Tuesday, May 5, 2015

എന്നും എപ്പോഴും ഇങ്ങിനെ തന്നെ പോയാ മത്യോ സത്യേട്ടാ ?

സത്യൻ അന്തിക്കാട് സിനിമകളിൽ നിന്ന് ആളുകൾക്ക് പലതും പ്രതീക്ഷിക്കാം. നല്ല  തമാശകൾ , കുടുംബ കഥ, പാട്ടുകൾ,  നന്മ നിറഞ്ഞ  കഥാപാത്രങ്ങൾ, ഹാസ്യാത്മക സാമൂഹിക വിമർശനം, ഗ്രാമാന്തരീക്ഷം   അങ്ങിനെ പലതും പ്രതീക്ഷിക്കാം. തെറ്റ് പറയാനാകില്ല. കാരണം നമുക്കിടയിലെ സാധാരണക്കാരെയും അവരുടെ ചുറ്റുപാടുകളെയും ചുറ്റിപ്പറ്റിയുള്ള കഥകളാണ് കാലങ്ങളായി തന്റെ സിനിമയിലൂടെ സത്യൻ അന്തിക്കാട് അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. പക്ഷേ ഏതൊരു സംവിധായകനും ഒരു ഘട്ടം കഴിഞ്ഞാൽ ഒരേ പോലെയുള്ള കഥകളും കഥാപാത്രങ്ങളും കഥാ പശ്ചാത്തലവുമെല്ലാം   ഒഴിവാക്കി കൊണ്ട് അല്ലറ ചില്ലറ പരീക്ഷണങ്ങൾക്കൊക്കെ  മുതിരും. പുള്ളിക്ക് പക്ഷേ ഇപ്പോഴും അതിനത്ര വലിയ  താൽപ്പര്യമില്ല. ഇടക്കാലത്ത് തന്റെ സിനിമകളിലെ സ്ഥിരം നടീ നടന്മാരെയും ആ പഴയ ഗ്രാമാന്തരീക്ഷവുമൊക്കെ വിട്ടു കൊണ്ട് പുതുതലമുറയിലെ നല്ല നടന്മാരെ വച്ച് രണ്ടു സിനിമകൾ ചെയ്തു നോക്കി എന്നതൊഴിച്ചാൽ  തന്റെ സിനിമയിൽ കാര്യപ്പെട്ട മാറ്റങ്ങൾ വരുത്താൻ പുള്ളി ശ്രമിച്ചില്ല എന്ന് പറയുന്നതാകും ഉചിതം.  കുടുംബ സമേതം കാണാൻ പറ്റുന്ന നിരുപദ്രവകാരികളായ സിനിമകളാണ് പുള്ളി ചെയ്തിട്ടുള്ളത് എന്നത് മാത്രമാണ് ഇക്കാര്യത്തിലുള്ള ഒരു ആശ്വാസം. സംഗതി ഇങ്ങിനെയൊക്കെയെങ്കിലും എന്നും എപ്പോഴും എല്ലാ കാലത്തും  സത്യൻ അന്തിക്കാട് സിനിമ റിലീസാകുന്നു എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ഒരു വലിയ പ്രതീക്ഷയാണ്. ഇത്തവണ എന്തെങ്കിലുമൊക്കെ കാര്യമായ മാറ്റങ്ങളുള്ള  ഒരു കഥ പറയാനുണ്ടാകും എന്ന പ്രതീക്ഷ. മലയാളിക്ക് അത്രക്കും വിശ്വാസവും പ്രതീക്ഷയുമാണ്  സത്യൻ അന്തിക്കാട് എന്ന സംവിധായകനിൽ. എന്നാൽ പ്രേക്ഷകരുടെ ഈ വിശ്വാസത്തെയും പ്രതീക്ഷയേയും  കഴിഞ്ഞ കുറച്ചു കാലങ്ങളായി സത്യൻ അന്തിക്കാട്  ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണ്  എന്നും എപ്പോഴും എന്ന സിനിമ കൂടി കണ്ട്‌ തിയേറ്റർ വിടുമ്പോൾ. 

എന്താണീ സിനിമയുടെ കഥ എന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ പറയാം എന്നതാണ് ആശ്വാസം. അഡ്വക്കേറ്റ് ദീപയുടെ ഒരു ഇന്റർവ്യൂ വേണം വനിതാ രത്നം മാസികയുടെ വാർഷിക  പതിപ്പിലേക്ക്. അതിനു വേണ്ടി വനിതാ രത്നം സ്റ്റാഫ് റിപ്പോർട്ടർ വിനീത് എൻ പിള്ള  ഓടുന്ന ഓട്ടവും അനുഭവിക്കുന്ന കഷ്ടപ്പാടുകളുമാണ്  ഈ സിനിമയുടെ പ്രധാന കഥ. അതിനിടയിലേക്ക്  പഴയ കാല സത്യൻ അന്തിക്കാട് സിനിമകളിൽ നമ്മൾ കണ്ടു 'മറന്നിട്ടില്ലാത്ത' മനോഹര കഥാപാത്രങ്ങളുടെ പുന സൃഷ്ടികളും സമാന കഥാ സാഹചര്യങ്ങളുമെല്ലാം കടന്നു വരുന്നു. ഒരിക്കലും ഈ സിനിമ പ്രേക്ഷകനെ കടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ കഴിവിനെ പറ്റിയും സംശയമില്ല. കണ്ടിരിക്കാൻ പോലും സാധിക്കാത്ത, അത്ര മേൽ പ്രേക്ഷകനെ വെറുപ്പിക്കുന്ന മോശം സിനിമകൾ കണ്ടു വട്ടായ സാധാരണക്കാരായ ഏതൊരു പ്രേക്ഷകനും ഈ സിനിമയെ ഏറ്റവും മോശം സിനിമയായി  വിലയിരുത്തുമായിരിക്കില്ല. പകരം പണ്ടൊക്കെ കണ്ടിരുന്ന പോലത്തെ  കഥയും കാമ്പുമുള്ള  ഒരു നല്ല സത്യൻ അന്തിക്കാട് സിനിമയല്ല എന്ന് സ്നേഹത്തോടെ  തുറന്നു പറയുമെന്നു മാത്രം. 

