Wednesday, April 3, 2013

'സെല്ലൂലോയ്ഡ്' ചരിത്രം


ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ ജെ . സി. ഡാനിയൽ ജീവചരിത്രത്തെയും, വിനു എബ്രഹാമിന്റെ 'നഷ്ട നായിക' എന്ന കഥയെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് "സെല്ലുലോയ്ഡ്".  2012-ലെ മികച്ച ചിത്രത്തിനടക്കമുള്ള ഏഴോളം  കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ സെല്ലുലോയിഡിനെ  വെറും ഒരു സിനിമ മാത്രമായി പ്രേക്ഷകന് കാണാൻ സാധിക്കില്ല. അതൊരു വേദനിപ്പിക്കുന്ന ചരിത്രം കൂടിയാണ്.  ജാതി വ്യവസ്ഥയുടെ കരാള ഹസ്തങ്ങളാൽ കൊല ചെയ്യപ്പെട്ട, തന്മൂലം  ലോകം അറിയാതെ പോയ മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രം വിഗതകുമാരനാണ് ഇന്നും നമ്മളെ  വേദനിപ്പിക്കുന്ന ആ ചരിത്രം .

സിനിമ തുടങ്ങുന്ന രംഗം വളരെ ശ്രദ്ധേയമാണ്. ഒരു കൊച്ചു കുട്ടി ഏതോ സിനിമയുടെ ഫിലിമെല്ലാം വാരി വലിച്ചു പുറത്തിടുകയാണ്. വലിച്ചു വാരിയിട്ട ഫിലിമിൽ അവൻ നിഷ്ക്കളങ്കമായി ചാടിക്കളിക്കുന്നു. പിന്നീട് ആ ഫിലിമെല്ലാം തീയിൽ അലിഞ്ഞു ചേരുന്നതായാണ് കാണാൻ സാധിക്കുന്നത്. ഒരൊറ്റ നോട്ടത്തിൽത്തന്നെ എത്ര നിഷ്കളങ്കൻ എന്ന് തോന്നിക്കുന്ന ആ കുട്ടിയാണ് മലയാള സിനിമാ ചരിത്രത്തിന്റെ അവശേഷിക്കുന്ന ഏക തെളിവിനെ ചുട്ടെരിച്ച വികൃതികുമാരൻ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ജെ. സി. ഡാനിയലിന്റെ ഏറ്റവും ഇളയ മകനായ ഹാരിസ് ഡാനിയൽ ആയിരുന്നു ആ കൊച്ചു കുട്ടി. അവൻ ആ ഫിലിമെല്ലാം ചുട്ടെരിക്കുന്ന സമയത്ത് പിതാവായ ജെ. സി. ഡാനിയൽ അത് നിസ്സംഗതയോടെ നോക്കി നിൽക്കുകയായിരുന്നു. സിനിമയെ ജീവനായിക്കാണുകയും, തിരുവിതാംകൂറിലെ ആദ്യ മലയാള സിനിമ എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി തന്റെ സകല സമ്പാദ്യവും ഉപയോഗിച്ച് ഒരു സിനിമ നിർമിക്കാനും സംവിധാനം ചെയ്യാനും ചങ്കൂറ്റം കാണിക്കുകയും ചെയ്ത ആ മനുഷ്യന് അതെങ്ങനെ നോക്കി നിൽക്കാൻ സാധിച്ചു എന്ന സംശയം പ്രേക്ഷകനുണ്ടായേക്കാം. പക്ഷേ, ആ സംശയങ്ങളെല്ലാം നികത്തപ്പെടുന്നത്  ജെ. സി യുടെ ജീവ ചരിത്രത്തിലേക്ക് സിനിമ പ്രേക്ഷകന്റെ കൈ പിടിച്ചു കൊണ്ടുപോകുന്നതിൽ കൂടിയാണ് .

