Thursday, October 17, 2013

"എവിടെയോ ഒരു ശത്രു" വിന്റെ "ഏഴാമത്തെ വരവ് "

എം.ടി - ഹരി ഹരൻ സിനിമകളോട് പ്രേക്ഷകന് എല്ലാ കാലത്തും ആദരവും ബഹുമാനവുമാണ്. എന്ത് കൊണ്ടായിരിക്കാം ഇവരുടെ കോമ്പിനേഷനെ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയും ബഹുമാനത്തോടെയും നോക്കി കാണുന്നത് എന്നതിന് മലയാള സിനിമാ ചരിത്രത്തിൽ ഉദാഹരണങ്ങൾ ഏറെയുണ്ട്. പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ എന്നീ സിനിമകൾ കണ്ടു കഴിയുമ്പോൾ ഇവരുടെ കോമ്പിനേഷൻ മാജിക് എന്താണെന്ന് നമുക്ക് വ്യക്തമാകുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടുമൊരു എം. ടി - ഹരിഹരൻ മാജിക്ക് കാണാൻ ആഗ്രഹിക്കുന്ന, പ്രതീക്ഷിക്കുന്ന പ്രേക്ഷകനെ കുറ്റം പറയാനാകില്ല താനും. 

1982- 1983 കാലത്ത് "എവിടെയോ ഒരു ശത്രു" എന്ന എം ടിയുടെ തിരക്കഥയെ  'ഹരിഹര' സംവിധാനത്തിൽ സിനിമയാക്കാൻ ഒരു ശ്രമം നടന്നിരുന്നു. സുകുമാരൻ, വേണു നാഗവള്ളി, ജലജ, അനുരാധ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് ചിത്രീകരണം തുടങ്ങിയ ആ സിനിമ ചില നിർമ്മാണ പ്രതിസന്ധികളാൽ പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു. "എവിടെയോ ഒരു ശത്രു" അന്ന് പാതി മരിച്ചു വീണുവെങ്കിലും 2013 ഇൽ "ഏഴാമത്തെ വരവാ"യി ഉയിർത്തെഴുന്നേൽപ്പിക്കാൻ വേണ്ടി മാജിക് കോമ്പിനേഷൻ വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചത് വരെയാണ് സിനിമയ്ക്കു പിന്നിലെ കഥ. ശേഷം സ്ക്രീനിൽ. 

സുകുമാരന് പകരം ആര് എന്ന ചോദ്യം വേണ്ട. ഇന്ദ്രജിത്ത് തന്നെ മതിയെന്ന് ഹരിഹരൻ തീരുമാനിച്ചു. ആ തീരുമാനം വളരെ ഉചിതമായിരുന്നു എന്ന് ഈ അടുത്തിടെ ഹരിഹരൻ തന്റെ ഇന്റർവ്യൂവിൽ ഇപ്രകാരം പറയുകയുണ്ടായി. "സുകുമാരന് എന്തെങ്കിലും കഴിവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് മുഴുവനായും കിട്ടിയിരിക്കുന്നത് ഇന്ദ്രജിത്തിനാണ്". ഈ ഒരു കമെന്റ് വളരെ വളരെ സത്യമാണ് എന്ന് പ്രേക്ഷകർക്ക് ബോധ്യമാകും തരത്തിലാണ്  ഗോപി മുതലാളിയുടെ കഥാപാത്രത്തെ ഇന്ദ്രജിത്ത് സിനിമയിൽ അഭിനയിച്ചു പ്രതിഫലിപ്പിച്ചിരിക്കുന്നത്. 

