Monday, December 2, 2013

Bullet Raja യുടെ ബുള്ളറ്റുകൾ ലക്ഷ്യം കണ്ടോ ?

സൈഫ് അലി ഖാൻ എന്ന നടനിൽ നിന്ന് അധികമായൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നു. പക്ഷേ ഒരു സംവിധായകൻ, എഴുത്തുകാരൻ, നടൻ എന്നിങ്ങനെ എല്ലാ നിലയിലും തന്റെ സമീപ കാല സിനിമകളിലൂടെ മികവ് പ്രകടിപ്പിച്ചു കൊണ്ടിരുന്ന ടിഗ്മാൻഷു ധുലിയയിൽ നിന്ന് പ്രേക്ഷകന് പലതും പ്രതീക്ഷിക്കാൻ അവകാശമുണ്ടായിരുന്നു. പ്രത്യേകിച്ച് ടിഗ്മാൻഷൂവിന്റെ "Paan Singh Tomar" കണ്ടതിനു ശേഷം. ഇർഫാൻ ഖാന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച സിനിമ എന്ന പേരിൽ മാത്രമാണ് പൊതുവേ "Paan Singh Tomar" ന് ഖ്യാതിയുള്ളൂ. അതിനുമപ്പുറം ടിഗ്മാൻ ഷൂവിന്റെ രചനാ -സംവിധാന വൈഭവത്തിനൊന്നും വേണ്ട മാർക്കോ പരിഗണനയോ കിട്ടിയില്ലെന്ന് പറയാം. മികച്ച സിനിമക്കുള്ള ദേശീയ പുരസ്ക്കാരം  Paan Singh Tomar നേടിയപ്പോൾ പോലും ടിഗ്മാൻഷൂ പ്രേക്ഷക സമൂഹത്തിൽ അർഹിക്കുന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതിന്  പിന്നീടൊരു മാറ്റം വന്നത് അനുരാഗ് കഷ്യപിന്റെ Gangs of Wasseypur സിനിമയിലെ രമധീർ സിംഗ് എന്ന വേഷം ടിഗ്മാൻഷൂ ധുലിയ അനശ്വരമാക്കിയപ്പോഴാണ്. രമധീർ സിംഗ് ശ്രദ്ധിക്കപ്പെട്ടപ്പോൾ ടിഗ്മാൻഷൂ  ധുലിയയും ശ്രദ്ധിക്കപ്പെട്ടു. രമധീറിനെ ഗൂഗിൾ ചെയ്യുന്നവർക്കെല്ലാം ടിഗ്മാൻഷൂ ധുലിയയെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. അങ്ങിനെ അറിഞ്ഞോ അറിയാതെയോ ടിഗ്മാൻഷൂവിന്റെ "ബുള്ളറ്റ് രാജ" റിലീസിന് മുൻപേ തന്നെ പ്രേക്ഷക മനസ്സിൽ ചില  പ്രതീക്ഷകളെല്ലാം  സൃഷ്ടിച്ചു. 

യു.പിയുടെ  രാഷ്ട്രീയ -സാമൂഹികാന്തരീക്ഷം പശ്ചാത്തലമാക്കിയാണ് സിനിമ വികസിക്കുന്നത്. തൊഴിൽ തേടി കൊണ്ടിരുന്ന രാജാ മിശ്രക്കും (സൈഫ് അലി ഖാൻ), കൊറിയർ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു രുദ്രനും  (ജിമ്മി ഷെർഗിൽ) അവിചാരിതമായ ചില സാഹചര്യങ്ങളാൽ സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന് വേണ്ടി പല ഗുണ്ടായിസങ്ങളും കാണിക്കേണ്ടി വരുന്നു. നിലനിൽപ്പിന്റെ ഭാഗമെന്നോണം തുടങ്ങി വച്ച ഗുണ്ടായിസം പിന്നീട് അവരുടെ ജീവിത മാർഗമായി മാറുന്നു. ഇതിനിടക്ക്‌ നടക്കുന്ന  പ്രധാന സംഭവ വികാസങ്ങളും വെല്ലുവിളികളുമാണ് സിനിമ പറഞ്ഞു പോകുന്നത്. 