മഞ്ജു വാര്യർ എന്ന നടിയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്തുമായിക്കോട്ടെ സിനിമയിൽ  ഭർത്താവിൽ നിന്നും പീഡനം ഏറ്റു വാങ്ങേണ്ടി വരുന്ന  സ്ത്രീ കഥാപാത്രങ്ങളെല്ലാം മഞ്ജു വാര്യർ ചെയ്താലേ നന്നാകൂ എന്നുള്ള ധാരണ ശരിയല്ല. അതൊരു ചീപ് മാർക്കെറ്റിംഗ് ടെക്നിക് മാത്രമാണ്. ഒരു നടിക്ക് അത്തരം കഥാപാത്രങ്ങൾ യാദൃശ്ചികമായി കിട്ടുന്നതല്ലേ എന്ന സംശയത്തിന് അത്ര പ്രസക്തിയില്ല എന്ന് മനസ്സിലാക്കാൻ  മഞ്ജു വാര്യരുടെ കഴിഞ്ഞ രണ്ടു സിനിമകളിലെയും സംഭാഷണങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും. ഹൌ ഓൾഡ്‌ ആർ യു സിനിമയിൽ ഒരു വീട്ടമ്മയിൽ നിന്നും സമൂഹത്തെ മൊത്തത്തിൽ inspire ചെയ്യിക്കാൻ പാകത്തിലുള്ള ഒരു കഥാപാത്ര സൃഷ്ടി നടത്താൻ രോഷൻ ആണ്ട്രൂസ്-ബോബി-സഞ്ജയ്‌ ടീമിന് സാധിച്ചെങ്കിലും അവിടെയും ആ നടിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പല  പ്രശ്നങ്ങളുമായും സമാനത പുലർത്തുന്ന സാഹചര്യങ്ങളിൽ കൂടിയാണ് കഥയെ വികസിപ്പിച്ചെടുക്കുന്നതും അതിനോടെല്ലാം മറുപടിയെന്നോണമുള്ള സംഭാഷണങ്ങൾ അവരെ കൊണ്ട് പറയിപ്പിക്കുന്നതും. വിവാഹ മോചിതരായ ഒരുപാട് നടികൾ ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അവർക്കാർക്കും ഒരു സംവിധായകരും  കൊടുക്കാതിരുന്ന  നിരവധി അവസരങ്ങൾ ആണ് മഞ്ജു വാര്യർക്ക് സിനിമയിലൂടെ തന്റെ വ്യക്തി ജീവിതത്തിലെ വില്ലന്മാർക്കുള്ള മറുപടി കൊടുക്കാനായി ചില സംവിധായകർ ഒരുക്കി കൊടുക്കുന്നത്. അതിന്റെ ചട്ടുകം പോലെ പ്രവർത്തിക്കാതിരിക്കാൻ കുറഞ്ഞ പക്ഷം മഞ്ജു വാര്യരെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നു. 

സ്ത്രീപക്ഷ സിനിമകൾ എന്ന വ്യാജേന പുറത്തിറങ്ങിയ ചില  സിനിമൾ  സ്ത്രീ കഥാപാത്രങ്ങൾക്ക്  ഓവർ  ബിൽഡ് അപ് കൊടുത്ത് കൊണ്ട് സിനിമയുടെ വിജയത്തിനായി  മാർക്കെറ്റിംഗ് ചെയ്യുക മാത്രമാണ് ചെയ്തത്. ഇവിടെ ഈ സിനിമയിൽ മഞ്ജു വാര്യരെ അതിനു വേണ്ടിയാണോ ഉപയോഗിച്ചത് എന്ന് സംശയിച്ചാൽ തെറ്റ് പറയാനില്ല. സിനിമയിലെ  രണ്ടു പ്രധാന സ്ത്രീ കഥാപാത്രങ്ങളെ തന്നെ  എടുത്തു നോക്കുക. മഞ്ജു വാര്യരുടെ അഡ്വക്കേറ്റ് ദീപ എന്ന കഥാപാത്രം  ഭർത്താവിൽ നിന്നും അകന്നു കഴിയുന്നു. വളരെ ചുരുങ്ങിയ വാക്കുകളാൽ കുറ്റം മുഴുവനും ഭർത്താവിന്റെ ആണെന്ന് പ്രേക്ഷകരെ പറഞ്ഞു  ബോധിപ്പിക്കുന്നു. പല പല സീനുകളിലായി ഭർത്താവ് ക്രൂരനാണെന്നും തന്നെ ദ്രോഹിക്കുക എന്നത് മാത്രമാണ് ഭർത്താവിന്റെ ഉദ്ദേശ്യം എന്നും പറയുന്നു. അവർ തമ്മിലുണ്ടായ പ്രശ്നം എന്താണെന്ന് വ്യക്തമാക്കാതെ തന്നെ ആ സ്ത്രീയുടെ കൂടെയാണ് ന്യായം എന്ന് വരുത്തി തീർക്കുക മാത്രമാണ് തിരക്കഥാകൃത്ത്  ചെയ്യുന്നത്. സിനിമയിൽ ദീപയുടെ (മഞ്ജു വാര്യർ) മുൻകാല ഭർത്താവ് വീണ്ടും വിവാഹിതനായ ശേഷവും അവരെ മനപ്പൂർവ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പറയുന്നുണ്ട്. അതിന്റെ ഭാഗമായാണ് മകളെ അയാൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് പോലും. പുള്ളിയുടെ രണ്ടാം ഭാര്യയുടെ മുഖത്ത് പോലും ദീപയോടും കുഞ്ഞിനോടുമുള്ള സ്നേഹമാണ് കാണാൻ കഴിയുക. രണ്ടാം ഭാര്യയുടെ മുഖത്ത് പോലും ഭർത്താവിന്റെ ഭാഗത്താണ് തെറ്റെന്നുള്ള ഭാവം വരുത്തി തീർക്കാൻ സംവിധായകനടക്കമുള്ളവർ നന്നായി ശ്രമിച്ചു കണ്ടു. അതോടു കൂടെ തീർത്തും ഏകപക്ഷീയമായി കൂടുതൽ വിശദീകരണങ്ങളില്ലാതെ തന്നെ ദീപ ന്യായീകരിക്കപ്പെടുന്നു. പ്രേക്ഷകന് അതാലോചിച്ച് കഷ്ടപ്പെടേണ്ടി വരില്ല.  

