Tuesday, December 9, 2025

കളം നിറഞ്ഞു നിൽക്കുന്ന കഥാപാത്ര പ്രകടനങ്ങൾ !!


സയനേഡ് മോഹന്റെതടക്കമുളള കുപ്രസിദ്ധി നേടിയിട്ടുള്ള ഏത് റിയൽ സൈക്കോ പാത്തുകളുടെ കേസായാലും അത് സിനിമയാക്കി മാറ്റുമ്പോൾ അവിടെ സസ്പെന്സിനു പ്രസക്തിയില്ല. ആരാണ് നായകൻ ആരാണ് വില്ലൻ എന്ന് നമുക്ക് ആദ്യമേ അറിയാൻ പറ്റും.

'കളങ്കാവലി'ലേക്ക് വരുമ്പോഴും ആദ്യത്തെ പത്തു മിനുട്ടിനുള്ളിൽ തന്നെ മമ്മൂക്കയുടെ സൈക്കോ കഥാപാത്രത്തെ ഭീകരമായി പ്രതിഷ്ഠിക്കുകയാണ്. കുറഞ്ഞ സമയം കൊണ്ട് ആ സൈക്കോ കഥാപാത്രത്തെ എസ്റ്റാബ്ലിഷ്‌ ചെയ്യുന്ന ഗംഭീര സീൻ എന്ന് പറയാം.

കൊതുകിനെ കൊല്ലുന്നതിന്റെ രസം പറഞ്ഞു തുടങ്ങി മനുഷ്യനെ കൊല്ലുന്നതിലാണ് ഏറ്റവും സുഖം കിട്ടുന്നത് എന്നതിലേക്ക് പറഞ്ഞെത്തുന്ന തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണ ശകലങ്ങൾക്കിടയിൽ വോയ്‌സ് മോഡുലേഷൻ കൊണ്ട് ഭീകരതയൊരുക്കുന്ന നടന മികവ് കാണാൻ സാധിക്കും.

എന്തിനേറെ അയാൾ ഊതി വിടുന്ന വട്ടത്തിലുള്ള സിഗരറ്റ് പുകക്ക് പോലും സ്‌ക്രീനിൽ ഭീതി പടർത്താൻ സാധിക്കുന്നുണ്ട്. ഹോണ്ടാ കാറും, ചായ ഗ്ലാസും, നോക്കിയാ മൊബൈൽ ഫോണുകളും, സിഗററ്റുമൊക്കെ ആ കഥാപാത്രത്തിന്റെ കിങ്കരന്മാരാകുന്നു.

സമാനതകളില്ലാത്ത കഥാപാത്ര പ്രകടനമാണ് എന്ന് പറയാമെങ്കിലും അടിസ്ഥാനപരമായി സ്റ്റാൻലിദാസെന്ന സൈക്കോ കഥാപാത്രത്തിനുള്ളിൽ ഒരു CK രാഘവനിസത്തെ സമർത്ഥമായി ഒളിപ്പിച്ചു വെക്കുന്നുണ്ട് മമ്മുക്ക.

സയനേഡ് മോഹന്റെ ക്രൈം സ്റ്റോറിയെ അവലംബിക്കുമ്പോഴും 'കളങ്കാവലി'ലെ സ്റ്റാൻലിദാസിനെ വേറിട്ടൊരു കഥാ ഭൂമികയിൽ മറ്റൊരു രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ഭാഷയിലും ജോലിയിലും മാത്രമല്ല പ്രായത്തിലും സ്റ്റാൻലിദാസ് സയനേഡ് മോഹനിൽ നിന്ന് വേറിട്ട് നിൽക്കുന്നു.

അക്കൂട്ടത്തിൽ സ്റ്റാൻലി ദാസിന്റെ പ്രായം കഥയിലെ ചില സാഹചര്യങ്ങളിൽ കല്ല് കടികളുണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ സ്ത്രീകളുമായുള്ള കോംബോ സീനുകളിൽ. മുഴുനീള സിനിമയെ അതൊരു പ്രശ്നമായി ബാധിക്കുന്നില്ലെങ്കിലും അത്തരം കഥാ സാഹചര്യവും കഥാപാത്രങ്ങളും വേണ്ടത്ര ബോധ്യപ്പെടാതെ പോകുന്നുണ്ട്.

