Sunday, December 22, 2013

Dhoom 3 - മുഴുവൻ മാർക്കും അമീർ ഖാന് സ്വന്തം

ആദിത്യ ചോപ്ര നിർമ്മിച്ച്  2004 ഇൽ സഞ്ജയ്‌ ഗധ് വി സംവിധാനം ചെയ്ത ധൂമിന് വേണ്ടി കഥ-തിരക്കഥ-സംഭാഷണ ചുമതല വഹിച്ചു കൊണ്ടായിരുന്നു സിനിമാ ലോകത്തേക്കുള്ള വിജയ്‌ കൃഷ്ണ ആചാര്യയുടെ  അരങ്ങേറ്റം. നിർമ്മാണത്തിനൊപ്പം  2006 ഇൽ, ധൂം രണ്ടാം ഭാഗത്തിന് വേണ്ടി ആദിത്യ ചോപ്ര കഥ കൂടി എഴുതിയപ്പോൾ ആ സിനിമക്ക് വേണ്ടി വിജയ്‌ കൃഷ്ണ തിരക്കഥയും സംഭാഷണവും ഒരുക്കുകയും, സഞ്ജയ്‌ ഗധ് വി തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. എന്നാൽ ആദിത്യ ചോപ്രയുടെ നിർമ്മാണത്തിൽ എത്തുന്ന ധൂം മൂന്നാം ഭാഗത്തിൽ സഞ്ജയ്‌ ഗധ് വിയുടെ സാമീപ്യം ഒരിടത്തുമില്ല. ഇത്തവണ വിജയ്‌ കൃഷ്ണ ആചാര്യയാണ് സംവിധാന വേഷത്തിൽ എത്തുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം 2013 ഇൽ ധൂം മൂന്നാം ഭാഗം വരുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ വില്ലനാരാകും എന്നതായിരുന്നു ഏറെ ചർച്ച ചെയ്യപ്പെട്ട ചോദ്യം. അനിശ്ചിതത്ത്വങ്ങൾക്കൊടുവിൽ ധൂം 3 യിലെ വില്ലൻ വേഷം അമീർ ഖാന് വച്ചു നീട്ടി. ബോളിവുഡിലെ perfectionist എന്ന് വിളിപ്പേരുള്ള അമീർ തന്റെ ഈ സിനിമയും  പ്രേക്ഷകന് മറക്കാൻ പറ്റാത്തൊരു ദൃശ്യാനുഭവമായിരിക്കും എന്ന് പല തവണ പറയാതെ പറഞ്ഞു.  Tashaan സിനിമയ്ക്കു ശേഷം വിജയ്‌ കൃഷ്ണ സംവിധാനം ചെയ്യുന്ന ഒരു സിനിമ എന്ന ലേബലിൽ  ധൂം 3  അറിയപ്പെടുമോ ഇല്ലയോ എന്നത് ഒരു ചോദ്യം മാത്രമാണ്. അതിന് ഉത്തരം പറയേണ്ടത് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരാണ്.

ഒരു  ഒഴിയാ ബാധപോലെ ധൂം സീരീസിനെ പിന്തുടരുന്ന രണ്ടു പേരാണ് ACP ജയ് ദിക്ഷിതും (അഭിഷേക് ബച്ചൻ) അലിയും (ഉദയ് ചോപ്ര). ധൂം സിനിമകൾ ഇറങ്ങുന്ന സമയത്താണ് പലപ്പോഴും പ്രേക്ഷകർ ഇവരുടെ സ്ക്രീൻ  സാന്നിധ്യം ശരിയായ രീതിയിൽ അറിയുന്നത് പോലും. ജീവിതത്തിൽ ഇന്നേ വരെ ഏതെങ്കിലും ഒരു കള്ളനെയോ ക്രിമിനലിനെയൊ  നേർക്ക്‌ നേർ നിന്ന് ഇടിച്ചിടാനോ, കുറ്റക്കാരനാണ് എന്ന് കണ്ടെത്തി ഒരാളെ പോലും  തെളിവ് സഹിതം നിയമത്തിനു മുന്നിലെത്തിച്ചു കൊടുക്കാനോ  ACP  ജയ്‌ ദീക്ഷിത്തിന്  ഇത് വരേക്കും സാധിച്ചിട്ടില്ല എന്നിരിക്കെ വീണ്ടും വീണ്ടും സമാന കേസ് അന്വേഷണ ചുമതലകൾ എന്ത് കൊണ്ട് ജയ്‌ ദീക്ഷിതിനെ മാത്രം തേടിയെത്തുന്നു എന്നതിന് എത്ര ആലോചിച്ചാലും ഉത്തരം കിട്ടില്ല.  ACP ജയ്‌ ദീക്ഷിത്ത് ഈ വക കേസ് അന്വേഷണങ്ങളിൽ  മിടുക്കനാണ് എന്നൊരു നുണപ്രചാരം സ്വദേശത്തും വിദേശത്തും ഉണ്ടായിരുന്നിരിക്കാം എന്ന് അനുമാനിക്കാം. അത്ര മാത്രം.

ധൂം ആദ്യ രണ്ടു ഭാഗങ്ങളെ വച്ച് നോക്കുമ്പോൾ ധൂം 3 ഒട്ടുമേ ലോജിക്കില്ലാത്ത  സിനിമയാണ് എന്ന് വേണമെങ്കിൽ പറയാം . അല്ലെങ്കിലും ചില സിനിമകൾ കാണാൻ പോകുമ്പോൾ ലോജിക്കിന്റെ പുസ്തകങ്ങളെല്ലാം വീട്ടിൽ മടക്കി വച്ചേച്ചും വേണം പോകാൻ. എന്നാൽ മാത്രമേ ആസ്വാദനം സാധ്യമാകൂ. ഇവിടെ ധൂം 3 ഏതാണ്ട് ആ വഴിയിലൂടെയാണ് പ്രേക്ഷകനെ കൈ പിടിച്ചു കൊണ്ട് പോകുന്നത്. കഥയുടെ സഞ്ചാര വീഥിയിൽ പലപ്പോഴും വില്ലൻ പോലീസിനു മുന്നിൽ നിസ്സഹായനായി നിൽക്കുന്നുണ്ട്. പോലീസിനു എങ്ങിനെ വേണമെങ്കിലും വില്ലനെ വെടി വച്ചു വീഴ്ത്താവുന്ന ചില സാഹചര്യങ്ങൾ സ്ക്രീനിൽ തെളിയുമ്പോഴും സ്ക്രിപ്റ്റിൽ ഇല്ലാത്ത ഒരു കാര്യം തങ്ങളെന്തിനു ചെയ്യണം എന്ന മട്ടിൽ നിഷ്ക്രിയരായി നിൽക്കുന്ന പോലീസുകാർ സംവിധായകന്റെ പോരായ്മയെ സൂചിപ്പിക്കുന്നു.  വെടി വക്കാനുള്ള സ്വാതന്ത്ര്യം സംവിധായകൻ ജയ്‌ ദീക്ഷിത്തിനു മാത്രമാണ് കൊടുത്തിരിക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ പ്രേക്ഷകന്റെ ചിന്ത അസ്ഥാനത്താകുന്നു. ഇക്കാരണങ്ങളാൽ തന്നെ ഈ സീരീസിലുള്ള സിനിമകൾ കാണുമ്പോൾ ഇങ്ങിനെയുള്ള നിരവധി ചെറുതും വലുതുമായ സംഗതികളെ പ്രേക്ഷകൻ കണ്ടില്ലാന്നു നടിക്കുകയാണ് ഏറ്റവും ഉത്തമം. 

ധൂം സീരീസിലെ ആദ്യ രണ്ടു ഭാഗങ്ങളിലെ വില്ലന്മാർക്ക് മോഷണം എന്നത് ഒരു ജീവിത പ്രശ്നമാണ്. ഏതു വിധേനയും പണം ഉണ്ടാക്കണം എന്ന ആഗ്രഹവുമായി ജീവിക്കുന്നവരായിരുന്നു ധൂം ആദ്യ ഭാഗത്തിലെ കബീറും (ജോണ്‍ എബ്രഹാം) രണ്ടാം ഭാഗത്തിലെ ആര്യനും (ഹൃതിക് റോഷൻ). എന്നാൽ മൂന്നാം ഭാഗത്തിലെ വില്ലൻ ആ കാറ്റഗറിയിൽ പെടുന്നവനല്ല. പണം അയാൾക്ക്‌ വേണ്ട. ന്യായമായ പ്രതികാരം മാത്രമാണ് അയാളുടെ ഏക മാത്രമായ ലക്ഷ്യം. ധൂം ആദ്യ ഭാഗങ്ങളിൽ നിന്ന് ഈ സിനിമ ഏറെ മികവ് കാണിക്കുന്നത് പ്രേക്ഷകനെ ഇമോഷണലാക്കുന്ന വില്ലന്റെ (അമീർ ഖാൻ) കഥാപശ്ചാത്തലവും അമീർ  ഖാന്റെ അപാര പ്രകടന മേന്മയും കൊണ്ട് മാത്രമാണ്. ഒരു നടനെന്ന നിലയിൽ തനിക്കു കിട്ടിയ വേഷത്തെ എത്രത്തോളം മികവുറ്റതാക്കാൻ പറ്റുമോ അത്രത്തോളം മികച്ചതാക്കാൻ അമീറിന് സാധിച്ചിട്ടുണ്ട്. എന്നാൽ അഭിഷേക്, ഉദയ് ചോപ്ര എന്നിവർ അവിടെയും  പൂർണ പരാജിതരാണ്. കത്രീന കൈഫിന്റെ മേനി വഴക്കം സിനിമയിലെ ഗാന രംഗങ്ങളിൽ ഉപയോഗപ്പെടുത്താൻ സംവിധായകന് സാധിച്ചുവെങ്കിലും  ദേഹ പ്രദർശനത്തിൽ മാത്രം ഒതുങ്ങി അഭിനയിക്കാൻ വിധിക്കപ്പെട്ട നായികയായി കത്രീന സിനിമയിൽ തഴയപ്പെടുന്നു എന്നതാണ് സത്യം.

ആകെ മൊത്തം ടോട്ടൽ = അമീർ ഖാന്റെ  പ്രകടന നിലാവാരം കൊണ്ട് ധൂം 3 ഏറെ മികവ് പുലർത്തുന്നു. അത് കൊണ്ട് തന്നെ ഈ സിനിമ ഒരിക്കലും പ്രേക്ഷകനെ നിരാശപ്പെടുത്തില്ല. ഇനിയെപ്പോഴെങ്കിലും ഒരു ധൂം 4 വരുകയാണെങ്കിൽ അഭിഷേകും ഉദയും ആ സിനിമയിൽ ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കുന്നു. 

* വിധി മാർക്ക്‌ = 5/10 
-pravin- 

Friday, December 13, 2013

ദി ലഞ്ച് ബോക്സ് - സ്നേഹത്തിന്‍റെ, കരുതലുകളുടെ, രുചി വിഭവങ്ങളുടെ ഒരു ചോറുപാത്രം.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ, ഗൗരി ഷിണ്ടേയുടെ ഇംഗ്ലീഷ് - വിംഗ്ലീഷിനു ശേഷം ബോളിവുഡിൽ ഇതാ മറ്റൊരു (നേർത്ത) സമാന സ്ത്രീപക്ഷ സിനിമ കൂടി - ദി ലഞ്ച് ബോക്സ്. ഷോർട്ട് ഫിലിം തിരക്കഥാ-സംവിധാന രംഗത്ത്‌ ചുരുങ്ങിയ കാലം കൊണ്ട് തന്‍റേതായ മികവു പ്രകടിപ്പിച്ച റിതേഷ് ബത്രയുടെ ആദ്യ കൊമേഴ്സ്യൽ സിനിമാ സംരഭമാണ് ദി ലഞ്ച് ബോക്സ്. The Morning Ritual, Gareeb Nawaz's Taxi, Café Regular Cairo എന്നിങ്ങനെ മൂന്നേ മൂന്നു ഷോർട്ട് ഫിലിമുകൾ മാത്രമാണ് സിനിമാ മേഖലയിലെ  റിതേഷിന്‍റെ പ്രവൃത്തി പരിചയമെങ്കിലും, 'ദി ലഞ്ച് ബോക്സ്' കാണുന്ന പ്രേക്ഷകന് അതൊരു കുറവായി തോന്നാത്ത വിധം വളരെ റിയലിസ്റ്റിക് ആയിത്തന്നെ ഈ സിനിമ ചെയ്യാൻ സാധിച്ചു എന്നുള്ളിടത്താണ് റിതേഷ് ബത്രയെന്ന സംവിധായകൻ പ്രേക്ഷകപ്രീതി നേടുന്നത്. 

ഭർത്താവിൽ നിന്നും വേണ്ട പരിഗണന ലഭിക്കാതെ, അടുക്കളയും വീട്ടു ജോലിയും മാത്രമായി ഒതുങ്ങി ജീവിക്കേണ്ടി വരുന്ന സാധാരണ വീട്ടമ്മയാണ് ഇള (നിമ്രത് കൌർ).  മകളെ സ്കൂളിലേക്ക് പറഞ്ഞയച്ചു കഴിഞ്ഞാൽ ഇളയുടെ അടുത്ത ജോലി ഭർത്താവിനു വേണ്ട ഉച്ച ഭക്ഷണം പാകം ചെയ്യുക എന്നതാണ്.  സ്വാദുള്ള വിഭവങ്ങൾ തയ്യാറാക്കിക്കൊടുത്താൽ ഭർത്താവിൽനിന്നുള്ള അവഗണന ഇല്ലാതാക്കാൻ കഴിയും എന്ന ബുദ്ധി ഇളക്ക് ഉപദേശിച്ചു കൊടുക്കുന്നത് തൊട്ടു മുകളിലത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ആന്റിയാണ്. അതു പ്രകാരം ഇള പ്രത്യേക കരുതലോടു കൂടിയാണ് ഭർത്താവിനു വേണ്ട വിഭവങ്ങൾ പാകം ചെയ്യുക. പാകം ചെയ്ത രുചിയുള്ള വിഭവങ്ങൾ ഒന്നിന് മുകളിൽ ഒന്നായി അതാതു തട്ടുകളിൽ അടുക്കി വച്ച ശേഷം ലഞ്ച് ബോക്സ് 'ഡബ്ബാവാല'ക്ക് കൈമാറും. ഡബ്ബാവാലയാണ് ദൂരെ ഓഫീസിലുള്ള ഇളയുടെ ഭർത്താവിന് ഭക്ഷണം എത്തിച്ചുകൊടുക്കുക. വീട്ടിലെ അടുക്കളയിൽ നിന്നും പുറപ്പെടുന്ന ഇളയുടെ  ലഞ്ച് ബോക്സിന് ഒരുപാട് കൈകളിലൂടെ സഞ്ചരിച്ചു വേണം ഭർത്താവിന്‍റെ ഓഫീസിലെത്താൻ. വൈകിട്ട് ഭർത്താവ് വീട്ടിൽ എത്തുന്നതിനു മുൻപേ ലഞ്ച് ബോക്സ് ഡബ്ബാവാല തിരികെ എത്തിച്ചിരിക്കും. മടങ്ങിയെത്തുന്ന  ലഞ്ച് ബോക്സിലെ പാതി കഴിച്ച ഭക്ഷണം കാണുമ്പോൾ ഇളയുടെ മുഖം വാടും.  തന്‍റെ പാചകത്തെക്കുറിച്ച് ഭർത്താവിൽ നിന്ന് എന്തെങ്കിലും ഒരു അഭിപ്രായം കേട്ടിരുന്നെങ്കിൽ എന്നവൾ ആഗ്രഹിക്കുന്നതും വെറുതെയാണ്. കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാതെ അവരുടെ നിത്യജീവിതം അങ്ങനെ തുടരുന്നു.  

