Tuesday, August 9, 2016

മാസ്സും ക്ലാസ്സുമല്ലെങ്കിലും 'കബാലി' നെരുപ്പ് ഡാ !

താര രാജാക്കന്മാരുടെ സിനിമക്ക് പ്രേക്ഷകർ നൽകുന്ന വൻ വരവേൽപ്പുകൾ ആ  സിനിമയുടെ ഗുണത്തെയോ നിലവാരത്തെയോ ആശ്രയിച്ചു കൊണ്ടല്ല ഒരു കാലത്തും ഉണ്ടായിട്ടുള്ളത്. ഇപ്രകാരം വരവേൽക്കപ്പെടുന്ന അവരുടെ സിനിമകളിലധികവും സൂപ്പർ ഹിറ്റുകളായി മാറുന്നുണ്ടെങ്കിലും അതിലൊന്നും വലിയ കഥയോ കാമ്പോ ഉണ്ടാകാറുമില്ല. അതിനർത്ഥം അവരുടെ  സിനിമകളെല്ലാം  മോശമാണ് എന്നുമല്ല. മറിച്ച്  കഥ -തിരക്കഥ- അവതരണ ശൈലി എന്നിവയുടെ പുതുമയേക്കാളും  മികവിനേക്കാളുമുപരി ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്ന സിനിമളാണ് നിർമ്മിക്കപ്പെടേണ്ടത് എന്ന ഒരു നിർബന്ധ ബുദ്ധി  കാലങ്ങളായി ഇവിടെ തുടരുന്നു എന്ന് വേണം മനസ്സിലാക്കാൻ. അപ്രകാരം സൂപ്പർ താരങ്ങളുടെ  പ്രകടനങ്ങൾക്ക് മാത്രമായി കോടികൾ മുടക്കി നിർമ്മിക്കപ്പെട്ട എത്രയോ സിനിമകൾ നമ്മൾ കണ്ടിട്ടുമുണ്ട്.  ഇന്ത്യൻ സിനിമാ ലോകത്തെ കാര്യം പറയുമ്പോൾ രജനീകാന്ത് സിനിമകൾക്ക് ഫാൻസും സാധാരണ പ്രേക്ഷകരുമെല്ലാം  നൽകിയിട്ടുള്ള ആർപ്പു വിളികളും വരവേൽപ്പുകളും വളരെ വലുതുതാണ്. സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ ആരാധകർ അദ്ദേഹത്തിന്റെ പടത്തിനു നേടിക്കൊടുക്കുന്ന സ്വീകാര്യതയും കൂടി കണക്കിലെടുക്കുമ്പോൾ ഒരു സാധാരണ രജനി സിനിമയിൽ നിന്ന് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാനുള്ള കാര്യങ്ങൾ ചെറുതല്ല താനും. സിനിമാ മേഖലയിൽ മാർക്കറ്റിങ്ങിൻറെ പ്രസക്തി താരതമ്യേന കുറവായിരുന്ന ഒരു കാലത്തു പോലും പ്രതീക്ഷകളോടെ വരവേൽക്കപ്പെട്ട രജനീകാന്ത് സിനിമകളെല്ലാം പ്രേക്ഷകരെ  ആവേശം കൊള്ളിച്ചിട്ടേയുള്ളൂ. ആ സ്ഥിതിക്ക് മാർക്കറ്റിങ്ങിന്റെ ഒരു വിധപ്പെട്ട സാധ്യതകളെല്ലാം കൂടിയ അളവിൽ തന്നെ ഉപയോഗിക്കപ്പെട്ട 'കബാലി' യെ പ്രേക്ഷകരും ഫാൻസും വരവേറ്റത് എത്ര മാത്രം മുൻവിധികളോടെയും പ്രതീക്ഷകളോടെയുമായിരിക്കാം  എന്ന് ഊഹിക്കാമല്ലോ. ഇവിടെ 'കബാലി' യുടെ മാർക്കറ്റിങ്ങിന്  സിനിമയെന്ന വ്യവസായത്തെ വിജയിപ്പിക്കാൻ സാധിച്ചുവെങ്കിലും ഫാൻസിനെയോ പ്രേക്ഷകരെയോ അവരുദ്ദേശിക്കുന്ന അളവിൽ തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നത് ഒരു വസ്തുത തന്നെയാണ്. അതേ സമയം സ്ഥിരം രജനീ സ്റ്റൈലുകളിൽ നിന്ന് മോചനം വാങ്ങിക്കൊടുത്തു കൊണ്ട് രജനീകാന്ത് എന്ന അവതാര താരത്തിനെ മനുഷ്യഗുണമുള്ള സാധാരണ നായകനാക്കി മാറ്റാനുള്ള കനത്ത ശ്രമങ്ങളും പരീക്ഷണങ്ങളും പാ രഞ്ജിത്ത് 'കബാലി'യിൽ  പ്രയോഗിച്ചു കാണുന്നുണ്ട്. യഥാർത്ഥത്തിൽ 'കബാലി' ഗൗരവകരമായ ഒരു ചർച്ച അർഹിക്കുന്നത് അവിടെ മാത്രമാണ്. 

രജനീകാന്ത് സിനിമകളിലെ അവിശ്വസനീയ രംഗങ്ങളെയും താരത്തിന്റെ അമാനുഷികതയെയും നിശിതമായി വിമർശിച്ചിരുന്നവർ പോലും 'കബാലി'യിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടിയില്ല എന്ന് സങ്കടം പങ്കിടുന്ന സാഹചര്യത്തിലാണ് രജനീകാന്ത് എന്ന നടനിൽ നിന്ന് സാധാരണക്കാരായ പ്രേഷകർ പ്രതീക്ഷിച്ചിരുന്ന 'കബാലി' എത്രത്തോളം അമാനുഷികവും നായക കേന്ദ്രീകൃതവുമായ ഒരു സിനിമയായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുക. ജരാനരകളോടെയുള്ള  രജനീകാന്തിന്റെ സ്റ്റൈലൻ മെയ്ക് ഓവറും, ഇടിവെട്ട് പശ്ചാത്തല സംഗീതവും, മാസ്സ് ഡയലോഗുമൊക്കെ ചേർന്ന സിനിമയുടെ ട്രെയിലർ ബഹുഭൂരിപക്ഷം പേരിലും ഉണ്ടാക്കിയെടുത്ത അമിത പ്രതീക്ഷകളാണ് കബാലിയുടെ ആസ്വാദനത്തിനിടെ കടന്നു വരുന്ന പ്രധാന വില്ലൻ. മഹത്തായ  കഥയോ തിരക്കഥയോ ഉള്ള സിനിമയാണ് കബാലി എന്ന അവകാശവാദം ഇന്നേ വരെ സിനിമയുടെ സംവിധായകനോ ഏതെങ്കിലും അണിയറ പ്രവർത്തകരോ പങ്കു വച്ച് കണ്ടിട്ടില്ലാത്ത സ്ഥിതിക്ക് നിലവിലെ കബാലി തന്നെയാണ് അവർ പ്രേക്ഷകർക്ക് തരാൻ ഉദ്ദേശിച്ചിരുന്ന കബാലി എന്ന് വിശ്വസിക്കുകയേ പാകമുള്ളൂ. 

