പേടിപ്പെടുത്തുന്ന പ്രേത രൂപങ്ങൾ, ശബ്ദങ്ങൾ, കഥാപാത്രങ്ങൾ എന്നിവ അതിനൊത്ത ഒരു കഥാ പശ്ചാത്തലത്തിൽ  അവതരിപ്പിക്കു
സിനിമക്കുള്ളിൽ മറ്റൊരു സിനിമാ കഥ  പറഞ്ഞു കൊണ്ട്  കഥ  പറയുന്ന രീതി ഏറെ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ   ഇവിടെ ഏതാണ് സിനിമാ കഥ ഏതാണ് സംഭവ കഥ എന്ന് മനസിലാക്കാൻ പറ്റാത്ത വിധമാണ് "മായ"യുടെ കഥ അവതരിപ്പിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിലും കളറിലുമായി രണ്ടു കഥകളാണ് ഒരേ സമയത്ത് പറഞ്ഞു പോകുന്നത്. ഇത് രണ്ടും  തമ്മിൽ എന്ത് ബന്ധം എന്ന് ഒരു വേള സംശയിക്കാമെങ്കിലും സിനിമ മുന്നേറുന്ന സമയത്ത് രണ്ടും കണക്റ്റ് ചെയ്ത് വായിച്ചെടുക്കാൻ പ്രേക്ഷകന് സാധിക്കാതെ പോയാൽ   സിനിമ ഒരു പുക മാത്രമായി  അനുഭവപ്പെടാം. ബ്ലാക്ക് ആൻഡ് വൈറ്റും കളറും  ആയി പറയുന്ന കഥയെ വേർ തിരിച്ചു മനസിലാക്കാനായി പ്രത്യേകിച്ച് എളുപ്പ വഴികളൊന്നും സംവിധായകൻ ചേർക്കുന്നില്ല എന്ന് മാത്രമല്ല രണ്ടു കഥയും നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കഥയാക്കി അനുഭവപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ ഒരു സങ്കീർണ്ണത പ്രേക്ഷകർക്ക് ഒരൽപ്പം ലാഗ് തോന്നിച്ചാലും കുറ്റം പറയാനാകില്ല. മറ്റു ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്തമായി എന്തൊക്കെയോ ചേരുവകൾ ഈ സിനിമയിലുണ്ട് എന്ന് തോന്നിപ്പിച്ചു കൊണ്ട് സിനിമ കാണാനായി പ്രേക്ഷകനെ പിടിച്ചിരുത്താനാണ് ആദ്യ സീനുകളിൽ കൂടെ സംവിധായകൻ ശ്രമിക്കുന്നത്.  മായയുടെ കഥ അങ്ങിനെയാണ് പറഞ്ഞു തുടങ്ങുന്നതും.  മായാവനം എന്ന കാടും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന പേടിപ്പെടുത്തുന്ന വിവരണങ്ങളും ആദ്യമേ സിനിമ കാണുന്നവർക്ക് പറഞ്ഞു കൊടുക്കുന്നുവെങ്കിലും മായയുടെ  യഥാർത്ഥ  കഥ  സംവിധായകൻ ആദ്യ പകുതി അവസാനിക്കും  വരെ സമർത്ഥമായി മൂടി വക്കുകയാണ് ചെയ്യുന്നത്. രണ്ടാം പകുതിയിലാകട്ടെ  മായയുടെ ജീവിത കഥയിലേക്കെന്ന പോലെ തുടങ്ങിയ  അന്വേഷണം അപ്സരയുടെ  (നയൻ താര)  ജീവിതത്തിലേക്ക് കൂടിയുള്ള അന്വേഷണമായി  പരിവർത്തനപ്പെടുന്നു. 