കാടിനേയും വന്യജീവികളെയും മുഴുവനായി മനസിലാക്കിയ ഒരു ഉഗ്രൻ വേട്ടക്കാരനാണ് താൻ എന്ന അഹം ഭാവം ഗോപിക്ക് (ഇന്ദ്രജിത്ത്) ഉണ്ട്. അതിനൊക്കെ പുറമേ തികഞ്ഞ ഒരു നിഷേധിയും മാടമ്പിയുമായാണ് എല്ലാവരോടുമുള്ള അയാളുടെ സംസാരം. സ്വന്തം ഭാര്യ  ഭാനുവിനോട് (ഭാവന) പോലും അയാൾ ആ പരുഷ ഭാവമാണ് പ്രകടിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലേക്ക് യാദൃശ്ചികമായി കടന്നു വരുന്ന പുരാവസ്തു ഗവേഷകനാണ് പ്രസാദ് (വിനീത്). ഭാനുവും പ്രസാദും തമ്മിലുണ്ടായിരുന്ന ഒരു മുൻകാല പ്രണയ പരിചയവും സിനിമ പങ്കു വക്കുന്നുണ്ട്- വളരെ സരസമായി. ഇതിനെല്ലാം പുറമേ തിരക്കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമായി വരുന്ന ആളാണ്‌ "ആൾപ്പിടിയൻ നരി". സിനിമ തുടങ്ങി അവസാനിക്കുന്നത് പോലും നരിയുടെ മുരൾച്ചയിലാണ്.  ആൾപ്പിടിയൻ നരി ഏഴു വർഷത്തിലൊരിക്കൽ മാത്രമാണ് കാട്ടിലെ ജനവാസത്തിലേക്ക് ഇറങ്ങി വരുക . ഏഴു വർഷത്തിനു ശേഷം വരുന്ന അവൻ ഏഴു തവണയായി ആളുകളെ പിടിച്ചു കൊണ്ട് പോയി തിന്നും. നാഗുവിന്റെ (മാമുക്കോയ) മകളായ മാലയാണ്  (കവിതാ നായർ) ആ കഥ പ്രസാദിന് പറഞ്ഞു കൊടുക്കുന്നത്. ആ കഥ സത്യം തന്നെയാണോ എന്ന് ചിന്തിപ്പിക്കും വിധം ആൾപ്പിടിയൻ നരി കഥയിൽ  ഇടയ്ക്കിടെ ഓരോരുത്തരെയായി വന്നു കൊണ്ടു പോകുന്നുമുണ്ട്. 

 വെറുമൊരു ആൾപ്പിടിയൻ നരിയുമായി സിനിമയെ മുന്നോട്ടു നയിക്കാനാകില്ല എന്ന തിരിച്ചറിവ് കൊണ്ട് തന്നെയായിരിക്കണം തിരക്കഥയിൽ വിവിധ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ, നരിയുടെ ആക്രമണവും  ആളുകളുടെ ആശങ്കയും, മൃഗങ്ങളെ വെല്ലുന്ന മനുഷ്യന്റെ വൈരാഗ്യ ബുദ്ധി, സാധു മനുഷ്യ-ജീവികളുടെ നിസ്സഹായത എന്നിങ്ങനെ പല കഥാ ഘടകങ്ങളും ബുദ്ധിപൂർവ്വം കൂട്ടിയിണക്കിയിരിക്കുന്നത്. പക്ഷേ ഇതെല്ലാം ഉണ്ടായിട്ടു കൂടി പ്രേക്ഷകൻ പ്രതീക്ഷിച്ച ആ ഒരു മാജിക്ക് "ഏഴാം വരവിൽ" സംഭവിച്ചില്ല എന്നതാണ് സത്യം. കാലം തെറ്റി വന്ന സിനിമയായി വേണമെങ്കിൽ "ഏഴാം വരവിനെ" വിലയിരുത്താം."എവിടെയോ  ഒരു ശത്രു" അന്ന് ആ കാലത്ത് റിലീസായിരുന്നെങ്കിൽ  എം.ടി- ഹരിഹരൻ മാജിക് കോമ്പിനേഷൻ ലിസ്റ്റിൽ ഒരു ക്ലാസ് സിനിമ കൂടി ഉൾപ്പെടുമായിരുന്നു. ഇന്ന്, ഈ കാലത്ത്, പ്രസ്തുത തിരക്കഥക്ക്  ഏഴല്ല, എട്ടും പത്തും വരവ് വരെ വരേണ്ടി വന്നാലും പ്രേക്ഷക സ്വീകാര്യതയുടെ കാര്യത്തില്‍  കാര്യമായൊരു ചലനം സൃഷ്ടിക്കാന്‍ സാധിക്കില്ല. തിരക്കഥയില്‍ അലിഞ്ഞു ചേര്‍ന്ന ഈ വെല്ലുവിളിയെ   എം .ടി- ഹരിഹരൻ ടീം എന്ത് കൊണ്ട് മനസിലാക്കാതെ പോയി എന്നത് വളരെയധികം ഖേദകരവും ആശ്ചര്യജനകവുമായ ചോദ്യമാണ്. 

