Saturday, January 16, 2016

നമുക്കിടയിലും നമുക്കുള്ളിലും അധികമില്ലാത്ത ഒരു 'ചാർലി'

അനാവശ്യ താര പരിവേഷങ്ങളും  അമിത ഹീറോയിസവും കൊണ്ട്  ഇടക്കാലത്ത്  മലയാള സിനിമയെ  ശ്വാസം മുട്ടിച്ചിട്ടുണ്ട് പല സംവിധായകരും എഴുത്തുകാരും. മനുഷ്യരിലേക്ക് ലവലേശം കടന്നു ചെല്ലാത്ത കഥകളെഴുതി  ഹീറോയിസം  കൊണ്ടോ ന്യൂ ജനറേഷൻ ലേബലിൽ വിറ്റു പോകുന്ന  പുരോഗാമന  ആശയങ്ങളുടെ  ഉപരിപ്ലവമായ ചിത്രീകരണം കൊണ്ടോ  മാത്രം പ്രേക്ഷകനെ അതിശയിപ്പിക്കാൻ ഒരുമ്പെട്ട് ഇറങ്ങിയ അത്തരം സിനിമാക്കാർക്ക് ചാർലി ഒരു കോശ ഗ്രന്ഥമായി ഉപയോഗിക്കാവുന്നതാണ് പലതിനും. ബെസ്റ്റ് ആക്ടർ, ABCD സിനിമകളിലൂടെ നമ്മൾ കണ്ടറിഞ്ഞ മാർട്ടിൻ പ്രക്കാട്ട് മലയാള സിനിമാ ലോകത്തിന്റെ  മറ്റൊരു തലത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സൂചന കൂടിയാണ് ചാർലി . രാജമാണിക്യവും ചോട്ടാ  മുംബൈയും അണ്ണൻ തമ്പിയും ചെയ്ത  അതേ അൻവർ റഷീദ് പിന്നീട് ബ്രിഡ്ജും (കേരളാ കഫേ), ഉസ്താദ് ഹോട്ടലും, 'ആമി' യുമൊക്കെയായി  (അഞ്ചു സുന്ദരികൾ) വന്ന് മലയാള സിനിമയുടെ പൂമുഖത്ത് തനിക്കിരിക്കാൻ ഒരു  ചാരു  കസേര പണിഞ്ഞിട്ടതിനു സമാനമായാണ് മാർട്ടിന്റെ പോക്കും. വാണിജ്യാടിസ്ഥാനത്തിൽ സിനിമ നിർമ്മിക്കുമ്പോഴും കലാമൂല്യം ചോരാതെ പ്രമേയത്തെ അവതരിപ്പിച്ചു കാണിക്കാനുള്ള ഇത്തരം സംവിധായകരുടെ കയ്യിൽ ഭാവി മലയാള സിനിമ എന്ത് കൊണ്ടും സുരക്ഷിതമാണ് എന്ന ആശ്വാസം കൂടി ഇത് സമ്മാനിക്കുന്നു. 

ടി.വി ചന്ദ്രൻ, ഷാജി എൻ കരുൺ സിനിമകളിലെല്ലാം നമ്മൾ കണ്ടു മറന്ന മനുഷ്യ സ്നേഹി കഥാപാത്രങ്ങളുടെ ഒരു സമ്മിശ്ര സ്വഭാവ രൂപമാണ് ചാർലിക്ക്. സമാന്തര സിനിമകളിലെ അത്തരം കഥാപാത്രങ്ങളെ എല്ലാത്തരം പ്രേക്ഷകർക്കും സ്വീകാര്യ യോഗ്യമായ രീതിയിൽ പുത്തനുടുപ്പിട്ട് അവതരിപ്പിക്കാനാണ് മാർട്ടിൻ പ്രക്കാട്ട് പ്രധാനമായും ശ്രമിച്ചു കാണുന്നത്. ഗോപി നാഥ മേനോനും കുട്ടിസ്രാങ്കുമൊക്കെ മനുഷ്യനോടു പുലർത്തി വന്നിരുന്ന കാഴ്ചപ്പാടുകൾ ശ്രദ്ധേയമായിരുന്നുവെങ്കിലും പ്രതിസന്ധിയിലും വിഷാദത്തിലുമാണ്ടു പോയ  ജീവിതങ്ങളെ മുന്നോട്ട് നയിക്കാനുള്ള ആർജ്ജവം അതിലൊന്നും തന്നെ ഇല്ലായിരുന്നു. ചുറ്റുപാടുമുള്ള സഹജീവികളുടെ സന്തോഷത്തിൽ പങ്കു ചേരുന്നതിനേക്കാൾ കൂടുതൽ അവർ മറ്റുള്ളവരുടെ സങ്കടങ്ങളിൽ താൽക്കാലിക ആശ്വാസമാകും വിധം  പങ്കു ചേർന്ന് കൊണ്ടിരുന്നു എന്ന് മാത്രം. ഒടുക്കം സ്വന്തം സ്വത്ത്വത്തിനോട്  പൂർണ്ണ  നീതി പുലർത്താൻ  സാധിക്കാതെ അന്ന്യന്റെ വിഷമം കണ്ട് സഹിക്കാനാകാതെ സ്വജീവിതം വിലയില്ലാത്ത വിധം ത്യജിച്ചു കൊണ്ട് വെറും വിഷാദ ഓർമ്മകളുടെ ആൾരൂപമായി അവർ ചുരുങ്ങുന്നു. ഗോപി നാഥ മേനോന്റെ ന്യായീകരണ  ഭാഷയിൽ പറഞ്ഞാൽ ഈ ലോകത്ത് ജീവിച്ചിരിക്കാനുള്ള നാണക്കേട്‌ കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു. ഗോപിനാഥ മേനോന്റെ  ഈ ഒരു തീരുമാനത്തിന് പൊതുജന  സ്വീകാര്യത ഇല്ല എന്ന് മാത്രമല്ല അത്  അത്ര കണ്ട് ആർക്കും പ്രചോദനാത്മകവുമല്ല എന്ന തിരിച്ചറിവിലാണ് ഉണ്ണി. ആർ  ചാർലിയുടെ കഥാപാത്രത്തെ ജീവസ്സുറ്റതും  പ്രസക്തവുമാക്കുന്നത്. 

