Sunday, June 22, 2014

ഹൌ ഓൾഡ്‌ ആർ യു - പ്രചോദനാത്മകമായ പ്രായം ചോദിക്കൽ

കാര്യം അപ്പനപ്പൂപ്പൻമാരായിട്ട് വേണ്ടുവോളം സ്വത്തും പ്രതാപവും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പറയത്തക്ക ഒരു പേരില്ല എന്ന് പ്രാഞ്ചിയേട്ടൻ  പറയുമ്പോൾ  ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്നാണ്  പുണ്യാളൻ ചോദിക്കുന്നത്. ഒരു പേരിൽ (അരി പ്രാഞ്ചി) തന്നെയാണ് താനിരുന്നു പോയതെന്ന് വ്യസന സമേതം പുണ്യാളനോട് പ്രാഞ്ചി പറയുന്നുമുണ്ട്. ആളുകളുടെ അരി പ്രാഞ്ചി എന്ന വിളിയിലാണ് ചിറമ്മേൽ ഈനാശു  ഫ്രാൻസിസ് ഇരുന്ന്  പോകുന്നതെങ്കിൽ ഇവിടെ പ്രായം എത്രയായി എന്ന ചോദ്യത്തിന് മുന്നിലാണ് നിരുപമ രാജീവ് (മഞ്ജു വാര്യർ) ഇരുന്ന് പോകുന്നത്. പുണ്യാളന്റെ ചോദ്യം ഇവിടെയും ആവർത്തിക്കാം. ഈ പ്രായത്തിലൊക്കെ എന്തിരിക്കുന്നു നിരുപമേ ? ഈ ചോദ്യത്തിന്റെ ഉത്തരം തന്നെയാണ് നിരുപമാ രാജീവിലൂടെ സിനിമ പ്രേക്ഷകന് പറഞ്ഞു തരുന്നതും. 

റോഷൻ ആണ്ട്രൂസിനെ കുറിച്ചും ബോബി സഞ്ജയന്മാരെ കുറിച്ചും ഒരു മുഖവുര നൽകേണ്ട കാര്യമില്ല. ചുരുങ്ങിയ കാലയളവിൽ സാമൂഹിക പ്രസക്തമായതും അല്ലാത്തതുമായ  ഒരുപാട് വിഷയങ്ങൾ സിനിമയെന്ന മാധ്യമത്തിലൂടെ സമൂഹത്തിലേക്ക് പങ്കു വച്ചവരാണ് മൂന്നു പേരും. ഇവരുടെ മുൻകാല സിനിമകളെ വച്ച് നോക്കുമ്പോൾ  ഹൌ ഓൾഡ്‌ ആർ യു വിന്റെ ആദ്യ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ സ്ത്രീ കേന്ദ്രീകൃതമായൊരു കഥ തിരഞ്ഞെടുത്തു എന്നതാണ്. ഈ അടുത്ത കാലങ്ങളിലായി ഇന്ത്യൻ സിനിമാ വിപണിയിൽ  സ്ത്രീ കേന്ദ്രീകൃത കഥകൾക്ക് പ്രിയം കൂടുന്നുണ്ട് എന്നതൊരു ശ്രദ്ധേയമായ ഒരു വസ്തുത കൂടിയാണ്. സമീപ കാല ബോളിവുഡ് ബോക്സോഫീസ് വിജയങ്ങളായ  English Vinglish, Lunch Box, Queen  തുടങ്ങീ സിനിമകളിലെല്ലാം തന്നെ കേന്ദ്ര കഥാപാത്രങ്ങൾ  യാഥാസ്ഥിതിക സ്ത്രീ സമൂഹത്തിന്റെ പ്രതിനിധികളാണ് എന്നിരിക്കെ, സമാന സ്ത്രീ പ്രതിരൂപത്തെ മറ്റൊരു കഥാ പശ്ചാത്തലത്തിൽ,  വേറിട്ട രീതിയിൽ എങ്ങിനെ അവതരിപ്പിക്കാൻ സാധിക്കും എന്നതായിരിക്കാം തിരക്കഥാ രചനാ സമയത്ത് ബോബി സഞ്ജയന്മാർ  നേരിട്ട പ്രധാന വെല്ലു വിളി.  അതോടൊപ്പം ഒരു 'ശ്യാമളാ' പ്രതിബിംബം നിരുപമയിൽ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻ കരുതലുകളും അവർക്ക് സ്വീകരിച്ചേ മതിയാകുമായിരുന്നുള്ളൂ. 

