1950 കളിലെ തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ കഥാപശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ക്ലാസ് പീരീഡ് ഡ്രാമ എന്ന് പറയാം.1934 ൽ തുടങ്ങി 1944 വരെയുള്ള ചെറിയ കാലയളവിൽ ചെയ്ത സിനിമകളിലൂടെ അന്നത്തെ സൂപ്പർ താരമായി തിളങ്ങിയ എം.കെ ത്യാഗരാജ ഭാഗവതരുടെ ജീവിതവുമായി ഈ സിനിമക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും DQ വിന്റെ TK മഹാദേവൻ എന്ന കഥാപാത്ര സൃഷ്ടിയിൽ MK ത്യാഗരാജ ഭാഗവതരുടെ സ്വാധീനം കാണാം.
സാധാരണക്കാരനിൽ നിന്ന് സൂപ്പർ താരത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയും, പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നുള്ള വീഴ്ചയുമൊക്കെ ഫിക്ഷന്റെ സ്വാതന്ത്ര്യത്തിൽ മറ്റൊരു തരത്തിൽ സിനിമയിൽ പറഞ്ഞവതരിപ്പിക്കുകയാണ്.
സിനിമാ ജേർണലിസ്റ്റ് ലക്ഷ്മികാന്തന്റെ കൊലപാതക കേസിനു പകരം ഇവിടെ കുമാരിയെന്ന നായികയുടെ കൊലപാതകമാണ് TK മഹാദേവന്റെ ജീവിതത്തെ പിടിച്ചുലക്കുന്നത്.
കഥ നടക്കുന്ന 1950 കാലവും സിനിമാ സ്റ്റുഡിയോയുടെ കഥാപശ്ചാത്തലവുമൊക്കെ വളരെ ഭംഗിയായി സിനിമക്ക് വേണ്ടി ഉപയോഗപ്പെടുത്തി കാണാം.
ഒരു കാലഘട്ടത്തിലെ സിനിമാ ചിത്രീകരണ രീതികളും, വസ്ത്രാലങ്കാരവും, അഭിനയ ശൈലിയുമൊക്കെ മികവുറ്റ രീതിയിൽ പുനരവതരിപ്പിക്കുന്നതിൽ 'കാന്താ' വിജയിച്ചിട്ടുണ്ട്.
'മഹാനടി'യിൽ കുറഞ്ഞ സീനുകളിലൂടെ തന്നെ ജെമിനി ഗണേശനായി സ്‌ക്രീൻ സ്പേസ് കൈയ്യേറിയ ദുൽഖർ സൽമാനെ സംബന്ധിച്ച് 'കാന്താ'യിലെ TK മഹാദേവനായി മാറുക എന്നത് കരിയറിലെ തന്നെ മികച്ച അവസരമായി.
ആ കഥാപാത്രത്തിന്റെ എല്ലാ വിധ പ്രകടന സാധ്യതകളെയും ദുൽഖർ സൽമാൻ പ്രയോജനപ്പെടുത്തി കാണാം.
TK മഹാദേവനെന്ന കഥാപാത്രത്തിന്റെ വിവിധ മാനസികാവസ്ഥകളിലൂടെ സഞ്ചരിച്ചു കൊണ്ടുള്ള സൂക്ഷ്മവും ഭാവസമ്പുഷ്ടവുമായ പ്രകടനങ്ങൾ. ശബ്ദം കൊണ്ടും രൂപം കൊണ്ടും സംഭാഷണത്തിലെ വാക് ചാതുര്യം കൊണ്ടുമൊക്കെയുള്ള അസാധ്യ പകർന്നാട്ടം. ആദ്യാവസാനം വരെ ആ കഥാപാത്രത്തെ DQ ഭദ്രമായി കൈകാര്യം ചെയ്തു.
