവതരിപ്പിക്കാൻ പറ്റുമോ അത്രത്തോളം വ്യത്യസ്തമായും മനോഹരമായും അവതരിപ്പിക്കാൻ ശങ്കറിന് സാധിച്ചിട്ടുണ്ട്. ഇതിനോട് കൂടെ വിക്രം എന്ന നടന്റെ വിവിധ ഗെറ്റപ്പുകളിലുള്ള  പ്രകടനവും കൂടിയാകുമ്പോൾ ഒരു സിനിമ എന്ന നിലക്കുള്ള എല്ലാ ആസ്വാദനവും 'ഐ' ഉറപ്പു  തരുന്നു. 

മൂന്നേകാൽ മണിക്കൂർ ദൈർഘ്യം എന്നത് 'ഐ' യ്യിനെ സംബന്ധിച്ച്  അതിന്റെ സാങ്കേതിക മികവ് പ്രദർശിപ്പിക്കാനുള്ള അനിവാര്യമായ സമയമായി  അവകാശപ്പെടാമെങ്കിലും കാണുന്ന എല്ലാ പ്രേക്ഷകർക്കും അതങ്ങിനെ തന്നെയാകണം എന്നില്ല. സിനിമയുടെ വർണ്ണ പശ്ചാത്തലവും സാങ്കേതികതയും വിക്രമിന്റെ പ്രകടന മികവുമെല്ലാം പ്രേക്ഷകരെ ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ട് പോകുമ്പോഴും ചില സീനുകൾ അനാവശ്യ ഏച്ചു കൂട്ടലുകളായി അനുഭവപ്പെടുന്നത് അത് കൊണ്ടാണ്. ഒരു വേള പരസ്യ കമ്പനിയുടെ സിനിമയാണോ കണ്ടു കൊണ്ടിരിക്കുന്നത് എന്ന് തോന്നും വിധമുള്ള ദൈർഘ്യമേറിയ  പരസ്യ ചിത്രീകരണ സീനുകളും മറ്റും സിനിമയുടെ ആദ്യപകുതിയെ വലിച്ചിഴക്കുന്നു പോലുമുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ അതെല്ലാം 'ഐ' എന്ന സിനിമയുടെ കഥാപരിസരത്തിന്റെ ആവശ്യകതയായി അവകാശപ്പെടാം എന്ന് മാത്രം. ഗ്രാഫിക്സിന്റെ ഏറിയ പങ്കും ഗാന രംഗങ്ങളിലേക്ക് പകുത്ത് നൽകപ്പെട്ടോ എന്നതൊരു ചോദ്യം മാത്രമാണ്. അക്കാരണം കൊണ്ട് തന്നെ  ഗ്രാഫിക്സിനെക്കാളും കൂടുതൽ 'ഐ' യെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് സിനിമയുടെ ച്ഛായാഗ്രണമാണ് എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ ആ സംശയം പി.സി ശ്രീ റാമിന് കിട്ടുന്ന അതിരറ്റ അഭിനന്ദനങ്ങളായി  വേണം കരുതാൻ. 