മുംബൈ പോലുള്ള തിരക്കേറിയ നഗരങ്ങളിലെ  അംബരചുംബികളായ ഫ്ലാറ്റ് സമുച്ചയങ്ങൾ ഒരു വിസ്മയ കാഴ്ചയാണ് പലർക്കും. ആ ഒരു വിസ്മയത്തിനും അപ്പുറം അത്തരം ഫ്ലാറ്റ് സമുച്ചയങ്ങളിലെ ജീവിതങ്ങളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യാൻ ബോളിവുഡ് മുഖ്യധാരാ സിനിമാ പ്രവർത്തകരിൽ അധികമാരും ശ്രമിക്കാറില്ല. ഇനി അഥവാ ഉണ്ടെങ്കിൽത്തന്നെ, ബോളിവുഡിലെ ഒരു പൊതു പ്രവണത വച്ചു നോക്കുമ്പോൾ അത്തരം പ്രമേയ സിനിമകളിൽ നിറയേണ്ടത്‌ 'ഹാഷ് പോഷ്‌' ശൈലിയിൽ ജീവിക്കുന്ന ഒരുപിടി കഥാപാത്രങ്ങളുടെ ആഘോഷങ്ങളും നിറപ്പകിട്ടുകളും  ഗ്ലാമറുമാണ്. എന്നാൽ റിതേഷിന്‍റെ 'ദി ലഞ്ച് ബോക്സ്' അതിനൊരു അപവാദമായി മാറുകയാണ്. മധ്യവർത്തി കുടുംബങ്ങളുടെ ഫ്ലാറ്റ് ജീവിതം എന്നതിലുപരി രണ്ടുമുറി ഫ്ലാറ്റുകളിൽ മാത്രം തങ്ങളുടെ ലോകത്തെ ഒതുക്കി ജീവിക്കേണ്ടി വരുന്ന സ്ത്രീ ജീവിതങ്ങളെയാണ്‌ ദി ലഞ്ച് ബോക്സിൽ പ്രധാനമായും സംവിധായകൻ വരച്ചു കാണിക്കുന്നത്. ഒരു സമൂഹജീവി എന്ന നിലയിൽ പുരുഷനെപ്പോലെതന്നെ സ്ത്രീക്കും സമൂഹവുമായി സംവദിക്കേണ്ട, അല്ലെങ്കിൽ ഇടപഴകേണ്ട  ആവശ്യകതയുണ്ട് എന്ന പുരുഷന്‍റെ 'സ്ത്രീപക്ഷ' വാദം പലപ്പോഴും  പ്രസംഗപ്രഹസനങ്ങളിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. സ്റ്റേജിൽക്കയറി നിന്ന് മൈക്കിലൂടെ ഘോരഘോരം വിളിച്ചോതുന്ന  ഇത്തരം (കപട) സ്ത്രീപക്ഷ വാദങ്ങൾക്ക് കിട്ടുന്ന കൈയടികൾക്ക് അപ്പുറം സാധാരണക്കാരന്‍റെ കുടുംബ ജീവിതത്തിൽ ഒരു സ്ത്രീക്ക് എത്ര ശതമാനം പ്രസക്തിയുണ്ട് എന്ന വലിയൊരു ചോദ്യം കൂടിയാണ് ഈ സിനിമ. 

മുംബൈയിലെ "ഡബ്ബാവാല"കൾ ലോകപ്രശസ്തരാണ്. അവരുടെ ജോലിയിൽ ഒരു പിഴവും സംഭവിക്കാറില്ല. പക്ഷേ, സിനിമയിലെ ഡബ്ബാവാലക്ക് പിഴവ് പറ്റുന്നുണ്ട്. അങ്ങനെയാണ്  ഇളയുടെ ലഞ്ച് ബോക്സ് വിലാസം മാറി തീർത്തും അപരിചിതനായ മറ്റൊരാളുടെ മുന്നിലേക്ക്‌ എത്തുന്നത്. സർക്കാർ ഓഫീസിലെ ഫയലുകൾക്കും കണക്കുകൾക്കും ഇടയിൽ തന്‍റെ ശേഷിക്കുന്ന ഔദ്യോഗിക ജീവിതകാലം തള്ളിനീക്കുന്ന സാജൻ ഫെർണാണ്ടസ് (ഇർഫാൻ ഖാൻ) എന്ന മധ്യവയസ്കനു മുന്നിലേക്ക്‌ ഇളയുടെ ലഞ്ച് ബോക്സ് വഴി തെറ്റിയെത്തുന്ന ആ നിമിഷം തൊട്ടാണ് സിനിമ സജീവമായി മുന്നേറുന്നത്.  

സിനിമയിലെ ഇളയുടെ സാമൂഹിക ഇടപെടലുകൾ എന്താണെന്ന് ചോദിച്ചാൽ അത് കേവലം രണ്ടു മൂന്നു കഥാപാത്രങ്ങളുമായി ഇള നടത്തുന്ന സംഭാഷണങ്ങൾ അല്ലെങ്കിൽ ആശയവിനിമയം മാത്രമാണെന്ന് പറയേണ്ടി വരും. ആ കൂട്ടത്തിലെ പ്രധാനിയാണ്‌ മുകളിലത്തെ ഫ്ലാറ്റിൽ താമസിക്കുന്ന, സിനിമയിൽ ഒരു സീനിൽ പോലും നേരിട്ട് പ്രത്യക്ഷപ്പെടാതെ ശബ്ദം കൊണ്ട് മാത്രം നമ്മുടെ മുന്നിലെത്തുന്ന ഇളയുടെ ആന്റി. ഭർത്താവും മകളും പോയി കഴിഞ്ഞാൽ വീട്ടു ജോലികളിൽ വ്യാപൃതയാകുന്ന ഇള, തന്‍റെ എല്ലാ പ്രശ്നങ്ങളും പങ്കുവെക്കുന്നത് ആ ആന്റിയോടാണ്. അടുക്കള ജനാലക്ക് സമീപം ചെന്നു നിന്ന് മേലോട്ട് നോക്കി "ആന്റീ .." എന്ന് നീട്ടി വിളിച്ചാൽ മാത്രം മതി ആന്റിയുടെ ശ്രദ്ധയും കരുതലും ഇളക്ക് കിട്ടാൻ. അതുകൊണ്ടുതന്നെ ആന്റിയുടെ മറുപടി ശബ്ദത്തിൽ അവൾ ഒരുപാട് ആശ്വാസം കാണുന്നുമുണ്ട്. അടുക്കള ഭാഗത്തുകൂടെ ഒരു കയറിൽ കെട്ടിത്തൂക്കിയിറക്കുന്ന കൂടയിൽ ആന്റി ഇളക്കായി എന്തെങ്കിലും കരുതി വച്ചിട്ടുണ്ടാകും. മിക്കപ്പോഴും സ്വാദുള്ള ഭക്ഷണം തന്നെയാകും അതിൽ ഉണ്ടായിരിക്കുക. ആ സ്വാദിന്‍റെ വിവിധ കൂട്ടുകൾ തന്നെയാണ് സിനിമയിലെ കഥാപാത്ര സംഭാഷണങ്ങളിലും പ്രകടമാകുന്നത്. ഭക്ഷണത്തിലെ എരിയും പുളിയും മധുരവും എന്ന പോലെ ജീവിതത്തിൽ  നാം അനുഭവിക്കുന്ന എല്ലാത്തിനും അതാതു സാഹചര്യങ്ങളിൽ അതിന്റേതായ സ്ഥാനം ഉണ്ട്. അത് നമ്മൾ രുചിച്ചേ മതിയാകൂ താനും.  

സാജൻ ഫെർണാണ്ടസിനു മുന്നിൽ അവിചാരിതമായി എത്തപ്പെടുന്ന ലഞ്ച് ബോക്സിനു ഒരു നിയോഗമുണ്ടായിരുന്നു. ജീവിതത്തിലെ അരുചികളുമായി പൊരുത്തപ്പെട്ടു പോയിരുന്ന സാജൻ ഫെർണാണ്ടസിന് ഇളയുടെ ലഞ്ച് ബോക്സിലെ വിഭവങ്ങൾ ഒരു പുത്തനുണർവ് നൽകുന്നത് ആ നിയോഗത്തിന്‍റെ ഭാഗമായിരിക്കാം. അന്നേ ദിവസം കാലിയായ ലഞ്ച് ബോക്സാണ് ഇളയുടെ അടുത്തേക്ക്‌ മടങ്ങുന്നത്. സ്വാദിഷ്ടമായ ഭക്ഷണം തന്നയച്ച ഉടമയോട്  ഒരു മറുപടിയെന്നോണം ലഞ്ച് ബോക്സിൽ സാജൻ എഴുതിയിടുന്ന ഒരു വരി കുറിപ്പ് ഇളയുടെ ജീവിതത്തിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു. സാജൻ - ഇള ബന്ധത്തിന്‍റെ സംശുദ്ധിയെ വളരെ ഭംഗിയായി സിനിമയിൽ ആവിഷ്കരിക്കുന്നുണ്ട്. അവിഹിതത്തിലേക്ക് കൂപ്പുകുത്താവുന്ന പല സാഹചര്യങ്ങളും കഥയിലേക്ക്‌ വന്നു പോകുന്നുണ്ടെങ്കിലും സാജന്‍റെ നിർണായകമായ ചില ജീവിത നിരീക്ഷണങ്ങൾ സിനിമയെ മറ്റൊരു മനോഹരമായ തലത്തിലേക്ക് കൊണ്ടെത്തിക്കുന്നു. 

ഫ്ലാറ്റും തിരക്കുള്ള റോഡും ബസ് - ട്രെയിൻ യാത്രകളും  ഓഫീസ്മുറിയും കാന്റീനും മാത്രം പശ്ചാത്തലമാക്കിക്കൊണ്ട് കഥ പറയുമ്പോൾ പ്രേക്ഷകന് അനുഭവപ്പെടുമായിരുന്ന മുഷിവ്‌ തിരക്കഥയിലെ സൂക്ഷ്മതകൊണ്ടാണ് റിതേഷ്   ഇല്ലാതാക്കുന്നത്. വളരെ സരസമായി പ്രമേയം അവതരിപ്പിക്കപ്പെടുക കൂടി ചെയ്യുമ്പോൾ ലഞ്ച് ബോക്സിലെ വിഭവങ്ങളുടെ സ്വാദ് ഇരട്ടിക്കുന്നു. ഇർഫാൻ ഖാൻ, നവാസുദ്ദീന്‍ സിദ്ധീഖി എന്നിവരുടെ അഭിനയത്തികവിന്‍റെ ആകത്തുക കൂടിയാണ് പ്രേക്ഷകന് കിട്ടുന്ന ഒരു മണിക്കൂർ നാൽപ്പത്തി നാല് മിനുട്ട് ദൈർഘ്യമുള്ള ആസ്വാദനം എന്ന് പറയാതെ വയ്യ.  
-pravin- 
ഇ മഷി ഓണ്‍ ലൈന്‍ മാഗസിന്‍ ലക്കം 13 ഇല്‍ പ്രസിദ്ധീകരിച്ച സിനിമാ വിചാരം. 

Monday, December 2, 2013

Bullet Raja യുടെ ബുള്ളറ്റുകൾ ലക്ഷ്യം കണ്ടോ ?

സൈഫ് അലി ഖാൻ എന്ന നടനിൽ നിന്ന് അധികമായൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നു. പക്ഷേ ഒരു സംവിധായകൻ, എഴുത്തുകാരൻ, നടൻ എന്നിങ്ങനെ എല്ലാ നിലയിലും തന്റെ സമീപ കാല സിനിമകളിലൂടെ മികവ് പ്രകടിപ്പിച്ചു കൊണ്ടിരുന്ന ടിഗ്മാൻഷു ധുലിയയിൽ നിന്ന് പ്രേക്ഷകന് പലതും പ്രതീക്ഷിക്കാൻ അവകാശമുണ്ടായിരുന്നു. പ്രത്യേകിച്ച് ടിഗ്മാൻഷൂവിന്റെ "Paan Singh Tomar" കണ്ടതിനു ശേഷം. ഇർഫാൻ ഖാന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച സിനിമ എന്ന പേരിൽ മാത്രമാണ് പൊതുവേ "Paan Singh Tomar" ന് ഖ്യാതിയുള്ളൂ. അതിനുമപ്പുറം ടിഗ്മാൻ ഷൂവിന്റെ രചനാ -സംവിധാന വൈഭവത്തിനൊന്നും വേണ്ട മാർക്കോ പരിഗണനയോ കിട്ടിയില്ലെന്ന് പറയാം. മികച്ച സിനിമക്കുള്ള ദേശീയ പുരസ്ക്കാരം  Paan Singh Tomar നേടിയപ്പോൾ പോലും ടിഗ്മാൻഷൂ പ്രേക്ഷക സമൂഹത്തിൽ അർഹിക്കുന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതിന്  പിന്നീടൊരു മാറ്റം വന്നത് അനുരാഗ് കഷ്യപിന്റെ Gangs of Wasseypur സിനിമയിലെ രമധീർ സിംഗ് എന്ന വേഷം ടിഗ്മാൻഷൂ ധുലിയ അനശ്വരമാക്കിയപ്പോഴാണ്. രമധീർ സിംഗ് ശ്രദ്ധിക്കപ്പെട്ടപ്പോൾ ടിഗ്മാൻഷൂ  ധുലിയയും ശ്രദ്ധിക്കപ്പെട്ടു. രമധീറിനെ ഗൂഗിൾ ചെയ്യുന്നവർക്കെല്ലാം ടിഗ്മാൻഷൂ ധുലിയയെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. അങ്ങിനെ അറിഞ്ഞോ അറിയാതെയോ ടിഗ്മാൻഷൂവിന്റെ "ബുള്ളറ്റ് രാജ" റിലീസിന് മുൻപേ തന്നെ പ്രേക്ഷക മനസ്സിൽ ചില  പ്രതീക്ഷകളെല്ലാം  സൃഷ്ടിച്ചു. 

യു.പിയുടെ  രാഷ്ട്രീയ -സാമൂഹികാന്തരീക്ഷം പശ്ചാത്തലമാക്കിയാണ് സിനിമ വികസിക്കുന്നത്. തൊഴിൽ തേടി കൊണ്ടിരുന്ന രാജാ മിശ്രക്കും (സൈഫ് അലി ഖാൻ), കൊറിയർ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു രുദ്രനും  (ജിമ്മി ഷെർഗിൽ) അവിചാരിതമായ ചില സാഹചര്യങ്ങളാൽ സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന് വേണ്ടി പല ഗുണ്ടായിസങ്ങളും കാണിക്കേണ്ടി വരുന്നു. നിലനിൽപ്പിന്റെ ഭാഗമെന്നോണം തുടങ്ങി വച്ച ഗുണ്ടായിസം പിന്നീട് അവരുടെ ജീവിത മാർഗമായി മാറുന്നു. ഇതിനിടക്ക്‌ നടക്കുന്ന  പ്രധാന സംഭവ വികാസങ്ങളും വെല്ലുവിളികളുമാണ് സിനിമ പറഞ്ഞു പോകുന്നത്. 

പ്രമേയപരമായി ബുള്ളറ്റ് രാജക്ക് പുതുതായി ഒന്നും പറയാനില്ലായിരുന്നു. കണ്ടു മറന്ന കഥാപാത്രങ്ങളും കഥാപരിസരവും തന്നെയാണ് സിനിമയിൽ പ്രതിപാദ്യ വിധേയമാകുന്നത് എങ്കിൽ കൂടി ഒരു കൊമേഴ്സ്യൽ സിനിമക്ക് വേണ്ട നിറക്കൂട്ടുകൾ ചേർക്കാൻ സംവിധായകൻ നന്നായി പരിശ്രമിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ സിനിമ പ്രേക്ഷകനെ പൂർണമായും കൈ വെടിയുന്നില്ല. അതേ സമയം സിനിമയിലെ സംഗീതം പ്രേക്ഷകനെ പൂർണമായും  നിരാശപ്പെടുത്തുന്നുമുണ്ട്. സൈഫ് അലി ഖാൻ തന്റെ പതിവിൽ നിന്നും ഏറെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്തെന്നു അവകാശപ്പെടുന്നില്ല. നീരജ് പാണ്ടേയുടെ "Special 26" ലെ റണ്‍വീർ സിംഗ് എന്ന കഥാപാത്രത്തിന് ശേഷം ജിമ്മി ഷെർഗിലിനു കിട്ടിയ ഒരു നല്ല കഥാപാത്രമാണ് ബുള്ളറ്റ് രാജയിലെ രുദ്ര. സിനിമയിലെ നായകൻ സൈഫ് അലി ഖാൻ ആണെങ്കിലും പ്രേക്ഷകരുടെ കൈയ്യടികളിൽ  ഒരു വലിയ പങ്ക് സിനിമയിലെ മറ്റു പലരും ഭാഗം വച്ച് കൊണ്ട് പോകുന്ന കാഴ്ചയാണ് സിനിമയിൽ പിന്നീട് കാണാൻ സാധിക്കുക. അതിൽ പ്രമുഖനായിരുന്നു സിനിമയുടെ അവസാന അരമണിക്കൂറിൽ രംഗ പ്രവേശനം ചെയ്ത വിദ്യുത് ജംവാലിന്റെ ഇൻസ്പെകടർ കഥാപാത്രം. കുറഞ്ഞ സീനുകളിലെ ആക്ഷൻ രംഗങ്ങൾ കൊണ്ടും മറ്റു stylish screen  appearance കൊണ്ടും  വിദ്യുത് പ്രേക്ഷകന്റെ മനം കവരുന്നുണ്ട്. (സോനാക്ഷി സിൻഹ  തന്റെ സൌന്ദര്യം കൊണ്ടും). 

