Saturday, November 10, 2018

തമിഴ് രാഷ്ട്രീയത്തെ ചൂട് പിടിപ്പിക്കുന്ന 'സർക്കാർ'

ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഭരണകൂടത്തിന്റേയുമൊക്കെ അനാസ്ഥകൾക്കെതിരെ തന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ പലപ്പോഴായി കലഹിച്ചിട്ടുള്ള ഒരു സംവിധായകനാണ് മുരുഗദോസ്. 2002 ൽ വിജയ്‌കാന്തിനെ നായകനാക്കി ചെയ്ത 'രമണ' യും 2014 ൽ വിജയിനെ നായകനാക്കി ചെയ്ത 'കത്തി' യുമാണ് അക്കൂട്ടത്തിൽ ശ്രദ്ധേയമെന്നു പറയാവുന്നത്. കഴിഞ്ഞ വർഷം ആറ്റ്ലിയുടെ സംവിധാനത്തിൽ വന്ന 'മെർസ'ലിലെ വിജയുടെ കഥാപാത്രം കറൻസി നിരോധനത്തെയും ഡിജിറ്റൽ ഇന്ത്യയെയും പരമർശിച്ചു കൊണ്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ചു എന്ന പേരിലാണ് വിവാദങ്ങൾ ഉണ്ടാക്കിയതും വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടതുമെങ്കിൽ ഇക്കുറി മുരുഗദോസിനൊപ്പം വിജയ് ചേരുന്നത് ദ്രാവിഡ രാഷ്ട്രീയത്തിലെ ജീർണ്ണിച്ച രാഷ്ട്രീയ വ്യവസ്ഥതികളെ അടപടലം വിമർശിക്കാനും ബദൽ രാഷ്ട്രീയ വ്യവസ്ഥകൾ നിർദ്ദേശിക്കാനുമാണ്. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള സിനിമയായി പോലും 'സർക്കാരി'നെ വിലയിരുത്തുന്നവർ ഭരണ - പ്രതിപക്ഷത്തു തന്നെയുണ്ട് എന്നത് മറ്റൊരു കാര്യം. ഒരു ടിപ്പിക്കൽ വിജയ് സിനിമയായി ഒതുങ്ങുമ്പോഴും പ്രമേയം കൊണ്ടും രാഷ്ട്രീയപരമായ ചൂണ്ടി കാണിക്കലുകൾ കൊണ്ടും തമിഴ് രാഷ്ട്രീയത്തിൽ ഒരു മക്കൾ പോരാട്ടത്തിന്റെ സാധ്യതകൾ എടുത്തു പറഞ്ഞു കൊണ്ട് ശ്രദ്ധേയമാകുകയാണ് 'സർക്കാർ'. 

