Monday, March 14, 2016

ബിജുവിന്റെ ആക്ഷനല്ല കേസ് ഡയറിയാണ് ഹീറോ

ഭരത് ചന്ദ്രൻ , ബൽ റാം , പെരുമാൾ , നരിമാൻ , മുഹമ്മദ്‌ സർക്കാർ , സോളമൻ ജോസഫ് , ബാബാ കല്ല്യാണി , ബെൻ ജോൺസൻ , ഇൻസ്പെക്ടർ ഗരുഡ് എന്ന് വേണ്ട മലയാള സിനിമയിൽ ഇനി കാണാത്ത തരം പോലീസ് ഹീറോ കഥാപാത്രങ്ങൾ വേറെയുണ്ടോ എന്ന് സംശയിച്ചിരിക്കുന്നവരുടെ മുന്നിലേക്ക് ( അതും ഈ ന്യൂ ജനറേഷൻ കാലത്ത് ) നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരു പോലീസ് കഥാപാത്രം ഇതാ വരുന്നെന്നും പറഞ്ഞ് എസ്. ഐ ബിജുവിനെ ചങ്കൂറ്റത്തോടെ തിയേറ്ററിലേക്ക് പറഞ്ഞു വിട്ട ആളാണ്‌ എബ്രിഡ്‌ ഷൈൻ. ആ ചങ്കൂറ്റത്തിനു പിന്നിലെ രഹസ്യം എന്തായിരുന്നെന്നു ആലോചിക്കുമ്പോൾ കിട്ടുന്ന ഉത്തരങ്ങൾ രണ്ടാണ്. ഒന്ന് - നിവിൻ പോളി എന്ന നടന്റെ നിലവിലെ പ്രേക്ഷക സ്വീകാര്യത. രണ്ട് - സിനിമക്ക് വേണ്ടി കണ്ടെടുത്ത പോലീസ് കേസ് ഡയറിയിലെ യഥാർത്ഥ സംഭവങ്ങൾ. യഥാർത്ഥ സംഭവങ്ങളെ സിനിമാറ്റിക്കായി അവതരിപ്പിക്കുന്നതാണോ റിയലസ്റ്റിക്കായി തന്നെ അവതരിപ്പിക്കുന്നതാണോ സിനിമയെ ജീവസ്സുറ്റതാക്കാൻ സഹായിക്കുക എന്നൊക്കെയുള്ള ചോദ്യങ്ങളെ സിനിമയുടെ പ്രാരംഭ പ്രവർത്തന കാലത്ത് സംവിധായകൻ ഒരു പക്ഷേ നേരിട്ടിരിക്കാം. എന്തായാലും അതിന്റെ ഉത്തരമാണ് 'ആക്ഷൻ ഹീറോ ബിജു' വിന്റെ അവതരണ രീതി. അത് തന്നെയാണ് ബിജുവിനെ മറ്റു പോലീസ് സിനിമകളിൽ നിന്ന് വ്യത്യസ്തനാക്കുന്നതും. 

മുൻകാല പോലീസ് സിനിമകളിലെ പോലെ പോലീസ് കഥാപാത്രത്തിന് മുന്നിൽ ശക്തനായ ഒരു വില്ലനെയോ നെഗറ്റീവ് പരിവേഷമുള്ള രാഷ്ട്രീയക്കാരനെയോ ഇവിടെ അവതരിപ്പിച്ചു കാണിക്കുന്നില്ല എന്ന് മാത്രമല്ല നട്ടെല്ലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ വിചാരിച്ചാൽ സമൂഹത്തിൽ എത്ര സ്വാധീനമുള്ളവനായാൽ പോലും ചെയ്ത തെമ്മാടിത്തരത്തിനു അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാൻ സാധിക്കും എന്ന് ആത്മവിശ്വാസത്തോടെ പറയുകയും കൂടി ചെയ്യുന്നുണ്ട് ഈ സിനിമ. ജനമൈത്രി പോലീസെന്നാൽ ഗുണ്ടകളോടും ക്രിമിനലുകളോടുമെല്ലാം കുശലം പറഞ്ഞ് അവരെയെല്ലാം നേർവഴിക്ക് നയിക്കുന്ന സുമനസ്സുകളും കൊമേഡിയന്മാരുമാണ് എന്ന ഒരു ധാരണ പൊതു സമൂഹത്തിൽ സൃഷ്ടിച്ചെടുത്ത സിനിമകളുടെ കൂട്ടത്തിൽ അപവാദമായി മാറി കൊണ്ട് ജനമൈത്രി പോലീസ് എന്ന ആശയത്തെ സത്യസന്ധമായി അവതരിപ്പിച്ചു കാണിക്കാനും ആക്ഷൻ ഹീറോ ബിജുവിനെ സംവിധായകൻ ഉപയോഗിച്ചു കാണാം. അപ്രകാരം പോലീസിന്റെ നല്ല വശങ്ങളെ മാത്രം ഹൈ ലൈറ്റ് ചെയ്ത് കൊണ്ടാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. സാമൂഹിക പ്രതിബദ്ധതയും ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുമുള്ള ബിജുവിനെ പോലെ ചോരത്തിളപ്പുള്ള ചെറുപ്പക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയുള്ള കഥയെ പോസിറ്റീവ് ആയല്ലാതെ അവതരിപ്പിക്കാനുമാകില്ലല്ലോ. 