മേൽപ്പറഞ്ഞ രണ്ടു സിനിമകളിലും സ്ത്രീ കഥാപാത്രങ്ങളുടെ അന്വേഷണങ്ങളിലൂടെയും ഓർമ്മകളിലൂടെയുമാണ് കഥാവശേഷൻമാരായ നായകന്മാരുടെ ജീവിതം സംവിധായകൻ പ്രധാനമായും വിവരിക്കുന്നത്. കഥാവശേഷന്മാരുമായി പരിചയമുണ്ടായിരുന്ന കഥാപാത്രങ്ങളെ ഒന്നിന് പിന്നാലെ ഒന്നായി സ്ക്രീനിലേക്ക് കടത്തി വിടുകയും അവരവരുടെ അനുഭവങ്ങൾ കൂടി പങ്കു വപ്പിച്ചു കൊണ്ട് കഥാവശേഷന്റെ ജീവിതകഥ വരച്ചവസാനിപ്പിക്കുകയും ചെയ്യുന്ന ആഖ്യാന ശൈലി ചാർലിയിലും ഏറെക്കുറെ പ്രകടമാണ്. കള്ളനേയും സമരക്കാരെയും വേശ്യയേയും മനുഷ്യന്റെ കണ്ണ് കൊണ്ട് കാണാൻ ശ്രമിച്ച ഗോപിനാഥ മേനോന്റെ ആത്മാവ് ചാർലിയിലും കാണാമെങ്കിലും ഗോപിനാഥന്റെ വിഷാദഭാവമോ പരിഭവങ്ങളോ ഒന്നും തന്നെ ചാർലിയിലില്ല. അവിടെയാണ് ചാർലി വ്യത്യസ്തനാകാൻ തുടങ്ങുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി അവർക്കൊക്കെ ഓരോ സർപ്രൈസുകൾ സമ്മാനിക്കുകയും അവരെ സന്തോഷത്തിന്റെ പാതയിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ചാർലിയുടെ ജീവിതവും സന്തോഷവും. ജീവിതത്തെ ഭ്രാന്തമായി സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ചാർലിക്ക് സ്വന്തം ജീവിതം ഒരു ഉത്സവമാണ്. അവ്വിധം ഭ്രാന്താണ് യഥാർത്ഥ ജീവിതം എന്ന് തോന്നിപ്പിക്കുകയും കൊതിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ചാർലി തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനു പിടി തരാത്ത കഥാപാത്രമായി നിറഞ്ഞു നിൽക്കുന്നു. 

