Sunday, July 13, 2014

ബാംഗ്ലൂർ ഡെയ്സ് - ഓർമ്മക്കാലവും ചില ഓർമ്മപ്പെടുത്തലുകളും

ഏറ്റവും നല്ല ഓർമ്മകൾ പങ്കിടാൻ ഒരാളോട് പറഞ്ഞാൽ അയാൾ സ്വാഭാവികമായും ഓർത്തു പറയുക അയാളുടെ കുട്ടിക്കാലത്തെ കുറിച്ച്  തന്നെയായിരിക്കും. ഓർക്കാൻ തക്ക നല്ല ഓർമ്മകൾ  ഇല്ലായിരുന്നെന്ന് പറഞ്ഞു വ്യസനിക്കുന്നവർക്കും ജീവിതത്തിൽ കുട്ടിക്കാലത്തെ മാറ്റി നിർത്തി കൊണ്ട് ഒന്നും ഓർക്കാൻ ഉണ്ടാകില്ല. നല്ലതോ ചീത്തതോ ആയിക്കോട്ടെ കുട്ടിക്കാലത്തെ ഓർമ്മകൾ ആ ഓർമ്മകളുടെ  മരണം വരെ മനുഷ്യന്റെ കൂടെ തന്നെയുണ്ടാകും. അഞ്ജലി മേനോൻ സിനിമയായ ബാംഗ്ലൂർ ഡെയ്സ് പ്രേക്ഷകന് സമ്മാനിക്കുന്നത് അത്തരമൊരു ഓർമ്മക്കാലവും അതോടൊപ്പം ചില ഓർമ്മപ്പെടുത്തലുകളുമാണ്. 

അഞ്ജലി മേനോൻ  തന്റെ അഭിമുഖങ്ങളിൽ പല തവണ വെളിപ്പെടുത്തിയ കാര്യമാണ് തനിക്ക് ഗ്രാമങ്ങളോടും പഴയ തറവാടുകളോടുമുള്ള നിലക്കാത്ത ഗൃഹാതുരത. മഞ്ചാടിക്കുരുവിൽ പ്രതിധ്വനിച്ച ഗൃഹാതുരതയുടെ അത്രത്തോളം വരില്ലെങ്കിലും അതിൽ കുറച്ചെങ്കിലും തന്റെ പുതിയ സിനിമകളിലേക്ക് കൂടി പടർത്താൻ അഞ്ജലി മേനോൻ ശ്രമിക്കാറുമുണ്ട്. 'ബാംഗ്ലൂർ ഡെയ്സി'ൽ  നിവിൻ പോളി അവതരിപ്പിക്കുന്ന കൃഷ്ണൻ പി.പി അഥവാ കുട്ടൻ എന്ന കഥാപാത്രത്തിലൂടെയാണ് സംവിധായിക അത് സാധിച്ചെടുക്കുന്നത് എന്ന് പറയാം. ബാംഗ്ലൂരിൽ സോഫ്റ്റ്‌ വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുക എന്നത് കുട്ടന്റെ അമ്മയുടെ (കൽപ്പന) ആഗ്രഹമാണ്. കുട്ടനിഷ്ടം നാടും നാട്ടുകാരും തറവാടും വീട്ടുകാരുമായി ജീവിക്കുന്നതാണ്. ബാംഗ്ലൂരിലെ മുഷിവ്‌ സമയങ്ങളിൽ  കുട്ടന്റെ കണ്ണുകൾ നാട്ടിലെ പച്ചപ്പ്‌ നിറഞ്ഞ ഫോട്ടോകൾ നോക്കിയാണ് ഊർജ്ജം സംരംഭിക്കുന്നത്. എല്ലാ അവധി ദിവസങ്ങളിലും കുട്ടൻ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വണ്ടി കയറും.  ഗൃഹാതുരതയെ സ്നേഹിക്കുന്നവർക്ക് ഈ കുട്ടൻ കഥാപാത്രവും അയാളുടെ ഇത്തരം മാനറിസങ്ങളും നൽകുന്ന സന്തോഷം ചെറുതല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. 

