Saturday, September 29, 2012

Barf! -ഓസ്ക്കാര്‍ വരെ എത്തേണ്ട സിനിമയാണോ ?


'Kites' എന്ന സിനിമയ്ക്കു ശേഷം അനുരാഗ് ബസു രചനയും സംവിധാനവും വഹിച്ച സിനിമയാണ് ബര്‍ഫി. റിലീസ് ചെയ്ത ആദ്യ ആഴ്ച കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുകയും ബോക്സോഫീസില്‍ സാമ്പത്തികമായി വിജയം കൈവരിക്കുകയും ചെയ്തിരുന്നു ഈ സിനിമ. മാത്രവുമല്ല, ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമ നിര്‍ദേശം ഈ സിനിമക്കാണ്  ലഭിച്ചത്. കാര്യങ്ങള്‍ ഇത്രയൊക്കെയായ സ്ഥിതിക്ക് ഇന്ത്യാക്കാരായ നമ്മള്‍ ഈ സിനിമ കണ്ടില്ല എന്ന് പറഞ്ഞാല്‍ മോശമല്ലേ ?  

 ജന്മം കൊണ്ട് തന്നെ   ബധിരനും മൂകനുമാണ് ബര്‍ഫി (രണ്ബീര്‍ കപൂര്‍). അമ്മയുടെ മരണ ശേഷം ഡ്രൈവറായ അച്ഛനാണ് ബര്‍ഫിയെ വളര്‍ത്തുന്നത്. ബര്‍ഫി ആളിങ്ങനെയൊക്കെ ആണെങ്കിലും പലര്‍ക്കും ഇവനൊരു തലവേദനയാണ്. പ്രത്യേകിച്ച് പോലീസുകാര്‍ക്ക്. ബര്‍ഫിയുടെ ജീവിതത്തില്‍ അവിചാരിതമായി കടന്നു വരുന്ന പെണ്ണാണ് ശ്രുതി ഘോഷ് /സെന്‍ ഗുപ്ത (ഇല്ല്യാന ഡിക്രൂസ്). ബര്‍ഫിയുടെ കുസൃതിയും, പ്രണയവും, ജീവിതവുമാണ് സിനിമയെ ആദ്യ ഭാഗങ്ങളില്‍ മുന്നോട്ടു നയിക്കുന്നത്. പക്ഷെ ഇതിനിടയില്‍ കഥയിലേക്ക്‌ കടന്നു വരുന്ന ബര്‍ഫിയുടെ ബാല്യകാല സഖി ജില്‍മില്‍ ചാറ്റര്‍ജി (പ്രിയങ്കാ ചോപ്ര) സിനിമയെ മറ്റൊരു വഴിക്ക് നയിക്കുന്നു. ജില്‍മില്‍, ഓട്ടിസം ബാധിച്ച ഒരു പെണ്‍കുട്ടി ആയതു കൊണ്ട് കാലങ്ങളോളം  വീട്ടില്‍ നിന്നും അകലെയുള്ള ഒരു ട്രസ്റ്റിനോട് ബന്ധപ്പെട്ടുള്ള സ്പെഷ്യല്‍ കെയര്‍ സെന്റെറില്‍ ആണ് താമസം. ജില്‍മിലിന്റെ വരവിനു ശേഷം  ബര്‍ഫിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് തുടര്‍ന്നങ്ങോട്ട് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രധാന ഭാഗം. മൂന്നു കാലഘട്ടത്തില്‍ (1972, 1978, present) കൂടിയാണ് സിനിമ സഞ്ചരിക്കുന്നത്. കല്‍ക്കത്തയും ഡാര്‍ജിലിങ്ങും പ്രധാന ലൊക്കേഷനായി തിരഞ്ഞെടുത്തു കൊണ്ടാണ് സിനിമയില്‍ കഥ പുരോഗമിക്കുന്നത്.