മായ ആരായിരുന്നെന്നും എന്തായിരുന്നെന്നും ദൃശ്യവത്ക്കരിച്ച് കാണിക്കാൻ സംവിധായകൻ മെനക്കെടുന്നില്ല. പകരം സിനിമയിലെ തന്നെ പല പല കഥാപാത്രങ്ങൾ അവരവർക്ക് കേട്ടറിവുള്ള മായയുടെ കഥ വാക്കുകളാൽ വിവരിക്കുകയാണ് ചെയ്യുന്നത്. അങ്ങും ഇങ്ങുമായി സിനിമക്കിടയിൽ ഇപ്രകാരം കേട്ട് കൊണ്ടിരിക്കുന്ന ആ കഥയെ പ്രേക്ഷകർ വേണം കൂട്ടി യോജിപ്പിച്ചു വായിക്കാൻ. മായയുടെ ഒരു ഏകദേശ കഥാരൂപം പ്രേക്ഷകൻ സ്വന്തം മനസ്സിന്റെ സ്ക്രീനിൽ കാണണം എന്ന് സാരം. പ്രേക്ഷകൻ visualize ചെയ്യേണ്ട ആ കഥ ഇങ്ങിനെയായിരുന്നു. മായ മാത്യൂസ് സമ്പന്നയായ ഒരു കുടുംബത്തിലെ അംഗമായിരുന്നു. അവൾ പ്രേമിച്ചവനെ തന്നെ അവൾ വിവാഹവും ചെയ്തു. അവരുടെ ഒന്നാം വിവാഹ വാർഷിക ദിനത്തിൽ അവൾ രണ്ടു കാര്യങ്ങൾ മനസിലാക്കുന്നു. ഒന്ന് - അവൾ ഗർഭിണിയാണ്. രണ്ട് - അവളുടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്. മനോനില തെറ്റിയ അവൾ ഭർത്താവിനെ വിഷം കൊടുത്ത് കൊല്ലുന്നു. ബന്ധുക്കൾ അവളെ നഗരത്തിലെ ഒരു മാനസികാശുപത്രിയിൽ തള്ളുകയാണ് പിന്നീട്. ചികിത്സക്കായി ഇപ്രകാരം അവിടെയെത്തുന്ന പല രോഗികളെയും പിന്നീടാരും വന്നു കാണുകയോ അന്വേഷിച്ചു നോക്കുകയോ ചെയ്യാത്ത ഒരു സ്ഥിതിയാണ് അവിടെ ഉണ്ടായിരുന്നത്. ഇത് മുതലെടുക്കുന്ന ആശുപത്രി മാനെജ്മെന്റ് കാട്ടിനുള്ളിൽ രഹസ്യമായി പണിത ഒരു കെട്ടിടത്തിലേക്ക് ഇങ്ങിനെയുള്ള രോഗികളെ മാറ്റി പാർപ്പിക്കുകയും അവരിൽ നിരന്തരം മരുന്ന് പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത് കൊണ്ടിരുന്നു. ഗർഭിണിയായ മായയും ആ കെട്ടിടത്തിലേക്ക് പിന്നീട് മാറ്റപ്പെടുകയുണ്ടായി. മരുന്ന് പരീക്ഷണത്തിന് വിധേയമാകുന്നതിനിടയിൽ മരണപ്പെടുന്നവരെ ആ കാട്ടിൽ തന്നെ പലയിടങ്ങളിലായി മറവു ചെയ്യുകയാണ് പതിവ്. സ്വബോധമുള്ള രോഗികൾ പലരും ഇവിടുന്നു രക്ഷപ്പെടാൻ ശ്രമിക്കുമെങ്കിലും അവരെ വെടി വച്ച് കൊന്നു കുഴിച്ചിടുമായിരുന്നു. മായ ഒരു പെണ്കുഞ്ഞിനെ പ്രസവിക്കുന്നത് ഈ കാലത്താണ്. എന്നാൽ ജനിച്ച് ദിവസങ്ങൾക്കകം അവളിൽ നിന്ന് ആ കുഞ്ഞിനെ ആശുപത്രി ജീവനക്കാർ മറ്റെങ്ങോട്ടോ മാറ്റുന്നു. മായ ആ കുഞ്ഞിനെ കുറിച്ച് നിരന്തരം ആശുപത്രി അധികൃതരോട് അന്വേഷിക്കുമായിരുന്നു. അപ്പോഴെല്ലാം അവർ സത്യമായും നിന്റെ കുഞ്ഞ് ഞങ്ങളുടെ കയ്യിൽ ഇല്ല എന്ന മറുപടി മാത്രം പറഞ്ഞു കൊണ്ടിരുന്നു. പിന്നീട് അവൾ ചോദിച്ചില്ലെങ്കിലും അവളെ പരിഹസിക്കാനും പ്രകോപിപ്പിക്കാനുമായി അവർ ആ മറുപടി ആവർത്തിച്ചു. മരുന്ന് പരീക്ഷണത്തിനിടെ കാഴ്ച നഷ്ടപ്പെട്ട മായ മായ പിന്നീട് കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിക്കുകയാണ്. മായയെ മറവു ചെയ്യുന്ന സമയത്ത് അവളുടെ ഡയറിയും തന്റെ കുട്ടിക്കായി അവൾ എടുത്ത് വച്ചിരുന്ന കളിപ്പാട്ടവും അവളോട് കൂടെ മണ്ണിട്ട് മൂടി. മറവ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പലരും മറ്റൊരു കാര്യം അറിയുന്നത്. മായയുടെ കൈ വിരലിൽ വില പിടിപ്പുള്ള രത്നക്കല്ല് പതിച്ച ഒരു മോതിരം ഉണ്ടായിരുന്നെന്ന്. ആ മോതിരം ലഭിക്കാനായി പലരും കാട്ടിൽ കുഴി തോണ്ടാൻ പോയെന്നും ആ പോയവരെയൊക്കെ മായയുടെ പ്രേതം കൊന്നെന്നുമാണ് കേട്ട് കേൾവി. അങ്ങിനെയാണ് ആ കാടിന് മായാവനം എന്ന് പേര് പോലും വരുന്നത്. ഇത്രയുമാണ് മായയെ കുറിച്ച് പ്രേക്ഷകർ മനസ്സിൽ എഡിറ്റ് ചെയ്ത് visualize ചെയ്യേണ്ട കഥ.
പ്രേത കഥകളിൽ ലോജിക്കിനെ കുറിച്ച് ചോദിക്കുന്നതിൽ പരിധികൾ ഉണ്ട്. എന്നാലും മിനിമം ലോജിക്കുകൾ എല്ലാത്തരം കഥകൾക്കും ബാധകമാണല്ലോ അതെന്തു കൊണ്ട് ഈ സിനിമയിൽ പാലിക്കുന്നില്ല എന്ന ചോദ്യങ്ങൾ ധാരാളമായി കേൾക്കാൻ സാധ്യതയുണ്ട്. പാതി രാത്രിക്ക് മാത്രം എന്ത് കൊണ്ട് ആളുകൾ  മായാവനത്തിൽ   രത്നക്കല്ല് തിരയാനായി പോകുന്നു, പ്രോഫസ്സർ ക്യാമറയും തൂക്കി കാട്ടിലേക്ക് എന്തിനാണ് രാത്രി തന്നെ പോകുന്നത്, പൊതുവേ പകൽ പോലും ആള് പോകാത്ത ആ കാട്ടിൽ രാത്രി രഹസ്യമായി ഒന്നും പോയി ചെയ്യേണ്ടതിന്റെ ആവശ്യകതയില്ല എന്ന് സിനിമ തന്നെ വ്യക്തമാക്കുമ്പോഴും പലരും രാത്രി മാത്രം കാട്ടിലേക്ക് യാത്ര തിരിക്കാൻ ആഗ്രഹിക്കുന്നത് എന്ത് കൊണ്ട് എന്ന് തുടങ്ങി ഒരായിരം സംശയങ്ങൾ ഉയർത്തിയാലും അതിന് മറുപടിയില്ല. കാരണം സിനിമക്കുള്ളിലെ 'ഇരുൾ' എന്ന ഹൊറർ  സിനിമയിലാണ് ഇത്തരം