ബി.സി അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആണ് ഡെമോക്രാറ്റിയ എന്ന വാക്ക് ആദ്യമായി പ്രയോഗിക്കുന്നത്. ഡെമോസ് അഥവാ ജനങ്ങൾ എന്നും ക്രറ്റോസ് അഥവാ ഭരണമെന്നും അർത്ഥം വരുന്ന രണ്ടു പദങ്ങൾ കൂടി ചേർന്നപ്പോഴുണ്ടായ ഡെമോക്രാറ്റിയ ഇംഗ്ലീഷിൽ ഡെമോക്രസിയായും മാറി. ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ ഭരിക്കുന്ന ജനാധിപത്യ വ്യവസ്ഥയുടെ ആരംഭവും വികാസവും വളർച്ചയുമൊക്കെ ടൈറ്റിൽ എഴുതി കാണിക്കുമ്പോൾ വിവിധ കാലഘട്ടങ്ങളുടെ സ്കെച്ചിലൂടെ അവതരിപ്പിച്ചു കാണാം. പറയാൻ പോകുന്ന വിഷയത്തിന്റെ രാഷ്ട്രീയ ഗൗരവം വെളിപ്പെടുത്തുമ്പോഴും സ്ഥിരം മാസ്സ് തമിഴ് സിനിമകളിലെ നായക സങ്കൽപ്പങ്ങൾ കൊണ്ടും പരിചയപ്പെടുത്തലുകൾ കൊണ്ടും സിനിമ ആദ്യമേ വിരസതയിലേക്ക് നീങ്ങുന്നു. സുന്ദർ രാമസ്വാമി ഒരു കോർപ്പറേറ്റ് മോൺസ്റ്ററാണ്, ഒരു സംഭവമാണ്, മഹാ പ്രതിഭാസമാണ് എന്നൊക്കെയുള്ള ഹൈപ്പുകൾ കൊണ്ട് പരിചയപ്പെടുത്തുന്ന കഥാപാത്രത്തെ ഓവർ ആക്ടിങ് കൊണ്ടും സഹിക്കാൻ പറ്റാത്ത വിധമുള്ള സംസാര ചേഷ്ടകൾ കൊണ്ടുമൊക്കെ കാണുന്നവന് മനം മടുപ്പിക്കുന്ന കാഴ്ചയായി മാറ്റുന്നു വിജയ്. തന്റെ വോട്ടവകാശം വിനിയോഗിക്കാൻ വേണ്ടി മാത്രം അമേരിക്കയിൽ നിന്നും തമിഴ് നാട്ടിലെത്തുന്ന കോർപ്പറേറ്റ് മോൺസ്റ്ററിന്റെ പേരിൽ മറ്റാരോ അതിനു മുന്നേ കള്ള വോട്ട് ചെയ്തു പോയിരിക്കുന്നു എന്ന സാഹചര്യത്തിൽ നിന്നാണ്  കഥ ഒന്ന് മാറി മറയുന്നത്. കള്ള വോട്ടിന്റെ രാഷ്ട്രീയ അണിയറകളിലേക്കുള്ള നായകൻറെ അന്വേഷണവും തന്റെ നഷ്ടപ്പെട്ട ഒരു വോട്ടിനു വേണ്ടിയുള്ള നായകൻറെ നിയമ പോരാട്ടവുമൊക്കെയാണ് സിനിമക്ക് പിന്നീട് ഒരു ദിശാബോധം നൽകുന്നത് എന്ന് പറയാം. 

സെക്ഷൻ 49 P യെ കുറിച്ച് വോട്ടർമാർക്ക് വലിയ തോതിൽ ഒരു ബോധവത്ക്കരണം തന്നെ നൽകാൻ സിനിമക്ക് സാധിക്കുന്നു. ഒരു പക്ഷേ ഈ സിനിമ കണ്ടു കഴിഞ്ഞവർ ഏറ്റവും കൂടുതൽ അന്വേഷിച്ചറിയാൻ ശ്രമിച്ചതും ആ സെക്ഷനെ കുറിച്ച് തന്നെയായിരിക്കും. ഏതെങ്കിലും വിധേന നമ്മുടെ വോട്ട് കള്ള വോട്ടായി പോയിരിക്കുന്നുവെന്നു സംശയിക്കുകയോ അതുമല്ലെങ്കിൽ കള്ളവോട്ട് ചെയ്തത് കാരണം നമുക്ക് വോട്ട് ചെയ്യാൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം ഇലക്ഷൻ കമ്മീഷനിൽ നമുക്ക് പരാതിപ്പെടാനുള്ള അവകാശം ഉറപ്പാക്കുന്ന സെക്ഷൻ 49 P നിയമമുണ്ടായത് 1961 ലാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് ഭരണം നടത്തുന്നത് എന്നൊക്കെയുള്ള വാഴ്ത്തിപ്പാടലുകൾ ഉണ്ടെങ്കിലും  ജനങ്ങൾക്ക് ഇപ്പറഞ്ഞ ഭരണ കാര്യത്തിൽ എത്രത്തോളം അധികാരമുണ്ട് എന്നത് ചോദ്യം തന്നെയാണ്. ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാരുകൾ ഭരണത്തിലേറുന്നതെങ്കിൽ നമ്മുടെ നാട് എന്നോ സ്വർഗ്ഗഭൂമിയായേനെ. രാഷ്ട്രീയം എന്നത് പാർട്ടികൾക്ക് അധികാരം പങ്കിടാനും സമ്പാദിക്കാനും മാത്രമുള്ള ഒരു ഉപാധിയായി മാറപ്പെട്ടു എന്നതാണ് സത്യം. അഞ്ചു വർഷം ഭരിക്കാൻ ഭരണത്തിലേറ്റി വിടുന്ന ഒരു സർക്കാരിന് അഞ്ചു വർഷത്തെ അധികാരമുണ്ടെങ്കിൽ വോട്ടു ചെയ്യുന്നവന് വോട്ടെടുപ്പിന്റെ ആ ഒരു ദിവസം മാത്രമേ അവന്റെ കൈയ്യിൽ അധികാരമുള്ളൂ എന്ന് ഓർമ്മപ്പെടുത്തുന്നുണ്ട് നായക കഥാപാത്രം. ഒരൊറ്റ വോട്ട് കൊണ്ട് ജനാധിപത്യ സമ്പ്രദായത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം നൽകുക എന്നതോടൊപ്പം കക്ഷി രാഷ്ട്രീയം കൊണ്ട് സ്വന്തം പാർട്ടിയെ വളർത്താനും കീശ വീർപ്പിക്കാനും മാത്രം ശ്രമിക്കുന്ന രാഷ്ട്രീയ ജീർണ്ണതക്ക് ഒരു ബദൽ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കേണ്ട വിധം എങ്ങനെയെന്നും സിനിമ വിശദീകരിക്കുന്നു. 