പുലിയും, കടുവയും, ആനയുമൊക്കെ പല സിനിമകളിലും പ്രധാന കഥാപാത്രങ്ങളായി വന്നു പോയിട്ടുണ്ട്. മികച്ച സാങ്കേതിക വിദ്യയുടെ അഭാവത്തിൽ പോലും ആ സിനിമകളെല്ലാം പ്രേക്ഷക ശ്രദ്ധയും പ്രശംസയും നേടുകയുണ്ടായിട്ടുമുണ്ട്. ആ കൂട്ടത്തിലെ ഒരു "പുലി" സിനിമയായിരുന്നു ലോഹിത ദാസ് തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത "മൃഗയ". 'മൃഗയ' യിലെ  പുലി ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന പരിഭ്രാന്തിയോളം 'ഏഴാമത്തെ വരവി'ലെ  ആൾപ്പിടിയൻ നരിക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ആസ്ട്രേലിയയിൽ പോയി ഷൂട്ട്‌ ചെയ്ത നരിയുടെ ചലനങ്ങൾ സിനിമയിൽ കുറച്ചു സീനുകളിലേ ഉള്ളൂവെങ്കിൽ  കൂടി മനോഹരമായി ചെയ്തിട്ടുണ്ട് എന്നത് വേറെ കാര്യം. അതേ സമയം, മല പോലെ വന്നത് എലി പോലെ പോയി എന്ന് പറയും പോലെ ആൾപ്പിടിയൻ നരിയെന്ന ഭീകരനെ  ഒടുക്കം വെറും ശബ്ദ ഗാംഭീര്യത്തിൽ മാത്രം ഒതുക്കി കൊണ്ട് തീർത്തും അപ്രസക്തനാക്കി കളയുകയും ചെയ്തു. 

ആൾപ്പിടിയൻ നരിയുടെ ആക്രമണ ഭീകരതയേക്കാൾ പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നത് ഇന്ദ്രജിത്തിന്റെ മികച്ച അഭിനയമാണ്. അത് തന്നെയാണ്  ഈ സിനിമയുടെ  ഏകമാത്രമായ  ഏറ്റവും നല്ല വശമെന്ന് വേണമെങ്കിൽ പറയാം. മാമുക്കോയ, ഭാവന, കവിതാ നായർ തുടങ്ങീ അഭിനേതാക്കളെല്ലാവരും  അവരവർക്ക് കിട്ടിയ കഥാപാത്രത്തെ വളരെ വൃത്തിയായി കൈകാര്യം ചെയ്തിട്ടുണ്ട്. ഹരിഹരന്റെ ഗാന രചനയും സംഗീതവും  സിനിമക്ക് ഒരു ബാധ്യതയായി മാറിയെങ്കിലും  ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ആശ്വാസജനകമായിരുന്നു. 

ആകെ മൊത്തം ടോട്ടൽ =  എം.ടി - ഹരിഹരൻ ടീമിന്റെ ഒരു വിസ്മയ സിനിമയാണ് കാണാൻ പോകുന്നത് എന്ന മുൻവിധിയും പ്രതീക്ഷയും മാറ്റി വച്ച് കൊണ്ട് കാണാവുന്ന ഒരു സിനിമ. സീനുകളിലെ ഇഴച്ചിൽ ആസ്വദിക്കാൻ സാധിക്കുമെങ്കിൽ സിനിമയും ആസ്വദിക്കാം. പഴയകാലത്തെ ഒരു തിരക്കഥ കാലാനുസൃത മാറ്റങ്ങൾ വരുത്താതെ   പ്രയോഗിച്ചു എന്ന നിലയിൽ ഈ സിനിമ മാപ്പർഹിക്കുന്നു. 

