Tuesday, October 21, 2014

ഹൈദർ - ഹാംലെറ്റും, കാശ്മീരും, ഇന്ത്യൻ സൈന്യവും, പിന്നെ ചില അർദ്ധ സത്യങ്ങളും

സിനിമയെ സിനിമയായി തന്നെ കാണണം എന്ന് നിർബന്ധം പിടിക്കാനാകില്ല ചിലപ്പോഴെങ്കിലും. പ്രത്യേകിച്ച് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം അത്തരത്തിൽ ഒന്നാകുമ്പോൾ. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പിന്തുണയോടെ വിവിധ കലാ സാഹിത്യ രൂപങ്ങളിൽ  ഉടലെടുക്കുന്ന സർഗ്ഗ സൃഷ്ടികളെ തീർച്ചയായും ഒരു ആസ്വാദകൻ മാനിക്കുക തന്നെ വേണം. എന്നാൽ മേൽപ്പറഞ്ഞ സ്വാതന്ത്ര്യത്തിന്റെ പിന്തുണ പറ്റി വരുന്ന കലാ സൃഷ്ടികൾ ആസ്വാദകനോടും പൊതു സമൂഹത്തോടും എത്ര മേൽ നീതി പുലർത്തുന്നു എന്നതിലാണ് ഏതൊരു സർഗ്ഗ സൃഷ്ടിയും പ്രസക്തമാകുന്നത്. സാമൂഹികവും മതപരവും ചരിത്രപരവും രാഷ്ട്രീയപരവുമായ  വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകൾ മറ്റു സിനിമകളെ അപേക്ഷിച്ച് അതിന്റെ ആവിഷ്ക്കരണത്തിൽ നേരിടുന്ന പ്രധാന വെല്ലു വിളിയും അത് മാത്രമാണ്.  ഇക്കാരണം കൊണ്ട് തന്നെ ഇത്തരത്തിലുള്ള സിനിമകൾ അനുമോദനങ്ങളെക്കാൾ കൂടുതൽ ആക്ഷേപങ്ങൾ കേൾക്കാൻ മുന്നാലെ സ്വയമേ വിധിക്കപ്പെട്ടിരിക്കുന്നു. വിശാൽ ഭരദ്വാജിന്റെ ഹൈദർ അക്കൂട്ടത്തിൽ പെടുത്താവുന്ന ഒരു സിനിമയാണ്. ഈ സിനിമക്ക് കേൾക്കേണ്ടി വരുന്ന അനുമോദനങ്ങളിലും  ആക്ഷേപങ്ങളിലും  എത്ര മാത്രം ശരിയുണ്ട് എന്ന് നോക്കാം.

ഷേക്സ്പിയർ  നാടകത്തിലെ ദുരന്ത നായകനായ ഹാംലെറ്റിനെ കശ്മീർ പശ്ചാത്തലത്തിലേക്ക് പറിച്ചു നടുകയാണ്‌ സംവിധായകൻ ആദ്യം ചെയ്തിരിക്കുന്നത്.  തന്റെ അച്ഛനെ  ചതിയിലൂടെ കൊന്ന് രാജ്യാധികാരം  കൈക്കലാക്കുകയും അമ്മയായ ജെർട്രൂഡിനെ ഭാര്യയാക്കുകയും ചെയ്ത ചെറിയച്ഛൻ ക്ലോഡിയസിനോട് പ്രതികാരം ചെയ്യാനെത്തുന്ന ഹാം ലെറ്റ് രാജകുമാരന്റെ സമാന മാനസികാവസ്ഥയാണ് സിനിമയിലെ ഹൈദറിനുമുള്ളത്. എന്നാൽ ഹാംലെറ്റ് അനുഭവിച്ച മാനസിക സംഘർഷങ്ങളുടെ വെറും വ്യക്തി വൈകാരിക  പശ്ചാത്തലം മാത്രമല്ല  ഹൈദറിനുള്ളത്. മറിച്ച് കശ്മീരിന്റെ രാഷ്ട്രീയവും ഭരണഘടനാപരവുമായ പശ്ചാത്തലത്തിലൂടെയാണ് ഹൈദറിന്റെ മാനസിക സംഘർഷങ്ങൾ സംവിധായകൻ പ്രധാനമായും വരച്ചു കാണിക്കുന്നത്. തന്റെ വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ കൊണ്ടെന്ന പോലെ തന്നെ താൻ ജീവിക്കുന്ന ചുറ്റുപാടുകളിൽ ഭരണകൂടം നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും ഹൈദർ അസ്വസ്ഥനാകുന്നു. ഈ അസ്വസ്ഥത തന്നെയാണ് ഹൈദറിനെ ഭ്രാന്തിന്റെ വക്കു വരെ എത്തിക്കുന്നതും പ്രതികാര ദാഹിയാക്കുന്നതും. ഇത്രയുമാണ് ഹൈദർ എന്ന സിനിമയുടെ പ്രധാന ചുറ്റുവട്ടം. ഇനി സിനിമയുടെ രാഷ്ട്രീയത്തിലേക്ക് പോകാം. 

1995 കാലഘട്ടത്തിലെ കശ്മീരാണ് സിനിമയിലെ കഥാ പശ്ചാത്തലം. ഹൈദറിന്റെ പിതാവും ഡോക്ടറുമായ ഹിലാൽ മീർ (നരേന്ദ്ര ഝാ)  കശ്മീർ വിഘടനവാദികളുമായി അൽപ്പ സ്വൽപ്പം അടുപ്പമുള്ള കൂട്ടത്തിലാണ്. വെടിയുണ്ട കേറി സാരമായി പരിക്ക് പറ്റിയ തീവ്രവാദിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്താനായി കശ്മീരിലെ തന്റെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുന്നിടത്ത് നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. കാശ്മീരിൽ അത് വരേക്കും സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഡോക്ടർക്കോ കുടുംബത്തിനോ യാതൊരുവിധ പ്രശ്നങ്ങളും  നേരിടേണ്ടി വന്നതായി സിനിമ പറയുന്നില്ല.  അതേ സമയം സൈന്യത്തിന് ഡോക്ടറെ വിശ്വാസമായത് കൊണ്ട് തീവ്രവാദികളെ കയറ്റി കൊണ്ട് വന്ന ഡോക്ടറുടെ വാഹനം അവർ പരിശോധിക്കുന്നു പോലുമില്ല താനും. സൈന്യത്തിന് തന്നോടുള്ള ആ വിശ്വാസത്തെയാണ്  യഥാർത്ഥത്തിൽ ഡോക്ടർ ചൂഷണം ചെയ്യുന്നത്. തന്റെ ഭാര്യ ഘസാലക്ക് (താബു) ഈ വിഷയത്തിലുള്ള എതിർപ്പുകളെയും  അദ്ദേഹം അത്ര കാര്യമായി എടുക്കുന്നില്ല . ഒരു ഡോക്ടർ എന്ന നിലക്ക് ഹിലാൽ മീർ എന്ന വ്യക്തിയെ നോക്കി കാണുമ്പോൾ നമുക്ക് തെറ്റ് പറയാനില്ല. കാരണം തനിക്ക് മുന്നിൽ എത്തിപ്പെടുന്നയാൾ തീവ്രവാദിയാണോ സൈനികനാണോ എന്നൊന്നും നോക്കേണ്ട കാര്യം ധാർമികതയുള്ള  ഒരു ഡോക്ടർക്ക് ചേരുന്നതല്ല. എന്നാൽ ഇതേ ധാർമികത സ്വന്തം രാജ്യത്തോടും ഭരണഘടനയോടും  കാണിക്കുന്നതിൽ ഡോക്ടർക്ക് പിഴവ് പറ്റിയോ എന്ന് ചിന്തിക്കുമ്പോൾ ആണ് ഹിലാൽ മീർ എന്ന വ്യക്തിയുടെ പൌര ധാർമികതയുടെ മുകളിൽ സംശയം നിഴലിക്കുന്നത്. 


വിഘടനവാദികൾ ഒളിച്ചിരിക്കുന്ന ഡോക്ടറുടെ വീട് ഇന്ത്യൻ സൈന്യം വളയുന്നുണ്ട്. ആ സമയം വരെ സംയമനം പാലിച്ചു കൊണ്ട് അവരോടു കീഴടങ്ങാൻ ആവശ്യപ്പെട്ട സൈന്യത്തിലെ ചിലരെ ആദ്യം വെടി വച്ച് കൊല്ലുന്നത് വിഘടനവാദികളാണ്. കൂട്ടത്തിലൊരുത്തൻ കൊല്ലപ്പെടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക ആക്രമണമാണ് സൈന്യം പിന്നീട് നടത്തുന്നത്. ആ ആക്രമണത്തിൽ വിഘടനവാദികൾ ഒളിച്ചിരുന്ന ഡോക്ടറുടെ വീട് ഒന്നടങ്കം സൈന്യത്തിന് തകർക്കേണ്ടി വരുന്നു. ഈ രംഗം തൊട്ട് സംവിധായകൻ ഇന്ത്യൻ സൈന്യത്തെ പ്രതി സ്ഥാനത്ത് നിർത്തുകയാണ് പിന്നീട് ചെയ്യുന്നത്. ഏതൊരു മനുഷ്യനും സ്വന്തം വീടുമായുണ്ടാകുന്ന അടുപ്പം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് എന്ന കാര്യത്തിൽ തർക്കമില്ല. ഇവിടെ ഡോക്ടറുടെ വീട് എന്ത് കൊണ്ട് തകരുന്നു എന്ന് വിവരിക്കാൻ  സംവിധായകൻ മെനക്കെടുന്നില്ല. പകരം ഡോക്ടറുടെ വീട് സൈന്യം തകർക്കുകയാണ് എന്നതിലേക്കാണ് രംഗ വിശദീകരണം നൽകുന്നത്. വീട് തകരുമ്പോൾ ഉണ്ടാകുന്ന ഘസാലയുടെയും ഡോക്ടറുടെയും ദാരുണമായ മുഖ ഭാവവും അതിനേക്കാൾ വികാര തീവ്രമായ പശ്ചാത്തല സംഗീതവും കൂടി ചേരുമ്പോൾ സൈന്യം തെറ്റുകാരാകുന്നു. പ്രധാന കഥാപാത്രങ്ങളിലേക്ക്  പ്രേക്ഷകന്റെ സഹതാപം ആകർഷിപ്പിക്കുന്ന സമർത്ഥമായ രംഗാവിഷ്ക്കാരം. സിനിമയുടെ ആ രംഗം തൊട്ട് സംവിധായകൻ പ്രേക്ഷകന് സിനിമ എങ്ങിനെ കാണണം എന്നത് സംബന്ധിച്ചും  രണ്ടു മൂന്നു ഓപ്ഷൻ തരുന്നുണ്ട്. സൈന്യത്തിന്റെ ഭാഗത്ത് നിന്നോ, വിഘടനവാദികളുടെ ഭാഗത്ത് നിന്നോ, ഇത് രണ്ടുമല്ലാതെ നിഷ്പക്ഷമായി തികഞ്ഞ മാനുഷിക ബോധത്തോടെ  വെറുമൊരു മനുഷ്യനായി നിന്ന് കൊണ്ടോ സിനിമ കാണാം. അത് പ്രേക്ഷകരുടെ ഇഷ്ടം. ഇത് തന്നെയായിരിക്കാം  സിനിമയിലൂടെ സംവിധായകൻ നമുക്ക് പഠിപ്പിച്ചു തരുന്ന അതി നൂതനമായ  സിനിമാ ആസ്വാദന  രീതിയും. ആദ്യം പറഞ്ഞ രണ്ടു ഭാഗത്ത് നിന്നും സിനിമ കാണുമ്പോൾ അവരവർ ചെയ്തത് തന്നെയാണ് ശരി എന്ന നിലപാടിലേക്ക് എത്താം. ഇനി  നിഷ്പക്ഷമായി ചിന്തിക്കുമ്പോൾ  സിനിമ അതിന്റെ പ്രമേയത്തോട് നീതി കാണിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കാം. 

സായുധസേനാ പ്രത്യേകാധികാര നിയമ (Armed Forces Special Powers Act 1958 ) പ്രകാരമുള്ള സൈന്യത്തിന്റെ പ്രത്യേകാധികാരം ജമ്മു കാശ്മീരിലേക്ക് വ്യാപിക്കുന്നത് 1990 കാലത്താണ്. ഈ പ്രത്യേകാധികാരത്തെ നിർഭാഗ്യ വശാൽ പലപ്പോഴും ഇന്ത്യൻ സൈന്യം ദുരുപയോഗ പെടുത്തിയിട്ടുണ്ട് എന്നത് മറച്ചു വക്കുന്നില്ല. ആ സത്യത്തെ സിനിമയിൽ സത്യസന്ധമായി പരാമർശിക്കാതിരിക്കുകയും എന്നാൽ അതിനു പകരം സൈന്യം ചെയ്തു കൊണ്ടിരിക്കുന്നത്   ഭീകരവും മനുഷ്യത്വരഹിതവുമായ  കാര്യങ്ങൾ മാത്രമാണെന്ന രീതിയിലുള്ള  രംഗങ്ങൾ  ഇന്ത്യൻ സൈന്യത്തിന്റെ നന്മയുടെ ഒരംശം പോലും അംഗീകരിക്കാൻ സാധിക്കാത്ത ഒരു മനസ്സിൽ നിന്നുണ്ടാകുന്ന വെറും വികല ഭാവന മാത്രമാണെന്ന് വിലയിരുത്താതെ പാകമില്ല. സൈന്യത്തെ തീർത്തും വെള്ള പൂശി കാണിക്കുന്ന ഒരു കടുത്ത ദേശീയ വാദ സിനിമയെ മാത്രമേ നല്ല സിനിമയായി അംഗീകരിക്കൂ എന്ന വാശി ഇന്ത്യൻ പ്രേക്ഷകർക്കില്ല. എന്നാൽ ഒരേ സമയം ഇന്ത്യൻ സൈന്യത്തിന്റെ തിന്മകളെ എണ്ണം പറഞ്ഞു കാണിക്കുകയും പാകിസ്താനിൽ നിന്നുമുള്ള തീവ്രവാദികളുടെ കടന്നു കയറ്റവും  കശ്മീർ വിഘടനവാദവും വളരെ ലാഘവത്തോടെ  വെറും മനുഷ്യാവകാശ പ്രവർത്തനങ്ങളെന്ന പോലെ പറഞ്ഞു പോകുകയും ചെയ്യുമ്പോഴാണ്  സിനിമയുടെ ഉദ്ദേശ്യ ശുദ്ധി സംശയിക്കപ്പെടുന്നത്. 

