Sunday, September 26, 2021

സങ്കീർണ്ണവും ഹൃദ്യവുമായൊരു കുടുംബ കഥ !!


കണ്ടു ശീലിച്ച സ്ഥിരം കുടുംബ സിനിമകളുടെ ഫോർമാറ്റിൽ നിന്ന് മാറി വേറിട്ട അവതരണത്തിലൂടെ കഥ പറഞ്ഞ സിനിമയായിരുന്നു സനു വർഗ്ഗീസിന്റെ 'ആർക്കറിയാം'. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുമ്പോഴും ആ സിനിമ ഒരു കൊലപാതക രഹസ്യവും അതിനെ ചുറ്റി പറ്റിയുള്ള നിഗൂഢതയും പേറിയിരുന്നു.
മനു അശോകന്റെ 'കാണെക്കാണെ' യിലേക്ക് വരുമ്പോൾ അവിടെയും കുടുംബ കഥയിൽ ഒരു നിഗൂഢത ഒളിപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരു കുടുംബ കഥയേക്കാൾ കുടുംബ ബന്ധങ്ങളിലെ സങ്കീർണ്ണതയും താളപ്പിഴകളുമൊക്കെയാണ് സിനിമ കൈകാര്യം ചെയ്യുന്നത് എന്ന് മാത്രം.
ശരി തെറ്റുകൾ വേർ തിരിച്ചു കാണിച്ചു കൊണ്ട് പ്രേക്ഷകരുടെ മനസ്സിനെ ഏതെങ്കിലും ഒരു പക്ഷത്തേക്ക് കൊണ്ട് കെട്ടുന്ന ശൈലിയിൽ അല്ല ബോബി സഞ്ജയ് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഒരേ സമയം ഒരു കുടുംബ സിനിമയുടെയും ഒരു കുറ്റാന്വേഷണ സിനിമയുടെയും മൂഡ് നൽകി കൊണ്ടുള്ള അവതരണത്തിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത് സങ്കീർണ്ണമായ മനുഷ്യ മനസ്സുകളാണ്.
കുടുംബം എന്ന വ്യവസ്ഥിതിക്കുള്ളിൽ നിന്ന് കൊണ്ട് ഒരു മനുഷ്യന്റെ ചിന്തകളും പ്രവർത്തികളുമൊക്കെ ശരി തെറ്റുകളായി വേർ തിരിച്ചെടുക്കുമ്പോൾ അവിടെ ആരൊക്കെ എങ്ങിനെയൊക്കെ കുറ്റക്കാരും നല്ലവരുമാകാം എന്ന് ചിന്തിപ്പിക്കുന്നു സിനിമ.
മകളെ നഷ്ടപ്പെട്ട ഒരു അച്ഛന്റെ വേദന നിറഞ്ഞു നിൽക്കുന്ന സിനിമയിൽ മനസ്സ് കൊണ്ട് ആദ്യാവസാനം വരേയ്ക്കും ആ അച്ഛനൊപ്പം തന്നെ നിലകൊള്ളേണ്ടി വരുമ്പോഴും തെറ്റുകാരെന്ന് നമുക്ക് തോന്നിയവരുടെ സാഹചര്യവും മാനസിക സംഘർഷവുമൊക്കെ കൃത്യമായി സംവിധായകൻ നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്.
ശ്യാമ പ്രസാദിന്റെ 'ഒരേ കടലി'ൽ നാഥനും ദീപ്തിക്കുമിടയിൽ സംഭവിക്കുന്ന കാര്യങ്ങളും അവരുടെ മാനസിക വിചാരങ്ങളും അതിലെ സങ്കീർണതകളുമൊക്കെ ഓർത്തു പോകുന്നു. സമാനമല്ലെങ്കിലും അലൻ-സ്നേഹ-പോൾ മത്തായി കഥാപാത്രങ്ങൾക്കിടയിലും കാണാം സ്നേഹത്തിന്റെയും പകയുടെയും പേടിയുടെയും വേദനയുടേയുമൊക്കെ വൈകാരികമായ വല്ലാത്തൊരു തിരയിളക്കം.

