Monday, July 27, 2020

Let The Right One In

2008 ലിറങ്ങിയ ഒരു സ്വീഡിഷ് സിനിമയാണ് 'Let The Right One In'. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ തീർത്തും ത്രില്ലിംഗ് മൂഡിൽ കഥ പറയുന്ന ഒരു റൊമാന്റിക് ഹൊറർ സിനിമ എന്ന് വിശേഷിപ്പിക്കാം 'Let The Right One In' നെ.

രക്ത ദാഹികളായ vampires നെ പല സിനിമകളിലും കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര മേൽ നിഷ്ക്കളങ്കമായി ഒരു vampire നെ മറ്റൊരു സിനിമയിലും അവതരിപ്പിച്ചു കണ്ടിട്ടില്ല.

Vampire ആയ മകളെ പുറം ലോകവും വെളിച്ചവും കാണിക്കാതെ രഹസ്യമായി വളർത്തുന്ന അച്ഛൻ ആ മകൾക്ക് വേണ്ടി പലരെയും കൊല്ലുന്നുണ്ട്. മകൾക്ക് കുടിക്കാൻ മനുഷ്യ ചോരയുമായി വരുന്ന ആ അച്ഛന് പക്ഷെ ഭീകര പരിവേഷമില്ല.. അച്ഛന് മാത്രമല്ല ചോര കുടിച്ചു ജീവിക്കുന്ന മകൾക്കുമില്ല ഭീകര പരിവേഷം. കാരണം അത് അവരുടെ ജീവിതത്തിൽ അവർക്ക് നേരിടേണ്ടി വരുന്ന ഒരു പ്രത്യേക അവസ്ഥ മാത്രമായാണ് സിനിമ കാണിക്കുന്നത്. 

ഒരു ഘട്ടത്തിൽ അച്ഛനില്ലാതാകുമ്പോൾ ഒറ്റക്ക് ജീവിക്കേണ്ടി വരുന്ന മകളും പിന്നീട് അവളുടെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് കേറി വരുന്ന കൂട്ടുകാരനുമൊക്കെയാണ് സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്.

രണ്ടു തരത്തിൽ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയിരുന്ന അവനും അവളും തമ്മിൽ സൗഹൃദത്തിലായപ്പോൾ അത് അസാധാരണമായൊരു ആത്മബന്ധത്തിലേക്ക് വഴി മാറുന്നു.

അവളൊരു vampire ആണെന്ന് അറിയുമ്പോഴും അവൻ അവളെ ഭയന്നോടുകയല്ല ചേർത്ത് പിടിക്കുകയാണ് ചെയ്യുന്നത്.അവർക്കിടയിലെ സൗഹൃദത്തിന്റെ ആഴം കൂടുംതോറും അതൊരു അസാധാരണ പ്രണയമായി മാറുന്നുണ്ട്.

വെറുമൊരു ഹൊറർ സിനിമയിൽ ഒതുങ്ങുമായിരുന്ന പ്രമേയത്തെ വേറിട്ട സൗഹൃദത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ സിനിമയാക്കി മാറ്റുകയാണ് സംവിധായകൻ.

ആകെ മൊത്തം ടോട്ടൽ = മനോഹരമായ ഒരു റൊമാന്റിക് ഹൊറർ സിനിമ. 

*വിധി മാർക്ക് = 8/10 

-pravin- 

Wednesday, July 22, 2020

Theeb

1916 കാലത്തെ സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഹിജാസ് മലനിരകളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ തുടക്കം. 

പിതാവിന്റെ മരണ ശേഷം അനാഥരായ തീബിന്റെയും ഹുസൈന്റേയും ജീവിതവും അവരുടെ സഹോദര ബന്ധവുമൊക്കെയായിരിക്കാം സിനിമയുടെ പ്രധാന പ്രമേയമെന്ന് തോന്നിപ്പിക്കുന്ന തുടക്കത്തിൽ നിന്ന് മാറി സിനിമ പിന്നീട് തീബിനും ഹുസ്സൈനുമൊപ്പം മരുഭൂമിയിലൂടെ ഒരു സാഹസിക യാത്രക്ക് കൂടെ കൂട്ടുകയാണ് നമ്മളെ. 