ചാർലിയെ തേടിയുള്ള നായികയുടെ  യാത്രയിൽ കണ്ടു കിട്ടുന്ന കഥാപാത്രങ്ങളിലൂടെ ഒരുപാട് ജീവിതങ്ങൾ സരസമായി അവതരിപ്പിച്ചു കാണിക്കുന്നുണ്ട് സംവിധായകൻ. അതിഥി താരങ്ങളെ പോലെ സിനിമയിൽ വന്നു പോകുന്നവർക്ക് പോലും സംവിധായകൻ സിനിമയിൽ ഏൽപ്പിക്കുന്ന ചുമതലകൾ വലുതാണ്‌. അതിലേറ്റവും എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് കൽപ്പന അവതരിപ്പിക്കുന്ന ക്വീൻ മേരി. ഒരു മനുഷ്യന്റെ സ്നേഹവും പരിഗണനയും  മറ്റൊരു മനുഷ്യന് കിട്ടിത്തുടങ്ങുമ്പോൾ നമുക്ക് ചുറ്റുമുള്ള സങ്കട കടലുകൾ എത്ര പെട്ടെന്നാണ് സന്തോഷ കടലുകളായി രൂപമാറ്റം നടത്തുന്നത് എന്ന് കാണിക്കുന്നതാണ്   ചാർലിയും ക്വീൻ മേരിയും തമ്മിലുള്ള സംഭാഷണ രംഗങ്ങൾ. മനുഷ്യനായി പിറന്നവന്റെ കണ്ണ് നനയിക്കാൻ പോന്ന രംഗങ്ങൾ. മേരിയെ കടല് കാണിക്കാൻ കൊണ്ട് പോകുന്നതിനെ ചാർലിയുടെ വെറും വട്ടായി മാത്രം കണ്ടിരുന്ന മത്തായി അഥവാ പത്രോസിനോട് ചാർലി പറയുന്ന ഒരു ഡയലോഗ് ഓർമ്മയിൽ എന്തെന്നില്ലാതെ തങ്ങി നിൽക്കുന്നു. ഒക്കെ നമ്മുടെ ഓരോ തോന്നലുകളല്ലേ പത്രോസേ..ഞാനും നീയുമൊക്കെ വേറെ ആരുടെയെങ്കിലുമൊക്കെ തോന്നലുകൾ ആണെങ്കിലോ ?

ചാർലിയുടെ കാഴ്ചപ്പാടുകൾ തന്നെ നോക്കൂ കള്ളനും ഗുണ്ടയുമൊക്കെ എത്രയോ പാവങ്ങളാണ്. അടിസ്ഥാനപരമായി അവരെല്ലാം മനുഷ്യരെങ്കിലും നമുക്കിടയിൽ അവർ ജീവിക്കുന്നത് കള്ളനും ഗുണ്ടയുമൊക്കെയായിട്ടാണ്. എന്ത് കൊണ്ട് അവരങ്ങിനെയായെന്നോ മനുഷ്യന്റെതായ ആ അസ്ഥിത്വം അവർക്കുള്ളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നൊന്നും നമ്മളാരും അന്വേഷിക്കാനോ അറിയാനോ ശ്രമിക്കുന്നില്ല. അതിന്റെയൊന്നും ആവശ്യമില്ല എന്ന് നമ്മൾ കരുതുന്നു. അങ്ങിനെ കരുതുന്ന നമുക്കെല്ലാം അപവാദമായാണ് ചാർലി താൻ പോകുന്നിടത്ത് നിന്നും കണ്ടു മുട്ടുന്നവരിൽ നിന്നുമെല്ലാം അനവധി നിരവധി മനുഷ്യന്മാരെ തൊട്ടറിയുന്നത്. അയാൾക്ക് അവരുടെയൊന്നും പേരോ നാടോ ജോലിയോ അറിയേണ്ടതില്ല. സുനിക്കുട്ടനെന്ന കള്ളനെ ഡിസൂസയായും മത്തായിയെന്ന ഗുണ്ടയെ പത്രോസായും വേശ്യയായ മേരിയെ മറിയയുമായുമാണ് അയാൾ അഭിസംബോധന ചെയ്യുന്നത്. അവർ ആ വിളി കേൾക്കാൻ നിർബന്ധിതാരാകുകയും പിന്നീട് ആ വിളിയിൽ സന്തോഷിക്കുകയും ചെയ്യുന്നു. അവിടെ നമ്മൾ ചിന്തിച്ചു പോകുന്ന ഒരു കാര്യമുണ്ട്. എന്തിനാണ് സത്യത്തിൽ നമുക്ക് സ്ഥിരമായി ഒരു പേര് ? സർക്കാർ രേഖകളിൽ പേരും ജാതിയും മതവുമില്ലാതെ ജീവിക്കാനാകില്ലെങ്കിലും മനുഷ്യർക്കിടയിൽ അതൊന്നുമില്ലാതെ ജീവിക്കാൻ നമുക്കൊന്ന് ശ്രമിച്ചു കൂടെ എന്ന ഒരു വെല്ലുവിളി ചാർലി പോലും അറിയാതെ പ്രേക്ഷകന് നേരെ ഉയരുന്നുണ്ട്.

