ഇന്ത്യൻ ചാര സംഘടനയായ റോയുടെ മുൻ ജോയിന്റ് ഡയറക്ടർ മലോയ് കൃഷ്ണ ധർ "Mission to Pakistan: An Intelligence Agent in Pakistan" എന്ന പേരിൽ 2002 കാലത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. റോ (Research and Analysis Wing) യുടെ ഒരു പ്രധാന ചാരപ്രവർത്തകന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയ ആ പുസ്തകത്തിൽ ഒരാളുടെയും പേര് വിവരങ്ങൾ എഴുത്തുകാരൻ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ 2012 ൽ 'ഏക് ഥാ ടൈഗർ' സിനിമ റിലീസ് ആയ ശേഷം നടന്ന പത്ര മാധ്യമ ചർച്ചകളിലൂടെ മലോയ് കൃഷ്ണ ധറിന്റെ പുസ്തകത്തിൽ പറയുന്ന റോ യുടെ ചാരപ്രവർത്തകനും സിനിമയിലെ അവിനാശ് സിംഗ് റാത്തോഡും 'റോ' യിൽ പണ്ട് പ്രവർത്തിച്ചിരുന്ന രവീന്ദ്ര കൌശിക്കിനെയാണ് പ്രതിനിധീകരിക്കുന്നതെന്നൊക്കെയുള്ള പ്രചരണങ്ങൾ നടക്കുകയുണ്ടായി. അത് പിന്നീട് രവീന്ദ്ര കൌശിക്കിനെ കുറിച്ചുള്ള നിരവധി പേരുടെ അന്വേഷണങ്ങൾക്ക് പ്രചോദനമായി.
രവീന്ദ്ര കൌശിക്ക് അഥവാ നബി അഹമ്മദ് ഷാക്കിർ
1952 ൽ രാജസ്ഥാനിൽ ജനനം. നാടകത്തിലും അഭിനയത്തിലും അതീവ തൽപ്പരനായിരുന്ന രവീന്ദ്ര കൌശിക്ക് ഒരിക്കൽ ലഖ്നൗവിൽ ദേശീയതല നാടക മീറ്റിങ്ങിൽ പങ്കെടുക്കവേ അവിടെ വച്ച് 'റോ' യുടെ ചില ഉന്നത ഉദ്യോഗസ്ഥരാൽ റോ യിൽ ചേരാൻ ക്ഷണം ലഭിച്ചു. പാകിസ്താനിൽ പോയുള്ള ചാരപ്രവർത്തനം അതീവ ദുഷ്ക്കരം ആണെന്നറിയാമെങ്കിലും രവീന്ദ്ര കൌശിക്ക് ഭാരതത്തിനു വേണ്ടി ആ ജോലി കൂടുതലൊന്നും ആലോചിക്കാതെ ഏറ്റെടുക്കുകയാണുണ്ടായത്. പാകിസ്താൻ യാത്രക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് ഏകദേശം രണ്ടു വർഷത്തോളം വേണ്ടി വന്നു. ഇക്കാലയളവിൽ കൌശിക് ഡൽഹിയിൽ താമസിച്ചു കൊണ്ട് റോ യുടെ പരിശീലനം നേടുകയുണ്ടായി. അതോടൊപ്പം ഇസ്ലാം മതം സ്വീകരിക്കുകയും ഇസ്ലാം മതപഠനം, ഉറുദു ഭാഷാ പഠനം എന്നിവക്കെല്ലാം സമയം കണ്ടെത്തി. പാകിസ്താനെ കുറിച്ചും അവിടത്തെ രീതികളെ കുറിച്ചുമെല്ലാം ഈ കാലയളവിൽ വേണ്ടോളം പഠിക്കാൻ കൌശിക്കിനു സാധിച്ചു. അങ്ങിനെ 1975 ൽ തന്റെ ഇരുപത്തി മൂന്നാം വയസ്സിലാണ് കൌശിക്ക് പാകിസ്താനിലേക്ക് ചേക്കേറുന്നത്. അവിടെയെത്തിയ കൌശിക്ക് കറാച്ചി സർവ്വകലാശാലയിൽ നിയമ ബിരുദത്തിനു ചേരുകയും പഠനത്തിനു ശേഷം പാക് സൈന്യത്തിൽ കമ്മീഷൻഡ് ഓഫീസറായി ചേരുകയും ചെയ്തു. ചുരുങ്ങിയ കാലയളവിൽ തന്നെ പാക് സൈന്യത്തിൽ മേജർ പദവി ലഭിച്ച കൌശിക്ക് പിന്നീട് പാകിസ്താനിൽ നിന്ന് തന്നെ വിവാഹം കഴിച്ചു. ഇക്കാലയളവിലെല്ലാം തന്നെ രവീന്ദ്ര കൌശിക്ക് സ്വന്തം വീട്ടിലേക്ക് കത്തുകൾ അയച്ചിരുന്നതായി പറയുന്നു. 1979-83 കാലയളവിൽ പാക് സൈന്യത്തിന്റെ രഹസ്യ നീക്കങ്ങളടക്കം നിരവധി പ്രധാന വിവരങ്ങൾ ഇന്ത്യൻ സൈന്യത്തിന് നൽകാൻ കൌശിക്കിനു സാധിച്ചിട്ടുണ്ട്. രാജസ്ഥാൻ വഴിയുള്ള പാക് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റം പലപ്പോഴായി പരാജയപ്പെടുത്താൻ ഇന്ത്യക്ക് ഇത് മൂലം കഴിഞ്ഞു. ഇതിൽ സന്തുഷ്ടയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൌശിക്കിനെ "ബ്ലാക്ക് ടൈഗർ" എന്ന ഓമനപ്പേര് നൽകിയതായി പറയപ്പെടുന്നു.
1983 കാലത്ത് ബ്ലാക്ക് ടൈഗറിന് സഹായമേകാൻ ഇനായത്ത് മസിഹ എന്ന ഒരു ചാരനെ കൂടി ഇന്ത്യ പാക്സിതാനിലേക്ക് വിട്ടതിനു പിന്നാലെയാണ് രവീന്ദ്ര കൌശിക്കിന്റെ നാടകീയ ജീവിതത്തിന് തിരശ്ശീല വീഴുന്നത്. പാക് ചാരന്മാരുടെ പിടിയിലായ ഇനായത്ത് മസിഹ മണി മണിയായി സത്യങ്ങൾ വിളിച്ചു പറഞ്ഞതിലൂടെ രവീന്ദ്ര കൌശിക്കിന്റെ മുഖം മൂടികൾ ഓരോന്നായി പാക് സൈന്യം വലിച്ചു കീറി. രണ്ടു മൂന്നു വർഷത്തോളം പാക് സൈന്യത്തിന്റെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെങ്കിലും കൌശിക്ക് ഇന്ത്യക്ക് പ്രതികൂലമായി ഒന്നും പറഞ്ഞില്ല. ഒരു വിവരങ്ങളും കിട്ടാതെയായപ്പോൾ പാക് സൈന്യം കൌശിക്കിന്റെ പുരികങ്ങൾ മുറിച്ചെടുത്തു, ശരീരത്തിൽ നിരന്തരം മുറിവുകൾ സമ്മാനിച്ചു, കാതുകളിൽ ചൂട് കമ്പി കൊണ്ട് കുത്തി വേദനിപ്പിച്ചു, പല പല ജയിലുകളിലേക്ക് മാറ്റി മാറ്റി താമസിപ്പിച്ചു. അങ്ങിനെ നീണ്ട 18 വർഷത്തെ പീഡനങ്ങൾക്കൊടുവിൽ ആസ്തമയും ക്ഷയരോഗവും ഹൃദ്രോഗവും പിടിപെട്ട കൌശിക്കിന് ജയിലിൽ വിശ്രമം അനുവദിക്കപ്പെട്ടു. കൌശിക്കിനു അധികം വിശ്രമിക്കേണ്ടി വന്നില്ല. 2001 സെപ്തംബർ 21 നു മുൾട്ടാനിലെ ന്യൂ സെൻട്രൽ ജയിലിൽ വെച്ച് കൌശിക്ക് അന്ത്യ ശ്വാസം വലിച്ചു.