സ്ത്രീ ശാക്തീകരണ സിനിമകൾ എന്ന ലേബലിൽ കാണാനാകില്ലെങ്കിലും  സ്ത്രീകൾ വ്യക്തിത്വ ബോധം ഉള്ളവരും തങ്ങളുടെ ഇച്ഛാ ശക്തിയെ തിരിച്ചറിഞ്ഞു കൊണ്ട് ജീവിക്കുന്നവരുമാകണം എന്നതടക്കമുള്ള  മൃദു ആഹ്വാനങ്ങൾ വിഭാവനം ചെയ്യുന്നതായിരുന്നു മേൽപ്പറഞ്ഞ സിനിമകളെല്ലാം തന്നെ. എന്നാൽ വ്യക്തിനിഷ്ഠമായ  ജീവിത ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് അപ്പുറമായി മേൽപ്പറഞ്ഞ സിനിമകളിലൊന്നും  തന്നെ  സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായി യാതൊന്നും നേടാനോ, പങ്കു വക്കാനോ, തുടങ്ങാനോ ,തുടരാനോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.  അടുക്കളയുടെ നാല് ചുമരുകൾക്കുള്ളിൽ  അല്ലെങ്കിൽ യാഥാസ്ഥിതിക കുടുംബത്തിന്റെ/ ഭർത്താവിന്റെ സംരക്ഷണത്തിൽ മാത്രം ഒതുങ്ങി കൂടേണ്ടി വരുന്ന സ്ത്രീ സമൂഹത്തിന്റെ മനം മടുപ്പുകൾക്ക് ഒരു ദീർഘ നിശ്വാസത്തിലൂടെ ആശ്വാസം പകരാൻ നിയോഗിക്കപ്പെട്ട സിനിമകളായി മാത്രം അവയിൽ പലതും ചുരുങ്ങി. 

ബോക്സോഫീസ് വിജയങ്ങളായ സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ ഈ സ്ഥിരം ഫോർമാറ്റിൽ ഒരു നേരിയ വ്യത്യാസം രൂപപ്പെടുത്തുന്നതിലാണ് ബോബി സഞ്ജയന്മാർ വിജയിച്ചതെന്ന് പറയാം. കാരണം ഇവിടെ നിരുപമയുടെ  വ്യക്തി ജീവിതം തീർത്തും വ്യക്തിനിഷ്ഠമായി അവതരിപ്പിക്കാനല്ല തിരക്കഥാകൃത്തുക്കൾ  ശ്രമിക്കുന്നത് മറിച്ച് നിരുപമ എന്ന സ്ത്രീ വ്യക്തിത്വത്തെ സമൂഹവുമായി ബന്ധിപ്പിക്കാനാണ്‌. അതിന്  ഏറ്റവും ലളിതമായ ഒരു ഉപാധിയായി അവർ കണ്ടെടുക്കുന്നതോ സ്ത്രീകളുടെ  കുത്തക മേഖലയെന്ന് മുദ്രകുത്തപ്പെട്ട അടുക്കളയിൽ നിത്യേന അവൾ എടുത്തു പെരുമാറുന്ന പച്ചക്കറിയും അനുബന്ധ വിഷയങ്ങളുടെ  പ്രശ്നങ്ങളും പരിഹാരങ്ങളും. (സ്ത്രീയുടെ വിപ്ലവ ശബ്ദം ആരംഭിക്കുന്നത് അടുക്കളയിൽ നിന്ന് തന്നെ എന്ന ക്ലീഷേക്ക് മാറ്റം വരുത്താനാകില്ല ല്ലോ .) 

