Monday, December 12, 2022

ത്രില്ലടിപ്പിക്കുന്ന 'കൂമൻ' !!


കൂമൻ എന്ന പേര് ഈ സിനിമക്ക് എല്ലാ തലത്തിലും അനുയോജ്യമായ ടൈറ്റിൽ ആണ്. ശബ്ദമുണ്ടാക്കാതെ പറക്കാൻ സാധിക്കുന്ന, രാത്രി മാത്രം ഇര പിടിക്കാനിറങ്ങുന്ന പക്ഷി എന്നതിനേക്കാളുപരി കൂമന് പൊതുവെ ദുരൂഹമായ ഒരു പക്ഷി പരിവേഷമാണുള്ളത്. കൂമന്റെ സ്വഭാവ സവിശേഷതകളും ദുരൂഹതകളുമൊക്കെ സിനിമയുടെ കഥാപരിസരവുമായി അത്ര മേൽ ബന്ധപ്പെട്ടു കിടക്കുന്നു.

ചെറിയ കാര്യങ്ങൾക്ക് പോലും മനസ്സിൽ പക സൂക്ഷിക്കുകയും തരം കിട്ടുമ്പോൾ പക വീട്ടുകയും ചെയ്യുന്ന മനുഷ്യരുടെ മാനസികനില അപകടം നിറഞ്ഞതാണ്. അങ്ങിനെ പ്രതികാര ബുദ്ധിയുമായി നടക്കുന്നത് ഒരു പോലീസുകാരൻ കൂടി ആണെങ്കിൽ അയാൾക്ക് എന്തും ചെയ്യാൻ സാധിക്കും. ഒരു ക്രിമിനലിനേക്കാൾ പേടിക്കണം ക്രിമിനൽ ബുദ്ധിയുള്ള പോലീസുകാരനെ എന്ന് ബോധ്യപ്പെടുത്തി തരുന്നു 'കൂമൻ' .

ഒരു പോലീസ് കഥയെന്നോണം തുടങ്ങി നായക കഥാപാത്രത്തിന്റെ സ്വഭാവവുമായി ബന്ധപ്പെടുത്തി കൊണ്ട് കഥ പറഞ്ഞു പോകുന്നിടത്ത് നിന്ന് പൊടുന്നനെ സിനിമ നമ്മൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെ ഒരു പോക്കാണ്. ഇന്റർവെൽ വരെ നമ്മളെ ത്രില്ലടിപ്പിച്ച സീനുകളിൽ നിന്ന് മാറി ഇന്റെർവെല്ലിന് ശേഷം കഥ മറ്റൊരു ട്രാക്കിലേക്ക് കൂടി കയറുകയാണ്. അവിടെ കഥാനായകന് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഇരട്ടിക്കുന്നു. അതോടൊപ്പം സിനിമയുടെ ലെവലും മാറുന്നു.
വില്ലൻ ആരാണ് അല്ലെങ്കിൽ എന്തായിരിക്കാം കൊലപാതകങ്ങൾക്ക് പിന്നിലെ കാരണം എന്ന സസ്പെൻസിനേക്കാൾ പ്രാധാന്യം കഥ പറഞ്ഞവതരിപ്പിക്കുന്ന രീതിക്കാണ്. കണ്ടു ശീലിച്ച സാധാരണ പോലീസ് കുറ്റാന്വേഷണ കഥയിൽ നിന്ന് മാറിയുള്ള കഥ പറച്ചിൽ തന്നെയാണ് കൂമന്റെ ആസ്വാദനം ഇരട്ടിപ്പിക്കുന്നത്.
സിനിമയിലെ പ്രധാന കഥാപരിസരമായ 'ഇരുട്ടി'ൽ ആസിഫ് അലിയുടെ ഗിരിക്കൊപ്പം നമ്മളെയും കൊണ്ട് നിർത്തുന്നു സംവിധായകൻ. ഇരുട്ടിന്റെ ദുരൂഹതയെയും ഇരുട്ടിലെ അന്വേഷണാത്മകതയെയും അതി ഗംഭീരമായി സമന്വയിപ്പിക്കുന്ന ഛായാഗ്രഹണമികവുണ്ടായിരുന്നു സതീഷ് കുറുപ്പിന്റെ കാമറ കണ്ണുകൾക്ക്. വിഷ്ണു ശ്യാമിന്റെ BGM കൂമന്റെ ചങ്കിടിപ്പായി.
സ്വഭാവ സവിശേഷതകൾ ഉള്ളതും നെഗറ്റിവ് ഷെയ്ഡുള്ളതുമായ ഗിരി എന്ന പോലീസ് കഥാപാത്രം ആസിഫ് അലിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി വിലയിരുത്താം. മണിയൻ എന്ന കള്ളൻ കഥാപാത്രത്തെ ജാഫർ ഇടുക്കിയും മികവുറ്റതാക്കി. ഒരു കള്ളൻ എന്താണ് എങ്ങിനെയാണ് എന്നൊക്കെയുള്ള മണിയന്റെ വിവരണ സീനുണ്ടല്ലോ അതൊക്കെ ജാഫർ ഇടുക്കിയുടെ കൈയ്യടിക്കേണ്ട പ്രകടനങ്ങൾ എന്ന് തന്നെ പറയാം.
ആകെ അന്ധവിശ്വാസവും ദുർമന്ത്രവാദവുമൊക്കെ ഒരു സമൂഹത്തിൽ സൃഷ്ടി മൊത്തം ക്കുന്ന ഭീകരതയെ ഇരുളിന്റെ സ്‌ക്രീനിൽ കാണിച്ചു തരുന്ന സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധേയമാണ് ജിത്തു ജോസഫിന്റെ 'കൂമൻ'. സമകാലീന കേരളത്തിൽ കൂമൻ വെറും സിനിമാ കാഴ്ച മാത്രമല്ലാതാകുന്നു.