സംഗതികൾ നടക്കുന്നത്. ഒരു ഹൊറർ സിനിമക്ക് വേണ്ട ക്ലീഷേ വിഭവങ്ങളെ സിനിമക്കുള്ളിലെ സിനിമയിൽ അവതരിപ്പിക്കുക വഴി യഥാർത്ഥ സിനിമയിൽ അവതരിപ്പിച്ചാൽ ഉണ്ടായേക്കാവുന്ന വിമർശനങ്ങളെ സമർത്ഥമായി ഒഴിവാക്കി കൊണ്ട് തനിക്ക് പറയാനുള്ള കഥയെ പരമാവധി  യുക്തി ഭദ്രമാക്കാൻ ശ്രമിക്കുകയാണ് സംവിധായകൻ ചെയ്തത്. എന്നാൽ ആദ്യമേ സൂചിപ്പിച്ച പോലെ ഈ സങ്കീർണ്ണത എത്ര പേർ മനസ്സിലാക്കി കൊണ്ട് സിനിമയെ ആസ്വദിച്ചു കാണും എന്നത് ചോദ്യമാണ്.  പ്രത്യേകിച്ചു പറഞ്ഞാൽ അവസാന സീനുകളിലേക്ക് എത്തുമ്പോൾ  പ്രേതം  എന്നത് ഒന്നിലധികം രൂപങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്ന തരത്തിലുള്ള ഒരു കോമാളിക്കളിയായി അനുഭവപ്പെടുത്തുന്നുമുണ്ട് . കണ്ടു മറന്ന ഹോളിവുഡ് സിനിമകളിലെ ഹൊറർ സീനുകൾ അതേ പടി ചിത്രീകരിക്കാൻ ശ്രമിച്ചതും ആസ്വാദനത്തിൽ കല്ല് കടിയുണ്ടാക്കുന്നു. മിസ്കിന്റെ 'പിസാസ്' സിനിമയിൽ കണ്ടു മറന്ന ചില പ്രേത കാഴ്ചകൾ 'മായ' യിലും ആവർത്തിക്കുന്നതായി കാണാം . 
ദൃശ്യ സാങ്കേതിക പരിചരണത്തിലെ  പരിചയ സമ്പത്തിന്റെ അഭാവവും മറ്റു ചില പോരായ്മകളും  'മായ'യെ ഒരു മായ പോലെ കണ്ടിരിക്കാൻ നിർബന്ധിപ്പിക്കുമ്പോഴും സിനിമയുടെ  സ്ക്രിപ്റ്റും  അവതരണരീതിയിലെ പരീക്ഷണങ്ങളും   മികച്ചു തന്നെ നിൽക്കുന്നു.  ഉമാ ദേവി എഴുതി റോണ് ഏതൻ യോഹാന്റെ സംഗീതത്തിൽ  ശ്വേതാ മോഹൻ പാടിയ "നാനേ വരുവായേൻ" എന്ന ഗാനം  ഒരിക്കൽ കേട്ടാൽ മതിയാകും  ഹൃദയത്തിലേറ്റാൻ. ഒരു അമ്മക്ക് കുട്ടിയോടുള്ള സ്നേഹം, കരുതൽ, പ്രതീക്ഷ എന്ന് വേണ്ട എല്ലാ വികാരങ്ങളും ഇത് പോലെ ചേർത്തലിയിച്ച ഒരു താരാട്ട് പാട്ട്  ഈ അടുത്താരും കേട്ടിരിക്കാൻ  വഴിയില്ല. അത്രക്കും മനോഹരമായ ഒരു ഗാനം . 
ആകെ മൊത്തം ടോട്ടൽ = സങ്കീർണ്ണമായ  അവതരണ രീതി ഉള്ളത് കൊണ്ട്  ഒരു വ്യത്യസ്ത സിനിമ ആസ്വാദനം എല്ലാവർക്കും  അനുഭവപ്പെടണം എന്നില്ല. എന്നാൽ ആ സങ്കീർണ്ണതയെ അതിന്റെ സെൻസിൽ എടുത്താൽ ആസ്വദിക്കാവുന്ന ഒരു നല്ല സിനിമയുമാണ് മായ. വേറിട്ട സിനിമാ പരീക്ഷണങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ സിനിമ കാണുക. 