ടി.വി ചന്ദ്രൻ ഗോപി നാഥമേനോന്റെ മരണ കാരണം വ്യക്തമാക്കി കൊണ്ട് സിനിമയെ അവസാനിപ്പിക്കുമ്പോൾ മാർട്ടിൻ ചാർലിയെ വരച്ചു തുടങ്ങുന്നത് മരണത്തോടുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ കൊണ്ടാണ്. സ്വന്തം ചരമവാർത്ത പത്രത്തിൽ കൊടുക്കുക വഴി അത് സത്യമോ അസത്യമോ എന്നറിയാതെ അന്വേഷിച്ചു വരുന്നവരുടെ ശാസനകളും തല്ലുകളും നായകൻ നേരിട്ട് കൈപ്പറ്റുന്നുണ്ട്. മരിച്ചു പോയവർക്ക് കിട്ടാത്ത അത്തരം അനുഭവങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അറിയാൻ ശ്രമിക്കുന്ന ചാർലിയുടെ ആ അതിര് വിട്ട കുസൃതിയിലും ഒരുപാട് തത്ത്വങ്ങൾ പങ്കു വക്കാൻ അയാൾ ശ്രമിക്കുന്നത് കാണാം. മരിച്ച വാർത്തയറിഞ്ഞു വന്നവരിൽ ഒരിക്കലും പ്രതീക്ഷിക്കാതെ വന്നവരെ അയാൾ ഒരുപാട് സ്നേഹത്തോടെ തന്നെ ഓർക്കുന്നു. തനിക്ക് അവരിൽ നിന്ന് കിട്ടിയ ശാസനകളും തല്ലുകളും അവർക്ക് തന്നോടുള്ള കലർപ്പില്ലാത്ത സ്നേഹം കൊണ്ടാണെന്ന് പറഞ്ഞവസാനിപ്പിക്കുന്ന ചാർലിയിൽ നമുക്കെങ്ങനെ പിന്നെ ഗോപിനാഥനെ കാണാൻ സാധിക്കും ? ജീവിച്ചിരിക്കാനുള്ള നാണക്കേട് കൊണ്ട് ആത്മഹത്യ ചെയ്ത ഗോപി നാഥമേനോനുമായി ഈ ചാർലിക്ക് യാതൊരു ബന്ധവുമില്ല എന്ന് നമ്മളെ ഭംഗിയായി ബോധ്യപ്പെടുത്താൻ കൂടിയാണ് സംവിധായകൻ ആ രംഗങ്ങൾ സിനിമയിൽ ഉപയോഗിക്കുന്നത്.

സിനിമ കണ്ടു കഴിഞ്ഞിറങ്ങിയ പലരും പറഞ്ഞു  കേട്ട ഒരു കാര്യമാണ് ഞാനും നിങ്ങളുമൊക്കെ തന്നെയാണ് ഈ സ്ക്രീനിൽ കാണുന്ന ചാർലി എന്ന്. അതൊന്നു മാറ്റിപ്പറഞ്ഞാൽ മാത്രമേ ശരിയാകൂ. നമുക്കിടയിലും നമുക്കുള്ളിലും അധികമില്ലാത്ത ഒരാളാണ് ചാർലി.  ചാർലിയെ പോലെ ജീവിക്കുന്നവരുണ്ടാകാം. ഇല്ലെന്നു പറയുന്നില്ല. എന്നാലും നമ്മളാണ് ചാർലി എന്നത് വെറുമൊരു മിഥ്യാ ബോധം മാത്രമാണ്. ചാർലിയെ പോലെ മനുഷ്യസ്നേഹിയാകാൻ നമുക്കും ആഗ്രഹിക്കാം അതിനായി ശ്രമിക്കാം. അത്ര മാത്രം. 

ഒരേ സമയം കലയും വാണിജ്യവും വിജയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടുള്ള ഇത്തരം സിനിമാ പ്രവർത്തനങ്ങൾ ഇനി വരും കാലങ്ങളിൽ മലയാള സിനിമക്ക് ഗുണമേ ഉണ്ടാക്കൂ. സമാന്തര സിനിമാക്കാരെ കുറ്റം പറയുകയല്ല. എന്നാലും സിനിമയുടെ പുത്തൻ മാറ്റങ്ങളെ കണ്ടില്ലെന്നു നടിച്ചു കൊണ്ടുള്ള പഴഞ്ചൻ സിനിമാ ചിന്താഗതികൾക്ക് മാറ്റം വരേണ്ടത് മലയാള സിനിമാ ഇൻഡസ്ട്രിയുടെ വളർച്ചക്ക് വളരെ ആവശ്യമാണ്‌. ഉസ്താദ് ഹോട്ടലിനു ശേഷം ഇപ്പോൾ ചാർലിയും അത്തരം ചർച്ചകൾക്ക് വഴി തെളിയിക്കുകയാണ്.
 
