Friday, November 2, 2018

Badhaai Ho- ചിരിയിൽ അൽപ്പം കാര്യം

ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തിൽ 1994 ൽ റിലീസായ 'പവിത്രം' സിനിമയിലെ ഈശ്വര പിള്ള - ദേവകിയമ്മ ദമ്പതികളെ ഓർത്തു പോകുകയാണ്. വിവാഹം കഴിഞ്ഞതും കഴിക്കാനിരിക്കുന്നതുമായ മുതിർന്ന രണ്ടു മക്കളുടെ അച്ഛനമ്മമാരായിരുന്നു അവർ. അതേ അച്ഛനമ്മമാർ വയസ്സാം കാലത്ത് വീണ്ടും ഒരു കുഞ്ഞിന്റെ അച്ഛനും അമ്മയും ആകാൻ പോകുകയാണ് എന്ന വാർത്ത കുടുംബത്തിലും സമൂഹത്തിലും എങ്ങിനെ സ്വീകരിക്കപ്പെടുന്നു എന്നത് കുറഞ്ഞ സീനുകളിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട് സിനിമയിൽ. അമ്മയുടെ ഗർഭ വാർത്ത ആദ്യം ജാള്യതയോടെയും പിന്നീട് സന്തോഷത്തോടെയും സ്വീകരിക്കുന്ന മക്കളും, വിവാഹം കഴിഞ്ഞിട്ടും കുട്ടികളാകാത്ത മൂത്ത മകൻ രാമകൃഷ്‌ണന്റെയും ഭാര്യയുടെയും മുഖത്തേക്ക് എങ്ങിനെ ഇനി നോക്കും എന്ന് വേവലാതിപ്പെടുന്ന ദേവകിയമ്മയും, മക്കളുടെ മുഖത്തു നോക്കാതെ സംസാരിക്കേണ്ടി വരുന്ന ഈശ്വര പിള്ളയും, അമ്മയുടെ ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെടുന്ന രാമകൃഷ്ണന്റെ ഭാര്യയുമടക്കം ഒട്ടനവധി കഥാപാത്രങ്ങളുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വളരെ കുറഞ്ഞ സമയം കൊണ്ട് ടിപി രാജീവ് കുമാർ പറയാൻ ശ്രമിച്ച അതേ വിഷയത്തിന്റെ  ഒരു മുഴുനീള  സിനിമാ അവതരണമാണ് അമിത് രവീന്ദ്രനാഥ്‌ ശർമ്മയുടെ Badhaai Ho എന്ന് വേണമെങ്കിൽ പറയാം.

സരസവും ഹൃദ്യവുമായ അവതരണം കൊണ്ടാണ് Badhaai Ho പ്രേക്ഷക മനസ്സിലേക്ക് ചേക്കേറുന്നത്. കഥാപാത്രങ്ങളെ സംബന്ധിച്ച് അവർക്ക് സങ്കീർണ്ണമായി അനുഭവപ്പെടുന്ന സിനിമയിലെ സാഹചര്യങ്ങൾ പ്രേക്ഷകനെ സംബന്ധിച്ച് കോമഡി സീനുകളായി മാറുന്ന വിധമാണ് അവതരണം. ഒരു മിഡിൽ ക്ലാസ് ഫാമിലിയുടെ ചുറ്റുപാടും പെരുമാറ്റ ശൈലിയുമൊക്കെ വളരെ കൃത്യമായി അടയാളപ്പെടുത്തി കൊണ്ടാണ് സിനിമ കടന്നു പോകുന്നത്. അച്ഛനും അമ്മയും പുതിയൊരു കുഞ്ഞിന്റെ കൂടി അച്ഛനമ്മമാരാകാൻ പോകുകയാണ് എന്നറിയുമ്പോഴുള്ള മക്കളുടെ റിയാക്ഷനും, ഇതേ വാർത്ത മക്കളോട് പറയാൻ ശ്രമിക്കുന്ന അച്ഛനമ്മമാരുടെ മാനസികാവസ്ഥയുമൊക്കെ സിനിമയിൽ ചിരി പടർത്തുന്ന രംഗങ്ങളാണ്. ഓരോ കഥാപാത്രങ്ങളും അവരവരുടെ സാഹചര്യത്തിനും മാനസികാവസ്ഥക്കും അനുസരിച്ചുള്ള ചിന്തകളും നിലപാടുകളുമാണ് പറയുന്നത് എന്നത് കൊണ്ട് തന്നെ സിനിമ ആരെയും പ്രതിക്കൂട്ടിൽ നിർത്താതെ തന്നെ കാര്യങ്ങളെ അവതരിപ്പിക്കുകയാണ്. സാന്ദർഭിക ഹാസ്യത്തിന്റെ എല്ലാ വിധ സാധ്യതകളും മുതലെടുത്തു കൊണ്ടുള്ള അവതരണ ശൈലിക്കൊപ്പം തന്നെ പറയാനുള്ള  കാര്യങ്ങളെ സമൂഹത്തോട് തുറന്നു പറയാനും സിനിമ മടിക്കുന്നില്ല. 