അറേബ്യൻ മണലാരണ്യത്തിലൂടെ ഒട്ടകത്തിന്റെ പുറത്തുള്ള യാത്രയും, യാത്രാ മദ്ധ്യേ അവർ നേരിടുന്ന വെല്ലുവിളികളും, തീബിന്റെ ഒറ്റപ്പെടലും അതിജീവനവുമൊക്കെ ഗംഭീരമായി പകർത്തിയെടുത്തിട്ടുണ്ട് സംവിധായകൻ. 

ആ കാലഘട്ടത്തിലെ ബ്രിട്ടീഷ്-ഓട്ടോമൻ ശത്രുതയും, മരുഭൂമി നിവാസികളായ ബെദുക്കളുടെ ജീവിതവും അവരുടെ ആതിഥ്യ മര്യാദയുമൊക്കെ അടയാളപ്പെടുത്തുന്നുണ്ട് 'തീബ്'. 

മലനിരകൾ നിറഞ്ഞു നിൽക്കുന്ന മരുഭൂമിയുടെ പശ്ചാത്തലത്തെ ഒരേ സമയം മനോഹരമായ കാഴ്ചയും പേടിപ്പെടുത്തുന്ന അനുഭവവുമാക്കിമാറ്റുന്ന ഛായാഗ്രഹണം തന്നെയാണ് 'തീബി'ന്റെ എടുത്തു പറയേണ്ട മികവ്. 

തീബിനെ അവതരിപ്പിച്ച കുട്ടിയുടെ പ്രകടനവും അവന്റെ മുഖവും മറക്കാൻ പറ്റാത്ത വിധം മനസ്സിൽ പതിഞ്ഞു പോകുന്നുണ്ട് സിനിമ കണ്ട് കഴിയുമ്പോൾ.

ആകെ മൊത്തം ടോട്ടൽ = മനോഹരമായൊരു  അറബ് സിനിമ. 

*വിധി മാർക്ക് = 7.5 /10 

-pravin-

Tuesday, July 14, 2020

ലെബനൻ

ഹീബ്രു ഭാഷയിൽ ആദ്യമായാണ് ഒരു സിനിമ കാണുന്നത്. 1982 ലെ ലെബനൻ യുദ്ധകാലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത് .
ഇസ്രായേൽ സൈനികർ ലെബനീസ് തെരുവുകളിലേക്ക് വെടിക്കോപ്പുകളുമായി ഇരച്ചു കയറുകയാണ്. നാല് ഇസ്രായേൽ സൈനികർ ഒരു യുദ്ധ ടാങ്കിനുള്ളിൽ നിന്ന് കൊണ്ട് ഗൺ സൈറ്റിലൂടെ കാണുന്ന കാഴ്ചകളാണ് ഈ സിനിമയുടെ അവതരണത്തെ ശ്രദ്ധേയമാക്കുന്നത്.  
ഒരേ സമയം യുദ്ധ ഭീകരതയും ഇരകളുടെ കണ്ണുകളിലെ ദയനീയതയും ഒപ്പിയെടുക്കുന്ന ഫ്രെയിമുകൾ. വെടിവെപ്പിൽ കൊല്ലപ്പെടുന്ന ബ്രോയ്‌ലർ കോഴികളും കന്നുകാലിയും മനുഷ്യനുമൊക്കെ യുദ്ധ ഭീകരതയുടെയും കൊലവെറിയുടെയും ഒരേ നേർ കാഴ്ചകളാകുന്നു .
വയസ്സായവരും കുട്ടികളും സൈനികരുടെ ദയവിനർഹരാകുമ്പോഴും അവരുടെ കണ്ണുകളിലെ ഭീതിയും ഒറ്റപ്പെടലും യുദ്ധ ടാങ്കിനുള്ളിലെ സൈനികനെ മാനസികമായി പിടിച്ചുലക്കുന്നുണ്ട് .
ഭരണകൂട താൽപ്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാകുന്ന യുദ്ധങ്ങളിൽ കൊല്ലപ്പെടുന്നവരും കൊല്ലുന്നവരും ഇരകളാണ്. കൊല്ലപ്പെടുന്നവർ ശാരീരികമായി മരണം വരിക്കുമ്പോൾ കൊല്ലുന്നവർ മാനസികമായി മരിച്ചു മരവിച്ചു പോകുകയാണ്.
ഒരു ഘട്ടമെത്തുമ്പോൾ സിനിമയിലെ ഒരു പ്രധാന കഥാപാത്രമെന്ന നിലക്ക് മാറുന്നുണ്ട് ആ യുദ്ധ ടാങ്ക് പോലും. യുദ്ധത്തിലെ സൈനിക മാനസിക സംഘർഷങ്ങളും നിസ്സഹായാവസ്ഥകളും സർവ്വോപരി ഭീകരവും ദയനീയവുമായ ചുറ്റുപാടുകളുമൊക്കെ റിയലിസ്റ്റിക്ക് ആയി തന്നെ അനുഭവപ്പെടുത്തുന്ന ഒരു സിനിമ കൂടിയാണ് ലെബനൻ.
വെടിയുണ്ടകളും ബോംബുകളും ഗ്രനേഡുകളുമൊക്കെ എപ്പോൾ വേണമെങ്കിലും നമ്മുടെ തൊട്ടടുത്ത് വീണു പൊട്ടുമെന്ന ഭീതി തുടക്കം മുതൽ ഒടുക്കം വരെ അനുഭവിപ്പിക്കുന്നുണ്ടെങ്കിലും ഒരു യുദ്ധമുഖത്ത് പ്രേക്ഷകനെ കൊണ്ട് നിർത്തി സമാധാനം ആഗ്രഹിപ്പിക്കുകയും സമാധാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുകയുമാണ് 'ലെബനൻ' ചെയ്യുന്നത്.

