Monday, July 18, 2016

ബാല ഗംഗാ കൃഷ്ണൻമാർ നിറഞ്ഞാടിയ 'കമ്മട്ടിപ്പാടം'


സുബ്രഹ്മണ്യപുരം റിലീസായ കാലത്ത് മലയാളികൾ പാടിപ്പറഞ്ഞു നടന്ന ഒരു പരാതിയായിരുന്നു എന്തേ മലയാളത്തിൽ ഇത്തരം സിനിമകൾ വരാത്തത് എന്ന്. കമ്മട്ടിപ്പാടത്തിന്റെ വരവോടു കൂടി ആ പരാതി തീർത്തു കൊടുക്കാൻ രാജീവ് രവിക്ക് സാധിച്ചു എന്നു തന്നെ പറയാം. എന്നാൽ കമ്മട്ടിപ്പാടവും സുബ്രഹ്മണ്യപുരവും ഒരേ അച്ചിൽ വാർത്ത സിനിമകളാണോ എന്നു ചോദിച്ചാൽ അതങ്ങിനല്ല താനും. ഇവിടെയാണ് രാജീവ് രവി എന്ന സംവിധായകൻ വ്യത്യസ്തനാകുന്നതും. പറഞ്ഞു പഴകിയ വിഷയങ്ങൾ എന്നു ഒറ്റ നോട്ടത്തിൽ തോന്നിയേക്കാവുന്ന അതേ കാര്യങ്ങളെ കഥാ ഘടന കൊണ്ടും അതിലേറെ മികച്ച കഥാപാത്ര സൃഷ്ടികൾ കൊണ്ടും വ്യത്യസ്തമാക്കുന്ന തിരക്കഥയെയാണ് രാജീവ് രവി ദൃശ്യവത്ക്കരിക്കുന്നത്. അദ്ധേഹത്തിന്റെ 'അന്നയും റസൂലും' തന്നെ നോക്കൂ ഒരുപാട് സിനിമകളിൽ പല വിധത്തിൽ പ്രമേയവത്ക്കരിക്കപ്പെട്ട പ്രണയം എന്ന പറഞ്ഞു മടുത്ത വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നത് നായികാ നായക കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന ദിവ്യമായ ഒരു വികാരം മാത്രമായല്ല. മറിച്ച് കഥാപാത്രങ്ങളുടെ ചുറ്റുപാടുകൾ, അവരുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റുള്ളവരുടെ ജീവിതങ്ങൾ, അവരുടെ സാമൂഹ്യ ഇടപെടലുകൾ, സഹനം, അതിജീവനം എന്നിവയെല്ലാം പ്രധാന പ്രമേയത്തിനൊപ്പം തന്നെ കോർത്തിണക്കി കൊണ്ട് സ്വാഭാവികമായും പറഞ്ഞു പോകുന്നതാണ് അവതരണ രീതി. അപ്രകാരം സ്വ ശൈലിയിൽ പടുത്തുണ്ടാക്കുന്ന തൻ്റെ സിനിമകളിലെല്ലാം വ്യക്തമായ ഒരു രാഷ്ട്രീയം കൂടി വരച്ചു കാണിക്കാൻ രാജീവ് രവി ശ്രദ്ധിക്കാറുണ്ട്. കമ്മട്ടിപ്പാടത്തിൽ എത്തിയപ്പോഴേക്കും ആ രാഷ്ട്രീയം കൂടുതൽ തീവ്രമായി അനുഭവപ്പെടുത്തുകയാണ് ചെയ്യുന്നത്. 