നിരപരാധികളായ ഒരുപാട് പേരെ സൈന്യം അജ്ഞാത തടവുകളിൽ പാർപ്പിച്ചു കൊണ്ട് നിരന്തരം പീഡിപ്പിക്കുന്നതായി സിനിമ വ്യക്തമാക്കുന്നുണ്ട്. കശ്മീരിൽ അത്തരമൊരു അവസ്ഥ ഉണ്ടെങ്കിൽ അത് സിനിമയിലൂടെ അറിയിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇത്തരം കാര്യങ്ങൾ തീർത്തും ഭാവനയുടെ അടിസ്ഥാനത്തിൽ മാത്രം ചിത്രീകരിക്കുന്നത് ഗുണത്തേക്കാൾ ഏറെ പൊതു സമൂഹത്തിൽ ഇന്ത്യൻ സൈന്യത്തെ കുറിച്ചും ഭരണ ഘടനാ വ്യവസ്ഥകളെ കുറിച്ചും തെറ്റിദ്ധാരണകൾ  മാത്രമേ സൃഷ്ടിക്കൂ എന്ന് സംവിധായകനും തിരക്കഥാകൃത്തും ഓർക്കേണ്ടതായിരുന്നു. ഇന്ത്യൻ സൈന്യം നടത്തി വരുന്ന വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചും സിനിമ നേരിയ രീതിയിൽ പറഞ്ഞു പോകുന്നുണ്ട്. വ്യാജ ഏറ്റുമുട്ടലുകൾ ഇന്ത്യയിൽ പലയിടത്തും സംഭവിച്ചിട്ടുണ്ടാകാം, സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ടാകാം. അതിനെയൊന്നും ആരും ന്യായീകരിക്കുന്നില്ല. എന്നാൽ നടക്കുന്ന ഏറ്റുമുട്ടലുകൾ എല്ലാം വ്യാജമെന്ന് പറയ വയ്യല്ലോ. ഇവിടെ സിനിമയിൽ സൈന്യം വളരെ അനായാസമായി ചിലരെ കൊല്ലുകയും അതിനു ശേഷം അവരുടെ മേൽ കുറെ തോക്കുകൾ വലിച്ചിട്ട ശേഷം മീഡിയാസിനെ വിളിക്കുന്ന ഒരു രംഗമുണ്ട്. കാശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തുന്ന പതിവ് കലാപരിപാടിയാണ് ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾ എന്ന് ഒരു ചെറിയ രംഗം കൊണ്ട് ആധികാരികമായി പ്രസ്താവിക്കുമ്പോൾ അതേ കാശ്മീരിൽ വിഘടനവാദികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ നിരപരാധികളായ ജവാന്മാരെയും അവരുടെ കുടുംബത്തെയും സംവിധായകൻ ബോധപൂർവ്വം മറക്കുന്നു. വ്യാജ ഏറ്റുമുട്ടലുകൾ സ്ഥിരമായി നടക്കുന്ന ഒരു സ്ഥലമാണ് കശ്മീർ എന്ന് രംഗ വ്യാഖ്യാനം നടത്തുന്ന  സംവിധായകൻ തികഞ്ഞ സാമൂഹ്യ ബോധത്തോടെ അത്തരം വിവരങ്ങളുടെ ആധികാരികത കൂടി പൊതു സമൂഹത്തോട് വെളിപ്പെടുത്താനുള്ള ആർജ്ജവം കാണിച്ചാൽ  സിനിമയുടെ ലക്ഷ്യം അർത്ഥവത്താകുമായിരുന്നു.  ചില വിഷയങ്ങൾ കലാസൃഷ്ടികളായി വരുമ്പോൾ അതിലെ ആധികാരികത ബോധ്യപ്പെടുത്തേണ്ടി വരുന്നത് കലാകാരന്റെ ബാധ്യത കൂടിയാണ് എന്ന് ആദ്യമേ സൂചിപ്പിച്ചത് അത് കൊണ്ടാണ്. 

പ്രേക്ഷകന്റെ താൽപ്പര്യ പ്രകാരമുള്ള സീനുകൾ ഉണ്ടാക്കിയെടുക്കലല്ല ഒരു സംവിധായകന്റെ ജോലി എന്നറിയാം. എന്നാലും തുടരെ തുടരെയുള്ള രംഗങ്ങളിൽ എല്ലാം തന്നെ സൈന്യം മാത്രം പ്രതി സ്ഥാനത്ത് നിൽക്കുന്നത് കാണുമ്പോൾ ഏതൊരു  ആവറേജ് ഇന്ത്യക്കാരന്റെയും  മനസ്സിൽ അതൊരു കല്ല്‌ കടിയായി മാറുക തന്നെ ചെയ്യും. ഇതിനിടയിലുള്ള രംഗങ്ങളിൽ ഇടക്ക് വന്നു പോകുന്ന പാകിസ്താൻകാരെല്ലാം കശ്മീരികളെ സഹായിക്കുന്ന മനോഭാവം മാത്രമുള്ളവരാണ് എന്ന് പറയാതെ പറയുമ്പോൾ സിനിമയുടെ നിഷ്പക്ഷ രാഷ്ട്രീയത്തിൽ കൂടുതൽ മായം കലരുകയാണ് ചെയ്യുന്നത്. കശ്മീർ ജനത എന്താണ് ആഗ്രഹിക്കുന്നതെന്ന് ആരും അവരോട് ചോദിക്കുന്നില്ല എന്ന ആക്ഷേപ മുദ്രാവാക്യം സിനിമയിൽ പലയിടത്തും കാണാം. എത്ര ബാലിശമായ ആക്ഷേപം എന്നേ പറയാനുള്ളൂ. കശ്മീർ ജനതയെക്കൊണ്ട് അത് പറയിപ്പിക്കാൻ ശ്രമിക്കുന്ന പാകിസ്താന്റെ ബുദ്ധിയെ വേണം ബാലിശമെന്നു പറയാൻ. ഒരിക്കൽ ഒരു പാകിസ്താനും ബംഗ്ലാദേശും മുറിച്ചു കൊടുത്തതിന്റെ തീരാ കളങ്കം ഇന്ത്യക്ക് മേലുണ്ട്. വീണ്ടും ഇതേ ആവശ്യം നിറവേറ്റപ്പെട്ടാൽ പണ്ട് അടിച്ചമർത്തിയ പഞ്ചാബ്, തമിഴ് രാജ്യങ്ങൾക്കുള്ള മുറവിളികൾ ഇന്ത്യയിൽ വീണ്ടും ഉയരില്ലെന്ന  ഉറപ്പ് ആര് തരും ? അക്കാരണം കൊണ്ട് തന്നെ സിനിമയിൽ പ്രതിപാദ്യ വിഷയമാകുന അത്തരം പ്രതിലോമ ആശയങ്ങളെ കണ്ടില്ലാന്നു നടിക്കാനേ തരമുള്ളൂ. എന്തിനേറെ പറയുന്നു ഈ സിനിമ ഷൂട്ട്‌ ചെയ്യുന്ന വേളയിൽ പ്രളയം മൂലം തകർന്ന സ്ഥലങ്ങളിൽ ഷൂട്ടിങ്ങിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും നടപ്പിലാക്കിയത് ഇന്ത്യൻ ആർമിയാണ്. ആർമിക്ക് നേരെയുള്ള കടുത്ത വിമർശനങ്ങൾ സിനിമയിൽ  നിലകൊള്ളുമ്പോഴും ഇന്ത്യയിൽ ഈ സിനിമക്ക് പ്രദർശനാനുമതി തരാൻ ഇന്ത്യൻ സെൻസർ ബോർഡിനു തടസ്സമൊന്നുമുണ്ടായില്ല. അതേ സമയം തങ്ങളുടെ  പട്ടാളത്ത ഒരൽപ്പമെങ്കിലും  പ്രതി സ്ഥാനത്ത് നിർത്തുന്ന  ഏതെങ്കിലുമൊരു   സിനിമ സ്വന്തം നാട്ടിൽ പ്രദർശിപ്പിക്കാൻ   പാകിസ്താന്   സാധിക്കുമോ എന്ന് ചിന്തിക്കുന്നിടത്താണ് ഇന്ത്യയിലെ അഭിപ്രായ/ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വിശാലത നമുക്ക് ബോധ്യമാകുക. 