തന്റെ മുന്നിലെത്തുന്ന ഓരോ കേസിനെയും എസ് ഐ ബിജു നോക്കി കാണുന്ന രീതി ഇവിടെ വളരെ ശ്രദ്ധേയമാണ്. പരാതി ഒത്തു തീർപ്പാക്കാനായി റിക്രൂട്ടിംഗ് ഏജൻസിയുടെ മാനേജിങ്ങ് ഡയറക്ടറോടുള്ള എസ് ഐ ബിജുവിന്റെ അഭ്യർഥനകൾ തന്നെ നോക്കൂ. എത്ര മര്യാദ ഭാഷയിലാണ് ആ സംസാരം. എന്നാൽ അഭ്യർത്ഥനകൾ കൊണ്ട് മാത്രം കാര്യം നടക്കില്ലെന്ന ഘട്ടത്തിൽ അയാൾ ഭീഷണി സ്വരത്തിലൂടെയും ഗർജ്ജനങ്ങളിലൂടെയും കാര്യങ്ങൾ സാധിച്ചെടുക്കുന്നു. മാങ്ങ പറിക്കാൻ വീട്ടിൽ കയറിയ കൊച്ചു കുട്ടിയെ പട്ടിയെ വിട്ടു കടിപ്പിക്കുന്ന വീട്ടുടമസ്ഥന്റെ ചിന്താഗതി നിസ്സാമുമാരെ പോലുള്ള മൃഗങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. പണം കൊണ്ട് എന്തുമാകാമെങ്കിൽ പണക്കാരനും ഇവിടെ എന്തുമാകാം എന്ന തത്ത്വ സംഹിതയിൽ വിശ്വസിച്ചു വരുന്ന നിസ്സാമുമാർക്ക് ഇന്നാട്ടിൽ സ്വാധീന ശക്തിക്ക് കുറവുണ്ടാകില്ല എന്ന സത്യം അംഗീകരിച്ചു കൊണ്ട് തന്നെ ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞു ബുദ്ധിപരമായി കളിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ നമുക്ക് ബിജുവിൽ കാണാനാകും. നാടിനു ഭീഷണിയായ ഗുണ്ടകളെയും ക്രിമിനലുകളേയും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നേരിടാനുള്ള ധൈര്യം ബിജുവിനുണ്ടെങ്കിലും അവരെയൊന്നും 'ഫോർ ദി പീപ്പിൾ' കളിച്ച് കൊല്ലാൻ ശ്രമിക്കാത്തത് നിയമ വ്യവസ്ഥിതികളിൽ അയാൾക്കുള്ള അഗാധമായ വിശ്വാസം കൊണ്ടാണ്. രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ളവനെ നിയമം കൊണ്ട് നേരിടാൻ ബുദ്ധിമുട്ടാണ് എന്ന് സ്ഥിതിഗതിയെ മാത്രമാണ് പല പോലീസുകാരും ഭയക്കുന്നത്. അത് കൊണ്ട് തന്നെ സിനിമയിൽ നമ്മൾ കാണുന്ന ബിജുവിന്റെ ഫൈറ്റ് ഗുണ്ടകളോടല്ല ആ വ്യവസ്ഥിതിയോടാണ് താനും. 