റിയലിസ്റ്റിക്ക് സിനിമാ ചിന്താഗതിയാണ് രാജീവ് രവി എന്ന സംവിധായകന്റെ പ്രധാന ആകർഷണീയത. 'അന്നയും റസൂലും' കഴിഞ്ഞു വന്ന 'ഞാൻ സ്റ്റീവ് ലോപ്പസി'ൽ പക്ഷേ റിയലിസത്തിന്റെയും ഡോക്യുഫിക്ഷന്റെയുമൊക്കെ അതിപ്രസരം അനുഭവപ്പെട്ടിരുന്നു. റിയലിസ്റ്റിക്ക് സിനിമകൾക്ക് ജനപ്രിയം ഏറുന്ന ഈ കാലത്തും സ്റ്റീവ് ലോപ്പസിനെ തിയേറ്ററിൽ സ്വീകരിക്കാൻ ജനമുണ്ടാകാതെ പോയതിന്റെ കാരണം മനസ്സിലാക്കിയത് കൊണ്ടാകാം തന്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്തമായി സിനിമാ നിർമ്മിതിയിൽ ആവശ്യം വേണ്ട ചില വിട്ടുവീഴ്ചകൾ നടത്തിക്കൊണ്ടാണ് കമ്മട്ടിപ്പാടത്തെ രാജീവ് രവി ഒരുക്കിയിരിക്കുന്നത്. 'അന്നയും റസൂലു'ലിലും 'ഞാൻ സ്റ്റീവ് ലോപ്പസിലു'മൊക്കെ പരാമർശവിധേയമായ അരികുവത്ക്കരിക്കപെട്ടവരുടെ ജീവിതത്തെ കുറച്ചു കൂടി ആഴത്തിൽ അന്വേഷിച്ചു വിശദീകരിക്കുന്നതാണ്‌ കമ്മട്ടിപ്പാടം എന്നു പറയാം. ആഷ്‌ലിയുടെയും (സണ്ണി വെയ്ൻ) സ്റ്റീവിന്റെയുമൊക്കെ (ഫർഹാൻ ഫാസിൽ) അന്വേഷണം റസൂലിനെയും (ഫഹദ്) ഹരിയേയും (സുജിത് ശങ്കർ) ചുറ്റിപ്പറ്റിയായിരുന്നെവെങ്കിൽ കമ്മട്ടിപ്പാടത്തിൽ കൃഷ്ണന്റെ (ദുൽഖർ സൽമാൻ) അന്വേഷണം താനുൾപ്പടെയുള്ള കമ്മട്ടിപ്പാടത്തിലെ ആ ഒരു സംഘത്തെ കുറിച്ചാണ്. ചിതറിയ ഓർമ്മകളിലൂടെ കൃഷ്ണൻ എല്ലാം ഓർത്തെടുക്കുമ്പോഴാണ് കമ്മട്ടിപ്പാടത്തെ സംവിധായകൻ നമുക്ക് മുന്നിൽ വരച്ചു തുടങ്ങുന്നത്. കഥക്ക് പിന്നാലെ പോകാതെ കഥാപാത്രങ്ങൾക്ക് പിന്നാലെ പോയി കമ്മട്ടിപ്പാടത്തിൻറെ കഥ സ്വയം വായിച്ചെടുക്കാൻ പ്രേക്ഷകനോട് നിശബ്ദമായി ആഹ്വാനം ചെയ്യുകയാണ് പിന്നീട് സംവിധായകൻ ചെയ്യുന്നത്. 

ഹൈ ക്ലാസ്സ് വില്ലന് പുറകിൽ അണി നിരക്കുന്ന ചേരി ഗുണ്ടകളുടെ ജീവിതകഥക്ക് സിനിമയിലും സമൂഹത്തിലും സ്വീകാര്യത കുറവാണ് എന്നറിഞ്ഞു കൊണ്ട് തന്നെ ഗുണ്ടകളോടുള്ള പൊതുധാരണകളെയെല്ലാം ചവിട്ടിയരച്ചു കൊണ്ടാണ് പി. ബാലചന്ദ്രൻ കമ്മട്ടിപ്പാടത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരക്ഷിതവും രക്തരൂക്ഷിതവുമായ കമ്മട്ടിപ്പാടത്തിലെ ചെറുപ്പക്കാരുടെ ജീവിതവും സൗഹൃദവും മുൻനിർത്തി കൊണ്ട് നഗരത്തിലെ അരിക് ജീവിതങ്ങളുടെ കഥ ഒരു നേർക്കാഴ്ച്ചയെന്നോണം ആധികാരികമായി തന്നെ പറഞ്ഞു തരുന്നുണ്ട് തിരക്കഥാകൃത്ത്. അവരെന്താ ഇങ്ങിനെ എന്ന അറപ്പും വെറുപ്പും നിറഞ്ഞ ചോദ്യത്തിന് പകരം അവരെന്ത് കൊണ്ടിങ്ങനെ എന്ന മാനുഷികമായ ചിന്തയാണ് സിനിമ കാണുന്നവന് തോന്നേണ്ടത്. ആ നിർബന്ധം അദ്ദേഹത്തിന്റെ തിരക്കഥാ രചനയിൽ പ്രകടവുമാണ്. രാജീവ് രവിയുടെ സംവിധാന മികവിനൊപ്പം ക്യാമറ മാൻ മധു നീലകണ്ഠന്റെ ഛായാഗ്രഹണവും അഭിനേതാക്കളുടെ മികച്ച പ്രകടനവും കൂടി ചേരുമ്പോൾ കമ്മട്ടിപ്പാടത്തിന്റെ രാഷ്ട്രീയത്തിന് പിന്നീടങ്ങോട്ട് പൂർണ്ണത കൈവരുകയാണ്. 