 ഒരു ഇന്ത്യൻ പ്രേക്ഷകനെന്ന നിലയിലുള്ള  നിരീക്ഷണങ്ങൾ  ഒഴിച്ചു നിർത്തി കൊണ്ട് ഹൈദർ എന്ന സിനിമയെ ഒരൽപ്പം  മാനവികമായി നോക്കി കാണുമ്പോൾ പറയാതിരിക്കാൻ സാധിക്കാത്ത ചില കാര്യങ്ങളുണ്ട്. അതിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധ എത്തിപ്പെടുമ്പോൾ മാത്രമാണ്  സിനിമ സത്യത്തിൽ ഹൃദയത്തിൽ തൊടുന്നത് എന്ന് പറയാം. ഹൈദറിന്റെ വ്യക്തിജീവിതത്തിലെ ദുരന്തങ്ങൾ കശ്മീരിലെ നിയമ വ്യവസ്ഥ സമ്മാനിക്കുന്നതല്ല. എന്നാൽ അതുമായി കടുത്ത ബന്ധമുണ്ട് താനും. രാജ്യത്തെ സഹായിക്കാനെന്ന വണ്ണം വ്യക്തിപരമായ കാര്യ സാധ്യങ്ങൾക്ക് വേണ്ടി   സ്വന്തം ജ്യേഷ്ഠനെയും സുഹൃത്തിനെയും  ഇന്ത്യൻ മിലിട്ടറിക്ക് ഒറ്റി കൊടുക്കുന്ന കഥാപാത്രങ്ങൾ ഇന്ത്യക്കാരന്റെയും സൈന്യത്തിന്റെയും കണ്ണിൽ കരടായി മാറില്ലായിരിക്കാം. എന്നാൽ മനുഷ്യന്റേതായ  എല്ലാ  ധാർമികതകളും  കൈ വെടിഞ്ഞ ആ കഥാപാത്രങ്ങളെ ദുഷിപ്പോടു കൂടെയല്ലാതെ നോക്കി കാണാൻ പ്രേക്ഷകന് സാധിക്കില്ല. പിതാവിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ നടക്കുന്ന മകനും, അർദ്ധ വിധവകളായി ജീവിക്കേണ്ടി വരുന്ന സ്ത്രീ സമൂഹവും കശ്മീരിലെ ഭീകര ദൃഷ്ടാന്തങ്ങളായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വന്തം വീട്ടിലേക്ക് കേറി പോകാൻ വരെ പട്ടാളത്തിന് തിരിച്ചറിയൽ കാർഡ് കാണിക്കേണ്ടി വരുന്ന കാശ്മീരി ജനതയുടെ ദുരവസ്ഥക്ക് കാരണം കാശ്മീരിൽ നില നിൽക്കുന്ന സുരക്ഷാ പരിശോധന എന്ന കടുത്ത മാനസിക രോഗമാണെന്ന് സിനിമ പരിഹസിക്കുന്നു. 

ഒരു അഭിനേതാവ് എന്ന നിലയിലേക്ക് താൻ  ഒരുപാടു വളർന്നെന്നു പറയിപ്പിക്കുന്ന പ്രകടനമായിരുന്നു സിനിമയിലുടനീളം ഷഹിദ് കപൂർ കാഴ്ച വച്ചത്. സ്ഥിരം ചോക്ലേറ്റ് വേഷങ്ങളിൽ നിന്നും മോചിതനായ ഷഹീദ് കപൂറിന് വരും കാല ബോളിവുഡ് സിനിമകളിൽ കൂടുതൽ ശക്തമായ വേഷങ്ങൾ ഇനി പ്രതീക്ഷിക്കാം. ഘസാല എന്ന  കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ വിസ്മയിപ്പിക്കും വിധം ഭംഗിയായി അവതരിപ്പിക്കാൻ താബുവിന് സാധിച്ചിട്ടുണ്ട്. കെ.കെ മേനോൻ, ഇർഫാൻ ഖാൻ എന്നിവരും സിനിമയിൽ തങ്ങളുടേതായ അഭിനയ മികവ് പ്രകടിപ്പിച്ചു. അതേ സമയം ശ്രദ്ധാ കപൂറിന് സിനിമയിൽ കാര്യമാത്രമായി ഒന്നും ചെയ്യാൻ ലഭിച്ചില്ല എന്ന് പറയേണ്ടി വരും. ഒരു സംവിധായകനെന്ന നിലയിലും, സംഗീത സംവിധായകനെന്ന നിലയിലും വിശാൽ ഭരദ്വാജ് മികച്ചു നിൽക്കുന്ന സിനിമ കൂടിയാണ് ഹൈദർ. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ ഇത്ര മേൽ കൂടിയ അളവിൽ അഭ്രപാളിയിൽ ആവിഷ്ക്കരിക്കുന്ന മറ്റൊരു ഇന്ത്യൻ സംവിധായകൻ വേറെയുണ്ടോ എന്ന് സംശയിപ്പിക്കുന്ന വിധമാണ് വിശാൽ ഭരദ്വാജ്  സിനിമയിൽ വിവിധ കഥാപാത്രങ്ങളെ പ്രസക്തമാം വിധം സന്നിവേശിപ്പിച്ചിരിക്കുന്നത്.  കാശ്മീരിനെ തൊട്ടറിയും വിധം മനോഹരമായ ഫ്രൈമുകളിൽ കൂടി സിനിമയുടെ ച്ഛായാഗ്രഹണം ഏറെക്കുറെ വ്യത്യസ്തമാക്കാൻ പങ്കജ് കുമാറിന്റെ ക്യാമറക്ക് സാധിച്ചു എന്ന് പറയാം. ക്ലൈമാക്സിനോട് അനുബന്ധിച്ച് കാശ്മീരി വൃദ്ധന്മാര്‍ പാടുന്ന  "ഹരേ ആവോ നാ" എന്ന് തുടങ്ങുന്ന ശ്മശാന ഗാനം അതിന്റെ പുതുമയേറിയ  സംഗീതം കൊണ്ടും ഗാന രംഗങ്ങളുടെ അവതരണ രീതി  കൊണ്ടും ഹൃദയം കീഴടക്കുക തന്നെ ചെയ്യുമെന്നതിൽ തർക്കമില്ല. 