ജോലിയുടെ ഭാഗമായി തനിക്ക് കാണേണ്ടിയും കേൾക്കേണ്ടിയും വരുന്നവരോട് വികാര ഭരിതമായല്ല ആക്ഷനെടുക്കേണ്ടത് എന്നറിയാമെങ്കിലും ബിജുവിലെ എസ് ഐ പലപ്പോഴും മനുഷ്യ സഹജമായി പെരുമാറുന്നത് കാണാം. ആഭരണങ്ങൾ കാണാതായ കേസിൽ ജോലിക്കാരിയെ അറസ്റ്റ് ചെയ്യാൻ വരുമ്പോൾ അയാളൊരു പക്കാ പോലീസുകാരനായി പെരുമാറുകയും പിന്നീട് അവരുടെ കുടുംബത്തെ അറിയുമ്പോൾ അയാൾ അൽപ്പ സമയം പോലീസല്ലാതെയാകുകയും ചെയ്യുന്നുണ്ട് . കുറ്റം ചെയ്തവരുടെ കുടുംബ പശ്ചാത്തലവും അവർക്ക് കുറ്റം ചെയ്യാനുണ്ടായ സാഹചര്യവുമെല്ലാം അറിയുമ്പോൾ ചിലപ്പോഴെങ്കിലും ഒരു പോലീസുകാരന് പ്രതിയോട് അലിവ് തോന്നാം. സ്വാഭാവികം. എന്നാൽ അതൊരിക്കലും കുറ്റത്തെ കുറ്റമല്ലാതായി കാണലോ പ്രതിയെ ന്യായീകരിക്കുന്നതോ ആയ നിലപാടിലേക്കുള്ള ചാഞ്ചാട്ടമാകരുത് എന്ന നിലപാടാണ് എസ് ഐ ബിജു സ്വീകരിക്കുന്നത്. ഇപ്രകാരം ഓരോ കേസുകളോടുമുള്ള തന്റെ നിലപാടുകളും അതിനെ നേരിടുന്ന ശൈലിയും വ്യക്തമാക്കി കൊണ്ടാണ് ബിജു സിനിമയിൽ സജീവമാകുന്നത്. കേന്ദ്ര കഥാപാത്രത്തിന്റെ വൺ മാൻ ഷോ കളിയായി വ്യാഖ്യാനിക്കപ്പെടുമായിരുന്ന ഈ സിനിമയെ അതങ്ങിനെയല്ല എന്ന് തോന്നിപ്പിക്കുന്നത് ബിജുവിന് മുന്നിൽ എത്തുന്ന വ്യത്യസ്ത കേസുകളും പ്രതികളും അനുബന്ധ കഥാപാത്രങ്ങളുമാണ്. ഇത്തരത്തിലുള്ള എല്ലാ കേസുകളിലും പ്രതി ചേർക്കപ്പെടാതെ, ഒരു മൂക ദൃക്സാക്ഷിയെന്ന പോലെ സിനിമ കാണുന്ന പ്രേക്ഷകനേയും സംവിധായകൻ കൂടെ കൂട്ടുന്ന മാജിക് ആണ് സിനിമയുടെ അവതരണ മികവ്. 