എതിർ ശബ്ദം ഇല്ലാത്തതാണ് ജനാധിപത്യത്തിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്ന് ആവർത്തിച്ചു പറയുകയും ഏത് ഭരണകൂടം വന്നാലും എതിർശബ്ദം നിലനിൽക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ മഹിമ ഉയരുന്നത് എന്ന് പറഞ്ഞവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട് സിനിമ. മുരുഗദോസിന്റെ തിരക്കഥയെക്കാൾ ശ്രദ്ധേയമാകും വിധം പല സീനുകളിലും അർത്ഥവത്തായ രാഷ്ട്രീയ സംഭാഷണങ്ങൾ കൊണ്ടും ചോദ്യങ്ങൾ കൊണ്ടുമൊക്കെ തമിഴ് കക്ഷി രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ് ജയമോഹൻ ചെയ്യുന്നത്. വോട്ടിന്റെ ശക്തിയും മൂല്യവും ഒരു ജനതക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നതോടൊപ്പം നാടിനും പൊതുജനത്തിനും വേണ്ടി മക്കൾ രാഷ്ട്രീയത്തെയും പോരാട്ടത്തെയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു വ്യക്തമായ ഒരു ധാരണ നൽകാനും സിനിമക്ക് സാധിക്കുന്നുണ്ട് എന്നതിനാൽ സിനിമയിൽ വലിയ തോതിൽ തന്നെ മുഴച്ചു നിൽക്കുന്ന ക്ളീഷേകളെയും നായകന്റെ വൺ മാൻ ഷോയേയും മനഃപൂർവ്വം സഹിച്ചു മറക്കാൻ നിർബന്ധിതരാകുന്നു പ്രേക്ഷകർ. 

വിജയുടെ ഓവർ ആക്റ്റിംഗും വൺ മാൻ ഷോയും മുൻകാല സിനിമകളിലെ പോലെ തന്നെയുള്ള ക്ളീഷേ സീനുകളുമൊക്കെയാണ്  പ്രമേയം കൊണ്ട് പ്രസക്തമായ 'സർക്കാരി'നെ പിന്നോട്ടു വലിക്കുന്നത്. നായികാ പദവി മാത്രമുള്ള കഥാപാത്രം കൊണ്ട് കീർത്തി സുരേഷ് ഒതുങ്ങി പോയപ്പോൾ മുഴുനീള സിനിമയിൽ നെഗറ്റിവ് കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പല. കറുപ്പയ്യയും, രാധാ രവിയും, വര ലക്ഷ്മിയുമൊക്കെ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ച വച്ചു. സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലത്തിനു അനുയോജ്യമായ BGM സൃഷ്ടിക്കാൻ AR റഹ്മാന് സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തമായി അനുഭവപ്പെട്ടത് വര ലക്ഷ്മിയുടെ നെഗറ്റിവ് കഥാപത്രത്തിനു എല്ലാ തന്ത്രി വാദ്യങ്ങളുടെയും മാതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വീണയുടെ സ്വരം കൊണ്ട് ഒരുക്കിയ ബിജിഎം ആണ്. പശ്ചാത്തല സംഗീതം മികച്ചു നിന്നെങ്കിലും ഓർത്തെടുത്തു പറയാൻ മാത്രമുള്ള  പാട്ടുകൾ  സമ്മാനിക്കാൻ റഹ്‌മാന്‌ സാധിച്ചില്ല എന്നത് നിരാശയേകി. റഹ്‌മാൻ  പാടിയ 'ഒരു വിരൽ പുരട്ചി..'  മുൻകാല റഹ്‌മാൻ പാട്ടുകളിൽ പലതിനെയും ഓർമ്മിപ്പിച്ചുവെങ്കിലും  വിവേകിന്റെ അർത്ഥഗംഭീരമായ  വരികൾ ആ പാട്ടിനെ  ശ്രദ്ധേയമാക്കുന്നുണ്ട്. 