ഒരു റൊമാന്റിക്‌ കോമഡി എന്ന സങ്കല്‍പ്പത്തിലാണ് സിനിമ, പ്രേക്ഷകനെ കഥയിലേക്ക്‌ ക്ഷണിക്കുന്നത് എങ്കില്‍ കൂടി പലയിടങ്ങളിലും ലോജിക്കായി ചിന്തിക്കേണ്ട അവസ്ഥ പ്രേക്ഷകന് വരുന്നുണ്ട്. മാത്രവുമല്ല, നായകന്‍ ബധിരനും മൂകനും ആയത്  കൊണ്ട് ആശയ വിനിമയങ്ങളില്‍ ആംഗ്യ  ഭാഷയുടെ സ്ഥാനം വളരെ വലുതാണ്‌..,. ഇത് പലപ്പോഴും കഥയില്‍ ഒരു ഇഴച്ചില്‍ സൃഷ്ട്ടിക്കുന്നുണ്ട്. പ്രകടന നിലവാരം കൊണ്ട് രണ്ബീര്‍ കപൂറും പ്രിയങ്കാ ചോപ്രയും പ്രേഷക സമൂഹത്തെ അതിശയിപ്പിക്കുന്നുവെങ്കിലും മേല്‍പ്പറഞ്ഞ ആശയ വിനിമയ ഭാഗങ്ങള്‍ ചില രംഗങ്ങളില്‍ അധികമായി (കഥക്ക് ആവശ്യമെങ്കിലും) പോയോ എന്ന് ചില പ്രേക്ഷകര്‍ക്കെങ്കിലും തോന്നിയേക്കാം. 

ജീവിതത്തോടും പ്രണയത്തോടും യാഥാര്‍ത്ഥ്യത്തോടുമുള്ള   ചില കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകള്‍ സിനിമയില്‍ ശ്രദ്ധേയമാണ്. ബധിരനും മൂകനുമായ യുവാവിനോട് പ്രണയം തോന്നുന്ന വേളയില്‍ ശ്രുതിയുടെ അമ്മ അവളെ ഉപദേശിക്കുന്ന രീതി വ്യത്യസ്തവും ചിന്തനീയവുമായിരുന്നു. അതിനെല്ലാം ശേഷം മറ്റൊരാളെ വിവാഹം കഴിച്ചു ജീവിക്കുന്നതിനിടയില്‍ പോലും തന്‍റെ പഴയ പ്രണയത്തെ കുറിച്ച് ശ്രുതി സ്മരിക്കുന്നുണ്ട്. തന്‍റെ വിവാഹ ജീവിതത്തിലൂടെ തനിക്കുണ്ടായ അനുഭവ പരിചയം,  അമ്മ പണ്ട് പറഞ്ഞു തന്ന തത്വത്തിനോട് മുഖം തിരിച്ചു നില്‍ക്കുന്ന ഒന്നാണ് എന്ന് ബോധ്യപ്പെട്ട ശ്രുതി  ജീവിതത്തെ കുറിച്ച് ആധികാരികമായി തന്നെ അമ്മയോട് സംസാരിക്കുന്നതും ശ്രദ്ധേയമാണ്.  


ജില്‍മിലിന്റെ പ്രണയം സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. ബധിരനും മൂകനുമായ ബര്‍ഫി തന്‍റെ പോരായ്മകള്‍ മറന്നു കൊണ്ടാണ് ശ്രുതിയെ സ്നേഹിക്കാന്‍ തുനിഞ്ഞത് എങ്കില്‍ , ജില്‍മില്‍ ഒരിക്കലും അങ്ങിനെയൊരു സാഹസത്തിനു മുതിരുന്നില്ല. തന്‍റെ പോരായ്മകളെ ഏറ്റവും കൂടുതല്‍ അടുത്തറിഞ്ഞ ബര്‍ഫിയോട് അവള്‍ക്കു പ്രണയം തോന്നിയെങ്കില്‍ അതിനെ ഒരിക്കലും കുറ്റം പറയാനാകില്ല. അതെ സമയം, ശ്രുതിയുടെയും ബര്ഫിയുടെയും ഇടയില്‍ നിലനിന്നിരുന്ന പ്രണയത്തിനു വിഘാതമായി ആദ്യമേ വന്നത് ബര്ഫിയുടെ ബധിരതയും മൂകതയുമാണ്. സ്വന്തം അമ്മയില്‍ നിന്നും കിട്ടിയ വിലയേറിയ നിര്‍ദ്ദേശം ഒരു മകളെന്ന നിലയില്‍ ശ്രുതി അനുസരിക്കുന്നുവെങ്കിലും പ്രണയത്തിലെ വിട്ടു വീഴ്ചയും ത്യാഗവും ഏതൊരാളെയും പോലെ അവളെയും എന്നും വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു. തിരസ്ക്കരിക്കപ്പെട്ട പ്രണയത്തെ കുറിച്ച് ബര്‍ഫി ഒരിക്കലും അസ്വസ്ഥനാകുന്നില്ല. അതെ സമയം താന്‍ യഥാര്‍ത്ഥത്തില്‍  സ്നേഹിക്കപ്പെട്ടത്‌ ജില്‍മിലില്‍ നിന്നാണ് എന്ന സത്യം അവളുടെ അഭാവം അവനെ മനസിലാക്കി കൊടുക്കുകയും അതില്‍ അസ്വസ്ഥനാകുകയും ചെയ്യുന്നുമുണ്ട്. 

