Friday, September 8, 2017

ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും - ജീവിത 'യാത്ര'യിൽ 'അപരൻ'മാരാകേണ്ടി വന്നവർ

ബാലുമഹേന്ദ്രയുടെ 'യാത്ര'യും പത്മരാജന്റെ 'അപര'നും കണ്ട ഒരു പ്രേക്ഷകർക്കും മറക്കാൻ സാധിക്കാത്ത രണ്ടു കഥാപാത്രങ്ങളാണ് ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും. 1985 ലും 1988 ലുമായി റിലീസായ ഈ രണ്ടു സിനിമകളിലെ രണ്ടു കഥാപാത്രങ്ങളും രണ്ടു കഥാപശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും അവർ രണ്ടു പേർക്കും ജീവിതത്തിന്റെ ഒരു പ്രത്യേക കോണിൽ വച്ച് നേരിടേണ്ടി വന്ന ഒരു പൊതു സമസ്യയായിരുന്നു അവരുടെ അതേ രൂപസാദൃശ്യമുള്ള അപരൻ. പ്രശ്നക്കാരനായ ഈ അപരൻ ഒരിടത്തു പോലും ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെടുകയോ അവരുടെ പേരിൽ ഒരു ആൾമാറാട്ടത്തിനു മുതിരുകയോ ചെയ്യുന്നില്ലെങ്കിലും അപരന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിത്വങ്ങളായി മാറുകയാണ് ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും. അപരൻ കാരണം സ്വന്തം വ്യക്തിത്വം ഇരുളിലാകുകയും ജീവിതം കൈ വിട്ടു പോകുകയും ചെയ്ത രണ്ടു നിരപരാധികൾ. ആ തലത്തിൽ നോക്കുമ്പോൾ ഒരാളെ പോലെ ലോകത്ത് ഒരുപാട് പേരുണ്ടാകാം എന്ന സരസമായ നാട്ടു വർത്തമാനം കേട്ട് ശീലിച്ച ഒരു സമൂഹത്തോട്, ഒരാളെ പോലെ വെറും ഒരാൾ മാത്രമുണ്ടായാൽ തന്നെ വ്യക്തിജീവിതങ്ങൾ സങ്കീർണ്ണവും ദുരന്തപര്യവസായിയുമാകാൻ സാധ്യതയുണ്ട് എന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ഈ രണ്ടു സിനിമകൾ ചെയ്യുന്നത്. ജീവിത യാത്രയിൽ ഒരിക്കൽ പോലും കണ്ടു മുട്ടിയിട്ടില്ലാത്ത ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും ജീവിതങ്ങൾ ഒരേ കാലത്ത് രണ്ടിടങ്ങളിലായി സമാന്തരമായി സംഭവിക്കുന്ന ഒന്നാണെന്ന് കരുതിക്കൊണ്ടുള്ള ഒരു ആസ്വാദന സാധ്യത തെളിയുന്നതും അവിടെയാണ്. കാലങ്ങൾക്കിപ്പുറം 'യാത്ര'യും 'അപരനും അങ്ങിനെ ചിലത് കൂടെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. 

ഉണ്ണികൃഷ്ണൻ അനാഥത്വം നീന്തിക്കയറി ജീവിതം പടുത്തു കെട്ടിയവനാണെങ്കിൽ വിശ്വനാഥൻ അതിനു നേരെ വിപരീതമാണ്. അയാൾക്ക് അച്ഛനും അമ്മയും പെങ്ങളും അടങ്ങുന്ന ഒരു നല്ല കുടുംബ പശ്ചാത്തലമുണ്ടെങ്കിലും സ്വയം പര്യാപ്തനല്ല. സ്വന്തം കാലിൽ നിൽക്കാനൊരു ജോലിക്ക് വേണ്ടി അയാൾ നഗരത്തിലേക്ക് ഇന്റർവ്യൂവിനായി പോകുമ്പോൾ വനം ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണൻ എല്ലാവരും പോകാൻ മടിക്കുന്ന അരുണഗിരിയിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങി വരുകയാണ് . തികച്ചും ഉൾവലിഞ്ഞ ആ വനഗ്രാമത്തിലെ ഏകാന്തതയിൽ നിന്ന് ഉണ്ണിക്കൃഷ്ണനെ മോചിപ്പിക്കുന്നത് തുളസിയാണ്. കൃഷ്ണ പ്രതിഷ്‌ഠക്ക് മുന്നിൽ നിന്നു കൊണ്ട് ഒരേ സമയം പരാതി പറഞ്ഞും പരിഭവപ്പെട്ടും കൃഷ്ണനെ ഭീഷണിപ്പെടുത്തിയുമൊക്കെ സംസാരിക്കുന്ന തുളസിയെ പരിചയപ്പെടുന്നത് മുതലാണ് ഉണ്ണിക്കൃഷ്ണൻ തന്റെ ഒറ്റയാൻ ജീവിതത്തിലെ മടുപ്പുകളെ അവസാനിപ്പിക്കുന്നത് പോലും. തുളസിയുടെ അച്ഛനുമായി വിവാഹത്തെ കുറിച്ചൊരു ധാരണയുണ്ടാക്കിയ ശേഷം അയാൾ തന്റെ ആത്മാർത്ഥ സുഹൃത്ത് ബാലനെ നേരിട്ട് കാണാൻ പോകുകയാണ്. വിശ്വനാഥനാകട്ടെ സ്വന്തമായൊരു ജോലിയെന്ന സ്വപ്നവുമായി നഗരത്തിലേക്കും പോയി കൊണ്ടിരിക്കുന്നു. ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും ജീവിതം പ്രതീക്ഷകൾക്ക് വിപരീതമായി മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങുന്നത് അവിടെ നിന്നാണ്. 

ആത്മാർത്ഥ സുഹൃത്ത് ബാലന്റെ വിയോഗ വാർത്തയിൽ ദുഃഖിതനായി അരുണഗിരിയിലേക്ക് തിരിച്ചു പോകുന്ന വഴിക്കാണ് ഉണ്ണിക്കൃഷ്ണനെ അരവിന്ദാക്ഷനെന്ന വ്യാജേന പോലീസ് പിടിക്കുന്നത്. അതേ സമയം ഇന്റർവ്യൂനിടയിൽ പുറത്തിങ്ങിയ വിശ്വനാഥനെ പോലീസ് കൊണ്ട് പോകുന്നതാകട്ടെ ഉത്തമന്റെ പേരിലുമാണ്. ഒരേ പോലീസ് ജീപ്പിൽ മുഖാമുഖം നോക്കാതെ  മനസ്സ് കൊണ്ട് ഒരേ അവസ്ഥയെ അഭിമുഖീകരിക്കുകയായിരുന്നു അവർ. പോലീസ് സേനയെ ഇത്ര മാത്രം അസ്വസ്ഥമാക്കിയ രണ്ടു പേർ ഇനി വേറെയുണ്ടാകില്ല എന്ന മട്ടിലാണ് വഴി നീളെ അരവിന്ദാക്ഷനെയും ഉത്തമനെയും കുറിച്ച് പോലീസുകാർ പറഞ്ഞു കൊണ്ടിരുന്നത്. ഇതിനു മുൻപ് പല തവണയും പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടവരും കൂടിയാണ് കക്ഷികൾ എന്നത് കൊണ്ട് തന്നെ അവരുടെ യാതൊരു വിധേനയുമുള്ള വിശദീകരണങ്ങൾക്കും ചെവി കൊടുക്കാൻ പോലീസുകാർ തയ്യാറായില്ല. അരവിന്ദാക്ഷനും ഉത്തമനും തങ്ങളുടെ അപരന്മാരാണെന്ന് പോലീസിനെ ബോധിപ്പിക്കാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല ഉണ്ണിക്കൃഷ്ണനു പോലീസുകാരിൽ നിന്ന് കഠിന പീഡനങ്ങൾ പോലും ഏറ്റു വാങ്ങേണ്ടി വരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുന്നു. 

പോലീസ് സ്റ്റേഷനിൽ വച്ചു അവിടത്തെ എസ് ഐ തന്റെ പഴയ സുഹൃത്ത് ജോർജ്ജ് കുട്ടിയാണ് എന്ന് മനസ്സിലാക്കുന്ന വിശ്വനാഥന് തൽക്കാലം മറ്റു കുരുക്കുകളിൽ പെട്ട് ജയിലിൽ കിടക്കേണ്ടി വന്നില്ല. വിശ്വനാഥനെ വിശ്വസിക്കാൻ ആ സാഹചര്യത്തിൽ ഒരു സുഹൃത്തെങ്കിലും ഉണ്ടായി എന്നത് അയാളുടെ വലിയൊരു ഭാഗ്യവുമായിരുന്നു. പക്ഷേ ഉണ്ണിക്കൃഷ്ണന്റെ അവസ്ഥ അതായിരുന്നില്ല. ജോർജ്ജ്‌കുട്ടിയുടെ കൂടെ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു കൊണ്ട് പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി പോകുന്ന വിശ്വനാഥനെ അയാൾ നിർനിമേഷനായി നോക്കി നിന്നു. താൻ പറയുന്ന സത്യം വിശ്വസിക്കാനോ, തന്നെ സഹായിക്കാനോ ഇനിയൊരാൾ വരില്ലെന്ന് മനസ്സിലാക്കിയ ഉണ്ണിക്കൃഷ്ണൻ പിന്നീട് പോലീസുകാരോട് ഏറ്റുമുട്ടുകയും ഓടി രക്ഷപ്പെടാനും ശ്രമിക്കുകയാണ്. അബദ്ധവശാൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ചെയ്യുന്നു. ഉണ്ണികൃഷ്ണന്റെ തുടർന്നുള്ള ജീവിതം ഒരു ജീവപര്യന്തം ശിക്ഷയുടെ രൂപത്തിൽ ജയിലിൽ തുടങ്ങുകയാണ്. 

അരവിന്ദാക്ഷൻ എന്ന തന്റെ അപരൻ ചെയ്ത കുറ്റങ്ങളുടെയല്ല മറിച്ച് താൻ തന്നെ ചെയ്ത കൊലപതാകത്തിന്റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത് എന്ന നിലയിലേക്ക് പൊരുത്തപ്പെട്ടു കൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്റെ ജയിലിനകത്തെ ജീവിതം. തുളസിയെ കുറിച്ചുള്ള ഓർമ്മകളിൽ ഒരേ സമയം അയാൾ ആശ്വസിക്കുകയും വേദനിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇതിനിടയിലൊരിക്കലും തന്റെ അപരനാര് എന്ന ചിന്ത അയാളെ അലട്ടിയില്ല. ഇവിടെയാണ് വിശ്വനാഥൻ വ്യത്യസ്തനാകുന്നത്. തന്നെ പോലെ രൂപഭാവമുള്ള ഒരുത്തൻ ആ നഗരത്തിലുണ്ടെന്നും അയാൾ പോലീസിന്റെ നോട്ടപ്പുള്ളി ആണെന്നുമൊക്കെ വിശദമായി ജോർജ്ജ് കുട്ടിയിൽ നിന്ന് കേട്ടറിയുന്നത് മുതൽ വിശ്വനാഥന്റെയുള്ളിലേക്ക് അപരൻ ഒരു ഒഴിയാബാധ പോലെ കുടിയേറുകയാണ്. തൽക്കാലം ടൗണിൽ വച്ച് നടന്ന സംഭവങ്ങൾ വീട്ടിലറിയണ്ട എന്ന് അയാൾ തീരുമാനിച്ചുറപ്പിക്കുന്നുവെങ്കിലും പിന്നീടങ്ങോട്ട് അയാളുടെ മനസ്സിനെ സംഘർഷഭരിതമാക്കുന്നുണ്ട് അപരൻ. തന്റെ നിഴലിലും പ്രതിബിംബത്തിലുമൊക്കെ അപരനെ വെറുപ്പോടെ നോക്കുന്ന വിശ്വനാഥനെ കാണാം സിനിമയിൽ. പെങ്ങൾക്ക് വന്ന ഒരു കല്ല്യാണലോചന മുടങ്ങുന്നതും സ്വന്തം വീട്ടിൽ പോലും താൻ അവിശ്വസിക്കപ്പെടുന്നതുമൊക്കെ തന്റെ അപരൻ കാരണമാണല്ലോ എന്ന ചിന്ത അയാളെ  ക്ഷോഭിതനാക്കുന്നുണ്ടെങ്കിലും ആഗ്രഹിച്ച പോലൊരു ജോലി ഒത്തു വന്നപ്പോൾ അയാൾ എല്ലാം മറന്നു ജീവിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ യാദൃശ്ചികമെന്നോണം അയാൾക്ക് തന്റെ  അപരൻ വാഴുന്ന അതേ സിറ്റിയിലേക്ക് തന്നെ ജോലിക്ക് പോകേണ്ടി വരുന്നു. 

ഒന്നൊഴിഞ്ഞാൽ വീണ്ടും മറ്റൊന്ന് എന്ന തരത്തിൽ വിശ്വനാഥന്റെ സ്വകാര്യ ജീവിതത്തിൽ 'അപര'ന്റെ ശല്യങ്ങൾ തുടരുകയാണ്. ഓഫിസിലെ സഹപ്രവർത്തക അമ്പിളിക്ക് ഓട്ടോറിക്ഷയിൽ വച്ചുണ്ടായ അനുഭവം വച്ച് നോക്കുമ്പോൾ വിശ്വനാഥൻ എന്ന പേരിൽ തനിക്കൊരു അപരൻ ഉണ്ടെന്നു ഉത്തമനും കൂടി മനസ്സിലാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകുന്നു. ഉണ്ണിക്കൃഷ്ണൻ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിന് ബദലായി ജയിലിനു പുറത്തു വിശ്വനാഥൻ തന്റെ അപരനാൽ പല വിധത്തിലുള്ള ശിക്ഷകൾ അനുഭവിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം. വ്യക്തിജീവിതത്തിനു പുറമേ ഔദ്യോഗിക ജീവിതത്തിലേക്ക് കൂടി പ്രശ്നങ്ങൾ നീളാൻ തുടങ്ങുന്ന ഘട്ടത്തിലാണ് വിശ്വനാഥൻ തന്റെ  അപരനെ തേടി ഇറങ്ങുന്നത്. തന്റെ ജീവിതത്തിലേക്ക് അധിനിവേശം നടത്തിയ ഉത്തമനോടുള്ള പ്രതികാരമെന്നോണം തിരിച്ചും അതേ ശൈലിയിൽ തിരിച്ചടിക്കാൻ തീരുമാനിക്കുന്നു വിശ്വനാഥൻ. അതിനായി അപരന്റെ വിഹാര സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അയാൾ ഉത്തമനായി പരകായ പ്രവേശം നടത്തുകയും ലക്‌ഷ്യം കാണുകയും ചെയ്യുന്നു. ഉത്തമന് കിട്ടേണ്ട പണം കൈപ്പറ്റിയ വിശ്വനാഥൻ ആ പണം അത് വരേക്കും താൻ അനുഭവിച്ച പീഢനങ്ങൾക്കുള്ള പരിഹാര തുകയായി കരുതുന്നു. ആ പണവുമായി വിശ്വനാഥൻ വീട്ടിലേക്ക് തിരിക്കുന്ന ആ രാത്രിയിൽ ഉണ്ണിക്കൃഷ്ണൻ ഉറങ്ങാതിരുന്നു കൊണ്ട് തുളസിക്ക് കത്തെഴുതുകയായിരുന്നു. തന്നെ കൊല്ലങ്ങളോളം കാത്തിരുന്നു കൊണ്ട് തുളസിയുടെ യൗവ്വനം നശിപ്പിക്കരുതെന്ന് അയാൾ കത്തിൽ അപേക്ഷിച്ചു. ഉണ്ണിക്കൃഷ്ണൻറ്‍റെ കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും, മനസ്സ് വിങ്ങിപ്പൊട്ടിയെങ്കിലും തുളസിക്ക് മറ്റൊരു ജീവിതം കിട്ടണമേ എന്ന് മാത്രം അയാൾ ആഗ്രഹിച്ചു. ആ കത്തിനൊരു മറുപടി വന്നെങ്കിലും അവളുടെ തീരുമാനം എന്താണെന്ന് വായിക്കാനുള്ള ധൈര്യം അയാൾ കാണിച്ചില്ല. ആ കത്ത് കീറികളഞ്ഞു കൊണ്ട് അയാൾ സ്വയം തന്റെ വിധിയെ പുൽകി കരഞ്ഞു. 

വിശ്വനാഥനെ പിന്തുടർന്ന് വന്ന ഉത്തമനും കൂട്ടരും പണം സൂക്ഷിച്ച ബാഗിനായി അയാളുമായി മൽപ്പിടിക്കുന്നത് അതേ രാത്രിയിലാണ്. സംഘട്ടനത്തിനിടയിൽ ആളുമാറി ഉത്തമൻ കൊല്ലപ്പെടുമ്പോഴും വിശ്വനാഥൻ ആ പണം കൈവിട്ടു പോകാതെ സൂക്ഷിച്ചു. അയാൾ അതുമായി ഇരുളിലേക്ക് ഓടി മറഞ്ഞു. പിറ്റേന്ന് രാത്രി വരെ അയാൾ അതേ ഇരുട്ടിലെവിടെയോ ഒളിച്ചിരുന്നു. എല്ലാം ശാന്തമെന്നു തോന്നിയപ്പോൾ അയാൾ വീട്ടിലേക്ക് ഓടിയെത്തി. അവിടെ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. അയാൾ ഇരുട്ടിൽ തന്നെ പതുങ്ങിയിരുന്നു കൊണ്ട് സ്വന്തം ശരീരത്തിന്റെ ശവസംസ്ക്കാര ചടങ്ങുകൾക്ക് സാക്ഷിയായി. മരിച്ചത് താനല്ല എന്ന് സ്വയം ബോധിപ്പിക്കാൻ പോലുമാകാത്ത അവസ്ഥയിൽ അയാൾ വെന്തുരുകുകയായിരുന്നു. അന്ത്യകർമ്മങ്ങൾ നിർവഹിച്ച ശേഷം ഒറ്റക്ക് നടന്നു വരുന്ന അച്ഛന് മുന്നിൽ വിശ്വനാഥൻ അവസാനമായി ഒരിക്കൽ കൂടി  അവതരിക്കുകയാണ്. നടന്ന സംഭവങ്ങളെല്ലാം  അച്ഛനെ പറഞ്ഞു  ധരിപ്പിച്ച ശേഷം അയാൾ വീണ്ടും ഇരുളിലേക്ക് നടന്നകന്നു. വിശ്വനാഥനായി ഇനി തനിക്ക് ജീവിക്കാൻ സാധിക്കില്ലെന്നും ഉത്തമനായുള്ള ഒരു ജീവിതമാണ് ഇനി തന്നെ കാത്തിരിക്കുന്നതെന്നും ബോധ്യപ്പെടുത്തി കൊണ്ടാണ് അയാൾ പോകുന്നതെങ്കിലും അവസാനമായി തന്റെ വ്യക്തിത്വവും ജീവിതവുമൊക്കെ എരിഞ്ഞടങ്ങുന്ന ആ  ചിതയിലേക്ക് നോക്കി അയാൾ വല്ലാത്തൊരു ചിരി ചിരിക്കുന്നുണ്ട്. മരിച്ചത് ഉത്തമനോ അതോ വിശ്വനാഥനോ എന്ന ചോദ്യത്തെ പ്രേക്ഷകന്റെ മനസ്സിലേക്ക് എറിഞ്ഞു കൊണ്ടുള്ള ആ ചിരിയുമായാണ് അയാൾ ഇരുളിലേക്ക് മാഞ്ഞു  പോകുന്നത്.

വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. ഉണ്ണിക്കൃഷ്ണൻ ജയിൽ മോചിതനായി പുറത്തു വരാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അയാളുടെ മനസ്സിൽ വീണ്ടും എവിടെയോ ഒരു പ്രതീക്ഷയുടെ തീ നാളം കത്താൻ തുടങ്ങുകയാണ്. ഒരിക്കൽ കൂടെ അയാൾ തുളസിക്ക് ഒരു കത്തെഴുതി. സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ തുളസിക്ക് അനുവാദം നൽകിയ ആ പഴയ ഉണ്ണിക്കൃഷ്ണന്റെ മാനസികാവസ്ഥയിലല്ല അയാളിപ്പോൾ എഴുതുന്നത്. മൂന്നു ദിവസം കഴിഞ്ഞാൽ താൻ ജയിൽ മോചിതനാകും. ആ ദിവസം തുളസിയുടെ ഗ്രാമത്തിലൂടെ കടന്നു പോകുന്ന ഏതെങ്കിലും വണ്ടിയിൽ താനുണ്ടായിരിക്കും. എന്നും തമ്മിൽ കണ്ടു മുട്ടാറുണ്ടായിരുന്ന ആ തണൽ മരത്തിനു മുന്നിലൂടെ വണ്ടി കടന്നു പോകുമ്പോൾ ആ കൃഷ്ണശിലയിലേക്ക് താൻ നോക്കും. തുളസി ഇന്നും സ്വതന്ത്രയായാണ് ജീവിക്കുന്നതെങ്കിൽ, ഇന്നും തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കിൽ ആ കൃഷ്ണ ശിലയുടെ മുന്നിൽ ഒരു വിളക്ക് കൊളുത്തി വെക്കണം. പ്രതീക്ഷയോടെ തന്നെയാണ് കത്തെഴുതി അവസാനിപ്പിക്കുന്നതെങ്കിലും യാഥാർഥ്യം മറ്റൊന്നെങ്കിൽ അതിനെ അംഗീകരിക്കാനും അയാൾ മനസ്സിനെ സജ്ജമാക്കി. 