പ്രമേയപരമായി ബുള്ളറ്റ് രാജക്ക് പുതുതായി ഒന്നും പറയാനില്ലായിരുന്നു. കണ്ടു മറന്ന കഥാപാത്രങ്ങളും കഥാപരിസരവും തന്നെയാണ് സിനിമയിൽ പ്രതിപാദ്യ വിധേയമാകുന്നത് എങ്കിൽ കൂടി ഒരു കൊമേഴ്സ്യൽ സിനിമക്ക് വേണ്ട നിറക്കൂട്ടുകൾ ചേർക്കാൻ സംവിധായകൻ നന്നായി പരിശ്രമിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ സിനിമ പ്രേക്ഷകനെ പൂർണമായും കൈ വെടിയുന്നില്ല. അതേ സമയം സിനിമയിലെ സംഗീതം പ്രേക്ഷകനെ പൂർണമായും  നിരാശപ്പെടുത്തുന്നുമുണ്ട്. സൈഫ് അലി ഖാൻ തന്റെ പതിവിൽ നിന്നും ഏറെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്തെന്നു അവകാശപ്പെടുന്നില്ല. നീരജ് പാണ്ടേയുടെ "Special 26" ലെ റണ്‍വീർ സിംഗ് എന്ന കഥാപാത്രത്തിന് ശേഷം ജിമ്മി ഷെർഗിലിനു കിട്ടിയ ഒരു നല്ല കഥാപാത്രമാണ് ബുള്ളറ്റ് രാജയിലെ രുദ്ര. സിനിമയിലെ നായകൻ സൈഫ് അലി ഖാൻ ആണെങ്കിലും പ്രേക്ഷകരുടെ കൈയ്യടികളിൽ  ഒരു വലിയ പങ്ക് സിനിമയിലെ മറ്റു പലരും ഭാഗം വച്ച് കൊണ്ട് പോകുന്ന കാഴ്ചയാണ് സിനിമയിൽ പിന്നീട് കാണാൻ സാധിക്കുക. അതിൽ പ്രമുഖനായിരുന്നു സിനിമയുടെ അവസാന അരമണിക്കൂറിൽ രംഗ പ്രവേശനം ചെയ്ത വിദ്യുത് ജംവാലിന്റെ ഇൻസ്പെകടർ കഥാപാത്രം. കുറഞ്ഞ സീനുകളിലെ ആക്ഷൻ രംഗങ്ങൾ കൊണ്ടും മറ്റു stylish screen  appearance കൊണ്ടും  വിദ്യുത് പ്രേക്ഷകന്റെ മനം കവരുന്നുണ്ട്. (സോനാക്ഷി സിൻഹ  തന്റെ സൌന്ദര്യം കൊണ്ടും). 

സംഗതികൾ ഇങ്ങിനെയൊക്കെയാണ് എങ്കിലും സിനിമ എന്ന മാധ്യമം കൊണ്ട് സമൂഹത്തിലെ പല കൊള്ളരുതായ്മകളെയും വിമർശിക്കാൻ സാധിക്കും എന്ന് നല്ല പോലെ അറിയാവുന്ന ആളാണ്‌ ശ്രീ ടിഗ്മാൻഷൂ ധുലിയ. അക്കാരണം കൊണ്ട് തന്നെ  ഈ സിനിമ അദ്ദേഹം പ്രധാനമായും ഉപയോഗിച്ചത് രാഷ്ട്രീയക്കാരുടെ ആട്ടിൻ തോൽ പിച്ചി ചീന്താനാണ്. യു.പി രാഷ്ട്രീയത്തിന്റെ  പിന്നാമ്പുറ കഥകൾ "ബുള്ളറ്റ് രാജ"ക്ക്  വേണ്ടി അദ്ദേഹം നന്നായി ഗവേഷണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. യു പി രാഷ്ട്രീയം സിനിമയിൽ പരാമർശ വിധേയമാക്കുന്ന അതേ സമയത്ത് തന്നെ ബംഗാൾ രാഷ്ട്രീയത്തെ അദ്ദേഹം ഹാസ്യാത്മകമായി വിമർശിക്കുന്നു. നായികയുടെ നാടായ കൊൽക്കത്തയിൽ നായകൻ എത്തുന്ന രംഗങ്ങളോട് അനുബന്ധിച്ചാണ് അത്തരം വിമർശനങ്ങൾക്ക്  ധുലിയ സിനിമയിൽ സ്പേസ് കണ്ടെത്തുന്നത്. Paan Singh Tomar നെ നായകനാക്കി സിനിമ ചെയ്ത ആളായിട്ട് കൂടി  ബണ്ടിറ്റുകളെയും അവരുടെ നിലപാടുകളെയും ഹാസ്യാത്മകായി പരാമർശിക്കാനും  പരിഹസിക്കാനും ടിഗ്മാൻ ഷൂ ധുലിയ മറന്നില്ല എന്നതും ശ്രദ്ധേയമാണ് സിനിമയിൽ. 

