Thursday, February 29, 2024

അധികാര ലഹരിയുടെ ഭീകരത !!


വ്യത്യസ്തമായ കഥ പറഞ്ഞു പോകുന്ന സിനിമയേക്കാൾ, പറയുന്ന കഥയെ വ്യത്യസ്തമായി പറഞ്ഞവതരിപ്പിക്കുന്ന സിനിമക്കാണ് കൂടുതൽ ആസ്വാദന സാധ്യതകളുള്ളത് . രാഹുൽ സദാശിവന്റെ 'ഭ്രമയുഗം' ആ തലത്തിൽ ഭ്രമിപ്പിക്കുന്ന ഒരു തിയേറ്റർ എക്സ്പീരിയൻസാണ് എന്ന് പറയാം.

ഒറ്റ നോട്ടത്തിൽ ഒരു ഫാന്റസി - ഹൊറർ ത്രില്ലർ സിനിമയുടെ കെട്ടുമട്ടു ഭാവങ്ങൾ പേറുമ്പോഴും 'ഭ്രമയുഗം' സമർത്ഥമായി പറയുന്നതും പറഞ്ഞു വക്കുന്നതും അധികാര രാഷ്ട്രീയത്തെ പറ്റിയാണ്.

സ്വാതന്ത്ര്യവും ജനാധിപത്യ വിരുദ്ധതയുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് കൊടുമൺ പോറ്റിയുടെ മനക്കിൽ നടക്കുന്ന പകിട കളിക്ക് അർത്ഥമാനങ്ങൾ പലതുണ്ട്.

കറുപ്പ്-വെളുപ്പ് നിറത്തിൽ മാത്രമായി വന്നു പോകുന്ന സ്‌ക്രീൻ കാഴ്ചകളിൽ യാതൊരു വിരസതയും അനുഭവപ്പെടുത്താതെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന വേറിട്ട സിനിമാനുഭവമായി മാറുകയാണ് 'ഭ്രമയുഗം'.

സിനിമ തുടങ്ങി ആദ്യ പത്തു മിനിറ്റുകൾക്കുള്ളിൽ തന്നെ കഥാപരിസരത്തിലേക്കും ആ കാലഘട്ടത്തിലേക്കുമൊക്കെ നമ്മളെ അനായാസേന കൊണ്ടെത്തിക്കുന്ന ഒരു മാജിക്കുണ്ട് ആ ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌ക്രീനിൽ.


വേഷ പകർച്ച കൊണ്ടും വോയ്‌സ് മോഡുലേഷൻ കൊണ്ടുമൊക്കെ മമ്മൂക്ക ഞെട്ടിക്കും എന്നത് ഉറപ്പുള്ള കാര്യമായിരുന്നു. കഥാപാത്ര തിരഞ്ഞെടുപ്പുകൾക്കൊപ്പം പ്രകടനങ്ങളിലെ സൂക്ഷ്മതയും കൃത്യതയുമൊക്കെ കൊണ്ട് നമ്മളെ ഞെട്ടിക്കുക എന്നത് മൂപ്പരുടെ ഹരമായി പോയില്ലേ എന്ത് ചെയ്യാം.

നടക്കുന്നതും ഇരിക്കുന്നതും മുറുക്കുന്നതും മുരളുന്നതും തിന്നുന്നതും തൊട്ട് മുൻവശത്തെ പല്ല് കാണിച്ചു കൊണ്ടുള്ള ചില ചേഷ്ടകൾ കൊണ്ടുമൊക്കെ കൊടുമൺ പോറ്റിയായി പകർന്നാടുമ്പോൾ അഭിനയത്തോടുള്ള മമ്മുക്കയുടെ അടങ്ങാത്ത ഭ്രമം വായിച്ചെടുക്കാൻ പറ്റും.

മമ്മുക്കയോടൊപ്പം തന്നെ എടുത്തു പറയേണ്ട കഥാപാത്ര പ്രകടനങ്ങളാണ് അർജ്ജുൻ അശോകൻ - സിദ്ധാർഥ് ഭരതൻ ടീമിന്റെത് . അവസാനത്തോട് അടുക്കുമ്പോൾ അവർ രണ്ടു പേരും മമ്മുക്കയിലെ മഹാനടനോട് എതിരിടുന്ന കാഴ്ചകൾ അതി ഗംഭീരമാണ്.

പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും കലാ സംവിധാനവുമൊക്കെ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ വേറിട്ട ആസ്വാദനങ്ങൾക്ക് വഴിയൊരുക്കി.

കറുപ്പ് -വെളുപ്പ് നിറത്തിൽ, ചുരുങ്ങിയ കഥാപരിസരത്തിൽ, മൂന്ന് നാലു കഥാപാത്രങ്ങളെയും വച്ച് ഇത്രയും മികച്ച ഒരു തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച സംവിധായകന് നന്ദി. 

©bhadran praveen sekhar

Thursday, February 22, 2024

പ്രേമലു സൂപ്പർലൂ !!


ഒരു റൊമാന്റിക് കോമഡി എന്റർടൈനർ മൂഡിൽ ആദ്യാവസാനം വരെ ആസ്വദിച്ചു കാണാൻ തരത്തിൽ നല്ല വൃത്തിക്ക് എടുത്തു വച്ച സിനിമ.

ഗിരീഷ് എ.ഡി യുടെ തന്നെ മുൻകാല സിനിമകളായ 'തണ്ണീർ മത്തൻ ദിനങ്ങളും', 'സൂപ്പർ ശരണ്യയു'മൊക്കെ കാണുമ്പോൾ കിട്ടുന്ന അതേ വൈബ് ഈ പടത്തിലുമുണ്ട്.

പുതിയ കാലത്തെ പിള്ളേരുടെ പ്രണയവും സൗഹൃദവുമൊക്കെ ചേർത്ത് വച്ച് കൊണ്ട് കഥ പറയുമ്പോൾ പഴയ തലമുറയിൽ പെട്ടവർക്ക് പോലും ആസ്വദിക്കാൻ പാകത്തിൽ അതിനെ രസകരമായി അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സംവിധായകന് സാധിക്കുന്നു.

'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' സിനിമകളിലെ പ്ലസ്ടു കോളേജ് പശ്ചാത്തലത്തിൽ നിന്ന് തുടങ്ങിയ പ്രണയത്തിന്റെ ട്രാക്ക്
'പ്രേമലു'വിലേക്ക് എത്തുമ്പോൾ ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കുറച്ചു കൂടി വിശാലമാക്കാൻ ഗിരീഷിനു സാധിച്ചിട്ടുണ്ട്.

സിറ്റുവേഷണൽ കോമഡികളൊക്കെ അടിപൊളിയായിരുന്നു. മാറിയ കാലത്തിനൊപ്പം സോഷ്യൽ മീഡിയ ട്രെൻഡുകളെ വരെ റഫർ ചെയ്തുള്ള കോമഡികളൊക്കെ സിനിമയിലെ കഥാ സാഹചര്യങ്ങളിൽ കൃത്യമായി തന്നെ വർക് ഔട്ട്‌ ആയി. 

പുത്തൻ തലമുറയിലെ അഭിനേതാക്കളെല്ലാം ഹാസ്യം കൈകാര്യം ചെയ്യുന്നതിലും കൗണ്ടർ ടൈമിംങ്ങിന്റെയും റിയാക്ഷനുകളുടെ കാര്യത്തിലുമൊക്കെ മിടുക്ക് തെളിയിച്ച സിനിമ കൂടിയാണ് 'പ്രേമലു'.

നസ്‌ലൻ-സംഗീത് പ്രതാപ് -മമിത ബൈജു -ശ്യാം മോഹൻ -അഖില ഭാർഗ്ഗവൻ. അവരുടെ കോമ്പോ സീനുകൾ എല്ലാ തരത്തിലും ഗംഭീരമായിരുന്നു.

സച്ചിൻ -റീനു കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രിയെ മനോഹരമായി തന്നെ അനുഭവപ്പെടുത്തി നസ്ലൻ -മമിത.

വിഷ്ണു വിജയുടെ സംഗീതത്തിലെ ഫ്രഷ്നെസ്സ് 'പ്രേമലു'വിനു കൊടുക്കുന്ന വൈബ് ചെറുതല്ല.