തുളസിയുടെ ഗ്രാമത്തിലൂടെ പോകുന്ന ബസിനായി അയാൾ ആ ദിവസം രാവിലെ മുതൽ കുറെയധികം സമയം കാത്തു നിന്നു. ഒടുക്കം അയാളോട് കരുണ കാട്ടിയത് 'തന്നന്നം താനന്നം താളത്തിലാടി' വരുന്ന ഒരു ബസായിരുന്നു. അയാളുടെ ജീവിത കഥ ചർച്ച ചെയ്തു കൊണ്ട് നീങ്ങിത്തുടങ്ങിയ ആ ബസിൽ പ്രതീക്ഷയും പ്രാർത്ഥനകളും ആകാംക്ഷയും നിറഞ്ഞു. തുളസിയുടെ ഗ്രാമത്തിലേക്ക് എത്തിയത് മുതൽ ബസിന്റെ വലതു ഭാഗത്തേക്ക് എല്ലാവരും ചേർന്ന് കൂടി. തണൽ മരത്തിനു താഴെയുള്ള കൃഷ്ണശിലക്ക് മുന്നിൽ ഉണ്ണികൃഷ്ണന് വേണ്ടി തുളസി വിളക്ക് കത്തിച്ചു കാത്തിരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി അവരുടെയെല്ലാം കണ്ണുകൾ ദൂരെയുള്ള വിളക്കിന്റെ വെളിച്ചം പരതുമ്പോൾ ഉണ്ണിക്കൃഷ്ണൻ കണ്ണടച്ചിരിക്കുകയായിരുന്നു. ബസ് നിൽക്കുന്ന സമയത്ത് അയാൾ കാണുന്നത് ഒന്നിന് പകരം ഒരായിരം വിളക്കുകൾ കത്തിച്ചു കൊണ്ട് തണൽ മരത്തിനു താഴെ കാത്തു നിൽക്കുന്ന തുളസിയെയാണ്. ജീവിതത്തോടുള്ള പ്രതീക്ഷകൾ കൈ വിട്ടു കൊണ്ട് ഒരു പിടി ചോദ്യങ്ങളുമായി ഇരുളിലേക്ക് മറഞ്ഞ വിശ്വനാഥന് വിപരീതമെന്നോണം പുതിയ പ്രതീക്ഷകളും ഉത്തരങ്ങളുമായി ഇരുളിൽ തെളിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തിലൂടെ അയാൾ തുളസിയിലേക്ക് നടന്നടുക്കുകയാണ്. ആ നയനാന്ദകരമായ ഒത്തൊരുമിക്കൽ കാഴ്ചക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് 'തന്നന്നം താനന്നം താളത്തിലാടി' ചുരമിറങ്ങി പോകുന്ന ആ   ബസിനെ കാത്തു കൊണ്ട് വഴിയിലെവിടെയെങ്കിലും വിശ്വനാഥനും നിൽപ്പുണ്ടാകുമോ ? അപരൻ കാരണം ജീവിതം കൈ വിട്ടു പോയവരുടെ മുന്നിലേക്ക് ഒരു നിയോഗം പോലെ കടന്നു ചെല്ലാൻ ആ ബസിനു സാധിച്ചിരുന്നെങ്കിൽ അത് വഴി അവർക്ക് നഷ്ടപ്പെട്ട പഴയ ജീവിതം പുതുക്കി നൽകാൻ കാലത്തിനു സാധിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് ചിന്തിച്ചു പോകുന്നു. 

-pravin-
ഏപ്രിൽ ലക്കം ഇ മഷിയിൽ പ്രസിദ്ധീകരിച്ചത് . 

Wednesday, July 19, 2017

ചിരിയുടെയും കൂട്ടുകെട്ടിന്റെയും ശരാശരി 'റോൾ മോഡൽസ്'

ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങളെയൊക്കെ കണ്ടില്ലെന്നു നടിച്ചും ഒന്നിനോടും പ്രതികരിക്കാതെയും ഇടപെടാതെയും അവനവന്റെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവനെ സമൂഹം മിടുക്കൻ എന്ന് വിളിക്കുന്നു. പ്രശ്നങ്ങളിൽ ഇടപെടുകയും പ്രതികരിക്കുന്നതിന്റെ ഭാഗമായി പലരോടും കലഹിക്കേണ്ടിയും തല്ലുണ്ടാക്കേണ്ടിയും വരുന്നവരൊക്കെ തെമ്മാടികളായും മുദ്ര കുത്തപ്പെടുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ഈ ഒരു ട്രെൻഡ് വളരെ ഗൗരവത്തോടെ ചർച്ച ചെയ്യാൻ പാകപ്പെട്ട ഒരു വിഷയമാണെങ്കിലും അതിനെ കോമഡി പരിവേഷത്തോടെ അവതരിപ്പിക്കുകയാണ് റാഫി. ഫഹദ്, വിനായകൻ, ഷറഫുദ്ധീൻ, വിനയ് ഫോർട്ട് തുടങ്ങിയവരെ അതിനു വേണ്ടി എങ്ങിനെ ഉപയോഗിക്കണം എന്ന വ്യക്തമായ ധാരണയും പുള്ളിക്കുണ്ടായിരുന്നു. സിനിമയുടെ കഥയോ തിരക്കഥയോ അല്ല ഇപ്പറഞ്ഞ നടന്മാരുടെ ഹാസ്യ ഭാവങ്ങളും സംഭാഷണങ്ങളും മതി തന്റെ സിനിമക്ക് എന്ന നിർബന്ധ ബുദ്ധി സിനിമയിലുടനീളം കാണാം . അത് കൊണ്ട് തന്നെ ഈ സിനിമയിലെ കഥയെന്ത് എന്ന ചോദ്യത്തിന് യാതൊരു വിധ പ്രസക്തിയുമില്ല. സൗഹൃദങ്ങളുടെ കഥ പറഞ്ഞ മുൻകാല മലയാള സിനിമകളെ ആഖ്യാനത്തിലും അവതരണത്തിലുമൊക്കെ പിൻ പറ്റുന്നുണ്ട് റോൾ മോഡൽസ്. ഒരിക്കൽ കൂട്ടുകാരായി ജീവിച്ചവർ ഒരു പ്രത്യേക സാഹചര്യത്തിൽ പിരിയുകയും പിന്നീട് കാലങ്ങൾക്ക് ശേഷം മറ്റൊരു ലക്ഷ്യത്തിനായി ഒരുമിക്കുകയും ചെയ്യുന്ന സിദ്ധീഖിന്റെ 'ഫ്രണ്ട്സ്', വൈശാഖന്റെ 'സീനിയേഴ്സ്' തുടങ്ങിയ സിനിമകളുടെ കഥാ വഴിയാണ് റാഫി പ്രധാനമായും തന്റെ സിനിമക്ക് വേണ്ടി കടമെടുത്തിരിക്കുന്നത്. 

ഈ ലോകത്തിലെ ഏറ്റവും വലിയ മിസ്റ്ററി എന്താണെന്നറിയാമോ...അത് നമ്മുടെയൊക്കെജീവിതമാണ്..തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ ഓരോ പകലും രാത്രിയും നമ്മൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു എന്നൊക്കെ നായകനെ കൊണ്ട് പറയിപ്പിച്ചു കൊണ്ടുള്ള വളരെ സീരിയസായ ഒരു തുടക്കവും ഇന്നത്തെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തിന്റെ കഥാ പിന്തുണയും സിനിമക്കുണ്ടായിരുന്നു. അവനവനിലേക്ക് ഒതുങ്ങി ജീവിക്കാനും ഏറ്റവും നല്ല പ്രൊഫഷണൽ ആകാനും മക്കളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ സംസ്ക്കാരത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട് റോൾ മോഡൽസ്. കൂട്ട് കെട്ടുകൾ ആണ് ഒരാളെ നല്ലവനും ചീത്തവനും ആക്കുന്നത് എന്ന ഉപദേശക വാചകത്തെക്കാൾ കൂട്ട് കെട്ട് ഉണ്ടായാലേ വ്യക്തിത്വം സൃഷ്ടിക്കപ്പെടുകയുള്ളൂ എന്ന ആശയത്തോടാണ് സിനിമ സമരസപ്പെടുന്നത്. അത് കൊണ്ട് തന്നെ കൂട്ടുകെട്ടിലെ ശരി തെറ്റുകളെ കുറിച്ചുള്ള സമൂഹത്തിന്റെ പൊതുബോധത്തെ ഗൗനിക്കേണ്ട ബാധ്യതയും സിനിമക്കില്ല. അപ്രകാരം ഗൗരവമുള്ള ഒരു വിഷയത്തെ ചൂണ്ടി കാണിക്കുന്ന ഒരു കഥാപാത്ര പശ്ചാത്തലം നായകന് ഉണ്ടാക്കി കാണിക്കുമ്പോഴും കാമ്പുള്ള കഥയിലേക്കോ അവതരണത്തിലേക്കോ സിനിമ പോകുന്നില്ല. പകരം മെക്കാർട്ടിനുമൊത്ത് സഹകരിച്ചിരുന്ന കാലത്ത് പല തവണ വിജയിച്ചു പരിചയമുള്ള ട്രീറ്റ്മെന്റിലൂടെ സിനിമയെ കോമഡി എന്റെർറ്റൈനെർ എന്ന സേഫ് സോണിൽ ഒതുക്കുകയാണ് റാഫി. തിരക്കഥയിലെ ഒന്നുമില്ലായ്മകൾക്കിടയിലും ഫഹദിനെയും വിനായകനെയും പോലുള്ള നടന്മാരെ മുൻ നിർത്തി കൊണ്ടുള്ള ഹാസ്യാവതരണ സാധ്യതകളെ ഉപയോഗപ്പെടുത്താൻ റാഫിക്ക് സാധിച്ചു എന്നുള്ളിടത്താണ് റോൾ മോഡൽസ് തരക്കേടില്ലാത്ത ഒരു എന്റർടൈനർ മൂവി പോലും ആകുന്നത്.

ഫഹദിനെ പോലുള്ള ഒരു നടന് ഈ സിനിമ തെരഞ്ഞെടുക്കേണ്ട കാര്യമുണ്ടോ എന്ന് വേണമെങ്കിൽ ചുമ്മാ ചോദിക്കാം. പക്ഷേ സിനിമ എങ്ങിനോ എന്തോ ആയിക്കോട്ടെ താൻ തിരഞ്ഞെടുത്ത കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുക എന്നതിനപ്പുറത്തേക്ക് ആ നടൻ മറ്റൊന്നും ഗൗനിക്കുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സിനിമയിലെ ചില സീനുകൾ. അതിന് ഒരുപാട് ദൈർഘ്യമുള്ള സീനോ ഡയലോഗോ ഒന്നും വേണ്ടി വരുന്നില്ല പുള്ളിക്ക്. ഒരൊറ്റ നോട്ടം കൊണ്ടോ ഒരു മൂളൽ കൊണ്ടോ പോലും കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാനുള്ള ഫഹദിന്റെ കഴിവ് ഈ സിനിമയിലും മറച്ചു വക്കപ്പെടുന്നില്ല എന്ന് സാരം. അനിൽ രാധാകൃഷ്ണന്റെ '24 നോർത്ത് കാതത്തി'ൽ ഫഹദിന്റെ തന്നെ ഹരികൃഷ്ണൻ എന്ന കഥാപാത്രത്തെ ഓർത്തു പോകും വിധമാണ് ഗൗതം എന്ന ഫഹദ് കഥാപാത്രത്തെ സിനിമ പരിചയപ്പെടുത്തുന്നത്. ഹരികൃഷ്ണൻ സ്വഭാവപരമായി പണ്ടേക്ക് പണ്ടേ ഒരു ടൈം ടേബിൾ ജീവി ആയിരുന്നുവെങ്കിൽ ഇവിടെ ഗൗതമിന്റെ കാര്യത്തിൽ അങ്ങിനല്ല കാര്യം. അയാൾക്ക് നിലവിലെ ടൈം ടേബിൾ ജീവിതത്തിനു തീർത്തും വിപരീതമായ ഒരു ജീവിത കാലം ഒരിക്കൽ ഉണ്ടായിരുന്നു. നിലവിലെ സ്ഥിതിയിൽ ഗൗതം എത്താനുള്ള കാരണം എന്താണെന്ന് വിശദീകരിക്കുകയും  അയാളെ തങ്ങളുടെ പഴയ ഗൗതമായി തിരിച്ചു കൊണ്ട് വരാൻ  കൂട്ടുകാർ നടത്തുന്ന  ശ്രമങ്ങളുമൊക്കെയാണ് സിനിമയുടെ പ്രധാന ഭാഗം. കമ്മട്ടിപ്പാടത്തിലെ ഗംഗയുടെ യാതൊരു ബാധ്യതയുമില്ലാതെ അഭിനയിക്കുന്ന വിനായകൻ ഈ സിനിമയിലെ മറ്റൊരു ആശ്വാസമാണ്. അങ്ങിനെ പറഞ്ഞു വരുമ്പോൾ ഒരു ദുരന്തമാകേണ്ടിയിരുന്ന സിനിമയെ ഫഹദും വിനായകനുമൊക്കെ കൂടെയാണ് ഒരു തരത്തിൽ രക്ഷിച്ചെടുത്തത് എന്ന് തന്നെ പറയേണ്ടി വരുന്നു.അതിനപ്പുറം കാര്യമായൊന്നും പറയാനോ പങ്കു വെക്കാനോ ഇല്ല റോൾ മോഡൽസിന്‌ . 

ആകെ മൊത്തം ടോട്ടൽ = മെക്കാർട്ടിനൊപ്പമുണ്ടായിരുന്ന റാഫിയുടെ  പ്രതാപ കാലത്തെ കോമഡി എന്റർറ്റൈനെർ സിനിമകളുമായി തട്ടിച്ചു നോക്കാൻ പോലും പറ്റുന്ന സിനിമയല്ല റോൾ മോഡൽസ്. സംസ്ഥാന അവാർഡ് ജേതാക്കളായ ഫഹദും വിനായകനുമൊക്കെ ഒരു എന്റർടൈനർ സിനിമയുടെ ഭാഗമായി കാണുമ്പോൾ കിട്ടുന്ന ഒരു പ്രസരിപ്പ് മാത്രമാണ് ഏക ആശ്വാസം. ഒരു കാലത്തെ ലാലു അലക്സിന്റെ കുത്തകയായിരുന്ന അച്ഛൻ വേഷങ്ങളെയൊക്കെ ഈ കുറഞ്ഞ കാലം കൊണ്ട് ഓടി നടന്നു അവതരിപ്പിക്കുന്നതിൽ രഞ്ജി പണിക്കരും ലുക്ക് കൊണ്ട് മാത്രം നായികാ സ്ഥാനത്ത് കൊണ്ടിരുത്താൻ പറ്റിയ ഒരു നടി എന്ന നിലക്ക് നമിതയും ശോഭിച്ചിട്ടുണ്ട് സിനിമയിൽ. ഏറ്റവും അസഹനീയമായ ഒന്നായിരുന്നു സിനിമയിലെ തേപ്പ് പെട്ടി പാട്ടും അതിന്റെ വരികളും. കോമഡിയുടെ പുത്തൻ അവതരണ സാധ്യതകളൊന്നും തേടാതെ ഒരു എന്റർടൈനർ എന്ന നിലക്ക് റോൾ മോഡൽസിനെ തന്നാൽ കഴിയും വിധം സേഫാക്കാൻ ശ്രമിക്കുമ്പോഴും അതിനൊത്ത ഒരു ക്ലൈമാക്സ് തുന്നിക്കൂട്ടുന്നതിൽ റാഫി പരാജയപ്പെടുന്നുണ്ട്. പഞ്ചാബി ഹൌസിലെ രമണന് ഒരു റീ എൻട്രി ഒരുക്കി കൊടുക്കാൻ ശ്രമിച്ചു എന്നതിനപ്പുറം ആ കഥാപാത്രത്തിന്റെ പുനരവതരണത്തിലും ഒരു മികവ് എടുത്തു പറയാനില്ല. പിന്നെ ഫഹദിനും വിനായകനും വേണ്ടി ഒന്ന് കണ്ടു നോക്കാം. അത്ര മാത്രം. 

*വിധി മാർക്ക് = 5/10 

-pravin-

Wednesday, July 5, 2017

പേരിലൊതുങ്ങിയ 'ലക്ഷ്യം'

പീരുമേടിൽ നിന്ന് എറണാംകുളത്തേക്ക് രണ്ടു പ്രതികളുമായി പോയ്‌ക്കൊണ്ടിരുന്ന പോലീസ് ജീപ്പ് പൊടുന്നനെ ആക്സിഡന്റ് ആകുകയും റോഡിൽ നിന്ന് തെറിച്ച് സാമാന്യം ആഴമുള്ള കാട്ടിലേക്ക് മറഞ്ഞു വീഴുകയും ചെയ്യുന്നിടത്താണ് സിനിമയുടെ ടൈറ്റിലുകൾ തെളിയുന്നത്. ഒരേ സമയം ദുരൂഹതയും ആകാംക്ഷയും അനുഭവപ്പെടുത്തി കൊണ്ടുള്ള ഒരു തുടക്കം എന്ന് തന്നെ പറയാം. അപകടത്തിൽ പെട്ട പ്രതികൾക്ക് ബോധം വരുകയും പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് സിനിമ അതിന്റെ ജെനർ വ്യക്തമാക്കുന്നത്. തീർത്തും അപരിചിതരായ രണ്ടു വ്യക്തികൾ. രണ്ടു പേരും രണ്ടു കുറ്റങ്ങളുടെ പേരിൽ ഒരേ വിലങ്ങിൽ പരസ്പ്പരം ബന്ധിക്കപ്പെട്ടവർ. പക്ഷെ കൂട്ടത്തിൽ പോലീസിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നതാകട്ടെ ഒരേ ഒരാളും. എന്നാൽ ഒരാളെ ഒഴിവാക്കി കൊണ്ട് മറ്റൊരാൾക്ക് സ്വന്തം തീരുമാനം നടപ്പിലാക്കാനും പറ്റാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് തന്നെ സഹായിച്ചാൽ അതിനു പ്രതിഫലമായി ഒരു തുക തരാമെന്ന് വിമൽ (ഇന്ദ്രജിത്ത്) മുസ്തഫയോട് (ബിജു മേനോൻ) പറയുന്നത്. മുസ്തഫ വിമലിനെ സഹായിക്കാൻ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ദിക്കറിയാത്ത കാട്ടിൽ തങ്ങളെ പിന്തുടർന്ന് വരുന്ന പോലീസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് സിനിമ ത്രില്ലിംഗ് ട്രാക്കിലേക്ക് കയറുന്നത്. 

നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന സിനിമ എന്നതിനേക്കാൾ ജിത്തു ജോസഫിന്റെ സ്ക്രിപ്റ്റിൽ വരുന്ന സിനിമ എന്ന നിലക്കായിരുന്നു 'ലക്ഷ്യം' പ്രതീക്ഷയുണർത്തിയത്. ആ പ്രതീക്ഷക്ക് നല്ല പിന്തുണ നൽകുന്നതായിരുന്നു സിനിമയുടെ ട്രെയ്‌ലറും. രണ്ടു കഥാപാത്രങ്ങളും കാടും നിറഞ്ഞു നിൽക്കുന്ന ഒരു തിരക്കഥയിൽ മുഴുനീള ത്രില്ലർ സിനിമക്കുള്ള എലമെൻറ്സ് കുറവാണ് എന്ന ബോധ്യം കൊണ്ട് തന്നെയായിരിക്കാം മുസ്തഫ-വിമൽ കഥാപാത്ര സംഭാഷണങ്ങളിൽ കോമഡിക്കുള്ള സ്‌പേസ് കൂടി ഉണ്ടാക്കി കൊടുത്തു കൊണ്ടുള്ള ഒരു കഥാവതരണമാണ് ആദ്യ പകുതിയിൽ. നായകൻറെ കഥാപശ്ചാത്തലവും ലക്ഷ്യവും വിവരിച്ചവസാനിപ്പിച്ച ശേഷം സിനിമ മുസ്തഫയിലേക്ക് തിരിയുന്നുണ്ടെങ്കിലും മുസ്തഫയുടെ കഥക്ക് കാര്യ കാരണങ്ങളോ വിശദീകരണങ്ങളോ ഒന്നും പറയാനില്ലാതെ വിധിയെ പഴിച്ചു കൊണ്ട് അവസാനിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. ഒരുപാട് ട്വിസ്റ്റുകൾക്ക് സാധ്യതയുണ്ടായിട്ടും അതൊന്നും പ്രയോഗിക്കാതെ അത് വരെ നിലനിർത്തിയ സസ്പെന്സിനെയും ത്രില്ലിനെയുമൊക്കെ തണുപ്പിക്കുന്ന അവതരണമാണ് രണ്ടാം പകുതിയിൽ. അത് കൊണ്ട് തന്നെ പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാത്ത ഒരു സിനിമയായി ഒതുങ്ങി പോകുന്നു പിന്നീടങ്ങോട്ടുള്ള സിനിമ. 

സാഹചര്യ തെളിവുകൾ കൊണ്ട് കൊലപാതകിയായി മുദ്ര കുത്തപ്പെട്ട നിരപരാധിയാണ് വിമലെങ്കിൽ ഇന്നേ വരെ ചെയ്ത മോഷണങ്ങൾക്കൊന്നും പിടിക്കപ്പെടാതിരിക്കുകയും പകരം താൻ ചെയ്യാത്ത ഏതോ ഒരു മോഷണക്കേസിൽ കുറ്റക്കാരനാകേണ്ടിയും വന്നവനാണ് മുസ്തഫ. എന്നിരുന്നാലും പോലീസിന്റെ മുന്നിൽ അവർ മോഷ്ടാവും കൊലയാളിയുമാണ്. ഇങ്ങിനെയുള്ള രണ്ടു പേർ പോലീസിൽ നിന്ന് രക്ഷപ്പെടുകയും ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി സഹയാത്രികരാകുകയും ചെയ്‌താൽ എന്ത് സംഭവിക്കും എന്ന ചിന്തയിൽ നിന്നു തന്നെയായിരിക്കാം സിനിമയുടെ കഥ ജനിച്ചിട്ടുണ്ടാകുക. Together to survive എന്നായിരുന്നു സിനിമയുടെ ടാഗ് ലൈൻ. അങ്ങിനെ ചേർത്ത് വച്ച് നോക്കുമ്പോൾ ഒരു നല്ല ത്രില്ലർ സിനിമക്ക് വേണ്ട പല ഘടകങ്ങളും അങ്ങിങ്ങായി ചിതറി കിടക്കുന്ന സാമാന്യം ഭേദപ്പെട്ട ഒരു സ്ക്രിപ്റ്റ് ഉണ്ട് സിനിമക്ക്. പക്ഷേ അതിന്റെ ദൃശ്യവത്ക്കരണത്തിൽ കൂട്ടി ചേർക്കേണ്ടതായ പലതും മിസ്സിംഗ് ആയിപ്പോയെന്നു മാത്രം. ഉദാഹരണത്തിന് കൊലയാളി ആര് എന്ന ചോദ്യവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന സിനിമയിൽ ഒന്നുകിൽ ശക്തനായ ഒരു വില്ലനെ അവതരിപ്പിക്കണം, അല്ലെങ്കിൽ കൊലയാളി ആരെന്നുള്ള സസ്പെൻസിന് പ്രാധാന്യം കൊടുക്കണം, അതുമല്ലെങ്കിൽ കൊലയാളി ആരെന്നു കാണികൾക്ക് മാത്രം ബോധ്യപ്പെടുത്തി കൊടുക്കുകയും അതോടൊപ്പം നായക കഥാപാത്രത്തിന്റെ അന്വേഷണാത്മകത പ്രേക്ഷകന് അതേ പടി അനുഭവപ്പെടുത്തണം. ഇവിടെ ഇപ്പറഞ്ഞതൊന്നും സംഭവിക്കുന്നില്ല എന്ന് മാത്രമല്ല ഒരു സാധാരണ പ്രേക്ഷകൻ പ്രതീക്ഷിച്ചു പോകുന്ന മിനിമം ട്വിസ്റ്റുകൾക്ക് പോലും സാധ്യത കൊടുക്കാതെ കൊലയാളിയെയും കൊലപാതക കാരണത്തെയും വിധിയുടെ വികൃതികളെന്ന മട്ടിൽ പറഞ്ഞവസാനിപ്പിക്കുകയാണ് സിനിമ. ലക്ഷ്യം എന്ന സിനിമയുടെ പേര് പോലും അപ്രസക്തമാകുന്ന ക്ലൈമാക്സ് കൂടിയാകുമ്പോൾ സിനിമ നിരാശയാകുന്നു. 