അനുരാഗ് ബസു മറ്റ് പല ചിത്രങ്ങളില്‍ നിന്നും കോപ്പി പെയ്സ്റ്റ് ചെയ്താണ് ഈ സിനിമ ഉണ്ടാക്കിയിരിക്കുന്നത് എന്ന വാദം ശരിയായാല്‍ തന്നെ അദ്ദേഹത്തിന്‍റെ സംവിധാന മികവിനെ അഭിനന്ദിച്ചേ പറ്റൂ. കാരണം അത്രക്കും മനോഹരമായ ഈച്ച കോപ്പിയടിയിലൂടെയാണ് ഓരോ സീനും തന്‍റെ സിനിമയിലേക്ക് മറ്റൊരു കഥാ പശ്ചാത്തലത്തിലെക്കെന്ന നിലയില്‍ പകര്‍ത്തിയിരിക്കുന്നത്.  

അനുരാഗ് ബസുവിന്റെ മുന്‍കാല ചിത്രങ്ങള്‍ ശ്രദ്ധിച്ചാലും ഇത് പോലെ പലതും കണ്ടു പിടിക്കപ്പെട്ടെക്കാം.  കഥാ പാത്രങ്ങളുടെയും, കഥാ പശ്ചാത്തലത്തിന്‍റെയും പുതുമയില്‍ കൂടി തന്‍റെ സിനിമകളെ വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നതിനിടയിലെ  വ്യഗ്രതയില്‍ ഒരു സംവിധായകനു പറ്റിയ കയ്യബദ്ധമായി ഈ കോപ്പിയടിയെ പ്രേക്ഷകര്‍ നോക്കി കാണാന്‍ ശ്രമിക്കുമായിരിക്കാം . ഈ കുറഞ്ഞ കാലയളവില്‍ സിനിമയെ ചുറ്റി പറ്റി ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എങ്കില്‍  കൂടി ഒരിക്കലും ഓസ്കാര്‍ നോമിനേഷന്‍ വരെ എത്തിപ്പെടാന്‍ തരത്തിലുള്ള ഒരു മികവും   ഈ സിനിമയ്ക്കു അവകാശപ്പെടാനില്ല എന്ന സത്യം കൂടി ഇതിനോടൊപ്പം   ഓര്‍മിപ്പിക്കട്ടെ.

ആകെ മൊത്തം ടോട്ടല്‍ = പ്രകടന നിലവാരം കൊണ്ടും അവതരണ രീതി  കൊണ്ടും പുതുമ നിലനിര്‍ത്തിയ ഒരു സിനിമ. ഒന്ന് കണ്ടെന്നോ കണ്ടില്ലെന്നോ വിചാരിച്ചു ഒരു നഷ്ടവും വരുത്താത്ത സിനിമ. 