രജനീകാന്തിനെ പോലെയുള്ള ഒരു താരത്തെ വച്ച് സിനിമ ചെയ്യുമ്പോൾ സംവിധായകന് പ്രേക്ഷകരോടുണ്ടാകുന്ന ബാധ്യത വളരെ വലിയൊരു റിസ്ക് തന്നെയാണ്. രജനീകാന്തിന്റെ താരമൂല്യത്തെയും അദ്ദേഹത്തിന്റെ ആരാധകരെയും മാത്രം പരിഗണിച്ചു കൊണ്ടുള്ള ഒരു സിനിമാ സൃഷ്ടിയിൽ സംവിധായകന്റേതായ ഒരു കൈയ്യൊപ്പ് പതിഞ്ഞു കൊള്ളണമെന്നില്ല എന്നിരിക്കെ ഈ റിസ്‌ക്കുകളെയെല്ലാം തന്റെ കരിയറിലെ ഒരു വെല്ലുവിളിയെന്നോളം പാ രഞ്ജിത്ത് കൈകാര്യം ചെയ്തു കാണാം കബാലിയിൽ. ബിംബവത്ക്കരിക്കപ്പെട്ട ഒരു താര രാജാവിനെ ആകാശത്തു നിന്നും മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന് മനുഷ്യനായി പെരുമാറാൻ ശീലിപ്പിച്ചു എന്നതാണ് കബാലിയിൽ ഒരു സംവിധായകനെന്ന നിലയിൽ പാ രഞ്ജിത്ത് കാണിച്ച ചങ്കൂറ്റം. രജനീകാന്തിന്റെ യഥാർത്ഥ പ്രായത്തെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരു കഥാപാത്രമായാണ് കബാലിയെ തുടക്കം മുതൽ ഒടുക്കം വരെ അവതരിപ്പിച്ചു കാണുക. പൂർണ്ണമായും ആരാധകരെ നിരാശപ്പെടുത്തേണ്ട എന്ന് കരുതിയായിരിക്കണം അമാനുഷികനല്ലാത്ത വിധം രജനിയെ കൊണ്ട് ആക്ഷൻ രംഗങ്ങൾ ചെയ്യിക്കാൻ സംവിധായകൻ തീരുമാനിച്ചത്. വയസ്സായിട്ടും തന്റെ ശക്തിയും സ്റ്റയിലും തന്നെ വിട്ടു പോയിട്ടില്ല എന്ന് സഹ കഥാപാത്രങ്ങളെ ബോധിപ്പിക്കാനും അത് വഴി കാണികളുടെ കൈയ്യടി വാങ്ങിപ്പിക്കാനുമൊന്നും പടയപ്പയിലെ പോലെ രജനീകാന്തിനെ കബാലിയിൽ ഉപയോഗിക്കുന്നില്ല എങ്കിലും ശാരീരിക ക്ഷമതയിൽ താൻ ഇപ്പോഴും വീക്കായിട്ടില്ല എന്ന് കാണിക്കാനായി ജയിലിൽ നിന്ന് ഇറങ്ങുന്ന കബാലിയെ കൊണ്ട് രണ്ടു പുൾ അപ്പ് ചെയ്യിപ്പിച്ച് കാണികളെ സമാധാനിപ്പിക്കാൻ രഞ്ജിത്തും ശ്രമിക്കുന്നുണ്ട്.