ആകെ മൊത്തം ടോട്ടൽ = ഒരു ത്രില്ലർ സിനിമയുടെ ചുറ്റുവട്ടം ഉണ്ടാക്കിയെടുക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ടെങ്കിലും ത്രില്ലിംഗ് ആയ ഒരു സിനിമാനുഭവം തരുന്നതിൽ സിനിമ പരാജയപ്പെടുന്നു. പ്രത്യേകിച്ച് രണ്ടാം പകുതി തൊട്ടുള്ള കഥാഗതിയും ക്ലൈമാക്‌സും. ബിജുമേനോൻ - ഇന്ദ്രജിത് ടീമിന്റെ ആദ്യ പകുതിയിലെ കോമഡി സീനുകൾ മാത്രമാണ് ഒരാശ്വാസമായി ഓർക്കാനുള്ളത്. കാടിന്റെ മനോഹാരിത ഏറെക്കുറെ നന്നായി പകർത്താൻ സിനു സിദ്ധാർത്ഥിന്റെ ഛായാഗ്രഹണത്തിനു സാധിച്ചിട്ടുണ്ട്. വിജയ് യേശുദാസ് പാടിയ 'കാറ്റ് വന്നുവോ .." എന്ന് തുടങ്ങുന്ന പാട്ടും മനോഹരമായിരുന്നു. 

*വിധി മാർക്ക് = 5.5 /10 

-pravin- 

Tuesday, June 20, 2017

രക്ഷാധികാരി ബൈജു ഒപ്പ് - മനം കവരുന്ന കുമ്പളം ബ്രദേഴ്സ്

അനുദിനം നഗരവത്ക്കരണം നടന്നു കൊണ്ടിരിക്കുന്ന ഒരു കാലത്ത് ജീവിക്കുന്നത് കൊണ്ടാകാം പോയ കാലത്തെ കുറിച്ച് ഓർക്കാനും ആ കാലത്തെ ചുറ്റുപാടുകൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാനുമൊക്കെ മലയാളിക്ക് വളരെ ഇഷ്ടമാണ്. അത്തരത്തിൽ ഗൃഹാതുരതയുണർത്തുന്ന കാലഘട്ടങ്ങളുടെയും ചുറ്റുപാടുകളുടെയും സിനിമാ കാഴ്ചകൾക്ക് എന്നും പ്രേക്ഷകരുണ്ടായിട്ടുണ്ട്. കലാലയ ജീവിതവും ഗ്രാമീണ ജീവിതവുമൊക്കെ പ്രമേയമായി വരുന്ന സിനിമകളിലൂടെയായിരുന്നു ഗൃഹാതുരത്വം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞിരുന്നത്. ലാൽ ജോസിന്റെ 'ക്ലാസ്സ്‌മേറ്റ്സ്', എബ്രിഡ് ഷൈനിന്റെ '1983', അൽഫോൺസ് പുത്രന്റെ 'പ്രേമം' തുടങ്ങിയ സിനിമകളൊക്കെ ഗൃഹാതുരതയുടെ പുതുമയുണർത്തുന്ന അവതരണ രീതികൾ കൊണ്ട് ശ്രദ്ധേയമായപ്പോൾ പിന്നീട് വന്ന പല സിനിമകളും ആവർത്തന വിരസമായ അവതരണ ശൈലി കൊണ്ട് ഗൃഹാതുരതയുടെ ആസ്വാദനത്തിൽ മുഷിവ് സമ്മാനിക്കുകയുണ്ടായി. എന്നാൽ രഞ്ജൻ പ്രമോദിന്റെ 'രക്ഷാധികാരി ബൈജു ഒപ്പ്' ഗൃഹാതുരത്വത്തെ ആഘോഷിക്കുമ്പോഴും ക്ളീഷേ അവതരണ ശൈലി കടം കൊള്ളാതെ പറയാനുള്ള വിഷയത്തെ ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. 

'1983' ലെ നാട്ടിൻപുറത്തെ ക്രിക്കറ്റ് കളിയും രമേശന്റെയും സുഹൃത്തുക്കളുടയും സൗഹൃദവുമൊക്കെ പുനരവതരിപ്പിക്കപ്പെടുന്ന സിനിമയാണോ രക്ഷാധികാരി ബൈജു എന്ന് ഒറ്റനോട്ടത്തിൽ സംശയിക്കാമെങ്കിലും രണ്ടും രണ്ടാണ് എന്ന് ബോധ്യപ്പെടാൻ അധിക സമയം വേണ്ടി വരുന്നില്ല. രമേശനും കൂട്ടുകാരും ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നുവെങ്കിലും ഒരു പ്രായത്തിനപ്പുറം അവർക്ക് ക്രിക്കറ്റ് കളിയും സൗഹൃദ സദസ്സുകളുമൊക്കെയായി സജീവമാകാൻ സാധിക്കുന്നില്ല. രമേശനാകട്ടെ മകനെ നല്ലൊരു ക്രിക്കറ്റ് കളിക്കാരനാക്കണം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഒരർത്ഥത്തിൽ രമേശനെയും കൂട്ടുകാരെയുമൊക്കെ ക്രിക്കറ്റ് കളിപ്പിച്ചത് അവരുടെ പ്രായമാണ് എന്ന് പറയാം. എന്നാൽ ബൈജുവിനെയും കൂട്ടുകാരെയും സംബന്ധിച്ച് അവരുടെ കൂട്ടായ്‍മകളിലും കളിയിടങ്ങളിലും പ്രായമോ പ്രാരാബ്ധമോ ഒന്നിനും ഒരു പരിധിയോ പ്രശ്നമോ ആയി വരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മുപ്പത്തിയാറ് വർഷങ്ങളായി കുമ്പളം എന്ന നാട്ടിൻപുറത്തിന്റെ ഹൃദയമെന്നോണം തുടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് കുമ്പളം ബ്രദേഴ്സ് ക്ളബ്. കുമ്പളം ബ്രദേഴ്സ് ക്ളബിന്റെ സ്ഥാപകരിൽ ഇന്ന് നാട്ടിലുള്ള ഒരേ ഒരാളെന്ന നിലക്ക് ക്ലബിന്റെ രക്ഷാധികാരി സ്ഥാനം ബൈജു സ്വയമേ ഏറ്റെടുത്തതാണെങ്കിലും പുള്ളിയുടെ ആ സ്ഥാനം ഏറ്റെടുപ്പിൽ എല്ലാവരും സംതൃപ്തരാണ്. കുട്ടികളുടെയും മുതിർന്നവരുടെയുമൊക്കെ കളിയിടം എന്നതിലുപരി ആർക്കും ഒത്തുകൂടാവുന്ന ആ നാടിന്റെ ഒരു പൊതു ഇടം എന്ന നിലക്കാണ് ആ ക്ലബും മര ച്ചുവടും ഗ്രൗണ്ടും പരിസരവുമൊക്കെ സിനിമയിൽ സംവിധായകൻ മനോഹരമായി വരച്ചിടുന്നത്. 

ഒരു നാടിന്റെയും അവിടത്തെ നാട്ടുകാരുടെയുമൊക്കെ കഥ പറഞ്ഞ മുൻകാല മലയാള സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്ന സിനിമ തന്നെയെങ്കിലും ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ മനോഹരമായി ഉള്ളടക്കം ചെയ്യുകയും ഒട്ടും സങ്കീർണ്ണമോ സംഘർഷഭരിതമോ അല്ലാത്ത വിധം സരസമായി അവതരിപ്പിക്കുകയും ചെയ്യുന്നിടത്ത് വേറിട്ട ഒരു സിനിമാവിഷ്ക്കാരമായി മാറുന്നുണ്ട് 'രക്ഷാധികാരി ബൈജു ഒപ്പ്'. ബൈജുവിനെ മുൻനിർത്തി കൊണ്ട് തുടങ്ങി അവസാനിക്കുന്ന സിനിമയിൽ കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം. കുമ്പളത്തുകാർക്ക് ബൈജുവാണ് രക്ഷാധികാരിയെങ്കിൽ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയുടെ രക്ഷാധികാരിത്വം ബിജു മേനോൻ എന്ന നടനാണ് സംവിധായകൻ കൊടുക്കുന്നത്. ഓർഡിനറി സിനിമയിലെ സുകു എന്ന കഥാപാത്രത്തിനു ശേഷം തന്റെ അഭിനയ ജീവിതത്തിൽ അവസരങ്ങളുടെ എണ്ണം കൂടിയെങ്കിലും ടൈപ്പ് കോമഡി വേഷങ്ങളിലേക്ക് ഒതുങ്ങി പോകേണ്ടി വന്നിട്ടുണ്ട് ബിജു മേനോന്. ഇവിടെ സിനിമയിൽ ബൈജു എന്ന കഥാപാത്രത്തിന് കോമഡിക്കുള്ള സ്‌പേസ് കൊടുക്കുമ്പോഴും ബിജുമേനോനെ സംബന്ധിച്ച് അതൊരു ടൈപ്പ് കഥാപാത്രമാകാത്ത വിധം അവതരിപ്പിക്കാനുള്ള അഭിനയ സാധ്യതകൾ കൂടി ഒരുക്കി കൊടുക്കാൻ രഞ്ജൻ പ്രമോദിനു സാധിച്ചു കാണാം. 

വിശാലമായ ഒരു കാൻവാസിൽ കഥ പറഞ്ഞാലേ അത് ആനയോളം പോന്ന ഒരു സിനിമയാകൂ എന്ന ധാരണ വച്ച് പുലർത്തുന്നവർക്ക് പഠിക്കാൻ ചിലതുണ്ട് ഈ സിനിമയിൽ നിന്ന്. ഒരു മൈതാനവും അതിന്റെയോരത്തെ മരവും അവിടെ നിത്യേന കളിക്കാൻ എത്തുന്ന ഒരു പറ്റം ആളുകളുമൊക്കെ അടങ്ങുന്ന ഒരു ചെറിയ ചുറ്റുവട്ടത്തെയാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. അവിടെ ഒത്തു കൂടുന്നവർക്കിടയിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളും ആ കൂട്ടം ചേരലുകളിലെ സ്വാഭാവിക സംഭാഷണങ്ങളും കൃത്രിമത്വമില്ലാതെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ മുന്നേറുന്നത്. ഒരർത്ഥത്തിൽ പ്രേക്ഷകരുടെ ചുറ്റിലുമാണ് കഥ നടക്കുന്നതെന്ന് അനുഭവപ്പെടുത്തുന്ന ലളിതമായ അവതരണ ശൈലി തന്നെയാണ് ഈ സിനിമയുടെ പ്രധാന ആസ്വാദനം. സ്ക്കൂൾ വിട്ട് വന്നാൽ ബാഗ് വലിച്ചെറിഞ്ഞു കൊണ്ട് ഗ്രൗണ്ടിലേക്ക് ഓടി പോയിരുന്ന ഒരു കാലത്തെ കുറിച്ച് നമ്മളിൽ പലരെയും ഓർമ്മപ്പെടുത്തുന്നതോടൊപ്പം ചുരുങ്ങിയ കാലങ്ങളിൽ നമുക്ക് നഷ്ടപ്പെട്ട പൊതു ഇടങ്ങളുടെ വില എത്ര വലുതായിരുന്നെന്നു ബോധ്യപ്പെടുത്തുകയും കൂടി ചെയ്യുന്നുണ്ട് സിനിമ. 

നാട്ടിലുള്ള പ്രോപ്പർട്ടിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ടു യു എസിൽ നിന്ന് വരുന്ന ജോർജ്ജ് അവിചാരിതമായി ബൈജുവിന്റെയും കൂട്ടരുടെയും കൂടെ കൂടി ഉള്ളറിഞ്ഞൊന്നു സന്തോഷിക്കുന്ന സമയത്ത് ദീർഘ നിശ്വാസത്തോടെ ബൈജുവിനോടായി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ശരിക്കും ഞാൻ ഹാപ്പി ആണെന്നായിരുന്നെടാ ഇത് വരേയ്ക്കും കരുതിയിരുന്നത്. പക്ഷേ ഞാനല്ല.. നീയാണ് ഹാപ്പി മാൻ എന്ന്. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാനും, സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം നയിക്കാനും സാധിക്കുന്നവരാണ് ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാന്മാർ എന്ന പൊതു ധാരണയെ തിരുത്തിക്കൊണ്ട് ഒന്നും ആഗ്രഹിക്കാതെ തന്നെ നമ്മുടെ ചുറ്റുപാടിൽ നിന്ന് നമുക്ക് കിട്ടുന്ന സന്തോഷങ്ങൾ തിരഞ്ഞെടുത്ത് ആസ്വദിക്കാൻ സാധിക്കുന്നവരാണ് യഥാർത്ഥ സന്തോഷവാന്മാർ എന്ന് പറയാതെ പറഞ്ഞു തരുന്ന, സിനിമയിലെ ഹൃദയ സ്പർശിയായ ഒരു സീനായിരുന്നു അത്. തട്ടിയെടുത്തും വെട്ടിപ്പിടിച്ചും എല്ലാവരും സ്വാർത്ഥതയെ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഈ കെട്ട കാലത്ത് പങ്കിട്ടെടുക്കലിന്റെയും പകുത്തു കൊടുക്കലിന്റെയും കൂട്ട് കൂടലിന്റെയുമൊക്കെ ആസ്വാദന സുഖം പ്രേക്ഷകന് അനുഭവപ്പെടുത്തുക കൂടിയാണ് കുമ്പളം ബ്രദേഴ്സ് ചെയ്യുന്നത്. 

ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് പറയാനാകുന്നത് മുഖ്യമന്ത്രിക്ക് ബൈജു എഴുതുന്ന കത്താണ്. വലിയ കെട്ടിടങ്ങളും നഗരങ്ങളും ഒക്കെ നമുക്ക് വേണ്ടത് തന്നെയാണ്. പക്ഷെ അത് മാത്രമാണ് വികസനം എന്ന ധാരണാ പിശകിനെ തിരുത്താൻ ബന്ധപ്പെട്ട സർക്കാരുകളും ഭരണകൂടവുമൊക്കെ തയ്യാറാകേണ്ടതുണ്ട്. പൊതു ഇടങ്ങൾ സംരക്ഷിക്കുകയും അത് വഴി നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഐക്യത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ ശക്തി തിരിച്ചു പിടിക്കലുമാണ് യഥാർത്ഥ വികസനം എന്ന് അടിവരയിടുന്നുണ്ട് ബൈജുവിന്റെ കത്ത്. കുമ്പളം ബ്രദേഴ്സിന്റെ രക്ഷാധികാരി എന്ന നിലക്ക് നമ്മൾ പരിചയപ്പെടുന്ന ബൈജു ആ നാടിന്റെ കൂടി രക്ഷാധികാരിയായി മാറുന്നിടത്താണ് സിനിമ അവസാനിക്കുന്നതെങ്കിൽ ബൈജു മുഖ്യമന്ത്രിക്ക് എഴുതുന്ന കത്ത് പൊതു സമൂഹം ചർച്ച ചെയ്യാൻ ആരംഭിക്കുന്നിടത്താണ് സിനിമ യഥാർത്ഥത്തിൽ വിജയിക്കുന്നത്. ബോക്സോഫീസ് കളക്ഷനുകൾക്കുമപ്പുറം ഒരു സിനിമയുടെ യഥാർത്ഥ വിജയം എന്ന് പറയാവുന്നതും അത് തന്നെയല്ലേ ?

ആകെ മൊത്തം ടോട്ടൽ = ഹൃദ്യമായൊരു സിനിമാ അവതരണം എന്ന നിലക്ക് ഇഷ്ടപ്പെട്ടു പോകുന്ന ഒരു സിനിമ. സിനിമയുടെ ദൈർഘ്യം, ഗാനങ്ങളുടെ എണ്ണം ഇതൊക്കെ ഒരൽപ്പം കൂടിപ്പോയോ എന്ന് സംശയിക്കാമെങ്കിലും ഈ സിനിമയുടെ ആസ്വാദനത്തിനു അതൊന്നും ഒരു അഭംഗിയായി മുഴച്ചു നിൽക്കുന്നില്ല. ബിജുമേനോൻ തൊട്ട് സിനിമയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. സിനിമ കണ്ടിറങ്ങിയാലും ആ ഗ്രൗണ്ടും ക്ലബും കുമ്പളം ബ്രദേഴ്സുമൊക്കെ മനസ്സിൽ മായാതെ കിടപ്പുണ്ടാകും. കൂട്ടത്തിൽ ഒരു നീറ്റൽ പോലെ മുഖ്യമന്ത്രിക്ക് എഴുതിയ ബൈജുവിന്റെ ആ കത്തും. 

* വിധി മാർക്ക് = 7.5 /10 

-pravin-

Friday, June 2, 2017

അഭ്രപാളിയിലെ നായ്ക്കൾ

മനുഷ്യനുണ്ടായ കാലം മുതലേ നായ്ക്കൾ മനുഷ്യരുടെ വിശ്വസ്തരായി കൂടെയുണ്ടായിരുന്നു എന്നാണ് ചരിത്രം നമ്മളെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളത്. ആദിമ മനുഷ്യരുടേയും രാജാക്കന്മാരുടേയും എന്ന് വേണ്ട എല്ലാ വിഭാഗം മനുഷ്യരുടെയും കൂടെ എല്ലാ കാലത്തും ഒരു നിഴലെന്ന പോലെ നായ്ക്കൾ ഉണ്ടായിരുന്നു. വേട്ട നായ്ക്കളായും കാവൽ നായ്ക്കളായും മനുഷ്യ സമുദായത്തിന്റെ വിശ്വസ്തത പിടിച്ചു പറ്റിയ ഇക്കൂട്ടർ ഒരു കാലഘട്ടത്തിനു ശേഷം മനുഷ്യരുടെ സ്നേഹ ഭാജനങ്ങളായി മാറുകയായിരുന്നു എന്ന് വേണം കരുതാൻ. മനുഷ്യരായാൽ നായ്ക്കളുടെ നന്ദി ഉണ്ടാകണം എന്ന പറച്ചിലുകൾ വ്യാപകമാകുന്നതും ആ കാലത്ത് തന്നെ. എന്തായിരിക്കാം മനുഷ്യന് നായയോടും നായക്ക് മനുഷ്യനോടും മറ്റേത് ജീവജാലങ്ങളേക്കാൾ കൂടുതലായൊരു ആത്മബന്ധം ഉണ്ടാകാൻ കാരണം ? മനുഷ്യൻ പറയുന്നതെല്ലാം എളുപ്പത്തിൽ അനുസരിക്കാനും, വേണ്ടി വന്നാൽ അവനെ സംരക്ഷിക്കാനടക്കമുള്ള കഴിവും ബുദ്ധിയുമുള്ള ഒരു ജീവിയാണ് നായ എന്ന തിരിച്ചറിവിലായിരിക്കാം ഒരു പക്ഷേ മനുഷ്യൻ ആദ്യമാദ്യം നായ്ക്കളെ സ്നേഹിച്ചു തുടങ്ങിയത്. എന്നാൽ നായ്ക്കൾ ഒന്നും പ്രതീക്ഷിക്കാതെ അതിന്റെ ഉടമസ്ഥനെ സ്നേഹിക്കുന്നു എന്നുള്ളിടത്താണ് അവരുടെ ആത്മാർത്ഥത വെളിപ്പെടുന്നത്. അവർ എന്തെങ്കിലും ആഗ്രഹിക്കുന്നെണ്ടെങ്കിൽ തന്നെ അത് മനുഷ്യരുടെ സ്നേഹം മാത്രമാണ്. ഉടമസ്ഥന്റെ സ്നേഹവും പരിഗണനയും കിട്ടാതെ ജീവിക്കേണ്ടി വരുന്ന നായ്ക്കളുടേയും തെരുവ് നായ്ക്കളുടേയും ജന്മം ഏറെക്കുറെ സമമാണ്. പരസ്പ്പരം സ്നേഹ ബന്ധിതരാകുന്ന നായ്ക്കളെയും ഉടമസ്ഥരേയും സമൂഹം ഏറെ കൌതുകത്തോടെയാണ് നോക്കി കാണാറുള്ളത് എന്നത് പോലെ നായ്ക്കളുടെയും മനുഷ്യരുടേയും ആത്മബന്ധം പ്രമേയമാക്കിയുള്ള നിരവധി ഭാഷാ സിനിമകൾക്കും അതേ സ്വീകാര്യത തന്നെയാണ് പ്രേക്ഷക സമൂഹത്തിൽ നിന്നും കിട്ടി പോന്നത്. പ്രേക്ഷക ഹൃദയത്തിൽ നൊമ്പരം സൃഷ്ടിച്ച അഭ്രപാളിയിലെ മറക്കാനാകാത്ത ആ നായ്ക്കളെ ഒന്നോർത്ത് നോക്കൂ ഇപ്പോഴും അവരോടുള്ള സ്നേഹം നമ്മുടെ മനസ്സിൽ അത് പോലെ തന്നെയുണ്ടാകും. അവരിൽ പ്രധാനപ്പെട്ട ചിലരെ ഇന്നും ഓർക്കാതിരിക്കാൻ വയ്യ.