കഥാപരമായ പുതുമകൾ കൊണ്ടല്ല മേൽപ്പറഞ്ഞ യൂത്ത് വൈബ് കൊണ്ടാണ് 'പ്രേമലു' സൂപ്പർലു ആയി മാറുന്നത്.

©bhadran praveen sekhar

Wednesday, February 21, 2024

ഉദ്വേഗഭരിതമായ അന്വേഷണങ്ങൾ..ഞെട്ടിക്കുന്ന കണ്ടെത്തലുകൾ !!


സ്ഥിരം ടെമ്പ്ലേറ്റിൽ നിന്ന് മാറി 1988 - 1993 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു വ്യത്യസ്ത കൊലപാതക കേസ് അന്വേഷണങ്ങളെ കോർത്തിണക്കി കൊണ്ട് കഥ പറഞ്ഞവതരിപ്പിക്കുന്നിടത്താണ് 'അന്വേഷിപ്പിൻ കണ്ടെത്തും' ശ്രദ്ധേയമാകുന്നത്.

ആദ്യ പകുതിയും രണ്ടാം പകുതിയും രണ്ടു വ്യത്യസ്ത കേസ് അന്വേഷണങ്ങൾക്ക് കൊണ്ട് സംഭവ ബഹുലമാകുമ്പോഴും സ്ലോ പേസിലാണ് കഥ പറച്ചിൽ എന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം. പക്ഷേ അപ്പോഴും ആഖ്യാന ശൈലി കൊണ്ടും കാലഘട്ടം ചിത്രീകരിച്ചിരിക്കുന്ന മികവ് കൊണ്ടുമൊക്കെ സിനിമയിലെ ഓരോ സീനും നമ്മളെ അമ്പരപ്പെടുത്തി കൊണ്ടിരിക്കും.

ഈ സിനിമയുടെ ഏറ്റവും വലിയ ഫ്രഷ്‌നെസ്സ് ആ കാലഘട്ട ചിത്രീകരണം തന്നെയാണ് എന്ന് നിസ്സംശയം പറയാം.

നവാഗത സംവിധയകൻ എന്ന നിലക്ക് ഡാർവിൻ കുര്യാക്കോസ് അരങ്ങേറ്റം മികച്ചതാക്കി. രണ്ടു മൂന്ന് സിനിമക്കുള്ള കഥയെ ഒരൊറ്റ തിരക്കഥയിലേക്ക് ഒതുക്കിയവതരിപ്പിച്ച ജിനു വി ഏബ്രഹാമിന്റെ രചനാ ശൈലിയും അഭിനന്ദനീയം.

ഗൗതം ശങ്കറിന്റെ ക്യാമറാ കണ്ണുകളിൽ തൊണ്ണൂറുകളിലെ ഗ്രാമ്യ ഭംഗിയും ദുരൂഹതയും മികവോടെ പകർത്തപ്പെട്ടിട്ടുണ്ട്. രണ്ടു കൊലപാതക കേസുകളിലും വേറിട്ട ദൃശ്യ പരിചരണം അനുഭവപ്പെടുത്താൻ ഗൗതമിനു സാധിച്ചു. രാത്രി കാല സീനുകളും, കപ്പത്തോട്ടത്തിന് മുകളിലൂടെയുള്ള ഡ്രോൺ ഷോട്ടുമൊക്കെ എടുത്തു പറയാം.

കഥ നടക്കുന്ന കാലഘട്ടത്തിന് അനുയോജ്യമായ കളർ ടോൺ, ദിലീപ് നാഥിന്റെ കലാസംവിധാനം, ഗിമ്മിക്കുകളൊന്നുമില്ലാത്ത മിതത്വമുള്ള സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം എല്ലാം സിനിമയുടെ ആസ്വാദനം വർദ്ധിപ്പിച്ചു.

മാസ്സ് ബിൽഡ് അപ്പുകൾ ഒന്നുമില്ലാത്ത എസ്.ഐ ആനന്ദ് നാരായണനെ എല്ലാ തലത്തിലും ടോവിനോ തോമസ് മികവുറ്റതാക്കി. 