പിന്നെയുള്ള മറ്റൊരു സ്ത്രീ കഥാപാത്രമാണ് ലെന അവതരിപ്പിക്കുന്ന ഫറാ. ദീപയുടെ അടുത്ത സുഹൃത്തായ ഫറാ യാഥാസ്ഥിതിക മുസ്ലീം കുടുംബാന്തരീക്ഷത്തിൽ നിന്ന് ഏറെ മാറി നടക്കുന്ന സ്വഭാവക്കാരിയാണ് എന്ന് വേഷ ഭൂഷാദികളിൽ നിന്നും വ്യക്തമാണ്. തെറ്റില്ല അതൊന്നും. പക്ഷേ, ഫറാ നീ ഹാപ്പിയല്ലേ എന്ന് ദീപ ചോദിക്കുമ്പോൾ ഫറാ പറയുന്ന ഒരു സംഗതിയുണ്ട്. ഹാപ്പിയാണ് ...എന്നെക്കാൾ ഹാപ്പി ഇപ്പോൾ റഫീഖ് ആണ് എന്നായിരുന്നു ഫറായുടെ മറുപടി. കാരണം മറ്റൊന്നുമല്ല റഫീഖിന് ഇപ്പോൾ ഒരു ഗേൾ ഫ്രെണ്ട് ഉണ്ട്. ഞങ്ങളുടെ സമുദായത്തിൽ ഇതൊക്കെ ആകാം എന്നാണ് ഫറാ പറയുന്ന ന്യായീകരണം. തെറ്റിദ്ധാരണാജനകമായ ആശയങ്ങൾ  സിനിമയിലെ കഥാപാത്ര സംഭാഷണങ്ങളിലൂടെ പടർത്താൻ ഈ കാലത്തും ചില സിനിമാക്കാർ ശ്രമിക്കുന്നുണ്ടല്ലോ എന്നാലോചിച്ചപ്പോൾ അതിശയം തോന്നിപ്പോയി. നെയ്ച്ചോറും കോഴി ബിരിയാണിയും ബീഫുമടങ്ങുന്ന ഭക്ഷണങ്ങൾ തുടങ്ങി മദ്യത്തെയും ഭാഷയെയും വേഷത്തെയും സംസാര ശൈലിയേയും   വരെ  ക്ലീഷേ  കഥാപാത്രങ്ങളിലൂടെ  സമുദായവത്ക്കരിക്കാൻ ശ്രമിച്ച അതേ  സിനിമാക്കാരുടെ പിൻഗാമികൾ  തന്നെയാണ് ഇവിടെ ഈ സിനിമയിൽ ഭർത്താക്കന്മാർക്ക്  ഗേൾ ഫ്രെണ്ട് ആകാം അതെല്ലാം മതം അനുവദിക്കുന്ന കാര്യങ്ങളാണെന്ന് വളച്ചൊടിച്ചു പറയുന്നതും അതിനനുസൃതമായ കഥാപാത്ര സൃഷ്ടികൾ നടത്തുന്നതും. 

ഇതിലെ മറ്റൊരു തമാശ എന്താണെന്ന് വച്ചാൽ  സ്ത്രീയെ സർവ്വ  സ്വതന്ത്രയായ വ്യക്തിത്വങ്ങൾ ആയി കാണിക്കുന്നതിലൂടെയാണ് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്ത്രീ ശാക്തീകരണം സാധ്യമാക്കുന്നത്  എന്നതാണ്. ഫറാ സ്വന്തമായി ബിസിനസ്‌ നടത്തുന്നതും അതിനായി ദൂര ദേശങ്ങളിലേക്ക് ഒറ്റക്ക് സഞ്ചരിക്കുന്നതായും പറയുന്നതിനെ സ്ത്രീ ശാക്തീകരണമെന്ന വ്യാജേന കാണാൻ സാധിക്കുമ്പോഴും അടിസ്ഥാനപരമായി പുരുഷനെ പോലെ തന്നെ ഒരു സ്ത്രീക്ക് അവരുടെ കുടുംബത്തോട് ഉണ്ടാകേണ്ട ഉത്തരവാദിത്തങ്ങളെ നിസ്സാരവാത്ക്കരിക്കുന്ന നിലപാടുകൾ ആണ് ഫറയിലൂടെ  സിനിമ പുറന്തള്ളുന്നത്. സ്വന്തം മക്കളെ കാണാനും നോക്കാനും സമയമില്ല, അവർക്കിപ്പോൾ ഉപ്പൂപ്പയെയും ഉമ്മൂമ്മയെയും മതി എന്ന് വലിയ ആശ്വാസത്തോടെ പറയുന്ന ഫറ  ഭർത്താവുമായുള്ള അസ്വാരസ്യങ്ങൾ അയാളുടെ പുതിയ ഗേൾ ഫ്രണ്ട് നിമിത്തം സംഭവിച്ചതെന്ന് പ്രേക്ഷകനെ കൊണ്ട് ഊഹിപ്പിച്ചെടുപ്പിക്കുന്നു. അതോടെ ഫറ എന്ന സ്ത്രീ കഥാപാത്രവും ഏക പക്ഷീയമായി ന്യായീകരിക്കപ്പെടുന്നു. ഇതിൽപ്പരം ഇനിയെന്ത് സ്ത്രീ പക്ഷം എന്ത് സ്ത്രീ ശാക്തീകരണം എന്നാണ് സിനിമയിലെ പ്രധാനപ്പെട്ട രണ്ടു സ്ത്രീ കഥാപാത്രങ്ങളിലൂടെ സംവിധായകനും തിരക്കഥാകൃത്തും സ്ഥാപിച്ചെടുക്കുന്നത്. 