കൈയ്യൂക്കും തന്റേടവും കൊണ്ട് മേൽക്കോയ്മ നേടുന്നവരും അത്തരക്കാരെ വച്ചു പുത്തൻപണക്കാരാകുന്ന കുടില ബുദ്ധികളും ഒരിടത്തു തന്നെയാണ് വാഴുന്നത് എന്നു പറഞ്ഞു തരുന്നുണ്ട് സിനിമ . ചങ്കൂറ്റം കൊണ്ട് ജയിച്ചവനെ മാലയിട്ടു സ്വീകരിക്കുകയും ധൈര്യം പകരുകയും ചെയ്യുന്നവർ ഭാവിയിലേക്കുള്ള തങ്ങളുടെ കൂലിത്തല്ലുകാരെ കണ്ടെത്തുകയാണ് ചെയ്യുന്നതെന്ന് ബാലനെ (മണികണ്ഠൻ) പോലുള്ളവർ മനസ്സിലാക്കുന്നില്ല എന്നു മാത്രമല്ല അത് തിരിച്ചറിയാൻ അവർ വളരെ വൈകുന്നു. ബാലൻ ചങ്കൂറ്റം കൊണ്ട് കമ്മട്ടിപ്പാടത്തിലെ രാജാവായപ്പോൾ ആ വഴി പിന്തുടരുന്നത് അവന്റെ തന്നെ അനിയനും കൂട്ടുകാരുമാണ്. കമ്മട്ടിപ്പാടത്തിലെ പിള്ളേർക്ക് ബാലൻ ചേട്ടനാണ് ഹീറോ. ആ ഹീറോ പരിവേഷം ബാലൻ നന്നായി ആസ്വദിക്കുന്നുമുണ്ട്. തിയേറ്ററിനു മുന്നിൽ ബ്ളാക് ടിക്കറ്റ് വിൽക്കുന്നത് സംബന്ധിച്ചു നടക്കുന്ന തർക്കത്തിൽ എതിരാളികളെ തല്ലി ജയിച്ച ബാലൻ പറഞ്ഞു സ്ഥാപിക്കുന്നത് കമ്മട്ടിപ്പാടത്തിലെ പിള്ളേർക്ക് ഇവിടെ എന്തുമാകാം അതു തടയാൻ ആരും വരണ്ട എന്നാണ്. തടയാൻ വരുന്നവരെ എങ്ങിനെ നേരിടണമെന്ന് ബാലനിലൂടെ കണ്ടു പഠിക്കുകയാണ് ഗംഗനും കൃഷ്ണനും മജീദുമെല്ലാം. അപ്രകാരം എന്തിനും ഏതിനും ബാലൻ ചേട്ടനെ നിരീക്ഷിച്ചു കൊണ്ട് മാത്രം ജീവിക്കുന്ന കമ്മട്ടിപ്പാടത്തിലെ ആ ഒരു കൂട്ടം യുവാക്കൾ പതിയെ പതിയെ ബാലനെ പോലെ തന്നെ അരക്ഷിതമായ രക്തരൂക്ഷിതമായ ഒരു ജീവിതത്തിലേക്ക് അനുനയിക്കപ്പെടുന്നു. എത്ര ലാഘവത്തോടെയാണ് ഈ ഒരു ഭീകരാവസ്ഥയെ സിനിമയിൽ കാണിക്കുന്നത് എന്ന് നോക്കൂ . അരക്ഷിതാവസ്ഥയും അരാജകത്വവുമെല്ലാം ലഹരിയെന്ന പോലെ ആസ്വദിക്കുന്ന ഏതൊരാൾക്കും എന്തിലും ഏതിലും ഇതേ ലാഘവമേ ഉണ്ടാകൂ എന്ന് പ്രേക്ഷകനെ ബോധ്യമാക്കി തരുന്ന സീനുകൾ കൂടിയാണത്. 

