നമ്മുടെ നീതി ന്യായ വ്യവസ്ഥയിൽ സ്ത്രീകൾക്ക് കിട്ടുന്ന പരിഗണനകളൊന്നും പുരുഷന് കിട്ടുന്നില്ലല്ലോ എന്ന ആൺ പരിഭവങ്ങളിൽ നിന്നാണ് 'ആഭ്യന്തര കുറ്റവാളി'യുടെ വൺ ലൈൻ രൂപപ്പെടുത്തിയിട്ടുള്ളത്. സ്ത്രീ സംരക്ഷണ നിയമങ്ങൾ പുരുഷന് എതിരെയുള്ള ആയുധമെന്നോണം പ്രയോഗിച്ച സമീപ കാല വാർത്തകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇങ്ങിനെയൊരു വേർഷനിലെ കഥ പറച്ചിലിന് പ്രസക്തിയുണ്ട് താനും.
ബോളിവുഡിൽ അജയ് ബഹലിന്റെ സംവിധാനത്തിൽ വന്ന 'Section 375' ഒക്കെ ആ ഗണത്തിൽ ഗംഭീരമായി തോന്നിയ സിനിമയാണ്. പക്ഷേ അതൊന്നും 'ആഭ്യന്തര കുറ്റവാളി'യിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.
'IPC 498 A' പ്രകാരം ഗാർഹിക പീഡന കേസ് ചുമത്തപ്പെട്ട സഹദേവന്റെ ജീവിതമാണ് 'ആഭ്യന്തര കുറ്റവാളി' യുടെ മെയിൻ പ്ലോട്ട്. സഹദേവനെന്ത് പറ്റി എന്ന് അറിയിച്ചു കൊണ്ടുള്ള വിവരണങ്ങളിൽ കൂടിയാണ് കഥ മുന്നോട്ട് പോകുന്നത്.
പക്ഷേ സഹദേവന്റെ ജീവിത കഥ ഒരു മുഴുനീള സിനിമയിലേക്ക് വിവരിച്ചിടാൻ പാകത്തിൽ നല്ലൊരു തിരക്കഥ ഒരുക്കാൻ പറ്റിയിട്ടില്ല എന്നതാണ് പ്രധാന പ്രശ്നം . ഏതാനും പത്ര കഷ്ണ വാർത്തകൾ കൊണ്ട് ഏച്ചു കെട്ടി തുന്നിയൊരുക്കിയ ഒരു സിനിമ എന്നേ പറയാൻ പറ്റുന്നുള്ളൂ.
'കെട്ട്യോളാണ് എന്റെ മാലാഖ' യിൽ സ്ലീവാച്ചന്റെ കിടപ്പ് മുറിയിലെ പരക്കം പാച്ചിലിനെ ഓർമ്മപ്പെടുത്തുന്ന പോലെ ഇവിടെ സഹദേവന്റെ കിടപ്പ്മുറി സീനുകൾ മറ്റൊരു വിധത്തിൽ ചിട്ടപ്പെടുത്തി കാണാം.
പല സീനുകളിലും ടെലി സീരിയൽ നാടകീയത തെളിഞ്ഞു വന്നു. കോടതി സീനുകളിലെ നായകന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളുമൊക്കെ ഒരു തരം ക്ലാസ് എടുക്കൽ ലെവലിലേക്ക് പോയി.
കാസ്റ്റിങ്ങിലേക്ക് വരുമ്പോഴും ഇതേ പ്രശ്നമുണ്ട് - പ്രധാനമായും നായികമാർ.
ദൈർഘ്യം കുറഞ്ഞ സീനാണെങ്കിലും സിദ്ധാർഥ് ഭരതന്റെ പ്രകടനം കൂട്ടത്തിൽ ശ്രദ്ധേയമായി.
ഹരിശ്രീ അശോകൻ, ജഗദീഷ്, വിജയകുമാർ അടക്കമുള്ള നടന്മാർക്ക് കൊടുത്ത കഥാപാത്രങ്ങളൊക്കെ വച്ച് നോക്കിയാൽ അവർക്ക് ഗംഭീര റോളാണെന്ന് തോന്നിപ്പിക്കും. പക്ഷേ ദുർബ്ബലമായ തിരക്കഥയിലൂടെ അത് പറഞ്ഞവതരിപ്പിക്കുന്നിടത്ത് ആ കഥാപാത്രങ്ങൾക്കൊന്നും ഈ സിനിമയിൽ കാര്യമായൊന്നും ചെയ്യാനില്ലാത്ത അവസ്ഥയാകുന്നുണ്ട്.
ആനന്ദ് മന്മഥൻ - അസീസ് - ആസിഫ് അലി കോംബോ സീനുകൾ പിന്നെയും ഭേദം എന്ന് പറയാം.
'തലവൻ, 'ലെവൽ ക്രോസ്സ്', 'അഡിയോസ് അമിഗോ', 'കിഷ്കിന്ധാകാണ്ഡം', 'രേഖാചിത്രം', 'സർക്കീട്ട്'..അങ്ങിനെ കഴിഞ്ഞ കുറച്ചായി നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ആസിഫ് അലിയുടെ ഫിലിമോഗ്രാഫിയിൽ 'ആഭ്യന്തരകുറ്റവാളി' യെ ചേർത്ത് വായിക്കാൻ തോന്നുന്നില്ല.
©bhadran praveen sekhar
No comments:
Post a Comment