ആകെ മൊത്തം ടോട്ടൽ = ദുൽഖർ സൽമാന്റെ ഉഗ്രൻ പ്രകടനം. പലപ്പോഴും പഴയ ലാലേട്ടനെ അനുസ്മരിപ്പിക്കും വിധം ദുൽഖർ പെരുമാറിയെങ്കിലും അതൊരു പരിധി വിട്ടതോ വികലമായതോ  ആയ അനുകരണമായില്ല എന്നത് കൊണ്ട് തന്നെ ദുൽഖർ മികച്ചു നിന്നു. പാർവ്വതിയുടെ നായികാവേഷവും ഒപ്പത്തിനൊപ്പം മികവറിയിച്ചു. നായികാ നായകന്മാരെ പോലെ തന്നെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നു. കൽപ്പനയുടെ കരിയറിൽ എന്നും ഓർക്കപ്പെടേണ്ട ചുരുക്കം ചില കഥാപാത്രങ്ങളുടെ കൂടെ ക്വീൻ മേരിയും എഴുതി ചേർക്കേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല. സമീറാ സനീഷിന്റെ കോസ്റ്റ്യൂം ഡിസൈൻ, ജോമോന്റെ ച്ഛായാഗ്രഹണം, ഗോപി സുന്ദർ സംഗീതം  എന്നിവയും എടുത്തു പറയേണ്ട കാര്യങ്ങളാണ്. BGM സിനിമയുടെ ആത്മാവ് കൂടിയാണ് എന്നൊരിക്കൽ കൂടി തെളിയിക്കുന്നു ചാർലിയിൽ. എത്രയൊക്കെ കാര്യങ്ങൾ മികച്ചതാക്കാൻ സാധിച്ചാലും ഒഴിവാക്കാൻ പറ്റാത്ത ചില ചില്ലറ ക്ലീഷേകളെ ഈ സിനിമയിലും ഒഴിവാക്കി കണ്ടില്ല. എന്നാൽ  അതൊന്നും സിനിമക്ക് രസക്കേട് ഉണ്ടാക്കാൻ മാത്രം പോന്നതല്ല എന്ന ആശ്വാസമുണ്ട് താനും. 

*വിധി മാർക്ക് = 7.5/10 

-pravin- 

33 comments:

 1. ബാക്കി കണ്ടിട്ട് പറയാം

  ReplyDelete
 2. ചാർളിയ്ക്ക് സമ്മിശ്രാഭിപ്രായങ്ങളാണു കേൾക്കുന്നത്.. കാണണമെന്ന് തോന്നുന്നു. ഇനിയും കാണാൻ സാധിച്ചില്ല .

  ReplyDelete
 3. Unnikale oru kadha parayam enna mohanlal Chithram poleyund...padam super....

  ReplyDelete
  Replies
  1. ഉണ്ണികളേ ഒരു കഥ പറയാം സിനിമയുടെ പോലെയാണ് എന്ന് ഞാൻ പറയുന്നില്ല ...കാരണം അതിലെ നായക കഥാപാത്രമായ എബി ആ കുട്ടികൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് ..അയാളുടെ ലക്ഷ്യവും അവരെ ചുറ്റിപ്പറ്റി മാത്രമാണ്. ചാർലിക്ക് പക്ഷേ എവിടെയും തന്നെ കെട്ടിയിടാൻ സാധിക്കുന്നില്ല ല്ലോ. പ്രമേയപരമായി ഈ പറഞ്ഞ രണ്ടു സിനിമകളിലും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ പഠിപ്പിക്കുന്ന നന്മയുള്ള കഥാപാത്രങ്ങളാണ് എന്നതൊഴിച്ചാൽ മറ്റു സമാനതകൾ ഞാൻ കാണുന്നില്ല .

   Delete
 4. charly കണ്ടിറങ്ങിയപ്പോള്‍ ഒരു സിനിമാറ്റിക് മാജിക്കല്‍ ഷോ കണ്ടിറങ്ങിയ പോലായിരുന്നു. i would like to describe the movie as "MAGICAL UN-REALISM".. ഒരു ചെറുകഥ പോലെ സുന്ദരം.

  പ്രവീണിന്‍റെ റിവ്യൂ നന്നായിട്ടുണ്ട്. പക്ഷെ ചിത്രം ചര്‍ച്ച ചെയ്യുന്ന ചില വിഷയങ്ങള്‍ പ്രവീണ്‍ മനപ്പൂര്‍വം മറന്നപോലെ തോന്നി.