സിനിമയും രവീന്ദ്ര കൌശിക്കിന്റെ ജീവിതവും
പത്രമാധ്യമങ്ങളുടെ അവകാശ വാദ പ്രകാരം ഏക് ഥാ ടൈഗർ സിനിമക്ക് ആധാരമായ ജീവിത കഥ രവീന്ദർ കൗശിക്കിന്റെതായിരുന്നു. അത് സത്യമോ അസത്യമോ എന്നറിയില്ലെങ്കിലും ആ സിനിമയിൽ സൽമാൻ ഖാന്റെ അവിനാശ് റാത്തോഡ് എന്ന കഥാപാത്രം രവീന്ദ്ര കൗശിക്കിന് സമാനമായ ജീവിതമല്ല നയിച്ച് കാണുന്നത്. ആകെയുള്ള സമാനതകൾ രണ്ടു പേരും റോ യുടെ ചാരപ്രവർത്തനത്തിൽ ഏർപ്പെടുന്നു എന്നതും രണ്ടു പേരും ടൈഗർ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്നു എന്നതുമാണ് . രവീന്ദർ കൌശിക്കിനെ ബ്ലാക്ക് ടൈഗർ എന്ന് ഇന്ദിരാ ഗാന്ധി വിശേഷിപ്പിച്ച വാർത്തയിൽ നിന്നായിരിക്കാം സിനിമയിൽ സൽമാൻ ഖാന് ടൈഗർ എന്ന രഹസ്യ നാമം നൽകിയത്.
ഇറാഖിലെ രഹസ്യ ദൌത്യത്തിന് ശേഷം ന്യൂ ഡൽഹിയിലേക്ക് തിരിച്ചെത്തുന്ന ടൈഗർ അടുത്ത മിഷനായി അയർലണ്ടിലേക്ക് പോകുന്നതും അവിടെ വച്ച് പാകിസ്താൻ ചാര സംഘടനയിൽപ്പെട്ട സോയ എന്ന യുവതിയുമായി പ്രണയത്തിലാകുകയും ചെയ്യുന്നതാണ് 'ഏക് ഥാ ടൈഗറി' ൽ കാണാൻ സാധിക്കുക. രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ നിന്ന് പ്രണയിക്കേണ്ടി വരുന്ന നായകനും നായികയും ഇരുവരുടേയും രാജ്യത്തിന് വേണ്ടിയുള്ള ജോലിയുടെ പേരിൽ ഒരു ഘട്ടത്തിൽ പ്രണയം ഉപേക്ഷിക്കുന്നുവെങ്കിലും ചാര പ്രവർത്തനം ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യില്ല എന്ന തിരിച്ചറിവിൽ പിന്നീട് തങ്ങളുടെ പ്രണയത്തെ സാക്ഷാത്ക്കരിക്കുകയും മാതൃ രാജ്യങ്ങളുമായുള്ള സകല ബന്ധവും വിച്ഛെദിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടുകയുമാണ് ചെയ്യുന്നത്. യഥാർത്ഥ കൌശിക്കിന്റെ ജീവിതവുമായി സിനിമയിലെ അവിനാശ് എന്ന കഥാപാത്രം എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കൂ. കൌശിക്കിന്റെ ജീവിതത്തിനു സമമല്ലാത്ത വിധം അതേ കഥാപാത്രത്തെ ഒരുപാട് സാങ്കൽപ്പികതകളിൽ പൊതിഞ്ഞു കൊണ്ട് വളരെ സമർത്ഥമായാണ് കബീർ ഖാൻ അവിനാശിനെ ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ അവിനാശിനെ ചൂണ്ടി കാണിച്ചു കൊണ്ട് അത് രവീന്ദ്ര കൌശിക്ക് ആണെന്ന് പൂർണ്ണമായും പറയാനാകില്ല.