ആകെ മൊത്തം ടോട്ടൽ = ത്രില്ലടിപ്പിക്കുന്ന വാർ സിനിമയല്ല, വേറിട്ട യുദ്ധ കാഴ്ചകളിലൂടെ പ്രേക്ഷകനെ ഇമോഷണൽ ആക്കുന്ന വാർ സിനിമയാണ് ലെബനൻ. 

*വിധി മാർക്ക് = 7.5/10 
-pravin-

Thursday, July 9, 2020

സൂഫിയും സുജാതയും - മറ്റൊരു ക്ലൈമാക്സ് കാഴ്ച

സൂഫിയും സുജാതയും കണ്ട ശേഷം മനസ്സിലേക്ക് വന്ന മറ്റൊരു ക്ലൈമാക്സ് കാഴ്ചയാണ്. സിനിമ കണ്ടവർ മാത്രം വായിക്കുക. തെറ്റുണ്ടെങ്കിൽ പൊറുക്കുക 😜

സൂഫിയും സുജാതയും തമ്മിലുള്ള പ്രണയം അതി തീവ്രമായിരുന്നെങ്കിൽ.. അവർക്കിടയിൽ സംഭവിച്ച വിരഹം അവർക്ക് അത്ര മേൽ വേദനയുടേതായിരുന്നെങ്കിൽ.. 

വിവാഹം കഴിഞ്ഞു പത്തു വർഷക്കാലം കഴിഞ്ഞിട്ടും, മറ്റൊരു ദേശത്തേക്ക് പറിച്ചു നടപ്പെട്ടിട്ടും, മനസ്സിൽ നിന്നൊഴിയാത്ത സൂഫിയുടെ പ്രണയത്തിന്റെ കനവുമായാണ് രാജീവനൊപ്പം സുജാത ജീവിച്ചു കൊണ്ടിരിക്കുന്നതെങ്കിൽ .. 

ഇത്രയും സങ്കൽപ്പങ്ങൾ സിനിമയിലൂടെ അനുഭവപ്പെട്ടു എന്ന് കൂട്ടുക.. മറ്റൊരു ക്ലൈമാക്സ് കാഴ്ചയുടെ സാധ്യത മനസ്സിൽ തെളിഞ്ഞതിങ്ങനെ. 

പാതിരാത്രിക്ക് പള്ളി ശ്മശാനത്തിലെ ആളനക്കം എന്താണെന്ന് നോക്കാൻ വേണ്ടി ഉസ്താദ് ജനൽ തുറന്നു. 

ദൂര കാഴ്ചയിൽ ഖബർ കുഴിച്ചു കൊണ്ടിരിക്കുന്ന രാജീവനും കുമാരനും. 

ഉസ്താദ് ജനൽ അടച്ചു കൊണ്ട് അവർക്കരികിലേക്ക് നടന്നു നീങ്ങി. 