                                     

ആകെ മൊത്തം ടോട്ടൽ = സിനിമയിലെ  ചില രാഷ്ട്രീയ നിരീക്ഷണങ്ങളോടുള്ള വിയോജിപ്പുകൾ ഒഴിവാക്കി നിർത്തിയാൽ എല്ലാം കൊണ്ടും മികവ് പുലർത്തുന്ന സിനിമ. തീക്ഷ്ണതയുള്ള കഥാപാത്രങ്ങൾ നിറഞ്ഞ ഒരു സിനിമ. കശ്മീരിന്റെ സ്ഥിരം നിറപ്പകിട്ടുള്ള കാഴ്ചകൾ ഒഴിവാക്കി കൊണ്ട് കശ്മീരികളുടെ സാമൂഹ്യ ജീവിതത്തിന്റെ കഥ പറഞ്ഞ ഒരു സിനിമ. 

*വിധി മാർക്ക്= 8/10 
-pravin- 

Wednesday, October 15, 2014

സപ്തമ. ശ്രീ തസ്കരാ : - നമുക്ക് ചുറ്റും ഉള്ളതും ഇല്ലാത്തതുമായ ചില കള്ളന്മാർ

കായകുളം കൊച്ചുണ്ണി, ആലിബാബയും നാൽപ്പത്തിയൊന്നു കള്ളന്മാരും, അരക്കള്ളൻ മുക്കാക്കള്ളൻ, ആലിബാബയും ആറരക്കള്ളന്മാരും,  കിണ്ണം കട്ട കള്ളൻ, ചെപ്പടി വിദ്യ, മീശ മാധവൻ, താപ്പാന തുടങ്ങി നിരവധിയനവധി  സിനിമകളിലൂടെ കള്ളന്മാരുടെ കഥകൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. ഈ വർഷം റിലീസായ ബി ഉണ്ണി കൃഷ്ണന്റെ "മിസ്റ്റർ ഫ്രോഡ്", ലാൽ ജോസിന്റെ വിക്രമാദിത്യൻ തുടങ്ങിയ സിനിമകളിലും  ചില കള്ളന്മാരെ നമ്മൾ കണ്ടു കഴിഞ്ഞു. ഇനി ഇതിൽപ്പരം കള്ളന്മാരെ കുറിച്ച് പുതിയതെന്ത് പറയാൻ എന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് വീണ്ടും ഒരു കളളൻ സിനിമ കടന്നു വരുന്നത്. ഇത്തവണ ഒരു കള്ളനു പകരം ഏഴു കള്ളന്മാരുടെ കഥയാണ് പറയാനുള്ളത്. ഈ സിനിമയുടെ വ്യത്യസ്തത എന്താണെന്ന് ചോദിക്കുന്നവർക്ക് ആദ്യത്തെ മറുപടിയെന്നോണമാണ് അനിൽ രാധാകൃഷ്ണ മേനോൻ തന്റെ സിനിമക്ക് "സപ്തമ. ശ്രീ തസ്കരാ  :" എന്ന് പേരിട്ടതെന്നു തോന്നുന്നു. 

ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട അനിലിന്റെ ആദ്യ സിനിമയായ 24 നോർത്ത് കാതം പുതുമയേറിയതും  വലിയ മോശം പറയാനില്ലാത്തതുമായ  ഒരു റോഡ്‌ മൂവിയായിരുന്നു.  അത് കൊണ്ട് തന്നെ ഏഴു കള്ളന്മാരുടെ കഥ പറയാനെത്തുന്ന  അനിൽ രാധാകൃഷ്ണ മേനോൻന്റെ പുതിയ സിനിമയിൽ പ്രേക്ഷകർ  ഏറെ പ്രതീക്ഷയർപ്പിച്ചാൽ കുറ്റം പറയാനില്ല.  തിരക്കഥ എന്ന രഞ്ജിത്ത് സിനിമയിൽ പ്രിഥ്വി രാജ് അവതരിപ്പിക്കുന്ന അക്ബർ അഹമ്മദ് എന്ന സംവിധായക കഥാപാത്രം പങ്കു വക്കുന്ന പ്രസക്തമായ  ഒരു നിരീക്ഷണം ഉണ്ട്. ഏതൊരു സംവിധായകന്റെയും ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി തന്റെ ആദ്യ സിനിമ അല്ല മറിച്ച് ആ സിനിമ ഉണ്ടാക്കിയ വിജയമാണ്. അത് കൊണ്ട് തന്നെ ഒരു സംവിധായകന്റെ ഏറ്റവും വലിയ ദൗത്യം രണ്ടാമത്തെ തന്റെ സിനിമ വിജയിപ്പിച്ചെടുക്കുക എന്നത് തന്നെയാണ്. ഇവിടെ അനിൽ രാധാകൃഷ്ണ മേനോനും ആ വെല്ലു വിളി നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമ വിജയിപ്പിച്ചെടുക്കുന്നതിൽ അനിൽ വിജയിച്ചു എന്ന് പറയാമെങ്കിലും ഒരു മികച്ച സിനിമയെന്ന നിലയിലുള്ള പൂർണ്ണത കൈവരിക്കാൻ സപ്തമ ശ്രീ തസ്ക്കരക്കാക്ക് സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. 

പ്രേക്ഷകനെ രസിപ്പിക്കുന്ന നർമ്മ മുഹൂർത്തങ്ങൾ സിനിമയിലുടനീളം ഉള്ളത് കൊണ്ട് സിനിമ ഒരു പ്രേക്ഷകനെയും നിരാശപ്പെടുത്തില്ല. അതേ സമയം തിരക്കഥയിലെ യുക്തി രഹിതമായ സന്ദർഭങ്ങളെ ചോദ്യം ചെയ്യാനും നിരീക്ഷിക്കാനും നിന്നാൽ സിനിമയെ അത്ര കണ്ട് പുകഴ്ത്താനും  സാധ്യമല്ല. പ്രേക്ഷകരെ രസിപ്പിക്കുക എന്നത് മാത്രമായിരിക്കാം ഒരു പക്ഷേ സംവിധായകന്റെയും  ലക്ഷ്യം. തൃശ്ശൂർ ഭാഷയാണ്‌ ഈ സിനിമയുടെ ഒരു ആത്മാവ് എന്ന് വേണമെങ്കിൽ പറയാം. കഥയേക്കാളും കഥാപാത്രങ്ങൾ കൈയ്യടി നേടുന്നത് ആ ഒരൊറ്റ കാരണം കൊണ്ടാണ്. മറ്റു സിനിമകളിലെ പോലെ നായക കഥാപാത്രത്തിന് ചുറ്റും നടക്കുന്ന സംഗതികളല്ല  ഈ സിനിമയിൽ കഥയായി വികസിക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും അവരവരുടേതായ പ്രാധാന്യം സിനിമയിൽ പകുത്ത് നൽകപ്പെടുകയാണ് ചെയ്യുന്നത്. 