സാങ്കേതിക വിദ്യ ഇത്ര കണ്ടു പുരോഗമിക്കാത്ത കാലത്തെ പോലീസ് അന്വേഷണ ശൈലികളും, ഒട്ടും ഹീറോ പരിവേഷമില്ലാത്ത പോലീസ് നായക കഥാപാത്രവും, കേസ് അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും നിസ്സഹായരായി നിൽക്കുന്ന കുറ്റാന്വേഷണ സംഘവുമൊക്കെ ടിപ്പിക്കൽ പോലീസ് ക്രൈം ത്രില്ലർ പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്താൻ സാധ്യതയുണ്ട്.

ക്ലൈമാക്സിനോട് അടുക്കുന്ന ഘട്ടത്തിൽ കഥ പറയുന്നത് പോലെയുള്ള ചില വിവരണങ്ങൾ കല്ല് കടിയായി മാറുമ്പോഴും ക്ലൈമാക്സ് ഗംഭീരമായി തന്നെ പറഞ്ഞു വക്കുന്നു. കുറ്റവാളി ആരാണെന്നുള്ള ഊഹാപോഹങ്ങളെയെല്ലാം കടത്തി വെട്ടുന്ന ട്വിസ്റ്റുകളൊക്കെ നന്നായി.

പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റവാളിയെ കണ്ടെത്തുമ്പോഴും ചില കേസുകൾ പൂർണ്ണതയില്ലാതെ അവസാനിക്കാറില്ലേ. അത്തരമൊരു അപൂർണ്ണതയാണ് ഈ സിനിമയുടെ ഭംഗി.

എസ്.ഐ ആനന്ദ് നാരായണനും ടീമിനും പൂർണ്ണ തൃപ്തി നൽകുന്ന ഒരു കേസ് അന്വേഷണം ഉടൻ വരുമെന്ന പ്രതീക്ഷയിൽ പ്രേക്ഷകരും.

©bhadran praveen sekhar

Thursday, February 15, 2024

വാലിബന്റെ വിസ്മയലോകം !!


തിയേറ്ററിൽ തന്നെ കണ്ടാസ്വദിക്കേണ്ട സിനിമ. ദേശവും കാലവും ഏതെന്നു ആലോചിക്കാൻ സമയം തരാതെ 'ദൂരെ ദൂരെ ഒരിടത്ത്.. ഒരിക്കൽ' എന്ന മട്ടിൽ മനോഹരമായ ഫ്രെയിമുകളിലൂടെ കഥ പറഞ്ഞു തരുന്ന ഗംഭീര സിനിമ. ഓരോ ഷോട്ടുകളും അത്ര മാത്രം വില പിടിപ്പുള്ളതാണ്.

മധു നീലകണ്ഠന്റെ ഛായാഗ്രഹണമാണ് വാലിബന്റെ ആത്മാവ് എന്ന് പറഞ്ഞാലും തെറ്റില്ല. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും രംഗനാഥ്‌ രവിയുടെ ശബ്ദമിശ്രണവും, ഗോകുൽദാസിന്റെ കലാസംവിധാനവും കൂടിയാകുമ്പോൾ തിയേറ്റർ ആസ്വാദനം ഇരട്ടിക്കുന്നു.

ആ തലത്തിൽ സാങ്കേതികമായും കലാപരമായും മലയാള സിനിമയുടെ വളർച്ച അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണ് 'മലൈക്കോട്ടൈ വാലിബൻ'.

മോഹൻ ലാൽ വരുമ്പോൾ തിയേറ്റർ കുലുങ്ങുന്നത് കാണാൻ വേണ്ടി ടിക്കറ്റ് എടുക്കുന്നവർ ഈ സിനിമ കാണാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് മോഹൻലാലെന്ന സൂപ്പർ താരത്തെ ആഘോഷിക്കുന്ന സിനിമയല്ല, തീർത്തും LJP സിനിമയാണ്.

കാഴ്ചകൾ കൊണ്ടും ശബ്ദവിന്യാസം കൊണ്ടുമൊക്കെ ഇത് വരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു കഥാഭൂമികയിലേക്കാണ് വാലിബൻ നമ്മളെ കൊണ്ട് പോകുന്നത്. വാലിബനൊപ്പം സഞ്ചരിക്കുക എന്നതാണ് നമ്മുടെ ദൗത്യം.