സാധാരണക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരു ദിവസം എവിടെയൊക്കെ സഞ്ചരിക്കേണ്ടി വരുന്നോ എന്തൊക്കെ കാര്യങ്ങളിൽ ഇടപെടേണ്ടി വരുന്നോ അത് പോലെ തന്നെയാണ് അലക്സ് ജെ പുളിക്കലിന്റെ ക്യാമറയും ഈ സിനിമക്ക് വേണ്ടി പ്രവർത്തിച്ചിരിക്കുന്നത്. ചിന്താ വിഷ്ടയായ ശ്യാമളയിൽ സംവിധാനമെന്തെന്നറിയാത്ത വിജയൻ മാഷ്‌ ക്യാമറമാനോട് പറയുന്നുണ്ട് നടി കുളത്തിലേക്ക്‌ എടുത്ത് ചാടുകയാണല്ലോ അപ്പോൾ ക്യാമറാമാനും കൂടെ ചാടട്ടെ എന്ന്. അന്നത് വലിയ തമാശയായി കണ്ട ഒന്നായിരുന്നെങ്കിൽ ഇന്ന് ആ പറഞ്ഞതിലും ഒരു കാര്യമില്ലേ എന്ന് ചിന്തിപ്പിക്കുന്നുണ്ട് ഈ സിനിമ. എസ് ഐ ബിജുവിനെ മുഴുവൻ സമയവും പിന്തുടരുന്ന ഒരു ക്യാമറ - അതില്ലായിരുന്നെങ്കിൽ ഈ സിനിമ മറ്റൊരു വിധം അവതരിപ്പിക്കേണ്ടി വന്നിരുന്നെങ്കിൽ, ഛായാഗ്രഹണത്തിൽ ഇത്രക്കും സാധാരണത്ത്വം നമുക്ക് അനുഭവപ്പെടില്ലായിരുന്നു. 

ആകെ മൊത്തം ടോട്ടൽ = ശ്വാസം അടക്കി പിടിച്ചു കൊണ്ടല്ല ചിരിച്ചും സങ്കടപ്പെട്ടും ആകുലപ്പെട്ടും കാണേണ്ട ഒരു നല്ല പോലീസ് സിനിമ. നിവിൻ പോളിക്ക് ഒരു നല്ല നടനാകാൻ ഇനിയും ഏറെ പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പല സീനുകളുമെങ്കിലും കോമഡി നിവിന് നന്നായി വഴങ്ങുന്നു. കലിപ്പ് ലുക്ക് രൂപത്തിലും ഭാവത്തിലും കൊണ്ട് വരാൻ ശ്രമിക്കുമ്പോഴും ഡയലോഗ് ഡെലിവറിയിൽ നിവിൻ ഏറെ പിന്നോട്ട് പോകുന്നു. അതേ സമയം മുൻപൊന്നും കണ്ടിട്ട് പോലുമില്ലാത്ത പലരും ഈ സിനിമയിൽ ഓരോ കഥാപാത്രങ്ങളായി വരുകയും അസാധ്യമായി അതാത് കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. റിയലസ്റ്റിക്ക് അവതരണമെന്ന ക്രെഡിറ്റ് സ്വന്തമാക്കുമ്പൊഴും സിനിമാറ്റിക് അവതരണത്തിലേക്ക് വഴുതി പോകുന്ന ക്ലൈമാക്സ് സീനുകൾ ഒരു കല്ല്‌ കടിയായി. പട്ടാളക്കാരനും പോലീസുകാരനും കർമ്മനിരതരയാൽ പിന്നെ അവരെയൊന്നും കുടുംബത്തിനു കിട്ടില്ല എന്ന ക്ലീഷേ സിനിമയിൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നുണ്ട്. തിരക്കഥാ രചനയിലെ സങ്കീര്‍ണ്ണതകളെ ഇല്ലാതാക്കി കൊണ്ടുള്ള എബ്രിഡ് ഷൈന്‍ - മുഹമ്മദ്‌ ഷഫീഖ് തിരക്കഥാകൃത്തുകളുടെ സ്ക്രിപ്റ്റിംഗ് സ്റ്റൈലാണ് സത്യത്തില്‍ സിനിമയുടെ അവതരണ രീതിയിലെ മികവിനുണ്ടായ പ്രധാന ശക്തി.  നടീ നടന്മാരുടെ അഭിനയ മികവ് അഭിനന്ദിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യുന്ന അവസരത്തിൽ സിനിമയിലെ നായികാ നായകന്മാരെക്കാൾ കൂടുതൽ ചെറിയ കഥാപാത്രങ്ങൾ ഉജ്ജ്വലമാക്കി അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട്, മേഘ നാഥൻ, ദേവി അജിത്‌ എന്നിവരുടെ പേരായിരിക്കും പ്രേക്ഷകന് പറയാനുണ്ടാകുക. അത്രക്കും മികച്ച പ്രകടനം അവരുടെ തന്നെയായിരുന്നു. 

* വിധി മാർക്ക് = 7/10 

-pravin-