Tuesday, July 2, 2019

കാര്യമുള്ള 'തമാശ'

കാര്യം പറയുന്ന തമാശ !! മറ്റുള്ളവരെ വേദനിപ്പിക്കാനും പരിഹസിക്കാനുമുള്ളതല്ല തമാശ എന്ന് ഓർമ്മപ്പെടുത്തുന്ന ' തമാശ'. 

'ഡാ തടിയാ' സിനിമയിലൂടെ ആഷിഖ് അബുവും കൂട്ടരും പറഞ്ഞു തുടങ്ങിയതിന്റെ അർത്ഥവത്തായ, അനിവാര്യമായ ഒരു തുടർച്ച കൂടിയാണ് ഈ സിനിമ. ബോഡി ഷെയ്മിങ്ങും സോഷ്യൽ മീഡിയക്ക് അകത്തും പുറത്തുമുള്ള ആൾക്കൂട്ട വിചാരങ്ങളും വിചാരണകളും പൊതുബോധങ്ങളുമൊക്കെ ചേർത്ത് കഥ പറയുക എന്നതിലുപരി പറയാനുള്ള കാര്യങ്ങളെ സരസമായി അവതരിപ്പിച്ചു കൊണ്ട് നിലപാട് പറയുകയാണ് തമാശ. 

ഒരാൾ പറയുന്ന തമാശ അത് തമാശയായി സ്വീകരിക്കപ്പെടുന്നത് ഒരു കൂട്ടം പേരുടെ ചിരി കൊണ്ടല്ല മറിച്ച് അതാരെയും ഉപദ്രവിക്കാതെ ചിരി പടർത്തി കൊണ്ട് ഒരു കാര്യം പറയുമ്പോഴാണ്. അത്തരത്തിൽ എന്താണ് തമാശ എന്തല്ല തമാശ എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കി തരാനുളള ശ്രമം കൂടിയാണ് ഈ സിനിമ. മറ്റൊരർത്ഥത്തിൽ മലയാള സിനിമ ഒരു കാലത്ത് പിന്തുടർന്ന് വന്നിരുന്ന ബോഡി ഷെയ്മിങ്ങുകളെ തമാശകളുടെ ലിസ്റ്റിൽ നിന്ന് വെട്ടി കളഞ്ഞു കൊണ്ട് തമാശയെ മനോഹരമായി പുനർ നിർവ്വചിക്കുകയാണ് അഷ്‌റഫ് ഹംസയും കൂട്ടരും. 

ഒരു പൊതു ഇടത്തിൽ വച്ച് തലയിലെ വിഗ്ഗ് ഊരി മാറ്റപ്പെടുമ്പോൾ, അക്കാരണത്താൽ ഒരാൾ പരിഹാസ്യനാകുമ്പോൾ, അയാൾ ആൾക്കൂട്ടത്തിൽ നിന്ന് ഓടി മറയുമ്പോൾ ചിരിക്ക് പകരം കരച്ചിലാണ് വന്നതെങ്കിൽ അവിടെയാണീ സിനിമയുടെ വിജയം. (എന്നിട്ടും പുറകിലാരോക്കെയോ ചിരിക്കുന്നത് കേട്ടപ്പോൾ ആ സങ്കടം കൂടുകയാണുണ്ടായത്. സിനിമ പരാജയപ്പെടുന്നത് അവർക്ക് മുന്നിൽ മാത്രമാണ് ) 

വടക്കുനോക്കി യന്ത്രത്തിലെ നിലവിളക്ക്-കരിവിളക്ക് തമാശകളെയൊക്കെ തമാശകൾ അല്ലെന്നു പറയാൻ സാധിക്കുന്ന, ആദ്യമായി കാണുന്നവർ പോലും തടി കുറക്കാൻ ടിപ്സ് പറഞ്ഞു തുടങ്ങുമ്പോൾ എനിക്ക് ഫലൂദയാണിഷ്ടം എന്ന് പറയുന്ന ചിന്നുമാരുടെ കൂടിയാണ് തമാശ. ചിന്നുവിന്റെ പോസിറ്റിവിറ്റി സിനിമക്ക് നൽകുന്ന പ്രസരിപ്പ് ചെറുതല്ല. ശ്രീനിയും ചിന്നുവും തമ്മിൽ നല്ല പൊരുത്തമുണ്ടെന്നു പ്രേക്ഷകർക്ക് തോന്നിപ്പോകുന്നിടത്താണ് സിനിമ വലിയൊരു പൊതുബോധത്തെ തകർത്തിട്ട ശേഷം നിലപാടിന്റെ വിജയമുറപ്പിക്കുന്നത്. 

മുടിയും തടിയും ഒന്നുമല്ല പ്രണയവും ജീവിതവും മനപ്പൊരുത്തവുമെന്ന് ബോധ്യപ്പെടുത്താൻ റഹീമും അമീറയും വേണ്ടി വന്നു എന്നതാണ് മറ്റൊരു സത്യം. എത്ര മനോഹരമായാണ് ഇത്രയേറെ കാര്യങ്ങൾ ഈ കൊച്ചു സിനിമയിൽ തുന്നി ചേർത്തി വച്ചിരിക്കുന്നത്  എന്ന് പറയ വയ്യ. 

അറിഞ്ഞു വിളമ്പിയാൽ വേണ്ടെന്നു പറയാൻ സാധിക്കാത്ത രണ്ടേ രണ്ടു സംഗതികളേ ഈ ഭൂമിയിലുള്ളൂ ഒന്ന് - സ്നേഹവും രണ്ട്- ഭക്ഷണവും എന്ന റഹീമിന്റെ കോപ്പി റൈറ്റുള്ള ചിന്ത ഇനി എത്ര പേരുടെ പ്രണയവും ജീവിതവും തീരുമാനിക്കുമായിരിക്കും എന്നറിയില്ല. പക്ഷേ ഒന്നുറപ്പാണ്, ജയിച്ചില്ലെങ്കിലും തോറ്റു കൊടുക്കാൻ സാധിക്കില്ല എന്ന് പറയുന്ന റഹീമും മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കാതെ സ്വന്തം ജീവിതം ആഘോഷമായി തന്നെ ജീവിച്ചു കാണിക്കുന്ന ചിന്നുവുമൊക്കെ നമുക്ക് ചുറ്റിലുമുള്ള ശ്രീനിവാസൻമാർക്ക് ഒരുപാട് ധൈര്യവും കരുത്തും നൽകും. അവർ സമൂഹത്തിൽ ഒറ്റപ്പെടില്ല എന്ന വിശ്വാസം ഉയർത്തി കാണിക്കൽ കൂടിയാണ് ഈ സിനിമയുടെ ദൗത്യം. 

ആകെ മൊത്തം ടോട്ടൽ = മലയാള സിനിമയിലെ പുത്തൻ വസന്തങ്ങളാണ്‌ അഷ്‌റഫ് ഹംസയും കൂട്ടരും. എത്ര കണ്ട് ഈ സിനിമ സംവിധയകന്റെ ആണോ അത്ര തന്നെ ഇത് വിനയ് ഫോർട്ടിന്റെയും നവാസ് വള്ളിക്കുന്നിന്റെയും ചിന്നു ചാന്ദ്നിയുടെയും ഹൃദ്യമായ പ്രകടനത്തിന്റെ കൂടിയാണ്. 

*വിധി മാർക്ക് = 8/10 

-pravin-

1 comment:

  1. അതെ കാര്യം പറയുന്ന തമാശയാണ് 'തമാശ '

    ReplyDelete