  ReplyDelete
  Replies
  1. തീർച്ചയായും ..ഡോക്ടറിന്റെ നിരീക്ഷണങ്ങൾ പ്രസക്തമാണ് ..പല സിനിമകളിലേയും കഥാപാത്രങ്ങളുമായി ചാർലിയെ കണക്റ്റ് ചെയ്ത് വായിക്കാമെങ്കിലും ഡോക്ടർ ഈ പറഞ്ഞ "MAGICAL UN-REALISM" അത് മറ്റൊന്നിലും ഇങ്ങിനെ കണ്ട ഓർമ്മയില്ല. കൂടെ പോന്നു കളയും പഹയൻ . ഉണ്ണി ആർ തിരക്കഥകളിൽ ഇത്തരം കഥാപാത്രങ്ങളെ പുള്ളി അറിഞ്ഞോ അറിയാതെയോ അവ്വിധം ഉണ്ടാക്കിയെടുക്കുകയാണ് .. മുന്നറിയിപ്പിലെ രാഘവൻ ഇതിന്റെ വേറൊരു പതിപ്പാണ്‌.

   ഈ സിനിമ ചർച്ച ചെയ്യുന്ന വിഷയങ്ങളിലേക്ക് എത്തി നോക്കാൻ ഞാൻ ശ്രമിച്ചില്ല എന്നതിന്റെ കാരണം ചാർലി തന്നെയാണ്. ചാർലിയെ ഞാൻ പോസിറ്റീവ് ആയേ കാണുന്നുള്ളൂ.

   Delete
 5. 'ചാർളി'യെ ഞാനും ആസ്വദിച്ചു. മനസ്സിൽ തോന്നിയ പലകാര്യങ്ങളും ഏറെ ഭംഗിയിൽ പ്രവീൺ‌ ഇവിടെ കുറിച്ചിടൽപ്പോൾ അതും ആസ്വാദ്യകരമായ വായനയായി.

  "ഗോപി നാഥ മേനോനും കുട്ടിസ്രാങ്കുമൊക്കെ മനുഷ്യനോടു പുലർത്തി വന്നിരുന്ന കാഴ്ചപ്പാടുകൾ ശ്രദ്ധേയമായിരുന്നുവെങ്കിലും പ്രതിസന്ധിയിലും വിഷാദത്തിലുമാണ്ടു പോയ ജീവിതങ്ങളെ മുന്നോട്ട് നയിക്കാനുള്ള ആർജ്ജവം അതിലൊന്നും തന്നെ ഇല്ലായിരുന്നു. "

  ഈ നിരീക്ഷണം വളരെ പ്രധാനമാണ്. ജീവിതത്തെ സംബന്ധിച്ച് പ്രസാദാത്മകമായ ചിന്ത 'ചാർളി' എന്ന ചലച്ചിത്രം കാണികളുടെ ഉള്ളിൽ ബാക്കിയാക്കുന്നുണ്ട്.
  ഏവരിലും മോഹമുണർത്തുന്നതാണ് 'ചാർളിലൈഫ്'. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ജിപ്സി അംശം കലർന്ന സർവ്വതന്ത്രസ്വതന്ത്രമായ ആ ജീവിതരീതി കൊതിക്കാത്തവരുണ്ടാവില്ല. ഏതെങ്കിലും ഒരു കുറ്റിയിലേക്ക് സ്വയം പിടിച്ചുകെട്ടാത്തതും അതേസമയം വിശുദ്ധികൈവിടാത്തതും പരോപകാരോന്മുഖവുമായ ജീവിതചിത്രണമാണ് ചാർളിയിലൂടെ ചലചിത്രശിൽപ്പികൾ സാധിച്ചിരിക്കുന്നത്. ചിത്രം ആബാലവൃദ്ധം സകലർക്കും സ്വീകാര്യമായതിന്റെ രഹസ്യവും അതുതന്നെ.

  ചിത്രത്തെ എല്ലാ അംശത്തിലും സൂക്ഷ്മമായി സ്പർശിച്ച ഈ ലേഖനം അതിലെ ചിന്തകളേയും സന്ദേശങ്ങളേയും അനായാസം വായനക്കാരനിലേക്ക് പകരുന്നവിധത്തിൽ സരളവും തെളിമയാർന്നതുമായി.

  ചിത്രത്തിന്റെ മികവിന് സമർഹമായ വിധത്തിൽ വിരചിതമായ കാമ്പുള്ള ഈ അവലോകനത്തിന് ഏറെ നന്ദി പ്രവീൺ‌.

