Friday, November 7, 2014

'മദ്രാസ്‌' പഠിപ്പിക്കുന്ന രാഷ്ട്രീയം

രാഷ്ട്രീയ വൈരങ്ങളും സംഘർഷങ്ങളും അടിസ്ഥാനപ്പെടുത്തി കൊണ്ട് നിരവധി ഇന്ത്യൻ സിനിമകൾ വന്നു പോയിട്ടുണ്ട് എന്നിരിക്ക അക്കൂട്ടത്തിൽ 'മദ്രാസ്‌' എന്ന സിനിമ  എങ്ങിനെയാണ് വ്യത്യസ്തമാകുന്നത് എന്ന് സംശയിക്കാവുന്നതാണ്. എന്നാൽ പ്രമേയം കൊണ്ട് മാത്രമല്ല ഒരു സിനിമ അതിന്റെ വ്യത്യസ്തത  അനുഭവപ്പെടുത്തുക എന്ന് തിരിച്ചറിഞ്ഞാൽ മേലെ സൂചിപ്പിച്ച സംശയത്തിന്റെ  പ്രസക്തി ഇല്ലാതാകുക തന്നെ ചെയ്യും. ഇതിന്റെ സമീപ കാല സിനിമാ ഉദാഹരണമാണ് പാ. രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത "മദ്രാസ്‌".

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ  തന്നെ മനസിലാക്കാവുന്ന ചില കാര്യങ്ങളുണ്ട്. വിരലിൽ എണ്ണാവുന്ന പാർട്ടികളിൽ നിന്ന് തുടങ്ങിയ ഇന്ത്യൻ രാഷ്ട്രീയം ഇന്ന് എണ്ണിയാൽ ഒടുങ്ങാത്ത അത്രക്കും പാർട്ടികളിലായി വ്യാപിച്ചു കിടക്കുകയാണ്.  ആശയപരവും അല്ലാത്തതുമായ വിഷയങ്ങളിൽ നടന്ന   തർക്കങ്ങൾ മൂലം വിഘടിച്ചും വിഭജിച്ചും പെറ്റ്  പെരുകിയ രാഷ്ട്രീയ പാർട്ടികളുടെ എണ്ണം നോക്കുകയാണെങ്കിൽ ഇന്ത്യ തന്നെയായിരിക്കും ഒരു പക്ഷേ മുൻപന്തിയിൽ ഉണ്ടായിരിക്കുക. ജനാധിപത്യം എന്ന സാമൂഹിക വ്യവസ്ഥയെ അവരവരുടെ സൌകര്യാർത്ഥം ഏറ്റവും ഭംഗിയായി ചൂഷണം ചെയ്യുക എന്നതാണ് ഇത്തരത്തിൽ പെറ്റു പെരുകുന്ന രാഷ്ട്രീയ പാർട്ടികളുടെ മുഖ്യ അജണ്ട പോലും. ഇത് മനസിലാക്കാതെ കക്ഷി രാഷ്ട്രീയത്തെ വൈകാരികമായി നെഞ്ചിലേറ്റുന്ന സാധാരണക്കാരന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും വഞ്ചനകളുടെ കഥയുമൊക്കെയാണ് "മദ്രാസി"ൽ പ്രധാനമായും പറയുന്നത്. 