സിനിമയിലെ ഒരു സീനിൽ തന്റെ ക്ലോസപ് ഷോട്ട് എടുക്കാൻ ദ്വേഷ്യ ത്തോടെ ആവശ്യപ്പെടുന്ന ടി.കെ മഹാദേവനെ കാണാം. തന്റെ മുഖത്തിനോട് ചേർന്ന് ക്യാമറ കൊണ്ട് വെപ്പിച്ച ശേഷം പിന്നെയൊരു പ്രകടനമാണ്. കണ്ടു നിക്കുന്നവരെ കൊണ്ട് കൈയ്യടിപ്പിക്കുന്ന പ്രകടനം.
സീൻ ഏതായാലും തന്റെ പ്രകടനം കൊണ്ട് ആ സീനിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കാൻ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന TK മഹാദേവൻ എന്ന കഥാപാത്രത്തിന്റെ അതേ ആത്മവിശ്വാസം തന്നെയാണ് DQ എന്ന നടനിലും നമുക്ക് കാണാൻ കിട്ടുക.
അത് കൊണ്ടൊക്കെ തന്നെ TKM ന്റെ നടിപ്പ് ചക്രവർത്തി എന്ന സിനിമക്കുള്ളിലെ വിളിപ്പേര് സിനിമക്ക് ശേഷം DQ വിന് കൊടുത്താലും അതിശയമില്ല.
ഭാഗ്യശ്രീ ബോർസെ - DQ കോംബോ നന്നായി വർക് ഔട്ട് ആയിട്ടുണ്ട് . കുമാരിയിലേക്കുള്ള ഭാഗ്യശ്രീയുടെ കാസ്റ്റിങ് കൃത്യമായിരുന്നെന്ന് ബോധ്യപ്പെടുത്തുന്ന വിധം മനോഹരമായി തന്നെ ആ റോൾ കൈകാര്യം ചെയ്തിട്ടുണ്ട്.
സമുത്തിരക്കനിയെ സംബന്ധിച്ച് അയ്യ എന്ന കഥാപാത്രം വലിയ ഒരു ടാസ്ക് അല്ലായിരുന്നു. TK മഹാദേവനുമായുള്ള വുമായുള്ള ഈഗോ ക്ലാഷും
മറ്റു കോംബോ സീനുകളൊക്കെ അനായാസേന പുള്ളി ചെയ്തിട്ടുണ്ട്.
രണ്ടാം പകുതിയിലെ കേസ് അന്വേഷണ സീനുകൾ കുറച്ചു കൂടി ചടുലമായിരുന്നെങ്കിൽ, അതുമല്ലെങ്കിൽ റാണക്ക് പകരം ആ ഒരു റോൾ SJ സൂര്യ, അരവിന്ദ് സ്വാമി, കാർത്തി പോലുള്ള ആർക്കെങ്കിലും കിട്ടിയിരുന്നെങ്കിൽ സിനിമയുടെ ഗ്രാഫ് വീണ്ടും ഉയർന്നേനെ എന്ന് തോന്നിപ്പോയി.
ഓരോ കഥാപാത്രത്തിനും കൊടുത്ത വ്യത്യസ്ത ഷെയ്ഡുകളും അതു ബന്ധപ്പെടുത്തി കൊണ്ടുള്ള കഥ പറയുന്ന രീതിയും ക്ലൈമാക്സ് സീനുകളുമൊക്കെ 'കാന്താ' ക്ക് ഒരു ക്ലാസ്സിക് പരിവേഷം സമ്മാനിക്കുന്നുണ്ട്.
എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന സിനിമ അല്ലായിരിക്കാം. പക്ഷേ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ സിനിമാ നിർമ്മാണത്തിൻറെ പാശ്ചാത്തലത്തിൽ ഈഗോ പോരാട്ടവും, പ്രണയവും, ദുരന്തവുമൊക്കെ പ്രമേയവത്ക്കരിച്ചു കൊണ്ട് കഥ പറഞ്ഞ, വേറിട്ട തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന സമ്മാനിക്കുന്ന സിനിമയെന്ന നിലക്ക് 'കാന്താ' ശ്രദ്ധേയമാണ്.
©bhadran praveen sekhar
.jpeg)


No comments:
Post a Comment