കബാലിയുടെ ജയിൽ മോചനത്തിനെ തുടർന്ന് വരുന്ന സീനുകളിൽ സിനിമ  ലാഗ് ആവശ്യപ്പെടുന്നെങ്കിലും രജനീ ഫാൻസിന് അത് മുഷിവായിരിക്കും സമ്മാനിക്കുക. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പ്രതികാരാർത്ഥം  ഓരോ വില്ലന്മാരെയും നിര നിരയായി കൊന്നൊടുക്കണം  എന്ന ക്ളീഷേയിലേക്ക്  കബാലി പോകുന്നില്ല. പകരം  ഇരുപത്തഞ്ചു വർഷം പുറകിലേക്ക് പോയി നഷ്ടപ്പെട്ട  ഭൂതകാലത്തെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന  നിസ്സഹായാനായ ഒരു കബാലിയെയാണ് കാണുക. പ്രതീക്ഷിച്ച പോലെയുള്ള രൗദ്ര ഭാവങ്ങളൊന്നും  കബാലിയിൽ കാണാൻ കഴിയുന്നില്ലല്ലോ എന്ന നിരാശ പല പ്രേക്ഷകരേയും പിടി കൂടുന്ന അതേ സീനുകളിൽ  തന്നെയാണ് താരപ്പകിട്ടിൽ  നിന്ന്  ഒരു നടനിലേക്കുള്ള രജനീകാന്തിന്റെ പ്രയാണം സിനിമയിൽ ആരംഭിക്കുന്നതും. അത് കൊണ്ട് തന്നെ മുൻകാല സിനിമകളിലൂടെ നമ്മുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠയാർജ്ജിച്ച രജനീ സ്റ്റയിലുകളും നടത്തവും ഡയലോഗ് പ്രസന്റേഷനുമൊക്കെ കബാലിയിൽ കാണാ കാഴ്ചകളായി മാറുകയും ചെയ്യുന്നു.  വൈ ബി സത്യനാരായണയുടെ മൈ ഫാദർ ബാലയ്യ വായിച്ചു കൊണ്ടിരിക്കുന്ന രജനിയുടെ ഇന്ട്രോവിലൂടെ ദളിത് സ്വത്വബോധത്തിന്റെ ഉശിരൻ പ്രതിരൂപമായാണ് കബാലിയെ കാണിക്കുന്നത് എന്നോർക്കുക. സ്ഥിരം ഗാങ്സ്റ്റർ പോരാട്ടങ്ങളെ മലേഷ്യൻ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു എന്ന ആക്ഷേപം ശരി വക്കുമ്പോഴും കബാലി തൊടുത്തു വിടുന്ന ചില രാഷ്ട്രീയ വെളിപാടുകളെ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളിൽ  ഗൗനിക്കാതിരിക്കാനാകില്ല.  കറുപ്പ് തൊലിയുള്ള മനുഷ്യരോടും  തൊഴിലാളികളോടുമൊക്കെയുള്ള മേലാളന്മാരുടെ സമീപനങ്ങളെ എതിരിട്ടു സംസാരിക്കുകയും ഏത് നാട്ടിലേക്ക് കുടിയേറിയാലും സ്വന്തമായി മറ്റൊന്നുമില്ലെങ്കിലും ജാതീയത കൂടെ കൂട്ടുന്ന പ്രവണതയെ പരിഹസിക്കുകയുമൊക്കെ ചെയ്യുന്നു ഈ   കബാലി. 

രജനീ സിനിമകളിലെ സ്ഥിരം  സ്ത്രീ സങ്കൽപ്പങ്ങളെയും സംവിധായകൻ മാറ്റിയെഴുതുന്നുണ്ട് ഇവിടെ. നായകന് ചുറ്റും പാട്ടു പാടി ഡാൻസ് ചെയ്യാനായി മാത്രം നൂലിൽ കെട്ടിയിറക്കുന്ന നായികാ കഥാപാത്രങ്ങളോ, ശക്തമെന്നു തോന്നിപ്പിക്കുകയും ഒടുക്കം നായകൻറെ മുന്നിൽ തോറ്റു പോകാനും സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞു നായകൻറെ  കാൽ പിടിച്ചു കരയാനുമൊക്കെയായി  നിയോഗിക്കപ്പെടുന്ന മറ്റു സ്ത്രീ കഥാപാത്രങ്ങളോ ഒന്നും തന്നെ  കബാലിയുടെ കഥാപാരിസരത്തു പോലും പ്രത്യക്ഷപ്പെട്ടു കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്. കബാലീ  പത്നി കുമുദ വല്ലിയും, മകൾ യോഗിയുമെല്ലാം വേറിട്ട കഥാപാത്ര വ്യക്തിത്വങ്ങളായി അനുഭവപ്പെടുത്തുന്നു എന്ന് മാത്രമല്ല യഥാർത്ഥത്തിൽ കബാലിയുടെ ശക്തി പോലും അവരാണ് എന്ന് ബോധ്യപ്പെടുത്തി തരുന്നുണ്ട് പല സീനുകളും. ചെറിയ വേഷമെങ്കിലും ഋത്വിക അവതരിപ്പിക്കുന്ന മീന എന്ന കഥാപാത്രത്തിന് പോലുമുണ്ട് 'കബാലി' യിൽ തന്റേതായ കഥാപാത്ര സ്വാധീനം. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ സീനിൽ മാത്രമുണ്ട് രാധികാ ആപ്‌തെ എന്ന നടിയെ അഭിനന്ദിക്കാനായി ഒരുപാട് കാര്യങ്ങൾ. രജനീകാന്തിന്റെ സ്‌ക്രീൻ പ്രസൻസിനെയും മറി കടന്നു കൊണ്ട് രാധികാ ആപ്തെ സിനിമയിൽ പലയിടത്തും സ്‌കോർ ചെയ്യുകയാണ്.കബാലിയെന്ന നായകനെക്കാൾ കബാലിയെന്ന അച്ഛനെയും ഭർത്താവിനെയുമൊക്കെ ഭംഗിയായി അവതരിപ്പിക്കാനാണ് പാ രഞ്ജിത്ത് രജനീകാന്തിനോട് ആവശ്യപ്പെട്ടതെന്ന് ബോധ്യമാക്കി തരുന്നുണ്ട് പല സീനുകളും.