*വിധി മാര്‍ക്ക്‌ = 7/10
-pravin-

Tuesday, September 25, 2012

പകര്‍ന്നാട്ടം

സി. പി ഉദയഭാനുവിന്റെ രചനയില്‍ ജയരാജ് സംവിധാനം ചെയ്ത് ജയറാം, സബിതാ ജയരാജ്‌ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച സിനിമയായിരുന്നു പകര്‍ന്നാട്ടം. 

ജയരാജ് പലപ്പോഴും ഒഴുക്കിനെതിരെ നീന്തുന്ന ഒരു സംവിധായകനായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരേ ഫോര്‍മാറ്റില്‍ ഉള്ള പടങ്ങള്‍ മാത്രമായി സംവിധാനം ചെയ്യാന്‍ ജയരാജ് തുനിഞ്ഞിട്ടില്ല എന്ന് വേണം കരുതാന്‍..,. വിദ്യാരംഭം തൊട്ട്   പകര്‍ന്നാട്ടം വരെയുള്ള ജയരാജ് സിനിമകളിലൂടെ  ഒന്ന് കണ്ണോടിച്ചാല്‍ അത് മനസിലാക്കാവുന്നതേയുള്ളൂ. 

സ്വന്തം ആദര്‍ശവും ജീവിതവും താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിക്ക് തീറെഴുതി കൊടുത്ത് കൊണ്ട് ജീവിതം ഹോമിക്കുന്നവന്റെ കഥയാണ് പകര്‍ന്നാട്ടം പ്രേക്ഷകന് മുന്നില്‍ പങ്കു വക്കുന്നത്. തോമസ്‌ (ജയറാം ) അത്തരത്തിലുള്ള ഒരാളായിരുന്നു. സാമൂഹിക വിഷയങ്ങള്‍ നാടകങ്ങളായി അവതരിപ്പിക്കുക വഴി സമൂഹബോധവല്‍ക്കരണം സാധ്യമാകും എന്ന വിശ്വാസം പുലര്‍ത്തുന്ന ഒരാള്‍ കൂടിയാണ് തോമസ്.ഇതേ താല്പ്പര്യവുമായി നാടകങ്ങളുമായി സഹകരിക്കുന്ന മീരയുമായുള്ള  (സബിത ജയരാജ്‌ ) തോമസിന്‍റെ പ്രണയവും കഥയിലെ മറ്റൊരു ഭാഗമാണ്.

 നമ്പൂതിരി സമുദായത്തിലെ കര്‍ശന നിയമവ്യവസ്ഥകളില്‍ നിന്ന് കൊണ്ട് തന്നെയാണ് മീര തോമസിനെ ആത്മാര്‍ഥമായി ഇഷ്ട്ടപ്പെടുന്നത്. പതിവ് സിനിമകളിലെ പോലെ അച്ഛന്‍ കഥാപാത്രം ഇവരുടെ പ്രണയത്തിനു മുന്നില്‍ ഒരു വില്ലനായി അവതരിക്കുന്നില്ല എന്നതാണ് കഥയിലെ മറ്റൊരു ആശ്ചര്യം. ഇവിടെ അച്ഛന്‍റെ അനുജന്മാരും മറ്റുമാണ് പ്രണയത്തിനു എതിരായി നില്‍ക്കുന്നത്. പക്ഷെ, പാര്‍ട്ടിക്ക് വേണ്ടി കുറ്റം ഏറ്റെടുത്തു ജയിലില്‍ പോകുന്ന തോമസിന് തന്‍റെ ജീവിതവും പ്രണയവുമെല്ലാം മറക്കേണ്ടി വരുന്നുണ്ട്. 

കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയില്‍ കൊണ്ട് വരാന്‍ കഥാകൃത്തിനും സംവിധായകനും കഴിഞ്ഞിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. സകലമാന തെളിവുകളോടും കൂടെ  അറസ്റ്റ് ചെയ്യപ്പെടുന്ന ഭീകരവാദികളും തീവ്രവാദികളും വരെ മരണ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു  കൊണ്ട് ജയിലില്‍ സുഖവാസം അനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ പോലും രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ സ്വമേധയാ അറസ്റ്റ് വരിക്കുന്ന നായകനെ തൂക്കി കൊല്ലാന്‍ വിധിക്കുകയും, ഒട്ടും കാലതാമസമില്ലാതെ ആ കര്‍ത്തവ്യം ഭംഗിയായി  നിറവേറ്റപ്പെടുകയും ചെയ്യുന്ന രംഗങ്ങള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് യോജിക്കാനാകാത്ത അസ്വാഭാവികതകളില്‍ ഒന്ന് മാത്രം. 