സംഗതികൾ ഇങ്ങിനെയൊക്കെയാണ് എങ്കിലും സിനിമ എന്ന മാധ്യമം കൊണ്ട് സമൂഹത്തിലെ പല കൊള്ളരുതായ്മകളെയും വിമർശിക്കാൻ സാധിക്കും എന്ന് നല്ല പോലെ അറിയാവുന്ന ആളാണ്‌ ശ്രീ ടിഗ്മാൻഷൂ ധുലിയ. അക്കാരണം കൊണ്ട് തന്നെ  ഈ സിനിമ അദ്ദേഹം പ്രധാനമായും ഉപയോഗിച്ചത് രാഷ്ട്രീയക്കാരുടെ ആട്ടിൻ തോൽ പിച്ചി ചീന്താനാണ്. യു.പി രാഷ്ട്രീയത്തിന്റെ  പിന്നാമ്പുറ കഥകൾ "ബുള്ളറ്റ് രാജ"ക്ക്  വേണ്ടി അദ്ദേഹം നന്നായി ഗവേഷണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. യു പി രാഷ്ട്രീയം സിനിമയിൽ പരാമർശ വിധേയമാക്കുന്ന അതേ സമയത്ത് തന്നെ ബംഗാൾ രാഷ്ട്രീയത്തെ അദ്ദേഹം ഹാസ്യാത്മകമായി വിമർശിക്കുന്നു. നായികയുടെ നാടായ കൊൽക്കത്തയിൽ നായകൻ എത്തുന്ന രംഗങ്ങളോട് അനുബന്ധിച്ചാണ് അത്തരം വിമർശനങ്ങൾക്ക്  ധുലിയ സിനിമയിൽ സ്പേസ് കണ്ടെത്തുന്നത്. Paan Singh Tomar നെ നായകനാക്കി സിനിമ ചെയ്ത ആളായിട്ട് കൂടി  ബണ്ടിറ്റുകളെയും അവരുടെ നിലപാടുകളെയും ഹാസ്യാത്മകായി പരാമർശിക്കാനും  പരിഹസിക്കാനും ടിഗ്മാൻ ഷൂ ധുലിയ മറന്നില്ല എന്നതും ശ്രദ്ധേയമാണ് സിനിമയിൽ. 

ആകെ മൊത്തം ടോട്ടൽ = വല്യ പ്രതീക്ഷകളൊന്നും ഇല്ലാതെ, ഒരു വട്ടം ചുമ്മാ കാണാൻ പറ്റുന്ന, പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാ കൊമേഴ്സ്യൽ സിനിമ. 

വിധി മാർക്ക്‌ = 4.5 /10 
-pravin-

Tuesday, November 19, 2013

അരികിൽ ഒരാളിന് എന്ത് സംഭവിച്ചു ?

'ചാപ്റ്റെഴ്സ്' നു ശേഷം സുനിൽ ഇബ്രാഹിം രചനയും സംവിധാനവും വഹിച്ച സിനിമയാണ് അരികിൽ ഒരാൾ. ഇന്ദ്രജിത്തും, നിവിൻ പോളിയും, രമ്യാ നമ്പീശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ വളരെ വൈകിയാണ് കാണാൻ സാധിച്ചത്. പ്രമേയപരമായി ഏറെ പുതുമയുള്ള ഒരു സിനിമയാണ് അരികിൽ ഒരാൾ എന്ന് നിസ്സംശയം പറയാം. എന്നിട്ടും ആളുകൾക്ക് എന്ത് കൊണ്ടോ ഈ സിനിമ വേണ്ട പോലെ ബോധിച്ചില്ല എന്നറിയുമ്പോൾ വിഷമമുണ്ട്. ഒരു പക്ഷേ ഈ സിനിമക്കായി തിരഞ്ഞെടുത്ത പ്രമേയത്തിന്റെ കട്ടിയും അവതരണത്തിലെ വേറിട്ട രീതികളും, സഡൻ ബ്രേക്കിട്ട പോലെ പെട്ടെന്ന് വന്ന ക്ലൈമാക്സും തന്നെയായിരിക്കാം അതിന്റെ പ്രധാന കാരണങ്ങൾ. 

ബാഗ്ലൂരിൽ നിന്ന്  സ്ഥലം മാറ്റം കിട്ടി കൊണ്ട് കൊച്ചിയിലെത്തുന്ന ക്രിയേറ്റീവ് ആഡ് ഡയറക്ടറായ സിദ്ധാർഥ് (ഇന്ദ്രജിത്ത്) കൊച്ചിയിലെ തന്റെ ഏക സുഹൃത്തായ വീണയെ (രമ്യാ നമ്പീശൻ ) കണ്ടുമുട്ടുന്നു. വീണയുടെ സുഹൃത്തായ ഇച്ഛയെ (നിവിൻ പോളി)  സിദ്ധാർഥ് അവിടെ വച്ചാണ്  പരിചയപ്പെടുന്നത്. പുതിയ താമസ സ്ഥലം ശരിയാകുന്നത് വരെ തൽക്കാലം ഇച്ഛയുടെ കൂടെ താമസിക്കാൻ സിദ്ധാർഥ് നിർബന്ധിതനാകുന്നു. പിന്നീട് ഇച്ഛയുടെ കൂടെയുള്ള താമസം സിദ്ധാർഥിന്റെ ജീവിതത്തിലെ ഒരു വേറിട്ട അധ്യായമായി മാറുകയാണ്. ഇച്ഛയിൽ അസാധാരണമായ, അമാനുഷികമായ പല മാറ്റങ്ങളും കണ്ടു തുടങ്ങുന്ന സിദ്ധാർഥ് അക്കാര്യം വീണയുമായി പങ്കു വക്കുന്നു. ഒരേ സമയത്ത് രണ്ടു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള മനുഷ്യരുടെ കഴിവിനെ കുറിച്ച് ശാസ്ത്രം പറയുന്ന വിവരങ്ങള്‍ സിദ്ധാര്‍ഥ്  അന്വേഷിച്ച് അറിയുന്നു. ഇച്ഛയുടെ കാര്യത്തിൽ അത് വരെ അങ്ങിനെ യാതൊരു അസാധാരണത്വവും തോന്നാതിരുന്ന വീണക്ക് പോലും സിദ്ധാർഥ് പറയുന്നത് ശരിയാണെന്ന് പിന്നീട് ബോധ്യപ്പെടുന്നു.  തുടർന്നങ്ങോട്ട് ഇച്ഛയെ കുറിച്ച്  വീണയും സിദ്ധാർഥും നടത്തുന്ന  അന്വേഷണമാണ് സിനിമയെ ത്രില്ലിംഗ് ആക്കുന്നത്. 

സുനിലിന്റെ ആദ്യ സിനിമയായ ചാപ്റ്റേഴ്സിനെ വച്ച് നോക്കുമ്പോൾ പ്രമേയപരമായി ഈ സിനിമ ഏറെ ഉയരങ്ങളിൽ നിൽക്കുന്ന ഒന്നാണ്. എന്നിട്ടും എന്ത് കൊണ്ടോ ചിലയിടങ്ങളിൽ സിനിമ ലാഗ് ചെയ്യുന്നുണ്ട്.  സിനിമയായാലും കഥയായാലും തുടക്കത്തിലെ ഒരൊറ്റ സ്പാർക്ക് മതി ആസ്വാദകനെ  പിടിച്ചിരുത്താൻ. ആ തലത്തിൽ നോക്കുമ്പോൾ സിനിമ പ്രേക്ഷകന് വേണ്ട സ്പാർക്ക് തുടക്കത്തിൽ കൊടുക്കുന്നില്ല. പ്രത്യേകിച്ച് സിനിമയുടെ ആദ്യ ഇരുപതു മിനിറ്റുകൾ സിനിമ വളരെ വിരസമായ സീനുകളിൽ കൂടി പ്രത്യേകിച്ച് ഒന്നും പറയാനില്ലാതെയാണ് കടന്നു പോകുന്നത്. ഒരു പക്ഷേ ഒരു സംവിധായകന്റെ കണ്ണിൽ കൂടി നോക്കി കാണുമ്പോൾ സുനിൽ ഇബ്രാഹിം ശരിയായ നിലപാട് തന്നെയായിരിക്കാം ആദ്യ ഇരുപതു മിനുട്ടുകളിൽ സ്വീകരിച്ചു കാണുക. എന്നിരുന്നാലും മേൽപ്പറഞ്ഞ കാരണം  കൊണ്ട് പല പ്രേക്ഷകരും ഈ സിനിമയെ നിസ്സാരമായി, യാതൊരു ഗൗരവബോധവുമില്ലാതെ, അലസമായാണ് കാണാൻ തുനിഞ്ഞതെന്നാണ് എനിക്ക് മനസിലാകുന്നത്. അത് കൊണ്ട് തന്നെ സിനിമ ഗൌരവ ഭാഷയിൽ അതിന്റെ പ്രമേയം പറഞ്ഞു തുടങ്ങുന്ന സമയത്ത് പ്രേക്ഷകന് തന്റെ യഥാർത്ഥ  ആസ്വാദന മനസ്സ് കൈമോശം വന്നിട്ടുണ്ടാകും . പിന്നെ കാണുന്നത് മുഴുവൻ കുഴപ്പങ്ങൾ മാത്രമായിരിക്കും. ഈ ഒരു പ്രശ്നം കൊണ്ടായിരിക്കാം സിനിമ കണ്ട പലരും എങ്ങും തൊടാത്ത അഭിപ്രായങ്ങൾ പറയുന്നത്. പിന്നെ മറ്റൊന്ന് കൂടിയുണ്ട്, പൊതുവേ ചിലർക്ക് മലയാള സിനിമകളിൽ മാത്രമായി സീൻ ബൈ സീൻ യുക്തി തിരയൽ കൂടുതലാണ്. ചിലർ അഭിപ്രായം പറയുകയുണ്ടായി സിനിമയിൽ യുക്തിക്ക് നിരക്കാത്ത സീനുകൾ ആണ് ഉള്ളതെന്ന്. ഞാൻ നോക്കിയിട്ട് അങ്ങിനെ ഒരു സീൻ പോലും ഇതിൽ കണ്ടില്ല എന്ന് മാത്രമല്ല ഉള്ള സീനുകൾക്ക് ബുദ്ധിപരമായി ആലോചിച്ച് പിന്നീട് മറുപടി പറയാനുള്ള ഒരു സ്പേസ് കൂടി സംവിധായകൻ സിനിമയിൽ നൽകിയിട്ടുണ്ട്. എന്തായാലും ഇത്തരം വേറിട്ട സിനിമാ പരീക്ഷണങ്ങളെ കൊള്ളിവാക്ക് പറഞ്ഞു വില കുറക്കുന്നവരോടുള്ള അമർഷമായി ഈ പോസ്റ്റിനെ ഞാൻ രേഖപ്പെടുത്തുന്നു. 

ആകെ മൊത്തം ടോട്ടൽ = ദ്വന്ദ വ്യക്തിത്വങ്ങളെ കുറിച്ചും അമാനുഷിക ശക്തിയുള്ളവരെ കുറിച്ചുമെല്ലാം മലയാള സിനിമാ ലോകം ഏറെക്കുറെ ചർച്ച ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് എടുത്തു വക്കാവുന്ന ഒരു സസ്പെന്സ് ത്രില്ലർ തന്നെയാണ് അരികിൽ ഒരാൾ. ഒന്ന് കൂടി മനസ്സ് വച്ചിരുന്നെങ്കിൽ സുനിൽ ഇബ്രാഹിമിന് ഈ സിനിമ ഒരു സൂപ്പർ സസ്പെന്സ് ത്രില്ലർ ആക്കാൻ സാധിക്കുമായിരുന്നു എന്ന് നിസ്സംശയം നമുക്ക് പറയാം. 

*വിധി മാർക്ക്‌ = 6.5 /10 

-pravin-

Tuesday, November 5, 2013

KRRISH 3 - ഇന്ത്യയുടെ സ്വന്തം സൂപ്പർ മാൻ


കഹോ നാ പ്യാർ ഹേ , കോയി മിൽ ഗയാ ,കൃഷ്‌ എന്നീ സിനിമകൾക്ക്‌  ശേഷം ഹൃതിക് റോഷനെ നായകനാക്കി രാകേഷ് റോഷൻ സംവിധാനം ചെയ്ത  നാലാമത്തെ സിനിമയാണ് കൃഷ്‌ 3.  അന്യഗ്രഹ ജീവികളെ പൊതുവേ വില്ലന്മാരായി കാണുന്ന നമ്മുടെ ചിന്താ തലത്തിലേക്ക് സ്നേഹ സമ്പന്നന്നായ ഒരു പാവം 'ജാദു'വിനെ സമ്മാനിച്ചു കൊണ്ടായിരുന്നു കൃഷ്‌ സീരീസ് സിനിമകളുടെ തുടക്കം. രണ്ടര-രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ആദ്യ ഭാഗ സിനിമയിൽ  ജാദുവിനോട് എന്തെന്നില്ലാത്ത ഒരടുപ്പം പ്രേക്ഷകന് ഉണ്ടാകുന്നുണ്ട്. 'കോയി മിൽ ഗയാ' എന്ന് നമുക്കും തോന്നിപ്പോകുന്ന നിമിഷങ്ങൾ.  കുറച്ചൊരു വിഷമത്തോടെയാണെങ്കിലും സിനിമാവസാനം  ജാദുവിനെ അവന്റെ ലോകത്തേക്ക് തന്നെ നമ്മൾ യാത്രയയച്ചു. ജാദുവിനെ പിരിഞ്ഞ വിഷമം മൂന്നു വർഷക്കാലം പലരിലും ഉണ്ടായിരുന്നിരിക്കാം. അതിനൊരു സമാധാനമാകുന്നത്  2006 ഇൽ കൃഷ്‌ ജനിക്കുന്നതോട് കൂടിയാണ്. കൃഷിന്റെ അമാനുഷിക ശക്തിയും മാനുഷിക മൂല്യങ്ങളും പ്രേക്ഷകനെ അന്ന് അതിശയിപ്പിക്കുകയുണ്ടായി. ഒടുക്കം കൃഷിനെയും താൽക്കാലികമായി നമ്മൾ പിരിഞ്ഞു. അഭ്രപാളിയിൽ ദൃശ്യ വിസ്മയം സൃഷ്ട്ടിക്കുന്ന അമാനുഷികനായ കൃഷ്‌ ഇനിയും വരുമോയെന്ന്  പ്രതീക്ഷയോടെ നമ്മൾ കാത്തിരുന്നു. ഏഴു വർഷത്തെ ആ കാത്തിരിപ്പിന്റെ ഉത്തരമാണ്  കൃഷ്‌ 3.  

കൃഷ്‌ 3 സിനിമയുടെ  ട്രൈലെർ ഇറങ്ങിയ സമയത്ത് ചില ഗ്രാഫിക്സ് ബുദ്ധി ജീവികൾ ഈ സിനിമയെ നിശിതമായി വിമർശിച്ചു കണ്ടിരുന്നു. അത്തരം കണ്ണടച്ചുള്ള വിമർശനങ്ങൾക്ക് കനത്ത മറുപടി തന്നെയാണ് കൃഷ്‌ 3 നൽകുന്നത്. ഹോളിവുഡ് ഫിക്ഷൻ സിനിമകൾ കാണുമ്പോൾ തോന്നാത്ത സംശയങ്ങളും വിമർശനങ്ങളുമാണ്കൃഷിന്റെ കഥ - തിരക്കഥക്ക് നേരെ ചിലർ  തൊടുത്തു വിടുന്നത്. മുൻപേ ഇറങ്ങിയ രണ്ടു സിനിമകളെയും വച്ച് നോക്കുമ്പോൾ കൃഷ്‌ 3ക്ക് ശക്തമായ കഥയോ തിരക്കഥയോ അവകാശപ്പെടാനില്ല എന്നത് സത്യം തന്നെയാണ്. പക്ഷേ ആ പോരായ്മ സാങ്കേതിക തികവും മേന്മയും കൊണ്ട് സിനിമ മറി കടക്കുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ഹീറോ സിനിമകളിൽ സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം ഗ്രാഫിക്സ് സ്ഫോടനം നടത്താൻ കൃഷിനു സാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഹോളിവുഡ് സിനിമകളിലെ എക്സ് മാനും, സൂപ്പർ മാനും, സ്പൈഡർ മാനും അടക്കുമുള്ള സൂപ്പർ ഹീറോകളുടെ സാമ്യതകൾ  കൃഷിന്റെ രൂപ കൽപ്പനയിൽ  സ്വാധീനം ചെലുത്തിയിരിക്കാം എന്നൊരു കാരണം കൊണ്ട് കൃഷ് ഒരിക്കലും വെറുക്കപ്പെടേണ്ടവനാകുന്നില്ല. 