പ്രേക്ഷകരുടെ തുറന്നു പറച്ചിലുകളെയും വിമർശനങ്ങളെയും  സഹിഷ്ണുതയോടെ നോക്കി കാണാനും മനസിലാക്കാനും  സത്യൻ അന്തിക്കാടിനെ പോലുള്ള സംവിധായകർ ശ്രമിക്കേണ്ടതുണ്ട്.  തന്റെ സിനിമയെ  മോശമെന്ന് വിമർശിക്കുന്നവരെയെല്ലാം മൊത്തത്തിൽ മലയാള സിനിമയുടെ  ശത്രുക്കളായും നിലവാരമില്ലാത്ത കലാസ്വാദകാരായും  മുദ കുത്തി  കൊണ്ട് ഈ അടുത്ത് സത്യൻ അന്തിക്കാട് മാതൃഭൂമിയിൽ എഴുതിയ ലേഖനം അസഹിഷ്ണുതയുടെ കൊടുമുടിയിൽ കയറി ചിന്തിച്ചു കൂട്ടിയതാണ് എന്ന് പറയേണ്ടി വരും. സ്വന്തം സിനിമാ പാരമ്പര്യവും മഹത്വവും കൊട്ടിഘോഷിച്ചു കൊണ്ടുള്ള ലേഖനങ്ങൾ മുഖ്യധാര പത്ര മാധ്യമങ്ങളെന്നു വിശേഷിപ്പിക്കുന്ന ഇവിടത്തെ പത്ര മാധ്യമങ്ങളിൽ അച്ചടിക്കാൻ കൊടുക്കുന്നതിനു മുൻപ് സത്യൻ അന്തിക്കാട് തന്റെ തന്നെ ഭൂത കാല സിനിമകളെയും വർത്തമാന സിനിമകളെയും കുറിച്ച് നന്നായി ഒന്ന് പഠിക്കുക. സിനിമ ചെയ്യാനും തിരക്കഥ എഴുതാനും അറിയുന്നവർക്കും കലാ രംഗത്ത് എന്തെങ്കിലുമൊക്കെ പ്രതിഭാത്വം തെളിയിച്ചവർക്കും മാത്രമേ ഒരു സിനിമയെ ആസ്വദിക്കാനും നിരൂപിക്കാനും അവകാശമുള്ളൂ എന്ന് പറയുന്നത് തന്നെ ഒരു തരം ഫാസിസ്റ്റ്  കലാചിന്തയാണ്. സ്വന്തം സൃഷ്ടികളെ പോലും  ഏറ്റവും കൂടുതൽ വിമർശനാത്മകമായി നിരീക്ഷിക്കാനും പഠിക്കാനും സാധിക്കുന്നവനാണ് ഒരു മികച്ച കലാകാരൻ. ആസ്വാദകരും നിരൂപകരും അതിലേക്കുള്ള ചില ചൂണ്ടി കാണിക്കലുകൾ നടത്തുന്നു എന്ന് മാത്രം. അവർ സിനിമയുടെ ശത്രുക്കൾ അല്ല. സിനിമാ സ്നേഹികൾ മാത്രമാണ്. സിനിമയുടെ ശത്രുക്കൾ എല്ലാ കാലത്തും സിനിമക്കുള്ളിൽ തന്നെയാണ് ഉണ്ടായിട്ടുള്ളതും ഇപ്പോൾ ഉള്ളതും. പിന്നെ നല്ലതും ചീത്തതും എല്ലായിടത്തും ഉണ്ടെന്നത് പോലെ സിനിമാക്കാരുടെ ഇടയിലും നിരൂപകരുടെ കൂട്ടത്തിലും ഉണ്ടാകും. ഈ  ആപേക്ഷികതയെ മനസ്സിലാക്കിയാൽ ഒന്നിനെയും അടിച്ചധിക്ഷേപിക്കാൻ പിന്നെ തോന്നില്ല.  മലയാളിയുടെ പ്രിയ സത്യൻ അന്തിക്കാടിന് ഇനിയും സമയമുണ്ട് തിരിച്ചു വരാൻ.  

ആകെ മൊത്തം ടോട്ടൽ = പഴയ കാല സത്യൻ അന്തിക്കാട് സിനിമയിലെ പല രംഗങ്ങളെയും കഥാപാത്രങ്ങളെയും ഓർമ്മപ്പെടുത്തി കൊണ്ട് പ്രത്യേകിച്ച് വലിയ കഥാ ഉദ്ദേശ്യങ്ങൾ ഒന്നുമില്ലാതെ മഞ്ജു വാര്യർ എന്ന നടിക്ക് ചുറ്റും ഓടി നടക്കുന്ന കുറെ കഥാപാത്രങ്ങൾ അടങ്ങിയ ഒരു സിനിമ. ഒന്നും പ്രതീക്ഷിക്കാതെ കണ്ടാലും പ്രതീക്ഷിച്ചു കണ്ടാലും മനസ്സിന്റെ ഒരിടത്തു പോലും സ്പർശിക്കാൻ  സാധിക്കാതെ പോയ ഒരു നിർവ്വികാര സിനിമ. ജയ ചന്ദ്രന്റെ ശബ്ദത്തിലുള്ള നല്ല പാട്ടുകൾ,  കഥാപാത്രമായി മാറി കൊണ്ടുള്ള മോഹൻ ലാലിന്റെ അനായാസ  അഭിനയം എന്നിവയൊക്കെയാണ് സിനിമയിലെ പ്രതീക്ഷിക്കാതെ കിട്ടിയ രണ്ടു ബോണസുകൾ. സകുടുംബം കണ്ടിരിക്കാം എന്നത് മറ്റൊരു ആശ്വാസം. 