വിനായകൻ നായകനാണെന്ന് പറയുമ്പോഴും അയാളുടെ കഥാപാത്ര പ്രകടനത്തിന് ഈ സിനിമയിൽ ഒരു അതിർത്തി വരച്ചിട്ട് കാണാം. തീരുമാനിക്കപ്പെട്ട ആ മീറ്ററിനപ്പുറമോ ഇപ്പുറമോ പോകാത്ത കൃത്യതയുള്ള പ്രകടനം കൊണ്ട് വിനായകൻ അപ്പോഴും തന്റെ കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് എന്നത് വേറെ കാര്യം.

വി.കെ പ്രകാശിന്റെ 'ഒരുത്തീ'യിലെ എസ്.ഐ ആന്റണിയായിട്ടുള്ള വിനായകന്റെ പ്രകടനമൊക്കെ കണക്കിലെടുക്കുമ്പോൾ 'കളങ്കാവലി'ൽ എസ്.ഐ ജയകൃഷ്ണനായി ശോഭിക്കാനുള്ള സ്പേസ് ഒരുപാടുണ്ടായിരുന്നു. പക്ഷെ പ്രതിനായക വേഷത്തിൽ ആടി തിമിർക്കുന്ന മമ്മുക്കക്ക് മുന്നിൽ സ്‌കോർ ചെയ്യാനുള്ള കഥാ മുഹൂർത്തങ്ങൾ കുറച്ചു മാത്രമേ അയാൾക്ക് കിട്ടുന്നുള്ളൂ.

ആ കിട്ടിയ കുറച്ചു മുഹൂർത്തങ്ങളിൽ മമ്മുക്കയെന്ന നടനോടും താരത്തോടും മല്ലിട്ട് കൊണ്ട് അയാൾ പ്രേക്ഷകരുടെ കൈയ്യടി വാങ്ങുകയും ചെയ്യുന്നു.

സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച മിക്കവരും നന്നായിരുന്നു. കൂട്ടത്തിൽ ശ്രദ്ധേയമായി തോന്നിയത് ശ്രുതി രാമചന്ദ്രൻ, N.P. നിസ, ധന്യ അനന്യ, ഗായത്രി അരുൺ, രജിഷ വിജയൻ എന്നിവരാണ്.

പോലീസ്കാരനായി വിനായകനൊപ്പം നിറഞ്ഞു നിന്ന ജിബിൻ ഗോപിനാഥ്‌, SP വേഷത്തിൽ ബിജു പപ്പൻ, അത് പോലെ ചെറിയൊരു വേഷത്തിൽ എത്തുന്ന കുഞ്ചൻ അടക്കമുള്ളവരും കൊള്ളാം.

മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം ഈ സിനിമക്ക് ഉണ്ടാക്കുന്ന മൂഡ് ഗംഭീരമാണ്. ഇന്റർവെൽ സീനിലും ക്ലൈമാക്സ് സീനിലേക്ക് അടുക്കുന്ന ഘട്ടത്തിലുമൊക്കെ അത് എടുത്തു പറയേണ്ടതാണ്. 'നിലാ കായും .' എന്ന പാട്ടിന്റെ ഉപയോഗവും അതിനെ പ്ലേസ് ചെയ്ത രീതികളൊക്കെ സിനിമയിലെ ബെസ്റ്റ് സീക്വൻസുകളായി തന്നെ മാറി.

ഫ്ലാറ്റായ കഥ പറച്ചിലും, ഊഹിക്കാവുന്ന കഥാഗതിയുമൊക്കെ ഉള്ളപ്പോഴും ആദ്യാവസാനം വരെ പ്രേക്ഷകരെ സിനിമയുമായി ബന്ധിപ്പിച്ചിടുക എന്നത് ശ്രമകരമായ ദൗത്യമാണ്. സസ്പെൻസ് ഇല്ലാതെ തന്നെ കഥയെ ത്രില്ലിംഗ് ആക്കി അവതരിപ്പിക്കുക എന്ന ദൗത്യത്തിൽ സംവിധായകൻ വിജയിച്ചു കാണാം.

ഒരു ഡീസന്റ് ക്രൈം ഡ്രാമ ത്രില്ലർ എന്ന നിലക്ക് 'കളങ്കാവൽ' ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോഴും ഈ കഥയുടെ മികച്ച അവതരണ സാധ്യതകൾ വേണ്ട വിധം പരിഗണിക്കപ്പെട്ടോ എന്ന ചിന്ത ബാക്കിയാകുന്നു.

©bhadran praveen sekhar

No comments:

Post a Comment