സിനിമയിലെ അമാനുഷികരായ  നായക കഥാപാത്രങ്ങൾ എല്ലാ കാലത്തും എല്ലാ തരം പ്രേക്ഷകരെയും ത്രില്ലടിപ്പിച്ചിട്ടുണ്ട്. ഇവിടെയും അത് തന്നെയാണ് സംഭവിക്കുന്നത്.അതേ  സമയം ആദ്യ കാല  കൃഷ്‌ സിനിമകളിലുണ്ടായിരുന്ന നായികാ-നായക പ്രേമവും അനുബന്ധ സീനുകളൊന്നും കൃഷ്‌ 3 യിൽ കടന്നു വരുന്നില്ല. മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒരു സിനിമയല്ല കൃഷ്‌ 3 എങ്കിൽ കൂടി വിവേക് ഒബ്രോയ് അവതരിപ്പിച്ച "കാൽ" എന്ന വേഷവും, കംഗനാ റണാവത്തിന്റെ "കായ" എന്ന വേഷവും നെഗറ്റീവ് ലുക്കിലും പ്രകടനത്തിലും ശ്രദ്ധേയമായിരുന്നു. ഹൃതിക് റോഷൻ തനിക്കു കിട്ടിയ രണ്ടു വേഷവും മോശമാക്കാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രയുടെ നായികാ വേഷത്തെ കംഗനയുടെ "കായ" എന്ന ശക്തമായ കഥാപാത്രം അപ്രസക്തമാക്കി കളഞ്ഞു.  രാജേഷ് റോഷന്റെ സംഗീതം സിനിമക്ക് വേണ്ട വിധത്തിൽ പിന്തുണ നൽകിയില്ല എന്ന് തന്നെ പറയാം. 

സിനിമയുടെ ആദ്യ പകുതി അൽപ്പ സ്വൽപ്പം മുഷിവ്‌ സമ്മാനിക്കുമെങ്കിലും രണ്ടാം പകുതിയിൽ അതെല്ലാം മറന്നു കൊണ്ട് കൂടുതൽ ചോദ്യങ്ങൾക്കൊന്നും മുതിരാതെ സിനിമയിൽ പ്രേക്ഷകൻ  ലയിച്ചു പോകുന്നുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിൽ.  മുൻപൊന്നും ഒരു ഇന്ത്യൻ ഫിക്ഷൻ സിനിമകളിലും കാണാത്ത തരത്തിലുള്ള വെടിക്കെട്ട് സംഘട്ടനങ്ങളാണ് ഈ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ഫിക്ഷൻ സിനിമ എന്ന നിലക്ക് കൃഷ്‌ 3 യിൽ അതെല്ലാം വളരെ ആവശ്യവുമാണ് എന്നിരിക്കെ ഈ സിനിമയെ വിമർശിക്കാനായി ഒന്നും പരതി നടക്കണമെന്നില്ല. എന്തായാലും ഈ സിനിമ എടുക്കാൻ അണിയറ പ്രവർത്തകർ കാണിച്ച മുഴുവൻ പരിശ്രമത്തേയും പ്രേക്ഷകർക്ക്  മാനിച്ചേ മതിയാകൂ. ഭാവിയിൽ ഹോളിവുഡ് സിനിമകളുടെ  സാങ്കേതിക വിദ്യക്കൊപ്പം കിടപിടിക്കാവുന്ന  സിനിമകൾ ഇന്ത്യൻ സിനിമാ ലോകത്തും പിറന്നു വീഴുമെന്ന പ്രതീക്ഷ കൂടിയാണ് കൃഷ്‌ 3 ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് നൽകുന്നത് എന്ന് പറയാതെ വയ്യ. 

ആകെ മൊത്തം ടോട്ടൽ = ഈ സിനിമയെ വിമർശിച്ചേ മതിയാകൂ എന്ന നിലപാടിൽ കാണുകയാണെങ്കിൽ വിമർശിക്കാനായി ധാരാളം വകുപ്പുകൾ സിനിമ തരുന്നുണ്ട്. അതേ സമയം ഒരു സൂപ്പർ ഹീറോ സയൻസ് ഫിക്ഷൻ സിനിമയാണ് നിങ്ങൾ കാണുന്നത് എന്ന വിവരവും വെളിവും ഉണ്ടെങ്കിൽ ഈ സിനിമ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടാനും ആസ്വദിക്കാനും സാധിക്കും. 

*വിധി മാർക്ക്‌ = 7/10 
-pravin-

Thursday, October 17, 2013

"എവിടെയോ ഒരു ശത്രു" വിന്റെ "ഏഴാമത്തെ വരവ് "

എം.ടി - ഹരി ഹരൻ സിനിമകളോട് പ്രേക്ഷകന് എല്ലാ കാലത്തും ആദരവും ബഹുമാനവുമാണ്. എന്ത് കൊണ്ടായിരിക്കാം ഇവരുടെ കോമ്പിനേഷനെ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയും ബഹുമാനത്തോടെയും നോക്കി കാണുന്നത് എന്നതിന് മലയാള സിനിമാ ചരിത്രത്തിൽ ഉദാഹരണങ്ങൾ ഏറെയുണ്ട്. പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ എന്നീ സിനിമകൾ കണ്ടു കഴിയുമ്പോൾ ഇവരുടെ കോമ്പിനേഷൻ മാജിക് എന്താണെന്ന് നമുക്ക് വ്യക്തമാകുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടുമൊരു എം. ടി - ഹരിഹരൻ മാജിക്ക് കാണാൻ ആഗ്രഹിക്കുന്ന, പ്രതീക്ഷിക്കുന്ന പ്രേക്ഷകനെ കുറ്റം പറയാനാകില്ല താനും. 

1982- 1983 കാലത്ത് "എവിടെയോ ഒരു ശത്രു" എന്ന എം ടിയുടെ തിരക്കഥയെ  'ഹരിഹര' സംവിധാനത്തിൽ സിനിമയാക്കാൻ ഒരു ശ്രമം നടന്നിരുന്നു. സുകുമാരൻ, വേണു നാഗവള്ളി, ജലജ, അനുരാധ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് ചിത്രീകരണം തുടങ്ങിയ ആ സിനിമ ചില നിർമ്മാണ പ്രതിസന്ധികളാൽ പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു. "എവിടെയോ ഒരു ശത്രു" അന്ന് പാതി മരിച്ചു വീണുവെങ്കിലും 2013 ഇൽ "ഏഴാമത്തെ വരവാ"യി ഉയിർത്തെഴുന്നേൽപ്പിക്കാൻ വേണ്ടി മാജിക് കോമ്പിനേഷൻ വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചത് വരെയാണ് സിനിമയ്ക്കു പിന്നിലെ കഥ. ശേഷം സ്ക്രീനിൽ. 

സുകുമാരന് പകരം ആര് എന്ന ചോദ്യം വേണ്ട. ഇന്ദ്രജിത്ത് തന്നെ മതിയെന്ന് ഹരിഹരൻ തീരുമാനിച്ചു. ആ തീരുമാനം വളരെ ഉചിതമായിരുന്നു എന്ന് ഈ അടുത്തിടെ ഹരിഹരൻ തന്റെ ഇന്റർവ്യൂവിൽ ഇപ്രകാരം പറയുകയുണ്ടായി. "സുകുമാരന് എന്തെങ്കിലും കഴിവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് മുഴുവനായും കിട്ടിയിരിക്കുന്നത് ഇന്ദ്രജിത്തിനാണ്". ഈ ഒരു കമെന്റ് വളരെ വളരെ സത്യമാണ് എന്ന് പ്രേക്ഷകർക്ക് ബോധ്യമാകും തരത്തിലാണ്  ഗോപി മുതലാളിയുടെ കഥാപാത്രത്തെ ഇന്ദ്രജിത്ത് സിനിമയിൽ അഭിനയിച്ചു പ്രതിഫലിപ്പിച്ചിരിക്കുന്നത്. 

കാടിനേയും വന്യജീവികളെയും മുഴുവനായി മനസിലാക്കിയ ഒരു ഉഗ്രൻ വേട്ടക്കാരനാണ് താൻ എന്ന അഹം ഭാവം ഗോപിക്ക് (ഇന്ദ്രജിത്ത്) ഉണ്ട്. അതിനൊക്കെ പുറമേ തികഞ്ഞ ഒരു നിഷേധിയും മാടമ്പിയുമായാണ് എല്ലാവരോടുമുള്ള അയാളുടെ സംസാരം. സ്വന്തം ഭാര്യ  ഭാനുവിനോട് (ഭാവന) പോലും അയാൾ ആ പരുഷ ഭാവമാണ് പ്രകടിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലേക്ക് യാദൃശ്ചികമായി കടന്നു വരുന്ന പുരാവസ്തു ഗവേഷകനാണ് പ്രസാദ് (വിനീത്). ഭാനുവും പ്രസാദും തമ്മിലുണ്ടായിരുന്ന ഒരു മുൻകാല പ്രണയ പരിചയവും സിനിമ പങ്കു വക്കുന്നുണ്ട്- വളരെ സരസമായി. ഇതിനെല്ലാം പുറമേ തിരക്കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമായി വരുന്ന ആളാണ്‌ "ആൾപ്പിടിയൻ നരി". സിനിമ തുടങ്ങി അവസാനിക്കുന്നത് പോലും നരിയുടെ മുരൾച്ചയിലാണ്.  ആൾപ്പിടിയൻ നരി ഏഴു വർഷത്തിലൊരിക്കൽ മാത്രമാണ് കാട്ടിലെ ജനവാസത്തിലേക്ക് ഇറങ്ങി വരുക . ഏഴു വർഷത്തിനു ശേഷം വരുന്ന അവൻ ഏഴു തവണയായി ആളുകളെ പിടിച്ചു കൊണ്ട് പോയി തിന്നും. നാഗുവിന്റെ (മാമുക്കോയ) മകളായ മാലയാണ്  (കവിതാ നായർ) ആ കഥ പ്രസാദിന് പറഞ്ഞു കൊടുക്കുന്നത്. ആ കഥ സത്യം തന്നെയാണോ എന്ന് ചിന്തിപ്പിക്കും വിധം ആൾപ്പിടിയൻ നരി കഥയിൽ  ഇടയ്ക്കിടെ ഓരോരുത്തരെയായി വന്നു കൊണ്ടു പോകുന്നുമുണ്ട്. 

 വെറുമൊരു ആൾപ്പിടിയൻ നരിയുമായി സിനിമയെ മുന്നോട്ടു നയിക്കാനാകില്ല എന്ന തിരിച്ചറിവ് കൊണ്ട് തന്നെയായിരിക്കണം തിരക്കഥയിൽ വിവിധ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ, നരിയുടെ ആക്രമണവും  ആളുകളുടെ ആശങ്കയും, മൃഗങ്ങളെ വെല്ലുന്ന മനുഷ്യന്റെ വൈരാഗ്യ ബുദ്ധി, സാധു മനുഷ്യ-ജീവികളുടെ നിസ്സഹായത എന്നിങ്ങനെ പല കഥാ ഘടകങ്ങളും ബുദ്ധിപൂർവ്വം കൂട്ടിയിണക്കിയിരിക്കുന്നത്. പക്ഷേ ഇതെല്ലാം ഉണ്ടായിട്ടു കൂടി പ്രേക്ഷകൻ പ്രതീക്ഷിച്ച ആ ഒരു മാജിക്ക് "ഏഴാം വരവിൽ" സംഭവിച്ചില്ല എന്നതാണ് സത്യം. കാലം തെറ്റി വന്ന സിനിമയായി വേണമെങ്കിൽ "ഏഴാം വരവിനെ" വിലയിരുത്താം."എവിടെയോ  ഒരു ശത്രു" അന്ന് ആ കാലത്ത് റിലീസായിരുന്നെങ്കിൽ  എം.ടി- ഹരിഹരൻ മാജിക് കോമ്പിനേഷൻ ലിസ്റ്റിൽ ഒരു ക്ലാസ് സിനിമ കൂടി ഉൾപ്പെടുമായിരുന്നു. ഇന്ന്, ഈ കാലത്ത്, പ്രസ്തുത തിരക്കഥക്ക്  ഏഴല്ല, എട്ടും പത്തും വരവ് വരെ വരേണ്ടി വന്നാലും പ്രേക്ഷക സ്വീകാര്യതയുടെ കാര്യത്തില്‍  കാര്യമായൊരു ചലനം സൃഷ്ടിക്കാന്‍ സാധിക്കില്ല. തിരക്കഥയില്‍ അലിഞ്ഞു ചേര്‍ന്ന ഈ വെല്ലുവിളിയെ   എം .ടി- ഹരിഹരൻ ടീം എന്ത് കൊണ്ട് മനസിലാക്കാതെ പോയി എന്നത് വളരെയധികം ഖേദകരവും ആശ്ചര്യജനകവുമായ ചോദ്യമാണ്. 

പുലിയും, കടുവയും, ആനയുമൊക്കെ പല സിനിമകളിലും പ്രധാന കഥാപാത്രങ്ങളായി വന്നു പോയിട്ടുണ്ട്. മികച്ച സാങ്കേതിക വിദ്യയുടെ അഭാവത്തിൽ പോലും ആ സിനിമകളെല്ലാം പ്രേക്ഷക ശ്രദ്ധയും പ്രശംസയും നേടുകയുണ്ടായിട്ടുമുണ്ട്. ആ കൂട്ടത്തിലെ ഒരു "പുലി" സിനിമയായിരുന്നു ലോഹിത ദാസ് തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത "മൃഗയ". 'മൃഗയ' യിലെ  പുലി ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന പരിഭ്രാന്തിയോളം 'ഏഴാമത്തെ വരവി'ലെ  ആൾപ്പിടിയൻ നരിക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ആസ്ട്രേലിയയിൽ പോയി ഷൂട്ട്‌ ചെയ്ത നരിയുടെ ചലനങ്ങൾ സിനിമയിൽ കുറച്ചു സീനുകളിലേ ഉള്ളൂവെങ്കിൽ  കൂടി മനോഹരമായി ചെയ്തിട്ടുണ്ട് എന്നത് വേറെ കാര്യം. അതേ സമയം, മല പോലെ വന്നത് എലി പോലെ പോയി എന്ന് പറയും പോലെ ആൾപ്പിടിയൻ നരിയെന്ന ഭീകരനെ  ഒടുക്കം വെറും ശബ്ദ ഗാംഭീര്യത്തിൽ മാത്രം ഒതുക്കി കൊണ്ട് തീർത്തും അപ്രസക്തനാക്കി കളയുകയും ചെയ്തു. 

ആൾപ്പിടിയൻ നരിയുടെ ആക്രമണ ഭീകരതയേക്കാൾ പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നത് ഇന്ദ്രജിത്തിന്റെ മികച്ച അഭിനയമാണ്. അത് തന്നെയാണ്  ഈ സിനിമയുടെ  ഏകമാത്രമായ  ഏറ്റവും നല്ല വശമെന്ന് വേണമെങ്കിൽ പറയാം. മാമുക്കോയ, ഭാവന, കവിതാ നായർ തുടങ്ങീ അഭിനേതാക്കളെല്ലാവരും  അവരവർക്ക് കിട്ടിയ കഥാപാത്രത്തെ വളരെ വൃത്തിയായി കൈകാര്യം ചെയ്തിട്ടുണ്ട്. ഹരിഹരന്റെ ഗാന രചനയും സംഗീതവും  സിനിമക്ക് ഒരു ബാധ്യതയായി മാറിയെങ്കിലും  ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ആശ്വാസജനകമായിരുന്നു. 

ആകെ മൊത്തം ടോട്ടൽ =  എം.ടി - ഹരിഹരൻ ടീമിന്റെ ഒരു വിസ്മയ സിനിമയാണ് കാണാൻ പോകുന്നത് എന്ന മുൻവിധിയും പ്രതീക്ഷയും മാറ്റി വച്ച് കൊണ്ട് കാണാവുന്ന ഒരു സിനിമ. സീനുകളിലെ ഇഴച്ചിൽ ആസ്വദിക്കാൻ സാധിക്കുമെങ്കിൽ സിനിമയും ആസ്വദിക്കാം. പഴയകാലത്തെ ഒരു തിരക്കഥ കാലാനുസൃത മാറ്റങ്ങൾ വരുത്താതെ   പ്രയോഗിച്ചു എന്ന നിലയിൽ ഈ സിനിമ മാപ്പർഹിക്കുന്നു. 