*വിധി മാർക്ക് - 5.5/10 
-pravin-

22 comments:

  1. ആദ്യ കമന്റ് ഞാനോ!! നല്ല റിവ്യൂ പ്രവീണ്‍ (എപ്പോഴും എല്ലാരും പറയുന്നത് പോലെ). പക്ഷെ, കാണാന്‍ തോന്നുന്ന ചിത്രം തന്നെയാണിത് . പ്രവീണ്‍ പറഞ്ഞത് പോലെ കാലോചിതമായ മാറ്റങ്ങള്‍ തിരക്കഥയില്‍ വരുത്താത്തത് ചിലപ്പോ നമുക്ക് അരോചകമായി തോന്നിയേക്കാം , പക്ഷെ അത് ഒരു പരിമിതിയും ആകാം! എന്തായാലും ഇന്ദ്രജിത്തിന് വേണ്ടി എങ്കിലും കാണണം ഈ ചിത്രം.... അപ്പൊ നന്ദി :)

    ReplyDelete
    Replies
    1. സിനിമ കാണൂ ആർഷ ... കണ്ടിരിക്കാൻ പറ്റാത്ത ഒരു മോശം സിനിമയൊന്നുമല്ല ഇത് എന്തായാലും ..സാഹിത്യ ഭാഷയുടെ അതി പ്രസരണം ചില സംഭാഷണങ്ങളിൽ ഉണ്ട് .. തിരക്കഥയുടെ പഴക്കം അതിലെല്ലാം പ്രകടമാണ്, എന്തായാലും കണ്ടു നോക്കൂ ..

      Delete
  2. എല്ലാ സിനിമയും ഫാസ്റ്റ് ആയാലും രസം ഇല്ലാലോ.. നല്ല സിനിമകള്‍ ഇത്തിരി സ്ലോ ആയാലും കുഴപ്പമില്ല.
    ന്യു ജെനറേഷന്‍കാര്‍ സമ്മതിക്കുമോ എന്നറിയില്ല.

    ReplyDelete
    Replies
    1. ഫാസ്റ്റ് സിനിമകൾ മാത്രമല്ല സ്ലോ സിനിമകളും ആസ്വദിക്കാൻ പ്രേക്ഷകന് ആസ്വദിക്കാൻ കഴിയും. ഇവിടെ ഈ സിനിമ സ്ലോ ആകുന്നതല്ല ശ്രീജിത്തേ പ്രശ്നം .. എന്തായാലും കണ്ടു നോക്കൂ ..

      Delete
  3. ടീമിന്‍റെ വെള്ളം എന്ന ഒരു സിനിമ വന്‍പരാജയം ആയിരുന്നു.
    ഇതും ആ ഗണത്തില്‍ പെട്ടേക്കാം

    ReplyDelete
    Replies
    1. ഉം ..വെള്ളം സിനിമ .. നസീർ ,മധു , അടൂർ ഭാസി ല്ലേ .. പണ്ട് ടി വി യിൽ എവിടെയോ കണ്ട ഓർമയുണ്ട് ചില സീനുകൾ ..ആ പടം പരാജയമായിരുന്നു ല്ലേ ..