* വിധി മാർക്ക് = 7/10 
-pravin- 
 



 
 
സിനിമയെക്കുറിച്ച് ഇതിനകം ധാരാളം കേട്ടു കഴിഞ്ഞു . ഹോളിവുഡ് ഫിലിം മേക്കേഴ്സിനെവരെ മായ അത്ഭുതപ്പെടുത്തി എന്ന മട്ടിലാണ് കിംവതന്തികൾ. സിനിമാ തിയേറ്റലിലെ ഇരുട്ടിൽ ഒറ്റക്കിരുന്ന് ഈ ഹൊറർ മൂവി കാണാൻ ഭയങ്കര മനക്കട്ടി വേണമെന്നാണ് പ്രചാരണം
ReplyDeleteസിനിമ നിരാശപ്പെടുത്തില്ലെന്ന് മനസ്സിലായി
>>സിനിമാ തിയേറ്റലിലെ ഇരുട്ടിൽ ഒറ്റക്കിരുന്ന് ഈ ഹൊറർ മൂവി കാണാൻ ഭയങ്കര മനക്കട്ടി വേണമെന്നാണ് പ്രചാരണം>>>
Delete..........
.........
ഇത് സംബന്ധിച്ച് തെറ്റായ ചില പ്രചരണങ്ങൾ നടക്കുന്നുണ്ട് എന്ന് കൂടെ പറയട്ടെ. കുറെ പേർ എന്നോട് ചോദിക്കുകയുണ്ടായി ഈ സിനിമ ഒറ്റക്ക് തിയേറ്ററിൽ ഇരുന്നു കാണുന്നവന് അഞ്ചു ലക്ഷം രൂപ സമ്മാനം ഉണ്ടോ എന്നൊക്കെ ..എന്നാൽ അതീ സിനിമ കാണുന്നതിനല്ല സമ്മാനം ..സിനിമക്കുള്ളിൽ ഒരു ഹൊറർ സിനിമയുമായി ബന്ധപ്പെട്ടു നടത്തുന്ന ഒരു മത്സരം ആണത് ..ആ സിനിമ ചങ്കിടിപ്പോടെയല്ലാതെ കാണാനാകില്ല എന്നതിനാൽ അത് കാണാൻ ധൈര്യപ്പെടുന്നവർക്ക് സംവിധായകനുമായി കരാറിൽ ഏർപ്പെടുകയും അത് പ്രകാരം ജീവന് വല്ല അപായവും സംഭവിക്കുന്നതിന് ആരും ഉത്തരവാദിയല്ല എന്ന് വരെ എഴുതി കൊടുക്കേണ്ടിയും വരും .. ആ സിനിമ കാണാനാണ് മനക്കട്ടി വേണം എന്ന് പറയുന്നത് ..മായ സിനിമ കാണാൻ അല്ല ..
പേടിപ്പെടുത്തുന്ന രംഗങ്ങൾ മായ സിനിമയിൽ ഇല്ലെന്ന് പറയുന്നില്ല കേട്ടോ ..ഇത് ഒന്ന് സൂചിപ്പിച്ചെന്നു മാത്രം.
കണ്ടില്ല..
ReplyDeleteകാണണം..
കാണണം എന്ന് ഏറെയായി കൊതിക്കുന്നു
കണ്ടു നോക്കൂ എന്തായാലും
Deleteഹൊറർ ഇഷ്ടമാണ് പക്ഷെ ഇപ്പോൾ കോമഡിയാണധികവും ഹോറർ കോമഡി :)
ReplyDeleteഇപ്പോൾ വെറും ഹൊറർ സിനിമ എന്നൊരു വിഭാഗമില്ല ...കോമഡി ഹൊറർ ..ഡ്രാമ ഹൊറർ അങ്ങിനെയൊക്കെയാണ് വിഭാഗങ്ങൾ ...ഒരു തരത്തിൽ അതാണ് നല്ലതും .. എല്ലാത്തരം ആസ്വാദനവും സാധ്യമാണ് അതിൽ ..