*വിധി മാർക്ക്‌ = 5/10 

-pravin- 

30 comments:

  1. സിനിമ ചെയ്തിട്ട് മാറി നില്‍ക്കുക എന്നതിലുപരി വലിയ ഡയലോഗ് വിടാതിരിക്കുന്നതാണ് സംവിധായകര്‍ക്ക് നല്ലത്. കാരണം ആസ്വാദന ശൈലിയും നിലവാരവും മാറി. ബോക്സ് ഓഫീസില്‍ തകര്‍ന്നു എന്നതില്‍നിന്നല്ല ഒരു കലാസൃഷ്ടി നല്ലതാണെങ്കില്‍ എന്നെങ്കിലും അത് അംഗീകരിക്കപ്പെടും എന്ന ബോധ്യമാണ് സീനിയര്‍ ആര്‍ട്ടിസ്റുകള്‍ക്ക് വേണ്ടതും പകര്‍ന്നുകൊടുക്കെണ്ടതും.
    ടി.കെ രാജീവ് കുമാര്‍ പണ്ട് 'പവിത്രം' എന്ന തന്റെ സിനിമയെക്കുറിച്ച് വേദനയോടെ പറഞ്ഞത് ഓര്‍ക്കുന്നു. പക്ഷേ ഇന്ന് പവിത്രം എന്നാ സിനിമയുടെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നു.

    ReplyDelete
    Replies
    1. Exactly .. അവനവന്റെ സിനിമകളെ മഹത്തരമായി കാണേണ്ട എന്ന് പറയുന്നില്ല. പക്ഷേ അതിലെ പോരായ്മകളെ മനസിലാക്കാനും അത് പഠിച്ച് അടുത്ത തവണ അത് മാറ്റിയെടുക്കാനും സാധിക്കണം. വിമർശകർ ശത്രുക്കളല്ല എന്ന് മനസിലാക്കാനുള്ള ബുദ്ധി കാണിക്കണം. പണ്ടത്തെ പോലെ നല്ല സിനിമകൾ തിയേറ്ററിൽ തകർന്നടിയുന്ന സ്ഥിതി ഈ കാലങ്ങളിൽ നന്നേ ചുരുക്കമാണ്. ജോസു പറഞ്ഞ പോലെ കലാ സൃഷ്ടി നല്ലതെങ്കിൽ അതെന്നെങ്കിലും അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.

      പണ്ട് സിനിമകൾ കൂട്ടം കൂട്ടമായി റിലീസാകുന്ന പ്രതിഭാസം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ഇറങ്ങുന്ന സിനിമകളെ സാവകാശം കാണാനും ഉള്ളത് ഉള്ള പോലെ ആസ്വദിച്ചു തിയേറ്റർ വിടാനുമായിരുന്നു പ്രേക്ഷകർ ശ്രമിച്ചിരുന്നത്. ഇന്ന് പ്രേക്ഷകർക്ക് ഒരുപാട് ചോയ്സ് ഉണ്ട്. അന്യഭാഷാ ചിത്രങ്ങൾ സാധാരണക്കാർ പോലും കാണുന്നു. അത് കൊണ്ട് തന്നെ പഴയ തട്ടിക്കൂട്ട് കഥ പറച്ചിലുകൾ അവർക്ക് വേണ്ട. ചെറിയ ആശയമെങ്കിലും അതിനെ ഭംഗിയായി പുതുമയോടെ അവതരിപ്പിക്കാനും സാധിക്കണം. പ്രേക്ഷകരുടെ നിരീക്ഷണങ്ങൾ ഏതൊക്കെ വഴിക്ക് പോകും എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ വേണം സവിധായകർ സിനിമ ചെയ്യാൻ എന്ന് സാരം. പണ്ട് ഞാൻ ഹിറ്റ് സിനിമകൾ ചെയ്തിരുന്നു എന്നുള്ള വീമ്പ് പറച്ചിലുകൾ ഒഴിവാക്കി കൊണ്ട് കാലത്തിനു അനുസരിച്ച് കോലം കെട്ടാനും ഇടക്കൊക്കെ ശ്രമിക്കണം ..

      Delete
  2. പാശ്ചാത്യനാടുകളിലെ പോലെയുള്ള മൾട്ടിപ്പിൽ
    അഥവാ വേറെ പാർട്ട്ണേഴ്സിനൊപ്പം ജീവിക്കുന്ന
    ഹസ്ബൻസും , സിംഗിൾ പാരന്റായി ബോറഡിച്ച് വേറെ
    പാർട്ടനറെ സ്വീകരിക്കാൻ വിധിക്കപ്പെടുന്ന അമ്മമാരെയും
    ചിത്രീകരിച്ച ഈ സിനിമ ഞാനും കണ്ടിഷ്ട്ടപ്പെട്ടിരുന്നു

    ReplyDelete
    Replies
    1. ങേ ...അങ്ങിനെ വിലയിരുത്താൻ പറ്റുമോ മുരള്യേട്ടാ ...ഈ സിനിമയിൽ അങ്ങിനെ ബഹു ഭാര്യാത്വം സ്വീകരിക്കുന്ന ഭർത്താക്കൻമാരുണ്ടോ ? സിംഗിൾ പാരന്റായി ബോറടിക്കുന്ന അമ്മമാരുണ്ടോ ? ദീപയും വിനീതൻ പിള്ളയും കഥാവസാനം ഒന്നിക്കും എന്ന് തോന്നിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് ...പിന്നെ ഫറയുടെ ഭർത്താവ് റഷീദിന് ഒരു ഗേൾ ഫ്രണ്ട് ഉണ്ടെന്നു പറയുകയല്ലാതെ മറ്റൊന്നും കാണിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നില്ല. അവിടെയും നമ്മൾ ഊഹിച്ചു പോകുന്നു എന്ന് മാത്രം. ദീപയുടെ മുൻ ഭർത്താവ് നിയമപരമായി വേർപിരിഞ്ഞ ശേഷം മറ്റൊരു കല്യാണം കഴിച്ചത് മാത്രമാണ് സിനിമയിൽ തെളിവ് സഹിതം പറയുന്നുള്ളൂ. ബാക്കിയെല്ലാം നമ്മുടെ ഊഹങ്ങൾ മാത്രം. അങ്ങിനല്ലേ ...