ജെ. സി. ഡാനിയൽ  തന്റെ അവസാന കാലത്ത് സിനിമയെ വെറുത്തിരുന്നു എന്ന് പറയുമ്പോഴും സിനിമയിൽ നമുക്ക് കാണാൻ പറ്റുന്ന ഡാനിയലിന്റെ മുഖത്ത് ആ വെറുപ്പ്‌ നിഴലിച്ചതായി കാണപ്പെടുന്നില്ല. അദ്ദേഹം വെറുത്തിരുന്നത് ഒരിക്കലും സിനിമയെ ആകാൻ തരമില്ല. വർഷങ്ങൾക്കു ശേഷം, അഗസ്ത്യപുരത്തെ ഇരുട്ട് മുറിയിൽ കണ്ണ് ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന സമയത്താണ് ചേലങ്ങാട്ട്  ഗോപാലകൃഷ്ണൻ ഡാനിയലിനെ കാണാൻ വരുന്നതും പഴയ സിനിമ വിശേഷം അന്വേഷിച്ചറിയാൻ ശ്രമിക്കുന്നതും. ആ നേരത്ത് ചേലങ്ങാടിനെ  കാണാൻ വിസമ്മതിക്കുകയും ഒരൽപ്പം നീരസത്തോടെ അയാളോട് സംസാരിക്കുകയും ചെയ്യുന്നതിലൂടെ ഡാനിയൽ പ്രകടിപ്പിച്ചത് സിനിമയോടുള്ള വിരോധമോ വെറുപ്പോ അല്ല. മറിച്ച് തിരുവിതാംകൂറിന്റെ ആദ്യ സിനിമയെ തകർത്ത് കളഞ്ഞ ജാതിക്കോമരങ്ങളോടും, രണ്ടാമത് സിനിമയെടുക്കാൻ മദിരാശിയിൽ ചെന്നപ്പോൾ സിനിമയുടെ പേരിൽ തന്റെ സമ്പാദ്യത്തെ ഇല്ലാതാക്കിയവരോടുമുള്ള കടുത്ത അമർഷമായിരുന്നു എന്ന് അനുമാനിക്കുന്നതാകും ഉചിതം.

സിനിമ എന്നത് സകല കലാരൂപങ്ങളുടെയും സംഗമ വേദിയാണ്. അവിടെ ജാതിക്കും മതത്തിനും അതീതമായി നില കൊള്ളുന്നത്‌ കല എന്ന ദൈവികതയാണ്.  ആ ദൈവികതക്ക് ജാതി വ്യവസ്ഥയുടെ തൊട്ടു കൂടായ്മകളും ഭ്രഷ്ടും കൽപ്പിക്കാനാണ് വിഗതകുമാരന്റെ ഘാതകരായ ജാതിക്കോമരങ്ങൾ ആഗ്രഹിച്ചത്.  സവർണ കഥാപാത്രത്തെ റോസി എന്ന ദളിത്‌ സ്ത്രീ അഭിനയിച്ചു കാണിച്ചതിനെതിരെ തുടങ്ങിയ കാഹളം പിന്നീട് ആ സ്ത്രീയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുന്ന ആഭാസത്തോളം ചെന്നെത്തിയതായി ചരിത്രം പറയുമ്പോൾ  സിനിമയിലെ റോസി സമൂഹത്തെ ഭയന്ന് ഇരുട്ടിലെവിടെയോ ഓടി മറയുന്നതായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ആ സാഹചര്യം അത്തരത്തിൽ ചിത്രീകരിക്കുന്നതിൽക്കൂടി സംവിധായകൻ റോസിയുടെ വേദന പ്രേക്ഷകന്റെ മനസ്സിലേക്ക് തള്ളി വിടുകയാണ് ചെയ്തത്. റോസിയുടെ രംഗങ്ങൾ കഴിഞ്ഞ ശേഷവും സിനിമ ഡാനിയലിന്റെ ജീവിതവുമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും ഇരുളിലെവിടെയോ ഓടി മറഞ്ഞ റോസി  പ്രേക്ഷകരിൽ അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. സിനിമയിലെ റോസിക്ക് നേരിടേണ്ടി വരുന്ന പീഡനത്തേക്കാൾ കൂടുതൽ ഭീകരമായ അനുഭവങ്ങളാണ് ചരിത്രത്തിലെ പി.കെ റോസി നമ്മളോട് പങ്കു വച്ചിട്ടുള്ളത് എന്നതോര്‍ക്കുമ്പോൾ ആ അസ്വസ്ഥത കൂടുകയും ചെയ്യുന്നു.