സിനിമാ ലോകത്തേക്ക്  ഗൃഹാതുരത പടർത്തുന്ന സിനിമകളുമായി  ചേക്കേറിയ ഒരുപാട് സംവിധായകർ ഉണ്ടായിരിക്കാം. എല്ലാവരുടെയും പേരെടുത്ത് പറയുക ഒരൽപ്പം ബുദ്ധിമുട്ടാണെങ്കിലും മലയാളിക്ക് എന്നും ഓർക്കാൻ സൗകര്യ പ്രദമായ പേര് സത്യൻ അന്തിക്കാട് തന്നെയായിരിക്കും. ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ   ഏറ്റവും കൂടുതൽ സിനിമകൾ  സംവിധാനം ചെയ്തത് കൊണ്ടാകാം സത്യൻ അന്തിക്കാട് സാധാരണക്കാരന് അത്ര മേൽ പ്രിയങ്കരനായി തീർന്നത്.  സാധാരണക്കാരനെയും, അമാനുഷികനല്ലാത്ത നായകന്മാരെയും, കുടുംബിനികളായ നല്ല നടപ്പ് നായികമാരെയും, ഒരൽപ്പം കുശുമ്പും പുന്നായ്മയും കാണിക്കുന്ന സഹ നടിമാരെയും എന്ന് വേണ്ട പെരുമാറ്റത്തിൽ എല്ലാ തരം മിതത്വം  പാലിക്കുന്നതായ പല പല കഥാപാത്രങ്ങളെ അദ്ദേഹം തന്റെ സിനിമകളിലൂടെ ഒരു കാലത്ത് മലയാളിക്ക് സമ്മാനിക്കുകയുണ്ടായിട്ടുണ്ട്.  സത്യൻ അന്തിക്കാടിന്റെ കുത്തകയായിരുന്ന മേൽപ്പറഞ്ഞ എല്ലാ സിനിമാ സ്വഭാവ ശൈലീ വിശേഷങ്ങളും  കാലങ്ങൾക്കിപ്പുറം "മഞ്ചാടിക്കുരു" എന്ന ഒരൊറ്റ സിനിമ കൊണ്ട് അഞ്ജലി മേനോൻ റാഞ്ചിയെടുക്കുകയാണുണ്ടായത്  എന്ന നിരീക്ഷണം പ്രേക്ഷക സമൂഹത്തിലെ ചെറിയ ഒരു വിഭാഗത്തിനെങ്കിലും ശരി വക്കാൻ തോന്നിയാൽ തെറ്റ് പറയാനില്ല. 