സുരേഷ് ഗോപി സിനിമയിൽ ഉണ്ടോ ഇല്ലയോ എന്ന സംശയങ്ങൾക്കുള്ള മറുപടിയായിരുന്നു സിനിമയിലെ അദ്ദേഹത്തിന്റെ നിറ സാന്നിദ്ധ്യം. ആമി ജാക്സണ്‍, ഉപൻ പട്ടേൽ, രാം കുമാർ ഗണേശൻ,  സന്താനം തുടങ്ങിയ താരങ്ങൾ എല്ലാം തങ്ങൾക്ക് കിട്ടിയ വേഷം വൃത്തിയായി ചെയ്തിട്ടുണ്ട്. നായകൻറെ പ്രതികാര രീതികളാണ് സിനിമയിലെ ഒരു പ്രധാന വ്യത്യസ്തത എന്ന് പറയാം.  പ്രതികാര ദൌത്യത്തിന് ശേഷം നായകൻ സിനിമയിൽ വില്ലന്മാരെ അഭിമുഖീകരിക്കാതിരിക്കുകയും  പകരം നായകൻറെ സന്തത സഹചാരിയായ സുഹൃത്ത് കോമഡിയിലൂടെ വില്ലന്മാരെ പരിഹസിക്കുന്നതുമായ സീനുകൾ അത് വരെ സിനിമയിൽ നിറഞ്ഞു നിന്ന നായകൻറെ തീവ്ര  പ്രതികാരത്തിന്റെ ഗൌരവ സ്വഭാവം ഇല്ലാതാക്കുന്നുണ്ട്. ഇത്തരം സിനിമകളിൽ  ലെൻസ്‌ വച്ച് നോക്കി  ലോജിക്കില്ലായ്മകളെ  പരാമർശിക്കുന്നതിൽ   കഴമ്പില്ലെങ്കിലും ശങ്കറിനെ പോലെ പെർഫെക്ഷൻ ആഗ്രഹിക്കുന്ന സംവിധായകരിൽ നിന്നും പ്രതീക്ഷിക്കാത്ത ചില ലോജിക്കില്ലായ്മകൾ സിനിമയിലെ ചെറിയ കല്ലുകടികളാണ്. സിനിമക്ക് അനുയോജ്യമായ സംഗീതം സമ്മാനിക്കുന്നതിൽ എ. ആർ റഹ്മാൻ വിജയിച്ചിട്ടുണ്ട്. അതേ സമയം കൂട്ടത്തിലെ  ഏറ്റവും മികച്ച ഗാനങ്ങളെന്ന നിലയിൽ  പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറുന്നത്    "പൂക്കളെ സട്ട്രു ..", "എന്നോട് നീ ഇരുന്താൽ..."  എന്നീ രണ്ടു ഗാനങ്ങൾ മാത്രമായിരിക്കും. 

സാധാരണ സിനിമകളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാരെ ഹാസ്യത്തിനും മറ്റു കോമാളി കളിക്കും മാത്രമായി ഉപയോഗിക്കുമ്പോൾ ശങ്കർ തന്റെ സിനിമയിലൂടെ അതിനൊരു അപവാദം സൃഷ്ടിച്ചത് വ്യത്യസ്തമായി തോന്നി. മലയാളത്തിൽ ശ്രീജിത്ത്‌ രവി 'ഫ്ലാറ്റ് നമ്പർ 4B' എന്ന സിനിമയിൽ വില്ലൻ പരിവേഷമുള്ള ട്രാൻസ്ജെൻഡർ കഥാപാത്രത്തെ  അവതരിപ്പിച്ചത് അധികമാരും ശ്രദ്ധിച്ചു കണ്ടില്ലെങ്കിലും   ശങ്കറിന്റെ ബ്രഹ്മാണ്ട സിനിമയിലെ ഓസ്മ എന്ന നെഗറ്റീവ് കഥാപാത്രം മേക്കപ്പ് ആർടിസ്റ്റ് ഓജസ് രജനിക്ക് ഒരു അഭിനേതാവ് എന്ന നിലക്ക് കൂടുതൽ ശ്രദ്ധ നേടി കൊടുക്കുമെന്ന് തന്നെ  കരുതാം. ഇതിനിടയിലാണ് ട്രാൻസ്ജെൻഡർ വിഭാഗക്കാരെ സിനിമയിലൂടെ ശങ്കർ  അപമാനിച്ചു എന്ന വിവാദം കൊഴുക്കുന്നത്. മറ്റു മുഖ്യധാരാ സിനിമാക്കാർ  ട്രാൻസ്ജെൻഡർ വിഭാഗക്കാരെ വഷള് സ്റ്റൈലിൽ മാത്രം അവതരിപ്പിച്ചു കൈയ്യടി വാങ്ങിയത് വച്ചു നോക്കുമ്പോൾ ശങ്കറിന്റെ സിനിമ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സിനിമയുടെ മുഖ്യധാരയിലേക്കും മറ്റു പ്രധാന വേഷങ്ങളിലേക്കുമുള്ള നല്ലൊരു സ്വാഗതമാണ് നൽകുന്നത് എന്ന് ഇക്കൂട്ടർ തിരിച്ചറിയാതെ പോകരുത്. 

തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ പ്രതികാരത്തിനും മുകളിലായി നിറഞ്ഞു നിൽക്കുന്നത് ലിംഗേശൻ-ദിയ എന്നിവരുടെ പ്രണയമാണ് എന്ന് സമ്മതിക്കേണ്ടി വരും. ശരീരത്തിന്റെ സൌന്ദര്യമല്ല യഥാർത്ഥ പ്രണയത്തിന് ആധാരം എന്ന് വെളിപ്പെടുത്തി കൊണ്ട് കഥ അവസാനിക്കുമ്പോൾ മലയാളി പ്രേക്ഷകരിൽ ചിലരെങ്കിലും ശശി കുമാർ സാറിന്റെ 'നാഗമഠത്ത്  തമ്പുരാട്ടി' യിലെ ജയഭാരതിയുടെ ഡയലോഗ് ഓർത്ത്‌ പോകും. 
"മനസ്സാ വരിച്ച പുരുഷന്റെ മനസ്സാണ് ഏറ്റവും വലുത്. നശ്വരമായി പോകുന്ന ബാഹ്യ സൌന്ദര്യത്തെക്കാൾ ശാശ്വതമായ മനസ്സിന്റെ സൌന്ദര്യമാണ് വലുത്." 

ആകെ മൊത്തം ടോട്ടൽ =  സാങ്കേതികത, ച്ഛായാഗ്രഹണം, അഭിനേതാക്കളുടെ പ്രകടന മികവ് (especially വിക്രം), ശങ്കറിന്റെ സംവിധാനം എന്നീ ഘടകങ്ങൾ കൊണ്ട്  മികച്ചു നിൽക്കുന്ന ഒരു സിനിമ. വലിയൊരു ശങ്കർ മാജിക് പ്രതീക്ഷിക്കാതെ പോയി കണ്ടാൽ തീർത്തും ഇഷ്ടപ്പെട്ടു പോകുന്ന ഒരു  സിനിമ. 

*വിധി മാർക്ക് = 7/10 

-pravin-

Friday, January 2, 2015

PK ഒരു നിരീശ്വരവാദിയോ മതവിരോധിയോ അല്ല

വലുതും ചെറുതുമായി കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളുമടങ്ങുന്ന ഈ മഹാപ്രപഞ്ചത്തിലെ ചെറിയ ഒരു ഗ്രഹം മാത്രമാണ് ഭൂമി. ആ ഭൂമിയിലെ മനുഷ്യർ എന്നവകാശപ്പെടുന്ന നമ്മൾ സർവ്വാധിപതിമാരുടെ വേഷം ചമയുമ്പോൾ  നമ്മൾ സത്യത്തിൽ എത്ര മാത്രം  നിസ്സാരരും നിസ്സഹായരുമാണെന്ന് തിരിച്ചറിയുന്നില്ല. നമ്മളേക്കാൾ ബുദ്ധിയും വിവേകവും ശക്തിയുമുള്ള ഒരു കൂട്ടർ ഭൂമിക്ക് സമാനമായ മറ്റേതെങ്കിലും ഗ്രഹത്തിലും ഉണ്ടായിക്കൂടെ? ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമെല്ലാം മനുഷ്യർ  എത്തിപ്പെടാൻ ആഗ്രഹിക്കുന്നത് പോലെ  ഭൂമി എന്ന ഗ്രഹത്തിലേക്ക് മറ്റേതെങ്കിലും ഗ്രഹത്തിലുള്ളവർ എത്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ടോ ഇല്ലയോ എന്ന് ആര് കണ്ടു?  അങ്ങിനെ ഒരു നാൾ ആരെങ്കിലും ഭൂമിയിൽ എത്തിപ്പെട്ടാൽ അവർ ഭൂമിയെ ഏതു വിധത്തിലായിരിക്കും നിരീക്ഷിക്കുന്നുണ്ടാകുക? ഇത്തരം  ചോദ്യ ചിന്തകളിൽ നിന്നാണ്  പി.കെ യുടെ കഥാബീജം ഉണ്ടായിട്ടുള്ളത്. ശാസ്ത്രീയമായ ഉത്തരങ്ങൾ  നൽകേണ്ട  സംശയങ്ങൾക്ക് പകരം ഭാവനയിലൂടെ രസകരമായ ഒരു കഥാന്തരീക്ഷം തീർക്കുകയും  ആക്ഷേപ ഹാസ്യത്തിലൂടെ ഗൌരവമായി ചിന്തിക്കേണ്ട വിഷയങ്ങളെ സരസമായി അവതരിപ്പിക്കുകയുമാണ് പി.കെയിലൂടെ രാജ്കുമാർ ഹിരാനി ചെയ്തിരിക്കുന്നത്. 