കമ്മട്ടിപ്പാടത്തിലെ പിള്ളേരുടെ ബാല്യകാലം പച്ചപ്പിനാൽ സമ്പന്നമായിരുന്നുവെങ്കിൽ യൗവ്വനത്തിൽ അത് ചുവക്കുകയാണ്. ഇപ്രകാരം കടന്നു പോകുന്ന കാലത്തിനും അവിടെ ജീവിക്കുന്നവരുടെ പ്രായത്തിനും പ്രവർത്തിക്കും അനുസരിച്ച് കമ്മട്ടിപ്പാടത്തിന്റെ പശ്ചാത്തല നിറവും മാറിമറയുന്നു സ്‌ക്രീനിൽ. എഴുപത് എൺപത് കാലങ്ങളിലെ സൗഹൃദവും പ്രണയവുമെല്ലാം അതിന്റെതായ നിഷ്ക്കളങ്കതയിൽ കാണിച്ചു തരുന്നുണ്ട് സിനിമ. അതേ സമയം സാധാരണക്കാരിൽ സാധാരണക്കാരായ കമ്മട്ടിപ്പാട നിവാസികളുടെ മക്കൾ സ്ക്കൂളിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്നതും, തീർത്തും പ്രാന്തപ്രദേശമായ കമ്മട്ടിപ്പാടത്തിലെ നെൽപ്പാടത്തിനു നടുവിലൂടെ നീണ്ടു പോകുന്ന ടാറിട്ട റോഡുകളുമൊക്കെ 1970-80 കാലങ്ങളിൽ കാണാൻ പറ്റുമായിരുന്ന കാഴ്ചകളായിരുന്നോ എന്നു സംശയിച്ചു പോകുന്നു. 'ഇരുപതാം നൂറ്റാണ്ട്' സിനിമയുടെ ടിക്കറ്റ് ബ്ളാക്കിനു വിൽക്കുന്ന ബാലന്റെ ക്ഷുഭിത യൗവ്വനം 1987 കാലത്തെ അടയാളപ്പെടുത്തുന്ന സ്ഥിതിക്ക് കൃഷ്ണനും അനിതയുമെല്ലാം സ്ക്കൂളിലേക്ക് സൈക്കിളിൽ യാത്രയാകുന്നതും ആ കാലത്തു തന്നെയാണ് എന്നു അനുമാനിക്കാം. കുറഞ്ഞത് അതിനും ഒരു പത്തു കൊല്ലം മുൻപേയാണ് ബാലനും കൂട്ടരും ചട്ടമ്പി ജോസിനെ ആക്രമിക്കാൻ പദ്ധതിയിടുന്നത്. അന്ന് ജോസ് നടന്നു വരുന്നത് പാടത്തിനു കുറുകെ പോകുന്ന ഒരു ടാറിട്ട റോഡിലൂടെയാണ്. എഴുപത് എഴുപത്തേഴു കാലങ്ങളിൽ ആ രംഗ പശ്ചാത്തലം അനുയോജ്യമല്ലെന്ന് സംശയിക്കാൻ അതാണ് കാരണം. ഇതൊഴിച്ചു നിർത്തിയാൽ കാലഘട്ട ചിത്രീകരണത്തിൽ വേറിട്ട ഒരു കാഴ്ചാനുഭവം തന്നെ സമ്മാനിച്ചിട്ടുണ്ട് കമ്മട്ടിപ്പാടം. പതിവ് ബോംബൈ കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ഫ്രെയിമുകളിലൂടെയാണ് കൃഷ്ണന്റെ ബോംബൈ ജീവിതം പോലും സിനിമയിൽ പകർത്തിയിരിക്കുന്നത്. 