എന്നാൽ സത്യൻ അന്തിക്കാടിന് പറ്റിയ തെറ്റ് അഞ്ജലിക്ക് പറ്റുന്നില്ല എന്നുള്ളിടത്താണ് അഞ്ജലി മേനോൻ വ്യത്യസ്തയാകുന്നത്. സമാന ഗ്രാമീണ കഥാ പശ്ചാത്തലത്തിൽ കൂടി വിവിധ കഥ പറയുന്നതല്ല മറിച്ച് വിവിധ കഥാ പശ്ചാത്തലത്തിൽ പുതിയ ഗ്രാമീണരുടെ  കഥ പറയുന്നതാണ് ഉചിതം എന്ന തിരിച്ചറിവ് അഞ്ജലി മേനോന് കിട്ടിയിട്ടുണ്ടായിരിക്കാം. കുട്ടന്റെ അമ്മ (കൽപ്പന) അതിന്റെ ഒരു മകുടോദാഹരണമാണ്. ഗ്രാമീണതയും തറവാടുമെല്ലാം  പഴഞ്ചനായി കാണുന്നവർ നഗരത്തിലുള്ളവരല്ല മറിച്ച് ഗ്രാമത്തിൽ ജീവിക്കുന്നവർ തന്നെയാണ് എന്ന്  കൽപ്പനയുടെ അമ്മ കഥാപാത്രത്തിലൂടെ സംവിധായിക വെളിപ്പെടുത്തുന്നുണ്ട്.  വിജയ രാഘവന്റെ അച്ഛൻ കഥാപാത്രത്തിലും കാണാം ഒരു ന്യൂ ജനറേഷൻ അച്ഛൻ ചിന്താഗതി. ഒരു കത്തെഴുതി വച്ച് കൊണ്ട് വീട് വിട്ട് സന്യാസത്തിനു പോകുന്ന പഴയ തലമുറയിലെ അച്ഛന്മാർക്ക് അപവാദമാണ് വിജയ രാഘവന്റെ അച്ഛൻ കഥാപാത്രം. ഒരു ഗ്രാമീണന്റെ / ഒരു ഗൃഹസ്ഥന്റെ വേഷം തന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ മുഷിവും മടുപ്പും മാത്രമാണ് നൽകിയിട്ടുള്ളത് എന്ന തിരിച്ചറിവാണ് അയാളെ ഗോവാ യാത്രക്ക് പ്രചോദിപ്പിക്കുന്നത്. അകാലത്തിലുള്ള അയാളുടെ ഈ ഒളിച്ചോട്ടവും അഭാവവും ന്യൂ ജനറേഷൻ അമ്മമാർക്ക് വലിയൊരു വിഷമമൊന്നും നൽകുന്നില്ല എന്ന് മാത്രമല്ല അതൊരു ആശ്വാസവും സ്വാതന്ത്ര്യവുമാകുന്നതായാണ്  കൽപ്പനയുടെ അമ്മ കഥാപാത്രം ബോധ്യപ്പെടുത്തി തരുന്നത്. ഇരു കൂട്ടരും  ആഗ്രഹിച്ചിരുന്നത് സ്വാതന്ത്ര്യവും സമാധാനവുമായിരുന്നെന്നു വ്യക്തമാക്കുന്നുവെങ്കിലും ആ ചിന്താഗതിയെ പൊതുവത്ക്കരിക്കാനോ ന്യായീകരിക്കാനോ സംവിധായിക ശ്രമിക്കുന്നില്ല. മറിച്ച് അങ്ങിനെയുള്ള ഗ്രാമീണരും ഉണ്ടെന്നുള്ള സൂചന മാത്രം തരുന്നു. 