ആകെ മൊത്തം ടോട്ടൽ = വല്യ പ്രതീക്ഷകളൊന്നും ഇല്ലാതെ, ഒരു വട്ടം ചുമ്മാ കാണാൻ പറ്റുന്ന, പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാ കൊമേഴ്സ്യൽ സിനിമ. 

വിധി മാർക്ക്‌ = 4.5 /10 
-pravin-

8 comments:

  1. ഹിന്ദിപ്പടം പഥ്യമല്ല, ആകെ കണ്ടിട്ടുള്ളത് ഷോലെ, ഖുര്‍ബാനി, ഡിസ്കോ ഡാന്‍സര്‍ അങ്ങനെ ആറോ ഏഴോ സിനിമകളാണ്. പിന്നെ ഈ അടുത്തകാലത്ത് താരെ ജമീന്‍ പര്‍, ചക് ദേ ഇന്‍ഡ്യ. ഹിന്ദി സിനിമയെപ്പറ്റി ചിന്തിക്കുമ്പോഴൊക്കെ ഒരു സീന്‍ മനസ്സില്‍ വരും. ഒരു ബംഗ്ലാവിന്റെ ഹാള്‍. രണ്ടു വശത്തുനിന്നും രണ്ടാം നിലയിലേയ്ക്ക് കയറിപ്പോകുന്ന സ്ടെയര്‍കേസ്. അങ്ങനെ രണ്ട് കോണിപ്പടി ഇല്ലാത്ത ഹിന്ദി സിനിമകള്‍ ഇല്ലായിരുന്നു എന്നാണ് ഞാന്‍ ആ കാലത്തൊക്കെ വിചാരിച്ചിരുന്നത്. ഹം തും ഇല്ലാത്ത പാട്ടും ഇല്ലെന്ന് വിചാരിച്ചിരുന്നു.

    ReplyDelete
    Replies
    1. ഹ ഹാഹ് .. അജിത്തേട്ടാ ...അത് കലക്കി

      Delete
  2. പ്രവീണിന്റെ ചുരുങ്ങിയ വാക്കുകളിലൂള്ള സിനിമാപഠനങ്ങളിൽ ഒരു വലിയ സിനിമ മുഴുവൻ ഒതുക്കിവെക്കാൻ കഴിയുന്നു......

    ReplyDelete
    Replies
    1. താങ്ക്യു പ്രദീപേട്ടാ .. ഈ വായനക്കും അഭിപ്രായത്തിനും ..

      Delete
  3. ഹിന്ദി സിനിമകള്‍ വളരെ നല്ലതെന്ന് തോന്നിയാല്‍ മാത്രേ ഇപ്പൊ കാണാറുള്ളൂ :) അപ്പൊ ഇവനെ അങ്ങട് ഒഴിവാക്കാം അല്ലെ ! (പാന്‍ സിംഗ് തോമാര്‍ എനിക്കിഷ്ടമായ ചിത്രമാണ് :) )

    ReplyDelete
    Replies
    1. പാൻ സിംഗ് സൂപ്പർ പടമാണ് ..അതും ആലോചിച്ച് ഈ സിനിമ കണ്ടാൽ നിരാശയാണ് ഫലം പിന്നെ ചുമ്മാ കാണാം ന്നു മാത്രം..

      Delete
  4. സൈഫ് അലി ഖാന്റെ ആക്ഷൺ ത്രില്ലർ അല്ലേ ഭായ്

    ReplyDelete
    Replies

    1. ങും ..കുഴപ്പമില്ല ... സൈഫ് അലി മാജിക് എന്നൊന്നും പറയാൻ പറ്റില്ലെന്ന് മാത്രം

      Delete