റോസി എന്ന കഥാപാത്രത്തെ ഇത്രമേൽ ഉൾക്കൊണ്ടു് അഭിനയിച്ച് ഫലിപ്പിച്ചതിൽ ചാന്ദ്നി എന്ന നടി ഒട്ടേറെ അഭിനന്ദനം അർഹിക്കുന്നു. പൃഥ്വിരാജ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഡാനിയലിന്റെ വേഷം അഭ്രപാളിയിൽ അവതരിപ്പിക്കുക എന്നത് ഒരു വെല്ലു വിളി തന്നെയായിരുന്നു. അതൊട്ടും മോശമാക്കാതെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതിന്റെ തെളിവ് തന്നെയാണ് അയാൾക്ക്‌ ഇത്തവണ ലഭിച്ച മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ്.  വേഷഭൂഷാദികൾ കൊണ്ടുള്ള കണ്‍കെട്ട് മാത്രമല്ല സിനിമയിലെ അഭിനയം എന്ന് അക്ഷരാർത്ഥത്തിൽ തെളിയിക്കുകയാണ് പൃഥ്വിരാജ് സെല്ലുലോയ്ഡ്‌ എന്ന സിനിമയിലൂടെ ചെയ്തത്. തുടക്കം മുതലുള്ള തിരുവിതാംകൂർ ശൈലിയിലുള്ള സംസാരവും പട്ടണം റഷീദിന്റെ മികവാർന്ന മേയ്ക്കപ്പും കൂടിയായപ്പോൾ പൃഥ്വിയിലൂടെ ജെ. സി. ഡാനിയൽ പുനർജ്ജനിക്കുക തന്നെ ചെയ്തെന്നു പറയാം. പട്ടണം റഷീദ് എന്ന ചമയക്കാരന്റെ പേര്  പല സിനിമകളുടെ ഭാഗമായി സ്ക്രീനിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും പ്രേക്ഷകന് അത്ര കണ്ട് പരിചയം അയാളോട് തോന്നാൻ ഇടയില്ല. പക്ഷേ സെല്ലുലോയ്ഡിലെ വേഷപ്പകർച്ചകൾ ആസ്വദിച്ച പ്രേക്ഷകന് ഇനി മുതൽ പട്ടണം റഷീദ് സുപരിചിതൻ തന്നെയാകും.