Hachi


1987 ൽ റിലീസ് ചെയ്ത Hachiko Monogatari എന്ന ജപ്പാനീസ് സിനിമയാണ് Hachi യെ ആദ്യമായി നമുക്ക് പരിചയപ്പെടുത്തുന്നത് . Seijiro Koyama യുടെ സംവിധാനത്തിൽ വന്ന ഈ സിനിമ 2009 ൽ Lasse Hallstrom ന്റെ സംവിധാനത്തിൽ Hachi - A Dog's Tale എന്ന ഇംഗ്ലീഷ് സിനിമയാക്കി പുനർ നിർമ്മിച്ചപ്പോഴും ഹാച്ചി എന്ന നായയെ പ്രേക്ഷകൻ കൂടുതൽ ഇഷ്ടപ്പെടുകയേ ചെയ്തിട്ടുള്ളൂ. ജപ്പാനിൽ 1923- 35 കാലഘട്ടത്തിൽ ജീവിച്ച ഹാച്ചി എന്ന നായയുടെ യഥാർത്ഥ സംഭവ കഥ തന്നെയാണ് സിനിമയിലും പറയുന്നത്. കുഞ്ഞായിരുന്ന ഹാച്ചി അവിചാരിതമായാണ് പ്രൊഫസ്സറുടെ കൈകളിൽ എത്തുന്നത്. യഥാർത്ഥ ഉടമസ്ഥനെ കണ്ടു കിട്ടാതെ വന്നപ്പോൾ ഹാച്ചിയെ സ്വന്തം വീട്ടിലേക്ക് കൂടെ കൂട്ടിയ പ്രൊഫസ്സർ അതിനെ എല്ലാ വിധ സ്നേഹ സംരക്ഷണങ്ങളും നൽകി വളർത്തി. അവരുടെ ആത്മബന്ധം എത്രത്തോളം ഉണ്ടായിരുന്നു എന്ന് സമൂഹം മനസ്സിലാക്കുന്നത് പ്രൊഫസറുടെ മരണ ശേഷമുള്ള ഹാച്ചിയുടെ ജീവിതത്തിലൂടെയാണ്. റെയിൽവേ സ്റ്റേഷനിൽ രാവിലെ അദ്ദേഹത്തെ യാത്രയാക്കിയ ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങുകയും വൈകീട്ട് വീണ്ടും അദ്ദേഹത്തെ സ്വീകരിക്കാൻ സ്റ്റേഷനിൽ എത്തുകയുമായിരുന്നു ഹാച്ചിയുടെ പതിവ്. പരസ്പ്പരം കാണുമ്പോഴുള്ള അവരുടെ സ്നേഹ പ്രകടനങ്ങൾ വാക്കുകളാൽ വിവരിക്കാനാകാത്ത ഒന്നായിരുന്നു. 

ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ പ്രൊഫസ്സർ മരണത്തിന് കീഴടങ്ങിയ കഥയറിയാതെ അദ്ദേഹത്തെ സ്വീകരിക്കാനായി റെയിൽവേ സ്റ്റേഷനിൽ ഹാച്ചി പതിവ് പോലെ അന്നും കാത്തിരിക്കുകയായിരുന്നു. പ്രൊഫസറുടെ മരണം അത് അറിയുന്നില്ല എന്ന് മാത്രമല്ല ആർക്കും അതിനെ സത്യം പറഞ്ഞ് വിശ്വസിപ്പിക്കാനും സാധിക്കില്ലായിരുന്നു. എന്നെങ്കിലും ഒരു ദിവസം അദ്ദേഹം ട്രെയിൻ ഇറങ്ങി വരുമെന്ന വിശ്വാസത്തിൽ ഹാച്ചി അതിന്റെ മരണം വരെ ആ കാത്തിരിപ്പ് തുടരുകയാണ് ഉണ്ടായത്. മനുഷ്യരിൽ പോലും കണ്ടു വരാത്ത ആ നായയുടെ വിശ്വസ്തതയും യജമാന സ്നേഹവുമെല്ലാം കാരണം കൊണ്ടാകാം ഇന്നും ടോക്കിയോവിലെ ജനങ്ങൾ ഹാച്ചിയെ സ്നേഹിക്കുന്നു. ഹാച്ചിയുടെ സ്മരണാർത്ഥം ജപ്പാൻ നാഷണൽ മ്യൂസിയത്തിലടക്കം ടോക്കിയോവിലെ മറ്റു പല പൊതു ഇടങ്ങളിലെല്ലാം ഹാച്ചിയുടെ പേരിൽ പണി തീർത്ത സ്മാരകങ്ങൾ സന്ദർശകർക്ക് കാണാവുന്നതാണ്.

Hearty


2006 ൽ റിലീസ് ചെയ്ത Hearty Paws എന്ന കൊറിയൻ സിനിമയിലാണ് Hearty എന്ന നായയെ പരിചയപ്പെടുത്തുന്നത്. ഹാച്ചിയെ പോലെ തന്നെ വിശ്വസ്തനും യജമാന സ്നേഹവുമുള്ള മറ്റൊരു നായ തന്നെയാണ് ഇവനും. ഒരു വ്യത്യാസം എന്തെന്നാൽ ഹാച്ചിയെ പോലെ Heartyക്ക് അവന്റെ യജമാനനാൽ പരിചരണമോ പരിഗണനയോ കിട്ടുന്നില്ല . അതിന് വേറൊരു കാരണവുമുണ്ട്. ചാൻയിയും സോയിയും അച്ഛന്റെയും അമ്മയുടെയും സ്നേഹപരിചരണങ്ങൾ കിട്ടാതെയാണ് ജീവിക്കുന്നത്. അച്ഛനെ കണ്ട ഓർമ്മ പോലുമില്ല. അമ്മയാകട്ടെ മക്കളെ ഉപേക്ഷിച്ച് ദൂരെ നഗരത്തിലെവിടെയോ താമസിക്കുന്നു. ഒരു ഏട്ടനെന്ന നിലയിൽ ചാൻയി തന്റെ കുഞ്ഞു പെങ്ങളായ സോയിയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ ശ്രമിക്കാറുണ്ട്. അങ്ങിനെ ഒരു ദിവസം അവൻ അവൾക്ക് പിറന്നാൾ സമ്മാനമായി കൊടുക്കുന്നതാണ് Hearty എന്ന കുഞ്ഞു നായക്കുട്ടിയെ. സോയിയും ചാൻയിയും അവരുടെ പുന്നാര നായക്കുട്ടിയും ഒന്നിച്ചു കളിച്ചു വളർന്നു. സന്തോഷം നിറഞ്ഞ ദിവസങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ഒരു അപകടത്തിൽ സോയി മരിക്കുന്നു. Hearty കാരണമാണ് അന്ന് ആ അപകടം ഉണ്ടായതും തന്റെ പെങ്ങൾ മരിച്ചതും എന്ന് വിശ്വസിക്കുന്ന ചാൻയി Hearty യെ ഉപേക്ഷിച്ചു കൊണ്ട് അമ്മയെ തേടി യാത്രയാകുന്നത് തൊട്ടാണ് Hearty ഒറ്റപ്പെടുന്നത്. ചാൻയി തന്നെ എത്ര വെറുത്താലും എത്ര ആട്ടിയോടിച്ചാലും ആ നായക്ക് അവനെ ഉപേക്ഷിക്കാൻ സാധിക്കില്ലായിരുന്നു. തന്നെ ഉപേക്ഷിച്ചു പോയ ചാൻയിയെ തേടി അവനും യാത്രയാകുന്നു. ഒരു നായയുടെ സ്നേഹവും നന്ദിയുമെല്ലാം Hearty യിലൂടെ സംവിധായകൻ കാണിച്ചു തരുന്നുണ്ട്. സ്വന്തം ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുന്ന സമയത്തും ആ നായ ചാൻയിയുടെ സംരക്ഷകനായി മാറുന്ന ചില രംഗങ്ങൾ സിനിമയിൽ കടന്നു വരുന്നുണ്ട്. ഇത്ര മേൽ തന്നെ സ്നേഹിച്ചിരുന്ന ഒരു ജീവിയെയാണോ ഈശ്വരാ താൻ നിരന്തരം ആട്ടിയകറ്റുകയും ഒരു ശ്രത്രുവിനോടെന്ന പോലെ പെരുമാറുകയും ചെയ്തിരുന്നത് എന്നാലോചിച്ച് ചാൻയി വിതുമ്പുമ്പോൾ Hearty യുടെ കണ്ണുകളിൽ യജമാനൻ തന്റെ സ്നേഹം തിരിച്ചറിഞ്ഞല്ലോ എന്ന സന്തോഷമായിരുന്നു.

സ്നേഹം തിരിച്ചറിയപ്പെടാൻ വൈകും എന്നത് ഒരു സത്യമാണ്. അത് തിരിച്ചറിയപ്പെടുന്ന സമയത്താകട്ടെ പലപ്പോഴും കുറ്റബോധം നമ്മളെ അലട്ടുകയും ചെയ്യുന്നു. ഇവിടെ സമാന അവസ്ഥ രണ്ടു പേർക്ക് ഉണ്ടാകുന്നുണ്ട്. ഒന്ന് - ചാൻയിയേയും സോയിയെയും ഉപേക്ഷിച്ചു കൊണ്ട് സ്വന്തം ഉപജീവനം തേടിപ്പോയ അവരുടെ അമ്മക്ക്. രണ്ട്- കുഞ്ഞു പെങ്ങൾ മരിച്ചപ്പോൾ Heartyയെ തനിച്ചാക്കി സ്വന്തം അമ്മയുടെ കീഴിൽ അഭയം തേടി പോയ ചാൻയിക്ക്.നമ്മൾ സന്തോഷം തേടി പോകുമ്പോൾ അല്ലെങ്കിൽ ദുഃഖത്തിൽ നിന്ന് ഒളിച്ചോടുമ്പോൾ നമ്മളെ ആശ്രയിച്ചു ജീവിക്കുന്നവരെയും അവരുടെ സ്നേഹത്തെയും തള്ളിക്കളയാൻ എളുപ്പമാണ്. എന്നാൽ ഒന്നും നേടാനാകാതെ കുറ്റബോധത്താൽ തിരിച്ചു വരുമ്പോൾ നഷ്ടങ്ങളുടെ കണക്ക് മാത്രമേ നമുക്ക് പങ്കു വക്കാനുണ്ടാകൂ. ഇപ്രകാരമുള്ള ചിന്തകൾ ഉണർത്തി കൊണ്ട് Hearty എന്ന നായയെ പ്രേക്ഷകരുടെ മനസ്സിൽ ഒരു നൊമ്പരമായി അവശേഷിപ്പിച്ചു കൊണ്ടാണ് സംവിധായകൻ സിനിമ അവസാനിപ്പിക്കുന്നത്. 

Mari 


2007 ൽ റിലീസായ 'A Tale of Mari and Three Puppies' എന്ന ജപ്പാനീസ് സിനിമയിലാണ് 'Mari' യെന്ന പട്ടി കേന്ദ്രകഥാപാത്രമാകുന്നത്. Hearty Paws സിനിമയിൽ ചാൻയിയും സോയിയും കുഞ്ഞായിരുന്ന Hearty യെ എടുത്ത് വളർത്തുന്ന പോലെ തന്നെയാണ് ഈ സിനിമയിൽ റയോട്ടയും അവന്റെ കുഞ്ഞു പെങ്ങൾ അയയും കൂടി കുഞ്ഞായിരുന്ന Mari യെ തങ്ങളുടെ വീട്ടിലേക്ക് വളർത്താൻ കൊണ്ട് പോകുന്നത്. ഒരു പ്രധാന വ്യത്യാസം എന്താണെന്നാൽ അവരൊരിക്കലും Mari യെ ഒരു നിമിഷത്തേക്ക് പോലും സ്നേഹിക്കാതിരുന്നിട്ടില്ല എന്നതാണ്.റയോട്ടയേക്കാളും അയയെക്കാളും പെട്ടെന്ന് വളർന്ന Mari പിന്നീട് മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി മാറുന്നുണ്ട് സിനിമയിൽ. കുഞ്ഞുങ്ങളും കൂടി വന്നതോടെ റയോട്ടയും അയയും കൂടുതൽ സന്തോഷിച്ചു. എന്നാൽ അവരുടെ സ്നേഹ ജീവിതത്തിലേക്ക് ഭൂകമ്പത്തിന്റെ രൂപത്തിൽ പ്രകൃതി ഒരു വില്ലനായി വന്നെത്തുകയാണ്. ശക്തമായ ഭൂകമ്പത്തിൽ എല്ലാം തകർന്നു തരിപ്പണമായെങ്കിലും മാരിക്കും കുഞ്ഞുങ്ങൾക്കും ഒന്നും സംഭവിച്ചില്ല എന്നതാണ് അപ്പോഴും അവരെ സന്തോഷിപ്പിച്ചത്. ദുരിത ബാധിതരെ രക്ഷപ്പെടുത്താൻ എത്തിയവർക്ക് ഒരു പ്രത്യേക ഘട്ടത്തിൽ മാരിയേയും കുഞ്ഞുങ്ങളെയും കൂടെ കൊണ്ട് പോകാൻ നിർവാഹമില്ലാതെ വരുകയാണ്. നമ്മള്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ അതെന്തുമാകട്ടെ, പ്രകൃതി ദുരന്ത സമയത്തും മറ്റും അവരെ ചാകാന്‍ വിട്ടിട്ട് മനുഷ്യര്‍ മാത്രം രക്ഷപ്പെടാന്‍ അവകാശമുള്ളവരായി മാറുന്ന ആ നിമിഷം അതെത്ര ക്രൂരമാണ് എന്നാലോചിച്ചു നോക്കൂ. റയോട്ടയും അയയും അവരുടെ അച്ഛനുമൊക്കെ ഹെലികോപ്ടറിൽ പൊങ്ങി ദൂരേക്ക് പറന്നു പോകുന്നത് ദയനീയമായി നോക്കി നിൽക്കുന്ന മാരിയെ പ്രേക്ഷകന് നിറ കണ്ണോടെയല്ലാതെ കാണാനാകില്ല. എന്നാൽ അയക്കും റയോട്ടക്കും മാരിയേയും കുഞ്ഞുങ്ങളെയും കാണാതിരിക്കാൻ ആകില്ലായിരുന്നു. അഭയാർത്ഥി ക്യാമ്പിൽ നിന്നും ആരുമറിയാതെ മാരിയേയും കുഞ്ഞിനേയും തേടിയുള്ള അവരുടെ യാത്രയാണ് പിന്നീട് സിനിമയെ കൂടുതൽ സങ്കർഷ ഭരിതമാക്കുന്നത്. ചില വിഷയങ്ങളിലുള്ള കൊച്ചു കുട്ടികളുടെ നിലപാടുകൾ മുതിർന്നവരേക്കാൾ എത്ര മാത്രം നീതി സമ്പുഷ്ടവും സ്നേഹഭരിതവുമാണ് എന്നു ഓർമ്മിപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 


Socks


2008ൽ റിലീസായ '10 Promises to My Dog' എന്ന ജാപ്പനീസ് സിനിമയിലാണ് സോക്സ് എന്ന നായ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത് . ഈ സിനിമയുടെ പേരും പ്രമേയവുമൊക്കെ The 10 Commandments of Dog Ownership ( The 10 Commandments From a Pet's Point of View) എന്ന വിഖ്യാതമായ pet ownership rules മായാണ് കടപ്പെട്ടിരിക്കുന്നത്. ഒരു നായയുടെ അല്ലെങ്കിൽ വളർത്തുമൃഗത്തിന്റെ ഉടമസ്ഥൻ എന്ന നിലക്ക് ഒരാൾ പ്രതിജ്ഞാബദ്ധമായി അനുസരിച്ചും നടപ്പിലാക്കിയും പോരേണ്ട ഈ പത്തു കൽപ്പനകൾ 1993 ൽ സ്റ്റാൻ റാവ്ലിൻസൻ എന്ന മൃഗസ്നേഹിയാണ് എഴുതിയുണ്ടാക്കിയത്. ഇവിടെ സിനിമയിലും ഈ പത്തു കൽപ്പനകൾക്ക് പ്രാധാന്യം ഉണ്ട്. തിരക്കുള്ള ഒരു സർജന്റെ മകളാണ് അകാരി. അച്ഛന്റെതായ വാത്സല്യവും കരുതലുകളും നഷ്ടപ്പെടുന്ന അകാരിക്ക് ആ വേദന മറക്കാൻ ഒരു നായക്കുട്ടിയെ വളർത്താൻ ആഗ്രഹം തോന്നുകയാണ്. യാദൃശ്ചികമെന്നോണം തൊട്ടടുത്ത ദിവസം അവരുടെ വീട്ടു വളപ്പിലേക്ക് ഒരു നായക്കുട്ടി കടന്നു വരുന്നു. തനിക്കൊരു കൂട്ടായി അകാരി ആ നായക്കുട്ടിയെ വളർത്താൻ തീരുമാനിക്കുകയാണ് പിന്നീട്. നായക്കുട്ടിയെ വളർത്തുന്നതൊക്കെ ശരി പക്ഷേ അതിനോട് അകാരിക്ക് ചില ഉത്തരവാദിത്തങ്ങളൊക്കെയുണ്ട്. അതൊക്കെ അനുസരിക്കാൻ അവൾ ബാധ്യസ്ഥയാണ് എന്ന് ഓർമിപ്പിച്ചു കൊണ്ടാണ് അമ്മ അവൾക്ക് പത്ത് കൽപ്പനകൾ എഴുതി കൊടുക്കുന്നത്. സോക്സ് പോലെ മൃദലമായ രോമങ്ങളുള്ള നായക്കുട്ടിക്ക് അവർ സോക്സ് എന്ന പേര് തന്നെയിട്ടു. അസുഖബാധിതയായിരുന്ന അകാരിയുടെ അമ്മയുടെ മരണ ശേഷമാണ് സോക്‌സും അകാരിയും തമ്മിലുള്ള അടുപ്പം വർദ്ധിക്കുന്നത്. കാലം പിന്നിടുമ്പോൾ സംഭവിക്കുന്നത് മറ്റൊന്നായിരുന്നു പക്ഷെ. അകാരിക്കു പഴയ പോലെ സോക്സിനെ പരിചരിക്കാനോ ശ്രദ്ധിക്കാനോ പോലും സമയം കിട്ടാതായി. സൗകര്യപൂർവ്വം അമ്മ എഴുതി തന്ന പത്തു കൽപ്പനകളെ അവൾക്ക് മറക്കേണ്ടിയും വന്നു. സോക്സിനോട് താൻ വാക്ക് പാലിച്ചില്ല എന്ന തിരിച്ചറിവും അതിലുള്ള കുറ്റബോധവും അകാരിയെ കരയിച്ചു കളയുന്നുണ്ട് ക്ലൈമാക്സിൽ. അകാരിയുടെ ആ കരച്ചിൽ സിനിമ കാണുന്നവരിലേക്ക് പകരും വിധം ഹൃദയഭേദകമായാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. സോക്സ് എത്രത്തോളം നമുക്കും പ്രിയപ്പെട്ടതായിരുന്നു എന്ന് ബോധ്യപ്പെടുന്നത് അപ്പോഴാണ്.


Old Yeller (1957), Benji (1974), Turner & Hutch (1989), Beethoven (1992), Homeward Bound (1993),  Iron Will (1994), Far From Home - The Adventures of  Yellow Dog (1995) , 101 Dalmatians (1996), A Dog of Flanders (1999), My Dog Skip (2000) , Snow Dogs (2002), Eight Below (2006) , Marely & Me (2008) etc. അങ്ങിനെ നായ്ക്കളും പട്ടികളുമൊക്കെ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഒട്ടനവധി സിനിമകൾ ഇനിയുമുണ്ടെങ്കിലും മേൽപ്പറഞ്ഞ  നാല് പേർ  തന്നെയായിരിക്കണം നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായി എന്നും നമ്മുടെ മനസ്സിലുണ്ടാകുക. തെരുവ് നായ്ക്കളെ പേടിയോടെ നോക്കി കാണുന്ന ഈ കാലത്ത് നായയുടെ യജമാന സ്നേഹവും ഭൃത്യത്വവുമൊക്കെ ചർച്ച ചെയ്യുന്നതിന്റെ സാംഗത്യം എന്താണെന്ന് ചിന്തിക്കുക സ്വാഭാവികമെങ്കിലും ഈ സമയത്ത് ഓർമ്മ വരുന്നത് ഫ്രഞ്ച് എഴുത്തുകാരനായ Alphonse Toussenel നായ്ക്കളെ കുറിച്ച് പറഞ്ഞ ഈ ഒരു വാചകമാണ്.

" In the beginning God created man. But seeing him so feeble, he gave him the dog. " 

-pravin-

( ഇ-മഷി ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ച സിനിമാ ലേഖനം ) 

Wednesday, May 24, 2017

ബാഹുബലി 2 - ഒന്നും അവസാനിക്കുന്നില്ല..തുടരുകയാണ്

ബിഗ് ബജറ്റ് സിനിമകളുടെ കൂട്ടത്തിൽ ഒന്നാമനെന്ന വിശേഷണത്തോടെയായിരുന്നു 2015 ൽ ബാഹുബലിയുടെ ആദ്യ ഭാഗം റിലീസാകുന്നത്. ബിഗ്‌ ബജറ്റ് സിനിമകളെല്ലാം പ്രേക്ഷക ഹൃദയം കീഴടക്കണമെന്നില്ല എന്ന ബോധ്യമുള്ളപ്പോഴും രാജമൗലി എന്ന സംവിധായകനിൽ നിന്ന് പ്രതീക്ഷിക്കാൻ ഒരുപാടുണ്ടായിരുന്നു. ആ പ്രതീക്ഷകൾ വെറുതെയായതുമില്ല. അന്നേ വരേക്കും ഇന്ത്യൻ സിനിമകളിൽ എവിടെയും കണ്ടിട്ടില്ലാത്ത ഒരു കഥാ പശ്ചാത്തലത്തിൽ ഒരു പിടി ശക്തമായ കഥാപാത്രങ്ങളെ ഗ്രാഫിക്സ് സാങ്കേതിക വിദ്യയുടെ പിന്തുണയോടെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു കൊണ്ട് 'ബാഹുബലി' യെ പ്രേക്ഷക ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അമരേന്ദ്ര ബാഹുബലിയെ കട്ടപ്പ എന്തിനു കൊന്നു എന്നത് വിശദീകരിക്കാതെ അവസാനിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ഏകദേശം രണ്ടു വർഷത്തോളം നീണ്ട കാത്തിരിപ്പിന്റെ കഥയാണ് പ്രേക്ഷകർക്ക് തിരിച്ചു പറയാനുള്ളത്. ഇക്കാലയളവിനുള്ളിൽ രണ്ടാം ഭാഗത്തിലെ കഥ എന്തായിരിക്കുമെന്നത് സംബന്ധിച്ചുള്ള ഒരു ഏകദേശ രൂപം അവരവരുടെ ഭാവനയിൽ കാണാൻ എല്ലാ പ്രേക്ഷകർക്കും സാധിച്ചിട്ടുണ്ട് എന്നിരിക്കെ കട്ടപ്പ ബാഹുബലിയെ എന്തിനു കൊന്നു എന്നതിന്റെ ഉത്തരത്തെക്കാൾ കട്ടപ്പ ബാഹുബലിയെ കൊല്ലാനുണ്ടായ സാഹചര്യങ്ങളുടെ അവതരണ രീതി എങ്ങിനെയായിരിക്കും എന്നതായിരുന്നു ആകാംക്ഷയോടെ കാത്തിരുന്ന പ്രധാന കാര്യം. ആ തലത്തിൽ നോക്കുമ്പോൾ ഇന്ത്യൻ ചലച്ചിത്ര ലോകത്ത് പ്രേക്ഷകർ ഇത്രയേറെ ചർച്ച ചെയ്യുകയും കാത്തിരിക്കുകയും ചെയ്ത മറ്റൊരു സിനിമ വേറെ ഉണ്ടാകില്ല. പ്രേക്ഷകരുടെ കാത്തിരിപ്പും പ്രതീക്ഷയും വെറുതെയാകാത്ത വിധം ബാഹുബലിയുടെ രണ്ടാം ഭാഗം അവതരിപ്പിക്കുക എന്നത് രാജമൗലിയെ സംബന്ധിച്ച് വലിയൊരു ഉത്തരവാദിത്തവും ബാധ്യതയുമൊക്കെയായിരുന്നു. ആ അവതരണ ദൗത്യത്തിന്റെ വിധിയെഴുത്താണ് സത്യത്തിൽ ബാഹുബലി 2. 