      Delete
  4. ഞാൻ ഇന്നലെ ഈ പടം കണ്ടു ഭായി ...എംടിയുടെ ശക്തമായ ഒരു തിരകഥ എന്ന് ഏഴാമത്തെ വരവിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല. കാരണം വര്‍ഷങ്ങളുടെ പഴക്കം അതിന്റെ കരുത്ത് ഒരുപാട് ചോര്‍ത്തി കളഞ്ഞിരിക്കുന്നു. ഹരിഹരന്റെ പതിവ് ശൈലിയിലുള്ള സംവിധാനം കൂടിയാവുമ്പോള്‍ പുതു തലമുറയിലെ പ്രേക്ഷകര്‍ക്ക് ഈ സിനിമ ഒരു കാളവണ്ടിയായി അനുഭവപ്പെടുന്നതില്‍ തെറ്റുപറയാനാകില്ല..തൂലിക ചലിപ്പിച്ചപ്പോഴെല്ലാം മലയാളികളെ വിസ്മയിപ്പിച്ച അനുഗ്രഹീത എഴുത്തുകാരന്‍ ആണ് ശ്രീ എംടി വാസുദേവന്‍ നായര്‍. മാറുന്ന മലയാള സിനിമയില്‍ എംടിയുടെ തിരകഥയ്ക്കുള്ള പ്രസക്തി എന്താണു എന്ന് പരീക്ഷിച്ചറിയാനുള്ള അവസരമായിട്ട് ഏഴാമത്തെ വരവ് എന്ന ചിത്രത്തെ കണക്കാക്കാന്‍ കഴിയില്ല. കാരണം ഏതാണ്ട് മുപ്പത് കൊല്ലങ്ങള്‍ക്ക് മുന്‍പ് സുകുമാരന്‍, വേണു നാഗവള്ളി എന്നിവരെ നായകന്മാരക്കി കൊണ്ട് എംടിയുടെ തിരകഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത എവിടെയോ ഒരു ശത്രു എന്ന പുറത്തിറങ്ങാന്‍ കഴിയാതെ പോയ ചിത്രത്തിന്റെ അതേ തിരകഥയാണു ഈ ചിത്രത്തിനു ഉപയോഗിച്ചിട്ടുള്ളത്. 30 കൊല്ലം പഴക്കമുള്ള ഒരു കഥ .ഈ സിനിമ ഒരു നല്ല സിനിമയാണു. പക്ഷെ ഇതൊരു മികച്ച സിനിമയാക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു. അത് അദ്ദേഹത്തിന്റെ പിഴവല്ല. കാരണം കാലഹരണപ്പെട്ട ഈ തിരകഥയില്‍ നിന്ന് ഒരു മഹാത്ഭുതം സൃഷ്ടിക്കാന്‍ ഹരിഹരന്‍ എന്നല്ല ഒരു സംവിധായകനും സാധിക്കില്ല.!
    സ്നേഹപൂർവ്വം...

    ReplyDelete
    Replies
    1. ആഷിക്ക് .. പറഞ്ഞതിനോട് യോജിക്കുന്നു ..ഈ സിനിമയുടെ പരാജയത്തിൽ ഹരിഹരനെ പഴി ചാരാനാകില്ല .. അദ്ദേഹം അദ്ദേഹത്തിനു സാധിക്കും പോലെയൊക്കെ ഈ സിനിമയെ തേച്ചു മിനുക്കാൻ ശ്രമിച്ചിട്ടുണ്ട്.

      Delete
  5. കഥ കേട്ടിട്ട് എന്തോ ഇഷ്ടപ്പെടുന്നില്ല. പക്ഷെ സൂപര്‍ ടീമിന്റെയായത് കൊണ്ടു ചിലപ്പോള്‍ നന്നായി കാണും. നല്ലൊരു തിരക്കഥയിലും സംവിധാനത്തിലും സിനിമകള്‍ നന്നാകാറുണ്ടല്ലോ

    ReplyDelete
    Replies
    1. സൂപ്പർ ടീമിന്റെതാണ് ഈ സിനിമ. പക്ഷേ ആ സൂപ്പർ ടീമിൽ നിന്നും ഉണ്ടാകുമായിരുന്ന മികവ് ഈ സിനിമക്ക് ഇല്ല. ഹരിഹരന്റെ സംവിധാനത്തെ ഇതിൽ കുറ്റം പറയാനില്ല. കാരണം ഉള്ള തിരക്കഥ കൊണ്ട് പറ്റാവുന്നിടത്തോളം നന്നായി അദ്ദേഹം ചെയ്തിട്ടുണ്ട് . തിരക്കഥയിൽ കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ട എന്ന് തീരുമാനിച്ചത് എന്തിനായിരിക്കാം എന്ന് ഇപ്പോഴും ഒരു പിടിയുമില്ല . എന്നാലും സിനിമ അത്ര മോശമെന്ന് പറയാനും പറ്റുന്നില്ല .