      Delete
  3. കുറച്ച് നല്ല സിനിമകൾ ചെയ്തിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. പക്ഷേ നല്ലതിനെ നല്ലതായും , മോശമായതിനേയും അങ്ങിനെയും തള്ളിക്കളയുന്ന മലയാളി പ്രേക്ഷകരെക്കുറിച്ച് അദ്ദേഹം മറന്നുപോവരുത്.....

    ReplyDelete
  4. വേണങ്കില്‍ ഒന്ന് കാണാം. അത്രേയുള്ളു അല്ലേ

    ReplyDelete
  5. സിനിമ കാണാതെ തന്നെ അതിന്റെ കഥ പലയിടങ്ങളില്‍ നിന്ന് കണ്ടും വായിച്ചും ഏകദേശം ഊഹിച്ചിരുന്നു. പ്രവീണ്‍ പറഞ്ഞ പോലെ മഞ്ജുവിന് ഇനി ഇത്തരം കഥാ പത്രങ്ങളില്‍ നിന്ന് ആരാണ് ഒരു മോക്ഷം കൊടുക്കുക...? സിനിമാ കഥ പോലെ താരങ്ങളുടെ കുടുംബ ജീവിതവും അന്വേഷിച്ചു പരക്കം പായുന്ന പ്രേക്ഷകനെ കണ്ടു നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് എത്ര കാലം ആയുസ്സുണ്ടാകും എന്ന് മഞ്ജുവും ചിന്തിക്കേണ്ടിയിരിക്കുന്നു. പിന്നെ സ്വന്തം പോക്കറ്റിലെ കാശു കൊടുത്തു സിനിമ കാണുന്നവനും ടി വിയില്‍ സിനിമ കാണുന്നവനും സിനിമയെ വിമര്‍ശിക്കാന്‍ അവകാശം ഉണ്ട് എന്ന് സിനിമാക്കാര്‍ക്ക് അറിയില്ലെന്നുണ്ടോ. ഈയിടെ സുഹാസിനിയും ഇങ്ങനെ ഒന്ന് പറഞ്ഞു കേട്ടു.

    ReplyDelete
    Replies
    1. സുഹാസിനിയുടെ അന്നത്തെ പ്രസ്താവനയും ഇത് പോലൊന്നായിരുന്നു. മുഖ്യാധാരാ പത്ര മാധ്യമങ്ങൾ മാത്രം സിനിമയെ നിരൂപിച്ചാൽ മതിയെന്നായിരുന്നു പുള്ളിക്കാരത്തി പറഞ്ഞത്. മണിരത്നം അടക്കമുള്ള സിനിമാക്കാരും സാങ്കേതിക വിദഗ്ദ്ധരും സിനിമ അരച്ച് കലക്കി കുടിച്ചവരാണ് അവരെയൊന്നും ഒന്നും പറഞ്ഞു പഠിപ്പിക്കാൻ നിരൂപകർ വളർന്നിട്ടില്ല എന്ന ധ്വനിയിലായിരുന്നു അന്നത്തെ പുള്ളിക്കാരിയുടെ മുഴുവൻ സംസാരവും. പണ്ട് ഒരു കാലത്ത് പത്ര മാധ്യമങ്ങളിലും ടിവിയിലുമൊക്കെ ഒരു സിനിമയെ കുറിച്ച് നല്ലത് മാത്രമേ പറയൂ എന്ന അവസ്ഥ ഉണ്ടായിരുന്നു. ഒരർത്ഥത്തിൽ അന്ന് മീഡിയകളിൽ വന്നതൊക്കെ paid reviews ആണ്. ഇന്നിപ്പോൾ സ്ഥിതിഗതികൾ മാറി,. സിനിമ കണ്ട ആർക്കും അവനവന്റെ ആസ്വാദനം ഏതു വിധേനയും പങ്കു വക്കാം. അത് കൊണ്ട് തന്നെ മുഖ്യധാരാ മാധ്യമങ്ങൾക്ക് ചുമ്മാ എല്ലാ സിനിമയെയും പുകഴ്ത്തി വിടാൻ പറ്റില്ല. അവരും വിമർശിക്കാനുള്ളത് വിമർശിക്കാൻ തുടങ്ങിയപ്പോൾ പല സിനിമാക്കാർക്കും മുറുമുറുപ്പ് ഉണ്ടായി. അന്ന് എല്ലാ റിവ്യൂസും വിശ്വസനീയമായിരുന്നില്ല എന്ന പോലെ ഇന്നും ഉണ്ട് അതേ സ്ഥിതി. അല്ലാതെ ഈ കാലത്തെ നിരൂപണത്തിന് മാത്രമായി കുറ്റം പറയാനില്ല. സർവ്വോപരി പ്രേക്ഷകർ വെറും റിവ്യൂ മാത്രം നോക്കിയല്ല സിനിമ കാണണമോ കാണേണ്ടയോ എന്ന് തീരുമാനിക്കുന്നത്. പ്രേക്ഷകന്റെ ആസ്വാദന നിലവാരം കൂടി എന്നത് കൊണ്ട് തന്നെ ഒരു സംവിധായകന് പഴയ പോലെ എന്തും അടിച്ചു വാരി സിനിമയാക്കാൻ സാധ്യമല്ല. അതാണീ വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി. അതിനെ ഭയക്കുന്നവർ ആണ് ഇത് പോലുള്ള പ്രസ്താവനകൾ ഇറക്കുന്നതും മുൻ‌കൂർ ജാമ്യം എടുക്കുന്നതും.