ഉസ്താദ് അവരുടെ തൊട്ടടുത്ത് എത്തി കൊണ്ട് ഉറക്കെ ചോദിച്ചു. 

"പടച്ചോനെ ..ഇങ്ങളെന്താണ് കാട്ടണത് ..ഖബർ അടക്കിയവനെ മാന്തി എടുക്കേ ? ഇത് ഞമ്മള് സമ്മതിക്കില്ല.. " 

ഉസ്താദിന് നേരെ കൈ കൂപ്പി കൊണ്ട് സുജാതയുടെ അച്ഛൻ ;- 

"ഉസ്താദേ ..ചതിക്കല്ലേ പൊറുക്കണം .. പറ്റിപ്പോയി ..ആളെ വിളിച്ചു കൂട്ടിയാൽ അറിയാല്ലോ, എല്ലാരും കൂടെ ഞങ്ങളെ മാത്രമല്ല.. ഈ നാടും കത്തും .." 

പേടിച്ചു കരഞ്ഞു കൊണ്ട് കുമാരൻ ; -

" ഉസ്താദേ ..ഞാൻ അപ്പോഴേ ഇവരോട് പറഞ്ഞതാണ് .. നിരപരാധിയായ എന്നെ ഈ മഹാ പാപത്തിന് കൂട്ടല്ലേയെന്ന് ..ഇതെങ്ങാനും പുറത്തറിഞ്ഞാൽ ഇനി എനിക്കെന്ത് ജീവിതം ..എന്റെ പെണ്ണിനും കുട്ടിക്കും ആരുമില്ല ഉസ്താദേ "

രാജീവൻ ഒന്നും മിണ്ടാതെ തളർന്നു കൊണ്ട് ഖബറിൽ നിൽക്കുകയാണ് ..പൊടുന്നനെ അയാൾ സുജാതയുടെ നേർക്ക് മുഖം വെട്ടിച്ചു കൊണ്ട് ചോദിച്ചു. 

"നിനക്ക് കാണണോ സൂഫിയെ .. പറ " 

സുജാത ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല ..അവൾ കരയുന്ന കണ്ണ് കൊണ്ട് വേണം എന്ന് പറഞ്ഞു. 

ഉസ്താദ് അവരുടെ മുഖത്ത് നിന്ന് മാറി കരഞ്ഞു കലങ്ങിയ കണ്ണോടെ നിൽക്കുന്ന സുജാതയുടെ മുഖത്തേക്ക് നോക്കി. പിന്നെ അവളുടെ കൈകൾക്കുള്ളിൽ നിധി പോലെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന ആ തസ്ബിയിലേക്കും ..

കയ്യിൽ തസ്ബിയുമായി നിൽക്കുന്ന സുജാതയെ കാണുമ്പോൾ ഉസ്താദ് ആലോചിക്കുന്നത് സൂഫി തന്നോട് പറഞ്ഞ അത് പോലൊരു തസ്ബിയെ കുറിച്ചാണ്.. ഉസ്താദിന് സൂഫിയെയും സുജാതയേയും മനസ്സിലായ പോലെ മുഖഭാവം. 

സുജാതയുടെ അച്ഛൻ : - 

"ഉസ്താദേ .. ഇതോട് കൂടെ എന്റെ കുട്ടിയുടെ മനസ്സിലെ വേദനകളൊക്കെ അങ്ങട് തീരുമെങ്കിൽ അങ്ങട് തീരട്ടെ ..ഒന്ന് സമ്മതിച്ചു കൂടെ .. "

കുമാരൻ ഉസ്താദിന്റെ മുഖത്തേക്ക് അന്തം വിട്ടു നോക്കി നിൽക്കുകയാണ്. രാജീവനും ഒരു മറുപടി പ്രതീക്ഷിക്കുന്നുണ്ട് ഉസ്താദിൽ നിന്ന്. 

അത് വരെ ഇല്ലാത്ത പോലെ പള്ളി ശ്മാശാനത്തിലെ ആ ഞാവൽ മരം കാറ്റത്ത് വീശാൻ തുടങ്ങി .. പ്രാവുകൾ കുറുകി കൊണ്ടേയിരിക്കുന്നു. ചെറിയ ഇടിയും മിന്നലുമൊക്കെ വരുന്ന പോലെ കാലാവസ്ഥയിൽ ഒരു മാറ്റം .. ഉസ്താദ് അതെല്ലാം നോക്കി ഉത്തരം പറയാതെ കുറച്ചു നേരം നിന്നു..