തിരക്കഥയിൽ ഇടയ്ക്കു കയറി വരുന്ന യാദൃശ്ചികതകളുടെയും നാടകീയതകളുടെയും കുത്തൊഴുക്കിനെ നിയന്ത്രിക്കുന്നതിൽ  റോഷൻ ആണ്ട്രൂസിന്റെ സംവിധാന മികവ് സിനിമയെ വേണ്ടുവോളം സഹായിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ സിനിമയിൽ നിരുപമയുടെ മുന്നോട്ടുള്ള യാത്രകളെ ഭംഗിയായി തന്നെ വിലയിരുത്താം. സംവിധായകനോട് ഒരൽപ്പമെങ്കിലും നെറ്റി ചുളിച്ച് ചോദിക്കേണ്ടതായുള്ള ഒരേ ഒരു ചോദ്യം ഇതാണ്- നിരുപമ എന്ന കഥാപാത്രത്തിന്  ശക്തി പകരാൻ ഒരു മാരത്തോണ്‍ ഓട്ടത്തിൽ പങ്കെടുപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? ഇനി ഉണ്ടായിരുന്നെങ്കിൽ തന്നെ വീട്ടമ്മയായ  നിരുപമക്ക് മുട്ടറ്റം നീളമുള്ള മുടിയും മാരത്തോണിൽ ഓടുന്ന നിരുപമക്ക് നീളക്കുറവുള്ള മുടിയും മതി എന്ന  തീരുമാനം പുന പരിശോധിക്കേണ്ടതായിരുന്നില്ലേ? വേഷ വിധാനത്തിലുണ്ടായ ഈ ചെറിയ മാറ്റം പോലും നിരുപമ എന്ന മുഴുനീള കഥാപാത്രത്തിന്റെ അസ്തിത്വത്തെ വരെ ബാധിക്കുന്നതല്ലേ? 

മഞ്ജു വാര്യരുടെ  പഴയ കാല അഭിനയ വിസ്മയമൊന്നും നിരുപമയിൽ കാണാൻ സാധിക്കില്ലെങ്കിലും  ദീർഘ കാലമായി മഞ്ജു വാര്യർ ഇല്ലാത്ത സിനിമകളെ കണ്ടു പരിചയിക്കേണ്ടി വന്ന പ്രേക്ഷകവൃന്ദത്തിന് നിരുപമ ഒരു വലിയ ആശ്വാസം നൽകുക തന്നെ ചെയ്യും. കുഞ്ചാക്കോ ബോബൻ, കുഞ്ചൻ, കനിഹ, ലാലു അലക്സ്, വിനയ് ഫോർട്ട്‌ തുടങ്ങീ ഒട്ടനവധി താരങ്ങൾ സിനിമയിൽ അവരുടേതായ വേഷങ്ങൾ ഭംഗിയാക്കി. രണ്ടു മൂന്നു സീനുകളിൽ മാത്രം വന്നു പോയ കലാ രഞ്ജിനിയുടെ അമ്മ വേഷം ഏറെ ചിരി പടർത്തിയപ്പോൾ  മാധവിയമ്മയായി വന്ന സേതുലക്ഷ്മി ആദ്യം ചിരിപ്പിക്കുകയും പിന്നീടൊരു ഘട്ടത്തിൽ ജീവിതത്തിലെ ഒറ്റപ്പെടലിന്റെ വേദന വെളിപ്പെടുത്തി കൊണ്ട് പ്രേക്ഷകരുടെ കണ്ണ് നനയിക്കുകയും ചെയ്യുന്നു. ഗോപീ സുന്ദറിന്റെ സംഗീതമാണോ റഫീഖ് അഹമ്മദിന്റെ വരികളാണോ ശ്രേയാ ഘോഷലിന്റെ ആലാപനമാണോ "വിജനതയിൽ .. എന്ന ഗാനത്തെ മനോഹരമാക്കിയത് എന്ന് പറയ വയ്യ. 
സിനിമക്ക് സമൂഹവുമായി  തീർത്താൽ തീരാത്ത ബന്ധമുണ്ട്. സമൂഹത്തോടുള്ള കടമകൾ പാടെ തിരസ്ക്കരിക്കുന്ന രീതി സിനിമക്ക് അഭിലഷണീയമല്ല എന്നത് കൊണ്ട് തന്നെ വെറുമൊരു വിനോദത്തിനെന്ന  രീതിയിൽ "ഹൌ ഓൾഡ്‌ ആർ യു" കണ്ടിരിക്കാൻ സാധ്യമല്ല. സിനിമ പങ്കു വയ്ക്കുന്ന വിഷയം  അല്ലെങ്കിൽ തുടങ്ങി വക്കുന്ന  ചർച്ച അത്ര മേൽ സാമൂഹിക പ്രസക്തവും പ്രചോദനാത്മകവുമാണ്. നമ്മൾ നമ്മളോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു പ്രായം അത്ര വലിയ തടസ്സമാണോ ഒരു ചെറിയ കാര്യം ചെയ്യാൻ?  

ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത കാല മലയാള സിനിമകളിൽ ആർക്കെങ്കിലും എന്തെങ്കിലും ഒരു പ്രചോദനം നൽകി എന്ന് കരുതേണ്ട സിനിമ. അല്ലറ ചില്ലറ നാടകീയ രംഗങ്ങളും യാദൃശ്ചികതകളുടെ കടന്നു കയറ്റവും ഒഴിച്ച് നിർത്തിയാൽ കണ്ടിരിക്കാവുന്ന നല്ലൊരു സാമൂഹിക കുടുംബ സിനിമ. 

*വിധി മാർക്ക്‌ = 6.5/10  

-pravin-

Sunday, June 15, 2014

Queen - ഇതാണ് ഞങ്ങ പറഞ്ഞ നായിക...ഇവളാണ് നായിക!!!

2011-ൽ റിലീസായ തന്റെ ആദ്യ സിനിമ "Chillar Party" യിൽ  വെറുമൊരു കുട്ടിപ്പട്ടാളത്തെ  കൊണ്ടാണ് വികാസ് ബൽ പ്രേക്ഷക സമൂഹത്തെ ഒന്നടങ്കം  കൈയ്യിലെടുത്തത് എങ്കിൽ  മൂന്നു വർഷങ്ങൾക്ക് ഇപ്പുറം അത് വീണ്ടും സാധ്യമാക്കിയത് വെറുമൊരു  നായികയെ  കൊണ്ടാണ്. വികാസിന്റെ തന്നെ സിനിമയുടെ ഭാഷയിൽ പറയുകയാണെങ്കിൽ "റാണി". അവളാണ് പ്രേക്ഷകരെ കയ്യിലെടുക്കുന്ന ആ  നായിക. 

സിനിമ തുടങ്ങുന്നത് റാണിയുടെ (കങ്കണ രണാവത്) കല്യാണത്തിന്റെ രണ്ടു ദിവസം മുന്നേയുള്ള ഒരു സന്തോഷ മുഹൂർത്തത്തിൽ നിന്നാണ്. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു വളർന്നതിന്റെ  അടക്കവും ഒതുക്കവും നാണവും  ഭയവുമെല്ലാം അവളിൽ സദാ പ്രകടമാണ്. അഞ്ചു വർഷത്തെ പ്രണയ സാക്ഷാത്ക്കാരം കൂടിയാണ് ഈ വിവാഹം എന്നതിനാൽ  അതീവ സന്തോഷവതിയായാണ്‌ അന്നേ ദിവസം അവൾ കാണപ്പെടുന്നത്. അതേ സമയം വിവാഹ ദിവസത്തോട് അടുക്കുന്ന നേരത്ത്  ഏതൊരു പെണ്ണിനേയും പോലെ  അവളും  വിവിധ തരം മാനസിക സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്നു.  വിവാഹത്തിന് രണ്ടു ദിവസം ബാക്കി നിൽക്കെ റാണിയെ വിവാഹം കഴിക്കാനാകില്ല എന്ന് പ്രതിശ്രുത വരനും മുൻ കാമുകനുമായ നായകൻ വിജയ്‌ (രാജ് കുമാർ റാവു)  വെളിപ്പെടുത്തുന്ന സമയത്ത് അവളും കുടുംബവും മാനസികമായി തകർന്നടിയുന്നുണ്ടെങ്കിലും ദീർഘ നേരത്തെ ദുഃഖ-മൌനങ്ങൾക്ക്  ശേഷം അവളൊരു തീരുമാനമെടുക്കുന്നു. വിവാഹത്തിനും എത്രയോ മുൻപ് തീരുമാനിച്ചു ഉറപ്പിച്ചു വച്ചിരുന്ന പാരീസിലേക്കുള്ള  മധുവിധ യാത്ര യാഥാർത്ഥ്യമാക്കണം. പാരീസ് യാത്ര അവളുടെ എന്നത്തേയും സ്വപ്നമാണ് എന്നിരിക്കെ, അതൊരു പക്ഷേ അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥക്ക് ഒരു ആശ്വാസവുമായേക്കാം  എന്ന ചിന്തയിൽ റാണിയുടെ കുടുംബം അവളുടെ പാരീസ് യാത്രക്ക് പൂർണ്ണ സമ്മതവും നൽകുന്നു. അനിയനെ കൂടാതെ ഒറ്റക്കെവിടെയും ഇന്ന് വരെ പോയിട്ടില്ലാത്ത റാണി  പാരീസിലേക്ക് ഒറ്റക്ക് മധുവിധു യാത്ര ചെയ്യാനൊരുങ്ങുന്നിടത്തു നിന്നാണ്  സിനിമ അതിന്റെ പാളത്തിലൂടെ  മുന്നോട്ട് നീങ്ങുന്നത്. പാരീസിലെ  പ്രതികൂല സാഹചര്യങ്ങൾ, വെല്ലു വിളികൾ, പുതിയ അനുഭവങ്ങൾ, സുഹൃത്തുക്കൾ എന്നിവ അവളുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു അല്ലെങ്കിൽ  എന്ത് മാറ്റം വരുത്തുന്നു എന്നതാണ് സിനിമയുടെ ശിഷ്ട ഭാഗം പ്രേക്ഷകന് സമ്മാനിക്കുന്ന ദൃശ്യ വിരുന്ന്. 