ഒരു വേള  സിനിമയുടെ ടൈറ്റിൽ കഥാപാത്രത്തെയും  മറി കടന്നു  കൊണ്ട് ധൻസികയുടെ യോഗി എന്ന കഥാപാത്രം സിനിമയെയും കബാലിയേയും മൊത്തത്തിൽ ഏറ്റെടുക്കുന്നത് കാണാം. തീക്ഷ്ണമായ നോട്ടങ്ങളും ഭാവങ്ങളും ചലനങ്ങളും കൊണ്ട്  ഇവൾ കബാലിയുടെ മകൾ തന്നെ എന്ന് വിശ്വസിപ്പിക്കുന്ന പ്രകടനം തന്നെയായിരുന്നു ധൻസികയുടേത്.  എത്ര തവണ, എത്ര നേരം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നു എന്ന് നോക്കിയല്ല ഈ സിനിമയിലെ സഹകഥാപാത്രങ്ങൾ പ്രാധാന്യം നേടുന്നത്; മറിച്ച്  വന്നു പോകുന്ന സമയത്തു പ്രാധാന്യമർഹിക്കും വിധം അവർ  തങ്ങളുടെ കഥാപാത്രങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നതിലൂടെയാണ്. അതിലേറ്റവും എടുത്ത് പറയേണ്ടത് തുടക്കത്തിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് കണക്കെ കബാലിയുടെ കൂടെ കൂടുന്ന ജീവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിനേശ് രവിയുടെ രസികൻ പ്രകടനത്തെ കുറിച്ചാണ്. ഇപ്രകാരം ഓരോ കഥാപാത്രങ്ങൾക്കും സിനിമയിൽ അവരുടേതായ  സ്ഥാനം ഉണ്ട് എന്നത് കൊണ്ട് തന്നെ 'കബാലി' രജനീകാന്തിനു വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട ഒരു സിനിമയല്ലാതായി മാറുന്നു.  