അവിനാശിനേക്കാൾ കൌശിക്കുമായി സാമ്യത തോന്നിക്കുന്നതാണ് 'ഡി-ഡേ' യിൽ ഇർഫാൻ അവതരിപ്പിച്ച വലീ ഖാൻ എന്ന കഥാപാത്രം. ദാവൂദ് ഇബ്രാഹിമിനെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പിടിച്ചു കൊണ്ട് വരുന്ന സാങ്കൽപ്പിക മിഷനാണ് സിനിമയുടെ ഇതിവൃത്തം. 'ഡി-ഡേ' എന്ന് പേരിട്ടിരിക്കുന്ന ഈ മിഷനിൽ ഇന്ത്യയിൽ നിന്ന് അയക്കുന്ന മൂന്നു പേർക്ക് പുറമേ പാകിസ്താനിൽ തന്നെയുള്ള റോയുടെ ഒരു ചാരൻ പങ്കു ചേരുന്നു. അതാണ് വലീഖാൻ. വലീഖാന് കൌശിക്കുമായുള്ള സാമ്യതകൾ സങ്കൽപ്പിക്കാനുള്ള ഒരുപാട് അവസരങ്ങൾ സിനിമയിൽ സംവിധായകൻ പ്രേക്ഷകന് തരുന്നുണ്ട്. പാകിസ്താനിലേക്ക് വർഷങ്ങൾക്ക് മുൻപ് കുടിയേറുകയും പിന്നീട് അവിടെ പുതിയൊരു കുടുംബമുണ്ടാക്കി സ്ഥിര താമസമാക്കുകയും അതിനിടയിൽ ഇന്ത്യക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയും ചെയ്യുന്ന വലീ ഖാൻ എന്ന കഥാപാത്രം രവീന്ദ്ര കൌശിക്കിൽ നിന്ന് പ്രത്യക്ഷത്തിൽ വ്യത്യസ്തനാകുന്നില്ല എന്ന് തന്നെ പറയാം. അതേ സമയം സിനിമക്ക് വേണ്ടിയുണ്ടാക്കിയ കഥാപാത്രം എന്ന നിലയിൽ വലീ ഖാനെ കൌശിക്കിൽ നിന്ന് പല മാറ്റങ്ങളും വരുത്തി കൊണ്ടാണ് തിരക്കഥാകൃത്തുക്കളായ റിതേഷ് ഷായും സുരേഷ് നായരും സൃഷ്ടിച്ചിരിക്കുന്നത്.
പാക് ജയിൽ ജീവിത കാലത്ത് കൌശിക്ക് ഇന്ത്യയിലുള്ള കുടുംബത്തിനു അയച്ച കത്തുകളിൽ ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ പ്രതിഷേധം വളരെ വ്യക്തമായിരുന്നു. ഇന്ത്യ ഒരിക്കലും ഔദ്യോഗികമായി രവീന്ദ്ര കൌശിക്കിനെ അംഗീകരിക്കുകയോ അയാളുടെ വിവരങ്ങൾ ശരി വക്കുകയോ ചെയ്തിരുന്നില്ല. നിയമപരമായി ചാരവൃത്തി അംഗീകരിക്കുന്നതിലുള്ള തടസ്സങ്ങൾ തന്നെയായിരുന്നു അതിന്റെ പ്രധാന കാരണം. കൌശിക്കിന്റെ ഒരു കത്തിൽ അദ്ദേഹം പറഞ്ഞത് താനൊരു അമേരിക്കക്കാര നായിരുന്നുവെങ്കിൽ മൂന്നാം ദിവസം ജയിൽ മോചിതനായിരുന്നേനെ. പക്ഷേ താനൊരു ഇന്ത്യക്കാരാനായിപ്പോയി. മാതൃ രാജ്യത്തിന് വേണ്ടി സ്വജീവിതം സമർപ്പിച്ച ഒരാൾക്ക് ഇന്ത്യ ഇതാണോ നൽകുന്നത് എന്നാണ്. ഇവിടെ മേൽപ്പറഞ്ഞ രണ്ടു സിനിമകളിലും ഇന്ത്യയുടെ ഈ നിലപാട് രണ്ടു തരത്തിലാണ് ചിത്രീകരിച്ചു കാണുക. 'ഏക് ഥാ ടൈഗറി' ൽ തന്റെ കാമുകിയായ പാകിസ്താനി ചാര പ്രവർത്തകയെ കൊല്ലാനുള്ള ഇന്ത്യയുടെ ആഹ്വാനം അനുസരിക്കാതിരുന്ന അവിനാശിനെ ഇന്ത്യയുടെ ആളുകൾ തന്നെ ശത്രുവായി പ്രഖ്യാപിക്കുകയും കൊല്ലാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. 