ചെമ്പൻ വിനോദ് അവതരിപ്പിച്ച മാർട്ടിൻ എന്ന കള്ളൻ വേഷമാണ് പ്രേക്ഷകരെ ഏറ്റവും കൂടുതൽ രസിപ്പിക്കുക എന്ന കാര്യത്തിൽ തർക്കമില്ല. ലിജോ ജോസ് പല്ലിശേരിയുടെ പള്ളീലച്ചൻ വേഷവും രസകരമായിരുന്നു. അസിഫ് അലി, നീരജ് മാധവ്, സുധീർ കരമന തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായപ്പോൾ പ്രിഥ്വി രാജ് എന്ന നടന് തൃശ്ശൂർ ഭാഷ വഴങ്ങാത്ത പ്രതീതി  സിനിമയിൽ പലയിടത്തും കാണപ്പെട്ടു (അതിന്റെ ന്യായീകരണങ്ങൾ ക്ലൈമാക്സ് തരുന്നുണ്ടെങ്കിൽ കൂടി). റെക്സ് വിജയന്റെ സംഗീതവും, സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ശരാശരി നിലവാരത്തിൽ ഒതുങ്ങി നിന്നു. 

ആകെ മൊത്തം ടോട്ടൽ = ലോജിക്കുകളെ കുറിച്ച് ചിന്തിക്കാതെ ചുമ്മാ കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ. ബോറടിപ്പിക്കില്ല എന്ന ഗ്യാരണ്ടി മാത്രം പറയാം. 

* വിധി മാർക്ക്‌ = 6.5/10 

-pravin-

Wednesday, October 1, 2014

മുന്നറിയിപ്പ് - പ്രേക്ഷകന്റെ പ്രതീക്ഷയല്ല സിനിമ

സിനിമാ ടിക്കെറ്റിനു നാം കൊടുക്കുന്ന വിലയും സിനിമ കണ്ട ശേഷമുള്ള നമ്മുടെ തൃപ്തിയും തമ്മിൽ വലിയൊരു  ബന്ധമുണ്ട്. ഇത് രണ്ടും തമ്മിലുള്ള പൊരുത്തക്കേടുകളാണ് പലപ്പോഴും പ്രേക്ഷകരെ കൊണ്ട് ഒരു  സിനിമ പോരാ എന്ന് പറയിപ്പിക്കുന്നത്. കൊടുത്ത കാശ് മുതലായി എന്ന് പറയിപ്പിക്കുന്ന  സിനിമകളുടെ കാര്യത്തിൽ  ആ സിനിമ ആദ്യാവസാനം വരെ പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ടാകും. കഥ - തിരക്കഥാ ഘടനയിൽ നിലവാരം പുലർത്താത്ത സിനിമകളാകട്ടെ  അതിന്റെ ദൃശ്യാവിഷ്ക്കാരം കൊണ്ടും വേറിട്ട അവതരണ രീതി കൊണ്ടുമാണ്  പലപ്പോഴും പ്രേക്ഷക പ്രീതി സമ്പാദിച്ചിട്ടുള്ളത്. 

അമിത പ്രതീക്ഷകളോടെ  പോയി കാണുന്ന സിനിമകൾ തന്നെയാണ് പ്രേക്ഷകരെ  ഏറ്റവും കൂടുതൽ നിരാശപ്പെടുത്തുന്നതും എന്ന് കൂടി പറയേണ്ടിയിരിക്കുന്നു. ബിഗ്‌ ബജറ്റ് സിനിമകളാണ് ഈ ഗണത്തിലെ ഒന്നാം നിരക്കാർ. കൊട്ടിഘോഷിക്കുന്ന സംഭവങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് നൽകാനാകാതെ പോയ അത്തരം ബിഗ്‌ ബജറ്റ് സിനിമകളുടെ പ്രധാന ശത്രു വലിയ ആഘോഷങ്ങളൊന്നുമില്ലാതെ പറയേണ്ട  വിഷയം കൃത്യമായി പറഞ്ഞു പോയ  കൊച്ചു സിനിമകളായിരുന്നു . താരസമ്പുഷ്ടമായ സിനിമകളെ പോലും  അവഗണനയോടെ സമീപിക്കുന്ന പ്രേക്ഷകരുള്ള ഈ കാലത്ത് ഒരു സിനിമയുടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കുന്ന ഘടകങ്ങൾ ഒട്ടേറെയാണ്. സോഷ്യൽ മീഡിയകളിലെ അഭിപ്രായ പ്രകടനങ്ങൾ തന്നെയാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാന ഘടകം. അത് കൊണ്ട് തന്നെ  'E' കാലഘട്ടത്തിൽ വിവിധ പരീക്ഷണങ്ങളും 'മുന്നറിയിപ്പു'കളുമായി വരുന്ന സിനിമകൾക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരുന്നു.

 ഒരു സംവിധായകൻ എന്ന നിലയിലുള്ള  വേണുവിന്റെ രണ്ടാം വരവിൽ അദ്ദേഹത്തിന്  മേൽപ്പറഞ്ഞത്തിലധികം വെല്ലു വിളികൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് മാത്രമാണ് സംശയം. വെല്ലു വിളികൾ എന്ത് തന്നെയായാലും തന്റെ മനസ്സിലെ സിനിമ അത് താൻ തീരുമാനിക്കും വിധം തന്നെയായിരിക്കണം അവതരിപ്പിക്കപ്പെടേണ്ടത് എന്ന വാശിയുടെ കാര്യത്തിൽ വേണു എന്ന സംവിധായകൻ  നൂറു ശതമാനവും വിജയിച്ചിരിക്കുന്നു. പ്രേക്ഷകർ തന്റെ സിനിമയെ ഇഷ്ട്ടപ്പെടണം എന്നോ മനസിലാക്കണം എന്നോ യാതൊരു വിധ നിർബന്ധ ബുദ്ധിയും ഇല്ലാത്ത ബുദ്ധിജീവി സംവിധായക സമൂഹത്തിന്റെ ഒരു പ്രതിനിധിയാണോ വേണുവും എന്ന സംശയം സിനിമ കണ്ടു കഴിഞ്ഞ ബഹു ഭൂരിപക്ഷം പേർക്കും തോന്നാം. അതുമല്ലെങ്കിൽ നേരത്തെ സൂചിപ്പിച്ച പോലെ ടിക്കെറ്റിനു കൊടുത്ത പൈസ പോയല്ലോ, സംവിധായകൻ നമ്മളെ വിഡ്ഢിയാക്കിയല്ലോ എന്ന് തൊട്ടുള്ള ആത്മഗതങ്ങളും രോദനങ്ങളും. എന്നാൽ തിയേറ്ററിൽ നിന്ന് സിനിമ കണ്ട ശേഷം എഴുന്നേൽക്കുമ്പോൾ തോന്നുന്ന ഈ ധാരണകൾ  തെറ്റെന്നു സ്വയം ബോധ്യപ്പെടാൻ അധിക സമയം വേണ്ടി വരില്ല. അത്തരത്തിൽ പ്രേക്ഷകനെ ബൌദ്ധിക വ്യായാമം ചെയ്യിപ്പിക്കുന്നതാണ് കഥയുടെ ക്രാഫ്റ്റ്. യഥാർത്ഥത്തിൽ സിനിമ അവസാനിക്കുന്നിടത്ത് നിന്ന് നമ്മുടെ മനസ്സിൽ ഈ സിനിമ തുടങ്ങുകയാണ് ചെയ്യുന്നത്.  അത് തന്നെയാണ് ഈ  സിനിമയുടെ പുതുമയും വിജയവും.