ഉസ്താദ് :- 

"നിയമത്തിലും വിശ്വാസത്തിലുമൊന്നും ഉള്ള കാര്യങ്ങളല്ല ഇങ്ങളീ പറയുന്നതൊന്നും ..ഈ ജിന്ന് പള്ളിയിലേക്ക് അബൂബ്‌ ഉസ്താദിന് പകരക്കാരനായി എത്തിയ കാലം തൊട്ട് ഇന്നീ വരേക്കും പടച്ചോന് നിരക്കാത്ത ഒന്നും ഞമ്മള് ഇവിടെ ചെയ്തിട്ടില്ല .. പക്ഷേ ഇത് .."

അത്ര നേരം മെല്ലെ വീശിയിരുന്ന കാറ്റ് ശക്തി പ്രാപിക്കുന്നു .. ഇടിയും മിന്നലും .. ഞാവൽ പഴങ്ങൾ പൊഴിയാൻ തുടങ്ങി. സുജാത എന്തോ ആലോചിച്ചു കൊണ്ട് ഞാവൽ പഴമെടുത്തു തിന്നു ..

പത്തു വർഷങ്ങൾക്ക് മുന്നേ പടിപ്പുര വാതിലിൽ തന്നെ കാത്തു നിന്ന സൂഫിയുടെ മുഖം വാടി മറയുന്ന ഓർമ്മയിൽ സുജാത തേങ്ങി കരയാൻ തുടങ്ങി.. ആ കരച്ചിൽ പിന്നെ അവൾ പോലുമറിയാതെ ശബ്ദമായി പുറത്തു വന്നു. 

അത്രയും കാലത്തിനിടയിൽ ആദ്യമായി അവൾ ശബ്ദത്തോടെ കരയുന്നത് കണ്ടു അച്ഛനും രാജീവനും കുമാരനുമെല്ലാം പകച്ചു നിന്നു. 

ഉസ്താദ് നോക്കി നിൽക്കെ രാജീവൻ സൂഫിയുടെ ഖബറിലെ അവന്റെ മുഖ ഭാഗത്തെ സ്ളാബ് അടർത്തി മാറ്റാൻ തുടങ്ങി.

ഒന്നും പറയാതെ കുമാരനും കൂടെ കൂടി. ഉസ്താദ് ഒന്നും മിണ്ടാതെ കണ്ണുകൾ മേലോട്ടാക്കി പടച്ചോനോട് മാപ്പിരന്നു. 

സ്ലാബ് തുറന്ന രാജീവനും കുമാരനും ഞെട്ടിപ്പോയി. അതിൽ ഒന്നുമില്ലായിരുന്നു - ഒരു തസ്ബി ഒഴിച്ച്. 

ഉസ്താദ് :-" അള്ളാ ...ഖബറടക്കിയ മയ്യത്ത് എവിടെ ? "

സുജാത തന്റെ കയ്യിലെ തസ്ബി ഖബറിലേക്ക് എറിഞ്ഞു. അത് വരെ വീശിയിരുന്ന കാറ്റിന് ഒരു മാറ്റം സംഭവിച്ചത് അപ്പോഴായിരുന്നു. രാജീവനും കുമാരനും കൂടി ഖബർ മൂടി വേഗത്തിൽ പുറത്തെത്തി. അപ്പോഴേക്കും സുബ്ഹി ബാങ്ക് കൊടുക്കാനുള്ള സമയമായിരുന്നു. 

ഉസ്താദ് പള്ളിയിലേക്ക് തിരിഞ്ഞു നടക്കവേ ..മൈക്കിലൂടെ സൂഫിയുടെ അതേ ശബ്ദത്തിൽ ബാങ്ക് വിളി കേൾക്കാൻ തുടങ്ങി. എല്ലാവരും പള്ളിയിലേക്ക് ഓടി എത്തുമ്പോഴേക്കും ബാങ്ക് വിളിച്ചു തീരാറായിരുന്നു. 