ആകെ മൊത്തം ടോട്ടൽ = ടിപ്പിക്കൽ വിജയ് സിനിമകകളുടെ കഥാ ഘടകങ്ങൾ ഒത്തു ചേരുമ്പോഴും തമിഴ് രഷ്ട്രീയത്തെ പശ്ചാത്തലമാക്കിയുള്ള  കഥ പറച്ചിലും രാഷ്ട്രീയ വിമർശനങ്ങളും കൊണ്ട് കണ്ടിരിക്കാവുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറായി തന്നെ മാറുന്നു 'സർക്കാർ'. 'മെർസലി'ൽ കേന്ദ്ര സർക്കാരിനെതിരെ ചുരുങ്ങിയ  സീനുകളിൽ മാത്രമാണ്   രാഷ്ട്രീയ വിമർശനങ്ങൾ  ഉണ്ടായിട്ടുള്ളതെങ്കിൽ  'സർക്കാരി'ൽ അത് നിലവിലെ തമിഴ് രാഷ്ട്രീയത്തെ മൊത്തത്തിൽ  വിമർശിക്കും  വിധം തുടക്കം മുതൽ ഒടുക്കം വരേക്കുമുണ്ട് എന്നതാണ്  വ്യത്യസ്തത. 

*വിധി മാർക്ക് = 6/10 

-pravin-

Friday, November 2, 2018

Badhaai Ho- ചിരിയിൽ അൽപ്പം കാര്യം

ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തിൽ 1994 ൽ റിലീസായ 'പവിത്രം' സിനിമയിലെ ഈശ്വര പിള്ള - ദേവകിയമ്മ ദമ്പതികളെ ഓർത്തു പോകുകയാണ്. വിവാഹം കഴിഞ്ഞതും കഴിക്കാനിരിക്കുന്നതുമായ മുതിർന്ന രണ്ടു മക്കളുടെ അച്ഛനമ്മമാരായിരുന്നു അവർ. അതേ അച്ഛനമ്മമാർ വയസ്സാം കാലത്ത് വീണ്ടും ഒരു കുഞ്ഞിന്റെ അച്ഛനും അമ്മയും ആകാൻ പോകുകയാണ് എന്ന വാർത്ത കുടുംബത്തിലും സമൂഹത്തിലും എങ്ങിനെ സ്വീകരിക്കപ്പെടുന്നു എന്നത് കുറഞ്ഞ സീനുകളിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട് സിനിമയിൽ. അമ്മയുടെ ഗർഭ വാർത്ത ആദ്യം ജാള്യതയോടെയും പിന്നീട് സന്തോഷത്തോടെയും സ്വീകരിക്കുന്ന മക്കളും, വിവാഹം കഴിഞ്ഞിട്ടും കുട്ടികളാകാത്ത മൂത്ത മകൻ രാമകൃഷ്‌ണന്റെയും ഭാര്യയുടെയും മുഖത്തേക്ക് എങ്ങിനെ ഇനി നോക്കും എന്ന് വേവലാതിപ്പെടുന്ന ദേവകിയമ്മയും, മക്കളുടെ മുഖത്തു നോക്കാതെ സംസാരിക്കേണ്ടി വരുന്ന ഈശ്വര പിള്ളയും, അമ്മയുടെ ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെടുന്ന രാമകൃഷ്ണന്റെ ഭാര്യയുമടക്കം ഒട്ടനവധി കഥാപാത്രങ്ങളുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വളരെ കുറഞ്ഞ സമയം കൊണ്ട് ടിപി രാജീവ് കുമാർ പറയാൻ ശ്രമിച്ച അതേ വിഷയത്തിന്റെ  ഒരു മുഴുനീള  സിനിമാ അവതരണമാണ് അമിത് രവീന്ദ്രനാഥ്‌ ശർമ്മയുടെ Badhaai Ho എന്ന് വേണമെങ്കിൽ പറയാം.