*വിധി മാർക്ക് - 5.5/10 
-pravin-

Saturday, September 14, 2013

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി - സഞ്ചാര ജീവിതത്തിലെ നേർക്കാഴ്ചകൾ

ചിലപ്പോഴെങ്കിലും സിനിമ കഴിഞ്ഞിട്ടും തിയേറ്ററിലെ സീറ്റിൽ നിന്ന് എഴുന്നേൽക്കാതെ അൽപ്പ നേരം കൂടി അവിടെ ഇരുന്നു പോകാറുണ്ട്. കണ്ടു കഴിഞ്ഞ  സിനിമയിലെ ചില രംഗങ്ങൾ  അപ്പോഴും  മനസ്സിലെ സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്നുണ്ടാകും.  പിന്നെ എല്ലാവരും പോയ ശേഷം ഏറ്റവും ഒടുക്കമേ തിയേറ്റർ വിടുകയുള്ളൂ. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി കണ്ടു കഴിഞ്ഞപ്പോൾ  രംഗങ്ങൾക്ക് പകരം മുഴുവൻ സിനിമയാണ് മനസ്സിൽ വീണ്ടും തെളിയുന്നത്. അത്രക്കും ഹൃദ്യമാണ് സിനിമയിലെ ഓരോ രംഗങ്ങളും. കഥാപാത്രങ്ങൾക്കൊപ്പം ഒരു ദീർഘ യാത്ര ചെയ്ത പ്രതീതി. ഒന്നും ഒഴിവാക്കി കൊണ്ട് സിനിമയെ കുറിച്ച് ഒന്നും പറയാനോ ചിന്തിക്കാനോ ഇല്ലാത്ത ഒരു അവസ്ഥ.  സിനിമ എങ്ങിനെയുണ്ട് എന്ന് അഭിപ്രായം ചോദിക്കാൻ തിയേറ്ററിനു പുറത്തു ചിലരെങ്കിലും കാണും. അവരോടെല്ലാം  ഒറ്റ വാക്കിൽ, ഒട്ടും ചിന്തിക്കാതെ 'വളരെ നല്ല സിനിമയാണ് ട്ടോ'  എന്ന് ആത്മാർത്ഥമായി പറയാൻ പറ്റുന്നത് വിരളമായാണ്. ഈ സിനിമ കണ്ടു കഴിഞ്ഞാൽ നമ്മൾ അത് തന്നെ പറയും - അതേ ഒറ്റ വാക്ക്.

ഓരോ പ്രേക്ഷകന്റെയും സിനിമാസ്വാദനം പല വിധമാണ്.  സിനിമയോടുള്ള പ്രേക്ഷകന്റെ സമീപനരീതിക്ക് അനുസരിച്ച് അത് മാറി മറഞ്ഞു കൊണ്ടിരിക്കും. ചില സിനിമകൾ നിരീക്ഷിക്കേണ്ട വിധം നിരീക്ഷിക്കാൻ തയ്യാറാകാത്ത പക്ഷം ആ സിനിമയോടുള്ള  ആസ്വാദനം വികലമാകാൻ വഴിയുണ്ട്. ഇവിടെ അങ്ങിനെയൊരു അവസ്ഥ വരുന്നില്ല എന്ന് മാത്രമല്ല കാണുന്ന എല്ലാവർക്കും ഒരേ രീതിയിൽ സിനിമ അനുഭവഭേദ്യവുമാകുന്നു. അതു തന്നെയാണ് സമീർ താഹിർ എന്ന യുവ സംവിധായകന്റെയും ഈ സിനിമയുടെയും വിജയ രഹസ്യം. 'ബിഗ്‌ ബി' യിൽ ഒരു cinematographer വേഷത്തിൽ തുടങ്ങി 'ചാപ്പാ കുരിശി' ലൂടെ  ഒരു സ്വതന്ത്ര സംവിധായക  പദവിയിലേക്കെത്തുമ്പോൾ  സമീറിന്റെ മനസ്സിൽ സിനിമയോട് ഉണ്ടായിരുന്ന നിശ്ചയ ദാര്‍ഡ്യം 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' യിലൂടെ  ലക്ഷ്യം കൈവരിക്കുകയാണ്. 

തന്റെ  തീരുമാനങ്ങളാണ് തന്റെ വിധി എന്ന് വിശ്വസിക്കുന്ന കാസി (ദുൽഖർ സൽമാൻ) ജീവിതത്തെ വിപ്ലവാത്മകമായി സമീപ്പിക്കുന്ന ആളാണ്. കഥാപാത്രത്തിന്റെ ആ വിപ്ലവ വീര്യം സിനിമയിൽ പലയിടത്തും പ്രകടമാണ്. തുടക്കം മുതൽ ഒടുക്കം വരെ അത് വളരെ വൃത്തിയായി അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞു  എന്നുള്ളിടത്ത് ദുൽഖർ എന്ന നടന്റെ അഭിനയ മികവ്  ഏറ്റവും ഉയരത്തിൽ അടയാളപ്പെടുത്തുക കൂടിയാണ്  ചെയ്യുന്നത്. റോഡരികിലെ കടയിൽ കാസിയുടെ വരവും കാത്ത് ഒരു സിഗരറ്റും കൊളുത്തിപ്പിടിച്ച് ബൈക്കിൽ ചാരി നിന്ന് പുകയൂതുന്ന സുനിക്ക്  (സണ്ണി വെയ്ൻ) പ്രത്യേകിച്ച് ജീവിത ലക്ഷ്യമൊന്നും ഇല്ല എന്ന് പറയാം. പക്ഷേ കാസിയോടുള്ള സുനിയുടെ ആത്മബന്ധം അളവിനും അപ്പുറമാണ്. എങ്ങോട്ടാണ് ഇത്തവണത്തെ യാത്ര എന്ന് സുനി കാസിയോടു ചോദിക്കുമ്പോൾ മറുപടി കിട്ടുന്നത് ഹിമാലായത്തിലെക്കെന്നാണ്. ഓ അതിനെന്താ നീ എങ്ങോട്ട് പോകുന്നു അങ്ങോട്ട്‌ ഞാനും ഉണ്ട് - അതാണ്‌ സുനിയുടെ ഒരു ലൈൻ. കണ്ണൂർക്കാരനായ സുനിയുടെ വേഷം സണ്ണിയിൽ ഭദ്രമായിരുന്നു.

പിന്നിട്ട ദൂരത്തെക്കാൾ,   വിവിധ  സാഹചര്യങ്ങളിൽ കണ്ടുമുട്ടുന്നവരെയാണ് കാസി തന്റെ യാത്രയുടെ മൂല്യാനുഭവമായി  കാണുന്നത്.  അതേ വേളയിൽ, പലതും  മറക്കാൻ വേണ്ടിയുള്ള വെറുമൊരു  അലസ യാത്രയാണ് തന്റെ ഉദ്ദേശ്യം എന്ന് പറഞ്ഞ കാസിക്ക് വഴി മദ്ധ്യേ  യാത്രയുടെ യഥാർത്ഥ ലക്ഷ്യം എന്താകണമെന്നു പറഞ്ഞു കൊടുക്കുന്നത് സ്വന്തമായി യാതൊരു ജീവിത ലക്ഷ്യവുമില്ലാത്തവൻ എന്ന മുഖമുദ്ര പതിപ്പിച്ചു നടക്കുന്ന   സുനിയാണ്. ഓരോ പ്രവർത്തിക്കും ഓരോ ചിന്തക്കും എവിടെയോ ഒരു ലക്ഷ്യമുണ്ട്. പലപ്പോഴും എന്താണ് ആ ലക്ഷ്യം എന്നറിയാൻ നമ്മൾ വൈകുന്നു. മദ്ധ്യേ നമ്മൾ അത് തിരിച്ചറിയുന്നതിന് കാരണങ്ങളും നിമിത്തങ്ങളും ഒരുപാടുണ്ടാകാം. അത് കൊണ്ട് തന്നെ ജീവിതത്തിൽ ലക്ഷ്യമില്ലായ്മ എന്ന നിർവികാരതക്ക് ഒട്ടും പ്രസക്തി ഇല്ല. അതൊരു താൽക്കാലിക മനോ-വിഭ്രമം മാത്രം. സിനിമയിൽ  അത് അടിവരയിരയിടുന്ന രംഗങ്ങൾ പലതുണ്ട്. ഒരു ഘട്ടത്തിൽ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുകയും മറ്റൊരു വിഭ്രാന്തിയിൽ  യാത്ര മതിയാക്കി തിരിച്ചു വീട്ടിലേക്കു മടങ്ങാൻ തീരുമാനിക്കുകയും പിന്നീട്  ദ്രുതഗതിയിൽ  ലക്ഷ്യബോധം കൈവരിക്കുക്കുകയും ചെയ്യുന്ന കാസിയുടെ മാനസികാവസ്ഥകൾ അതിന്റെ ഭാഗമാണ്. 

കേരള, കർണാടക, ആന്ധ്രാ പ്രദേശ്, ഒറീസ്സ, പശ്ചിമ ബംഗാൾ, സിക്കിം, നാഗാലാന്റ് തുടങ്ങീ ഏഴു സംസ്ഥാനങ്ങളിൽ കൂടി സഞ്ചരിച്ചു കൊണ്ട് കഥ പറയുന്ന ഒരു സിനിമ എന്നതിനോടൊപ്പം കഥാപശ്ചാത്തലമായി വരുന്ന അതാത് സംസ്ഥാനങ്ങളുടെ ആനുകാലിക-രാഷ്ട്രീയ-സാമൂഹിക ഭൂതലത്തെ പ്രേക്ഷകന് മുന്നിൽ  യാഥാർത്യ ബോധത്തോടെ വ്യക്തമായി വരച്ചു കാണിക്കുന്നതിലും സിനിമ വിജയിക്കുന്നുണ്ട്. സിനിമ എന്ന മാധ്യമത്തിന്  പലപ്പോഴും സമൂഹത്തോട് നിറവേറ്റാൻ സാധിക്കാതെ പോകുന്ന വിദൂര കടമയെ കൂടിയാണ് സമീർ താഹിർ തന്റെ സിനിമയിലൂടെ മുഴുവൻ സിനിമാ പ്രവർത്തകരെയും ഓർമപ്പെടുത്തുന്നത്  എന്ന് കൂടി പറയേണ്ടിയിരിക്കുന്നു. 

ജീവിതത്തോടുള്ള കാസിയുടെ വിപ്ലവാത്മകത  കലാലയ ജീവിതത്തിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ് സജീവമാകുന്നത്. ഫീസടക്കാൻ കഴിവില്ലാത്തവർക്ക് പഠിക്കാനും അവകാശമില്ല എന്ന അധികാരി-ഭരണവർഗങ്ങളുടെ  ധാർഷ്ട്യ  നിലപാടിന് മുന്നിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സിനിമയിലെ വിദ്യാർഥിനി കഥാപാത്രം  പ്രേക്ഷകരെ വേദനയോടെ  ഓർമപ്പെടുത്തുന്നത്  സമകാലീന കേരള കലാലയ ജീവിതങ്ങളിലെ രജനി എസ് ആനന്ദുമാരെയാണ്. എസ്. എഫ്. ഐക്കാരനായ കാസിയുടെ സാമൂഹിക-രാഷ്ട്രീയ  ഇടപെടലുകൾ സിനിമയിൽ സൂചിപ്പിക്കപ്പെടുന്നത് ഈ രംഗത്തോട് അനുബന്ധിച്ചാണ്. തന്റെ രാഷ്ട്രീയം ശരിയായ നിരീക്ഷണമാണ് എന്ന കാര്യത്തിൽ കാസിക്ക് തെല്ലും സംശയമില്ല. അതേ സമയം തന്റെ വിപ്ലവ പ്രസംഗങ്ങളെയും വിദ്യാർഥി സമൂഹത്തിലുള്ള സ്വാധീനത്തെയും കേവലം കക്ഷി രാഷ്ട്രീയ വിരോധം തീർക്കാനായി  പാർട്ടി ഹൈജാക്ക് ചെയ്യുകയാണ് എന്ന് ബോധ്യപ്പെടുന്ന നിമിഷം കാസി പാർട്ടിയെ തള്ളിപ്പറയുന്നുണ്ട്. ഒരു യഥാർത്ഥ വിപ്ലവകാരി പാർട്ടിക്ക് അടിമപ്പെട്ടു ജീവിക്കേണ്ടവനല്ല, അവന്റെ വിപ്ലവം പാർട്ടിക്ക് വേണ്ടിയല്ല പൊതു സമൂഹത്തിനു വേണ്ടിയാകണം എന്ന് പറയാതെ പറഞ്ഞു കൊണ്ട് ആ രംഗം അവസാനിക്കുന്നു. 

                                         

നീണ്ടു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ ബൈക്കിലുള്ള തങ്ങളുടെ യാത്ര പുരോഗമിക്കുമ്പോൾ യാത്രികർ അറിയാതെ അവരുടെ സാമൂഹിക ചുറ്റുപാടുകളും  മാറിക്കൊണ്ടിരിക്കുകയായിരുന്നു . കർണാടക സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലൂടെയുള്ള ഏകാന്ത യാത്രകൾ അപകടകരമാണെന്ന പത്ര വാർത്തകൾ സിനിമ കാണുന്നതിനിടയിൽ നമ്മൾ ഓർത്ത്‌ പോകുന്നു. ചെറുപ്പത്തിന്റെ തിളപ്പിൽ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് നാട് വിടേണ്ടി വരുകയും പിന്നീട് പുതിയ ചുറ്റുപാടിൽ വേരുറപ്പിച്ചു താമസിക്കേണ്ടിയും വന്ന  ഒരു മെക്കാനിക് കഥാപാത്രം സിനിമക്കിടയിൽ കടന്നു വരുന്നുണ്ട് . എന്നെങ്കിലും നാട്ടിലേക്ക് തിരിച്ചു പോകാൻ സാധിക്കുമോ എന്നന്വേഷിക്കുന്ന രണ്ടു 'പ്രതീക്ഷ കണ്ണുകളുടെ' ഉടമയാണ് സിനിമയിൽ അയാൾ. കേരളത്തിൽ നിന്നും തങ്ങൾ വന്ന നീണ്ട റോഡിനെ അയാൾക്ക്‌ ചൂണ്ടി കാണിച്ചു കൊടുത്ത് കൊണ്ട്  ആ 'പ്രതീക്ഷ കണ്ണുകളിൽ' കൂടുതൽ ഊർജ്ജം പകരാനാണ് കാസി ശ്രമിക്കുന്നത്. ആസാം കലാപ ബാധിത പ്രദേശങ്ങളിലൂടെയുള്ള  രാത്രിയാത്ര വളരെ ഭീകരമായി തന്നെ  സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഒരു വിളിപ്പാടകലെ, ഇരുട്ടിൽ അവ്യക്തമായി യാത്രികർക്ക്  കാണേണ്ടി വരുന്ന  ദാരുണ കൊലപാതകം കലാപ  ഭീകരതയെ വരച്ചു കാണിക്കുന്ന രംഗമാണ്. കലാപ പ്രദേശത്തെ തെരുവിൽ  ഒറ്റപ്പെട്ടു പോയ  കുട്ടിയിലും, കരഞ്ഞു കണ്ണ് കലങ്ങിയ  സ്ത്രീകളിലും തന്റെ  പ്രിയപ്പെട്ടവരെ തന്നെയാണ് കാസി കാണുന്നത്. ഇത്തരം ദുരന്ത കലാപ ദുരിത ഭൂമികളിൽ ഭാഷക്കും മതത്തിനും അതീതമായി നിലകൊള്ളുന്നത് മനുഷ്യത്വമെന്ന വികാരം മാത്രമാണ് എന്ന് സിനിമ വ്യക്തമാക്കുന്നു.

കാസി-അസി (സുര്‍ജാ ബാല) പ്രണയമാണ് സിനിമയുടെ ആത്യന്തിക പ്രമേയ ഭാവം. ആ തീക്ഷ്ണ പ്രണയം സിനിമയിൽ പറയാതെയും പങ്കു വക്കാതെയും പോയിരുന്നെങ്കില്‍ ഒരു പക്ഷേ ആകാശത്തിനും കടലിനും ഭൂമിക്കും ഇത്ര തന്നെ ഭംഗി ഉണ്ടാകുമായിരുന്നില്ല. സമീർ താഹിറിന്റെ മനോഹരമായ ഒരു പ്രണയാവിഷ്ക്കാരം കൂടിയാണ് അസിയിലേക്ക് എത്തിപ്പെടുന്ന കാസിയുടെ ദീർഘയാത്ര എന്ന് പറയേണ്ടിയിരിക്കുന്നു. സിനിമകളിൽ  മാത്രം കാണുന്ന ഒരു വിശിഷ്യ പ്രേമ- പ്രതിഭാസം മാത്രമായി കാസി-അസി പ്രണയത്തെ ചിലരെങ്കിലും വ്യാഖ്യാനിക്കാം. കാരണം എല്ലാ കഥകളിലേയും പോലെ ഇവിടെയും കമിതാക്കളുടെ പ്രണയ തീവ്രതയുടെ മുന്നില്‍ മത-ഭാഷാ വ്യത്യാസത്തിന്റെ മതിലുകള്‍ പൊളിഞ്ഞു വീഴുകയാണ്. യഥാർത്ഥ സ്നേഹ പ്രണയ ബന്ധങ്ങൾക്ക്   മുന്നിൽ  ഭാഷയുടെയും മതത്തിന്റെയും  അതിർത്തി പങ്കിടുന്ന മതിലുകൾ പൊളിഞ്ഞു വീഴുക തന്നെ ചെയ്യുമെന്ന പൊതു സാഹിത്യ സങ്കൽപ്പ ധാരണകളെ സിനിമയും പിന്തുടരുന്നു. അതേ സമയം, യാഥാർത്യവുമായി തട്ടിച്ചു നോക്കുമ്പോൾ, മനുഷ്യനെ സ്നേഹിക്കാനും മനസിലാക്കാനും പഠിപ്പിക്കുന്ന മതവും ഭാഷയുമെല്ലാം മനുഷ്യര്‍ക്കിടയില്‍ എങ്ങിനെ  പലപ്പോഴും മതിലുകളായി രൂപാന്തരപ്പെടുന്നു എന്ന ചോദ്യം പ്രേക്ഷകന്റെ മനസ്സിലേക്ക്  നിശബ്ദമായി ചേക്കേറുകയും ചെയ്യുന്നു . 