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്നും ദേവസേന എങ്ങിനെ ചങ്ങലയിൽ ബന്ധിതയായി എന്നുമടക്കമുള്ള പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ ഭാവനാപരമായി കണ്ടെത്തിയ ശേഷമാണ് ഓരോ പ്രേക്ഷകനും ബാഹുബലി 2 കാണാൻ എത്തുകയെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ട് തന്നെയാകാം ചോദ്യങ്ങൾ ബാക്കിയാക്കി അവസാനിപ്പിച്ച ഒന്നാം ഭാഗത്തിന്റെ തുടർച്ചയിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഉത്തരങ്ങളെ തീവ്ര വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ഉത്തരങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്നതിലൂടെ പൊളിഞ്ഞു പോകുന്ന തരത്തിലുള്ള യാതൊരു സസ്പെൻസുകൾക്കും സിനിമയിൽ സ്ഥാനമില്ല. മഹിഷ്മതി സാമ്രാജ്യത്തിന്റെ വശ്യ ഭംഗിയും അധികാര ലബ്ധിക്കായുള്ള കുടിലബുദ്ധികളുടെ നീക്കങ്ങളും അമരേന്ദ്ര ബാഹുബലിയുടെ രാഷ്ട്രീയ സമീപനങ്ങളും ജനസ്വീകാര്യതയുമൊക്കെ ആദ്യഭാഗത്തിലുള്ളതിനേക്കാൾ വിശദമായി അവതരിപ്പിച്ചു കാണാം രണ്ടാം ബാഹുബലിയിൽ. മറ്റൊരു തരത്തിൽ പറഞ്ഞാൽ രണ്ടാം ഭാഗത്തിലാണ് ബാഹുബലിയുടെ ആരംഭ കഥ. കാലകേയ സൈന്യത്തോടുള്ള യുദ്ധം ജയിച്ച ശേഷം അമരേന്ദ്ര ബാഹുബലി മഹിഷ്മതി സാമ്രാജ്യത്തിന്റെ രാജാവായി അധികാരത്തിലേറാൻ ദിവസങ്ങൾ ബാക്കി നിൽക്കവേയാണ് ബാഹുബലി 2 ആരംഭിക്കുന്നത്. 

ബാഹുബലി ഒന്നിന്റെ തുടർച്ച എന്നതിലുപരി ആദ്യഭാഗത്തിൽ കണ്ട അതേ കഥാപാത്രങ്ങളെയും അവരുടെ മാനസികവ്യാപാരങ്ങളെയും മറ്റൊരു കാൻവാസിൽ ബൃഹത്തായും സങ്കീർണ്ണമായും പുനരവതരിപ്പിക്കുന്ന സിനിമയാണ് ബാഹുബലി 2. അതേ സമയം കട്ടപ്പയുടെ കഥാപാത്രം ആരംഭത്തിൽ തെല്ലു നേരം അതിനൊരു അപവാദവുമാകുന്നുണ്ട്. കുറ്റബോധവും ദുഃഖഭാരവും നിറഞ്ഞ സംഘർഷഭരിതമായ ഒരു മുഖമായിരുന്നു ബാഹുബലി ആദ്യ ഭാഗത്തിൽ കട്ടപ്പക്ക് ഉണ്ടായിരുന്നതെങ്കിൽ രണ്ടാം ഭാഗത്തിൽ നായകന്റെ കൂടെയുള്ള ഏതൊരു സാധാരണ സഹനടനും ചെയ്യേണ്ടി വരുന്ന സ്ഥിരം കോമഡി കളികളും നായക പ്രകീർത്തനങ്ങളുമെല്ലാം കട്ടപ്പക്കും ചെയ്യേണ്ടി വരുന്നുണ്ട്. അപ്രകാരം കഥാപാത്ര ശൈലിയിൽ അടിമുടി മാറ്റം വന്ന പുതിയ ഒരു കട്ടപ്പയെയാണ് ആദ്യത്തെ പത്തിരുപത് മിനിറ്റുകളിൽ കാണാൻ കിട്ടുന്നത്. ഒരു കാവൽ നായക്ക് സമമായി തന്റെ കർത്തവ്യബോധത്തിൽ നിന്നും തെല്ലിട വഴി മാറാതെ നടന്നിരുന്ന ഒരു കഥാപാത്രത്തെ അതുമല്ലെങ്കിൽ തീർത്തും ഗൗരവബോധമുള്ള ഒരു കഥാപാത്രസൃഷ്ടിയെ കോമഡിക്കായി വിനിയോഗിച്ചിടത്ത് സംവിധായകന് പാളിച്ച പറ്റിയോ എന്ന് സംശയിച്ചു പോകുന്ന രംഗങ്ങൾ. ഒന്നാം ഭാഗത്തിൽ അമരേന്ദ്ര ബാഹുബലിയുടെ ജനന സമയത്ത് സംവിധായകൻ ആദ്യമായി നമുക്ക് കട്ടപ്പയെ പരിചയപ്പെടുത്തുന്നത് എങ്ങിനെയെന്ന് ഓർത്തു നോക്കുക. കട്ടപ്പ വിനീത ഭൃത്യനെങ്കിലും അയാൾ ആരോടും വിദൂഷക ശൈലിയിലല്ലായിരുന്നു പെരുമാറി കണ്ടത്. രൂപം കൊണ്ടും ഭാവം കൊണ്ടും അവ്വിധം നമുക്ക് പരിചയപ്പെടുത്തി തന്ന കട്ടപ്പയെ ഹാസ്യത്തിനായി ഉപയോഗിക്കുമ്പോൾ അയാളിലെ ഗൗരവസ്വഭാവം നിലനിർത്തി കൊണ്ടുള്ള ഹാസ്യാവതരണത്തിന്റെ സാധ്യതകൾ തേടാൻ രാജമൗലി ശ്രമിച്ചു കണ്ടില്ല. ഇങ്ങിനെയൊരു ആരോപണം ഉന്നയിക്കുമ്പോഴും ആദ്യ ഭാഗത്തിലെ പോലെ തന്നെ കഥയുടെ ഉള്ളും പൊരുളും അറിഞ്ഞു പെരുമാറുന്ന കഥാപാത്രമായി തന്നെ നിലകൊള്ളുന്നുണ്ട് കട്ടപ്പ. മറ്റൊരു തലത്തിൽ നോക്കുമ്പോൾ സിനിമയിലെ എല്ലാ കേന്ദ്ര കഥാപാത്രങ്ങളോടും സമദൂര ബന്ധം സൂക്ഷിക്കുകയും പല കാരണങ്ങളാൽ ആരോടും ഉപേക്ഷ കാണിക്കാനാകാതെ എല്ലാവരുടെയും വിനീത ദാസനും അടിമയും കാവൽക്കാരനുമൊക്കെ കണക്കെ ജീവിക്കേണ്ടി വരുകയും ചെയ്യുന്ന ഒരാളാണ് കട്ടപ്പ. അക്കാരണങ്ങളാൽ സിനിമയിൽ ഏറ്റവും കൂടുതൽ മാനസിക സംഘർഷങ്ങളനുഭവിക്കേണ്ടി വരുന്ന ഒരു കഥാപാത്രവും അദ്ദേഹത്തിന്റേത് തന്നെ. 

കഥാപാത്ര സൃഷ്ടി കൊണ്ടല്ലെങ്കിലും നിലപാടുകൾ കൊണ്ട് മഹാഭാരതത്തിലെ ഭീഷ്മരെ ഓർമ്മിപ്പിക്കും വിധമായിരുന്നു കട്ടപ്പയെ ബാഹുബലി ആദ്യ ഭാഗത്തിൽ അവതരിപ്പിച്ചു കണ്ടത്. ധാർമിക പരിവേഷം ഉണ്ടായിട്ടും അധർമ്മ പക്ഷത്ത് നിൽക്കാൻ നിയോഗിക്കപ്പെട്ട ഭീഷ്മർക്ക് സമമായി വിവിധ സാഹചര്യങ്ങളിൽ മാനസിക സംഘർഷം അനുഭവിക്കുകയും ഒടുക്കം ശരി തെറ്റുകളെ കുറിച്ച് ചിന്തിക്കാതെ കർമ്മം തന്നെയാണ് ജീവിതം എന്ന തത്വത്തെ പിന്തുടരേണ്ടി വരുകയും ചെയ്ത കഥാപാത്രമായിരുന്നു കട്ടപ്പയുടേത്. എന്നാൽ രണ്ടാം ഭാഗത്തിൽ കഥാപാത്രത്തിന്റെ അത്തരം നിലപാടുകളിൽ മാറ്റം വരുത്തി കൊണ്ട് കട്ടപ്പയ്ക്ക് കൃഷ്ണ പരിവേഷം നൽകുന്നുണ്ട് രാജമൗലി. അർജ്ജുനനന്റെ സാരഥിയായ കൃഷ്‌ണനെ പോലെ മഹേന്ദ്ര ബാഹുബലിയുടെ ധർമ്മ യുദ്ധത്തിന്റെ തേര് തെളിയിക്കുന്നത് കട്ടപ്പയാണ്. കർമ്മത്തെ വിട്ടു ധർമ്മ പക്ഷത്തു നിൽക്കാൻ തീരുമാനിക്കുന്നത് തൊട്ട് ഭീഷ്മരുടെ പരിവേഷത്തിൽ നിന്നും സാവധാനം കൃഷ്ണ പരിവേഷത്തിലേക്ക് കൂടു മാറുകയാണ് കട്ടപ്പ. ഇത്തരത്തിൽ പല പുരാണ കഥാപാത്രങ്ങളുടെയും സമ്മിശ്ര ആത്മാംശങ്ങൾ പേറുന്നുണ്ട് ബാഹുബലിയിലെ ഓരോ കഥാപാത്രങ്ങളും. ദുര്യോധന- രാവണ സ്വഭാവം റാണ ദഗ്ഗുബതിയുടെ ഭല്ലാല ദേവയിൽ കാണാം. ശകുനിയുടെയും ധൃതരാഷ്ട്രരുടേയും പുതിയ പതിപ്പാണ്‌ നാസറിന്റെ ബിജ്ജാലദേവ. പുഴയിൽ ഒഴുക്കി വിട്ട കർണ്ണന്റെയും ദ്രൗപതി ശപഥം നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ഭീമസേനന്റെയും സമ്മിശ്ര സ്വഭാവ രൂപമാണ് പ്രഭാസിന്റെ മഹേന്ദ്ര ബാഹുബലിക്ക്. കർണ്ണനെ നദിയിൽ നിന്ന് കളഞ്ഞു കിട്ടി വളർത്തി വലുതാക്കിയ രാധയാകട്ടെ സിനിമയിൽ മഹേന്ദ്ര ബാഹുബലിയുടെ വളർത്തമ്മയായ സംഗ എന്ന കഥാപാത്രമായും രൂപപ്പെട്ടു. രാവണന്റെ ബന്ധനത്തിൽ ലങ്കയിൽ കഴിയേണ്ടി വന്ന സീതയുടെയും ദുര്യോധനനാൽ അപമാനിക്കപ്പെട്ട ദ്രൌപതിയുടെ ശപഥ വീര്യവും ശൌര്യവുമെല്ലാം അനുഷ്ക്കയുടെ ദേവസേന മഹാറാണിയിൽ കാണാനാകും. അങ്ങിനെ സസൂക്ഷമം നിരീക്ഷിച്ചാൽ കഥയും കഥാപാത്രങ്ങളും പലതിൽ നിന്നും പരിണാമം സിദ്ധിച്ചു വന്നിട്ടുള്ളത് മാത്രമാണ്. എന്നാൽ കഥാ പശ്ചാത്തലത്തിലെ വ്യത്യസ്തത കൊണ്ടും ആവിഷ്ക്കരണത്തിലെ മികവു കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൊണ്ടും സാങ്കേതിക വിദ്യയുടെ പിൻബലം കൊണ്ടും ബാഹുബലി ഇന്ത്യൻ സിനിമയിലെ ഒരു ചരിത്രമായി മാറിയിരിക്കുന്നു എന്നതാണ് സത്യം. 

ആദ്യ ഭാഗത്തിലെ പോലെ തന്നെ രാജ്യതന്ത്രവും യുദ്ധതന്ത്രവുമടക്കമുള്ള നയന്തന്ത്ര രീതികളെ മനോഹരമായി അവതരിപ്പിച്ചു കാണാം രണ്ടാം ഭാഗത്തിലും. ആ കൂട്ടത്തിൽ രാജാ-പ്രജാ ബന്ധത്തെ കുറിച്ച് സിനിമ ഉയർത്തി പിടിക്കുന്ന കാഴ്ചപ്പാടുകൾ ഏറെ ഹൃദ്യമായിരുന്നു എന്ന് തന്നെ പറയാം. രാജാവ് എന്നാൽ ജനങ്ങളെ ഭരിക്കുന്നവനാണ് എന്ന പൊതുധാരണകളെ തിരുത്തുന്നതാണ് അമരേന്ദ്ര ബാഹുബലിയുടെ രാജകീയ നിലപാടുകൾ. ഭല്ലാല ദേവ മഹിഷ്മതിയുടെ രാജാവായി പ്രതിജ്ഞ ചെയ്ത് രാജസിംഹാസനത്തിലിരിക്കുമ്പോൾ കിട്ടാതെ പോയ കരഘോഷവും ആർപ്പുവിളിയും അമരേന്ദ്ര ബാഹുബലി സൈന്യാധിപനായി പ്രതിജ്ഞ ചെയ്യാനെത്തുമ്പോൾ ജനങ്ങൾ നൽകുന്നുണ്ട്. രാജാവിനേക്കാളും വലിയ ആവേശമായി സൈന്യാധിപൻ മാറുന്ന കാഴ്ച. അധികാരം ആര് കൈയ്യേറിയിട്ടും കാര്യമില്ല ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നവനാണ് അവരുടെ രാജാവ് എന്ന് ബോധ്യപ്പെടുത്തുന്ന രംഗങ്ങൾ. അമരേന്ദ്ര ബാഹുബലിയോടുള്ള പ്രജകളുടെ ആവേശത്തിൽ ഒരു വേള ഭല്ലാലയുടെ സിംഹാസനം പോലും വിറ കൊള്ളുമ്പോൾ ആ സിംഹാസനത്തിന് ഉറപ്പ് പകരുന്നത് അമരേന്ദ്ര ബാഹുബലിയുടെ കൈകളാണ്. താൻ സൈന്യാധിപനായി ഇരിക്കുന്നിടത്തോളം കാലം രാജാവും രാജ്യവും പ്രജകളുമെല്ലാം തന്റെ സംരക്ഷണത്തിൽ സുരക്ഷിതരായിരിക്കുക തന്നെ ചെയ്യും എന്ന് വാക്കു കൊണ്ട് പറയാതെ പറഞ്ഞ ആ രംഗം ഗംഭീരമായിരുന്നു. പ്രജകളുടെ ആർപ്പുവിളിയിൽ നൂറിരട്ടി വലുപ്പം വച്ച ബാഹുബലിക്ക് മുന്നിൽ താൻ ചെറുതായിപ്പോയല്ലോ എന്നതിലുപരി തനിക്ക് ലഭിച്ച സിംഹാസനം പോലും അമരേന്ദ്ര ബാഹുബലിയുടെ ഔദാര്യമായി അനുഭവിക്കേണ്ടി വരുന്നതിലായിരുന്നു ഭല്ലാല ദേവയുടെ പക ആളിക്കത്തിയത്. ഭീമനും ദുര്യോധനനും തമ്മിലുള്ള ശത്രുതയുടെ പശ്ചാത്തലം ഓർത്തു പോകുന്നു ഈ ഘട്ടത്തിൽ. ഭീമന് കുട്ടിക്കളിയായിരുന്നെങ്കിലും ഭീമന്റെ കുസൃതികൾ കുട്ടികളായിരുന്ന ദുര്യോധനാദികളെ സംബന്ധിച്ച് അസഹ്യമായ ഉപദ്രവങ്ങളായിരുന്നു. ഒന്നുമറിയാത്ത കുട്ടിക്കാലത്തു തന്നെ ഭീമനെ ശത്രുവായി കാണുകയും കാളകൂട വിഷം നൽകി കൊല്ലാനും ദുര്യോധനൻ ശ്രമിക്കുകയുണ്ടായി. പക്ഷേ തനിക്ക് നേരെ വരുന്ന ഓരോ ചതി പ്രയോഗങ്ങളിൽ നിന്നും ഭീമൻ രക്ഷപ്പെടുകയും പൂർവ്വാധികം ശക്തി പ്രാപിക്കുകയും ചെയ്യുകയുണ്ടായി. ഇവിടെ സിനിമയിൽ ഭല്ലാല ദേവക്ക് കുട്ടിക്കാലം തൊട്ട് മനസ്സിൽ അങ്ങനൊരു ശത്രുതയുണ്ടായിരുന്നതായി വ്യക്തമാക്കുന്നില്ലെങ്കിലും സ്വന്തം അമ്മയിൽ നിന്ന് തനിക്ക് പോലും കിട്ടാത്ത പരിഗണനകളും സ്നേഹവാത്സല്യങ്ങളും ബാഹുബലിക്ക് ലഭിക്കുന്നുവെന്ന ചിന്തയിൽ നിന്ന് തന്നെയാണ് അമരേന്ദ്ര ബാഹുബലിയെ തന്റെ ശത്രുവായി ഭല്ലാല മനസ്സിൽ കുടിയിരുത്തുന്നത്. ഒരർത്ഥത്തിൽ ഭല്ലാല ദേവയുടെ ദൈർഘ്യമേറിയ ആ ശത്രുതയുടെ കഥയും കൂടിയാണ് ബാഹുബലി. 

ബാഹുബലി ഒന്നാം ഭാഗത്തിലെ ശിവുഡു-അവന്തിക പ്രണയം മാംസനിബന്ധമെന്നു തോന്നിപ്പിക്കും വിധമാണ് അവതരിപ്പിച്ചതെങ്കിലും രണ്ടാം ഭാഗത്തിലെ അമരേന്ദ്ര ബാഹുബലി-ദേവസേന പ്രണയാവതരണത്തിലൂടെ ആ തെറ്റ് തിരുത്തുന്നുണ്ട് രാജമൗലി. പോരാളിയെങ്കിലും നായകൻറെ സ്പർശനത്തിൽ ഞൊടിയിടയിൽ മയങ്ങി വീഴുന്ന കഥാപാത്ര ദൗർബല്യം അവന്തികക്കുണ്ടായിരുന്നുവെങ്കിൽ അമരേന്ദ്ര ബാഹുബലിക്കൊത്ത സ്ത്രീ സങ്കല്പമായാണ് ദേവസേനയെ സിനിമയിലുടനീളെ അവതരിപ്പിച്ചിരിക്കുന്നത്. ആത്മവിശ്വാസവും ആത്മാഭിമാനവും ചങ്കൂറ്റവും ഉറച്ച നിലപാടുകളും കൊണ്ട് തന്നിലെ സ്ത്രീത്വത്തെ സിനിമക്കപ്പുറം ഉയർത്തി പിടിക്കാൻ സാധിക്കുന്നുണ്ട് അനുഷ്‌കയുടെ ദേവസേനക്ക്. പൊന്നും പണവും സമ്മാനമായി കൊടുത്തോ വാങ്ങിയോ അല്ല ഒരു പെണ്ണിന്റെ വിവാഹം പറഞ്ഞുറപ്പിക്കേണ്ടതെന്നും യുദ്ധത്തിനും ചൂതാട്ടത്തിനും പണയവസ്തു ആവേണ്ടവളല്ല സ്ത്രീയെന്നുമൊക്കെ ഓർമ്മപ്പെടുത്തുന്നുണ്ട് ദേവസേന. അമരേന്ദ്ര ബാഹുബലിയുമായുള്ള വിവാഹ വേളയിലും, മാഹിഷ്മതി രാജ കൊട്ടാരത്തിലെത്തുമ്പോഴും, തുടർന്നുണ്ടാകുന്ന ഓരോ രംഗങ്ങളിൽ പോലും ദേവസേനയിലെ സ്ത്രീ പ്രതാപം കാണാം നമുക്ക്. കുന്തള ദേശത്തെ രാജകുമാരിയിൽ നിന്ന് അമരേന്ദ്ര ബാഹുബലിയുടെ ഭാര്യയായി മാറുമ്പോൾ ദേവസേനയുടെ കഥാപാത്ര പ്രൗഢി കൂടുന്നതേയുള്ളൂ. ശക്തനായ അമരേന്ദ്ര ബാഹുബലി നിസ്സഹായനായി പോകുന്ന സാഹചര്യത്തിൽ പോലും ദേവസേന കരുത്തുറ്റവളായി നിലകൊള്ളുന്നുണ്ട്. ആദ്യ ഭാഗത്തിൽ ശിവഗാമിയിലൂടെ കണ്ടറിഞ്ഞ സ്ത്രീ ഭരണത്തിന്റെ ഗാംഭീര്യത രണ്ടാം ഭാഗത്തിലെത്തുമ്പോൾ അഴകിന്റെയും ആയോധനത്തിന്റെയും റാണിയായ ദേവസേനയിലേക്ക് കൂടി പകർന്നു കൊടുക്കുന്നുണ്ട് സംവിധായകൻ. 