      Delete
  6. Replies
    1. അന്റെ ആശംസ കിട്ടിയതിൽ സന്തോഷം ....ന്റെ പൊന്നാര ഷംസ്വാ ...

      Delete
  7. കണ്ടില്ലാ ഇതുവരെ ... യെങ്കിലും കാണാതിരിക്കില്ലാ ... എനിക്കും പ്രതീക്ഷ ഉണ്ട് . ആശംസകൾ സുഹൃത്തേ .

    ReplyDelete
    Replies
    1. പ്രതീക്ഷകള്‍ തകരാതിരിക്കട്ടെ മാനവാ

      Delete
  8. റിവ്യു വായിച്ചു. പലരും പറഞ്ഞു കേട്ടിരുന്നു സമാനാഭിപ്രായങ്ങൾ. എങ്കിലും പ്രവീൺ ചേട്ടൻ സിനിമ കണ്ട് കാശ് പോയേന്റെ വിഷമം മുഴുവൻ ഇവിടെ തീർത്ത ലക്ഷണമുണ്ട്.. ;)

    ReplyDelete
    Replies
    1. ഏയ്‌ ....അങ്ങിനൊന്നുമില്ല ...പറയാനുള്ളത് പറഞ്ഞു എന്ന് മാത്രം ..

      Delete
  9. പഴയ ഡ്രാമാറ്റിക്ക് ചലച്ചിത്രങ്ങളില്‍ നിന്നും തോട് പൊളിച്ചു പുതിയ റിയലിസ്റ്റിക് (അഥവാ ന്യൂജന്‍) ചലച്ചിത്ര കഥനത്തിലേക്ക് കടന്ന ഒരേയൊരു പരമ്പരാഗത സംവിധായകന്‍ ലാല്‍ജോസ് മാത്രമാണെന്നാണ് എന്റെ ഒരിത്. "ഡയമണ്ട് നെക്ലേസും", "അയാളും ഞാനും തമ്മിലും" ഉദാഹരണങ്ങള്‍.

    എന്നാല്‍ സത്യന്‍ അന്തിക്കാടിനെപ്പോലുള്ള പ്രതിഭകള്‍ ഇപ്പോഴും ഓവര്‍ ഡ്രാമാറ്റിക്ക് രീതികളില്‍ തന്നെ കഴിച്ചുകൂടുന്നില്ലേ എന്നൊരു സംശയം. പുള്ളിക്കാരന്‍ ഒരു റിയലിസ്റ്റിക് ന്യൂജന്‍ സിനിമ ചെയ്‌താല്‍ ഇവിടത്തെ ന്യൂജന്‍ പിള്ളാര്‍ക്ക് മുന്നില്‍ ഒരു കടുത്ത മത്സരം കൊണ്ടുവരാന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല.

    ReplyDelete
    Replies
    1. സത്യം വിഷ്ണൂ ...ലാൽ ജോസ് ആ കാര്യത്തിൽ മിടുക്ക് കാണിക്കുന്നുണ്ട് ... ഇടക്കാലത്തെ സ്പാനിഷ്‌ മസാലയൊക്കെ അതിനൊരു അപവാദം ആയിരുന്നെങ്കിലും ഡയമണ്ട് നെക്ലസിൽ ന്യൂ ജൻ വിഷയ വിഭവങ്ങളെ തരക്കേടില്ലാതെ പരിഗണിച്ചെങ്കിലും ഫീൽഡിൽ മികവ് കാണിക്കുന്ന സംവിധായകനെന്ന നിലയിൽ അയാളും ഞാനും തമ്മിൽ പോലെയുള്ള സിനിമകൾക്ക് ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട് .. ഇപ്പോൾ റിലീസായ നീന അതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ..ഓരോ സിനിമ കഴിയുമ്പോൾ കൈകാര്യം ചെയ്യേണ്ടി വരുന്ന വിഷയത്തിനും അതിന്റെ അവതരണ വ്യത്യസ്തതക്കും വേണ്ടി ഒരുപാട് efforts എടുക്കാൻ പുള്ളി ശ്രമിക്കുന്നു ..ഒരേ പാളമോ ഒരേ തീവണ്ടിയോ ഒരേ റോഡോ വാഹനങ്ങളോ ഒന്നും ഉപയോഗിക്കാതെ തന്നെ ഓരോ യാത്രയും വ്യത്യസ്തമാക്കാൻ ശ്രമിക്കും പോലെയാണ് അദ്ദേഹത്തിന്റെ സിനിമ ട്രീട്മെന്റ്റ് എന്നാണ് എനിക്ക് തോന്നുന്നു .. സത്യൻ അന്തിക്കാട് പോലുള്ള സംവിധായകരൊക്കെ പടു പരാജയമാകുന്നതും അവിടെ തന്നെ ..

      Delete
  10. കണ്ടിട്ടില്ലാ..കാണണം..റിവ്യൂ നന്നായിട്ടുണ്ട്‌..ആശംസകൾ

    ReplyDelete
  11. സത്യൻ അന്തിക്കാടിനെ പോലെയുള്ള ഒരു സംവിധായകൻ ക്ലീഷേ സിനിമകൾ വീണ്ടും വീണ്ടും ചെയ്യുന്നതിൽ നിരാശയുണ്ട്.ന്യൂ ജനറേഷൻ സിനിമകൾ നല്ലതായാലും ചീത്തയായാലും,അവ മലയാള സിനിമയുടെ കാലങ്ങളായുള്ള ചട്ടക്കൂടിനെ പൊളിച്ചടുക്കി എന്നുള്ള കാര്യത്തിൽ തർക്കമില്ല.മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രേക്ഷകരും,പുതിയവ പരീക്ഷിക്കാൻ സംവിധായകരും,തയ്യാറാവുന്നുണ്ട്.മാറ്റത്തെ ഉൾക്കൊള്ളുന്നതിനു പകരം,outdated രീതികളിൽ എത്ര കാലം കടിച്ചുതൂങ്ങിക്കിടക്കും എന്ന് ഇവരൊക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.ഷാജി കൈലാസ്,സിബി മലയിൽ ,ജോഷി തുടങ്ങിയ സംവിധായകർ മറ്റ് ഉദാഹരണങ്ങൾ.താങ്കൾ പറഞ്ഞതുപോലെ തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളിൽ ഒരിക്കൽപ്പോലും ദിലീപിനെ പഴിചാരാതെ അന്തസ്സോടെ പെരുമാറിയ മഞ്ജു ഇത്തരം സിനിമകൾ ചെയ്യുന്നതിനു മുൻപ് ഒന്നുകൂടി ആലോചിക്കണമായിരുന്നു.
    ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും,അമലയും കൂടിയുള്ള ബസ്‌ സീനിൽ സത്യൻ അന്തിക്കാട്‌ ന്യൂ ജനറേഷൻ ആകാൻ ശ്രമിച്ചതു കാണാം.But it looked terribly out of place.
    വളരെ നല്ല ലേഖനം.