ആര്, എന്ത്, എപ്പോൾ, എന്തിന്  എന്ന് തുടങ്ങുന്ന ഒരു കൂട്ടം ചോദ്യങ്ങൾ തന്നെയാണ്  ഏതൊരു ത്രില്ലർ സിനിമയുടെയും നട്ടെല്ല്. ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. ത്രില്ലർ സിനിമകളുടെ ക്ലീഷേ അവതരണ ശൈലി എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഈ അവസ്ഥയെ പൊളിച്ചടുക്കുകയാണ് "മുന്നറിയിപ്പ്".  ഇവിടെ കാര്യ കാരണങ്ങൾ സഹിതം ആരും ആർക്കും ഒന്നും വിശദീകരിച്ചു തരുന്നില്ല. തുടക്കം മുതൽ ഒടുക്കം വരെ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന കഥ ക്ലൈമാക്സിൽ ഒരു പ്രഹരത്തോടെ അവസാനിക്കുന്നു. ഒറ്റ നോട്ടത്തിൽ യാതൊരു വിധ കാര്യ കാരണങ്ങളോ വിശദീകരണങ്ങളോ  തരാതെ സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ മൊത്തത്തിൽ തെറ്റുന്നു. അതാണ്‌ യഥാർത്ഥ മുന്നറിയിപ്പ്- പ്രേക്ഷകന്റെ പ്രതീക്ഷകളെയല്ല സിനിമ എന്ന് വിളിക്കുന്നത് എന്ന മുന്നറിയിപ്പ്. പ്രേക്ഷകന്റെ പ്രതീക്ഷയുടെ പാളങ്ങളിൽ കൂടി ലക്ഷ്യ സ്ഥാനത്തെത്തുന്ന കഥന രീതി ഈ സിനിമയിലില്ല എന്നത് കൊണ്ട് തന്നെ ചിലർക്കെങ്കിലും ഈ സിനിമ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന ചോദ്യം ഉയരാം. എന്നാൽ മറുപക്ഷത്ത് ഈ സിനിമയെ വിചാരണ ചെയ്യാൻ താൽപ്പര്യം കാണിക്കുന്നവർക്ക് സിനിമ ഒരുപാട് മാനങ്ങളും ചിന്തകളും നൽകുകയാണ് ചെയ്യുന്നത്. ഈ സിനിമയുടെ ആസ്വാദനം അവർക്ക് മാത്രമാണ് ലഭിക്കുകയുമുള്ളൂ. 

കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ എല്ലായിടത്തും സംഭവിക്കുന്നുണ്ട്. സിനിമയിലും അതു സംഭവിച്ചു തന്നെയേ മതിയാകൂ. വ്യക്തമായ സംഭാഷണങ്ങളും രംഗ വിശദീകരണങ്ങളും  കൊണ്ട്  കഥ പറയുന്ന രീതികൾ മലയാള സിനിമയിലായിരിക്കാം ഒരു പക്ഷേ ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടാകുക.  അങ്ങിനെയെങ്കിൽ  'മുന്നറിയിപ്പ്' തന്നെയായിരിക്കാം അതിന്റെ ആദ്യ അപവാദവും. ന്യൂ ജനറേഷൻ സിനിമകളിൽ വിദേശ സിനിമകളുടെ സ്വാധീനം കടന്നു വന്നിട്ടുണ്ടെന്നാണ് പൊതു നിരീക്ഷണമെങ്കിലും അത് സിനിമയുടെ എല്ലാ അവതരണ തലങ്ങളിലും ചെന്നെത്തിയിട്ടില്ല എന്നതാണ് സത്യം. അതേ സമയം  ഒരു ന്യൂ ജനറേഷൻ സിനിമ അല്ലാതിരുന്നിട്ടു കൂടി 'മുന്നറിയിപ്പി'ൽ അത്തരത്തിലുള്ള  എല്ലാ അവതരണ സാധ്യതകളും  വേണ്ട വിധം ചൂഷണം ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ബിംബാത്മകത തുളുമ്പുന്ന ചലന ദൃശ്യങ്ങളിലേക്ക്  ക്യാമറ ഫോക്കസ് ചെയ്ത് കൊണ്ട് ടൈറ്റിലുകൾ തെളിയിക്കുകയും , തുടക്കം മുതൽ ഒടുക്കം വരെ തിരക്കഥാ വേഗത്തിൽ മിതത്വം പാലിച്ചു കൊണ്ട്, ലളിതമായ കട്ടുകൾ കൊണ്ട് വൃത്തിയായി ചിത്ര സംയോജനം നടത്തി  ക്ലൈമാക്സിലേക്ക് കഥയുടെ മുഴുവൻ വേഗത്തെയും പൊടുന്നനെ സന്നിവേശിപ്പിക്കുന്നതുമായ രീതികളെല്ലാം അതിന്റെ ചില പുതുമയേറിയ ഉദാഹരണങ്ങൾ മാത്രം. 

ഒരു ത്രില്ലർ സിനിമക്ക് വേണ്ട പശ്ചാത്തല സംഗീതം സിനിമയിൽ ഒരുക്കപ്പെട്ടില്ല. ബിജിബാലിന്റെ സംഗീതം വയലിന്റെ ആവർത്തന വിരസമായ ശബ്ദത്തിൽ മാത്രം കുരുങ്ങിക്കിടന്നു. സ്വതവേ വേഗം കുറച്ചു കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്ന കഥാഗതിയിൽ ഈ സംഗീതം അളവിൽ കൂടുതലായി ചേരുന്നതിനാൽ സിനിമക്ക് ഇഴച്ചിൽ സംഭവിക്കുന്നു. 'ദയ' എന്ന തന്റെ ആദ്യ സംവിധാന സംരഭത്തിൽ സണ്ണി ജോസഫായിരുന്നു വേണുവിന്റെ ച്ഛായാഗ്രാഹകൻ. രണ്ടാമത്തെ സിനിമയിൽ ആ വേഷം വേണു തന്നെ നിർവ്വഹിക്കുമ്പോൾ വേണു ഇതിനു മുൻപേ ച്ഛായാഗ്രഹണം നിർവ്വഹിച്ച സിനിമകളേക്കാൾ മികച്ച ഒന്നിനെ പ്രേക്ഷകൻ പ്രതീക്ഷിക്കരുത്. മറിച്ച് കഥാകൃത്തും സംവിധായകനുമായ തന്റെ ക്യാമറ കാഴ്ച അതേ പടി   ഒട്ടും കൂടാതെയും കുറയാതെയും അവതരിപ്പിക്കാനുള്ള ഒരു ആവിഷ്ക്കർത്താവിന്റെ പൂർണ്ണ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുക മാത്രമാണ് വേണു ചെയ്തീരിക്കുന്നത് എന്ന് മാത്രം മനസിലാക്കുക. അത് കൊണ്ട് തന്നെ തുടക്കം മുതൽ ഒടുക്കം വരെ ഈ സിനിമ പരിപൂർണ്ണമായും സംവിധായകന്റെ മാത്രമാണ്. തിയേറ്റർ വിടുന്നതിനു  ശേഷമാണ്‌ സിനിമ പ്രേക്ഷകന്റെ കൂടി ആണോ  അല്ലയോ എന്ന് ചിന്തിക്കാനുള്ള അവസരം പോലും സംവിധായകൻ തരുന്നത്. 