അവിടെ ബാങ്കു വിളിച്ച മൈക്കിന് തൊട്ടടുത്ത് നിന്ന് ഒരു പ്രകാശം വട്ടം തിരിഞ്ഞു കൊണ്ട് മുകളിലേക്ക് പറന്നുയരുന്നത് കാണാം. 

സുജാതയുടെ മനസ്സിൽ അബൂബ്‌ ഉസ്താദിന്റെ വാക്കുകൾ 

"ആ തള്ള വിരലുകളിലാണ് ഓന്റെ റൂഹ് "

അന്ന് ആ രാത്രി അവിടെ നടന്ന കറാമത്തുകൾ അവരൊഴിച്ച് ആ നാട്ടുകാരാരും അറിഞ്ഞതേയില്ല.. 

പക്ഷെ മുല്ല ബാസാറിൽ തൊട്ടടുത്ത ദിവസം പത്ര വായനയിൽ നിന്ന് നാട്ടുകാർക്ക് ചർച്ച ചെയ്യാൻ ഒരു കറാമത്ത് വാർത്ത ഉണ്ടായിരുന്നു. 

അജ്മീറിൽ വച്ച് മരിച്ച സൂഫിക്കും ഇന്നലെ ജിന്ന് പള്ളിയിൽ നിസ്‌കാരത്തിനിടെ മരിച്ച സൂഫിക്കും എങ്ങിനെ ഒരേ മുഖഛായ !! 

സുജാത രാജീവനോടൊപ്പം ദുബായിലേക്ക് മടങ്ങുമ്പോൾ അവളുടെ മനസ്സിലെ കാർമേഘങ്ങൾ ഒഴിഞ്ഞിരുന്നു. 

കുമാരന് പഴയതിനേക്കാൾ ധൈര്യം കൂടിയിരിക്കുന്നു. 

ജിന്ന് പള്ളിയെ കുറിച്ച് ഒന്നും അറിയാതിരുന്ന ഉസ്താദിന് ഇപ്പോൾ ജിന്ന് പള്ളിയെ കുറിച്ച് പലതുമറിയാം. 

പള്ളിയിൽ നിസ്‌ക്കരിക്കാൻ വന്ന കുട്ടി ഉസ്താദിനോട് ചോദിച്ചു. 

"ഉസ്താദേ, ശരിക്കും മ്മടെ പള്ളിയിൽ ജിന്നുണ്ടോ ? ഓല് നമ്മളെ ഉപദ്രവിക്കുമോ ..? "

ഉസ്താദ് :- 

"ഞമ്മളെ പോലെ തന്നെ ഈ ദുനിയാവിൽ ജീവിക്കുന്ന കൂട്ടരാണ് ജിന്നുകള് ..ഞമ്മളെ പോലെ തന്നെ നല്ലോരും മോശക്കാരും ഓരുടെ കൂട്ടത്തിലുമുണ്ട് .. പിന്നെ ഇവിടേം ജിന്നൊക്കെ ഉണ്ട് .. .. ഓല് പാട്ടു പാടി തരും ..ചിലപ്പോ ബാങ്ക് വിളിച്ചൂന്ന് വരും, ഞാവൽ പഴം പൊയിച്ചു തരും ..അങ്ങിനൊക്കെയാണ് .. പക്ഷെ ഓല് നമ്മളെ ഉപദ്രവിക്കൊന്നുമില്ല ട്ടോ .. "

അതും പറഞ്ഞു കൊണ്ട് ഉസ്താദ് മറ്റെന്തൊക്കെയോ ആലോചനയിൽ മുഴുകി പോയി. കുട്ടികൾ അപ്പോഴേക്കും ദൂരെ ഓടി മറഞ്ഞു. 

മൈലാഞ്ചി പറിക്കാൻ ആരും വരാതിരുന്ന ആ ഖബർസ്ഥാനിൽ ഇപ്പോൾ ഒളിച്ചും പതുങ്ങിയും പല പെൺകുട്ടികളും വരുന്നുണ്ട്. 

അന്ന് വന്നത് സുഹ്‌റയാണ്.. 

അവൾ ഞാവൽ മരത്തിന്റെ താഴെ നിന്ന് മൈലാഞ്ചി പറിച്ചെടുക്കവേ അവളുടെ പുറത്തേക്ക് കുറെ ഞാവൽ പഴങ്ങൾ വീണു. അവളത് വാരിക്കൂട്ടി മൈലാഞ്ചി ഇടാൻ കൊണ്ട് വന്ന കവറിലേക്ക് എടുത്തിട്ടു. 