കൃഷ്ണനെ (ദുൽഖർ സൽമാൻ) നായകനായി അവരോധിച്ചു കൊണ്ടാണ് സിനിമയുടെ മുന്നേറ്റമെങ്കിലും കൃഷ്ണനേക്കാൾ പ്രാധാന്യമുള്ള കഥാപാത്ര പ്രാധാന്യം ബാലനും ഗംഗനുമായിരുന്നു. ഇടവേള വരെ ബാലനും ഇടവേളക്ക് ശേഷം ഗംഗനും നിറഞ്ഞു നിന്ന 'കമ്മട്ടിപ്പാട' ത്തെ തുടക്കം മുതൽ ഒടുക്കം വരെയുള്ള തൻ്റെ ഓർമ്മകളിലൂടെയും അന്വേഷണത്തിലൂടെയുമെല്ലാം പ്രേക്ഷകൻറെ ഒരു നേരനുഭവമാക്കി മാറ്റുന്നിടത്താണ് കൃഷ്ണന്റെ കഥാപാത്രം പിന്നീട് പ്രാധാന്യമാർജ്ജിക്കുന്നത്. ഹീറോ പരിവേഷത്തിനു പ്രസക്തിയില്ലാത്ത സിനിമയാണെങ്കിലും കൃഷ്ണനെ അവശ്യം വേണ്ട ആക്ഷൻ സീനുകളിൽ അമാനുഷികനല്ലാത്ത വിധം നന്നായി തന്നെ ഇടപെടുത്തുന്നുണ്ട് സംവിധായകൻ. മനുഷ്യത്വവിരുദ്ധ വികസനത്തിനിടയിൽ കമ്മട്ടിപ്പാടവും ഇരയാകപ്പെട്ടിരിക്കുന്നു എന്ന് തീവ്ര വൈകാരികമായ ദൃശ്യ വ്യാഖ്യാനത്തിലൂടെയാണ് രാജീവ് പറഞ്ഞവസാനിപ്പിക്കുന്നത്. ആദ്യകാലങ്ങളിൽ പരന്നു കിടന്നിരുന്ന കമ്മട്ടിപ്പാടം പിന്നീട് വികസനത്തിന്റെ മതിൽക്കെട്ടുകൾക്കിടയിൽ ശ്വാസം മുട്ടി കിടക്കുന്നതായി കാണാം. കഷ്ടിച്ചു ഒരാൾക്ക് മാത്രം നടക്കാവുന്ന മതിലിടുക്കുകൾക്കിടയിലൂടെ മൃതദേഹവുമേന്തി വരുന്ന കമ്മട്ടിപ്പാടത്തുകാർക്കും വികസനത്തിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പുറമ്പോക്ക് ജന്മങ്ങൾക്കും ഒരേ മുഖഛായയാണ് എന്നു പ്രസ്താവിക്കുന്ന രംഗം നഗര വികസനത്തിൻറെ പുറകിലെ ഭീകരവും ദയനീയവുമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. 

ആർക്കൊക്കെയോ വേണ്ടി വെട്ടിയും കുത്തിയും ജീവിച്ചു മരിക്കാൻ തയ്യാറാകുമ്പോഴും അടിസ്ഥാനപരമായി ബാലനും ഗംഗനുമെല്ലാം പച്ച മനുഷ്യർ മാത്രമാണെന്ന് കാണിക്കുന്ന സീനുകൾ ഏറെയുണ്ട് സിനിമയിൽ. സുരേന്ദ്രൻ ആശാനോടുള്ള കൂറു കാട്ടാൻ സ്വന്തം ബന്ധുക്കളെ പോലും കുടിയൊഴിപ്പിച്ച ബാലന് ആ ദിവസം അച്ചാച്ചനോട് അതേ കാരണത്താൽ ഏറെ എതിർത്തു സംസാരിക്കേണ്ടി വരുന്നുണ്ട്. ഇത്രയും കാലം തനിക്ക് ചിലവിനു തരാൻ ഒരു ബന്ധുക്കളുമുണ്ടായിരുന്നില്ലല്ലോ എന്നു ചോദിച്ചു കൊണ്ട് തന്റെ ചെയ്തികളെയെല്ലാം ന്യായീകരിക്കുന്ന അതേ ബാലനെ പിന്നീട് അച്ചാച്ചന്റെ മരണ ശേഷം പശ്ചാത്താപപരവശനായി നമുക്ക് കാണാം. സ്വന്തം ജീവൻ കൊലക്ക് കൊടുത്തു കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരുടെയെല്ലാം ഉള്ളിന്റെയുള്ളിൽ മരണഭയമുണ്ടാകും. തങ്ങൾ കൊല്ലപ്പെടാൻ പോകുന്നു എന്ന തോന്നൽ ശക്തമാകുന്ന സമയത്ത് സ്വൈര്യജീവിതം വല്ലാതെ ആഗ്രഹിക്കുമെങ്കിലും ഉറ്റവരോട് യാത്ര പറഞ്ഞും തെറ്റുകൾ തിരുത്താൻ വെമ്പിയും അവർ മരണത്തിന്റെ ഇരുളിലേക്ക് നടന്നകലുകയാണ്. ബാലനെയും ഗംഗനെയുമൊക്കെ പോലെ. അൻവർ അലിയുടെ രചനയിൽ വിനായകൻ സംഗീതം നൽകിയ ഗാനത്തിന് കമ്മട്ടിപ്പാടത്തിനുമപ്പുറം പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ചുമതല കൂടിയുണ്ടായിരുന്നു. സിനിമ അവസാനിക്കുമ്പോഴും ആ വരികളിലൂടെ മനുഷ്യപക്ഷ രാഷ്ട്രീയത്തിൻറെ ആവശ്യകത സംവിധായകൻ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. 

ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ?
നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ
ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ?
നീ മോന്തിയ മധു നിൻ ചോര..ചുടുചോര പൊന്മകനേ
നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ ?
നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നന്മകനേ

അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനെ
ഇക്കായൽ കയവുംകരയും ആരുടേയുമല്ലെൻ മകനേ
പുഴുപുലികൾ പക്കിപരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ
പലകാലപ്പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചുപൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എൻതിരുമകനേ. 

ആകെ മൊത്തം ടോട്ടൽ = രാജീവ് രവിയുടെ ഇത് വരെയുള്ള സിനിമകളിൽ നിന്നും വേറിട്ടു നിൽക്കുന്ന മറ്റൊരു മികച്ച സിനിമ. ദുൽഖർ സൽമാൻ, വിനായകൻ , മണികണ്ഠൻ, അനിൽ നെടുമങ്ങാട്, ഷൈൻ ടോം ചാക്കോ തൊട്ടു പേരറിയുന്നവരും അറിയാത്തവരുമായ ഒരു പിടി നടന്മാരുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് നിറഞ്ഞ സിനിമ. വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഗംഗൻ തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. പി ബാലചന്ദ്രന്റെ തിരക്കഥ, മധുനീലകണ്ഠന്റെ ഛായാഗ്രഹണം എന്നിവ എടുത്തു പറയേണ്ട മറ്റു മികവുകളാണ്. അങ്ങിനെ എന്ത് കൊണ്ടും അഭിനന്ദനീയമായ സിനിമാ പ്രവർത്തനമായിരുന്നു കമ്മട്ടിപ്പാടത്തിൽ എന്നു തന്നെ പറയാം. നാലു മണിക്കൂർ പടത്തെ വെട്ടിച്ചുരുക്കി രണ്ടര രണ്ടേമുക്കാൽ മണിക്കൂർ ആക്കി മാറ്റിയതിനാൽ ചിലയിടങ്ങളിൽ തുടർച്ച അനുഭവപ്പെടണമെന്നില്ല. ആ പരാതിയുള്ളവർക്ക് സിനിമയുടെ DVD ഇറങ്ങുന്ന സമയം വരെ കാത്തിരിക്കാം. കുടുംബ കഥയും നായികാ നായകന്മാരുടെ ഗ്ളാമർ പരിവേഷവും വലിയ വാക്കിൽ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമകളും മനസ്സിലേറ്റി കൊണ്ട് കമ്മട്ടിപ്പാടം കാണാൻ പോകുന്നവർ നിരാശപ്പെടുമെങ്കിലും സിനിമയുടെ പ്രമേയവും കഥാപരിസരവും ഉൾക്കൊണ്ടു കൊണ്ട് സിനിമ കാണാൻ സാധിക്കുന്നവർക്ക് ഈ സിനിമയെ അംഗീകരിക്കാതിരിക്കാനാകില്ല ഒരിക്കലും. 

*വിധി മാർക്ക് = 8/10 

-pravin-

( 2016 ജൂലായ് ലക്കം ഇ -മഷി യിൽ  പ്രസിദ്ധീകരിച്ചത്. )