സമൂഹത്തിന്റെ ചില മോശം പ്രവണതകളെ സിനിമ നന്നായി പരിഹസിക്കുന്നുണ്ട്. അതിലൊന്നാണ് ജ്യോതിഷം. വിശ്വാസം എന്നതിലുപരി ഇതിലൊക്കെയുള്ള അന്ധമായ വിശ്വാസങ്ങളെയും കപട ജ്യോത്സ്യന്മാരെയുമാണ്‌ സിനിമ പ്രധാനമായും ഉന്നം വക്കുന്നത്. ദിവ്യയുടെ അമ്മക്ക് (പ്രവീണ) ജ്യോത്സ്യത്തിലുള്ള അന്ധവിശ്വാസത്തെ മുതലെടുക്കുന്ന ജ്യോത്സ്യൻ ആണ് ദിവ്യക്ക്  (നസ്രിയ) കല്യാണ പ്രായമായെന്നും പെട്ടെന്ന് തന്നെ കെട്ടിച്ചു വിട്ടില്ലെങ്കിൽ പ്രശ്നമാകുമെന്നുള്ള സൂചന നൽകുന്നത്. പരിഹാരം ഒന്നുമില്ലേ എന്ന ചോദ്യത്തിന് പുള്ളി തന്നെ കണ്ടു പിടിച്ചു പറയുന്ന പരിഹാരമാർഗ്ഗങ്ങൾ ആണ് ദിവ്യയുടെ ഭാവി പഠനം എന്ന സ്വപ്നത്തെ ഹനിക്കുന്നത്. മലയാളിയുടെ കപട സദാചാര ബോധത്തെയും സംവിധായിക നർമ്മത്തിലൂടെ ചോദ്യം ചെയ്യുന്നുണ്ട്. ബാംഗ്ലൂർ ജീവിതവും അവിടത്തെ ആളുകളുടെ സംസ്ക്കാരവും മോശമാണ് എന്ന് ഘോര പ്രസംഗം നടത്തുന്ന കുട്ടൻ (നിവിൻ പോളി) ഒളി കണ്ണിലൂടെ കമിതാക്കളുടെ ചുംബന ലീലകൾ  നോക്കി കണ്ടു ആസ്വദിക്കുന്ന സീൻ തെല്ലൊന്നുമല്ല മലയാളി സാദാചാര പുംഗവൻമാരെ പരിഹസിക്കുന്നത്. മലയാളി തനിമയുള്ള പെണ്ണാണ് തന്റെ മനസ്സിലെ വധൂ സങ്കൽപ്പം എന്ന് തട്ടി വിടുമായിരുന്ന കുട്ടന് പിന്നീട് മീനാക്ഷി (ഇഷ തൽവാർ) എന്ന എയർ ഹോസ്റ്റസിനോട് തോന്നുന്ന ശാരീരിക കൌതുകം ഇന്നത്തെ മലയാളിയെ സംബന്ധിച്ച് എത്രത്തോളം പൊള്ളയായ വിലയിരുത്തലാണ് എന്ന് സിനിമ തന്നെ പിന്നീട് ബോധ്യപ്പെടുത്തി തരുന്നു. 

അജു (ദുൽഖർ സൽമാൻ) , ദിവ്യ (നസ്രിയ),  കുട്ടൻ (നിവിൻ പോളി) എന്നിവരുടെ കുട്ടിക്കാലം തൊട്ടേയുള്ള സൌഹൃദത്തെ മാത്രം അടിസ്ഥാനപ്പെടുത്തിക്കൊണ്ട്  തുടങ്ങുന്ന സിനിമ പിന്നീട് പലരുടെയും ജീവിതങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. അതിൽ എന്നും ഓർത്തിരിക്കാവുന്ന ഒരു കഥാപാത്രമാണ് പാർവ്വതി അവതരിപ്പിച്ച സാറ. നിന്റെ പുറകെ  നടക്കാനാല്ല നിന്റെ കൂടെ നടക്കാനാണ് എനിക്കിഷ്ടം എന്ന് സാറയോട് പറഞ്ഞു തുടങ്ങുന്ന അജുവിന്റെ പ്രണയം സ്ഥിരം സിനിമാ പ്രണയ സങ്കൽപ്പങ്ങളെ തകിടം മറിച്ചിടുകയാണ്. ജയരാജിന്റെ "സ്നേഹം" സിനിമയിൽ ജയറാം വികലാംഗയായ ജോമോളെ സ്വീകരിക്കുന്നുണ്ട്. പക്ഷെ അവർക്കിടയിൽ ഒരു പ്രണയം പങ്കു വക്കപ്പെടാനുള്ള  കഥാ സാഹചര്യമൊന്നും  ആ സിനിമയിൽ ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് അവരുടെ സമാഗമ രംഗങ്ങൾ ആർദ്രമായി അവസാനിപ്പിക്കാനേ ജയരാജിന് സാധിച്ചുള്ളൂ. എന്നാൽ ഇവിടെ അജു - സാറാ പ്രണയം തികഞ്ഞ വൈകാരികതയിൽ അവതരിപ്പിക്കാൻ സംവിധായികക്ക് സാധിച്ചു എന്ന് തന്നെ പറയാം.

