ഒരു പ്രേത കഥയെ നർമ്മത്തിന്റെ അകമ്പടിയിൽ പറഞ്ഞവതരിപ്പിക്കുന്നതോടൊപ്പം അതിൽ ഇമോഷണൽ സിറ്റുവേഷൻസിനു കൂടി പ്രാധാന്യം കൊടുക്കുന്നുണ്ട് 'സർവ്വം മായ'.
'സർവ്വം മായ' എന്ന ടൈറ്റിൽ സിനിമക്ക് എല്ലാം കൊണ്ടും അനുയോജ്യമായി.
സത്യൻ അന്തിക്കാട് സ്ക്കൂളിന്റെ സ്വാധീനമുള്ള അവതരണമെന്ന് പറയിപ്പിക്കുമ്പോഴും ഒരു സംവിധായകന്റെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട് അഖിൽ സത്യൻ.
കുറച്ചു കാലങ്ങളായി നമുക്ക് മിസ്സായി പോയിരുന്ന നിവിൻ പോളി വൈബ് ഈ പടത്തിലൂടെ തിരിച്ചു കൊണ്ട് വരാൻ അഖിൽ സത്യനു സാധിച്ചു.
നിവിൻ പോളി -അജു വർഗീസ് കോമ്പോ ഒക്കെ രസകരമായി തന്നെ വന്നു. നിവിൻ പോളി- റിയ ഷിബു - പ്രീതി മുകുന്ദൻ കോമ്പോ സീനുകളും കൊള്ളാം.
ചെറിയ വേഷങ്ങളെങ്കിലും ജനാർദ്ദനൻ, മധു വാര്യർ, രഘുനാഥ് പാലേരി, അൽത്താഫ് സലിം, മണികണ്ഠൻ പട്ടാമ്പി, വിനീത്, മേതിൽ ദേവിക, ഒക്കെ നന്നായി ചെയ്തിട്ടുണ്ട്.
സ്ഥിരം പ്രേത -യക്ഷി കഥാപാത്രങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന കഥാപാത്ര സൃഷ്ടിയാണ് ഡെലേലുവിന്റേത്.
കളർ സാരി ഉടുക്കുന്ന, ഇഡ്ഡലിയും സാമ്പാറുമൊക്കെ കഴിക്കുന്ന 'മേഘസന്ദേശ'ത്തിലെ പ്രേതത്തെയും, 'വിസ്മയത്തുമ്പത്തി'ലെ റീത്താ മാത്യൂസിനെയുമൊക്കെ ഓർമ്മപ്പെടുത്തുമ്പോഴും പ്രകടനം കൊണ്ട് ഡെലേലുവിനെ മികവുറ്റതാക്കി റിയ ഷിബു.
വലിയ അവകാശ വാദങ്ങൾ ഒന്നുമില്ലാതെ തന്നെ കുടുംബ പ്രേക്ഷകരെ അനായാസേന തൃപ്‍തിപ്പെടുത്തുന്ന ഒരു മാജിക് ഈ സിനിമയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് അഖിൽ സത്യൻ.. 'സർവ്വം മായ' സമ്മാനിക്കുന്ന ഫീലും അതാണ്.
©bhadran praveen sekhar


No comments:
Post a Comment