'ഡി-ഡേ' യിലേക്ക് വരുമ്പോൾ നിയമവിരുദ്ധമായ 'ഡി-ഡേ' മിഷൻ പരാജയപ്പെട്ടാൽ അതിനു ഇറങ്ങി തിരിച്ചവരെല്ലാം പാക് സൈന്യത്തിന്റെ പിടിയിലായാൽ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യക്ക് അത് മൂലമുണ്ടാകുന്ന അപമാന ഭയത്താലും വ്യക്തി വൈരാഗ്യങ്ങളുടെ പേരിലും RAW ക്കുള്ളിലെ ചിലർ തന്നെ മിഷനിൽ പങ്കെടുക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു. സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ പണയപ്പെടുത്തി അത്രയും കാലം ത്യാഗങ്ങൾ ചെയ്തവർ എത്ര പെട്ടെന്നാണ് അതേ രാജ്യത്തിന് വേണ്ടാത്തവരായി മാറുന്നത് എന്ന് നോക്കൂ. അവിനാശ് സിംഗ് റാത്തോഡിനുണ്ടായ ഈ തിരിച്ചറിവ് അയാളെ എക്കാലത്തേക്കും എല്ലാവരുടെയും കണ്ണ് വെട്ടിച്ചു കൊണ്ടുള്ള ഒരു ഒളിച്ചു ജീവിതത്തിനാണ് പ്രേരിപ്പിക്കുന്നതെങ്കിൽ വലീ ഖാൻ ആ തിരിച്ചറിവുകൾ ഉണ്ടായിട്ടു കൂടി അവസാന ശ്വാസം വരെ പരാജയമെന്ന് ഇന്ത്യ വിധിയെഴുതിയ ആ മിഷനെ സ്വന്തം ജീവൻ ത്യജിച്ച് വിജയത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
സിനിമക്കും ജീവിതത്തിനുമപ്പുറം ചിലത്
ജീവിതവും സിനിമയും ഒരു പോലെയായിരിക്കില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാലും പലപ്പോഴും നമുക്ക് സമ്മതിക്കേണ്ടി വരുന്ന ഒരു കാര്യമാണ് ചില ജീവിതങ്ങൾ സിനിമയേക്കാൾ നാടകീയവും ചില സിനിമകൾ ജീവിതത്തേക്കാൾ യാഥാർത്ഥ്യവുമാണെന്നത്. രവീന്ദ്ര കൌശിക്ക് ഇന്ത്യക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങളുടെ സാഹസികത കണക്കിലെടുത്താൽ അദ്ദേഹം ഒരു ഹീറോ തന്നെയാണ്. എന്നാൽ മറ്റൊരു രാജ്യത്തിലേക്കുള്ള നുഴഞ്ഞു കയറ്റവും സ്വന്തം കാര്യം നേടുന്നതിനു വേണ്ടിയുള്ള ആ രാജ്യത്തോടുള്ള വഞ്ചനകളും കണക്കിലെടുക്കുമ്പോൾ അതിൽ പലയിടത്തും മനസാക്ഷി പറയുന്ന ചില ശരികേടുകൾ ഉണ്ടെന്ന് നമുക്ക് സമ്മതിക്കേണ്ടി വരും. അല്ലാത്ത പക്ഷം നമ്മൾ കാണിക്കുന്നത് വെറും ഇരട്ട താപ്പുകളായി വിലയിരുത്തപ്പെടും. നമ്മുടെ രാജ്യത്തിലേക്ക് നുഴഞ്ഞു കയറി വന്ന് നമ്മുടെ രാജ്യക്കാരനാകുകയും പിന്നീട് സൈന്യത്തിൽ അംഗമായി ചേർന്ന് ഉയർന്ന പദവിയിലെത്തിയ ശേഷം പാകിസ്താന് വേണ്ടി വിവരങ്ങൾ ചോർത്തി കൊടുത്ത ഒരാളോടുള്ള നമ്മുടെ നിലപാട് എന്തായിരിക്കുമോ അത് തന്നെയല്ലേ സമാനമായി പ്രവർത്തിച്ച കൌശിക്കിനോടും നമുക്ക് വേണ്ട നിലപാട് ? സിനിമകൾ പലപ്പോഴും ഇത്തരം ചോദ്യങ്ങൾ കൂടി ഉയർത്തി കൊണ്ടാണ് അവസാനിക്കുന്നത്.
-pravin-
കഥയറിഞ്ഞതിനു ശേഷം ആട്ടം കാണുമ്പോൾ, അതു മനസിലാക്കാൻ എളുപ്പം തന്നെ....