ഞാവൽ മരം കാറ്റത്ത് ആടുന്നുണ്ടായിരുന്നു .. പ്രാവുകൾ കുറുകുന്നുമുണ്ട്.. അവളുടെ കണ്ണുകൾ മണ്ണിൽ അമർന്നു കിടക്കുന്ന ഒരു തസ്ബിയിലേക്ക് പതിഞ്ഞു. ആ തസ്ബിയിലെ മണ്ണ് തട്ടിക്കളഞ്ഞ ശേഷം അതും കവറിലിട്ടു കൊണ്ട് കൈയ്യിൽ ഒരു പിടി മൈലാഞ്ചി ചെടികളുമായി സുഹ്റ വീട്ടിലേക്ക് പോയി.. 

റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കുന്നത് ! 💚

-pravin- 

Sunday, July 5, 2020

സൂഫിയും സുജാതയും

'റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത്' എന്നെഴുതി കാണിച്ചു കൊണ്ട് തെളിയുന്ന ടൈറ്റിലുകളും ഒരു പ്രണയ സിനിമയെന്ന് തോന്നിക്കുന്ന മികച്ച തുടക്കവും അതിന് വേണ്ട എല്ലാ ചേരുവകളും ഉണ്ടെങ്കിലും കാഴ്ചയിൽ അനുഭവപ്പെടുത്തുന്ന പ്രണയമോ കാത്തിരിപ്പോ ഒന്നും തന്നെയില്ല സൂഫിയും സുജാതയുടെയും കാര്യത്തിൽ. പക്ഷെ പുതുമയുള്ള ഒരു കഥാപശ്ചാത്തലവും പാട്ടുകളും ഫ്രെയിമുകളുമൊക്കെയായി സിനിമ ഒരു മാന്ത്രിക അനുഭൂതി തരുന്നുണ്ട്. അത് തന്നെയാണ് 'സൂഫിയും സുജാതയു'ടെയും ആസ്വാദനവും. അല്ലാത്ത പക്ഷം നിരാശപ്പെടുന്നവർ ധാരാളം ഉണ്ടാകും എന്ന് ഉറപ്പ്. 

തേന്മാവിൻ കൊമ്പത്തിലും, സുന്ദരകില്ലാഡിയിലുമൊക്കെ നമ്മൾ കണ്ട സാങ്കൽപ്പിക ഗ്രാമങ്ങളെ പോലെ ഇവിടെയും ഒരു സാങ്കൽപ്പിക ഗ്രാമമുണ്ട്. കേരള - കർണ്ണാടക അതിർത്തിയിലെവിടെയോ ആണെന്ന് തോന്നിക്കുന്ന ഒരു സൂഫി ഗ്രാമം. 

സൂഫിസത്തിന്റെ പശ്ചാത്തലത്തിൽ, സൂഫി സംഗീതത്തിന്റെ അകമ്പടിയിലൊക്കെ തന്നെയാണ് 'സൂഫിയും സുജാതയും' പിന്നീട് മനസ്സിലേക്ക് കയറിക്കൂടുന്നത്.

ബാങ്ക് വിളിച്ചാൽ പുഴ മുറിച്ചു കടന്നു ജിന്ന് പള്ളിയിലേക്ക് നിസ്‌കരിക്കാൻ വരുന്ന വിശ്വാസികളും, എപ്പോഴും ഉത്സവാന്തരീക്ഷത്തിലുള്ള ആ മുല്ല ബാസാറും, ക്ലാരിനെറ്റ് ഊതി മനസ്സ് കവരുന്ന അബൂബ് ഉസ്താദും, ആരുടെ മരണം നടന്നാലും ഖബർ കുഴിക്കാനെത്തുന്ന കുമാരനും, മൈലാഞ്ചി ചെടികൾ നിറഞ്ഞു നിൽക്കുന്ന ഖബർസ്ഥാനും, സൂഫിയുടെ ബാങ്ക് വിളിയും, സുജാതയുടെ നൃത്തവുമടക്കം പലതും മനസ്സിൽ പതിഞ്ഞു പോകുന്നുണ്ട്.