  ReplyDelete
  Replies
  1. വളരെ മികച്ച നിരീക്ഷണങ്ങൾ അഭിപ്രായ സഹിതം രേഖപ്പെടുത്തി കണ്ടതിൽ സന്തോഷം .. ഉസ്മാൻക്കയിൽ നല്ല ഒരു സിനിമാ ആസ്വാദകൻ ഉണ്ടെന്നു വെളിപ്പെടുത്തും വിധമുള്ള അഭിപ്രായ പ്രകടനമാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത് ..ഹൃദയം നിറഞ്ഞ നന്ദി ..വീണ്ടും കാണാം

   Delete
 6. വിവരണം കേട്ടപ്പോള്‍ കാണണമെന്ന് തോന്നുകയാ . നടക്കുമോ ആവോ

  ReplyDelete
  Replies
  1. ചേച്ചീ ...ഞങ്ങ നാട്ടീ വരുമ്പോഴേക്കും ഈ പടം ഡിവിഡി ആയെത്തും ..അല്ലായിരുന്നെങ്കിൽ ഞങ്ങ കൊണ്ട് പോയി കാണിച്ചേനെ .. ന്നാലും നമുക്ക് പറ്റുമോ ന്നു നോക്കാന്നെ ..

   Delete
 7. നന്നായി എഴുതിയിരിക്കുന്നു. രണ്ടു തരം അഭിപ്രായങ്ങൾ കേട്ട ഒരു സിനിമയാണിത്. അതുകൊണ്ടു തന്നെ ഒന്ന് കാണണം

  ReplyDelete
  Replies
  1. നല്ല സിനിമയാണ് ..കണ്ടു നോക്കൂ എന്തായാലും ..ഇഷ്ടപ്പെടാതിരിക്കാൻ വഴിയില്ല

   Delete
 8. This comment has been removed by the author.

  ReplyDelete
 9. charlie is a very good movie.The above cited review is also good.But I do not agree with the writers view that DQ acting resembles with Mohanlal. DQ has interpreted the role amazingly comparing that he is only 15-20 films old,

  ReplyDelete
  Replies
  1. Thank you for the comment. Dulquer performed very well ..no doubt for that. Still i felt in many scenes he have been influenced by many mohanlal characters.. eg .. DQ intro scene was like Mohan Lal's intro in Aram thampuran.. and we can see Dulquer running scene like Mohan lal running in chithram, thalavattam etc .. All these are my personal opinions ..I am not trying to say DQ imitated lalettan. Thats all. Thank you .

   Delete
 10. സംഗതി കാണണം എന്നാഗ്രഹിക്കുന്നു..
  ജീവിതത്തിലെ പ്രതീക്ഷകൾക്ക് ഒരു തള്ളൽ നൽകുന്നതാവണം ഇത്തരം സിനിമകൾ എന്ന തന്നെയാണു എന്റെയും ആഗ്രഹം..
  നന്നായി പ്രവീൺ.. നന്നായി എഴുതിയിരിക്കുന്നു..

  ReplyDelete
  Replies
  1. കാണാൻ മറക്കല്ലേ ..കാണൂ ..ഇഷ്ടമാകും ..

   Delete
 11. ചാർലി എന്ന സിനിമ കണ്ടപ്പോൾ എനിക്ക്‌ തോന്നിയത്‌ ജീവിതത്തെ ഒരുപാട്‌ സ്നേഹിക്കുന്ന , ജീവിതത്തിന്റെ താഴേക്കിടയിൽ ഒരുപാട്‌ ദുരിതങ്ങൾ അനുഭവിക്കുന്ന ഒരു പാട്‌ നല്ല മനുഷ്യരുടെ ജീവിയതത്തിലൂടെ നടത്തിയ ഒരു യാത്രയായിട്ടാണു... എല്ലാ മനുഷ്യരുടെ ഉളളിലും സഹാനുഭൂതിയും , മറ്റുളളവരെ സഹായിക്കണമെന്ന ആഗ്രഹമൊക്കെയുണ്ട്‌.... പക്ഷേ അതിനു വേണ്ടത്‌ പണമാണു.... ഞാൻ ചിന്തിച്ചത്‌ ചാർലി എന്ന കഥാപാത്രത്തിനുളള സാമ്പത്തിക ഭദ്രത അയാൾക്ക്‌ ജീവിതം ആസ്വദിക്കാനുളള ഒരു കാരണമാണു... അതിനെക്കുറിച്ച്‌ സിനിമയിൽ അത്ര വിശദമായി പറയുന്നില്ലെങ്കിൽ കൂടിയും നമ്മൾ ഊഹിക്കുന്നു..... അതിലെ ചില രംഗങ്ങൾ യാഥാർത്യത്തോട് ഇത്തിരി അകന്നു നിൽക്കുന്നുണ്ടെങ്കിൽ കൂടിയും ഒരു നന്മ നിറഞ്ഞ പടം ... മനുഷ്യരുടെ മനസ്സിൽ സ്നേഹത്തിന്റെ വിത്തു പാകുവാൻ ആ നിമക്ക്‌ കഴിഞ്ഞിട്ടുണ്ട്‌...

  നന്നായി എഴുതി പ്രവീൺ... ഇനിയും എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ...

  ReplyDelete
  Replies
  1. Good Observation Karthika .. Thank you for sharing the observation ..