ക്യാമറാ ഗിമ്മിക്കുകളില്ലാതെ ലളിതമായ ദൃശ്യാവിഷ്ക്കാരം കൊണ്ട് കഥ പറയുമ്പോൾ തീർച്ചയായും മനോഹരമായ സംഭാഷണങ്ങളുടെ ആവശ്യകത ഏറുകയാണ്. സിനിമയിലെ ഈ ആവശ്യകത നൂറു ശതമാനവും നീതിയോടെ അവതരിപ്പിക്കാൻ തിരക്കഥാകൃത്തായ ഉണ്ണി ആർ ന് സാധിച്ചിട്ടുണ്ട്. ലളിതമായ കഥാപാത്ര സംഭാഷണങ്ങളിൽ കൂടെ വലിയ ചിന്തകൾ കടത്തി വിടുന്ന തരത്തിലായിരുന്നു തിരക്കഥാ സഞ്ചാരം. ഒരേ സമയം ദാർശനികതയും നിഗൂഡതയും ആകാംക്ഷയും നിറയുന്ന കഥാപരിസരമാണ് അതിനായി കേന്ദ്ര കഥാപാത്രമായ സി. കെ രാഘവന് തിരക്കഥാകൃത്ത് സൃഷ്ടിച്ചു കൊടുത്തിരിക്കുന്നത് എന്ന് പറയാം. സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകനെ കൊണ്ട് പുറകോട്ട് ചിന്തിപ്പിക്കാനും ദുരൂഹതകളുടെ കെട്ട് സ്വയമേ അഴിക്കാനും  പാകത്തിൽ പല സൂചനകളും കഥാവഴികളിൽ  എഴുത്തുകാരൻ ബുദ്ധിപരമായി വിതറിയിട്ടുണ്ട്. അത് കാണാതെയും, ചിന്തിക്കാതെയും  പോകുന്ന പ്രേക്ഷകന് മുന്നിൽ മുന്നറിയിപ്പ് എന്ന സിനിമ തീർത്തും പരാജയം തന്നെയാകും. 

സി കെ രാഘവൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ പ്രകടനം മുൻകാല മമ്മൂട്ടി സിനിമകളിലൊന്നും കാണാത്ത വിധം അവിസ്മരണീയമായിരുന്നു എന്ന് അവകാശപ്പെടാനാകില്ല. അതേ സമയം സമീപ കാല മമ്മൂട്ടി സിനിമകളെ വച്ച് നോക്കുമ്പോൾ സി കെ രാഘവനെ എല്ലാ അർത്ഥ തലങ്ങളിലും മനോഹരമായി അവതരിപ്പിക്കാൻ മമ്മൂട്ടിയിലെ നടന് കഴിഞ്ഞിട്ടുമുണ്ട്.  മലയാളി നായികാ സങ്കൽപ്പങ്ങളെ പാടെ തകർത്തു കൊണ്ട് സിനിമാ പ്രവേശം നടത്തിയ നടിയാണ് അപർണ്ണാ ഗോപിനാഥ്. ആ ധാരണ തിരുത്താതെ, കൂടുതൽ ശക്തമായി മലയാള സിനിമയിൽ തുടരുകയാണ് തന്റെ ലക്ഷ്യം എന്ന് അഞ്ജലി അറക്കൽ എന്ന കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കുന്നതിലൂടെ   അപർണ്ണാ ഗോപിനാഥ് തെളിയിക്കുന്നുണ്ട്.

തീ പാറുന്ന സംഭാഷണ ശകലങ്ങളും ഇടിവെട്ട് ഹീറോ പരിവേഷങ്ങളോടെയുള്ള കഥാപാത്രങ്ങളും രണ്‍ജി പണിക്കരിന്റെ തൂലികയിലൂടെ ഒരുപാട് തവണ പിറന്നു വീണിട്ടുണ്ട്. അന്നൊന്നും നമ്മൾ അറിയാതിരുന്ന അദ്ദേഹത്തിലെ നടനെ സമീപ കാലത്തായി ഇറങ്ങിയ ചില സിനിമകളിലൂടെ പല സംവിധായകരും  പരിചയപ്പെടുത്തുകയുണ്ടായി. അക്കൂട്ടത്തിലെ അദ്ദേഹത്തിന്റെ  ചെറുതെങ്കിലും മികച്ച മറ്റൊരു കഥാപാത്രം കൂടിയാണ്  മുന്നറിയിപ്പിലെ ജേർണലിസ്റ്റ്. സ്ഥിരം കോമഡി വേഷങ്ങളിൽ പുതുമകളില്ലാതെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന കൊച്ചു പ്രേമനെയും സംവിധായകൻ വേണ്ട വിധം ഉപയോഗിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. നെടുമുടി വേണു, സൈജു കുറുപ്പ്, മുത്തുമണി, ശ്രീ രാമൻ, ജോയ് മാത്യു, ജോഷി മാത്യു, പ്രതാപ്‌ പോത്തൻ, സുധീഷ്‌  തുടങ്ങീ നിരവധി പേർക്ക് ഉചിതമായ കഥാപാത്രങ്ങൾ പകുത്തു കൊടുത്തതിൽ സംവിധായകൻ തന്നെയായിരിക്കാം മുഖ്യ പങ്ക് വഹിച്ചത്.  സിനിമക്ക് അർഹ്യമായ വാണിജ്യ മൂല്യം നേടിക്കൊടുക്കുന്നതിൽ  പ്രിഥ്വി രാജിന്റെ അതിഥി വേഷം  സഹായിച്ചെന്നു തന്നെ പറയാം. ചാക്കോച്ചൻ എന്ന കഥാപാത്രത്തെ  സിനിമയിൽ  അധികപ്പറ്റ് അല്ലാത്ത വിധം കുറഞ്ഞ സീനുകളിലൂടെ അവതരിപ്പിക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിക്കുമ്പോൾ കുറഞ്ഞ സീനുകളിലെ അനായാസ പ്രകടനം കൊണ്ടാണ് പ്രിഥ്വിരാജ്  തന്റെ ദൗത്യം മനോഹരമാക്കിയത്.

ആകെ മൊത്തം ടോട്ടൽ = ഒറ്റ നോട്ടത്തിൽ പ്രേക്ഷകനെ കബളിപ്പിക്കുന്ന സിനിമയായി വിലയിരുത്താൻ തോന്നിപ്പിക്കുകയും യഥാർത്ഥത്തിൽ മലയാളി പ്രേക്ഷകന് പരിചയമില്ലാത്ത കഥന രീതിയിലൂടെ കഥ പറഞ്ഞു ചിന്തിപ്പിക്കുന്ന   ഒരു വ്യത്യസ്ത സിനിമ എന്ന് പറയിപ്പിക്കുകയും ചെയ്യുന്ന സിനിമ. ചില്ലറ സീനുകളിലെ ഇഴച്ചിലുകൾ ഒഴിവാക്കി നോക്കിയാൽ ഇത് വരെ ആരും പറയാത്ത രീതിയിൽ കഥ പറഞ്ഞ ഒരു സസ്പെന്സ് ത്രില്ലർ സിനിമ എന്ന് നിസ്സംശയം പറയാം. 

* വിധി മാർക്ക്= 7/10 

-pravin-