*വിധി മാർക്ക് = 8/10

-pravin-

Saturday, December 10, 2022

ആക്ഷൻ ഷീറോ ജയ!!


ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനിന്റെ ക്ലൈമാക്സ് സീൻ ഓർത്തു പോകുന്നു.. തനിക്ക് കംഫർട്ട് അല്ല എന്ന് തോന്നിയ ഒരിടത്ത് നിന്ന് അഥവാ ഒട്ടും യോജിക്കാനാകാത്ത ഒരു പാട്രിയാർക്കി സിസ്റ്റത്തിൽ നിന്ന് സ്വയമേ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ട് അന്തസ്സോടെ ഇറങ്ങി നടക്കുന്ന നായിക.

അവളുടെ ആ ഇറങ്ങി നടപ്പ് സീനിന് കൈയ്യടി വാങ്ങി കൊടുക്കുമ്പോഴും അതിന്റെ പശ്ചാത്തലത്തിൽ ജിയോ ബേബി വരച്ചിടുന്ന ഒരു യാഥാർഥ്യം ഉണ്ട്. കേവലം ഒരു നായികയുടെ നിലപാട് കൊണ്ട് മാത്രം മാറ്റം ഉണ്ടാക്കാവുന്ന സമൂഹമല്ല നമ്മുടേത്. പശ്ചാത്തലത്തിൽ അപ്പോഴും മേൽപ്പറഞ്ഞ സിസ്റ്റത്തിൻറെ ഭാഗമായി വീർപ്പു മുട്ടുന്ന സ്ത്രീ കഥാപാത്രങ്ങളെ കാണാം.
'ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനി'ലെ നിമിഷ സജയന്റെ കഥാപാത്രം നടന്ന് നീങ്ങുന്നതിന് പിന്നാലെ തന്നെയാണ് 'ജയ ജയ ജയ ജയഹേ' യിലെ ജയഭാരതിയും ഇറങ്ങി നടക്കുന്നത്. ആ ഇറങ്ങി നടപ്പിന്റെ ഭംഗിയും ശൗര്യവും ആവർത്തന വിരസമാകാത്ത വിധം പറഞ്ഞവതരിപ്പിക്കാൻ വിപിൻ ദാസിനു സാധിച്ചിട്ടുണ്ട്.
വടക്കു നോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള പോലുള്ള സിനിമകളിൽ നമ്മളെ ചിരിപ്പിച്ചിട്ടുള്ള പല സീനുകളുമുണ്ട്. പക്ഷെ ആ സീനുകളിലെ ഭീകരതയെ വേണ്ട വിധം ചർച്ച ചെയ്തിട്ടില്ല. പകരം തളത്തിൽ ദിനേശനും വിജയൻ മാഷുമൊക്കെ ഭാര്യമാരോട് ചെയ്ത ക്രൂരതകൾ സ്‌ക്രീനിലെ എന്റർടൈൻമെന്റ് ആയി മാറി. ഇരകൾ എന്ന നിലക്കുള്ള സിമ്പതി പിടിച്ചു പറ്റുന്ന സീനുകൾ പോലും ശോഭക്കോ ശ്യാമളക്കോ ഇല്ല. പക്ഷേ ദിനേശനും വിജയൻ മാഷിനും ആ സെന്റിമെൻസ് നേടി കൊടുക്കുന്നുമുണ്ട്.