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിലെ ജീവിക്കുന്ന സ്മാരകങ്ങളെ സിനിമയിലെ മനുഷ്യസ്നേഹിയായ തോമസിലൂടെ സംവിധായകന്‍ പ്രേക്ഷകനെ ഓര്‍മപ്പെടുത്തുന്നത് മാത്രമാണ് ഈ സിനിമയുടെ ഏക സാമൂഹിക പ്രതിബദ്ധത. 

ആകെ മൊത്തം ടോട്ടല്‍ = ജയരാജിന്‍റെ മുന്‍കാല ആര്‍ട്ട്‌ സിനിമകളിലെ നിലവാരത്തില്‍  നിന്നും ഏറെ പിന്നോക്കം പോയ ഒരു സിനിമയായി മാത്രമേ പകര്‍ന്നാട്ടത്തെ കാണാന്‍ സാധിക്കുന്നുള്ളൂ. മനോഹരമായ ചില ഷോട്ടുകള്‍ സിനിമയിലെ അഭിനന്ദനീയമായ ഒന്നാണ്. 
*വിധി മാര്‍ക്ക്‌ = 3.5/10
-pravin- 

Monday, September 3, 2012

ആകാശത്തിന്‍റെ നിറം


ഡോക്ടര്‍ ബിജു രചനയും സംവിധാനവും നിര്‍വഹിച്ച നാലാമത്തെ സിനിമയാണ് 'ആകാശത്തിന്‍റെ നിറം'.  ജൂണ്‍ 2012 ഇല്‍ റിലീസായ ഈ സിനിമ കുറഞ്ഞ കാലയളവിനുള്ളില്‍ അന്തര്‍ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

കരകൌശല വസ്തുക്കള്‍ വില്‍ക്കാനും മറ്റ് സാധനങ്ങള്‍ വാങ്ങാനും  വേണ്ടി ദൂരെയുള്ള ഏതോ ദ്വീപില്‍ നിന്നും ബോട്ടോടിച്ച് ഹാര്‍ബറില്‍ വന്നു പോകുന്ന  വൃദ്ധനെ ദിവസങ്ങളായി  നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു  ഒരു ചെറുപ്പക്കാരന്‍.,.പോക്കറ്റടി തൊഴിലായി കൊണ്ട് നടക്കുന്ന ഈ ചെറുപ്പക്കാരന്‍,    ഒരു ദിവസം പതിവ് പോലെ തന്‍റെ കര കൌശല വസ്തുക്കള്‍ വിറ്റ ശേഷം കിട്ടിയ പണവുമായി ബോട്ടില്‍ കയറി പോകാനൊരുങ്ങുന്ന വൃദ്ധനെ ഭീഷണിപ്പെടുത്തുന്നു.  ചെറുപ്പക്കാരന് ബോട്ട് നിയന്ത്രിക്കാനും നീന്താനും അറിയില്ല എന്ന് മനസിലാക്കിയ വൃദ്ധന്‍ അയാളുടെ ഭീഷണിക്ക് മുന്നില്‍ പതറാതെ അയാളെയും കൊണ്ട് തന്‍റെ താമസ സ്ഥലത്തേക്ക് ബോട്ടോടിച്ച് പോകുന്നു. വൃദ്ധനോട് കൂടി ദ്വീപിലെത്തുന്ന ചെറുപ്പകാരന്‍ അവിടെ ഒരു കൊച്ചു പയ്യനെയും ഒരു യുവതിയെയും മറ്റൊരു തടിമാടന്‍ സേവകനേയും കാണുന്നു. ആ ദ്വീപില്‍ മാറ്റൊരു താമസക്കാരെയോ ജനങ്ങളെയോ കാണാതെ എന്ത്  ചെയ്യണം എന്നറിയാതെ കുഴയുന്ന ചെറുപ്പക്കാരന്‍ പിന്നീട് വൃദ്ധനെ പറ്റി മനസിലാക്കിയെടുക്കുന്ന വസ്തുതകളും പുതിയ നിയോഗങ്ങളെ കുറിച്ചുമാണ്  സിനിമയുടെ ശിഷ്ട ഭാഗം പറഞ്ഞു പോകുന്നത്. 