അതി ഗംഭീരമായ ദൃശ്യപരിചരണം കൊണ്ട് മനസ്സ് കീഴടക്കുമ്പോഴും പറങ്കി കോട്ടയിലെ സംഘട്ടന രംഗങ്ങൾ തൊട്ട് ക്ലൈമാക്സ് സീനിലേക്ക് അടുക്കുന്ന രംഗങ്ങൾ വരെ പലയിടത്തും ഒരു നല്ല എഡിറ്ററുടെ അസാന്നിധ്യം അനുഭവപ്പെട്ടു. അപ്പോഴും അത് ആസ്വാദനത്തെ ഹനിക്കാതെ പോകുന്നത് കണ്ണെടുക്കാൻ തോന്നാത്ത സ്ക്രീനിലെ മായ കാഴ്ചകൾ കൊണ്ടാണ്.

'കണ്ടതെല്ലാം പൊയ്..ഇനി കാണപ്പോവത് നിജം' എന്ന് വാലിബൻ വെറുതെ പറഞ്ഞതല്ല ..നമ്മൾ ഈ കണ്ടതെല്ലാം ഒന്നുമല്ല എന്ന് തോന്നിപ്പിച്ചു കൊണ്ട് ഒരു വെടി മരുന്നിനാണ് LJP തീ കൊളുത്തിയിരിക്കുന്നത്.. മലൈക്കോട്ടെ വാലിബൻ അതിന്റെ ഒരു തുടക്കം മാത്രം.

ഇനി മനുഷ്യർ തമ്മിലുളള പോരാട്ടങ്ങൾ അല്ല. അമാനുഷികർ തമ്മിലുള്ള പോരാട്ടമാണ് വരാൻ പോകുന്നത്..അഥവാ അതാണ്‌ ഇനിയുള്ള കഥയെങ്കിൽ ടിനു പാപ്പച്ചൻ പറഞ്ഞ പോലെ തിയേറ്റർ കുലുങ്ങാൻ പോകുന്നത് അപ്പോഴാണ്.

©bhadran praveen sekhar

Thursday, February 8, 2024

ക്യാപ്റ്റൻ മില്ലറിന്റെ സംഹാര താണ്ഡവം!!


എന്നും ഏത് കാലത്തും പ്രസക്തമായ പ്രമേയം. ലോക സിനിമകൾ തുടങ്ങി പ്രാദേശിക സിനിമകളിൽ വരെ നിരന്തരം പ്രമേയവത്ക്കരിക്കപ്പെട്ടിട്ടുള്ള അങ്ങിനെയൊരു കഥ മനസ്സിലാക്കാൻ ഭാഷ പോലും ആവശ്യമില്ല.

അരുൺ മാതേശ്വരന്റെ തന്നെ 'റോക്കി' യിലും 'സാനി കായിധ'ത്തിലുമൊക്കെ സമാന സംഗതികൾ കണ്ടെടുക്കാം. എത്ര പറഞ്ഞാലും അപ്രസക്തമാകാത്ത ആ പ്രമേയത്തിന്റെ വേറിട്ടതും മികച്ചതുമായ മറ്റൊരു ദൃശ്യാവിഷ്ക്കാരമായി മാറുകയാണ് 'ക്യാപ്റ്റൻ മില്ലർ'.

ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യം ചർച്ച ചെയ്യപ്പെടുമ്പോൾ എതിരാളികൾ ബ്രിട്ടീഷുകാർ മാത്രമായി പറഞ്ഞു വക്കുന്നതിൽ നിന്ന് മാറി സ്വാതന്ത്ര്യം നിഷേധിക്കുന്നവരെയെല്ലാം എതിരാളികളായി പ്രഖ്യാപിക്കുന്നുണ്ട് സിനിമ.

ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ദേവീ രൂപം കല്ലിൽ കൊത്തി തീരുന്നത് വരെ മാത്രമേ പെരുന്തച്ചനെ വേണ്ടൂ. കല്ല് ദേവി ആയി കഴിഞ്ഞാൽ പെരുന്തച്ചൻ തീണ്ടാപ്പാടകലെ നിൽക്കേണ്ട വെറും ആശാരി മാത്രം. അത് പോലെ തന്നെയാണ് 'ക്യാപ്റ്റൻ മില്ലറി'ലെ ക്ഷേത്രവും അതിന് പുറത്തു നിൽക്കേണ്ടി വരുന്ന ജനതയും.

ജാതിയുടെ പേരിൽ സ്വന്തം നാട്ടുകാർ തന്നെ അടിച്ചമർത്തുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടുന്നതിലെ അർത്ഥശൂന്യത ചൂണ്ടി കാണിച്ചു കൊണ്ടാണ് ധനുഷിന്റെ ഈസ ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുന്നത്. പക്ഷേ ഈസയിൽ നിന്ന് മില്ലർ ആകുമ്പോൾ മാറുന്നത് പേരും വസ്ത്രവും മാത്രമാണ് വ്യവസ്ഥിതികളെല്ലാം സമാനമാണ് എന്ന് അയാൾക്ക് ബോധ്യപ്പെടുന്നു.

അരുൺ മാതേശ്വരന്റെ മുൻപത്തെ രണ്ടു സിനിമകളിലെയും പോലെ പല അദ്ധ്യായങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഓരോ അദ്ധ്യായങ്ങൾ കഴിയുമ്പോഴും സിനിമ മുറുകുന്നു.


സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത വിധമുള്ള മേയ്ക്കിങ്. അവസാനത്തെ അരമണിക്കൂറോളം നീണ്ടു നിൽക്കുന്ന വാർ -ആക്ഷൻ സീനുകളൊക്കെ ക്ലൈമാക്സിന്റെ പവർ ഇരട്ടിപ്പിച്ചു.

സിദ്ധാർത്ഥ നുനിയുടെ മികച്ച ഛായാഗ്രഹണം. ചേസിംഗ് സീനുകൾ, വെടിവപ്പ് സീനുകൾ, സ്ഫോടനങ്ങൾ എല്ലാം സ്‌ക്രീൻ കാഴ്ചകളിൽ ഗംഭീരമായിരുന്നു.

കൂട്ടത്തിൽ എടുത്തു പറയേണ്ടത് ജി.വി പ്രകാശ് കുമാറിന്റെ സംഗീതം തന്നെ. ഈ സിനിമയെ വേറെ ലെവലിൽ എത്തിക്കുന്നതിൽ ആ സംഗീതം പ്രധാന പങ്കു വഹിക്കുന്നു. ധനുഷിന്റെ ഇൻട്രോ സീനിലൂടെ തന്നെ സിനിമയുടെ പക്കാ മൂഡിലേക്ക് നമ്മളെ കൊണ്ട് പോകുന്നത് അയാളുടെ പകരം വെക്കാനില്ലാത്ത സംഗീതമാണ്.

ധനുഷ്..ഒന്നും പറയാനില്ല ആദ്യം തൊട്ട് അവസാനം വരെ സ്‌ക്രീൻ പ്രസൻസ് കൊണ്ടും പ്രകടനം കൊണ്ടുമൊക്കെ ക്യാപ്റ്റൻ മില്ലറായി ആടി തിമിർത്തു.

ശിവരാജ് കുമാറിന്റെ സെങ്കണ്ണനും സിനിമയിൽ മികച്ചു നിന്നു. ധനുഷ് -ശിവരാജ്കുമാർ സ്‌ക്രീനിൽ കാണാൻ തന്നെ നല്ല രസമുണ്ട്.

സുന്ദീപ് കിഷൻ, പ്രിയങ്ക അരുൾ മോഹൻ, നിവേദിത സതീഷ് , ഇളങ്കോ കുമാരവേൽ, വിജി ചന്ദ്രശേഖർ, ജയപ്രകാശ്, ജോൺ കൊക്കൻ, അശ്വിൻ കുമാർ അടക്കം ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ വന്നു പോയവരൊക്കെ അവരവരുടെ റോൾ ഗംഭീരമാക്കി.

എല്ലാം കൊണ്ടും ഗംഭീര തിയേറ്റർ എക്സ്പീരിയൻസ്.

©bhadran praveen sekhar