ബാങ്ക് വിളിയുടെ സംഗീതം ഇത്ര മേൽ മനോഹരമായി മുൻപെങ്ങും കേൾക്കാത്ത തരത്തിൽ സൂഫി പാടുമ്പോൾ കേൾക്കുന്ന നമ്മളും മറ്റൊരു ലോകത്തേക്ക് എത്തിപ്പെടുന്നു. സിനിമ പറയാൻ വന്ന പ്രണയത്തേക്കാൾ സിനിമയിൽ ഇഷ്ടപ്പെട്ടു പോകുന്നതും ആ സംഗീതം തന്നെ. 

സൂഫിയും സുജാതയും തമ്മിലുള്ള പ്രണയത്തേക്കാളേറെ അവർ തമ്മിലുള്ള ആശയ വിനിമയങ്ങളിലെ സംഗീത-നൃത്ത ഭംഗിയാണ് വ്യക്തിപരമായി എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.

അദിതി റാവുവിന്റെ സുജാതയേക്കാളും, ജയസൂര്യയുടെ രാജീവനേക്കാളുമേറെ ദേവ് മോഹന്റെ സൂഫിയും അയാളുടെ ആ ചിരിയും ബാങ്കു വിളിയും തന്നെയായിരിക്കാം സിനിമക്ക് ശേഷം കൂടുതലും നമ്മൾ ഓർക്കുക.

പ്രണയ കഥ കൊണ്ടല്ല, പ്രണയ സംഗീതം കൊണ്ടാണ് 'സൂഫിയും സുജാതയും' മനസ്സ് തൊടുന്നത്. 

ആകെ മൊത്തം ടോട്ടൽ = മികച്ച സിനിമയെന്ന അവകാശവാദമില്ല. പരിമിതികളും പോരായ്മാകളും ഏറെയുണ്ട് താനും. എന്നാലും ദൃശ്യ ഭംഗി കൊണ്ടും സംഗീതം കൊണ്ടും  കണ്ടിരിക്കാവുന്ന ഒരു കൊച്ചു സിനിമ. 

*വിധി മാർക്ക് = 5.5/10 

-pravin- 

Wednesday, July 1, 2020

ലളിതം ഗംഭീരം 'കപ്പേള' !!  

എനിക്ക് കടൽ കാണിച്ചു തരുമോ എന്ന് അവൾ ചോദിച്ചു. അവൻ അവൾക്ക് മനോഹരമായൊരു കടൽ കാണിച്ചു കൊടുത്തു. 

ശരിക്കും പറഞ്ഞാൽ കഥ അത്രേ ഉള്ളൂ പക്ഷേ എത്ര ഗംഭീരമായിട്ടാണ് മുസ്തഫ അതിനെ ത്രില്ലടിപ്പിക്കുന്ന ഒരു കൊച്ചു സിനിമയാക്കി മാറ്റിയത്.

ഒരു നാട്ടിൻപുറത്തുകാരിയുടെ വക തിരിവില്ലാത്ത പ്രണയവും, തിരിച്ചറിവും, കഥയിൽ വന്നു പോയ ഉത്തരമുള്ളതും ഇല്ലാത്തതുമായ കടങ്കഥകളും, മാറി മറയുന്ന നായക-പ്രതിനായക സങ്കൽപ്പങ്ങളുമെല്ലാം കൂടി ചേർന്നപ്പോഴുണ്ടായ പിരി മുറക്കത്തിലാണ് 'കപ്പേള' മനോഹരമായത്.

മുസ്തഫ ഒരു നല്ല നടൻ മാത്രമല്ല സംവിധായകൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു ആ പിന്നെ ശ്രീനാഥ്‌ ഭാസി-അന്ന ബെൻ - റോഷൻ.. മൂന്നാളും കിടുവാണ് കേട്ടോ. 

ആകെ മൊത്തം ടോട്ടൽ = ചെറിയൊരു കഥയെങ്കിലും ആളെ പിടിച്ചിരുത്തുന്ന വിധം അവതരിപ്പിക്കാൻ സാധിച്ചിടത്ത് തന്നെയാണ് കപ്പേള നല്ലൊരു സിനിമയായത്. 

*വിധി മാർക്ക് = 7.5/10 

-pravin-