129 മിനുട്ടോളം ദൈർഘ്യമുള്ള ഈ സിനിമയിലെ ഓരോ രംഗത്തിനും കാലാനുസൃതമായ ദൃശ്യ ചാരുത സമ്മാനിക്കുന്നതിൽ ഒരു ഛായാഗ്രാഹകന് എന്തെല്ലാം സാധിക്കുമോ അതെല്ലാം വളരെ മികവോടെ തന്നെ അവതരിപ്പിക്കാൻ വേണുവിനു സാധിച്ചു എന്ന് നിസ്സംശയം പറയാം. പഴയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരു കഥ അഭ്രപാളിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ   പ്രേക്ഷകന് സ്ക്രീനിൽ സാധാരണ അനുഭവപ്പെടുമായിരുന്ന  നിറം മങ്ങലോ ക്യമറാ ഗിമ്മിക്കുകളോ ഒന്നും തന്നെ ഈ സിനിമയിൽ അനുഭവപ്പെടാത്ത വിധമാണ്  സംവിധായകനും ഛായാഗ്രാഹകനും സിനിമയെ മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്. അതുകൊണ്ട് തന്നെ കഥാ സാഹചര്യത്തിന് അനുയോജ്യമായ പ്രകൃതി ദൃശ്യങ്ങളും മറ്റു ഔട്ട്‌ ഡോർ സീനുകളും ദൃശ്യചാരുതയോടെ അനുഭവവേദ്യമാക്കുന്നതിൽ സിനിമക്ക് ഒരു തരത്തിലുമുള്ള വെല്ലുവിളിയും നേരിടേണ്ടി വന്നില്ല.  1928 കാലഘട്ടമാണ് ആദ്യ പകുതിയിൽ കാണിക്കുന്നത്. രണ്ടാം പകുതി തുടങ്ങുന്നത് 1966 കാലഘട്ടത്തിൽ നിന്നുമാണ്.  ഇവിടെല്ലാം ഒരു കലാ സംവിധായകന്റെ ചുമതല കണ്ടറിഞ്ഞു ചെയ്യുന്നതിൽ സുരേഷ് കൊല്ലം വിജയിച്ചിട്ടുണ്ട്. മറ്റൊരു തരത്തിൽ പറയുമ്പോൾ, സിനിമയിലെ ഏറ്റവും നല്ല കോമ്പിനേഷൻ സംഭവിച്ചിരിക്കുന്നത്  വേണുവിന്റെ ഛായാഗ്രഹണവും സുരേഷിന്റെ കലാ സംവിധാനവും ഒത്തു കൂടിയപ്പോഴാണ് .


സംഗീതത്തിന് ഒട്ടും പ്രാധാന്യം ഇല്ലാത്ത ഒരു കഥയായിരുന്നു സെല്ലുലോയ്ഡിന്റേത്. എന്നാൽ സിനിമയിലേക്ക് വരുമ്പോൾ കഥാ  സാഹചര്യത്തിന് ഏറ്റവും അനുയോജ്യമാം വിധം വളരെ പ്രാധാന്യത്തോടെ തന്നെ എം ജയചന്ദ്രൻ സംഗീതത്തെ ഉപയോഗിച്ച് കാണാം.  തന്റെ സകല സ്വത്തും പ്രതാപങ്ങളും നഷ്ട്ടപ്പെട്ടു മുഖ്യധാരാ സമൂഹത്തിൽ നിന്ന് മാറി ജീവിക്കാൻ തീരുമാനിച്ച ഡാനിയൽ കുടുംബത്തോടൊപ്പം അഗസ്ത്യപുരത്തേക്കു യാത്രയാകുന്ന സമയത്താണ് 'കാറ്റേ .. കാറ്റേ' എന്ന് തുടങ്ങുന്ന ഗാനം തുടങ്ങുന്നത്. റഫീക്ക് അഹമ്മദ് എഴുതിയ ഈ ഗാനം ജി. ശ്രീറാമും വൈക്കം വിജയലക്ഷ്മിയും കൂടെ ആലപിച്ചിരിക്കുന്നത്‌ പഴയ കാലത്തെ പാട്ടുകളെ അനുസ്മരിപ്പിക്കും വിധമാണ്. ഗൃഹാതുരമായ ഈണവും  ആലാപന ശബ്ദത്തിലെ വ്യത്യസ്തതയുമാണ് ഈ ഗാനത്തെ സിനിമയിൽ ആകർഷണീയമാക്കിയത്. അതേസമയം ഈ ഗാനത്തെക്കാൾ കൂടുതൽ സ്ഥാനം സിനിമയിൽ നൽകപ്പെടുന്നത്  അല്ലെങ്കിൽ അർഹമായ പ്രാധാന്യം ലഭിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതി സിതാര കൃഷ്ണകുമാർ ആലപിച്ച 'ഏനുണ്ടോടി  അമ്പിളി ചന്തം ' എന്ന ഗാനത്തിനാണ്. തിരുവിതാം കൂറിന്റെ ആദ്യ സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം കിട്ടുന്ന റോസി ആദ്യം ചിന്തിക്കുന്നത് അവളുടെ സൌന്ദര്യത്തെ കുറിച്ചാണ്. സിനിമയിലൊക്കെ അഭിനയിക്കാൻ ഒരുപാട് സൌന്ദര്യം വേണമല്ലോ, തനിക്കത്രക്ക് സൌന്ദര്യമുണ്ടോ എന്ന് കൂട്ടുകാരിയോട് സംശയത്തോടെ ചോദിക്കുന്നിടത്ത് നിന്നാണ് 'ഏനുണ്ടോടി  അമ്പിളി ചന്തം' എന്ന ഗാനം തുടങ്ങുന്നത്.  ഒരു ദളിത്‌ സ്ത്രീയായ റോസിയുടെ നിഷ്ക്കളങ്കമായ മനോവ്യാപാരമാണ് ഈ ഗാനത്തിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. അവൾ അത് പങ്കുവെക്കുന്നതാകട്ടെ പ്രകൃതിയോടും. ഈ പാട്ടിലെ ഓരോ വരിയിലും പ്രകൃതിയും അവളുമായുള്ള ആശയവിനിമയം പ്രകടമാണ്.