Deleteഎന്ത് കൊണ്ട് എന്ന് തുടങ്ങി ഒരായിരം
ReplyDeleteസംശയങ്ങൾ ഉയർത്തിയാലും അതിന് മറുപടിയില്ല.
കാരണം സിനിമക്കുള്ളിലെ 'ഇരുൾ' എന്ന ഹൊറർ സിനിമയിലാണ്
ഇത്തരം സംഗതികൾ നടക്കുന്നത്. ഒരു ഹൊറർ സിനിമക്ക് വേണ്ട ക്ലീഷേ
വിഭവങ്ങളെ സിനിമക്കുള്ളിലെ സിനിമയിൽ അവതരിപ്പിക്കുക വഴി യഥാർത്ഥ
സിനിമയിൽ അവതരിപ്പിച്ചാൽ ഉണ്ടായേക്കാവുന്ന വിമർശനങ്ങളെ സമർത്ഥമായി
ഒഴിവാക്കി കൊണ്ട് തനിക്ക് പറയാനുള്ള കഥയെ പരമാവധി യുക്തി ഭദ്രമാക്കാൻ
ശ്രമിക്കുകയാണ് സംവിധായകൻ ചെയ്തത്. എന്നാൽ ആദ്യമേ സൂചിപ്പിച്ച പോലെ
ഈ സങ്കീർണ്ണത എത്ര പേർ മനസ്സിലാക്കി കൊണ്ട് സിനിമയെ ആസ്വദിച്ചു കാണും
എന്നത് ചോദ്യമാണ്. പ്രത്യേകിച്ചു പറഞ്ഞാൽ അവസാന സീനുകളിലേക്ക് എത്തുമ്പോൾ
പ്രേതം എന്നത് ഒന്നിലധികം രൂപങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്ന തരത്തിലുള്ള
ഒരു കോമാളിക്കളിയായി അനുഭവപ്പെടുത്തുന്നുമുണ്ട് . കണ്ടു മറന്ന ഹോളിവുഡ് സിനിമകളിലെ ഹൊറർ സീനുകൾ അതേ പടി ചിത്രീകരിക്കാൻ ശ്രമിച്ചതും ആസ്വാദനത്തിൽ കല്ല് കടിയുണ്ടാക്കുന്നു. മിസ്കിന്റെ 'പിസാസ്' സിനിമയിൽ കണ്ടു മറന്ന ചില പ്രേത കാഴ്ചകൾ 'മായ' യിലും ആവർത്തിക്കുന്നതായി കാണാം . ‘
വളരെ വിശദമായ വിശകലനം , ഇവിടെ റിലീസാവാത്ത കാരണം ഇനി ഓൺ-ലൈനിൽ വരുമ്പോൾ കാണണം
താങ്ക്യു മുരളിയേട്ടാ ..എന്തായാലും സിനിമ കണ്ടു നോക്കൂ ട്ടോ .
Deleteടോരെന്റില് ആണോ കണ്ടത് ? ആണങ്കില് ലിങ്ക് തരോ ?
ReplyDeleteടോരെന്റിൽ അല്ല ഉട്ടോ ..തിയേറ്ററിൽ നിന്നായിരുന്നു കണ്ടത് ..
Deleteവളരെ വിശദമായ വൈവിദ്ധ്യമാർന്ന അവലോകനം....... പ്രവീണിന് ശരിക്കും അഭിമാനിക്കാം.....ഗ്രാഫ് അത്രയും മുകളിലാണ്..... വളരെ സുവ്യക്തമായി അനുവാചകനിലേക്കെത്തിക്കാന് കഴിയുന്നത് നിസ്സാര കാര്യമല്ല...... അനുമോദനങ്ങള്..... ആശംസകൾ.....
ReplyDeleteനന്ദി വിനോദ് ഭായ് ഈ വായനക്കും പ്രോത്സാഹനത്തിനും ...
Deleteവിശദമായ അഭിപ്രായത്തിന് നന്ദി പ്രവി. കണ്ടില്ല കാണണം.
ReplyDeleteഓക്കേ ...അപ്പൊ കണ്ടു നോക്കൂ
Delete