2012  ൽ റിലീസ് ചെയ്ത ഗൌരി ഷിണ്ടെയുടെ ശ്രീ ദേവി സിനിമ "English Vinglish" ഉം വികാസ് ബാലിന്റെ "Queen" ഉം തമ്മിൽ നേർത്ത സമാനതകൾ ഒരു പക്ഷേ നിരീക്ഷിക്കപ്പെട്ടേക്കാം.  "English Vinglish" ലെ നായിക ശശി ഇംഗ്ലീഷ് അറിയാത്ത ഒരു സാധാരണ വീട്ടമ്മയും  'Queen' ലെ നായിക റാണി  വിദ്യാ സമ്പന്നയുമാണ്‌.  രണ്ടു പേർക്കും നേരിടേണ്ടി വരുന്ന വെല്ലു വിളികളും സാഹചര്യങ്ങളും രണ്ടാണ് എന്നിരിക്കെ ഒരു  താരതമ്യ പഠനത്തിന്റെ സാധ്യതകൾ ഒരു പരിധി വരെ തള്ളിക്കളയാവുന്നതുമാണ്. എന്നിരുന്നാലും   ഈ രണ്ടു സിനിമകളും പ്രതിനിദാനം ചെയ്യുന്ന കഥാപാത്രങ്ങൾ യാഥാസ്ഥിതിക സ്ത്രീ സമൂഹത്തിൽ നിന്നാണ് എന്ന കാര്യം  നിരീക്ഷണ വിധേയമാണ്. രണ്ടു കഥാപാത്രങ്ങൾക്കും  അവരവരുടെ ഇച്ഛാശക്തിയെ തിരിച്ചറിയുന്നതിനും വ്യക്തിബോധം ആർജ്ജിക്കുന്നതിനും നിമിത്തമാകുന്നത്  ഒരു വിദേശ യാത്രയും അനുബന്ധ സംഭവ വികാസങ്ങളുമാണ് എന്നത് മറ്റൊരു കേവല സമാനത മാത്രം. എങ്ങിനെയൊക്കെ നിരീക്ഷിച്ചാലും യാഥാർത്ഥ്യ ബോധത്തോട് ഏറെ ചായ്‌വ് കാണിച്ച കഥാപാത്രം ശ്രീ ദേവിയുടെ ശശി തന്നെയാണെന്ന്  സമ്മതിക്കേണ്ടി വരും. അതേ സമയം അഭ്രപാളിയിൽ ഭാവ പ്രകടന വിസ്മയം കാഴ്ച വക്കാൻ ശശിയേക്കാൾ കൂടുതൽ  അവസരം കിട്ടിയത് കങ്കണയുടെ റാണിക്കാണ് താനും. വികാസ് ബാലിന്റെ തിരക്കഥയിൽ റാണി എന്ന നായികക്ക്  അനുവദിച്ചു നൽകിയിട്ടുള്ള  രംഗങ്ങളുടെ  കടുപ്പവും വിസ്തൃതിയും   തന്നെയാണ് അതിനു കാരണവും. തനിക്ക് അനുവദിച്ചു തന്നിട്ടുള്ള വിശാലമായ സ്പേസിൽ നിന്ന് കൊണ്ട് കഥാപാത്രത്തെ ഉജ്ജ്വലമാക്കുന്നതിൽ  കങ്കണ രണാവത്ത് വിജയിക്കുകയും ചെയ്തിരിക്കുന്നു. 