അന്യഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് എത്തുന്ന പി.കെ യുടെ (അമീർ ഖാൻ) നിരീക്ഷണങ്ങളിലൂടെയാണ് സിനിമ പല വിഷയങ്ങളും പ്രേക്ഷകനുമായി ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. പി.കെ  ഭൂമിയിലേക്ക് നഗ്നനായാണ് എത്തുന്നത്. അന്യഗ്രഹജീവികൾക്ക് വസ്ത്ര സങ്കൽപ്പമില്ല എന്നത് കൊണ്ട് തന്നെ മനുഷ്യരുടെ വസ്ത്രധാരണത്തെ കൌതുകത്തോടെയാണ് പി.കെ നിരീക്ഷിക്കുന്നത്. ഓരോ  ആളുകളും ചെയ്യുന്ന ജോലിക്കും ജീവിക്കുന്ന ചുറ്റുപാടിനും അനുസരിച്ച്  പല വിധമാണ് വസ്ത്രം ധരിക്കുന്നതെന്നും,  അതിൽ തന്നെ ആണിനും പെണ്ണിനും വെവ്വേറെ വസ്ത്രധാരണമാണ് എന്നുമൊക്കെ പി.കെ  മനസ്സിലാക്കുമ്പോൾ  വസ്ത്രധാരണം ശരിയല്ല എന്ന നിലപാടല്ല സിനിമ അറിയിക്കുന്നത്. മറിച്ച് വസ്ത്രധാരണത്തിൽ മനുഷ്യൻ പുലർത്തുന്ന സൂക്ഷ്മതകളെ കുറിച്ച് രസകരമായി ഓർമ്മപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. വസ്ത്രം ധരിക്കാതെയാണ് അന്യഗ്രഹത്തിൽ തങ്ങൾ ജീവിക്കുന്നത് എന്ന് പി.കെ പറയുമ്പോൾ ജഗ്ഗു (അനുഷ്ക്കാ ശർമ്മ) അത്ഭുതത്തോടെ ചോദിക്കുന്നത് നിങ്ങൾക്ക് നാണം തോന്നില്ലേ അല്ലെങ്കിൽ വിചിത്രമായി തോന്നുന്നില്ലേ അത്തരം രീതികൾ  എന്നാണ്. അതിനുള്ള പി കെ യുടെ മറുപടിയും രസകരമാണ്. ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് മരക്കൊമ്പിലിരിക്കുന്ന കാക്കയെ ചൂണ്ടി കാണിച്ച് പി.കെ പറയുന്നത്  - ദാ ആ ഇരിക്കുന്ന കാക്കയും നഗ്നനാണ്. ആ കാക്ക കഴുത്തിൽ ഒരു ടൈ കെട്ടി ഇരുന്നാൽ മാത്രമേ ഇതെല്ലാം വിചിത്രമായി തോന്നൂ എന്നാണ്. ഇത്തരത്തിൽ സരസമായാണ് പി.കെയുടെ നിരീക്ഷണങ്ങളെ സിനിമയിലുടനീളം സംവിധായകൻ അവതരിപ്പിക്കുന്നത്. ഇതെല്ലാം  ആസ്വദിക്കുമ്പോഴും ഒരു കൂട്ടം പ്രേക്ഷകർ പി.കെ യെ മതവിരോധിയും നിരീശ്വര വാദിയുമായി മുദ്ര കുത്താനുള്ള പ്രധാന കാരണം മനുഷരുടെ വിവിധ മത ദൈവ സങ്കൽപ്പങ്ങളോടും ആചാരാനുഷ്ഠാനങ്ങളോടും പി.കെ ഉന്നയിക്കുന്ന ചില സംശയങ്ങളും ചോദ്യങ്ങളും കൊണ്ട് മാത്രമാണ്. അതിന്റെയെല്ലാം  ഉത്തരത്തിനായി ചിന്തിക്കാൻ തുടങ്ങിയാൽ ഇന്ന് കാണുന്ന മതവിശ്വാസ-ആചാരങ്ങളിലെ  പല പൊള്ളത്തരങ്ങളും എതിർക്കപ്പെടും. ഈ എതിർപ്പ് ഏറ്റവും കൂടുതൽ ബാധിക്കുക ദൈവത്തിന്റെയും വിശ്വാസികളുടെയും ഇടയിൽ സജീവമായി നിലനിൽക്കുന്ന മാനേജർമാരെയും അനുബന്ധ മത സംഘടനകളെയുമാണ്  എന്നത് കൊണ്ട് തന്നെയാണ്  വിശ്വാസിയുടെ മതവികാരം വ്രണപ്പെട്ടു എന്ന ഒച്ചയെടുപ്പുകൾക്ക് നമ്മുടെ ചെവികൾ സ്ഥിരം ഇരയാകുന്നത്. 

ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയുമാണ് സംവിധായകൻ ആക്ഷേപഹാസ്യത്തിനായി  കൂടുതലായും  ഉന്നം വച്ചിരിക്കുന്നത്  എന്ന ആക്ഷേപം ചില പ്രേക്ഷകർ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇക്കൂട്ടർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്‌.  പി.കെ യുടെ കാഴ്ചകളിൽ കൂടിയും  നിരീക്ഷണങ്ങളിലൂടെയുമാണ്‌ സിനിമ മുന്നേറുന്നത്.  പി.കെ എത്തിപ്പെടുന്ന ഇന്ത്യാ രാജ്യത്തിന്റെ ഭൂരിപക്ഷ മതവിശ്വാസവും ആരാധനാരീതികളും ഹിന്ദുത്വവുമായി ബന്ധപ്പെട്ടതാണ് എന്ന കാര്യത്തിൽ തർക്കമില്ല ല്ലോ. ആ സ്ഥിതിക്ക് സ്വാഭാവികമായും അയാളുടെ കണ്ണിൽ കാണുന്ന കാഴ്ചകളെ തന്നെയാണ് സംവിധായകൻ ദൃശ്യവത്ക്കരിച്ചിരിക്കുന്നത് എന്ന് നിരീക്ഷിക്കേണ്ടിയിരിക്കുന്നു. എന്ന് കരുതി മറ്റു മതവിഭാഗങ്ങളെയും അവരുടെ ആചാര രീതികളെയും  പരാമർശിക്കാതെ സിനിമ പോകുന്നുമില്ല. അതിന്റെ ഉദാഹരണമാണ്  അമ്പലത്തിലേക്ക് പൂജക്ക്‌ കൊണ്ട് പോകുന്ന സാധനങ്ങളുമായി പി.കെ ഒരു ക്രിസ്ത്യൻ പള്ളിയിലേക്ക് എത്തുന്നതും അവിടെ നിന്ന് എതിർപ്പ് നേരിടുന്ന രംഗവും. ക്രിസ്ത്യൻ മതവിശ്വാസ  പ്രകാരം വീഞ്ഞിനുള്ള പ്രസക്തി മനസിലാക്കി കൊണ്ടാണ് പിന്നീട് പി.കെ വീഞ്ഞുമായി മുസ്ലീം പള്ളിയിലേക്ക് പോകുന്നത്. അവിടെയാകട്ടെ ദൈവത്തിനു വീഞ്ഞ് നിഷിദ്ധവുമാണ്. ഇത്തരത്തിൽ ആശയക്കുഴപ്പത്തിലാകുന്ന പി.കെ യുടെ മനസ്സിൽ മനുഷ്യരുടെ  ദൈവ സങ്കൽപ്പം എന്താണെന്നത് അവ്യക്തമായി തുടരുകയും ചെയ്യുന്നു. ദൈവപ്രീതിക്കായി പണം ചിലവാക്കുന്ന കാര്യത്തിൽ മറ്റേത് മതസ്ഥരേക്കാളും മുന്നിൽ  ഹിന്ദുക്കളാണ് ഉണ്ടാകുക എന്ന നഗ്നസത്യം ഹിന്ദു വിശ്വാസികൾ അംഗീകരിച്ചില്ലെങ്കിലും അത് സത്യമല്ല എന്ന്  കണ്ഠക്ഷോഭം  നടത്താതിരിക്കാനുള്ള സഹിഷ്ണുതയെങ്കിലും അവർ കാണിക്കേണ്ടിയിരിക്കുന്നു. 