    ReplyDelete
  12. നാട്ടില്‍ വന്നപ്പോള്‍ കണ്ടിരുന്നു ഈ സിനിമ, സത്യന്‍ അന്തിക്കാടിന്റെ പടങ്ങള്‍ ബോറടിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി.. എന്നാലും മഞ്ചു ഉണ്ടല്ലോ എന്നോര്‍ത്തു, കഷ്ടം തന്നെ അവരെ പരിതാപകരമായ ഭാര്യാ റോളില്‍ തളച്ചിടുന്നത്... അതിലും കഷ്ടം ഇടക്കിടേ കടന്നു വന്നിരുന്ന അധോലോകനായകനെ ആയിരുന്നു, എന്തിനായിരുന്നു തമാശക്കോ, അതു തമാശപോലുമായില്ലന്നത് മൂപ്പര്‍ക്ക് മനസ്സിലായില്ലന്ന് തോന്നുന്നു.. എന്തായാലും എഴുത്ത് എന്നത്തേയും പോലെ നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. . "സന്മനസ്സുള്ളവർക്ക്‌ സമാധാനം" സിനിമയിലെ തിലകൻ അവതരിപ്പിച്ച ദാമോദരൻ ഭായ് എന്ന കഥാപാത്രത്തിന്റെ മറ്റൊരു പതിപ്പായിക്കോട്ടേ എന്ന് കരുതിയാകും സത്യൻ അന്തിക്കാട് രണ്‍ജി പണിക്കരെ കൊണ്ട് ഈ കോപ്രായിത്തരം കാണിപ്പിച്ചത് .. എന്ത് പറയാനാ ..

      Delete
  13. Expiry date കഴിഞ്ഞ നടന്മാര്‍ അഭിനയം നിര്‍ത്തണം എന്ന് വാദിക്കുന്നതുപോലെ സംവിധായകരും ഈ പണി നിര്‍ത്തണം. പണി അറിയുന്നവര്‍ ചിലരുണ്ട്. അവര്‍ക്ക് കൂടുതല്‍ അവസരം കിട്ടി കഴിവ് തെളിയിചോളും. സില്‍മ കണ്ടിട്ട് ബാക്കി...

    ReplyDelete
    Replies
    1. പണി നിർത്തണം എന്നൊന്നും ഞാൻ പറയില്ല ..എന്നാലും സംവിധായകന്റെ ഈ റൂട്ട് ഒന്ന് മാറ്റി പിടിക്കുന്നത് നന്നായിരിക്കും .. രണ്‍ജി പണിക്കര് ആ കാര്യത്തിൽ ഇപ്പൊ നല്ല ഒരു ഉദാഹരണമാണ് ... സംവിധാനം കുറച്ചു കാലത്തേക്ക് നിർത്തി ...നല്ല നടനായി തുടരുന്നു അദ്ദേഹം ഇപ്പോൾ .. ഇനി ജോഷിക്കും പ്രിയദർശനുമെല്ലാം വേണം ഒരു മാറ്റം ..

      Delete
  14. സത്യൻ അന്തിക്കാടിന്റെ അവസാനത്തെ കുറേ സിനിമകൾ വിജയിച്ചതടക്കം എല്ലാം വക്കരെ മടുപ്പുളവാക്കുന്നവ തന്നെ.
    കടുത്ത മോഹൻ ലാൽ ഫാൻ ആയ എനിയ്ക്ക്‌ ഏറ്റവും അസഹനീയമായ സിനിമയായിരുന്നു ഇന്നത്തെ ചിന്താവിഷയം...അന്ന് കൊണ്ട്‌ ഇയാളുടെ സിനിമ കാണാൻ കാശ്‌ മുടക്കുന്നത്‌ നിർത്തി.

    ReplyDelete
    Replies
    1. ഇനി ഒരു തിരിച്ചു വരവും തിരിച്ചറിവും സത്യൻ അന്തിക്കാടിന് ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണാം .

      Delete
  15. 'സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം' എന്ന ആപ്തവാക്യം പാട്ടുകാര്‍ക്ക് മാത്രമല്ല എല്ലാത്തരം ആട്ടക്കാര്‍ക്കും ചേരുന്നതാണ്‌. ഒരേ മൂശയില്‍ ഉരുക്കിയൊഴിച്ച് പടച്ചെടുക്കുന്ന പണ്ടങ്ങള്‍ പണ്ടേപോലെ ഫലിക്കുന്നില്ല എന്ന് അന്തിക്കാടിന്റെ നേര്‍ക്ക് പിടിച്ച ഈ കണ്ണാടിക്ക് ഒരു ഉശിരന്‍ കയ്യടി തരുന്നു.

    ReplyDelete
    Replies
    1. പുള്ളി പാട്ട് നിർത്തിയില്ലേലും കുഴപ്പമില്ല ..പാടിയ പാട്ടുകൾ പല ട്യൂണിൽ പാടാൻ ശ്രമിക്കാഞ്ഞാൽ മത്യാരുന്നു ..

      Delete