വൃദ്ധനായി നെടുമുടി വേണുവും, ചെറുപ്പക്കാരനായി ഇന്ദ്രജിത്തും, ദ്വീപിലെ സഹവാസികളായി അമല പോളും, അനൂപ്‌ ചന്ദ്രനും സിനിമയിലെത്തുന്നു. പ്രിഥ്വിരാജ്  ശ്രദ്ധേയമായ അതിഥി താരവേഷവും ചെയ്തിരിക്കുന്നു. 

ഡോക്ടര്‍ ബിജുവിന്‍റെ മുന്‍കാല സിനിമകളുടെ  പ്രത്യേകതകള്‍ ഈ സിനിമയിലും  ദര്‍ശനീയമാണ്. പേരുകളില്ലാത്ത കഥാപാത്രങ്ങള്‍ സിനിമയില്‍ ഒഴുകി നടക്കുന്നു.  ബിജുവിന്‍റെ സിനിമകളില്‍ പ്രകടമാകുന്ന മറ്റൊരു കാര്യം, ജപ്പാനീസ്- കൊറിയന്‍ സിനിമകളുടെ സ്വാധീനമാണ്. സംഭാഷണങ്ങളെക്കാള്‍ കൂടുതല്‍ പ്രാധാന്യം രംഗങ്ങള്‍ക്കും കഥാപാത്ര ചലനങ്ങള്‍ക്കും സംവിധായകന്‍ പകുത്തു കൊടുത്തിരിക്കുന്നു. ഇത് കൊണ്ട് തന്നെ പലപ്പോഴും കഥ പറഞ്ഞു പോകുന്നിടത്ത് വല്ലാത്തൊരു ഇഴയല്‍ പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്.  

സിനിമയിലെ ഓരോ രംഗങ്ങള്‍ക്കും  അത് പോലെ കഥാപാത്ര മാനറിസങ്ങള്‍ക്കും അതിര് കവിഞ്ഞ പ്രസക്തി കൊടുക്കുന്നതില്‍ കൂടി സംവിധായകന്‍  പ്രേക്ഷകന്‍റെ ആസ്വാദനത്തെ പലയിടത്തും സമയദൈര്‍ഘ്യത്താല്‍ ഹനിച്ചിരിക്കുന്നു എന്ന് പറയേണ്ടി വരും.    ചുരുങ്ങിയ സമയം കൊണ്ട്  മനോഹരവും ഹൃദ്യവുമായൊരു   സന്ദേശം സിനിമയിലൂടെ അവതരിപ്പിക്കാന്‍ സാധിക്കുമായിരുന്നിട്ടും സംവിധായകന്‍ അതിനൊന്നും മുതിരാതെ വലിച്ചു നീട്ടിയ രംഗങ്ങളാല്‍ കഥ പറയാന്‍ ശ്രമിച്ചിരിക്കുന്നു. സിനിമയ്ക്കു കിട്ടേണ്ടിയിരുന്ന പ്രേക്ഷക സ്വീകാര്യത ഇത് മൂലം നഷ്ട്ടപ്പെടുന്നു എന്നതില്‍ തര്‍ക്കമില്ല. 

സിനിമ പറഞ്ഞവസാനിപ്പിക്കുന്നത്  വൃദ്ധനിലൂടെയാണ്. പ്രേക്ഷകനെ പല തരത്തില്‍ ചിന്തിപ്പിക്കാന്‍ ശേഷിയുള്ള ആ വാചകങ്ങള്‍ ഇപ്പോഴും ധ്വനിച്ചു കൊണ്ടേയിരിക്കുന്നു . 