അന്യ ഭാഷാ നടീ നടന്മാരെ  മലയാള സിനിമകളിൽ അവതരിപ്പിക്കുന്നത് ഇതാദ്യമായല്ല. പക്ഷെ കഥാ പശ്ചാത്തലത്തിനും കഥാപാത്രങ്ങൾക്കും  അനുയോജ്യമാം വിധം അന്യഭാഷാ നടീ നടന്മാരെ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിച്ച  ചുരുക്കം മലയാള സിനിമകളിൽ ഒന്നാമതാണ് നീലാകാശം -പച്ചക്കടൽ -ചുവന്ന ഭൂമി എന്ന് പറയേണ്ടി വരും. കേരളത്തിൽ വന്നു പഠിക്കുന്ന അസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണിപ്പൂരി നടി സുർജ ബാലയും, ബംഗാളി ഗ്രാമത്തലവനും പഴയ നക്സലുമായ  ബിമൽ ദായെ അവതരിപ്പിച്ച ബംഗാളി നടൻ  ധൃതിമാൻ ചാറ്റർജിയും അടങ്ങുന്ന അന്യ ഭാഷാ നടീ നടന്മാർ സിനിമയിലെ പ്രേക്ഷക ശ്രദ്ധാ കേന്ദ്രങ്ങളാകുന്നത് കാസ്റ്റിങ്ങിലെ ഈ പൂർണത ഒന്ന് കൊണ്ട് മാത്രം. റെക്സ് വിജയന്റെ സംഗീതം സിനിമയുടെ മൂഡിനു അനുയോജ്യമായി തന്നെ നിന്നു. ഗിരീഷ്‌ ഗംഗാധരന്റെ ച്ഛായാഗ്രഹണം സിനിമയെ കൂടുതൽ അഴകുറ്റതാക്കി എന്ന് പറയാതെ വയ്യ. 

ആകെ മൊത്തം ടോട്ടൽ =  ദേശ ഭാഷാ  ഭേദമന്യേ സമകാലീന സാമൂഹിക പ്രശ്നങ്ങളിലൂടെ  യാഥാർത്യ ബോധത്തോടെ ക്യാമറ ചലിപ്പിച്ച ഒരു തത്സമയ സിനിമ. അത് കൊണ്ട് തന്നെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് ഒരേ സ്വരത്തിൽ പറയാം . "ആകാശം നീലയും, കടൽ പച്ചയും, ഭൂമി ചുവന്നതും തന്നെയാണ്." അതങ്ങിനെ തന്നെയാണ് എന്ന് സിനിമ പ്രേക്ഷകനെ പൂർണമായും ബോധ്യപ്പെടുത്തുന്നു.

വിധി മാർക്ക്‌ = 8/10 

-pravin- 

Monday, September 2, 2013

Madras Cafe - An Indian Political Espionage Thriller

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ  ഇന്നും  മറക്കാനാകാത്ത ഒരു സംഭവമാണ് രാജീവ്‌ ഗാന്ധി വധം. തമിഴ് പുലികളെയും, രാജീവ്‌ ഗാന്ധി വധത്തെയും പരാമർശിച്ചു കൊണ്ട് നിരവധി സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്തിട്ടുണ്ട്. സന്തോഷ്‌ ശിവൻ സംവിധാനം ചെയ്ത് 1998 ഇൽ റിലീസ് ചെയ്ത "The Terrorist", 2002 ഇൽ മണി രത്നത്തിന്റെ  സംവിധാനത്തിൽ വന്ന  "കന്നത്തിൽ മുത്തമിട്ടാൽ",  ആർ. കെ സെൽവമണി സംവിധാനം ചെയ്ത് 2007 ഇൽ റിലീസായ "കുറ്റപത്രികൈ" എന്നിവ അതിനുദാഹരണങ്ങളാണ്. ഈ സിനിമകളിലെല്ലാം തന്നെ LTTE പ്രവർത്തനങ്ങളും, രാജീവ്‌ ഗാന്ധി വധത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളും, തമിഴ് പുലികളും സർക്കാരും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളും അങ്ങിനെ നിരവധി വിഷയങ്ങൾ ഭാവനത്മകമായും അല്ലാതെയും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. ഒരു പക്ഷേ, വളരെ ആധികാരികമായി, എന്നാൽ  കുറഞ്ഞ തോതിൽ മാത്രം ഭാവനാത്മകത ഉപയോഗിച്ച്  രാജീവ് ഗാന്ധി വധാന്വേഷണം വളരെ ചടുലമായി അവതരിപ്പിച്ചത്  മലയാളത്തിൽ മേജർ രവി സംവിധാനം ചെയ്ത് 2007 ൽ റിലീസായ "മിഷൻ 90 ഡെയ്സ്" എന്ന സിനിമയിലായിരിക്കും. സിനിമ പ്രേക്ഷകരെ രസിപ്പിക്കാനും ത്രില്ലടിപ്പിക്കാനും വേണ്ടി മാത്രമാണ് എന്ന ചിന്താഗതിക്കാർക്ക് "മിഷൻ 90 ഡെയ്സ്" ഒരു പക്ഷേ  നിരാശ സമ്മാനിച്ചിരിക്കാം.  അതേ സമയം രാജീവ ഗാന്ധി വധാന്വേഷണം ഘട്ടം ഘട്ടമായി വ്യക്തമായ വിവരണങ്ങളിലൂടെ  അറിയാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ തന്റെ സിനിമ നന്നായി അവതരിപ്പിക്കാൻ മേജർ രവിക്ക് സാധിച്ചിട്ടുമുണ്ട്. 

ഇവിടെ മേൽപ്പറഞ്ഞ സിനിമകളിൽ നിന്നെല്ലാം വീണ്ടും വ്യത്യസ്തമാകുകയാണ് ഷൂജിത് സിർക്കാരിന്റെ "മദ്രാസ് കഫെ" എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം, 'മദ്രാസ് കഫെ' ചർച്ച ചെയ്യുന്നതും പറഞ്ഞെത്തുന്നതും ആരും ഇത് വരെ ഈ വിഷയത്തിൽ പറയാതിരുന്ന  ഒരു കാര്യത്തിലേക്കാണ്- രാജീവ് ഗാന്ധി എന്ന പ്രധാനമന്ത്രിയെ നമുക്ക് നഷ്ട്ടപ്പെടില്ലായിരുന്നു എന്ന ദുഃഖ സത്യത്തിലേക്ക്. പ്രധാനമന്ത്രി അപകടത്തിലാണ് എന്ന് മുൻകൂട്ടി അറിഞ്ഞിട്ടും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ സാധിക്കാതിരുന്ന  ഒരു കൂട്ടം സഹപ്രവർത്തകരെയും, പ്രധാനമന്ത്രി കൊല്ലപ്പെടണം എന്ന് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഒരു പോലെ  ആഗ്രഹിച്ച ചില ദുഷ്ട ശക്തികളെയും കുറിച്ചാണ് സിനിമ കൂടുതലും പറയുന്നത്. ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾക്കിടയിൽ സ്വന്തം ജീവൻ ബലി കഴിക്കേണ്ടി വന്ന പട്ടാളക്കാർ ആർക്കു വേണ്ടിയാണ് അന്യരാജ്യത്ത് മരിച്ചു വീണത്‌  എന്ന വലിയൊരു ചോദ്യവും   ചില സീനുകളിൽ ഉയർന്നു വരുന്നുണ്ട്. 

അതീവ രഹസ്യ സ്വഭാവവും  അപകടസാധ്യത ഏറെയുമുള്ള ഒരു ജോലിയുടെ ഭാഗമെന്നോണം മേജർ വിക്രമിന് (ജോണ്‍ എബ്രഹാം) തന്റെ വ്യക്തി ജീവിതത്തിൽ പല നഷ്ടങ്ങളും സഹിക്കേണ്ടി വരുന്നുണ്ട്. സംഭവിക്കുന്ന നഷ്ടങ്ങളിൽ  ഒരു പരിധിക്കപ്പുറം അയാൾ തളരുന്നില്ല; അതേ സമയം ഔദ്യോഗിക ജീവിതത്തിലെ  കൃത്യ നിർവഹണത്തിലുണ്ടായ  പരാജയം  മേജർ വിക്രമിനെ ഒരായുഷ്ക്കാലത്തേക്ക് അലട്ടുന്നതും ഖേദപ്പെടുത്തുന്നതുമായിരുന്നു. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ രാഷ്ട്രീയവും അന്തർ ദേശീയവുമായി നടന്ന വിവിധ ഗൂഡാലോചനകളെ കുറിച്ച്  വേണ്ടതിലധികം തെളിവുകൾ നൽകിയിട്ടും അതിനെ തൃണവൽക്കരിച്ചു കളയുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് മേജർ വിക്രമിന്റെ ചില പാഴ് ശ്രമങ്ങളിലൂടെ സിനിമ പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട്. ഇതിനെ ഭാവനാത്മകമെന്നോ, വസ്തുതാപരമെന്നോ,വെറും  കെട്ടിച്ചമച്ച കഥകളെന്നോ എങ്ങിനെ വേണമെങ്കിലും വിളിക്കാം. പക്ഷെ എങ്ങിനെ വിളിക്കണം എന്ന് തീരുമാനിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായ  പ്രേക്ഷകരാണ്. എന്തായാലും ഒരു കാര്യം ഉറപ്പ്. നമ്മൾ കണ്ടതും വായിച്ചതും അറിഞ്ഞതുമല്ല ചരിത്രം. അല്ലെങ്കിൽ അത് മാത്രമല്ല ചരിത്രം. ഇനിയും അറിയാനുള്ളതും , അറിയപ്പെടാനുള്ളതുമായ ഒരു  നിഗൂഡതയാണ് ഈ വിഷയത്തിലെ യഥാർത്ഥ ചരിത്രം. ആ തലത്തിലേക്ക് ചിന്തിക്കേണ്ടിയിരിക്കുന്ന  ചില ആധികാരിക വിവരണങ്ങൾ സിനിമ പ്രേക്ഷകനുമായി പങ്കു വക്കുന്നുണ്ട്. 

ഈ സിനിമയുമായി ബന്ധപ്പെട്ട് തമിഴ് നാട്ടിലെ  പ്രമുഖ രാഷ്ട്രീയ പാർട്ടികൾ എൽ.ടി.ടി.ഇയെ കുറിച്ച്  പറഞ്ഞ അഭിപ്രായങ്ങളും വിപ്ലവ കഥകളും മറ്റു വിവാദങ്ങളും രാജീവ്‌ ഗാന്ധി വധത്തെ പരോക്ഷമായി ന്യായീകരിക്കുന്നതും  പുലി പ്രഭാകറിന്റെയും എൽ . ടി . ടി . ഇ യുടെയും കലാപ പ്രവർത്തനങ്ങളെ പ്രത്യക്ഷമായി തന്നെ അംഗീകരിക്കുകയും ചെയ്യുന്ന ചില സംഗതികളാണ്. തമിഴ് ദേശീയ വാദത്തിന്റെ ഭീകരമായ ഈ അവസ്ഥയെ തന്നെയാണ് സിനിമയിൽ National Threat എന്ന് വിശേഷിപ്പിക്കുന്നതും. എന്ന് കരുതി ഇത് ഒരിക്കലും തമിഴനോ തമിഴ് നാടിനോ എതിരായ സിനിമയല്ല. വംശഹത്യകൾക്കും  മറ്റു സാമുദായിക -പ്രാദേശിക -ദേശീയ കലാപങ്ങൾക്കും ഇടയിൽ പിടഞ്ഞു വീഴേണ്ടി വരുന്ന  നിരപരാധികളായ ഒരു സമൂഹത്തിന്റെ മനോവികാരത്തിനും അവരുടെ ദുരിതത്തിനും മുന്നിൽ അത്തരം വിഭാഗീയ ചിന്തകളുടെ  പ്രസക്തി വെറും വട്ട പൂജ്യം മാത്രമാണ്. 

2012 ഇൽ റിലീസ് ചെയ്ത "വിക്കി ഡോണർ " സിനിമയ്ക്കു ശേഷം ജോണ്‍ എബ്രഹാം രണ്ടാമതും നിർമാതാവായ സിനിമയാണ് മദ്രാസ് കഫെ. വിക്കി ഡോണറിന്റെ വിജയത്തിന് ശേഷം സംവിധായകനായി ഷൂജിത് സിർക്കാരും, തിരക്കഥാകൃത്തായി ജൂഹി ചതുർവേദിയും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. ഈ സിനിമയിൽ പക്ഷേ ജൂഹിക്ക് സംഭാഷണ ചുമതല മാത്രമേ ഉള്ളൂ. സോമനാഥ്ദേ, ശുഭേന്ദു ഭട്ടാചാര്യ എന്നിവരാണ് സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. മേജർ വിക്രം സിംഗ് എന്ന സാങ്കൽപ്പിക കേന്ദ്ര കഥാപാത്രം ഒഴിച്ച് ബാക്കി സിനിമയിൽ വിവരിക്കപ്പെടുന്ന ഓരോ സീനിനും  അതിന്റെതായ ആധികാരികത ഉണ്ടെന്നു തന്നെ സംവിധായകനും സംഘവും അടി വരയിട്ടു പറയുന്നു. വിക്രം സിംഗ് എന്ന കഥാപാത്രം  സാങ്കൽപ്പികമാണെങ്കിലും നായകന് അമാനുഷികത കൽപ്പിച്ചു കൊടുക്കുന്ന ബോളിവുഡ് സംവിധായകരിൽ നിന്നും ഷുർജിത് വേറിട്ട്‌ നിൽക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഓഫീസർമാരും  വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെടുന്ന വെറും  സാധാരണ മനുഷ്യരിൽ ഉൾപ്പെടുന്നവർ തന്നെയാണെന്ന്  പ്രേക്ഷകരെ ചില വേളകളിൽ  ബോധ്യപ്പെടുത്താനും ഷുർജിത് ശ്രമിച്ചിരിക്കുന്നു.  

 ശ്രീലങ്കൻ ദുരിത ബാധിത പ്രദേശങ്ങളും, കലാപത്തിനു ഇരയായവരും സിനിമ തുടങ്ങുമ്പോൾ തന്നെ പ്രേക്ഷകനെ ഞെട്ടിപ്പിക്കുന്ന കാഴ്ചയായി മാറുന്നുണ്ട്. കമൽ ജീത് നേഗിയുടെ ച്ഛായാഗ്രഹണം വാക്കുകൾക്കും അപ്പുറം അഭിനന്ദനീയമാണ്. സിനിമയുടെ ഏക പോരായ്മയായി മുഴച്ചു നിന്നത് അവ്യക്തമായ രീതിയിൽ സീനുകളെ ബന്ധിപ്പിച്ച എഡിറ്റിംഗ് ആണ്. ആധികാരികമായ വിവരണങ്ങളിൽ കൂടി സിനിമ പലതും വെളിപ്പെടുത്തുന്നുണ്ടെങ്കിലും ക്യാമറയുടെ ദ്രുത ചലനവും പെട്ടെന്നുള്ള സീൻ മാറ്റവും പ്രേക്ഷകരെ അലോസരപ്പെടുത്തുന്നതാണ്. ഇക്കാരണം കൊണ്ട് തന്നെ സിനിമയിലെ ചില ഭാഗങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ അവ്യക്തത സൃഷ്ടിക്കുന്നു. 

ആകെ മൊത്തം ടോട്ടൽ = രാജീവ്‌ ഗാന്ധി വധത്തെ കുറിച്ച് ഇത് വരെ ചർച്ച ചെയ്യാത്ത തലങ്ങളിൽ കൂടി കഥ പറയുന്ന ഒരു നല്ല പൊളിറ്റിക്കൽ ത്രില്ലർ. പക്ഷേ, ഒരു entertainer മനസ്സോടെ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ  നിരാശപ്പെടും. 