തരുന്ന ഏതു വേഷവും മികച്ചതാക്കാൻ തങ്ങൾക്ക് സാധിക്കും എന്ന് ഉറപ്പ് തരാൻ പറ്റുന്ന മലയാളത്തിലെ മൂന്നു മികച്ച യുവ നടന്മാർ ആരാണെന്ന് ചോദിച്ചാൽ യാതൊരു സംശയവുമില്ലാതെ നമുക്ക് പറയാം.  ഫഹദ്, ദുൽഖർ, നിവിൻ പോളി. അത്  അടിവരയിട്ട് പറയുന്ന അവസാനത്തെ  സിനിമ കൂടിയാണ് ബാംഗ്ലൂർ ഡെയ്സ്. 

'തുടക്കം മാംഗല്യം പിന്നെ ജീവിതം' എന്ന് തുടങ്ങുന്ന ഗാനമൊഴിച്ച് മറ്റു ഗാനങ്ങളിലോ പശ്ചാത്തല സംഗീതത്തിലോ പ്രത്യേകിച്ചൊരു മികവ് കാണിക്കാൻ ഗോപീ സുന്ദറിനു സാധിച്ചിട്ടില്ല. ബാംഗ്ലൂർ ജീവിതത്തിലെ  മനോഹരമായ കാഴ്ചകൾ സിനിമക്കിടയിൽ കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട് എന്നതിലുപരി സമീർ താഹിറിനും കാര്യമായൊരു മികവ് പ്രകടിപ്പിക്കാൻ സാധിച്ചിട്ടില്ല. എന്നാലൊട്ട് മോശമാക്കിയതുമില്ല.
                                         
ബാംഗ്ലൂർ ഡെയ്സിലെ കഥയും കഥാഗതിയുമെല്ലാം പ്രവചിക്കാവുന്നത് തന്നെയായിരുന്നെങ്കിലും  അവതരണ മികവു കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും മാത്രമാണ്  സിനിമ വിജയം കൈവരിച്ചത്. പ്രവചനാതീതമായ ഒരേ ഒരു സംഗതി മാത്രമാണ് സിനിമ പ്രേക്ഷകന് മുന്നിൽ ചോദ്യ രൂപത്തിൽ സമർപ്പിക്കുന്നത്. കുട്ടന്റെ അച്ഛൻ (വിജയ രാഘവൻ) എന്തിനു വേണ്ടി ഒളിച്ചോടി ? അക്കാര്യം കുട്ടന്റെ അച്ഛന്റെ തന്നെ വളരെ രസകരമായ ഒരു കത്തെഴുത്തിലൂടെയാണ്  സിനിമ പങ്കു വക്കുന്നത്. തിരക്കഥാ രചനയിലുള്ള  അഞ്ജലി മേനോന്റെ മികവ് സംവിധാനത്തിലും നിറഞ്ഞു നിൽക്കുന്നുണ്ട്. അതൊന്നു കൊണ്ട് മാത്രമാണ് രണ്ടു മണിക്കൂർ അൻപത് മിനുട്ട് ദൈർഘ്യമുള്ള ബാംഗ്ലൂർ ഡെയ്സ് ബോറടിക്കാതെ കണ്ടിരിക്കാൻ പ്രേക്ഷകന് സാധിക്കുന്നത്. 

ആകെ മൊത്തം ടോട്ടൽ =  യുവ താരങ്ങളുടെ നീണ്ട നിരയും, അവരുടെ പ്രകടനമികവും, ബോറടിപ്പിക്കാത്ത രീതിയിലുള്ള കഥ പറച്ചിലുമാണ്  അഞ്ജലി മേനോന്റെ  ഈ സിനിമയിൽ എന്താണ് പുതുമ എന്ന ചോദ്യത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നത്. അത് കൊണ്ട് തന്നെ ബാംഗ്ലൂർ ഡെയ്സ് ഒരു clean entertainer film ആണെന്ന് പറയാം. 

* വിധി മാർക്ക്‌ = 7/10 

-pravin-