സ്ത്രീപക്ഷമെന്ന് തോന്നിപ്പിക്കുന്ന പല സിനിമകളിലും നായകന്റെ ഇമേജിന് അനുകൂലമായ കഥാ സാഹചര്യങ്ങൾ ഉണ്ടാക്കി എടുക്കുക മാത്രമാണ് പൊതുവേ ചെയ്യാറുണ്ടായിരുന്നത്. എന്നാൽ കുമ്പളങ്ങിയിലെ ഷമ്മി അക്കാര്യത്തിൽ ഒരു വിപ്ലവം സൃഷ്ടിച്ചു. സിമ്മി ഒരു മാതൃക കാണിച്ചു തന്നു.
ഇവിടെ ജയഭാരതിയൊക്കെ ഓളം ഉണ്ടാക്കുന്നത് അതിന്റെ ഒരു തുടർച്ചയാണ് എന്ന് പറയാതെ വയ്യ. ഗാർഹിക പീഡനങ്ങൾ ഒരു കോമഡി പശ്ചാത്തലത്തിൽ അവതരിപ്പിക്കേണ്ടതുണ്ടോ എന്ന ശങ്കയിലാണ് സിനിമയുടെ ഒരു ഭാഗം വരെ കണ്ടതെങ്കിലും പിന്നീട് വിഷയം നന്നായി തന്നെ കൈകാര്യം ചെയ്തത് കണ്ടപ്പോൾ ഇഷ്ടപ്പെടുകയാണുണ്ടായത്.
ബേസിൽ, ദർശന ഒരു രക്ഷേം ഉണ്ടായിരുന്നില്ല. രണ്ടു പേരുടെയും ട്രാൻസ്ഫോർമേഷൻ സീനുകളെല്ലാം മികച്ചു നിന്നു. അസീസ്, സുധീർ, ആനന്ദ് മന്മഥൻ അടക്കമുള്ളവരുടെ പ്രകടനവും എടുത്തു പറയാം. അമ്മമാരായി അഭിനയിച്ചവരെയൊന്നും ചത്താലും മറക്കില്ല. അജ്ജാതി പൊളി ടീമുകൾ .
രസകരമായി പറഞ്ഞവതരിപ്പിക്കുമ്പോഴും പറയുന്ന വിഷയത്തിന്റെ ഗൗരവം ചോർന്നു പോകാത്ത വിധം കാണുന്നവരിലേക്ക് എത്തിക്കാൻ സിനിമക്ക് സാധിച്ചു എന്ന് പറയാം. മഞ്ജു പിള്ളയുടെ ജഡ്ജ് വേഷമൊക്കെ അതിന്റെ ഫലം ഇരട്ടിയാക്കി.
ആകെ മൊത്തം ടോട്ടൽ = പാട്രിയാർക്കി ഫാൻസിന്റെ നാഭിക്ക് തന്നെയിട്ട് ചവിട്ടുന്ന സിനിമ എന്ന നിലക്ക് ഇനി കുറച്ചു കരച്ചിലും നിലവിളികളുമൊക്കെ ചിലപ്പോ കേൾക്കുമായിരിക്കും. ആ നിലവിളി ശബ്ദം ഇനിയും മുഴങ്ങട്ടെ. പടം പൊളിയാണ്.

*വിധി മാർക്ക് = 8/10

-pravin-

Thursday, December 8, 2022

ആദ്യ പകുതിയെ അതിജീവിച്ചാൽ രണ്ടാം പകുതി ആസ്വദിക്കാം!!