*വിധി മാർക്ക്‌ = 7/10 

-pravin-

Saturday, August 17, 2013

Chennai Express

Bol Bachan നു ശേഷം  രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിനിമയാണ് Chennai Express. യൂനസ് സജാവലിന്റെ തിരക്കഥയും രോഹിതിന്റെ സംവിധാനവും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പരിണാമങ്ങൾ മാത്രമാണ് ചെന്നൈ എക്സ്പ്രസ്സിലും സംഭവിക്കുന്നുള്ളൂ എന്നത് കൊണ്ട് പ്രേക്ഷകന് അമിത പ്രതീക്ഷയോ നിരാശയോ ഇല്ലാതെ കണ്ടിരിക്കാവുന്ന സിനിമയാണ് ചെന്നൈ എക്സ്പ്രെസ്സ്. ഓം ശാന്തി ഓമിന് ശേഷം ഷാരൂഖ്‌ - ദീപികാ ജോഡികളുടെ പ്രണയവും പ്രകടനവും കാണാൻ എത്തുന്നവരും പൂർണമായും നിരാശപ്പെടില്ല  എന്ന്  തന്നെ പറയാം. പ്രണയത്തേക്കാൾക്കാൾ ഉപരി കോമഡിക്കാണ്  സിനിമയിൽ പ്രാധാന്യം. പ്രണയവും അനുബന്ധ ആക്ഷൻ സീനുകളും  വളരെ വൈകി മാത്രമേ സിനിമയിൽ കടന്നു വരുന്നത് പോലുമുള്ളൂ . 

അമ്മയും അച്ഛനും  ചെറുപ്പത്തിലെ മരിച്ചു പോയതിനാൽ മുത്തശ്ശന്റെ (ലേഖ് ടണ്ടൻ ) സ്നേഹ-കർശന-സംരക്ഷണത്തിലായിരുന്നു  രാഹുലിന്റെ (ഷാരൂഖ്‌ ഖാൻ )  വളർച്ച.  മുത്തശ്ശന്റെ  മധുര പലഹാര കച്ചവടവും കടകളും  നോക്കി നടത്തേണ്ട മുഴുവൻ ചുമതല രാഹുലിനാണ്. രാഹുലിനാകട്ടെ അതിലൊന്നും വലിയ താൽപ്പര്യവുമില്ല. മുത്തശ്ശന്റെ നിർബന്ധങ്ങൾക്കു വഴങ്ങി ജീവിക്കുക എന്നതിലുപരി തന്റെ ജീവിതത്തിൽ രാഹുലിന് സ്വന്തമായൊന്നും തീരുമാനിക്കാനോ നടപ്പിലാക്കാനോ സാധിച്ചിട്ടില്ല.  മുത്തശ്ശന്റെ നൂറാം പിറന്നാൾ ദിവസം സുഹൃത്തുക്കളുടെ കൂടെ ഒരു ഗോവൻ ട്രിപ്പ്‌ പ്ലാൻ ചെയ്ത സന്തോഷത്തിലായിരുന്നു രാഹുൽ . പക്ഷെ എന്ത് ചെയ്യാൻ നൂറാം പിറന്നാൾ ആഘോഷിക്കുന്നതിനു തൊട്ട് മുൻപേ മുത്തശ്ശൻ മരിക്കുന്നു. മുത്തശ്ശന്റെ മരണം രാഹുലിനെ അധികമൊന്നും വേദനിപ്പിക്കുന്നില്ല എന്ന് മാത്രമല്ല മുടങ്ങി പോയ ഗോവൻ യാത്ര ഏതു വിധേനയും നടത്താൻ തന്നെ രാഹുൽ തീരുമാനിക്കുന്നു . മുത്തശ്ശന്റെ മരണം തന്റെ ജീവിതത്തിലെ പ്രധാന ട്വിസ്ട്ടായാണ് രാഹുൽ കാണുന്നത് പോലും. മുത്തശ്ശിയുടെ (കാമിനി കൌശൽ ) നിർദ്ദേശ പ്രകാരം മുത്തശ്ശന്റെ ചിതാ ഭസ്മം രാമേശ്വരത്തെ കടലിൽ ഒഴുക്കാൻ വേണ്ടി പറഞ്ഞു വിടുമ്പോൾ  രാഹുലിന്റെ മനസ്സിൽ സുഹൃത്തുക്കളുമായുള്ള ഗോവൻ യാത്രയായിരുന്നു. മുത്തശ്ശിയെ പറഞ്ഞു പറ്റിച്ചതിന്റെ ആദ്യ ഭാഗമായി രാഹുൽ ചെന്നൈ എക്സ്പ്രെസ്സിൽ കയറുന്നു. ആ യാത്രക്കിടയിൽ പരിചയപ്പെടേണ്ടി വരുന്ന മീനമ്മ എന്ന തമിഴ് കഥാപാത്രമായി ദീപിക പദുകോണ്‍ സിനിമയിലെത്തുന്നു. തുടർന്നങ്ങോട്ട് ഉണ്ടാകുന്ന നർമ മുഹൂർത്തങ്ങളുമായാണ് ചെന്നൈ എക്സ്പ്രസ്സിന്റെ പിന്നീടുള്ള യാത്ര. 

നായികയുടെ അച്ഛന്റെ ഗുണ്ടാ പശ്ചാത്തലം, നായികയെ കല്യാണം കഴിക്കാനായി പറഞ്ഞു വച്ചിരിക്കുന്ന വില്ലൻ, ഇവർക്കിടയിലൂടെ ഉള്ള നായികാ നായകന്മാരുടെ ഓട്ടം, ഇടി എന്നിവ ഒക്കെ കണ്ടു മടുത്ത കാഴ്ചകൾ ആണെങ്കിലും ഷാരൂഖ് - ദീപികാ പദുകോണ്‍ ജോടികളുടെ സ്വാഭാവികമായ ഹാസ്യ പ്രകടനം സിനിമ കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. ക്ലീഷേ കഥാപാത്രമെങ്കിലും നായികയുടെ 'അച്ഛൻ ഗുണ്ട' എന്ന സ്ഥാനത്തെ ആകാര ഭംഗി കൊണ്ടും മിത സംഭാഷണം കൊണ്ടും ആകർഷണീയമാക്കാൻ സത്യരാജിന് കഴിഞ്ഞിട്ടുണ്ട് .വില്ലനായി വന്ന നിഖിതിൻ ധീരിനു  സ്ക്രീനിൽ ശക്തമായൊരു ശരീരം കാഴ്ച വക്കാൻ കഴിഞ്ഞു എന്നതിൽ കവിഞ്ഞ് ശരീരത്തിനും ശബ്ദത്തിനും  അനുസരിച്ചുള്ള നല്ലൊരു ആക്ഷൻ സീൻ  പോലും കിട്ടിയില്ല എന്നത് ദുഖകരമാണ്.

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഐറ്റം ഡാൻസ് എന്ന പേരിൽ പ്രിയാമണിക്കും കിട്ടി ചെന്നൈ എക്സ്പ്രെസ്സിൽ ഒരിടം. വിശാൽ ശേഖറിന്റെ സംഗീതം ആവറേജ് നിലവാരത്തിൽ തങ്ങി നിന്നപ്പോൾ ഡൂഡ്ലിയുടെ ച്ഛായാഗ്രഹണം ആശ്വാസമായി തോന്നി.  

സിനിമ കണ്ടിറങ്ങിയ ശേഷം ആലോചിച്ചു പോയ ഒരു കാര്യമുണ്ട് . ഈ രാഹുൽ എന്ന പേരിൽ  എത്ര തവണ കിംഗ്‌ ഖാൻ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന്. അത് കണ്ടു പിടിക്കാൻ ഒരു ചെന്നൈ എക്സ്പ്രെസ്സ് കാണേണ്ട സമയം കൂടി ചിലവായെന്നു മാത്രം. 
  1. Zamaaane Deewaane - as Rahul Singh 
  2. Yes Boss - as Rahul Joshi 
  3. Dil To Paagal Hai - as Rahul 
  4. Kuch Kuch Hota Hai - as Rahul Khan 
  5. Kabhie Khushi Kabhie Khum - as Rahul Raichand 
  6. Chennai Express - as Rahul 
അങ്ങിനെ ആകെ മൊത്തം ആറു തവണ രാഹുലായി വന്നിട്ടുണ്ട് നമ്മുടെ കിംഗ് ഖാൻ. അതൊക്കെ പോട്ടെ , ഇതൊന്നു പറഞ്ഞവസാനിപ്പിക്കാം. 

ആകെ മൊത്തം ടോട്ടൽ = കഥ എന്താണെന്നൊന്നും നോക്കാതെ  ഷാരൂഖ് - ദീപിക ജോഡികളിലേക്ക് ശ്രദ്ധ പതിപ്പിച്ചു കാണാൻ പറ്റിയ സിനിമയാണ് ചെന്നൈ എക്സ്പ്രെസ്സ് . അത്യാവശ്യം കോമഡിയും പാട്ടും ഒക്കെ ഉള്ളത് കൊണ്ട് ബോറടിക്കില്ല. Entertainer  സ്റ്റാമ്പ് പതിപ്പിക്കാവുന്ന സിനിമ. 

*വിധി മാർക്ക്‌ = 6/10 

-pravin- 

Sunday, August 11, 2013

മരിയാൻ - കടലിനും സുഡാനിനും ഇടയിലെ നിസ്സഹായത

മരിയാൻ എന്നാൽ മരണമില്ലാത്തവൻ. കടൽ രാജാ എന്ന സ്വയം വിശേഷണത്തെ രാജകീയമായി കാണുകയും അതിൽ അഭിമാനിക്കുകയും ചെയ്തിരുന്ന മരിയാന് (ധനുഷ്), ഒരു പ്രത്യേക സാഹചര്യത്തിലാണ് സുഡാനിലേക്ക്  രണ്ടു വർഷത്തെ കരാറിൽ ജോലിക്ക് പോകേണ്ടി വരുന്നത്. നാടും വീടും വിട്ട് രണ്ടു വർഷക്കാലം  സുഡാനിൽ കഷ്ട്ടപ്പെടുമ്പോഴും അവനുണ്ടായിരുന്ന ഏറ്റവും വലിയ  ആശ്വാസം നാട്ടിൽ തന്നെ കാത്തിരിക്കുന്ന പനിമലരാണ് (പാർവതി). പനിമലരിന്റെ ആ  കാത്തിരുപ്പ്  സിനിമയിൽ തീക്ഷ്ണമായി തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട്  .  സുഡാനിൽ നിന്നും  കോയിൻ ഫോണിലൂടെ മരിയാൻ പനിമലരിനെ വിളിക്കുന്ന ഒരേ ഒരു രംഗം മാത്രം മതി അവരുടെ കാത്തിരിപ്പിന്റെയും , സ്നേഹത്തിന്റെയും  ആഴം മനസിലാക്കാൻ. രണ്ടു വർഷത്തെ കാത്തിരുപ്പിനു ശേഷം, സ്വന്തം നാട്ടിലേക്ക് വരാനൊരുങ്ങുന്ന ഏതൊരു പ്രവാസിയെയും  പോലെ മരിയാന്റെ മനസ്സും സന്തോഷം കൊണ്ട് കിതച്ചു. പക്ഷെ വിധി, അത് പലപ്പോഴും സങ്കീർണവും ദുഷ്ക്കരവുമാണല്ലോ. മരിയാന്റെ ജീവിതത്തിലും അത് അങ്ങിനെ തന്നെ സംഭവിക്കുന്നു. സുഡാനി തീവ്രവാദികളുടെ തടവറയിൽ കഴിയേണ്ടി വരുന്ന മരിയാന്റെ ദുരിത കഥ അവിടെ തുടങ്ങുന്നു. കടലിനും സുഡാനിനും ഇടയിലെ നിസ്സാഹയതയുടെ പ്രതീകമായി മരിയാന്‍ പ്രേക്ഷകന്റെ മനസ്സിലേക്ക് കുടിയേറുന്നു. 

കടലിന്റെ പശ്ചാത്തലത്തിൽ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. നീർ പറവൈ , കടൽ തുടങ്ങീ സിനിമകളൊക്കെ തന്നെ കടലിന്റെ പശ്ചാത്തലം വളരെ മനോഹരമായി ഉപയോഗിച്ച് കഥ പറഞ്ഞ സിനിമകളുമാണ്. അത് കൊണ്ട് തന്നെ അത്തരമൊരു ഫ്രൈമിൽ മരിയാൻ പ്രത്യക്ഷപ്പെടുമ്പോൾ സീനുകളിലോ കഥാ പശ്ചാത്തലത്തിലോ  പ്രത്യേകിച്ചൊരു പുതുമ പ്രകടമല്ല. അതേ സമയം ധനുഷ്, പാർവതി എന്നിവരുടെ പ്രകടനം കൊണ്ട് സിനിമ ഏറെ ശ്രദ്ധേയവുമാണ്. സലിം കുമാറിന് ചെറുതല്ലാത്ത ഒരു വേഷം ഈ സിനിമയിൽ ഉണ്ടെന്നല്ലാതെ കാര്യമായൊരു ഭാവ പ്രകടനമോ അഭിനയ പ്രസക്തിയോ ആ കഥാപാത്രത്തിലൂടെ പ്രേക്ഷകന് കാണാൻ സാധിക്കുന്നില്ല. പരിചിതമായൊരു ശബ്ദത്തിനു പകരം  ഡബ് ചെയ്ത മറ്റൊരു ശബ്ദത്തിലൂടെയെത്തുന്ന  സലിം കുമാർ മലയാളി പ്രേക്ഷകനെ  നിരാശപ്പെടുത്തിയതിനു  (അത് അദ്ദേഹത്തിൻറെ കുഴപ്പമല്ല എങ്കിൽ കൂടി ) തുല്യമാണ്. തീക്കുറിശ്ശി എന്ന കഥാപാത്രം അവതരിപ്പിച്ചതില്‍ വിനായക് മികവ് പ്രകടിപ്പിച്ചു. 

ഭരത് ബാലയുടെ സംവിധാനം ശരാശരിക്ക് മുകളിൽ ഉയർന്നു നിൽക്കുന്നുണ്ട്. ബെൽജിയൻ ച്ഛായാഗ്രാഹകൻ മാർക്ക്‌ കൊണിൻക്സിന്റെ cinematography സിനിമയിലെ മറ്റൊരു ആകർഷണമാണ്. എ ആർ റഹ്മാൻ സംഗീതം പ്രതീക്ഷക്കൊത്ത മികവ് പുലർത്തിയോ എന്നത് ഇപ്പോഴും സംശയകരമായി തുടരുന്നു. ആട് ജീവിതം നോവലിലെ  നായകനായ നജീബിന്റെ മരുഭൂമി പലായനത്തെ ഓർമിപ്പിക്കും വിധമുള്ള ചില രംഗങ്ങൾ മരിയാനിലും കടന്നു വരുന്നു   എന്നതൊഴിച്ചാൽ സിനിമ തുടക്കം മുതൽ ഒടുക്കം വരെ  ആകാംക്ഷാഭരിതവും  കൈയ്യടക്കത്തോടെയുമാണ്‌  അവതരിപ്പിച്ചിരിക്കുന്നത്.

ആകെ മൊത്തം ടോട്ടൽ = ഒരു യഥാർത്ഥ ന്യൂസ്‌ പേപ്പർ സംഭവത്തെ വികാര തീവ്രമായി അവതരിപ്പിക്കാൻ  സാധിച്ച ഒരു നല്ല സിനിമ. പ്രണയവും പ്രവാസവും സംഗീതവും വിരഹവും എല്ലാം ഒത്തു ചേരുന്ന ഒരു   realistic  സിനിമ. 

വിധി മാർക്ക്‌ = 7 /10  
-pravin-

Thursday, July 25, 2013

Into The Wild - സിനിമക്കും ജീവിതത്തിനും അപ്പുറം

ഒരു സിനിമക്ക് നമ്മുടെ ജീവിതത്തോട് എന്താണിത്ര പറയാനും പങ്കുവെക്കാനുമുണ്ടാവുകയെന്നു ചിന്തിക്കുക സ്വാഭാവികം. അതില്‍ തെറ്റു പറയാനില്ല. പക്ഷേ പറയാനുള്ളത് സിനിമക്കും ജീവിതത്തിനും അപ്പുറത്തുള്ള കാര്യങ്ങളാണെങ്കിലോ? എങ്കിൽ ഒരു നിമിഷം നമുക്കൊന്ന് ചിന്തിക്കേണ്ടി വരും, അല്ലേ? അങ്ങനെ പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ ഒരിത്തിരി സമയം യാദൃച്ഛികമായി നമുക്ക് കിട്ടുക കൂടി ചെയ്താലോ? അങ്ങനെയെങ്കിൽ അത് തന്നെയാണ് Into The Wild എന്ന സിനിമ കാണാൻ ഏറ്റവും അനുയോജ്യമായ സമയം. 