      Delete
  6. പണ്ടത്തെ ആ സൂപ്പർ കൂട്ട്
    കെട്ടിന്റെ ഒരു പരാജയ സിനിമകൂടിയാണോ ഇത്...

    ReplyDelete
    Replies
    1. എന്റെ ആസ്വാദനത്തിൽ ഈ കൂട്ട് കെട്ടിന്റെ ഒരു പരാജയ സിനിമയായി ഇതിനെ ഈ കാലത്ത് വിലയിരുത്തുന്നു . കുറെ വർഷങ്ങൾക്ക് മുന്നേയാണ്‌ ഇത് കണ്ടിരുന്നതെങ്കിൽ ഈ സിനിമ ഒരു സംഭവവുമായിരുന്നേനെ ..

      Delete
  7. സിനിമ കാണാന്‍ താല്‍പ്പര്യം തോന്നാതിരിക്കുന്നതും സിനിമകളെ വിലയിരുത്തി എഴുതുന്നതിന്റെ മികവ്തന്നെ....

    ReplyDelete
    Replies
    1. അയ്യോ പ്രദീപേട്ടാ ..ഞാൻ ഇത് പറഞ്ഞെന്നും കരുതി ഒരിക്കലും ഒരു സിനിമയും കാണാതിരിക്കരുത് .. ഇത് ഒരു പക്ഷേ എന്റെ നിരീക്ഷണത്തിന്റെ കുഴപ്പവുമാകാം .. ഇതെന്റെ ആസ്വാദനം മാത്രമാണ് . എവിടെയോ വായിച്ചതായി ഓർക്കുന്നു . ഒരു സിനിമ കാണുന്നത് ആയിരം പ്രേക്ഷകരാണ് എങ്കിൽ അവർ കാണുന്നത്‌ ഒരിക്കലും ഒരു സിനിമയല്ല ആയിരം സിനിമയാണ് എന്ന് . പലപ്പോഴും പലരും മോശം സിനിമകൾ എന്ന് പറഞ്ഞു തള്ളി കളഞ്ഞ സിനിമകൾ നമ്മൾ കണ്ടിട്ട് ഇഷ്ടപ്പെടുന്നതും, നല്ല സിനിമകളെന്ന് ഭൂരിപക്ഷം പേരും വിലയിരുത്തിയ സിനിമകൾ നമുക്ക് ഇഷ്ടപ്പെടാതെ പോകുന്നതും ആ കാരണം കൊണ്ടാണ്. എന്തായാലും ഈ സിനിമ കാണൂ പ്രദീപേട്ടാ . അത്ര മോശം സിനിമയല്ല.

      Delete
  8. സിനിമ കണ്ടു .. ശക്തമായ തിരക്കഥ പോയിട്ട് ഒരു പുതുമ ഉള്ള കഥപോലും ഇല്ല.. പഴയ സിനിമകളിൽ കണ്ടു മറന്ന കഥകളുടെ ഒരു സങ്കരം .പഴയ കോളേജ് കാമുകനെ കാണുന്ന നായിക .അവരുടെ നഷ്ടസ്വപ്‌നങ്ങൾ ..അവളുടെ ഭർത്താവ് നാട്ടു [കാട്ട്] രാജവായ മുതലാളി ..ഇന്ദ്രജിത്തിന് കിട്ടിയ വേഷം മനോഹരമായി അവതരിപ്പിച്ചു ..ഹരിഹരൻ ,എം ടി സിനിമ ചില പ്രതീക്ഷകളോടെ ആണ് കണ്ടത് അത് സത്യം പക്ഷെ ,ഒരു സാധാരണ സിനിമയുടെ അനുഭവം പോലും തോന്നിയില്ല കണ്ടിട്ട് ..മുൻപ് എവിടെയോ ഒരു കുറിപ്പ് വായിച്ചിരുന്നു "ഒരു പതിനഞ്ചു വര്ഷം മുൻപ് വരേണ്ടിരുന്ന സിനിമ എന്ന് "

