നെടുനീളൻ ഡയലോഗുകളും ആക്ഷനും ഹീറോയിസവുമൊക്കെയായി നമ്മൾ കണ്ടു ശീലിച്ച പോലീസ് കഥാപാത്രങ്ങളിൽ  നിന്ന് വിഭിന്നമായി റിയലിസ്റ്റിക് പോലീസ് ജീവിതങ്ങളാണ്  ഷാഹി കബീറിയൻ സിനിമകളുടെ പ്രധാന ആകർഷണം.   അതിന്റെ തുടർച്ച തന്നെയാണ് 'റോന്ത്'. 
ജോസഫും, പ്രവീൺ മൈക്കലും, മണിയനും, സുനിതയും അടക്കമുള്ള പോലീസ്  കഥാപാത്രങ്ങൾക്കിടയിലേക്ക് തന്നെയാണ് 'റോന്തി'ലെ യോഹന്നാനും, ദിൻനാഥുമൊക്കെ കയറി വരുന്നതെങ്കിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ പോലീസ് ജീവിത കഥകളായി തന്നെ അടയാളപ്പെടുന്നു. 
ഒരു പോലീസ് സ്റ്റേഷനും, ഒരൊറ്റ രാത്രിയിലെ സംഭവ വികാസങ്ങളും, അതൊക്കെ നേരിടേണ്ടി വരുന്ന  കേന്ദ്ര കഥാപാത്രങ്ങളുടെ വേറിട്ട മാനസിക സാഹചര്യങ്ങളും, വൈകാരികതയുമൊക്കെ ഇഴ ചേർന്ന്  കിടക്കുന്ന  കഥാ വഴികൾ.  
ഷാഹി കബീറിന്റെ തിരക്കഥ തന്നെയാണ് 'റോന്തി'ന്റെ നട്ടെല്ല്. 
കേന്ദ്ര കഥാപാത്രങ്ങളായ എസ്.ഐ  യോഹന്നാനും, CPO ദിൻ നാഥിനുമൊപ്പം പോലീസ് ജീപ്പിൽ  നമ്മളും  റോന്ത് ചുറ്റാൻ പോകുന്ന ഒരു ഫീലാണ് സിനിമയുടെ പ്രധാന ആസ്വാദനം. 
ഒരു  പോലീസ് സ്റ്റേഷനിലെ സ്വാഭാവികമായ  പ്രവർത്തന രീതികൾ കാണിച്ചു  തുടങ്ങി രാത്രികാലങ്ങളിൽ നമ്മൾ ഉറങ്ങി കിടക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള എന്തൊക്കെ കാര്യങ്ങളിൽ  പോലീസിന്റെ ഇടപെടലുകൾ നടക്കുന്നു എന്നതിന്റെ സൂക്ഷ്മമായ അവതരണം. 
പോലീസും പോലീസിങ്ങും രണ്ടാണ് എന്ന് നമ്മളെ കൃത്യമായി ബോധ്യപ്പെടുത്തുന്നു  സിനിമ. 
പോലീസിന്റെ രാത്രി കാല റോന്ത് ചുറ്റലിന്  ഒരു ഹൊറർ ടച് കൊണ്ട് വന്നതും, ഉള്ളുലക്കുന്ന കാഴ്ചകളെ ക്രൈമിന്റെ അതി പ്രസരമില്ലാതെ ദൃശ്യവത്ക്കരിച്ചതുമൊക്കെ ശ്രദ്ധേയമായി തോന്നി. അനിൽ ജോൺസണിന്റെ പശ്ചാത്തല  സംഗീതവും അതിനോട് ചേർന്ന് നിൽക്കുന്നതാണ്. 
ദിലീഷ് പോത്തൻ - റോഷൻ മാത്യു ടീമിന്റെ പ്രകടനങ്ങൾ എടുത്തു പറയേണ്ടതാണ്. DYSP ജേക്കബിന്റെ  വേഷത്തിൽ അരുൺ ചെറുകാവിലും, ദിലീഷ് പോത്തന്റെ ഭാര്യയുടെ വേഷത്തിൽ ലക്ഷ്മി മേനോനും ശ്രദ്ധേയമായി. അത് പോലെ  ഒരൊറ്റ സീനിൽ വന്നു പോകുന്ന  പല കഥാപാത്രങ്ങളും പേരില്ലാതെ തന്നെ മനസ്സിൽ തങ്ങി നിൽപ്പുണ്ട്. 
'നായാട്ട്' സിനിമയിലെ പോലീസ്  കഥാപാത്രങ്ങളായ പ്രവീൺ മൈക്കലിന്റെയും സുനിതയുടേയുമൊക്കെ  റഫറൻസ് ഈ സിനിമയിലേക്ക്   ബന്ധപ്പെടുത്തി കണ്ടപ്പോൾ ഷാഹി കബീർ  സിനിമകളിലെ  പോലീസ് കഥാപാത്രങ്ങൾ മറ്റൊരു കഥാപശ്ചാത്തലത്തിൽ സമീപ ഭാവിയിൽ ഒന്നിച്ചു പ്രത്യക്ഷപ്പെടാനുള്ള സാധ്യതകളെ കുറിച്ച് ചിന്തിച്ചു പോയി. 
എന്തായാലും  ഷാഹി കബീറിന്റെ തൂലികയിലൂടെ  ഇനിയും പുതിയ പോലീസ്  കഥാപാത്രങ്ങൾ വരട്ടെ, ആ പോലീസ് യൂണിവേഴ്‌സ് കൂടുതൽ  വലുതാകട്ടെ. അഭിനന്ദനങ്ങൾ. !!
©bhadran praveen sekhar


No comments:
Post a Comment