പുറമേക്ക് എത്ര തന്നെ പുരോഗമനം പറഞ്ഞാലും സമൂഹത്തിന്റെ പൊതുബോധങ്ങളെയും വിമർശനങ്ങളെയും പേടിക്കുന്നവരാണ് മിക്കവരും. മധ്യവയസ്‌ക്കരുടെ പ്രണയവും ലൈംഗികതയുമൊക്കെ അപ്രകാരമുള്ള പൊതുബോധങ്ങൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ഒരവസ്ഥയാണ് ഇന്ത്യയിലുള്ളത്. നാൽപ്പത് വയസ്സ് കഴിഞ്ഞാൽ മക്കൾക്ക് വേണ്ടി ത്യജിക്കേണ്ടതാണോ ഭാര്യാഭർത്താക്കന്മാരുടെ പ്രണയവും ലൈംഗികതയും എന്ന് നകുലിനോട് കാമുകിയായ റെനി ചോദിക്കുന്ന ചോദ്യം പ്രസക്തമാണ്. സ്വന്തം അച്ഛനും അമ്മയും തമ്മിലുള്ള മാനസികവും ശാരീരികവുമായ ബന്ധങ്ങളെ  ഉൾക്കൊളളാൻ സാധിക്കാതെ പോകുന്ന മക്കളെക്കാളുപരി സമൂഹം എന്ത് ചിന്തിക്കുമെന്ന് പറഞ്ഞു ഭയപ്പെടുത്തുന്ന കുടുംബക്കാരാണ് മേൽപ്പറഞ്ഞ പൊതുബോധത്തിന്റെ ശക്തരായ കാവലാളുകൾ. പ്രണയത്തിനും വികാരങ്ങൾക്കും പ്രായവുമായി ഒരു ബന്ധവുമില്ല എന്നും ഭാര്യാ ഭർതൃ ബന്ധത്തിൽ അത് നിലനിർത്തുന്നത് പാപമായി കാണുന്നതാണ് ടിപ്പിക്കൽ ഇന്ത്യക്കാന്റെ രീതി എന്ന് സൂചിപ്പിക്കുന്ന സിനിമ പ്രണയത്തെയും കാമത്തെയും ലൈംഗികതയെയും കുറിച്ചുമൊക്കെ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട അതേ നാട്ടിൽ എങ്ങിനെയായിരിക്കും ഇത്തരം പൊതുബോധങ്ങൾ ഉടലെടുത്തത് എന്ന് സംശയപൂർവ്വം ചിന്തിപ്പിക്കുന്നുമുണ്ട്. 

ഒരു വലിയ കഥ പറയാനില്ലാതിരുന്നിട്ടും ഉള്ള കഥയെ രസകരമായ കഥാ സന്ദർഭങ്ങളുടെ പിന്തുണയോടെ മികച്ച രീതിയില്‍ അവതരിപ്പിക്കാനും അത് വഴി പ്രേക്ഷകനെ പിടിച്ചിരുത്താനും സംവിധായകന്  സാധിക്കുന്നു. അമിത് രവീന്ദ്ര നാഥ്‌ ശർമ്മ എന്ന സംവിധായകന്റെ എന്നതോടൊപ്പം ശന്തനു ശ്രീവാസ്തവ-അക്ഷത് ഖിൽദിയാൽ- ജ്യോതി കപൂർ കൂട്ടുകെട്ടിന്റെ സ്ക്രിപ്റ്റിന്റെ  കൂടെ വിജയമാണത്. ഒരു കൊച്ചു സിനിമയെ ഒരു മികച്ച ഫാമിലി എന്റർടൈനർ ആക്കി മാറ്റുന്നതിൽ സിനിമയിലെ കാസ്റ്റിങ്ങിനും പ്രധാന പങ്കുണ്ട്. ആയുഷ്മാൻ ഖുരാന-സാന്യ മൽഹോത്ര യുടെ നായികാ നായക പദവിയെക്കാൾ സിനിമയിൽ ശ്രദ്ധേയമാകുന്നത് സീനിയർ നടീനടന്മാരുടെ പ്രകടന മികവാണ്. ആ അർത്ഥത്തിൽ അച്ഛനമ്മമാരുടെ വേഷം ഗംഭീരമാക്കിയ ഗജ്‌രാജ് റാവോയും നീനാ ഗുപ്തയുമാണ് ഈ സിനിമയിലെ നായികാ നായകന്മാര്‍.  തുടക്കം മുതൽ ഒടുക്കം വരേയ്ക്കും സിനിമയിൽ നിറഞ്ഞാടിയ അവര്‍ പ്രത്യേക അഭിന്ദനങ്ങൾ അർഹിക്കുന്നു. മുത്തശ്ശിയായി അഭിനയിച്ച സുരേഖ സിക്രിയുടെ പ്രകടനത്തെ കൂടി കൂട്ടത്തിൽ പരാമർശിച്ചില്ലെങ്കിൽ അതൊരു നീതികേടാകും. അങ്ങിനെ പറഞ്ഞു പോകുമ്പോൾ ഈ സിനിമ തീർത്തും സീനിയേഴ്സ് നടീനടന്മാരുടെ പ്രകടനത്തിനാണ് കൂടുതൽ സ്‌പേസ് കൊടുത്തിരിക്കുന്നത് എന്ന് പറയേണ്ടി വരും. 

ആകെ മൊത്തം ടോട്ടൽ = സാന്ദർഭിക ഹാസ്യ രംഗങ്ങൾ കൊണ്ട് ചിരിയുണർത്തുകയും വൈകാരിക രംഗങ്ങൾ കൊണ്ട് മനസ്സ് നിറക്കുകയും ചെയ്ത ഒരു മികച്ച ഫാമിലി എന്റർടൈനറാണ് ബധായ് ഹോ. 


വിധി മാർക്ക് = 8.5/10 
-pravin-

2 comments:

  1. അപ്പോൾ 'പവിത്ര'ത്തേക്കാൾ പവിത്രമാണോ ഇപ്പടം ...?

    ReplyDelete
    Replies
    1. രണ്ടും രണ്ടു പടം തന്നെ ..പവിത്രത്തിന്റെ മേൽപ്പറഞ്ഞ ആ കൊച്ചു സീനുകളുടെ വലിയ അവതരണമാണ് ഈ സിനിമ എന്ന് മാത്രം ..സൂപ്പർ മൂവി ..

      Delete