 " ആകാശത്തിന്‍റെ നിറം അങ്ങിനെയാണ്. ചിലപ്പോള്‍ നീല, ചിലപ്പോള്‍ ചുവപ്പ്, ചിലപ്പോള്‍ വെള്ള ..ഇനി കണ്ണടച്ച് കൊണ്ടൊന്നു നോക്കിയാലോ.. ആകാശത്തിന് ഓരോ സമയത്തും ഓരോ നിറങ്ങളാണ് ..ചിലപ്പോള്‍ എല്ലാ നിറങ്ങളും ഒന്നിച്ച്..ചിലപ്പോള്‍ നിറങ്ങള്‍ ഇല്ലാതെ ..പക്ഷെ കണ്ണടച്ച് കൊണ്ട് വിചാരിച്ചാല്‍ ആകാശത്തിനു ഏതു നിറവും കൊടുക്കാം. ഏറ്റവും മനോഹരമായ നിറം സങ്കല്‍പ്പിച്ചാല്‍ ജീവിതവും നിറമുള്ളതായി  തീരും. മനസ്സില്‍ നിന്നും നിറങ്ങള്‍ മാഞ്ഞു പോയാല്‍, ജീവിതത്തിനും നിറം ഉണ്ടാകില്ല."

ആകെ മൊത്തം ടോട്ടല്‍ = സിനിമയെ ഇഴച്ചു വലിച്ചു അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ഒഴിവാക്കിയാല്‍ നല്ല കലാമൂല്യവും സന്ദേശവും അടങ്ങിയ ഒരു നല്ല സിനിമ.  

*വിധി മാര്‍ക്ക്‌ = 6.5/10 
-pravin- 

Saturday, September 1, 2012

താപ്പാന പോലെ വന്നത് കുഴിയാന പോലെ പോയി !


തുറുപ്പുഗുലാനും, ഈ പട്ടണത്തില്‍ ഭൂതത്തിനും ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ഈ സിനിമയ്ക്കു വേണ്ടി രചന നിര്‍വഹിച്ചത് സിന്ധുരാജും , ചക്കച്ചുള പോലെ തുട്ടിറക്കിയത് മിലന്‍ ജലീലുമാണ്. 

സാംസണ്‍ (മമ്മൂട്ടി) ഒരു സ്ഥിരം ജയില്‍വാസിയാണ്. ഓരോന്ന് മോട്ടിച്ചും അല്ലറ ചില്ലറ അടിപിടി കേസുകളും നടത്തുന്നതിലൂടെ ഇടയ്ക്കിടയ്ക്ക് ഇയാള്‍ ജയില്‍വാസ സുഖം  അറിയാറുമുണ്ട്. പതിവ് പോലെ ഒരു ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങുന്ന സാംസണ്‍, അഞ്ചു വര്‍ഷത്തിനു ശേഷം  ജയില്‍ മോചിതയാകുന്ന മല്ലികയെ (ചാര്‍മി) പരിചയപ്പെടുന്നു. മല്ലികയോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്ന കഥാനായകന്‍ ഒരു ഘട്ടത്തില്‍ അവളെ സഹായിച്ചു എന്നുള്ളത് കൊണ്ടും , വേറെ പണിയൊന്നും ഇല്ലാ എന്നുള്ളത് കൊണ്ടും അവളുടെ ഇഷ്ട പ്രകാരം അവള്‍ക്കൊരു കൂട്ടായി അവളുടെ ദൂരെയുള്ള നാട്ടിലേക്ക് അനുഗമിക്കാന്‍ തയ്യാറാകുന്നു. ഇതിനിടയില്‍ നടക്കുന്ന നര്‍മം കലര്‍ന്ന (കലര്‍ത്താന്‍ ശ്രമിച്ച ) സംഭവങ്ങളും, പിന്നീട് വെളിവാക്കപ്പെടുന്ന  മല്ലികയുടെ ജീവിത കഥയും, അവര്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. 