ഒന്നിന്റെ ഒടുക്കം മറ്റൊന്നിന്റെ തുടക്കമെന്ന പോലെയുള്ള കഥന രീതി ബാഹുബലി സീരീസിൽ വളരെ പ്രകടമാണ്. പ്രായഭേദമന്യേ രണ്ടു മൂന്നു തലമുറകളിലെ കഥാപാത്രങ്ങൾ ഒരുമിച്ചും നേർക്കുനേരും വരുന്ന സിനിമയെന്ന പ്രത്യേകതയും ബാഹുബലിക്കുണ്ട്. മഹിഷ്മതി സാമ്രാജ്യത്യത്തിന്റെ അധികാര കൈമാറ്റങ്ങൾ തന്നെ എങ്ങിനെയായിരുന്നു എന്ന് ചിന്തിച്ചു നോക്കൂ. സോമദേവ രാജാവിനു ശേഷം മക്കളിൽ മൂത്തവനായ ബിജ്‌ജാല ദേവയിലേക്ക് പോകേണ്ടിയിരുന്ന രാജാധികാരം അദ്ദേഹം ഇളയമകന് നൽകുന്നു. ഒരു രാജാവിന് വേണ്ട ശാരീരിക ക്ഷമത മൂത്തമകനായ ബിജ്‌ജാല ദേവക്കില്ല എന്ന കാരണം കൊണ്ടല്ല  സോമദേവ രാജാവ് അധികാരം ഇളയമകനു സമ്മാനിച്ചത് എന്ന് നമുക്ക് ബോധ്യമാകുന്നത്  അനിയന്റെ മരണ ശേഷം അധികാരം നേടാൻ ബിജ്‌ജാല കാണിക്കുന്ന വക്രവിദ്യകൾ കാണുമ്പോഴാണ്. അപ്രകാരം ചിന്തിക്കുമ്പോൾ അമരേന്ദ്ര ബാഹുബലിയുടെ അച്ഛന്റെ മരണം  പോലും സംശയാസ്പദമാണ്. സഹോദരൻ ഇല്ലാതായപ്പോൾ സ്വാഭാവികമായും മഹിഷ്മതിയുടെ അധികാരം തനിക്ക് കിട്ടുമെന്ന് ബിജ്‌ജാല ദേവ ചിന്തിച്ചു. പക്ഷേ അവിടെയും തന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അമരേന്ദ്ര ബാഹുബലിയുടെയും ഭല്ലാലദേവയുടെയും പേരിൽ ശിവഗാമി തന്ത്രപൂർവ്വം ഭരണം പിടിച്ചെടുത്തു. പിന്നീട് മകനായ ഭല്ലാല ദേവയെ രാജാവാക്കുന്നതിനു വേണ്ടിയായിരുന്നു അയാൾ കരുക്കൾ നീക്കിയത്. പക്ഷേ കാലകേയരോടുള്ള യുദ്ധശേഷം അമരേന്ദ്ര ബാഹുബലിയെ മഹിഷ്മതിയുടെ രാജാവാക്കാൻ ശിവഗാമി തീരുമാനിക്കുന്നതോടു കൂടെ ആ പ്രതീക്ഷയും മങ്ങുന്നു. ബിജ്‌ജാല ദേവ തന്റെ ലക്ഷ്യം കാണുന്നത് അമരേന്ദ്ര ബാഹുബലിക്കും ഭല്ലാല ദേവക്കുമിടയിൽ ദേവസേന എത്തുന്നതോട് കൂടെയാണ്. രാജാവാകാൻ അർഹത നേടിയ അമരേന്ദ്ര ബാഹുബലിയിൽ നിന്ന് രാജാമാതാ ശിവഗാമിയുടെ പിന്തുണയോടു കൂടെ ഭല്ലാല ദേവ അധികാരത്തിലേറുന്നു. ഭല്ലാല ദേവയിൽ നിന്ന് അധികാരം അമരേന്ദ്രേ ബാഹുബലിയുടെ മകനായ മഹേന്ദ്ര ബാഹുബലിയിലേക്ക് എത്തുന്നിടത്താണ് ബാഹുബലി സീരീസിന്റെ പരിസമാപ്തിയെന്നു തോന്നിപ്പിക്കുമെങ്കിലും അതിന് പിന്നെയും തുടർച്ചയുണ്ടെന്നു വേണം കരുതാൻ. ശിവഗാമിയുടെ രാജാമാതാ സ്ഥാനം ദേവസേനയിലൂടെയും അമരേന്ദ്ര ബാഹുബലിയുടെ രാജാവിന്റെ സ്ഥാനം മഹേന്ദ്ര ബാഹുബലിയിലൂടെയും തുടരുമ്പോൾ ഏറ്റവും പഴയ തലമുറയിലെ ബിജ്‌ജാല ദേവയും കട്ടപ്പയുമൊക്കെ മഹിഷ്മതി സാമ്രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായ എല്ലാ അധികാര കൈമാറ്റങ്ങളുടെയും സാക്ഷിയായി നിലകൊള്ളുന്നു. അപ്രകാരം ബാഹുബലിമാരുടെ കഥകൾ അവസാനിക്കാത്ത വിധം മഹിഷ്മതി എന്ന ഭാവനാ ലോകത്തെ പ്രേക്ഷകരുടെ മനസ്സിലും തുടരാൻ അനുവദിക്കുകയാണ്  സംവിധായകൻ ചെയ്യുന്നത്. 

ഹോളിവുഡ് സിനിമകളുടെ സാങ്കേതിക നിലവാരവുമായി താരതമ്യം ചെയ്ത് ബാഹുബലിയെ വിലയിരുത്തുന്ന രീതി യുക്തിപരമല്ല. സാങ്കേതിക വിദ്യയുടെ പൂർണ്ണത അവകാവശപ്പെടാനാകുന്ന സിനിമ അല്ലെങ്കിൽ കൂടി പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനെ നിരാശപ്പെടുത്താത്ത വിധം അവതരണ മികവുള്ള ഇന്ത്യൻ സിനിമ എന്ന നിലക്ക് ബാഹുബലി 2ന് കൈയ്യടി നൽകേണ്ടതുണ്ട്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും തമ്മിൽ ഒരു താരതമ്യം നടത്തി മികച്ചതേത് എന്ന് പറയുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കാരണം ഒന്നാം ഭാഗത്തിൽ കണ്ടു പരിചയമായ കഥാപരിസരവും കഥാപാത്രങ്ങളുമൊക്കെ തന്നെയാണ് രണ്ടാം ഭാഗത്തിലും ആവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ കാത്തിരുന്ന കാലയളവിന് പ്രതിഫലമെന്നോണം കുറെയേറെ പുതുമയുള്ള കാഴ്ചകൾ കിട്ടിയില്ലല്ലോ എന്ന പരാതിക്ക് പ്രസക്തിയില്ല. പിന്നെയുള്ളത് അതിശയോക്തിയുടെ കാര്യമാണ്. ഒന്നാം ഭാഗത്തിൽ അതിശയോക്തി നിറഞ്ഞതെങ്കിലും സാങ്കേതിക മികവിന്റെ പിന്തുണയിൽ വന്ന വൈവിധ്യങ്ങളായ ദൃശ്യവിസ്മയങ്ങളെ പുതുമയോടെയാണ് ആസ്വദിച്ചതെങ്കിൽ രണ്ടാം ഭാഗത്തിൽ അത്തരം രംഗങ്ങളിൽ പുതുമയെ ആസ്വദിക്കാതെ അതിശയോക്തിയെ ചോദ്യം ചെയ്യേണ്ടി വരുന്നുണ്ട്. അവിശ്വസനീയമായ രംഗങ്ങൾ സാങ്കേതിക വിദ്യയുടെ പിന്തുണയിൽ അവതരിപ്പിക്കുമ്പോൾ പോലും കാണുന്നവന് അത് യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്നിടത്താണ് രംഗാവിഷ്‌ക്കാരം അതിന്റെ പൂർണ്ണാർത്ഥത്തിൽ വിജയിക്കുന്നത് എന്നിരിക്കെ ഇവിടെ പന വലിച്ചു താഴ്ത്തി അതിന്റെ സ്‌പ്രിങ്‌ പവറിൽ കൊട്ടാരത്തിനകത്തേക്ക് പറന്നു ചെല്ലുന്ന പടയാളികളെയൊക്കെ കാണുമ്പോൾ നെറ്റി ഒരൽപ്പം ചുളിക്കേണ്ടി വരുന്നുണ്ട്. കാര്യങ്ങൾ അങ്ങിനെയൊക്കെയെങ്കിലും വാണിജ്യ കൗശലം കൊണ്ട് ഹോളിവുഡ് സിനിമകളോട് മത്സരിക്കാനും ലോക സിനിമാ മാർക്കറ്റിൽ സ്വന്തമായൊരു വിപണന മൂല്യം ഉണ്ടാക്കിയെടുക്കാനും ഇന്ത്യൻ സിനിമകൾക്ക് പ്രാപ്തിയുണ്ട് എന്ന് തെളിയിക്കുന്നുണ്ട് ബാഹുബലിയുടെ റെക്കോർഡ് ബോക്സോഫീസ് കളക്ഷൻ. ആഗോള സിനിമാ ലോകത്ത് ബോളിവുഡ് മാത്രമാണ് ഇന്ത്യൻ സിനിമ എന്ന് ധരിച്ചിരിക്കുന്നവരുടെ മുന്നിലേക്കാണ് ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് മറ്റൊരു ഭാഷാ സിനിമ എത്തുന്നത് എന്ന് കൂടെ എന്നോർക്കണം. ആഗോളതലത്തിൽ തെലുഗു ഭാഷാ സിനിമക്കുണ്ടായ ഈ മുന്നേറ്റം ഭാവിയിൽ മറ്റു പ്രാദേശിക ഭാഷാ സിനിമകൾക്കും ഉണ്ടായിക്കൂടാ എന്ന് പറയാൻ പറ്റില്ല. ആ തലത്തിലുള്ള ബജറ്റ് സിനിമാ ചർച്ചകൾക്ക് കൂടി തുടക്കം കുറിക്കുകയാണ് ബാഹുബലി 2 ന്റെ വാണിജ്യ വിജയം. 

ആകെ മൊത്തം ടോട്ടൽ = തിയേറ്റർ സ്‌ക്രീനിൽ കാണുന്നതിലൂടെ മാത്രം ആസ്വാദന പൂർണ്ണത കിട്ടുന്ന സിനിമകളുടെ കൂട്ടത്തിലാണ് ബാഹുബലി സീരീസ്. ആകാര വഴക്കം കൊണ്ടും പ്രകടന മികവ് കൊണ്ടും പ്രേക്ഷകനെ അതിശയിപ്പിക്കുന്നുണ്ട് പ്രഭാസും റാണയുമൊക്കെ. കീരവാണിയുടെ സംഗീതവും, ബിജിഎമ്മും സിനിമക്ക് കൊടുത്ത പിന്തുണ ചെറുതല്ല. സെന്തിൽ കുമാറിന്റെ ഛായാഗ്രഹണ മികവ് ഒന്നാം ഭാഗത്തേക്കാൾ മികച്ചു നിൽക്കുന്നു. സാബു സിറിലിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങും കോട്ടഗിരി വെങ്കിടേശ്വര റാവുവിന്റെ എഡിറ്റിങ്ങും പ്രതിപാദിക്കാതെ പറഞ്ഞവസാനിപ്പിക്കാൻ പറ്റുന്നതല്ല ബാഹുബലിയുടെ ആസ്വാദനം. മഹിഷ്മതി രാജ്യത്തിലെ പ്രജകൾക്കൊപ്പം സിനിമ കാണുന്ന പ്രേക്ഷകരെ കൊണ്ടും ബാഹുബലിക്ക് ജയ് വിളിപ്പിക്കാൻ സാധിച്ചെങ്കിൽ ആ സംവിധാന മികവിനെ രാജമൗലി മാജിക് എന്ന് വിളിച്ചാലും അതിശയോക്തിയില്ല. പോരായ്മാകളില്ലാത്ത കുറ്റമറ്റ ഒരു സിനിമ അല്ല ബാഹുബലി 2 എന്ന് സമ്മതിച്ചു തരുമ്പോഴും ആസ്വാദന സുഖം ഉറപ്പ് തരുന്ന ഇത്തരം സിനിമാ പരിശ്രമങ്ങളെ അഭിനന്ദിക്കാതെ മാറി നിൽക്കാനാകില്ല ഒരു പ്രേക്ഷകനും. 

*വിധി മാർക്ക് = 8/10 

-pravin-

Wednesday, April 19, 2017

ടേക് ഓഫ് - പറന്നുയരുന്ന മലയാള സിനിമ

നവതലമുറ സിനിമാ നിർമ്മാണങ്ങൾക്ക് തുടക്കം കുറിച്ച രാജേഷ് പിള്ളയുടെ 'ട്രാഫിക്' മലയാള സിനിമാ ലോകത്തിന് നൽകിയ ഉണർവ്വ് ചെറുതായിരുന്നില്ല. നിർമ്മാണത്തിലും അവതരണത്തിലും മാർക്കറ്റിങ്ങിലും തൊട്ട് സിനിമ സംബന്ധിക്കുന്ന സകലയിടങ്ങളിലും ചെറുതും വലുതുമായ പരീക്ഷണങ്ങളും പുതുമകളും കൊണ്ട് വരാൻ സിനിമാക്കാർ നിർബന്ധിതരാകാൻ തുടങ്ങുന്നതും ആ കാലത്താണ്. രാജേഷ് പിള്ളയുടെ അപ്രതീക്ഷിത വിയോഗം മലയാള സിനിമക്ക് ഒരു തീരാനഷ്ടമാണ് എന്ന് പറയാൻ പറ്റാത്ത വിധം മരണശേഷവും അദ്ദേഹം മലയാള സിനിമാ പരിസരത്തു ജീവിച്ചു കാണിക്കുന്നതിന്റെ തെളിവ് കൂടിയാണ് ടേക് ഓഫ്. അത് കൊണ്ട് തന്നെയാകാം രാജേഷ് പിള്ളയുടെ ഓർമ്മകളുമായി രാജേഷ് പിള്ള ഫിലിംസ് അവതരിപ്പിക്കുന്ന 'ടേക് ഓഫ്' പ്രേക്ഷകർക്ക് ഇന്ദ്രിയാതീമായ ഒരു സിനിമാ ആസ്വാദനവും അനുഭവവും കൂടിയായി മാറുന്നത്. 

സിനിമ കാണാത്തവർക്കും കൂടി കണ്ണടച്ച് ഒറ്റ വാക്കിൽ പറയാനാകുന്ന ഒന്നാണ് ടേക് ഓഫിന്റെ കഥ. ഇറാഖിൽ വച്ച് ഐ.എസ് ഭീകരരുടെ പിടിയിലായ മലയാളി നഴ്‌സുമാരെ സുരക്ഷിതരായി കേരളത്തിലേക്കെത്തിക്കുന്നതോടു കൂടെ തീരുന്ന ഒരു സിനിമയിൽ എന്തിത്ര കാണാനും പറയാനുയി വലിയ കാര്യങ്ങൾ അവശേഷിക്കുന്നത് എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇവിടെയാണ് 'സിനിമ' എന്ന വാക്കിന്റെ പ്രസക്തി. 'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന ബെന്യാമിൻ വാക്കുകൾ ഓർമ്മയില്ലേ. സിനിമയുടെ കാര്യത്തിൽ അതൊന്നു തിരുത്തി പറയണം എന്ന് മാത്രം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുടെ കൂടെ ജീവിതങ്ങളാക്കി അനുഭവപ്പെടുത്തുന്നതാണ് ഒരു യഥാർത്ഥ സിനിമ. നടന്നിട്ടില്ലാത്ത ഒരു സംഭവത്തെ തീർത്തും ഭാവനപരമായി അവതരിപ്പിക്കുന്നതിന്റെ മൂന്നിരട്ടി ശ്രമങ്ങൾ വേണം നമുക്കറിയാവുന്ന ഒരു സംഭവത്തെ വിശ്വാസയോഗ്യമാം വിധം ദൃശ്യവത്ക്കരിക്കാൻ. തുടക്കവും ഒടുക്കവുമെല്ലാം മുന്നേ കൂട്ടി അറിയാവുന്ന അത്തരം ഒരു സംഭവ കഥയുടെ പശ്ചാത്തലത്തിൽ ജീവസ്സുറ്റ കഥാപാത്രങ്ങളെയും അനുഭവങ്ങളേയും വീക്ഷണങ്ങളെയുമൊക്കെ തുന്നി ചേർത്ത് അവതരിപ്പിക്കുകയാണ് മഹേഷ് നാരായണൻ. അത് കൊണ്ട് തന്നെ യഥാർത്ഥ സംഭവങ്ങൾക്കൊപ്പം തന്റേതായ സാങ്കൽപ്പികതകളെയും സംവിധായകൻ സിനിമക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. 

ഒരു വേള ഇറാഖിൽ ഭീകരരുടെ പിടിയിലാകുന്ന മലയാളി നഴ്സുമാരുടെ ദുരിതങ്ങൾ എന്നതിനേക്കാൾ കൂടുതലായി നഴ്‌സുമാരുടെ ജീവിതത്തെയാണ് സംവിധായകൻ സിനിമയിൽ ഫോക്കസ് ചെയ്യാൻ ശ്രമിക്കുന്നത്. നഴ്സ്‌മാരെ ഭൂമിയിലെ മാലാഖമാർ എന്നൊക്കെ വിളിക്കുമ്പോഴും നഴ്സിങ്ങ് ജോലിയെ ഒരു വശപ്പിശക് ജോലിയായി നോക്കി കാണുന്നവരാണ് സമൂഹത്തിൽ അധികവും. നൈറ്റ് ഡ്യൂട്ടിക്ക് പോയി വരുന്ന നഴ്സുമാരെ ഉന്നം വച്ച് കൊണ്ട് സമൂഹത്തിൽ പ്രചരിക്കുന്ന ക്രൂര പരിഹാസങ്ങളും തമാശകളും പിന്നീട് ആൺ സദസ്സുകളിൽ ഇക്കിളി കഥകളായി പോലും  പരിണമിക്കാറുണ്ട്. 'കുട്ടേട്ടൻ'മാരുടെ പഞ്ചാര വർത്തമാനങ്ങളിൽ വീണ് ഒരു നിമിഷം കൊണ്ട് സ്വയം അലിഞ്ഞു പോകുന്നവരും, നായകന്റെയോ സഹനടന്റെയോ ചന്തിക്ക് ഇഞ്ചക്ഷൻ വച്ച് കൊണ്ട് കോമഡിക്ക് രസക്കൂട്ടുണ്ടാക്കുന്നവരുമൊക്കെയാണ് മലയാള സിനിമകളിൽ നമ്മൾ കണ്ടു ശീലിച്ച നഴ്സ് കഥാപാത്രങ്ങളിൽ കൂടുതലും. എന്തിനേറെ പറയുന്നു, നഴ്സുമാരെ വാക്കുകൾ കൊണ്ട് മാലാഖയോളം വിശുദ്ധവത്ക്കരിക്കുമ്പോഴും 22 ഫീമെയിൽ കോട്ടയം പോലുള്ള സ്ത്രീപക്ഷ സിനിമകളിൽ പോലും (മനഃപൂർവ്വമല്ലെങ്കിൽ കൂടി) അവരുടെ ജീവിതം വശപ്പിശക് തന്നെയാണെന്ന് സ്ഥിരീകരിച്ചു കൊടുക്കുന്നുണ്ട്. ഇത്തരത്തിൽ മലയാള സിനിമ കാലങ്ങളായി പൊതുവത്ക്കരിച്ചു കാണിച്ച നഴ്സ്മാരുടെ ജീവിതത്തെ സ്ഥിരം ചട്ടക്കൂട്ടിൽ നിന്ന് പുറത്തു കൊണ്ട് വരുന്ന സിനിമ കൂടിയാണ് ടേക് ഓഫ്. 

നഴ്സിങ്ങ് കോഴ്സും ജോലിയും തിരഞ്ഞെടുക്കുന്നവർ സേവന താല്പര്യത്തോടൊപ്പം തന്നെ ആ ജോലിയിലൂടെ ഉയർന്ന വേതനം കൂടി സ്വപ്നം കാണുന്നവരാണ്. തൊഴിൽപരമായി ഒരേ ഫാമിലിയിലാണെങ്കിലും ഡോക്ടർമാർക്ക് കിട്ടുന്ന ബഹുമാനമോ പരിഗണനകളോ അർഹിക്കപ്പെടുന്ന അളവിൽ പോലും നഴ്സ്മാർക്ക് കിട്ടുന്നില്ല. ഒരേ സമയം തൊഴിലിടങ്ങളിലും അതിനു പുറത്തും അവർ പല വിധത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും അതിനെയെല്ലാം അതിജീവിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ തന്നെ സമീപ കാലങ്ങളിലായി നടന്ന നഴ്സ് സമരങ്ങൾ ആലോചിച്ചു നോക്കൂ, അതൊന്നും അനർഹമായ എന്തെങ്കിലും നേടിയെടുക്കാൻ വേണ്ടിയായിരുന്നില്ല. എന്നിട്ടും വെറും നാല് കോളം വാർത്തക്ക് വേണ്ടി നടത്തുന്ന സൊ കാൾഡ് (അ)രാഷ്ട്രീയ വിപ്ലവ സമരങ്ങൾക്ക് കിട്ടുന്ന പിന്തുണ പോലും അവരുടെ സമരങ്ങൾക്ക് കിട്ടാറില്ല എന്നതാണ് സത്യം. കേരളത്തിലെ തൊഴിലിടങ്ങളിലെ അത്തരം പ്രശ്നങ്ങളുടെ രംഗാവിഷ്‌ക്കാരത്തിലേക്കൊന്നും കടക്കുന്നില്ലെങ്കിലും സ്വന്തം രാജ്യം വിട്ട് ജീവന് പോലും ഭീഷണിയുണ്ടായേക്കാവുന്ന മറ്റൊരു രാജ്യത്തിലേക്ക് ജോലിക്കായി പോകാൻ തീരുമാനിക്കുന്നവരുടെ മാനസികാവസ്ഥയിലൂടെ സിനിമ പലതും നമ്മളെ ബോധ്യപ്പെടുത്തുണ്ട്. ജീവനും പണയപ്പെടുത്തി കൊണ്ട് യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് എന്തിനാണ് ജോലിക്ക് വരുന്നത്, നാട്ടിൽ തന്നെ കിട്ടുമല്ലോ ജോലി എന്ന് ചോദിക്കുന്ന ഇന്ത്യൻ അംബാസിഡറോട് സമീറ പറയുന്ന മറുപടി ശ്രദ്ധേയമാണ്. നഴ്സ്സ്മാരെ മാലാഖമാരെന്നു വിളിക്കുന്നവരാരും മാലാഖമാരുടെ വീട്ടിലെ അവസ്ഥ ചോദിക്കാറില്ല എന്ന് സമീറ പറയുമ്പോൾ സിനിമയിൽ അംബാസിഡറും തിയേറ്ററിൽ പ്രേക്ഷകരും തല കുനിച്ചു പോകുന്നുണ്ട്. അത് കൊണ്ട് തന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാം, മരണമുഖത്തു പോലും ജീവനേക്കാൾ വലുതാണ് കൂലി എന്ന മട്ടിൽ നിലയുറപ്പിക്കാൻ നിർബന്ധിതരാകുന്നവരുടെ ഗതികേടിനെ പരിഹസിക്കാനോ വിമർശിക്കാനോ ടേക് ഓഫ് കണ്ടിറങ്ങിയ ഒരു പ്രേക്ഷകനും സാധിക്കില്ല. 