മലേഷ്യയിലെ  ഗാങ്സ്റ്റർ പോരാട്ടങ്ങൾ കുപ്രസിദ്ധമാണ് എന്നിരിക്കെ സിനിമയിലേത് വെറും കാൽപ്പനിക ഗാങ്സ്റ്റർ പോരാട്ടങ്ങളായി മാത്രം വിലയിരുത്തേണ്ടതില്ല. അത് കൊണ്ട് തന്നെ കബാലിയിലെ അധോലകത്തെ  ഏറെക്കുറെ റിയലസ്റ്റിക്ക് എന്ന് വ്യാഖ്യാനിച്ചാലും തെറ്റ് പറയാനില്ല. ടോണി ലീ എന്ന പ്രധാന വില്ലൻ കഥാപാത്രം വിൻസ്റ്റണിൽ വേണ്ടത്ര ഭദ്രമായിരുന്നില്ലെങ്കിലും പ്രധാന വില്ലനെ കവച്ചു വക്കും വിധം വീരകേസരൻ എന്ന സഹ വില്ലൻ കഥാപാത്രത്തെ കിഷോർ ശക്തമായി അവതരിപ്പിച്ചു കാണാം.  മുൻകാല രജനി സിനിമകളിലൊക്കെ  വില്ലൻമാർ  ശക്തരായാലും അവരൊന്നും  രജനിയുടെ കഥാപാത്രത്തിന്റെ ജീവന് ഭീഷണിയായി നിലനിൽക്കുന്ന ഒരവസ്ഥ ഉണ്ടാകാറില്ല എന്ന് മാത്രമല്ല കാണുന്ന പ്രേക്ഷകന് തന്നെ ഊഹിക്കാം പ്രിയ നടന് ഒരു പോറൽ പോലും ഏൽക്കില്ലെന്ന്. ഒരു ശരാശരി പ്രേക്ഷകന്റെ ഈ ഒരു ചിന്താഗതിക്ക് വെല്ലുവിളിയാണ് കബാലിയിലെ കഥാസാഹചര്യങ്ങൾ. തുടക്കം മുതൽ ഒടുക്കം വരെ കബാലി എന്ന നായക കഥാപാത്രം കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഏതു നിമിഷവും കബാലി കൊല്ലപ്പെടാം എന്ന ഭീതി പ്രേക്ഷകനിൽ ഉണ്ടാക്കിയെടുക്കാൻ  സാധിച്ചത് സംവിധായകന്റെ വിപ്ലവകരമായ ഒരു വിജയമായി കരുതേണ്ടി വരുന്നു. രജനീകാന്തിന്റെ കഥാപാത്രത്തിനെ ഒരു  പോറൽ പോലും സംഭവിക്കാതെ തുടക്കം മുതൽ ഒടുക്കം വരെ അവതരിപ്പിച്ചു കാണിക്കണം എന്ന  നിർബന്ധ ബുദ്ധിയെ വെല്ലുവിളിക്കുമ്പോഴും രജനിയെന്ന താരരാജാവിനെ ഒട്ടും പരിഗണിക്കാതിരിക്കാനും  സംവിധയാകന് സാധിച്ചിട്ടില്ല എന്ന് ബോധ്യമാക്കി തരുന്നതാണ് ക്ലൈമാക്സ് സീനുകളിലെ നായകൻറെ വൺ മാൻ ഷോ വെടിവെപ്പും കൂട്ടക്കുരുതിയുമെല്ലാം. 

സന്തോഷ് നാരയണന്റെ  സംഗീതം കബാലിക്ക് നെരുപ്പു മാത്രമല്ല സമ്മാനിക്കുന്നത്. 'മായാ നദി..' എന്ന് തുടങ്ങുന്ന പാട്ട് അത് തെളിയിച്ചു തരുന്നുണ്ട്. കഥാ സാഹചര്യത്തിന് അനുസരിച്ച് ശാന്തമായും രൗദ്രമായും ആർദ്രമായുമെത്തുന്ന പശ്ചാത്തല സംഗീതം സിനിമയിലെ ചില ഘട്ടങ്ങളിലെ വിരസതയെ  മായ്ച്ചു കളയുന്നുമുണ്ട്. 

ആകെ മൊത്തം ടോട്ടൽ = അമിത പ്രതീക്ഷകളില്ലാതെ കണ്ടാൽ നിരാശപ്പെടില്ല എന്ന് മാത്രമല്ല താരപ്പകിട്ടില്ലാത്ത രജനിയെ  നന്നായി  ആസ്വദിക്കാനുമാകും. ക്ളീഷേകൾ ഒരുപാടുണ്ടെങ്കിലും ക്ളീഷേ മാത്രമുള്ള സിനിമയല്ല കബാലി. രജനീകാന്തിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം എന്ന നിലക്ക് തന്നെയാണ് കബാലി കൂടുതൽ ആകർഷിക്കപ്പെടുന്നത്. മാസ്സും ക്ലാസ്സുമല്ലെങ്കിലും കബാലി നെരുപ്പാകുന്നതും അത് കൊണ്ട് തന്നെ. 

*വിധി മാർക്ക് = 6.5/10 
-pravin-