ഹിന്ദു മതത്തിലെ ദൈവങ്ങളെയും ക്ഷേത്രാരാധനാ രീതികളെയും അധിക്ഷേപിച്ചു എന്നതാണ് മറ്റു ചിലരുടെ പരാതി. എന്നാൽ ഒരു മതത്തെയോ ആചാര രീതികളെയോ പി.കെ അവഹേളിക്കുന്നില്ല. അതേ സമയം  ദൈവത്തിനും വിശ്വാസിക്കുമിടയിൽ ഇടനിലക്കാരനായി നിന്ന് മുതലെടുപ്പ് നടത്തുന്നവരെ ആക്ഷേപ ഹാസ്യത്തിനായി പി.കെ തിരഞ്ഞെടുക്കുന്നുണ്ട്. വിഗ്രഹം വിൽപ്പനക്കാരും, ക്ഷേത്രം പൂജാരികളും, ആൾ ദൈവങ്ങളും അവരിലെ ചില ഉദാഹരണങ്ങൾ മാത്രം. വിഗ്രഹാരാധന, പൂജ, മറ്റ് ആചാരങ്ങൾ  എന്നിവക്ക്  പിന്നിലുള്ള ഉദ്ദേശ്യശുദ്ധിയെയോ  ശാസ്ത്രീയ വശങ്ങളെയോ വിചാരണ ചെയ്യാൻ  പി.കെ ശ്രമിക്കുന്നില്ല. ഒരേ ദൈവത്തെ പല രീതിയിൽ അറിയാൻ ശ്രമിക്കുന്ന മതങ്ങൾ മനുഷ്യരുടെ ഇടപെടലുകളാൽ മലിനമാക്കപ്പെടുന്ന അവസ്ഥയെ അടിവരയിട്ടു പറയുക മാത്രമാണ് പി.കെ ചെയ്യുന്നത്. എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന് പി.കെ തന്നെ പറയുന്നുമുണ്ട്.  പി.കെ ഒരു നിരീശ്വരവാദിയല്ല എന്ന് അതിൽ നിന്ന് തന്നെ വ്യക്തം.  മനുഷ്യർക്കിടയിൽ വിഭാഗീയത വളർത്തുന്നതിൽ ദൈവത്തിന് പങ്കില്ല. ദൈവം ഒരാളെയും ഒരു മതത്തിന്റെ ലേബൽ പതിപ്പിച്ച ശേഷമല്ല ഭൂമിയിലേക്ക് അയക്കുന്നത് എന്ന് പി.കെ പറയുമ്പോൾ അത് ഒരു മതവിരോധത്തിന്റെ വാക്കായല്ല മറിച്ച്  മാനവികതക്ക് വില കൽപ്പിക്കുന്ന യഥാർത്ഥ ദൈവത്തിന്റെ വാക്ക് കടമെടുത്ത് പറഞ്ഞതായി വേണം കരുതാൻ. മനുഷ്യരെ  സൃഷ്ടിച്ച ദൈവത്തെ ആരാധിക്കാതെ മനുഷ്യർ സൃഷ്ടിച്ച ദൈവത്തെ ആരാധിക്കുന്നതാകരുത് ഒരു വിശ്വാസിയുടെ ദൈവസങ്കൽപ്പം എന്ന പി.കെയുടെ വാക്കിനാൽ യഥാർത്ഥ ദൈവമോ മതമോ വിശ്വാസിയോ ആരും തന്നെ ഹനിക്കപ്പെടുന്നില്ല, വ്രണപ്പെടുന്നില്ല. ഹനിക്കപ്പെടുന്നത് ദൈവത്തെയും ദൈവ വിശ്വാസത്തെയും വാണിജ്യവത്ക്കരിക്കുന്ന   കള്ളനാണയങ്ങൾ അഥവാ പി.കെയുടെ ഭാഷയിലെ റോംഗ് നമ്പറുകൾ മാത്രമാണ്. 

ആകെ മൊത്തം ടോട്ടൽ = 2012 ൽ റിലീസായ ഉമേഷ്‌ ശുക്ലയുടെ "ഓ മൈ ഗോഡ്' സിനിമയുടെ പ്രമേയവും ഏറെക്കുറെ അതിൽ വിമർശിക്കപ്പെടുന്ന കഥാപാത്രങ്ങളും മറ്റു സംഗതികളുമെല്ലാം പി.കെയിലും ആവർത്തിക്കപ്പെടുന്നുണ്ടെങ്കിലും അവതരണത്തിലെ പുതുമ കൊണ്ടും അമീർ ഖാന്റെ പ്രകടന മേന്മ കൊണ്ടും രാജ്കുമാർ ഹിരാനിയുടെ സംവിധാന മികവു കൊണ്ടുമെല്ലാം പി.കെ മികച്ചൊരു സിനിമാസ്വാദനം ഉറപ്പ് തരുന്നു. കണ്ടിരിക്കേണ്ട സിനിമകളുടെ ലിസ്റ്റിലേക്ക് ഒന്ന് കൂടി ചേർത്തു വായിക്കാം - പി.കെ. 

*വിധി മാർക്ക് = 9/10 
-pravin-