നഴ്സ് ജീവിതങ്ങളുടെ സാമൂഹിക മൂല്യം ഉയർത്തി കാണിക്കുന്നതോടൊപ്പം പെൺ ജീവിതങ്ങളെ വ്യക്തിത്വ ബോധമുള്ളവരായും കൂടി അവതരിപ്പിക്കുന്നുണ്ട് സിനിമ. ആ കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ് സമീറ എന്ന നായിക കഥാപാത്ര സൃഷ്ടി. പറഞ്ഞു വരുമ്പോൾ നായികയെ മുസ്‌ലിംവത്ക്കരിക്കുന്നതിനു പിന്നിൽ പോലുമുണ്ട് സമർത്ഥമായ ചില ആവിഷ്ക്കാര ഉദ്ദേശ്യങ്ങൾ. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകളുടെ പ്രവർത്തന മേഖല അടുക്കള തന്നെയാകണം എന്ന നിർബന്ധിത്വം മത സമുദായ ഭേദമന്യേ ഉള്ള ഒന്നാണെങ്കിലും ഇവിടെ സിനിമയിൽ യാഥാസ്ഥിതിക ചിന്തകൾ വിമർശിക്കപ്പെടുന്നത് സമീറയുടെ സമുദായ പശ്ചാത്തത്തിലാണ്. വിശ്വാസപരമായ മത കൽപ്പനകൾ ഒന്നുമില്ലെങ്കിലും സമുദായത്തിനിഷ്ടം ജോലിക്ക് പോകാതെ അടുക്കളപ്പുറങ്ങളിൽ ഒതുങ്ങിക്കൂടുന്ന സ്ത്രീകളെയാണ് എന്ന ആൺ ശാസനകളെ അവഗണിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്നവളാണ് സമീറ. പ്രവാചക കാലത്ത് പോലും യുദ്ധത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉണ്ടായിട്ടുണ്ട് എന്നിരിക്കേ അടുക്കളപ്പുറങ്ങളിൽ ഒതുങ്ങേണ്ടവളല്ല സ്ത്രീ എന്ന് തറപ്പിച്ചു പറയാൻ അവളാരെയും ഭയപ്പെടുന്നില്ല. ഈ ഒരു ധൈര്യം തന്നെയാണ് ഐ സ് ഭീകരരുടെ തടവിലായിരിക്കുമ്പോൾ പല പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ അവളെ പ്രാപ്തയാക്കുന്നത്. സ്ത്രീയോടുള്ള അതിക്രമവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിലെ കാഴ്ചപ്പാടുകൾ ചൂണ്ടി കാണിച്ചു കൊണ്ട് വാചാലയാകുന്ന സമീറക്ക് മുന്നിൽ ഐസ് ഭീകരൻ പോലും ഉത്തരമില്ലാതെ നിന്ന് പോകുന്നുണ്ട്. സമീറയുടെ വ്യക്തിജീവിതത്തിൽ പല കാര്യങ്ങളിലായി അവൾ സ്വീകരിച്ച നിലപാടുകളിലെ ശരി തെറ്റുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള സാധ്യതകളെയൊക്കെ ഇല്ലാതാക്കി കൊണ്ട് അവളുടെ വ്യക്തിത്വത്തെയും തന്റേടത്തെയും കൃത്യമായി വരച്ചിടുകയാണ് സിനിമ മുഴുവൻ. അത് കൊണ്ട് തന്നെ സമീറയിൽ തുടങ്ങി സമീറക്കൊപ്പം സഞ്ചരിച്ച് സമീറയിൽ തന്നെ അവസാനിക്കുന്ന ഒരു സിനിമയാണ് ടേക് ഓഫ് എന്നും പറയാം. 

ചില സങ്കുചിത മനോഭാവക്കാർ 'ടേക് ഓഫ്' മായി ബന്ധപ്പെട്ടു നടത്തിയ ചില ആരോപണങ്ങൾ കൂടി ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. നാൽപ്പത്തി ആറോളം നഴ്സ്മാർ തങ്ങളുടെ നിയന്ത്രണത്തിലായിട്ടും അവരെ ലൈംഗികമായോ ശാരീരികമായോ ഉപദ്രവിക്കാതെ പൊന്നു പോലെ നോക്കിയ ഇറാഖിലെ സായുധരായ സുന്നി വിമതരോട് മലയാള സിനിമ നന്ദി കാട്ടിയില്ല എന്നതായിരുന്നു അക്കൂട്ടത്തിലെ പ്രധാന ആരോപണം. ഈ ആരോപണം ശരിവെക്കാനായി ഇറാഖിൽ നിന്ന് തിരിച്ചെത്തിയ നഴ്‌സുമാരിൽ ചിലർ പറഞ്ഞ ഭീകരരുടെ 'ആങ്ങളമാരെ' പോലെയുള്ള പെരുമാറ്റം എന്ന പരാമർശത്തെയും അവർ ചൂണ്ടി കാണിക്കുന്നു. എന്നാൽ നഴ്സ്മാരിൽ ചിലർ പ്രകടിപ്പിച്ച ഈ അഭിപ്രായത്തെ പോലും സിനിമ മാന്യമായി അവതരിപ്പിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം. എന്നാൽ ഭീകരരെ ഭീകരായി തന്നെ കാണിക്കുന്ന നിലപാടിൽ സിനിമ യാതൊരു വിട്ടു വീഴ്ചക്കും നിന്നിട്ടില്ല. നഴ്സുമാരോട് മാന്യമായി പെരുമാറിയെങ്കിൽ തന്നെ ഭീകരർ ഭീകരർ അല്ലാതാകുന്നുണ്ടോ ? തങ്ങളെ കയറ്റി കൊണ്ട് പോയ വണ്ടിയിൽ നിറച്ചും തോക്കും ബോംബും നിറച്ചിരുന്നു എന്നൊക്കെയും നഴ്സ്മാർ വിശദീകരിച്ചിട്ടുണ്ടെങ്കിലും മേൽപ്പറഞ്ഞ 'ആങ്ങള പെരുമാറ്റം' മാത്രം ഉയർത്തി പിടിച്ചു കൊണ്ട് ഭീകരരെ സ്നേഹമുള്ളവരും സമാധാനപ്രിയരുമായി സിനിമയിൽ അവതരിപ്പിച്ചു കാണിക്കാത്തതിന്റെ പേരിൽ ആർക്കെങ്കിലും അരിശം മൂക്കുന്നുണ്ടെങ്കിൽ അത് അസുഖം വേറെയാണ്. ഭീകരരെ സുന്നി വിമതരെന്നൊക്കെ തൊട്ടും തലോടിയും അഭിസംബോധന ചെയ്യുമ്പോഴും ഐ എസിന്റെ പേര് ബോധപൂർവ്വം പറയാതെ മറക്കുകയാണ് വിമർശകർ. അതിനുമുണ്ട് അവർക്കൊരു വിചിത്ര വാദം. അതായത് ഐഎസ്സ് അല്ല മലയാളി നഴ്സ്മാരെ തടവിലാക്കിയത് മറിച്ച് സായുധരായ സുന്നി വിമതരാണെന്നാണ് ആ വാദം. അവരെ ഐ എസ് ഭീകരരായി ചിത്രീകരിച്ചതിലാണത്രെ നീതികേട്‌. ഇനി ആ വാദത്തെ ശരി വച്ചാൽ തന്നെ അവരെ ഐ എസായി അവതരിപ്പിച്ചു കാണിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം കൂടി വിമർശകർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാടിയിരുന്ന സായുധ ജിഹാദി ഗ്രൂപ്പായിരുന്നു ഇറാഖിലും സിറിയയിലും ശക്തമായ സ്വാധീനമുണ്ടായിരുന്ന ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്റ്. 2014 പകുതിയോടു കൂടെ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന രൂപത്തിലേക്ക് മാറിയ അവർ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഖിലാഫത് പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ നിരവധി ജിഹാദി സംഘടനകളുടെ പിന്തുണയും അവർക്ക് ലഭിക്കുകയുണ്ടായി. ഇറാഖിലാണെങ്കിൽ ഷിയാ ഗവർമെന്റിന്റെ സുന്നി വിരുദ്ധ ഭരണം അരങ്ങേറുന്ന കാലവുമായിരുന്നു അത്. പ്രക്ഷോഭങ്ങളെ ഗവർമെന്റ് സൈനികമായി നേരിട്ടതും സുന്നി പാർലമെന്റ് അംഗങ്ങളുടെ വീട് റൈഡ് ചെയ്തതും അടക്കം ഹവീജ കൂട്ടക്കൊലയും കൂടി ആയപ്പോൾ സുന്നികൾക്കിടയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനും അവരുടേതടക്കമുള്ള പിന്തുണ നേടാനും ISISനു കഴിഞ്ഞു. പ്രത്യക്ഷത്തിൽ രണ്ടു ഗ്രൂപ്പാണെന്നു തോന്നിപ്പിച്ചവർ ഒരു പൊതു കാര്യത്തിനായി ഒരുമിച്ചത് അങ്ങിനെയാണ്. അത് കൊണ്ട് തന്നെ  ഐ എസ് അല്ല സായുധരായ സുന്നി വിമതർ എന്ന വാദത്തിന്റെ പ്രസക്തിയും അവിടെ തീരുന്നു. പറഞ്ഞു വരുന്നത് ഇതൊക്കെ നടക്കുന്ന അതേ 2014 ജൂൺ കാലത്ത് പ്രസ്തുത പരിസര പ്രദേശങ്ങളിൽ നിന്ന് തന്നെയാണ് നഴ്സ്മാർ തടവിലായ വാർത്തയും വരുന്നത് എന്നാണ്. മോചിതരായ ശേഷമുള്ള നഴ്‌സുമാരുടെ തന്നെ വിവരണങ്ങളിൽ നിന്ന് വ്യക്തമാണ് അവിടെ നിലനിന്നിരുന്ന ഭീകരാന്തരീക്ഷം എത്ര വലുതായിരുന്നെന്ന്. അത് കൊണ്ട് തന്നെ ഒരേ സമയം ഐ എസിന്റെ ഭീകരതക്കെതിര് പറയുകയും സായുധ സുന്നി വിമതരെ തലോടി സംസാരിക്കുകയും ചെയ്യുന്നവർ കണ്ണടച്ച് കൊണ്ട് ഭീകരതക്ക് പോലും വെള്ള പൂശുകയാണെന്ന് പറയാതെ വയ്യ. നഴ്സ്മാരെ ദേഹോപദ്രവം ഏൽപ്പിക്കുന്നവരായി കാണിക്കാതിരിക്കുമ്പോഴും ഭീകരരെ ഭീകരരായി തന്നെ കാണിക്കുന്ന നിലപാട് സ്വീകരിച്ചതിന്റെ പേരിൽ മലയാള സിനിമയെ പഴി ചാരുകയല്ല അഭിനന്ദിക്കുകയാണ് വേണ്ടത്. 

ആകെ മൊത്തം ടോട്ടൽ = സമീപ കാല മലയാള സിനിമകളേക്കാൾ എല്ലാ അർത്ഥത്തിലും എല്ലാ തലങ്ങളിലും മികവും പുതുമയും സമ്മാനിച്ച ഒരു സിനിമ. പാർവ്വതിയുടെ സമീറ എന്ന കഥാപാത്രം തന്നെയാണ് ടേക് ഓഫിനെറ് ആത്മാവ്. ശാരീര ഭാഷയിലും വേഷ പകർച്ചയിലും പ്രകടനത്തിലുമൊന്നും തന്നോളം പോന്ന മറ്റൊരു ന്യൂ ജനറേഷൻ നടൻ വേറെയില്ല എന്ന് അടിവരയിട്ടു പറയുന്നതാണ് ഫഹദ് ഫാസിലിന്റെ ഇന്ത്യൻ അംബാസിഡർ വേഷം. ഒതുക്കമാർന്ന അഭിനയ ശൈലിയിലൂടെ ഷഹീദ് എന്ന കഥാപാത്രത്തെ മനോഹരമാക്കാൻ കുഞ്ചാക്കോ ബോബനും സാധിച്ചിട്ടുണ്ട്. സാങ്കേതിക മികവും എഡിറ്റിങ്ങിലെ ചടുലതയുമാണ് ടേക് ഓഫിന്റെ മറ്റൊരു എടുത്തു പറയേണ്ട കാര്യം. അന്താരാഷ്‌ട്ര സിനിമകളോട് പോലും  മത്സരിക്കാൻ തക്ക മികവുറ്റ മേക്കിങ്ങിലൂടെ മലയാള സിനിമയുടെ യശസ്സുയർത്താൻ  ടേക് ഓഫിന് സാധിച്ചിട്ടുണ്ട്. ആ അർത്ഥത്തിൽ  മലയാള സിനിമയുടെ കൂടി 'ടേക്ക് ഓഫ്' ആയി മാറുകയാണ് മഹേഷ് നാരായണന്റെ ആദ്യ സിനിമാ സംരംഭം. മലയാള സിനിമ പറന്നുയരുമ്പോൾ  രാജേഷ് പിള്ളയെ നന്ദിപൂർവ്വം സ്മരിച്ചു പോകുകയാണ് പ്രേക്ഷക സമൂഹം. 

*വിധി മാർക്ക് = 8.5/10 

-pravin-

Friday, March 24, 2017

'അലമാര'ക്കും പറയാനുണ്ട് ചിലത്

അലമാര ഒരു കൊച്ചു സിനിമയാണ്. കൂട്ടുകാരും കുടുംബവുമായി സധൈര്യം കാണാവുന്ന ഒരു കൊച്ചു സിനിമ. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ തുടക്കം മുതൽ ഒടുക്കം വരേയ്ക്കും അലമാരയെ ചുറ്റിപ്പറ്റിയാണ് സിനിമയിലെ മൊത്തം കാര്യങ്ങളും. അത് കൊണ്ട് തന്നെ അലമാര വിട്ടു മറ്റൊരു വിഷയത്തെയും കുറിച്ച് പറയാത്ത സിനിമയിൽ വിരസതക്കുള്ള സാധ്യതകൾ ഏറെയായിരുന്നു. എന്നാൽ ആ വിരസതയെ സിനിമ ഇല്ലാതാക്കുന്നത് കൊച്ചു കൊച്ചു നർമ്മങ്ങളിലൂടെയാണ്. ഒരു അലമാരക്ക് ഇതിനും മാത്രം എന്താണ് ഒരു മുഴുനീള സിനിമയിൽ പറയാനുള്ളത് എന്ന ചിന്ത വേണ്ട. അലമാരക്കും പറയാനുണ്ട് ചിലത്. ഒരർത്ഥത്തിൽ അലമാര ഒരു പ്രതീകമാണ്. എന്തിനും ഏതിനും പഴി ചാരാൻ ഏതൊരു കുടുംബത്തിലും നിയോഗിക്കപ്പെടുന്ന ഒരു വസ്തു. ഈ വസ്തു കുടുംബത്തിലെത്തുന്നത് പല വഴിക്കായിരിക്കാം. ഇവിടെ അരുണിന് (സണ്ണിവെയ്ൻ) ഭാര്യ വീട്ടിൽ നിന്ന് കല്ല്യാണത്തിന് ശേഷം ആചാരത്തിന്റെ ഭാഗമായി കിട്ടുന്ന ഒരു സ്നേഹോപഹാരമാണ് 'അലമാര' എന്ന കേന്ദ്ര കഥാപാത്രം. 

ജയൻ കെ നായരുടെ സംവിധാനത്തിൽ വന്ന 'ഹലോ നമസ്തേ' യും മിഥുൻ മാനുവലിന്റെ 'അലമാര'യുമൊക്കെ തർക്ക വസ്തുവായി പ്ലാവിനെയും അലമാരയേയുമൊക്കെ അവതരിപ്പിക്കുന്ന രീതി ഏറെക്കുറെ സമമാണ്. പ്ലാവിന് സുരാജ് വെഞ്ഞാറമൂടാണ് ശബ്ദം നൽകിയതെങ്കിൽ അലമാരക്ക് ശബ്ദം നൽകിയിരിക്കുന്നത് സലിംകുമാറാണ്. 'ഹലോ നമസ്തേ' യിൽ ഉറ്റ സുഹൃത്തുക്കളുടെ ഫ്‌ളാറ്റുകൾക്കിടയിൽ നിലകൊള്ളുന്ന ഒരു പ്ലാവ് അവരുടെ സുഹൃത് ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന പോലെ 'അലമാര'യിൽ ഒരു അലമാരയുടെ പേരിലാണ് ഭാര്യാ ഭർതൃ ബന്ധത്തിൽ വിള്ളലുകൾ സംഭവിക്കുന്നത്. കൊച്ചു കൊച്ചു കാര്യങ്ങളുടെ പേരിലാണ് പലപ്പോഴും ദൃഢമെന്നു തോന്നിക്കുന്ന ബന്ധങ്ങൾ തകരാറുള്ളത്. പുറമേ നിന്ന് ആലോചിക്കുന്നവർക്ക് അത് കാണുമ്പോൾ ചിരിക്കാനും പരിഹസിക്കാനും സാധിക്കുമെങ്കിലും നമുക്ക് ചുറ്റും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറില്ല എന്ന് ആർക്കും സമ്മതിക്കാതിരിക്കാനാകില്ല. മേൽപ്പറഞ്ഞ രണ്ടു സിനിമകളും രണ്ടു പശ്ചാത്തലത്തിൽ രണ്ടു കഥ തന്നെയാണ് പറയുന്നത് എങ്കിലും പറഞ്ഞെത്തുന്ന കാര്യം ഒന്നാണ്. 

വിവാഹ ശേഷം നിസ്സാര പ്രശ്നങ്ങളുടെ പേരിൽ തുടങ്ങി വക്കുന്ന കലഹം രണ്ടു കുടുംബത്തിന്റെ സ്ഥിരം പ്രശ്നമായി മാറുകയും അത് പിന്നെ പെരുപ്പിച്ചു കാണിച്ചു കൊണ്ട് വിവാഹ മോചനത്തിന് വരെ നിർബന്ധിതരാകേണ്ടി വരുകയും ചെയ്യുന്ന ദമ്പതികളുടെ എണ്ണം ഇന്നത്തെ സമൂഹത്തിൽ ചെറുതല്ല. ഇവിടെ 'അലമാര' അതെല്ലാം സരസമായി ചൂണ്ടി കാണിക്കുമ്പോഴും കുടുംബത്തിനുള്ളിലെ പെൺ കലഹങ്ങളും അമ്മായിയമ്മയുടെ മുറുമുറുക്കലുകളും പിടി വാശികളുമെല്ലാം ദൈർഘ്യമേറിയ സീനുകൾ കൊണ്ട് ആവർത്തിച്ചവതരിപ്പിക്കുമ്പോൾ പലയിടത്തും സിനിമ  ഒരു ടെലി സീരിയൽ അവതരണ ശൈലിയെയാണ്  പിൻപറ്റുന്നത്. ഒരു തിയേറ്റർ വാച്ചിങ്ങിനു വേണ്ട കാമ്പുള്ള കഥാ ഘടകങ്ങളും സാഹചര്യങ്ങളുമൊന്നും അലമാരയിലില്ല എന്ന ആക്ഷേപ സാധ്യത ഉണ്ടാകുന്നതും അവിടെ തന്നെ. 

'അലമാര' എന്ന കേന്ദ്രകഥാപാത്രത്തിന് സലിംകുമാറിന്റെ ശബ്ദത്തിൽ ഹാസ്യ ഭാവം നൽകുമ്പോഴും ആ വസ്തുവിന്റെ നിസ്സാഹായതയും ഏകാന്തതയും ദൈന്യതയുമൊക്കെ മനോഹരമായി അവതരിപ്പിച്ചു കാണിക്കുന്നുണ്ട് സംവിധായകൻ. വല്ല പറമ്പിലും മരമായി നിന്ന് കാറ്റ് കൊണ്ടാൽ പോരായിരുന്നോ, എന്തിനാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരനായി ഞങ്ങളുടെ ജീവിതത്തിലേക്ക് നീ കടന്നു വന്നത് എന്നൊക്കെ ചോദിക്കുന്ന അരുണിനോട് ഒരു പരിഭവവുമില്ലാതെ അലമാര പറയുന്ന മറുപടികൾ മനസ്സിൽ തട്ടുന്നതാണ്. ഈഗോ എന്നതിന് വലുപ്പ ചെറുപ്പങ്ങളൊന്നുമില്ല. അതെപ്പോ വേണമെങ്കിലും ആരോട് വേണമെങ്കിലും കേറി ഉടക്കാൻ തരത്തിൽ നമ്മുടെയൊക്കെ ഉള്ളിന്റെയുള്ളിൽ അങ്ങിനെ ഒളിഞ്ഞു കിടക്കുകയാണ്. നിസ്സാരമെന്നു ആര് പറഞ്ഞാലും ആ ഈഗോയെ ജയിക്കാൻ കഴിയുന്നിടത്താണ് മനുഷ്യൻ ജീവിതത്തിൽ ജയിച്ചു കയറുന്നത് എന്നൊരു ഓർമ്മപ്പെടുത്തലു കൂടിയാണ് അലമാര.