നിസ്സാരമായ കാര്യങ്ങൾക്ക് വേണ്ടി തന്നെയാണല്ലോ രാഷ്ട്രീയവും മതപരവുമായ തർക്കങ്ങളും തുടർ സംഘർഷങ്ങളും ഉണ്ടാകുക. അത് വരേയ്ക്കും തോളിൽ കൈയ്യിട്ട് നടന്നവർ പോലും ഇക്കാരണത്താൽ പരസ്പ്പരം വാളോങ്ങുന്നു. ഇവിടെ സിനിമയിലെ കഥാപാത്രങ്ങൾക്കും   സമാന സ്ഥിതി തന്നെയാണ് സംഭവിക്കുന്നത്. നിസ്സാരമെന്നു തോന്നാകുന്ന ഒരു ചുമരിനു വേണ്ടി തുടരുന്ന തർക്കത്തിലൂടെ ഇരു വിഭാഗങ്ങൾക്ക് വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടി വരുന്ന രാഷ്ട്രീയ അണികളിലൂടെയാണ് സിനിമ തുടങ്ങുന്നത്. തലമുറകൾ മാറി വരുമ്പോഴും ആ ചുമരിനു വേണ്ടിയുള്ള തർക്കം അവസാനിക്കുന്നില്ല. ചുമരിൽ വരച്ചിരിക്കുന്ന രാഷ്ട്രീയ നേതാവിന്റെ ചിത്രത്തിന് പോലും  സിനിമയിൽ പിന്നീടങ്ങോട്ട്‌ പ്രസക്തി ലഭിക്കുകയാണ്. അതിനെ ചുറ്റിപ്പറ്റി ചില കഥകൾ കൂടി പ്രചരിക്കുമ്പോൾ ചുമർ എന്നത് കഥയിലെ ഒരു അവിഭാജ്യ പ്രതീകമായി മാറുന്നു. ആദ്യ കാഴ്ചയിൽ നിസ്സാരമെന്നും അപ്രസക്തമെന്നും തോന്നിക്കുന്ന കഥയിലെ ഇത്തരം ചില സംഗതികളെ  സിനിമയുടെ  മുന്നോട്ടുള്ള സഞ്ചാരത്തിൽ ഗൌരവമേറിയതും പ്രസക്തവുമായ രീതിയിൽ രൂപാന്തരപ്പെടുത്തി അവതരിപ്പിക്കുന്നതിലെ  സംവിധായകന്റെ മികവിനെ അഭിനന്ദിക്കാതിരിക്കാൻ സാധ്യമല്ല. 

കാലി (കാർത്തി), അന്പ് (കലൈയരാസൻ) എന്നീ കഥാപാത്രങ്ങളുടെ സൌഹൃദ ബന്ധത്തിന്റെ തീവ്രതയാണ് സിനിമയുടെ ആത്മാവ്. സമീപ കാല സിനിമകളിലൊന്നും  ഇത്രമേൽ വികാര തീവ്രതയോടെ രണ്ടു സുഹൃത്ത് കഥപാത്രങ്ങളുടെ ആത്മബന്ധത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു കണ്ടിട്ടില്ല. സൌഹൃദവും പ്രണയവും രാഷ്ട്രീയവും പകയും എല്ലാം ഒരേ നൂലിൽ കോർത്തിണക്കി കൊണ്ട് അവതരിപ്പിക്കുമ്പോൾ ഉണ്ടാകുമായിരുന്ന പാളിച്ചകളെയെല്ലാം സംവിധായകന് മറി കടക്കാൻ സാധിക്കുന്നത് ആഴത്തിലുള്ള കഥാപാത്ര സൃഷ്ടികൾ  കൊണ്ടാണ്. നാടകീയത കലരാത്ത കഥാപാത്രങ്ങളും സംഭാഷണങ്ങളുമാണ്  ഈ സിനിമയുടെ എടുത്തു പറയേണ്ട മറ്റൊരു മികവ്. 

സന്തോഷ്‌ നാരായണന്റെ സംഗീതം എല്ലാം കൊണ്ടും സിനിമക്ക് അനുയോജ്യമായിരുന്നു. ഗാന ബാല, ശക്തി ശ്രീ ഗോപാലൻ തുടങ്ങിയ ഒരു പിടി നല്ല ഗായകരെ അവരുടെ  വ്യത്യസ്ത ശബ്ദ സൌന്ദര്യത്തോടെ സിനിമയുടെ ഗാന സാഹചര്യത്തിന് ചേരുന്ന രീതിയിൽ  പാടിപ്പിക്കാൻ സന്തോഷ്‌ നാരയാണന് സാധിച്ചു. സിനിമയുടെ പശ്ചാത്തല സംഗീതം ഒന്ന് മാത്രം മതിയാകും വരും കാല സിനിമകളിൽ സന്തോഷ്‌ നാരായണ്‍ എന്ന സംഗീത സംവിധായകന്റെ സ്ഥാനം എവിടെയാകുമെന്ന് ഊഹിക്കാൻ. 