ആറാട്ട് സിനിമ കണ്ടതിൽ പിന്നെ ഒരു വല്ലാത്ത സഹന ശക്തി കിട്ടിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. മിഥുനത്തിലെ വിഖ്യാതമായ ഇന്നസെന്റിന്റെ ആ നിൽപ്പും മുഖഭാവവും ഉണ്ടല്ലോ. അതാണ് ഇപ്പോഴത്തെ മോഹൻ ലാൽ സിനിമകൾ കാണാൻ തുടങ്ങുമ്പോഴുള്ള മ്മടെ ഒരു ആറ്റിട്യൂഡ്. എന്താച്ചാ വരട്ടെ എന്ന് സാരം.

മോഹൻ ലാലിന്റെ ലക്കി സിംഗ് അപാര വെറുപ്പിക്കൽ ആയിരുന്നു. ആദ്യ പകുതിയിൽ ലക്കി സിംഗിന്റെ കോമാളി കളിക്ക് വേണ്ടി മാത്രം വെറുതേ എഴുതിയുണ്ടാക്കിയ സീനുകൾ. അതൊക്കെ സഹിക്കാൻ സാധിക്കുന്ന പക്ഷം രണ്ടാം പകുതി തൊട്ട് മോൺസ്റ്റർ ആസ്വദിക്കാം. അങ്ങിനെയാണ് ഈ പടത്തിന്റെ ഒരു സെറ്റപ്പ്.

LGBTQ content സിനിമയിലേക്ക് കണക്ട് ചെയ്തതൊക്കെ നന്നായി തോന്നി. ആ ഒരു വിഷയത്തെ പ്രമേയവത്ക്കരിക്കുമ്പോഴും LGBTQ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച കഥാപാത്രങ്ങളെ നെഗറ്റീവ് ഷെയ്ഡിൽ കൊണ്ട് പോയി നിർത്തിയ കഥയായി മോൺസ്റ്ററിന്റെത്.
ക്രൈം ആര് ചെയ്താലും ക്രൈം തന്നെയാണ് അതിനൊക്കെ നിയമപരമായ ശിക്ഷ കിട്ടുക തന്നെ വേണം എന്ന പോയിന്റിൽ ആ വിമർശനത്തിന് പ്രസക്തി ഇല്ലാതാക്കാൻ പറ്റുമായിരിക്കും. അപ്പോഴും ഉയരുന്ന ഒരു ചോദ്യമുണ്ട് അവർക്ക് നിയമപരിരക്ഷയും നീതിയും കിട്ടാതെ പോയ ഒരു സമൂഹത്തിൽ ഏത് നിയമത്തെയും സിസ്റ്റത്തേയുമാണ് അവർ വിശ്വസിക്കേണ്ടത്?
സിനിമ കൈകാര്യം ചെയ്ത വിഷയം പ്രസക്തമാണ്. LGBTQ വിനെ അഡ്രസ്സ് ചെയ്തു സംസാരിക്കുമ്പോഴും നായകൻ തല്ലി ജയിച്ചാലെ പടം ഗുമ്മാകൂ എന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുകയാണ് സിനിമ.
ആകെ മൊത്തം ടോട്ടൽ = രണ്ടാം പകുതിയിലെ ട്വിസ്റ്റുകളും നായികമാരുടെ പ്രകടനവുമൊക്കെ 'മോൺസ്റ്ററി'ൽ നിന്ന് പ്രതീക്ഷിക്കാതെ കിട്ടിയ ബോണസ് ആയി. ക്ലൈമാക്സ് ഫൈറ്റ് സീനും കൊള്ളാം.മോൺസ്റ്റർ മോഹൻ ലാലിന്റെ പടമാണെന്ന് പറയുമായിരിക്കും. പക്ഷേ പടം കണ്ടു തീരുന്നിടത്ത് ഇതൊരു മോഹൻ ലാൽ പടം അല്ലേ അല്ല. ഹണി റോസ് -ലക്ഷ്മി മാഞ്ചുമാരുടെ സിനിമ മാത്രമാണ്. ഈ സിനിമയിൽ അവരാണ് ഞെട്ടിച്ചത്. Well performed. 'മോൺസ്റ്റർ' ഒരു 'ആറാട്ട്' ആയില്ല എന്നതാണ് ആശ്വാസം.