ക്ലീഷേ നായികാ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുകയാണ് Queen സിനിമയിലെ റാണി എന്ന കഥാപാത്രം. നായകന് പിന്നാലെ റൊമാന്റിക് നടനമാടാനോ പതിവ് ഉപഗ്രഹമായി നായകന് ചുറ്റും കറങ്ങാനോ നായികയെ  ഉപയോഗപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല നായികക്ക് സിനിമയുടെ മുഴുവൻ സാധ്യതകളും തുറന്നു കൊടുക്കുകയുമാണ് സംവിധായകൻ ചെയ്യുന്നത്. അക്കാരണത്താൽ തന്നെ  സിനിമയിലെ  തന്റെ സഞ്ചാര വീഥിയിൽ നായികക്ക് പരിചയപ്പെടേണ്ടി വരുന്നത് നായകനെയോ  സഹ നടനെയോ നടിമാരെയോ അല്ല, മറിച്ച് സിനിമ അനുശാസിക്കുന്ന വിവിധ സാഹചര്യങ്ങളിലെ ജീവസ്സുറ്റ കഥാപാത്രങ്ങളെ  മാത്രം. ഒരു സ്ത്രീ ശാക്തീകരണ ഉദ്ദേശ്യത്തോടെയുള്ള സിനിമയല്ല Queen എങ്കിൽ കൂടി യാഥാസ്ഥിതികതയിൽ അടിഞ്ഞു കൂടി ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ ചിന്താസരണിയിൽ   ഈ സിനിമ ഒരൽപ്പമെങ്കിലും ഊർജ്ജം പകർന്നു കൊടുക്കാതിരിക്കില്ല. എന്നാൽ സ്ത്രീ കേന്ദ്രീകൃതമായൊരു കഥ പറയുമ്പോൾ അതിലൊരു ഫെമിനിസത്തെ ഒളിച്ചു കടത്താൻ സാധ്യത ആരായുന്ന നിരൂപകർക്കും പ്രേക്ഷകർക്കും  ഈ സിനിമ നിരാശ സമ്മാനിച്ചേക്കാം. 

കങ്കണ രണാവത്തിന്റെ അഭിനയ ജീവിതത്തിലെ  ഒരു നാഴികക്കല്ല് തന്നെയാണ് റാണി എന്ന കഥാപാത്രം. കങ്കണ തന്നെയോ ഇങ്ങിനെ അഭിനയിച്ചു തകർക്കുന്നത് എന്നതൊരു വേളയിൽ ചിന്തിച്ചു പോകും വിധമുള്ള ഒരു പിടിയിലധികം രംഗ നടന  വിസ്മയങ്ങൾ Queen പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. ഭാഷാധീതമായ ഒരു  ആഗോള സിനിമയായി പോലും Queen ഒരു പക്ഷേ പരിഗണിക്കപ്പെട്ടേക്കാം. അത്രക്കധികം അന്യഭാഷാ നടീ നടന്മാരെ കഥാപാത്രങ്ങളാക്കി കൊണ്ടാണ് Queen സിനിമയുടെ തിരക്കഥയും  സംഭാഷണങ്ങളും മറ്റു ഇന്ത്യൻ സിനിമകളിൽ നിന്ന് വ്യത്യസ്തമാകുന്നത്. അക്കാരണത്താൽ തന്നെ ഏതൊരു ഭാഷാ പ്രേക്ഷകനും ഈ സിനിമ തുല്യ ആസ്വാദനം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. 

ആകെ മൊത്തം ടോട്ടൽ = മുൻവിധികളില്ലാതെ കാണാൻ തയ്യാറായാൽ പൂർണ്ണ ആസ്വാദനം ലഭിക്കുന്ന ഒരു സൂപ്പർ സിനിമ.  

* വിധി മാർക്ക് = 9/10 

-pravin-

Monday, June 2, 2014

Kon-Tiki - സിനിമക്ക് പിന്നിലെ ചരിത്രം

Joachim Ronning, Espen Sandberg എന്നിവരുടെ സംവിധാനത്തിൽ 2012 ഇൽ റിലീസായ നോർവേജിയൻ  സിനിമയാണ്  Kon-Tiki. എണ്‍പത്തി അഞ്ചാമത് അക്കാദമി അവാർഡ്സിൽ മികച്ച വിദേശ ഭാഷാ സിനിമക്കുള്ള  നോമിനേഷൻ  Kon-Tiki ക്ക് ലഭിച്ചിരുന്നു. അതോടു കൂടെ അഞ്ചാം തവണ അക്കാദമി അവാർഡ്സിലേക്ക് നോമിനേഷൻ കിട്ടുന്ന നോർവേജിയൻ  സിനിമ എന്ന വിശേഷത  കൂടി Kon-Tiki സ്വന്തമാക്കുകയുണ്ടായി. ഒരേ സമയം ഓസ്ക്കാർ അവാർഡിനും ഗോൾഡൻ ഗ്ലോബ് അവാർഡിനും നിർദ്ദേശിക്കുന്ന ആദ്യ നോർവേജിയൻ സിനിമയും Kon-Tiki തന്നെ. ചുരുക്കി പറഞ്ഞാൽ നോർവേജിയൻ  സിനിമാ ലോകത്തിന് അംഗീകാരങ്ങളുടെ പെരുമഴ സമ്മാനിച്ച വർഷമായിരുന്നു 2012. 