ബിഗ് ബജറ്റ് സിനിമകളും, യുവത്വം ആഘോഷിക്കുന്ന സിനിമകളും മൊഴിമാറ്റ സിനിമകളുമൊക്കെ തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന ഈ കാലത്തും കൊച്ചു സിനിമകൾക്ക് പല കാരണങ്ങളാൽ തിയേറ്ററുകളിൽ സ്വീകാര്യത കുറയാറുണ്ട്. പുതുമയില്ല എന്ന് പാടി നടക്കുമ്പോഴും പുതുമയായി വന്ന പല പരീക്ഷണ സിനിമകളും തിയേറ്ററുകളിലെ ഏകാന്തത അവസാനിപ്പിച്ചു കൊണ്ട് ഡിവിഡികളിലേക്ക് ചേക്കേറുന്നതും ഈ കാലത്തു തന്നെ. പിന്നീടാണ് ടോറന്റ് വിപ്ലവം സംഭവിക്കുന്നത്. അയ്യോ ഈ സിനിമ എന്തേ തിയേറ്ററിൽ ഓടിയില്ല, കുഴപ്പമില്ലാത്ത പടമാണല്ലോ പിന്നെന്ത് പറ്റി എന്ന് തുടങ്ങിയ  സഹതാപ കമെന്റുകൾ കാണുമ്പോഴാണ് ബാക്കിയുള്ളവരും  പടം കാണാൻ  തയ്യാറാകുക. പിന്നെ പടം ടോറന്റ് ഹിറ്റാണ്. അങ്ങിനെ ഹിറ്റായ പടങ്ങളുടെ എണ്ണവും പേരുമൊന്നും പറയുന്നില്ല. പക്ഷേ ഇവിടെ തീർച്ചയായും ഓർമ്മപ്പെടുത്തേണ്ട മറ്റു ചിലതുണ്ട്. എല്ലാ പടവും എല്ലാവരെയും തൃപ്തിപ്പെടുത്തില്ലെന്നിരിക്കെ സിനിമ കണ്ടു വന്നവരുടെ ആസ്വാദനകുറിപ്പുകളും അഭിപ്രായങ്ങളും മാത്രം കണ്ടു കൊണ്ട് ഒരു പടം മികച്ചതെന്നോ  മോശമെന്നോ മുൻവിധിയെഴുതരുത്. സിനിമ റിലീസാകുന്നതിനും മുന്നേ സോഷ്യൽ മീഡിയയിൽ ഹൈപ്പുണ്ടാക്കി തിയേറ്ററുകളിൽ വിജയിച്ച പല സിനിമകളും ആസ്വാദനപരമായി വിജയിക്കാതെ പോയിട്ടുണ്ട് എന്ന പോലെ തന്നെയാണ് ഒരു ഹൈപ്പും ഉണ്ടാക്കാതെ വന്നു തിയേറ്ററിൽ പരാജയപ്പെടുന്ന  സിനിമകൾ ഡിവിഡിയായെത്തുമ്പോൾ  നമുക്ക്  ആസ്വാദ്യകരമാകുന്നതും. നിർഭാഗ്യവശാൽ   അത്തരം ഒരു സാഹചര്യത്തിലേക്ക് പല കൊച്ചു സിനിമകളെയും നിർദാക്ഷിണ്യം  തള്ളിവിട്ടിട്ടുണ്ട് നമ്മുടെ പ്രേക്ഷക സമൂഹം. ആ ഒരു തലത്തിൽ നോക്കുമ്പോൾ അലമാര പോലുള്ള കൊച്ചു സിനിമകളോട്  ദയാപരമായ ഒരു ആസ്വാദന സമീപനമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. 

ആകെ മൊത്തം ടോട്ടൽ = മിഥുൻ മാനുവലിന്റെ ആടും ആന്മരിയയും സമ്മാനിച്ച ആസ്വാദന സുഖം അലമാരയിൽ നിന്ന് കണ്ടു കിട്ടണമെന്നില്ലെങ്കിലും ബോറടിക്കാതെ കുടുംബ സമേതം കാണാൻ പറ്റുന്ന ഒരു കൊച്ചു സിനിമ തന്നെയാണ് അലമാര. മികച്ച കഥയോ തിരക്കഥയോ ഒന്നും അവകാശപ്പെടാനില്ലാതിരിക്കുമ്പോഴും സരസമായ അവതരണം കൊണ്ട് രസിപ്പിക്കുന്നുമുണ്ട് അലമാര. വിവാഹിതർക്കും അലമാര സമ്മാനമായി വാങ്ങിയവർക്കും ഈ സിനിമയുടെ കഥാപരിസരവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ സാധിക്കും. ഒരു മുഴുനീള സിനിമയിലേക്കു വേണ്ട സബ്ജെക്ട് ഉണ്ടായിട്ടും 'അലമാര' യിലും അലമാരക്ക് ചുറ്റും മാത്രമായി സിനിമ ഒതുങ്ങിപ്പോകുന്നു എന്നത് മാത്രമാണ് നിരാശ. 

*വിധി മാർക്ക് = 5/10 

-pravin- 

Wednesday, March 15, 2017

എസ്ര - ജൂത പശ്ചാത്തലത്തിൽ ഒതുങ്ങുന്ന വ്യത്യസ്തത

ബഷീറിയൻ തിരക്കഥയിൽ വിൻസന്റ് മാസ്റ്ററുടെ സംവിധാനത്തിൽ 1964 ൽ റിലീസായ 'ഭാർഗ്ഗവീനിലയ'മായിരുന്നു മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ പ്രേത സിനിമ. മലയാളി പ്രേക്ഷകർക്ക് ഒട്ടും പരിചയമില്ലാത്ത ഒരു കഥാപശ്ചാത്തലത്തിലൂടെ കാഴ്ചയുടെയും കേൾവിയുടെയും പുത്തൻ ആസ്വാദനം തന്നെ സമ്മാനിക്കുകയുണ്ടായി ആ സിനിമ. പ്രേതം എന്നാൽ വെള്ള വസ്ത്രമുടുത്ത്‌ നിലം തൊടാതെ ഒഴുകി നടക്കുന്നവളും, രാത്രിയുടെ മറവിൽ ചിരിച്ചും പാട്ടു പാടിയും പാദസരം കിലുക്കിയും മറ്റുള്ളവരെ പേടിപ്പിക്കുന്നവളാണെന്നുമൊക്കെ തൊട്ടുള്ള ഒട്ടേറെ പുതിയ സങ്കൽപ്പങ്ങളെ മലയാളി മനസ്സിലേക്ക് എല്ലാക്കാലത്തേക്കുമായി വിഭാവനം ചെയ്തു കൊടുത്തതും ഭാർഗ്ഗവീ നിലയം തന്നെ. യക്ഷിയും, ലിസയും, കള്ളിയങ്കാട്ടു നീലിയുമൊക്കെ അഭിരമിച്ചു നടന്ന മലയാള സിനിമാ ലോകത്തേക്ക് ആദ്യമായൊരു ഒരു ആൺ പ്രേതം കടന്നു വരുന്നത് 1980 ലെ 'ശക്തി' യിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ ആൺ പ്രേതത്തെ അവതരിപ്പിക്കാനുള്ള അവസരം കിട്ടിയതാകട്ടെ ജയനും. ആയുഷ്‌ക്കാലത്തിലെ എബി മാത്യുവും, ദേവദൂതനിലെ മഹേശ്വറും, അപരിചിതനിലെ രഘുറാമുമൊക്കെയാണ് മലയാള സിനിമയിലെ പിന്നീടുണ്ടായ ആൺ പ്രേത സാമീപ്യങ്ങൾ. പത്തു പതിമൂന്നു കൊല്ലങ്ങൾക്ക് ശേഷം വീണ്ടും ഒരു ആൺ പ്രേതം മലയാള സിനിമയിലേക്കെത്തുന്ന സിനിമ എന്നതിനേക്കാളുപരി 'ഗ്രാമഫോണി'നുശേഷം ജൂത ജീവിതങ്ങൾ അവതരിപ്പിക്കപ്പെടുന്ന മലയാള സിനിമ എന്ന നിലയിലും ശ്രദ്ധേയമാണ് എസ്ര. 

ജൂതരുമായി ബന്ധപ്പെട്ടു കിടക്കുന്ന മിത്തുകൾ കലാ സാഹിത്യസൃഷ്ടികൾക്കു പശ്ചാത്തലമാകാൻ തുടങ്ങിയത് 1913 തൊട്ടുള്ള കാലങ്ങളിലാണ്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ടത് എസ്.ആൻസ്ക്കിയുടെ 'ഡിബുക്ക്' എന്ന നാടകമാണ്. ജൂത വിശ്വാസ പ്രകാരം, ജീവിച്ചിരിക്കുന്ന മനുഷ്യ ശരീരത്തിലേക്ക് കുടിയേറാൻ തക്കം പാർത്തിരിക്കുന്ന ദുരാത്മാവിനെയാണ് ഡിബുക്ക് എന്ന് പറയുന്നത്. റഷ്യൻ ഭാഷയിൽ എഴുതി തീർത്ത ഈ നാടകം ആൻസ്‌ക്കി യിദ്ദിഷ് ഭാഷയിലേക്ക് മാറ്റിയെഴുതിയ ശേഷം 1920 ലാണ് യിദ്ദീഷ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. തുടർന്ന് ഹീബ്രു ഭാഷയിലും 'ഡിബുക്ക്' അവതരിപ്പിക്കപ്പെട്ടു. ഇതേ നാടകത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ടാണ് ഡിബുക്ക് 1937 ൽ അതേ പേരിൽ ആദ്യമായി ചലച്ചിത്രവത്ക്കരിക്കപ്പെടുന്നത്. The Dybbuk of the Holy Apple Field (1997), The Unborn (2009), A Serious Man (2009), The Possession (2012), Demon (2015), The Dybbuk - A Tale of Wandering Souls (2015) etc ..അങ്ങിനെ നിരവധി വിദേശ ഭാഷാ സിനിമകളിൽ ഡിബുക്ക് പ്രമേയവത്ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യൻ സിനിമയിൽ ഈ പ്രമേയം ആദ്യമായി അവതരിപ്പിക്കപ്പെടുന്ന സിനിമ എസ്ര തന്നെയായിരിക്കാനേ വഴിയുള്ളൂ. ആ ഒരു പുതുമയെ തന്നെയാണ് സംവിധായകനും കൂട്ടരും സമർത്ഥമായി സിനിമയുടെ മാർക്കറ്റിങ്ങിനു ഉപയോഗിച്ചത്. എന്നാൽ മാർക്കറ്റിങ്ങിന് അപ്പുറമുള്ള എസ്രക്ക് പ്രേക്ഷക പ്രതീക്ഷകൾക്കൊപ്പം ഉയരാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. 

മലയാളം ഹൊറർ സിനിമകൾ കാലങ്ങളായി അനുഭവപ്പെടുത്തുന്ന ഒരു പ്രധാന മുഷിവ് എന്താണെന്ന് വച്ചാൽ പൂർണ്ണമായും ഒരു ഹൊറർ ജെനറിലേക്ക് താദാത്മ്യം പ്രാപിക്കാത്ത കഥാ സന്ദർഭങ്ങളിലൂടെയുള്ള അതിന്റെ അവതരണമാണ്. ഉദാഹരണത്തിന്, പറയേണ്ടത് പ്രേത/ഭൂത/പിശാച് കഥയെങ്കിലും സിനിമയിൽ കോമഡിക്കായി ഒരു ട്രാക്ക് കൂടി ഉണ്ടാകണം എന്ന നിർബന്ധിത്വം പല സംവിധായകർക്കും ഉണ്ടാകാറുണ്ട്. ഭയവും ഹാസ്യവും അപ്രകാരം ഒരു കോമ്പോ പാക്ക് ആയിട്ടാണ് പലപ്പോഴും മലയാള ഹൊറർ സിനിമകളിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ എസ്ര ആ തലത്തിൽ സിനിമയുടെ ജെനറിനോട് നീതി പുലർത്തിയിട്ടുണ്ട് എന്ന് പറയാം. അതേ സമയം ഭീതിയുടെ ഗൗരവം ചോരാതെ കഥ പറച്ചിൽ തുടരുമ്പോഴും കഥാപാത്രങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന ഭയമോ ആകാംക്ഷയോ പ്രേക്ഷകനെ അനുഭവപ്പെടുത്താൻ സാധിക്കാതെ പോകുന്നു എസ്രക്ക്. മുംബൈയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്കുള്ള രഞ്ജന്റെയും പ്രിയയുടേയും വീട് മാറ്റം തൊട്ടുള്ള ഓരോ കാര്യങ്ങളും കൃത്യതയോടെ കൂട്ടി ചേർത്ത് അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ. പ്രേതം മോചിപ്പിക്കപ്പെടേണ്ടത് മരത്തിൽ തറച്ച ആണി വലിച്ചൂരുക വഴിയോ, അടച്ച കുടമോ ബോക്സോ തുറക്കുക വഴിയോ ആകണം എന്ന ക്ളീഷേ പൊളിച്ചടുക്കാനൊന്നും എസ്രയും മെനക്കെടുന്നില്ല എന്ന് മാത്രമല്ല മുൻകാലങ്ങളിൽ അവതരിപ്പിച്ചു കണ്ടിട്ടുള്ള പ്രേതങ്ങളുടെ ശല്യ സ്വഭാവമൊക്കെ ഇവിടെയും അതേ പടി ആവർത്തിക്കുന്നു. ഇര കൊല്ലപ്പെടുന്നതിന് കുറഞ്ഞത് ഒരു കാരണമെങ്കിലും പ്രേതത്തിനു പറയാൻ ഉണ്ടായിരിക്കണം എന്നത് ഒരു മിനിമം മര്യാദയാണ്. ഡിബുക്ക് ബോക്സ് ആരെങ്കിലും തുറക്കാൻ ശ്രമിച്ചാൽ തന്നെ അത് പ്രേതത്തിനു സഹായം മാത്രമേ ആകൂ എന്നിരിക്കെ ആക്രിക്കടയിലെ സെബാട്ടി അത് തുറക്കാൻ ശ്രമിക്കുന്നതിനും മുൻപേ അയാളെ അട്ടം മുട്ടം പെരുമാറി ഭീകരമായി കൊലപ്പെടുത്തുകയാണ് പ്രേതം. എന്തിന് കൊന്നു എന്ന ചോദ്യം ഒഴിവാക്കിയാലും എങ്ങിനെ ആ പ്രേതത്തിനു പുറത്തു കടക്കാൻ പറ്റി എന്നത് ചോദ്യമായി തുടരുന്നു. കാരണം ആ പ്രേതം മോചിപ്പിക്കപ്പെടുന്നത് രഞ്ജന്റെ ഭാര്യ പ്രിയയുടെ കയ്യിൽ ബോക്സ് എത്തിപ്പെട്ട ശേഷമാണ്. പ്രേത സിനിമകളിലെ ലോജിക്ക് ചോദ്യം ചെയ്യപ്പെടണം എന്ന വാദമില്ല. പക്ഷേ അവിശ്വസനീയമായ ഒരു കഥ പറയുമ്പോഴും അതിൽ വിശ്വാസയോഗ്യമാം വിധമുള്ള ഒരു അവതരണരീതി ഉണ്ടാകേണ്ടതുണ്ട്. അല്ലാത്ത പക്ഷമുള്ള പൊരുത്തക്കേടുകൾ ആസ്വാദനത്തിലെ കല്ലുകടികൾ ആകുക തന്നെ ചെയ്യും. 

ഹോളിവുഡ് സിനിമകൾ കണ്ടു പഴകിയവരെ സംബന്ധിച്ച് ഈ സിനിമയുടെ ഹൊറർ അവതരണ രീതിയിൽ വലിയ ആസ്വാദനം കണ്ടു കിട്ടണമെന്നില്ല എങ്കിലും തട്ടിൻപുറത്തെ ഇരുട്ട് കാഴ്ചകളിലൂടെയുള്ള ക്യാമറാ സഞ്ചാരം മലയാള ഹൊറർ സിനിമാ ആസ്വാദനത്തിലെ ഒരു പുതുമയാണ്. രാം ഗോപാൽ വർമ്മ സിനിമകളിലൂടെ കണ്ടു പരിചയിച്ച വേലക്കാരിയുടെ ദുരൂഹ മുഖ സാന്നിധ്യവും, മലയാളമടക്കം പല ഭാഷാ ഹൊറർ സിനിമകളിലെ സ്ഥിരം പള്ളീലച്ചൻ കഥാപാത്രവുമൊക്കെ എസ്രയിലും പുനരവതരിപ്പിച്ചപ്പോഴും കൂട്ടത്തിൽ പ്രതീക്ഷയുണ്ടാക്കിയ കഥാപാത്ര സൃഷ്ടിയായിരുന്നു ടോവിനോ അവതരിപ്പിച്ച എ.സി.പി ഷഫീർ മുഹമ്മദിന്റേത്. പക്ഷേ അന്വേഷണാത്മകമായി എന്തെങ്കിലും കണ്ടെത്താനുള്ള നിയോഗങ്ങൾ പോലും തിരക്കഥയിൽ ആ കഥാപാത്രത്തിന് നൽകാൻ എഴുത്തുകാരൻ മെനക്കെട്ടിട്ടില്ല എന്ന് പറയാം. അക്കാരണത്താൽ നായകന്റെയും പള്ളീലച്ചന്റെയുമൊക്കെ വാക്യ വിവരണങ്ങളാൽ തന്നെ പ്രേത ബാധയെയും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയെയും ചരിത്രത്തെയുമൊക്കെ വിശ്വസിക്കേണ്ടി വരുന്ന ഒരു ദുർബ്ബല കഥാപാത്രമായി ഒതുങ്ങുന്നു ഷഫീർ മുഹമ്മദ്. എബ്രഹാം എസ്ര ആരായിരുന്നു എന്ന ചോദ്യത്തിനൊപ്പം ചരിത്രത്തിലേക്ക് കൂടി ഒരു അന്വേഷണം ആവശ്യമായി വരുന്ന കഥാസാഹചര്യങ്ങളുണ്ട് എസ്രയിൽ. പക്ഷേ ഈ അന്വേഷണാത്മകതയെ ഒന്നുമല്ലാതാക്കി കൊണ്ട് ഒറ്റയടിക്ക് ജൂത പുരോഹിതന് പറയാനായി മാത്രം മാറ്റി വച്ച ഡയലോഗുകൾ എന്ന കണക്കെയാണ് ഉത്തരങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. അതേ സമയം ഈ പോരായ്മകളെയൊക്കെ മറികടക്കുന്നതാണ് സുജിത് വാസുദേവിന്റെ ഛായാഗ്രഹണ മികവ് എന്ന് പറയാതെ വയ്യ. കണ്ടും കേട്ടും അറിവില്ലാത്ത കേരളത്തിലെ ജൂത ജീവിത പരിസരങ്ങളെ അത്രക്കും മനോഹരമായി തന്നെ അവതരിപ്പിച്ചു കാണാം സിനിമയിൽ. 

ആകെ മൊത്തം ടോട്ടൽ = കണ്ടു പരിചയമില്ലാത്ത ഒരു കാലത്തെ ഫോർട്ട് കൊച്ചിയിലെ ജൂതജീവിതങ്ങളെയും അവരുടെ താന്ത്രിക വിദ്യകളും ആചാര ആഭിചാര രീതികളെയുമൊക്കെ കേന്ദ്ര പ്രമേയത്തിലേക്ക് സമന്വയിപ്പിക്കാൻ സാധിക്കാതെ പോയ തിരക്കഥയാണ് എസ്രയുടെ പ്രധാന പോരായ്മ. ബാധയൊഴിപ്പിക്കൽ സീനുകളിൽ പോലും ജൂതന്റെ പ്രേതത്തിന് പ്രത്യേക പരിഗണനകളോ പുതുമകളോ കൊടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. അത് കൊണ്ടൊക്കെ തന്നെ ജൂതമിത്തുകളുടെ പശ്ചാത്തലമെന്ന പുതുമയിൽ മാത്രം ഒതുങ്ങുന്നു എസ്ര. വലിയ പ്രകടന സാധ്യതകളുള്ള ഒരു സിനിമയൊന്നുമല്ല എസ്രയെങ്കിലും കഥാപാത്രത്തോട് നീതി പുലർത്തുന്ന അഭിനയം കാഴ്ച വക്കുന്നതിൽ പൃഥ്വിരാജ് വിജയിച്ചിട്ടുണ്ട്. പ്രിയാ ആനന്ദും തരക്കേടില്ലായിരുന്നു. എന്നാൽ വേഷം കൊണ്ട് മാത്രം കിടിലൻ എന്ന് തോന്നിപ്പിച്ചു കൊണ്ട് സിനിമയിൽ കാര്യമായ ഉപയോഗങ്ങളില്ലാതെ പോയ ടൊവിനോയുടെ പോലീസ് വേഷം നിരാശപ്പെടുത്തി. അത് പോലെ തന്നെ സണ്ണി വെയ്‌നിന്റെ ശബ്ദ ഗാംഭീര്യത്തിൽ മാത്രം എടുപ്പ് തോന്നിച്ച ജൂത പുരോഹിത വേഷം സുജിത് ശങ്കറിനെ സംബന്ധിച്ച് ഒരു ഓവർ ലോഡ് ആയിരുന്നു. ഹൊറർ ത്രില്ലർ സിനിമകൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുക എന്നത് ഏതൊരു സംവിധായകന്റയും കരിയറിലെ വെല്ലുവിളിയാണ്. ഇവിടെ നവാഗതനായ ജെയ് കെയുടെ കരിയർ തന്നെ തുടങ്ങുന്നത് അത്തരമൊരു സിനിമയിലൂടെയാണ് എന്നതോർക്കണം. ആ ധൈര്യത്തിന് അഭിനന്ദനങ്ങൾ കൊടുക്കേണ്ടതുമുണ്ട്. പക്ഷേ ഖേദകരമെന്ന് പറയട്ടെ, സിനിമയുടെ സാമ്പത്തിക വിജയം ഉറപ്പാക്കാനുള്ള മാർക്കറ്റിങ്ങിൽ സിനിമ വിജയിക്കുമ്പോഴും ആസ്വാദനം അതിനു വിപരീതമാണ്. മാർക്കറ്റിങ്ങിനോളം മികവ് പുലർത്തുന്ന ഒരു സിനിമയല്ല എസ്രയെങ്കിലും മുൻ മലയാളം ഹൊറർ സിനിമകളുടെ ഫോർമാറ്റിൽ നിന്നും മാറി അവതരിപ്പിക്കപ്പെട്ട സിനിമ എന്ന നിലയിൽ എസ്ര ഒരു പുതു കാഴ്ചയാണ്. 

*വിധി മാർക്ക് = 6/10 

-pravin-