പ്രത്യേകിച്ച് പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത ഈ സിനിമ ഒരു ആവറേജ് നിലവാരം പുലര്‍ത്താന്‍ വേണ്ടി കഷട്പ്പെടുന്നുണ്ട് പല രംഗങ്ങളിലും. മമ്മൂട്ടിയുടെ കഥാപാത്രം ശ്രദ്ധേയമാകാന്‍ വേണ്ടിയായിരിക്കണം അല്‍പ്പം സംസാര വൈകല്യം പ്രകടമാകുന്ന  സംഭാഷണ രീതി അദ്ദേഹത്തിനു ചമച്ചു കൊടുത്തത്. അത് പോലെ, മമ്മൂട്ടിയുടെ  കള്ളന്‍ വേഷം പഴയ പല കള്ളന്‍ സിനിമകളുടെയും  ഗൃഹാതുരത സമ്മാനിച്ചു. 

വിജയ  രാഘവന്‍ എന്ന നടന് കോമഡിയുടെ പരിവേഷം അണിയിച്ചു കൊടുക്കാന്‍ ശ്രമിച്ചു എന്നതില്‍ കവിഞ്ഞു അദ്ദേഹത്തിനോ  തുടര്‍ന്ന് വന്ന മറ്റ് നടീ നടന്മാര്‍ക്കോ അഭിനയത്തില്‍ വലിയ സ്കോപ് കൊടുക്കാന്‍ ഈ സിനിമയ്ക്കു സാധിച്ചില്ല. ചെറിയ വേഷമാണെങ്കില്‍ കൂടി വിജീഷ് (നമ്മള്‍ ഫൈം നൂലുണ്ട) തന്റേതായ അഭിനയം രസകരമായി അവതരിപ്പിച്ചു. സുരേഷ് കൃഷ്ണ എന്ന നടന് ഇനിയെങ്കിലും ഈ സിനിമയിലെത് പോലെയുള്ള വേഷങ്ങളില്‍ നിന്ന് മോചനമുണ്ടാകുമോ എന്തോ ? മുരളി ഗോപി വലിയ മോശമില്ലാത്ത ഒരു വേഷം ചെയ്തെന്നു ആശ്വസിക്കാം. മമ്മൂട്ടിയുടെ കൂടെ ഒരു മുഴു നീള കൂട്ടുകാരന്‍ വേഷം ചെയ്ത കലാഭവന്‍  ഷാജോണ്‍ ഈ സിനിമയില്‍ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. 

ഡ്രൈവ് ചെയ്യുന്ന രംഗങ്ങള്‍ , കായലിലൂടെ ബോട്ടില്‍ പോകുന്ന രംഗങ്ങള്‍, രാത്രിയുള്ള ഔട്ട്‌ ഡോര്‍ സീനുകള്‍, എന്നിവയിലെല്ലാം ഗ്രാഫിക്സും മറ്റ് കൃത്രിമത്വങ്ങളും കുത്തി നിറച്ചിരിക്കുന്നത് പഴയ കാല സിനിമകളെ അനുസ്മരിപ്പിച്ചു. അതെന്തിന് വേണ്ടിയായിരുന്നു എന്നത് ഇപ്പോഴും അറിയില്ല. എന്തായാലും ചെലവ് ചുരുക്കാന്‍ വേണ്ടിയായിരിക്കില്ല. കഥയിലെ പ്രധാന രംഗ പശ്ചാത്തലമായി വരുന്ന ചന്തയില്‍ അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷവും മാറ്റങ്ങളൊന്നും ഇല്ലാതെ ചിത്രീകരിച്ചിരിക്കുന്നത് അടക്കം മറ്റ് പല വീഴ്ചകളും സംവിധായകന്‍ വേണ്ട പോലെ ശ്രദ്ധിച്ചില്ല. വിദ്യാ സാഗറിന്റെ സംഗീതം പതിവ് നിലവാരത്തില്‍ എത്തിയില്ലെങ്കില്‍ കൂടി ബി .ജി. എം  നന്നായി എന്ന് പറയാം. 

ആകെ മൊത്തം  ടോട്ടല്‍ = ആവറേജ് നിലവാരത്തോടു മുട്ടി മുട്ടി നില്‍ക്കുന്ന ഒരു  സിനിമ. 

*വിധി മാര്‍ക്ക്‌ = 4/10 
-pravin-