1947-ൽ  നോർവീജിയൻ നരവംശശാസ്ത്ര ഗവേഷകനും, സഞ്ചാരിയുമായ Thor Heyerdahl നടത്തിയ സാഹസിക ഗവേഷണ യാത്രയുടെ സിനിമാ പരിഭാഷയാണ് Kon-Tiki. അന്ന് പസഫിക് സമുദ്രം മുറിച്ചു കടക്കാൻ അദ്ദേഹം ഉപയോഗിച്ച വള്ളത്തിന്റെ പേരാണ് Kon-Tiki.  1947 ആഗസ്റ്റ്‌ 28ന്, പെറുവിലെ കയ്യാവു എന്ന സ്ഥലത്ത് നിന്ന് Kon-Tiki അതിന്റെ യാത്ര പുറപ്പെടുന്ന സമയത്ത്  തോർ ഹെയർദാലിനൊപ്പം അഞ്ചു സഹയാത്രികരും ലോറിത എന്ന് പേരുള്ള ഒരു തത്തയുമാണ് കൂടെയുണ്ടായിരുന്നത്. തോർ ഹെയർദാലും കൂട്ടരും ഇത്തരമൊരു സാഹസികയാത്ര സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യ ലക്ഷ്യമാണ് സത്യത്തിൽ ചരിത്രം അന്വേഷിക്കുന്നവർക്കും സിനിമാ പ്രേമികൾക്കും ഒരേ സമയം Kon-Tiki യെ കുറച്ചു കൂടി ഗൌരവത്തോടെ നിരീക്ഷിക്കാനുള്ള അവസരമൊരുക്കുന്നത്. വെറുമൊരു സിനിമ എന്ന തോതിൽ മാത്രം നിരീക്ഷിക്കേണ്ട വിഷയങ്ങൾ അല്ല Kon-Tiki  പ്രേക്ഷകന് പറഞ്ഞു തരുന്നത് എന്ന് സാരം. 

1947  കാലം വരെ വിശ്വസിച്ചു വന്നിരുന്ന പ്രമാണങ്ങൾ പ്രകാരം പോളിനേഷ്യൻ ദ്വീപുകളിൽ വസിക്കുന്നവർ പടിഞ്ഞാറിൽ നിന്ന് കുടിയേറി പാർത്തവരായിരുന്നു. എന്നാൽ ഈ വിശ്വാസ പ്രമാണങ്ങൾക്ക് വിപരീതമായൊരു നിരീക്ഷണമാണ് തോർ ഹെയർദാലിന് ഗവേഷക സമൂഹത്തിനോട് പങ്കു വക്കാനുണ്ടായിരുന്നത്. തോറിന്റെ സിദ്ധാന്ത പ്രകാരം ചിന്തിക്കുകയാണെങ്കിൽ പോളിനേഷ്യൻ ദ്വീപ സമൂഹങ്ങളിൽ  ഇന്ന് കാണുന്ന ജനങ്ങൾ തെക്കേ അമേരിക്കയിൽ നിന്നും പ്രീ കൊളംബിയൻ കാലഘട്ടത്തിൽ കുടിയേറി പാർത്തവരാണെന്ന് ഗവേഷകർക്കും മറ്റു പൊതു സമൂഹത്തിനും അംഗീകരിക്കേണ്ടി വരും. തന്റെ നിരീക്ഷണങ്ങളെയും സിദ്ധാന്തത്തെയും തെറ്റാണെന്ന് വിലയിരുത്തുന്നവർക്കുള്ള മറുപടിയെന്നോണമാണ് തോറും കൂട്ടരും കോണ്‍-ടിക്കി പര്യവേഷണം സംഘടിപ്പിക്കുന്നത്. 