സരസവും ഹൃദ്യവുമായ അവതരണം കൊണ്ടാണ് Badhaai Ho പ്രേക്ഷക മനസ്സിലേക്ക് ചേക്കേറുന്നത്. കഥാപാത്രങ്ങളെ സംബന്ധിച്ച് അവർക്ക് സങ്കീർണ്ണമായി അനുഭവപ്പെടുന്ന സിനിമയിലെ സാഹചര്യങ്ങൾ പ്രേക്ഷകനെ സംബന്ധിച്ച് കോമഡി സീനുകളായി മാറുന്ന വിധമാണ് അവതരണം. ഒരു മിഡിൽ ക്ലാസ് ഫാമിലിയുടെ ചുറ്റുപാടും പെരുമാറ്റ ശൈലിയുമൊക്കെ വളരെ കൃത്യമായി അടയാളപ്പെടുത്തി കൊണ്ടാണ് സിനിമ കടന്നു പോകുന്നത്. അച്ഛനും അമ്മയും പുതിയൊരു കുഞ്ഞിന്റെ കൂടി അച്ഛനമ്മമാരാകാൻ പോകുകയാണ് എന്നറിയുമ്പോഴുള്ള മക്കളുടെ റിയാക്ഷനും, ഇതേ വാർത്ത മക്കളോട് പറയാൻ ശ്രമിക്കുന്ന അച്ഛനമ്മമാരുടെ മാനസികാവസ്ഥയുമൊക്കെ സിനിമയിൽ ചിരി പടർത്തുന്ന രംഗങ്ങളാണ്. ഓരോ കഥാപാത്രങ്ങളും അവരവരുടെ സാഹചര്യത്തിനും മാനസികാവസ്ഥക്കും അനുസരിച്ചുള്ള ചിന്തകളും നിലപാടുകളുമാണ് പറയുന്നത് എന്നത് കൊണ്ട് തന്നെ സിനിമ ആരെയും പ്രതിക്കൂട്ടിൽ നിർത്താതെ തന്നെ കാര്യങ്ങളെ അവതരിപ്പിക്കുകയാണ്. സാന്ദർഭിക ഹാസ്യത്തിന്റെ എല്ലാ വിധ സാധ്യതകളും മുതലെടുത്തു കൊണ്ടുള്ള അവതരണ ശൈലിക്കൊപ്പം തന്നെ പറയാനുള്ള  കാര്യങ്ങളെ സമൂഹത്തോട് തുറന്നു പറയാനും സിനിമ മടിക്കുന്നില്ല. 

പുറമേക്ക് എത്ര തന്നെ പുരോഗമനം പറഞ്ഞാലും സമൂഹത്തിന്റെ പൊതുബോധങ്ങളെയും വിമർശനങ്ങളെയും പേടിക്കുന്നവരാണ് മിക്കവരും. മധ്യവയസ്‌ക്കരുടെ പ്രണയവും ലൈംഗികതയുമൊക്കെ അപ്രകാരമുള്ള പൊതുബോധങ്ങൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ഒരവസ്ഥയാണ് ഇന്ത്യയിലുള്ളത്. നാൽപ്പത് വയസ്സ് കഴിഞ്ഞാൽ മക്കൾക്ക് വേണ്ടി ത്യജിക്കേണ്ടതാണോ ഭാര്യാഭർത്താക്കന്മാരുടെ പ്രണയവും ലൈംഗികതയും എന്ന് നകുലിനോട് കാമുകിയായ റെനി ചോദിക്കുന്ന ചോദ്യം പ്രസക്തമാണ്. സ്വന്തം അച്ഛനും അമ്മയും തമ്മിലുള്ള മാനസികവും ശാരീരികവുമായ ബന്ധങ്ങളെ  ഉൾക്കൊളളാൻ സാധിക്കാതെ പോകുന്ന മക്കളെക്കാളുപരി സമൂഹം എന്ത് ചിന്തിക്കുമെന്ന് പറഞ്ഞു ഭയപ്പെടുത്തുന്ന കുടുംബക്കാരാണ് മേൽപ്പറഞ്ഞ പൊതുബോധത്തിന്റെ ശക്തരായ കാവലാളുകൾ. പ്രണയത്തിനും വികാരങ്ങൾക്കും പ്രായവുമായി ഒരു ബന്ധവുമില്ല എന്നും ഭാര്യാ ഭർതൃ ബന്ധത്തിൽ അത് നിലനിർത്തുന്നത് പാപമായി കാണുന്നതാണ് ടിപ്പിക്കൽ ഇന്ത്യക്കാന്റെ രീതി എന്ന് സൂചിപ്പിക്കുന്ന സിനിമ പ്രണയത്തെയും കാമത്തെയും ലൈംഗികതയെയും കുറിച്ചുമൊക്കെ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട അതേ നാട്ടിൽ എങ്ങിനെയായിരിക്കും ഇത്തരം പൊതുബോധങ്ങൾ ഉടലെടുത്തത് എന്ന് സംശയപൂർവ്വം ചിന്തിപ്പിക്കുന്നുമുണ്ട്. 