മനുഷ്യ മനസ്സിലെ സങ്കീർണ്ണതകളും തിരിച്ചറിവുകളുമൊക്കെ ശരി തെറ്റുകൾക്കപ്പുറം മാനുഷികമായും നീതിപരമായും വിലയിരുത്താൻ നമുക്ക് സാധിക്കാറുണ്ടോ എന്ന ചോദ്യമാണ് 'കാണെക്കാണെ' ഉയർത്തുന്നതെങ്കിൽ അതിന്റെ ഉത്തരമായി അടയാളപ്പെടുത്താം സുരാജിന്റെ 'പോൾ മത്തായി' യെ. ക്ലൈമാക്സിൽ അങ്ങിനെ ഒരു ഉത്തരമായി പോൾ മത്തായിയെ എത്ര പേർക്ക് കാണാൻ സാധിക്കും എന്നറിയില്ല.
മകളെ നഷ്ടപ്പെട്ട അച്ഛന്റെ വേദനയും മകളുടെ മരണത്തിന് കാരണക്കാരായവരോട് അയാൾക്ക് തോന്നുന്ന വെറുപ്പും പകയുമൊക്കെ അതിവൈകാരികമാക്കാതെ തന്നെ ശരീര ഭാഷയിലൂടെയും ഭാവാഭിനയങ്ങളിലൂടെയും കൃത്യമായി പകർന്നാടിയപ്പോൾ സുരാജിന്റെ കരിയറിലെ മറ്റൊരു വേറിട്ട വേഷമായി മാറി പോൾ മത്തായി.
കരിയറിലെ തന്നെ ഏറ്റവും പക്വമാർന്ന അഭിനയമായി വിലയിരുത്താം ടോവിനോയുടെ അലനെയും. ആ കഥാപാത്രത്തിന്റെ മാനസിക വിചാരങ്ങളും സംഘർഷങ്ങളും കുറ്റബോധവും ചെറുതല്ല . ഒരു കാലത്തും മോചിതനാകാൻ വഴിയില്ലാത്ത വിധം കുറ്റബോധം കൊണ്ട് വീർപ്പ് മുട്ടുന്ന അലനെയും ഫ്ലാഷ് ബാക്കിലെ സന്തോഷവാനായ അലനെയും ഒടുക്കം പൊട്ടിക്കരയുന്ന അലനെയുമൊക്കെ ടൊവിനോ ഒരേ സമയം മനോഹരമായി കൈകാര്യം ചെയ്തു. ഐശ്വര്യയുടെ സ്നേഹയും സമാനമായ തലങ്ങളിൽ പ്രകടനം കൊണ്ട് മികച്ചു നിന്നു.
കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളെ പ്രകടനം കൊണ്ടും അവതരണം കൊണ്ടുമൊക്കെ പ്രേക്ഷകരെ അനുഭവഭേദ്യക്കുമ്പോഴാണ് നടനും സംവിധായകനുമൊക്കെ വിജയിക്കുന്നത്. 'കാണെക്കാണെ' യുടെ വിജയവും അത് തന്നെ.  

ആകെ മൊത്തം ടോട്ടൽ = വേറിട്ടൊരു കുടുംബകഥ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

*വിധി മാർക്ക് = 8/10

-pravin-

Thursday, September 16, 2021

വിമാനത്തിനുള്ളിൽ വച്ചൊരു ചോരക്കളി !


Vampire സിനിമകളിലെ സ്ഥിരം ചോര കുടി കഥകളിൽ നിന്ന് വ്യത്യസ്തമായി കഥ പറഞ്ഞ സിനിമകൾ ചുരുക്കമാണ്. 'Let The Right One' പോലുള്ള സിനിമകൾ അപൂർവ്വം.
മാർട്ടിൻ ഫ്രീമാൻ നായകനായി വന്ന 'Cargo' ഒരു സോംബി ജോണറിൽ പെടുന്ന സിനിമയെങ്കിലും അതിലെ അച്ഛൻ-മകൾ ബന്ധവും വൈകാരികതയുമൊക്കെയാണ് ആ സിനിമയെ വേറിട്ട് നിർത്തിയത്. 'Train to Busan' പോലെയുള്ള സോംബി സിനിമകളിൽ മനോഹരമായി വർക് ഔട്ട് ആക്കിയ അച്ഛൻ-മകൾ ബന്ധത്തിന്റെയൊക്കെ സ്വാധീനം തന്നെയായിരിക്കാം Cargo ക്ക് പിന്നിൽ.

'Blood Red Sky' യിലേക്ക് വന്നാൽ '30 Days of Night' ലെ vampire കഥയും 'Snakes On A Plane' ലെ വിമാനത്തിനുള്ളിലെ അവസ്ഥയുമൊക്കെ കൂട്ടി ചേർത്ത പോലൊരു കഥ പറച്ചിലാണ്. ഒരു ഫ്ലൈറ്റ് ഹൈജാക്കിങ് കഥ പോലെ തുടങ്ങി vampire സിനിമയായി മാറുന്നതിനൊപ്പം മുകളിൽ സൂചിപ്പിച്ച സിനിമകളിലെ പോലെ ഒരു അമ്മ-മകൻ സ്നേഹ ബന്ധത്തിൻറെ കഥ കൂടി സിനിമയിലേക്ക് ചേർത്ത് കാണാം.
ആകെ മൊത്തം ടോട്ടൽ = കാര്യം നല്ലൊരു തുടക്കവും മറ്റുമുണ്ടായെങ്കിലും പകുതി കഴിയുമ്പോൾ ഫ്‌ളൈറ്റ് കഥ സംവിധായകന്റെ കൈയ്യീന്ന് പോയി എന്ന് പറയാം. ലോജിക്കില്ലാത്ത കഥയെ ഏതെങ്കിലും വിധേന അനുഭവഭേദ്യമാക്കാനുള്ള ശ്രമങ്ങളൊന്നും പിന്നീട് കാണാനും കിട്ടില്ല. ഒരു വെറൈറ്റി vampire സിനിമയുടെ സാധ്യതകൾ 'Blood Red Sky' ന്റെ സ്ക്രിപ്റ്റിങ്ങിൽ തന്നെ ഇല്ലാതായി പോയി.