1500 വർഷങ്ങൾക്ക് മുൻപ് എപ്രകാരമായിരിക്കും പൂർവ്വികർ സമുദ്രയാത്ര സാധ്യമാക്കിയത് അപ്രകാരം തന്നെ പോളിനേഷ്യയിൽ എത്തിച്ചേരണം എന്നതാണ് കോണ്‍-ടിക്കി പര്യവേഷണത്തിലെ പ്രധാന വെല്ലു വിളി. അക്കാലത്ത് തെക്കേ അമേരിക്കയിൽ ലഭ്യമാകുമായിരുന്ന സാധന സാമഗ്രികൾ ഉപയോഗിച്ച് കൊണ്ട് തന്നെ തോറും സംഘവും ഒരു വലിയ ചങ്ങാടം ഉണ്ടാക്കുന്നു. ബൽസാ എന്ന് പേരുള്ള പ്രത്യക തരം ഒരു തടി കൊണ്ടാണത്രേ ഈ ചങ്ങാടം  പ്രധാനമായും നിർമ്മിച്ചത്. 1947 ഏപ്രിൽ 28ന് തുടങ്ങുന്ന ഈ സാഹസിക ഗവേഷണ യാത്ര അവസാനിക്കുന്നത് ആഗസ്റ്റ്‌ 7നാണ്. സമുദ്രത്തിലൂടെ ഏകദേശം 4000 മൈലുകൾ. ഈ കാലയളവിൽ യാത്രികർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റു മാനസിക സമ്മർദ്ദങ്ങളുമാണ് സിനിമയുടെ ഒരു വലിയ പകുതി കാഴ്ചയായി പ്രേക്ഷകന് സമ്മാനിക്കുന്നത്. 

സമുദ്രയാത്രയിലെ ഭയാനക സാഹചര്യങ്ങളിൽ സ്വന്തം ജീവനെ കുറിച്ചും കുടുംബത്തെ കുറിച്ചും യാത്രികർ ഒരു വേളയിൽ ചിന്തിച്ചു പോകുന്നുണ്ട്. സിനിമയുടെ അത്തരമൊരു സഞ്ചാര വീഥിയിൽ കഥാപാത്രങ്ങൾക്കിടയിൽ പങ്കു വക്കുന്ന  സംഭാഷണ  ശകലങ്ങളിലേറെ കഥാപാത്രങ്ങളുടെ നിസാരമെന്നു കരുതുന്ന ഭാവ പ്രകടനങ്ങളിലെ സൂക്ഷ്മതയാണ് 'കോണ്‍-ടിക്കി'ക്ക് ഒറിജിനാലിറ്റി സമ്മാനിക്കുന്നത് എന്ന് പറയേണ്ടി വരും. വിപരീത സാഹചര്യങ്ങളെ ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം നേരിടുകയും അതിൽ വിജയിക്കുകയും ചെയ്യുന്ന സമയത്ത് തോറിനും സംഘത്തിനും ബോധ്യപ്പെടുന്ന ഒരു സംഗതി കൂടിയുണ്ട്  - 'പൂർവ്വികർ ഒരിക്കലും സമുദ്രത്തെ  പേടിച്ചിട്ടില്ല. അവർ ഒരിക്കലും സമുദ്രത്തെ ഒരു മഹാ പ്രതിബന്ധമായി കണ്ടിട്ടുമില്ല'. 

1951ഇൽ തോർ ഹെയർദാൽ തന്റെ സിദ്ധാന്തത്തെ അധികരിച്ച് കൊണ്ട് സംവിധാനം ചെയ്ത ഡോക്യുമെന്ററി സിനിമയിൽ കോണ്‍-ടിക്കി പര്യവേഷണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങൾ വിവരിക്കുന്നുണ്ട്. അന്നത്തെ സമുദ്രയാത്രയുടെ  പ്രസക്ത വീഡിയോ സഹിതം റിലീസായ ആ സിനിമയുടെ പേരും "Kon-Tiki" എന്ന് തന്നെ. ആ വർഷത്തിലെ   അക്കാദമിക് അവാർഡ്സിൽ (24th) മികച്ച ഡോക്യുമെന്ററി സിനിമക്കുള്ള പുരസ്ക്കാരവും കോണ്‍-ടിക്കിക്ക് ലഭിക്കുകയുണ്ടായി. 

ആകെ മൊത്തം ടോട്ടൽ = സിനിമയും ചരിത്രവും ഒരു പോലെ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഇഷ്ടപ്പെടും. അല്ലാത്തവർക്ക് ഫിഫ്റ്റി ഫിഫ്റ്റി ചാൻസ്. 

*വിധി മാർക്ക് = 7/10 

-pravin-