 മുൻധാരണകളോ മസിലു പിടിത്തമോ ഇല്ലാതെ തുറന്ന മനസ്സോടെ നിരീക്ഷിക്കേണ്ടതും വിലയിരുത്തേണ്ടതുമായ ഒരു സിനിമയാണ് ഷോണ്‍ പെന്‍ (Sean Penn)  തിരക്കഥയെഴുതി സംവിധാനം ചെയ്ത  'Into The Wild'. Christopher Johnson McCandless എന്ന അമേരിക്കൻ സാഹസിക യാത്രികന്റെ ജീവിതകഥയെ  'Into The Wild' എന്ന പുസ്തകരൂപത്തിൽ ആദ്യമായി ജനങ്ങളിലേക്ക് എത്തിച്ചത്  Jon Krakauer എന്ന അമേരിക്കൻ പർവ്വതാരോഹകനാണ്. 1996 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഷോണ്‍ പെന്‍  2007 - ൽ അതേ പേരിൽ തന്റെ അഞ്ചാമത്തെ സിനിമാ സംരംഭം സാക്ഷാത്കരിക്കുന്നത്. പുസ്തകത്തിനും സിനിമക്കും ഒരേ പേരാണ് രണ്ടു സ്രഷ്ടാക്കളും നൽകിയതെങ്കിലും രണ്ടിന്റേയും ആസ്വാദന ഭാഷ  വേറേ തന്നെയാണെന്ന് പറയാം. എന്നിരിക്കിലും, വായനക്കാരനും പ്രേക്ഷകനും ഈ രണ്ടു സൃഷ്ടികളിൽ നിന്നും കിട്ടുന്ന സൈദ്ധാന്തികവും താത്വികവുമായ ചിന്താശകലം ഒന്ന് തന്നെയാണെങ്കില്‍ അതില്‍ ആശ്ചര്യമൊന്നും ഇല്ലതാനും. 

ഷോണ്‍ പെന്‍ എന്ന  അമേരിക്കക്കാരനെ കുറിച്ച് പറയാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. എങ്കിലും, ഔപചാരികതയുടെ മറവിൽ പലതും പറയാതെ വയ്യ. ഒരു നടനായും തിരക്കഥാകൃത്തായും സംവിധായകനായും മനുഷ്യാവകാശ പ്രവർത്തകനായുമൊക്കെ സമൂഹത്തിന്റെ വിവിധ കോണുകളിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന ഒരു അദ്ഭുത പ്രതിഭയാണ് അദ്ദേഹം. അങ്ങനെയുള്ള അദ്ദേഹത്തിൻറെ പ്രതിഭ അഭ്രപാളിയിൽ ഏറ്റവും ഒടുവിലായി വെളിവാക്കപ്പെട്ട സിനിമ എന്ന നിലയിലും Into The Wild  ശ്രദ്ധേയമാണ്. 

ജനിക്കുക, എന്തെങ്കിലും പഠിക്കുക, ജോലി സമ്പാദിക്കുക, സ്വന്തം കുടുംബവുമായി കഴിയുക, ഒടുക്കം എന്തെങ്കിലും കാരണം കൊണ്ട് മരണപ്പെടുക എന്നതിലൊക്കെയുപരി മനുഷ്യർക്ക് ഈ ഭൂമിയിൽ എന്ത് നിയോഗമാണുള്ളത്?  ഇവിടെ അവര്‍  പരമമായി എന്താണ് ചെയ്യുന്നത്? എന്താണ് അന്വേഷിക്കുന്നത്? എന്താണ് ആസ്വദിക്കുന്നത് ?  ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ഈ സിനിമ പ്രേക്ഷകനു മുന്നിലുയര്‍ത്തുന്നു. ഇതിന്റെ ഒരു തുടർ പ്രക്രിയയെന്നോണമാണ് ക്രിസ്റ്റഫർ എന്ന നായക കഥാപാത്രത്തിന്റെ സഞ്ചാര ദൃശ്യാവിഷ്ക്കാരത്തിലൂടെ സംവിധായകൻ മുന്നോട്ടുള്ള യാത്രയിൽ പ്രേക്ഷകനെയും കൈ പിടിച്ചു നടത്തുന്നത്. ക്രിസ്റ്റഫർ സ്വന്തം ജീവിതത്തിൽ തേടുന്നതെന്തോ, അതെല്ലാം സമാന ചിന്താഗതിയോടെ പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നതോടൊപ്പം,  ജീവിതത്തിന്റെ  വിവിധതരം സങ്കീർണ ഭാവങ്ങളെ തൊട്ടറിയാനുള്ള അവസരം കൂടിയാണ് സംവിധായകൻ സിനിമയിലൂടെ പ്രേക്ഷകനു സമ്മാനിക്കുന്നത്. 

ക്രിസ്റ്റഫർ  മറ്റു മനുഷ്യരെപ്പോലെ ജീവിതം ആഘോഷിക്കുകയോ തള്ളി നീക്കുകയോ ആയിരുന്നില്ല. ജീവിതത്തിലെ കൃത്രിമത്വങ്ങളെ  പാടേ  തിരസ്കരിച്ചുകൊണ്ട് പ്രകൃത്യായുള്ള ജീവിതത്തെ അന്വേഷിച്ചു കണ്ടെത്തുകയും ആസ്വദിക്കുകയുമായിരുന്നു. സ്വന്തം ജീവിത പശ്ചാത്തലത്തിലെ അർത്ഥശൂന്യത തന്നെയാണ് ഒരു ഘട്ടത്തിൽ അയാളെക്കൊണ്ട് ഇങ്ങനെ വേറിട്ടൊരു ജീവിതരീതി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.  സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ വ്യവസ്ഥിതികളേയും സ്വന്തം ജീവിത ശൈലിയിലെ പ്രാകൃത്യം കൊണ്ട് വെല്ലു വിളിക്കുന്ന നായകൻ ഒരു ഘട്ടത്തിൽ ഈ ലോകത്തെയും എന്നെയും നിങ്ങളെയും നോക്കി പരിഹസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമൂഹവും അതിന്റെ ചട്ടക്കൂടുകളും മാത്രമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾക്ക്‌ ഈ സിനിമ ഒരു പക്ഷേ ഇഷ്ടപ്പെട്ടുവെന്നു വരില്ല.  

സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ഒരു തീരുമാനത്തിലെത്താൻ ക്രിസ്റ്റഫറിനു വർഷങ്ങൾ വേണ്ടി വന്നു. കൃത്യമായി പറഞ്ഞാൽ ബിരുദ പഠനത്തിനു ശേഷമാണ് വ്യവസ്ഥാനുരൂപമായ ജീവിതത്തെ പാടേ ഉപേക്ഷിക്കാൻ ക്രിസ്റ്റഫർ തയ്യാറാകുന്നത്. തന്റെ എല്ലാവിധ തിരിച്ചറിയൽ കാർഡുകളും, ക്രെഡിറ്റ്‌ കാർഡുകളും കത്തിച്ചു ചാമ്പലാക്കിയ ശേഷം  അയാൾ വേറിട്ടൊരു  ജീവിത യാത്രക്ക് തുടക്കം കുറിക്കുന്നു. യാത്രക്ക് മുൻപ് തന്റെ സമ്പാദ്യം മുഴുവൻ പ്രമുഖ ചാരിറ്റി സംഘടനയുടെ പേരിൽ സംഭാവനയായി അയക്കാനും ക്രിസ്റ്റഫർ മറക്കുന്നില്ല .അതേസമയം, ക്രിസ്റ്റഫറിന്റെ ഇത്തരം തീരുമാനങ്ങളെക്കുറിച്ച് അച്ഛനും അമ്മയും സഹോദരിയും തീർത്തും അജ്ഞരാണ്. സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്നതിന്റെ വ്യഗ്രതയിലോ, മന:പൂർവമോ, എന്ത് കൊണ്ടോ അവരെ മൂവരെയും നിരാശയുടെ കയത്തിലേക്ക് തള്ളിയിട്ടു കൊണ്ടാണ് ക്രിസ്റ്റഫർ തന്റെ യാത്ര തുടങ്ങുന്നത്.  

ജീവിതത്തിൽ എന്തിനെയെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ തേടി പോകുകയും എത്തിപ്പിടിക്കുകയും വേണം എന്ന ചിന്താഗതി മാത്രമാണ്  ക്രിസ്റ്റഫറിനു സ്വന്തം ജീവിതത്തിൽ  കൂട്ടാകുന്നത്. ജീവിതത്തെ അന്വേഷണ വിധേയമാക്കാനും തന്റെ വരുതിക്ക് കൊണ്ടുവരാനും ആഗ്രഹിക്കുന്ന നായകന്റെ മനോനില ഒരു ഘട്ടത്തിൽ സ്വന്തം കുടുംബത്തിന്റെ നിരാശതയിൽ ആനന്ദിക്കുന്ന ഒന്നായി മാറുന്നുണ്ടോ എന്ന് തോന്നിയേക്കാം. അതുകൊണ്ട് തന്നെയായിരിക്കാം യാത്രയിലൊന്നും ക്രിസ്റ്റഫർ സ്വന്തം കുടുംബവുമായി ഒരു തരത്തിലുമുള്ള ആശയവിനിമയത്തിനും ശ്രമിക്കാതിരുന്നത്. പക്ഷേ ക്രിസ്റ്റഫറിനെ ന്യായീകരിക്കാനെന്നവണ്ണം സംവിധായകൻ സിനിമയിൽ നൽകുന്ന രംഗ വിശദീകരണം ശ്രദ്ധേയമാണ്. യാത്രയ്ക്കിടയിൽ  തന്റെ കയ്യിലെ ശേഷിച്ച നാണയങ്ങൾ കൊണ്ട് വീട്ടിലേക്കു വിളിക്കാൻ ശ്രമിക്കവേ ക്രിസ്റ്റഫർ തൊട്ടരികിലെ കോയിൻ ബൂത്തിൽ ഫോണിലൂടെ വികാരാധീനനായി  സംസാരിക്കുന്ന ഒരു വൃദ്ധനെ കാണുകയാണ്. അയാളുടെ കയ്യിലെ അവസാന കോയിനും കഴിഞ്ഞിരിക്കുകയാണ്. ഏതു നിമിഷവും ആ ഫോണ്‍ കാൾ മുറിഞ്ഞു പോകാം എന്നിരിക്കെ തന്റെ കയ്യിലുള്ള കോയിൻ ആ വൃദ്ധനു സമ്മാനിച്ചു കൊണ്ട്  ക്രിസ്റ്റഫർ യാത്ര തുടരുന്നിടത്ത് ആ ദൃശ്യം പ്രേക്ഷക മനസ്സിലേക്ക് കുടിയേറുന്നു. ഇതുപോലെയുള്ള ചെറിയ രംഗങ്ങളിലൂടെ സംവിധായകൻ പലതും പറയാതെ പറയുന്നു. പല സംശയങ്ങളും നികത്തപ്പെടുന്നു. 

മനുഷ്യന് പൂർണ്ണ സ്വാതന്ത്ര്യം കിട്ടിയാൽ അത് പല തരത്തിലായിരിക്കും ദുരുപയോഗം ചെയ്യുക എന്നിരിക്കെ  ക്രിസ്റ്റഫർ അതിനൊരു  അപവാദമായി മാറുകയാണ്. സത്യത്തിൽ മനുഷ്യൻ ഈ ഭൂമിയിൽ സ്വതന്ത്രനാണോ? അങ്ങനെയെങ്കിൽ അവനു കിട്ടുന്ന പരമമായ സ്വാതന്ത്ര്യം എന്താണ്? സിനിമയുടെ ആദ്യ പതിനഞ്ചു മിനുട്ട് കാണുമ്പോഴേക്കും മനസ്സിലേക്ക് ഓടിയെത്തുന്ന രണ്ടു ചോദ്യങ്ങളാണ് ഇവ. ജീവിതത്തിൽ ഇതിനുത്തരം തേടുക എന്നത് ഒരൽപം കഠിനമാണ് എന്നിരിക്കെ വെറും 148 മിനുട്ട് ദൈർഘ്യമുള്ള ഒരു സിനിമയിലൂടെ ഷോണ്‍ പെന്‍ അതേ അന്വേഷണാത്മകത പ്രേക്ഷകനെ അനുഭവപ്പെടുത്തുന്നു. കൂട്ടത്തിൽ Eric Gautierന്റെ ഛായാഗ്രഹണ മികവ് കൂടി  ചേരുമ്പോൾ സിനിമയുടെ ദാർശനികത പ്രവചനാതീതമായി ഉയരുന്നു. Magic visualization എന്നൊരു പ്രയോഗം സിനിമയിൽ ഉണ്ടെങ്കിൽ അതേറ്റവും അനുയോജ്യമാകുന്നത് ഇത്തരം സിനിമാ ആവിഷ്കാരങ്ങളിൽക്കൂടിയാണെന്ന് നിസ്സംശയം പറയാം. ഇവിടെയാണ്‌ ഷോണ്‍ പെന്‍ എന്ന സംവിധായകൻ ഒരു ജാലവിദ്യക്കാരനാകുന്നത്. 

പൊതുവേ വിദേശ സിനിമകളിൽ ശരീര നഗ്നത എന്നത് സെക്സുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതാണ് രീതിയെങ്കിൽ ഈ സിനിമയിൽ സംവിധായകൻ നഗ്നതയ്ക്ക് സെക്സുമായി ഒരു ബന്ധവുമില്ല എന്ന് പറയാനാണ് ശ്രമിച്ചിരിക്കുന്നത്. സിനിമയിൽ അങ്ങനെയുള്ള രണ്ടു സീനുകൾ കടന്നു വരുന്നുണ്ട്. കൊളോറാഡോ നദിയിലൂടെയുള്ള സാഹസിക യാത്രക്കിടയിൽ നായകൻ പരിചയപ്പെടുന്നവരിലെ ഒരാൾ അർദ്ധ നഗ്നയായ ഒരു പെണ്ണായിട്ട് പോലും അശ്ലീലതയുടെ ലാഞ്ഛന പ്രേക്ഷകന് അനുഭവപ്പെടാത്ത വിധമാണ് ആ  രംഗം അവസാനിക്കുന്നത്. മറ്റൊരു സീനിൽ, തന്നെ സെക്സിനായി ക്ഷണിക്കുന്ന കൗമാരക്കാരിയോട് നായകൻ ചോദിക്കുന്നത്, നിനക്ക് പ്രായമെത്രയായി എന്നാണ്. മൂന്നു തവണ സ്വന്തം പ്രായം മാറ്റി പറയുന്ന പെണ്‍കുട്ടിയോട് നായകന്റെ സമീപനം ഹാസ്യാത്മകമെങ്കിലും ഒരേ സമയം ലളിതവും ചിന്തനീയവുമാണ്.  നഗ്നശരീരമല്ല സെക്സിന് ആധാരം എന്ന് തന്നെ സംവിധായകൻ അടിവരയിടുന്നു. ഇത്തരം സീനുകളിൽ പോലും മാനുഷിക ബന്ധങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തണം അല്ലെങ്കിൽ എങ്ങനെ ദൃഢപ്പെടുത്താം എന്നതിനെല്ലാം വളരെ വ്യക്തമായ വിശദീകരണം തന്നു കൊണ്ടാണ് സിനിമയും ക്രിസ്റ്റഫറും മുന്നോട്ടു ചലിക്കുന്നത്. യാത്രയിലുടനീളം ക്രിസ്റ്റഫർ പരിചയപ്പെടുന്ന കഥാപാത്രങ്ങളുമായുള്ള ആത്മബന്ധം അതു നമുക്ക് വെളിപ്പെടുത്തി തരുന്നുമുണ്ട്.

തന്റെ അവസാനകാലത്ത് നാഗരികതയിലേക്കും സ്വന്തം കുടുംബത്തിലേക്കും ഒരു മടങ്ങിപ്പോക്ക് നായകൻ ആഗ്രഹിച്ചിരുന്നു എന്നിരിക്കെ, വന്യതയിലാണ് പരമസത്യവും ആനന്ദവും ഒളിച്ചിരിക്കുന്നത് എന്ന നായകന്റെ നിരീക്ഷണം തെറ്റായിരുന്നോ എന്നത്  സംശയകരമായി നോക്കി കാണേണ്ടതുണ്ട്. നിങ്ങളെനിക്ക് സത്യം പകർന്നു തരൂ എന്ന് സദാ പറയുമായിരുന്ന നായകൻ മരണസമയത്ത്  മനസ്സിലാക്കുന്ന  സത്യം എന്താണെന്നും സിനിമ വ്യക്തമാക്കുന്നില്ല. അതേസമയം, ദൈവം തനിക്കു നൽകിയ ജീവിതം പൂർണ്ണ സംതൃപ്തിയോടെ ആസ്വദിക്കാൻ സാധിച്ചു എന്ന നിലയിൽ നായകൻ കൃതാർത്ഥനാകുന്നുണ്ട്.  മരണമെന്ന സത്യത്തെ പുൽകുമ്പോഴും ആ കണ്ണുകൾക്ക് ആനന്ദിക്കാൻ സാധിച്ചതും അതു കൊണ്ട് തന്നെ. മറ്റൊരു തലത്തിൽ ചിന്തിക്കുമ്പോൾ പരമമായ സത്യം ഇപ്പോഴും അദൃശ്യമാണ്. അത് സിനിമക്കും ജീവിതത്തിനുമപ്പുറം അപ്രാപ്യമായിത്തന്നെ തുടരുന്നു.


* ഇ മഷി മാഗസിന്‍ ലക്കം 11, ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി 
-pravin-