സാധാരണ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായി ലോങ്ങ്‌ ഷോട്ടുകളിൽ കൂടി രംഗ വിശദീകരണം നൽകി കൊണ്ടാണ് ജി. മുരളിയുടെ ക്യാമറ സിനിമയിൽ കാഴ്ചയുടെ പുതുമകള്‍ സമ്മാനിക്കുന്നത്. കാലിയും അന്പും ആക്രമിക്കപ്പെടാൻ പോകുന്ന രംഗം അതിന്റെ ഒരു ഉദാഹരണം മാത്രം. ആക്രമിക്കപ്പെടാൻ പോകുന്നു എന്ന സൂചന പ്രേക്ഷകർക്ക് ആദ്യമേ നൽകുക  വഴി പിന്നീട്  വരുന്ന  വൈഡ് ആൻഡ്‌ ലോങ്ങ്‌  ഷോട്ട് സീനിന്റെ നാനാ ഭാഗത്തേക്കും  പ്രേക്ഷകന്റെ ശ്രദ്ധ ചെന്നെത്തുന്നു. ഗാന രംഗങ്ങളിൽ മാത്രം കണ്ടു വരുന്ന ഈ  ഒരു രീതി തീർത്തും  ആകാംക്ഷാ ഭരിതമായ സീനിൽ ക്ലോസപ്പ് ഷോട്ടുകളുടെ എണ്ണം കുറച്ചു കൊണ്ട് ചെയ്യാൻ തീരുമാനിച്ചത് ഒരു പുതിയ ട്രെൻഡ് ആയി കാണാവുന്നതാണ്. 

ആകെ മൊത്തം ടോട്ടൽ = അവതരണ രീതി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികവു പുലർത്തിയ ഒരു സിനിമ. സിനിമയുടെ ആദ്യം മുതൽ അവസാനം വരെയുണ്ടായിരുന്ന മികവ് ക്ലൈമാക്സ് സീനിലേക്ക് എത്തുമ്പോൾ ഒരൽപ്പം കുറഞ്ഞോ എന്ന് മാത്രം ഒരു സംശയം.  

* വിധി മാർക്ക് = 7.8/10 
-pravin- 

8 comments:

 1. Good review. I watched it partly in a local channel.... Even then the cinematography and natural dialogue presentation style attracted attention.. Hope to watch in big screen, if possible. :)

  ReplyDelete
 2. സിനിമ കണ്ടിട്ടില്ല..... എങ്കിലും വിശകലനം സിനിമ കാണാൻ പ്രേരിപ്പിക്കുന്നു. ഇന്ത്യാ ചരിത്രത്തിൽത്തന്നെ ഒരുപാട് കീഴ്മേൽ മറിഞ്ഞതാണ് ദ്രാവിഡരാഷ്ട്രീയം. ബ്രാഹ്മണമേധാവിത്വത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ ഇ.വി രാമസ്വാമിനായ്ക്കർ വളർത്തിയെടുത്ത പ്രസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ട് ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.....

  തീർച്ചയായും സിനിമ കാണും....
  അവലോകനത്തിലൂടെ സിനിമയിലേക്ക് ശ്രദ്ധ ക്ഷണിച്ചതിന് നന്ദി

  ReplyDelete
  Replies
  1. കണ്ടു നോക്കൂ പ്രദീപേട്ടാ ..ഇഷ്ടാകും ..

   Delete
 3. രാഷ്ട്രീയ വൈരങ്ങളും സംഘർഷങ്ങളും അടിസ്ഥാനപ്പെടുത്തി കൊണ്ട് നിരവധി ഇന്ത്യൻ സിനിമകൾ വന്നു പോയിട്ടുണ്ട് എന്നിരിക്ക അക്കൂട്ടത്തിൽ 'മദ്രാസ്‌' എന്ന സിനിമ എങ്ങിനെയാണ് വ്യത്യസ്തമാകുന്നത് എന്ന് സംശയിക്കാവുന്നതാണ്. എന്നാൽ പ്രമേയം കൊണ്ട് മാത്രമല്ല ഒരു സിനിമ അതിന്റെ വ്യത്യസ്തത അനുഭവപ്പെടുത്തുക എന്ന് തിരിച്ചറിഞ്ഞാൽ മേലെ സൂചിപ്പിച്ച സംശയത്തിന്റെ പ്രസക്തി ഇല്ലാതാകുക തന്നെ ചെയ്യും. ഇതിന്റെ സമീപ കാല സിനിമാ ഉദാഹരണമാണ് പി എ രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത "മദ്രാസ്‌".

  ReplyDelete