*വിധി മാർക്ക് = 6.5/10 

-pravin-

Sunday, September 5, 2021

പരിയനിൽ നിന്ന് കർണ്ണനിലേക്ക് !!



'പരിയേറും പെരുമാൾ' പോലെ ഗംഭീരമായൊരു സിനിമയാക്കാൻ സാധിച്ചില്ലെങ്കിലും മാരി സെൽവരാജിന്റെ സ്വത്വ രാഷ്ട്രീയം 'കർണ്ണനി'ലൂടെയും ശക്തമായി അടയാളപ്പെടുത്തുന്നുണ്ട് .

പരിയേറും പെരുമാളിലെ കഥാ പശ്ചാത്തലം പുളിയങ്കുളം എന്ന ഗ്രാമമായിരുന്നെങ്കിൽ കർണ്ണനിലേക്ക് എത്തുമ്പോൾ അത് പൊടിയങ്കുളമാണ്. പരിയാന്റെ കറുത്ത നായക്ക് ബദലായി കർണ്ണന് കറുത്ത കുതിരയാണ് കൊടുക്കുന്നത്. കറുപ്പ് നിറത്തെ രണ്ടു സിനിമയിലും രണ്ടു വിധത്തിൽ ഉപയോഗപ്പെടുത്തി സംവിധായകൻ.


'പരിയേറും പെരുമാളി'ൽ നിലപാടുകളും യാഥാർഥ്യ ബോധവുമുള്ള നായക സങ്കൽപ്പമായിരുന്നെങ്കിൽ 'കർണ്ണനി'ൽ ഒരു നാടിൻറെ രക്ഷക സ്ഥാനവും ഹീറോയിസവുമൊക്കെയുള്ള നായക സങ്കൽപ്പമാണുള്ളത്.

"നീങ്ക നീങ്കളായി ഇരുക്കിറ വരേയ്ക്കും.. നാൻ നായാ താൻ ഇറുക്കണന്ന് നീങ്ക എതിർപാക്കിറെ വരേയ്ക്കും ഇങ്കെ എതുവുമേ മാറാത്….ഇപ്പടി താൻ ഇറുക്കും!!"

ജാതി അസമത്വമൊക്കെ ഒരു പക്ഷെ നാളെ മാറിയേക്കാം എന്ന ആശ്വാസ വാക്കിനോട് എത്ര കൃത്യമായാണ് പരിയൻ മറുപടി പറയുന്നത് എന്ന് നോക്കൂ.

എന്നാൽ പരിയാന്റെ നിലപാടുകളിൽ നിന്ന് മാറി ദളിത് രാഷ്ട്രീയത്തിന്റെ ഒരു പോരാട്ട മുഖമായാണ് മാരി സെൽവ രാജ് കർണ്ണനെ ഒരുക്കിയിരിക്കുന്നത്.

ഇവിടെ ഒരു ജനതയുടെ നായകനും നേതാവുമൊക്കെയായി സിനിമാറ്റിക് ആയിട്ട് തന്നെ ധനുഷിനെ അവതരിപ്പിക്കുമ്പോൾ പരിയേറും പെരുമാളിൽ നിന്ന് കിട്ടിയ ഒരു ക്ലാസ്സ് സിനിമാനുഭവം കർണ്ണനിൽ നഷ്ടപ്പെടുന്നുണ്ട് എന്ന് മറച്ചു വെക്കുന്നില്ല.

ആകെ മൊത്തം ടോട്ടൽ = 1995 കാലത്ത് തൂത്തുക്കുടി ജില്ലയിലെ കൊടിയങ്കുളം ഗ്രാമത്തിൽ നടന്ന കലാപവുമായി ചേർത്ത് വായിക്കാവുന്ന സിനിമയാണ് 'കർണ്ണൻ'. അറുന്നൂറിലധികം പോലീസുകാർ ചേർന്ന് അടിച്ചു തകർക്കുകയും കൊള്ളയടിക്കുകയും ചെയ്ത ഒരു ദളിത് ഗ്രാമത്തിന്റെ കഥ സിനിമയിലൂടെ ഓർമ്മിപ്പിക്കാൻ സാധിച്ചെങ്കിൽ അത് തന്നെയാണ് 'കർണ്ണന്റെ' വിജയം.

*വിധി മാർക്ക് = 7.5/10 
-pravin-