ഒരു വലിയ കഥ പറയാനില്ലാതിരുന്നിട്ടും ഉള്ള കഥയെ രസകരമായ കഥാ സന്ദർഭങ്ങളുടെ പിന്തുണയോടെ മികച്ച രീതിയില്‍ അവതരിപ്പിക്കാനും അത് വഴി പ്രേക്ഷകനെ പിടിച്ചിരുത്താനും സംവിധായകന്  സാധിക്കുന്നു. അമിത് രവീന്ദ്ര നാഥ്‌ ശർമ്മ എന്ന സംവിധായകന്റെ എന്നതോടൊപ്പം ശന്തനു ശ്രീവാസ്തവ-അക്ഷത് ഖിൽദിയാൽ- ജ്യോതി കപൂർ കൂട്ടുകെട്ടിന്റെ സ്ക്രിപ്റ്റിന്റെ  കൂടെ വിജയമാണത്. ഒരു കൊച്ചു സിനിമയെ ഒരു മികച്ച ഫാമിലി എന്റർടൈനർ ആക്കി മാറ്റുന്നതിൽ സിനിമയിലെ കാസ്റ്റിങ്ങിനും പ്രധാന പങ്കുണ്ട്. ആയുഷ്മാൻ ഖുരാന-സാന്യ മൽഹോത്ര യുടെ നായികാ നായക പദവിയെക്കാൾ സിനിമയിൽ ശ്രദ്ധേയമാകുന്നത് സീനിയർ നടീനടന്മാരുടെ പ്രകടന മികവാണ്. ആ അർത്ഥത്തിൽ അച്ഛനമ്മമാരുടെ വേഷം ഗംഭീരമാക്കിയ ഗജ്‌രാജ് റാവോയും നീനാ ഗുപ്തയുമാണ് ഈ സിനിമയിലെ നായികാ നായകന്മാര്‍.  തുടക്കം മുതൽ ഒടുക്കം വരേയ്ക്കും സിനിമയിൽ നിറഞ്ഞാടിയ അവര്‍ പ്രത്യേക അഭിന്ദനങ്ങൾ അർഹിക്കുന്നു. മുത്തശ്ശിയായി അഭിനയിച്ച സുരേഖ സിക്രിയുടെ പ്രകടനത്തെ കൂടി കൂട്ടത്തിൽ പരാമർശിച്ചില്ലെങ്കിൽ അതൊരു നീതികേടാകും. അങ്ങിനെ പറഞ്ഞു പോകുമ്പോൾ ഈ സിനിമ തീർത്തും സീനിയേഴ്സ് നടീനടന്മാരുടെ പ്രകടനത്തിനാണ് കൂടുതൽ സ്‌പേസ് കൊടുത്തിരിക്കുന്നത് എന്ന് പറയേണ്ടി വരും. 

ആകെ മൊത്തം ടോട്ടൽ = സാന്ദർഭിക ഹാസ്യ രംഗങ്ങൾ കൊണ്ട് ചിരിയുണർത്തുകയും വൈകാരിക രംഗങ്ങൾ കൊണ്ട് മനസ്സ് നിറക്കുകയും ചെയ്ത ഒരു മികച്ച ഫാമിലി എന്റർടൈനറാണ് ബധായ് ഹോ. 


വിധി മാർക്ക് = 8.5/10 
-pravin-