ReplyDeleteപ്രവീണ്‍ നന്നായിട്ടുണ്ട്....
നന്ദി!
Thank you Aneesh Bhai
Deleteരവീന്ദർ കൗശിക്ക് ഇന്ത്യക്ക് ഹീറോയാണ് പാക്കിസ്ഥാന് അദ്ദേഹം ഒരു ക്രിമിനലും, ഒരു ISI ഏജന്റിനെ നമ്മൾ പിടിച്ചാലും ഇതു തന്നെ നടക്കും.
ReplyDeleteഅത് കറക്റ്റ് .. പക്ഷേ ചാര പ്രവർത്തനത്തിൽ നിന്നും വിഭിന്നമല്ലേ കൌശിക്ക് ചെയ്ത കാര്യങ്ങൾ എന്നൊരു സംശയം ഉണ്ട് എനിക്ക് ..എന്ത് കൊണ്ടോ എനിക്കതിനോട് യോജിക്കാനാകുന്നില്ല ..
Deleteകൊള്ളാം..
ReplyDeleteനല്ലൊരു പോസ്റ്റ്
ആശംസകളോടെ
നന്ദി അബൂതി ..
Deleteബ്ലാക് ടൈഗറിനെപ്പറ്റി ആദ്യം കേൾക്കുകയാണേ
ReplyDeleteഅത് നുണ .. കപ്പിത്താൻ കേൾക്കാതെ വഴിയില്ലല്ലോ ..
Delete‘പത്രമാധ്യമങ്ങളുടെ അവകാശ വാദ
ReplyDeleteപ്രകാരം ഏക് ഥാ ടൈഗർ സിനിമക്ക് ആധാരമായ
ജീവിത കഥ രവീന്ദർ കൗശിക്കിന്റെതായിരുന്നു. അത് സത്യമോ
അസത്യമോ എന്നറിയില്ലെങ്കിലും ആ സിനിമയിൽ സൽമാൻ ഖാന്റെ
അവിനാശ് റാത്തോഡ് എന്ന കഥാപാത്രം രവീന്ദ്ര കൗശിക്കിന് സമാനമായ
ജീവിതമല്ല നയിച്ച് കാണുന്നത്. ആകെയുള്ള സമാനതകൾ രണ്ടു പേരും റോ
യുടെ ചാരപ്രവർത്തനത്തിൽ ഏർപ്പെടുന്നു എന്നതും രണ്ടു പേരും ടൈഗർ എന്ന
പേരിൽ വിശേഷിപ്പിക്കപ്പെടുന്നു എന്നതുമാണ് . രവീന്ദർ കൌശിക്കിനെ ബ്ലാക്ക് ടൈഗർ എന്ന് ഇന്ദിരാ ഗാന്ധി വിശേഷിപ്പിച്ച വാർത്തയിൽ നിന്നായിരിക്കാം സിനിമയിൽ സൽമാൻ ഖാന് ടൈഗർ എന്ന രഹസ്യ നാമം നൽകിയത്...”
ചാരന്മാരുടെ കഥയായ കാരണം , ഞാൻ
ഈ മൂവി കാണാൻ കാത്തിരിക്കുകയായിരുന്നു..
ഇപ്പോൾ ഇത്ര നല്ല അവലോകനം കിട്ടിയ നിലക്ക്
ഇനി ഒരിക്കലും കാണാതിരിക്കാനും വയ്യാാാാാ
മുരളിയേട്ടാ ...പടം കത്തിയാണ് ..കണ്ടിരിക്കാം ..അത്ര മാത്രം ..ആ പടത്തിന്റെ പിന്നിലെ ചില കാര്യങ്ങൾ പറഞ്ഞെന്നു മാത്രം ..ഡി ഡേ കുറച്ചു കൂടി നല്ലതാണ് ..ചില്ലറ ലാഗിംഗ് ഉണ്ടെന്നു മാത്രം ..
Deleteരണ്ടു ചിത്രങ്ങളും കണ്ടിട്ടില്ല :( , ഇനിയൊന്നു കാണട്ടെ :)
ReplyDeleteനല്ല രീതിയില്‍ ഒരു കോര്‍ത്തിണക്കല്‍ പ്രവ്യേ
താങ്ക്യു ആർഷെച്ചീ .. സിനിമ കണ്ടു നോക്കൂ
Delete