*വിധി മാർക്ക് = 5/10
-pravin-

Tuesday, December 6, 2022




ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും അതിലേറെ ഗോത്ര ദൈവ വിശ്വാസങ്ങളുടേയുമൊക്കെ സ്വാധീനമുള്ള ഒരു കഥയെ മികച്ച രീതിയിൽ അതും എല്ലാവർക്കും മനസ്സിലാകും വിധം തന്നെ പറഞ്ഞവതരിപ്പിക്കുന്നുണ്ട് കാന്താരയിൽ.

അത്ഭുതങ്ങളും നിഗൂഢതകളും നിറഞ്ഞു നിൽക്കുന്ന ഒരു മഹാ പ്രപഞ്ചം പോലെ കാടിനെയും ഇരുട്ടിനേയുമൊക്കെ സിനിമയിൽ ഭംഗിയായി വരഞ്ഞിടുന്നു. തുളുനാടിന്റെ സംസ്കാരവും വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളുമൊക്കെ നിറഞ്ഞു നിൽക്കുന്ന സിനിമ എന്ന് തന്നെ പറയാം.

കിഷോർ, സപ്തമി ഗൗഡ, അച്യുത് കുമാർ അടക്കമുള്ളവരുടെ കഥാപാത്ര പ്രകടനങ്ങൾ മികച്ചു നിൽക്കുമ്പോൾ പോലും ഋഷഭ് ഷെട്ടിയുടെ പ്രകടനം പ്രത്യേകമായി എടുത്തു പറയേണ്ടി വരുന്നു.
അവസാന 20 മിനുറ്റ് എന്നത് സിനിമയെ സംബന്ധിച്ചും ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ സംബന്ധിച്ചും ഒരു പോലെ മാസ്മരികമാണ്. അത്ര മേൽ അതി ഗംഭീരവും അത്യുജ്ജലവുമായ ക്ലൈമാക്സ്‌ സീൻ. സമീപ കാലത്ത് ഒരു നായക നടനും സാധിച്ചിട്ടില്ലാത്ത വിധം സ്ക്രീൻ സ്‌പേസ് കൈയ്യേറുന്നു ഋഷഭ് ഷെട്ടി.
ഒറ്റ വരിയിൽ പറയുമ്പോൾ അത്ര പുതുമ തോന്നിക്കാത്ത പഴയ അതേ ജന്മി -അടിയാളൻ സംഘർഷ കഥയെ ഐതിഹ്യവും പുരാണവും പ്രാദേശികതയിൽ അലിഞ്ഞു കിടക്കുന്ന വിശ്വാസ പ്രമാണങ്ങളുമൊക്കെയായി ബന്ധിപ്പിച്ചു കൊണ്ട് ത്രസിപ്പിക്കുന്ന ശബ്ദ ദൃശ്യ മികവോടെ പറഞ്ഞവതരിപ്പിക്കുന്നിടത്താണ് കാന്താരയുടെ തിയേറ്റർ ആസ്വാദനം.
കെട്ടുറപ്പുള്ള തിരക്കഥയും മികവുറ്റ സംവിധാനവും എനർജറ്റിക്ക് പ്രകടനവും കൊണ്ട് ഋഷഭ് ഷെട്ടി എല്ലാ തലത്തിലും ആടി തിമിർക്കുന്ന സ്ക്രീൻ കാഴ്ചയുടെ പേരാണ് കാന്താര എന്ന് പറഞ്ഞാലും തെറ്റില്ല.
നരബലിയും അന്ധവിശ്വാസവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് ഇത്തരമൊരു സിനിമയിൽ വിമർശിക്കപ്പെടാൻ പലതും കണ്ടെത്താനാകുമായിരിക്കും. പക്ഷേ അതിനെല്ലാം അപ്പുറമാണ് കാന്താരയുടെ theatre experience എന്നത് പറയാതെ വയ്യ. Dont miss it!!

ആകെ മൊത്തം ടോട്ടൽ =  കിടിലൻ മേയ്ക്കിങ്.. തിയേറ്ററിൽ തന്നെ കാണേണ്ട പടം..Cinematography, Choreography, Sound Design, Music, Stunt, Frames, Character Performances എല്ലാം ഒന്നിനൊന്നു മെച്ചം .

*വിധി മാർക്ക് = 8/10

-pravin-