    ReplyDelete
    Replies
    1. exactly ... ഇനി ഇതിൽ കൂടുതൽ ഒന്നും പറയാനില്ല . മേൽപ്പറഞ്ഞ ആ പുതുമയില്ലായ്മ തന്നെയാണ് സിനിമയുടെ ആദ്യത്തെ മുഴച്ചു നിൽക്കുന്ന പ്രശ്നം .. പിന്നെ സംഭാഷണം . അതൽപ്പം കൂടുതൽ സാഹിത്യ ഭാഷയിലായി പോയോ എന്നൊരു സംശയം കൂടിയുണ്ട് ..

      Delete
  9. സിനിമ കണ്ടിരുന്നു...താങ്കള്‍ പറഞ്ഞത് പോലെ കാലം തെറ്റി വന്ന ഒരു സിനിമയായിട്ടാണ്‌ എനിക്കും തോന്നിയത്... ചില സിനിമകള്‍ അതുണ്ടാകേണ്ട കാലത്തിനു മുമ്പേ പിറക്കും... മറ്റു ചിലവ അതിനു ശേഷവും...'ഏഴാമത്തെ വരവ് ' എണ്‍പതുകളിലോ തൊണ്ണൂറുകളിലോ ആണ് വരേണ്ടിയിരുന്നത്...എം.ടി-ഹരിഹരന്‍ ടീമിന്റെ സിനിമയാണെന്ന തോന്നല്‍ പോലും ഉണ്ടാക്കിയില്ല എന്നതാണ് ഏറെ ഖേദകരം...

    ReplyDelete
    Replies
    1. തീർച്ചയായും സംഗീത് പറഞ്ഞതിനോട് യോജിക്കുന്നു .. ഈ സിനിമ കുറച്ചു കാലം മുന്നേയാണ്‌ വന്നിരുന്നെങ്കിൽ ഇതൊരു ക്ലാസിക് സിനിമ തന്നെയായി മാറുമായിരുന്നു ..

      Delete
  10. ഞാന്‍ ആ പച്ചപ്പില്‍ സന്തോഷവാനായി ,പിന്നെ സംഗീതം അതിന്റെ കാര്യം കുറച്ചു പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും കോലാഹലമില്ലാത്ത പറ്റും സംഗീതവും കേള്‍ക്കാന്‍ പറ്റിയല്ലോ .കുപ്പിവള ആ പാട്ടു നല്ലൊരു പാട്ടല്ലേ പ്രവി ????കാലം തെറ്റി വന്ന ക്ലാസ്സിക്ക്

    ReplyDelete
    Replies
    1. അനീഷേ ... തീർച്ചയായും ആ പച്ചപ്പിൽ ഞാൻ സന്തുഷ്ടനാണ് .. പിന്നെ ചില സാഹിത്യ സംഭാഷണങ്ങൾ എനിക്കും ഇഷ്ടമായി. അൽപ്പം പൈങ്കിളി ആണെങ്കിൽ കൂടി .. കുപ്പി വള ..ഉം ..കുഴപ്പമില്ല .. ഈ സിനിമയിൽ എനിക്കിഷ്ടമായത് ആ കാടും പരിസരവും പിന്നെ ഇന്ദ്രജിത്തിന്റെ അഭിനയവും .. അത്ര മാത്രം ..

      Delete
  11. ഡൌണ്‍ലോഡ് ചെയ്യുന്നു. കണ്ടിട്ട് വരാം ഈ വഴിയേ......:)

    ReplyDelete