   Delete
 12. കൊള്ളാം നന്നായി പറഞ്ഞു..
  ഇവിടെ വെച്ച് ‘ചാർലി’ ആസ്വദീച്ച് കണ്ടു
  ഒരു ചാർലി നമുക്കുള്ളിലെല്ലാം പലരിലും ഉണ്ട് ,
  ഒരു പക്ഷേ സാഹചര്യങ്ങളാൽ ആവാൻ പറ്റാത്ത ഒരു പ്രതി പുരുഷൻ..

  ReplyDelete
  Replies
  1. അതെ .. നമുക്കുള്ളിൽ അധികമില്ല എന്ന് പറയുമ്പോഴും നമുക്കുള്ളിലും ചാർലി ഉണ്ടെന്നും സമ്മതിക്കേണ്ടി വരുന്നു .. സാഹചര്യങ്ങളാൽ ആകാൻ പറ്റുന്നില്ല എന്നതാണ് നമ്മുടെ ന്യായം ..

   Delete
 13. എന്നാൽ ഇതൊന്ന് കണ്ടിട്ട് തന്നെ കാര്യം

  ReplyDelete
  Replies
  1. എന്തായാലും കണ്ടു നോക്കൂ ..ഇഷ്ടപ്പെടും ..ഉറപ്പ്

   Delete
 14. എല്ലാവർക്കും ചാർളിയെപ്പോലെ ആകാൻ കഴിഞ്ഞില്ലെങ്കിലും അങ്ങനെ ആയിരുന്നെങ്കിൽ എന്ന് ചിന്തിപ്പിക്കാൻ കഴിഞ്ഞു.എനിയ്ക്കങ്ങനെ തോന്നി.തീയേറ്ററിലെ ഏസിയുടെ കുളിർമ്മയിൽ ഇങ്ങനെ ആസ്വദിച്ച്‌ കണ്ട സിനിമകൾ അധികമൊന്നും ഓർമ്മയിലില്ല.

  ReplyDelete
 15. നല്ല സിനിമയാണെന്ന് കേട്ടിട്ടുണ്ട്. ഇത് വായിച്ചതോടെ ഉറപ്പിച്ചു

  ReplyDelete
  Replies
  1. കണ്ടു നോക്കൂ ..നൂറു വട്ടം ഇഷ്ടമാകും ..

   Delete
 16. ചാർലിയിൽ ഏറ്റവും പ്രധാന പങ്കു വഹിച്ചത് അതിന്റെ കലാ സംവിധാനം ആണെന്ന് തോന്നുന്നു. ചാർളിയുടെ മനസ്സാണ് അതിൽ നമ്മൾ കാണുന്നതെല്ലാം. ആദ്യം കാണുന്ന സ്കൂട്ടറിൽ വരച്ചിട്ടിരിക്കുന്ന മരിയോ ഡി മിറാൻഡ സ്റ്റൈൽ ചിത്രങ്ങൾ . ഭായിയുടെ വീട്ടിലും ചിത്ര രചന നടത്തുമ്പോൾ അതെ ശൈലി തന്നെയാണ് ചാർലി പിന്തുടരുന്നത് . ചാർളിയുടെ വീടിനകത്തുള്ള ആകാശം പടം വരച്ചു വെച്ചിരിക്കുന്നത്തിലേക്ക് ചെന്നെത്തുന്ന ഏണിപ്പടികളും, കള്ളൻ സുനിയുടെ ചിത്രകഥയും എല്ലാം ചാർളിയെ കാണുന്നതിന് മുമ്പ് തന്നെ ചാർളി എന്ന ജിന്നിനെ നമ്മുടെ ഉള്ളിൽ കൊതി വെക്കുന്നു . കല നിർവഹിച്ച ജയശ്രീയും അതവരെക്കൊണ്ട് ചെയ്യിപ്പിച്ച മാർട്ടിനും അഭിനന്ദനങ്ങൾ . എല്ലാവരെയും സന്തോഷിപ്പിക്കുന്ന ചാർളിയുടെ പേര് ചാർളി ചാപ്ലിൻ എന്ന മഹാന്റെ പേരിൽ നിന്ന് തന്നെ കടം കൊണ്ടതായിരിക്കും. ഒരു ചാർളിയെപ്പോലെ ജീവിക്കാനാഗ്രഹിക്കുകയും പള്ളിക്കൽ നാരായണനെപ്പോലെ പോലെ ജീവിക്കുകയും ചെയ്യുന്ന എല്ലാവര്ക്കും 2 മണിക്കൂർ പത്തു മിനിട്ടു ചാർളിയെപ്പോലെ പറന്നു നടക്കാൻ (മനസ്സ് കൊണ്ട്) സാധിക്കുന്നു എന്നതാണ് സംവിധായകന്റെ വിജയം

  ReplyDelete