നേരത്തേസൂചിപ്പിച്ച പോലെ സിനിമ എന്നത്  സകലകലകളുടെയും സംഗമ വേദിയാണ്. അവിടെ ഓരോ കലയ്ക്കും അതിന്റേതായ സ്ഥാനമുണ്ട്. ഈ സിനിമയുടെ എഡിറ്റിങ്ങിനും  അതുപോലെ അവകാശപ്പെടാൻ ഒരു സ്ഥാനമുണ്ട്. മികച്ച എഡിറ്റിംഗ് എന്ന് പറയാൻ മാത്രം ഒന്നുമില്ല എങ്കിലും രാജഗോപാലിന്റെ കത്രിക ശരിയായ ദിശയിൽ തന്നെയാണ് ചലിച്ചിരിക്കുന്നത് എന്ന് പറയാം. അതുകൊണ്ട് തന്നെ കത്രികയുടെ അവസരോചിതമായ ഇടപെടലുകൾ സിനിമയിൽ ആവശ്യമായ ആകാംക്ഷ നിലനിർത്താൻ സഹായിച്ചിട്ടുമുണ്ട്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന കത്തിയെരിയുന്ന ഫിലിം എന്തായിരുന്നു എന്ന് കഥാവസാനം മാത്രമാണ് സിനിമ വെളിപ്പെടുത്തുന്നത്. ആദ്യ പകുതിയിൽ ഡാനിയൽ സിനിമ നിർമിച്ചതും അതിന്റെ പ്രദർശനം തടയപ്പെടുന്നതും മാത്രമാണ് കാണിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചു എന്ന സൂചന നൽകപ്പെടുന്നത് ഇടവേളയ്ക്കു ശേഷം ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ രംഗ പ്രവേശത്തോടെയാണ്. ഹാരിസ് ഡാനിയലിന്റെ രംഗ പ്രവേശവും അനുബന്ധ സംഭാഷണങ്ങളും സിനിമയുടെ അവസാന ഭാഗത്തേക്ക് വെട്ടി മാറ്റിയത് ഉചിതമായ തീരുമാനമാണ്. ഇതല്ലാത്ത മറ്റൊരു രീതിയിൽ കത്രിക ചലിപ്പിക്കാൻ രാജഗോപാൽ തയ്യാറായിരുന്നെങ്കിൽ പ്രേക്ഷകന് ഹാരിസ് ഡാനിയൽ എന്ന കഥാപാത്രത്തെ ആദ്യമേ പരിചയപ്പെടേണ്ടി വന്നേനെ. തന്മൂലം ആ കഥാപാത്രത്തിനു  സിനിമയുടെ അവസാനത്തിൽ ഇത്ര കണ്ടു സജീവമായി ഇടപടാനും സാധിക്കുമായിരുന്നില്ല. ആ തലത്തിൽ നോക്കുമ്പോൾ രാജഗോപാലിന്റെ കത്രിക മികച്ച ഒരു തീരുമാനം തന്നെയാണ് കൈക്കൊണ്ടതെന്ന് പറയാം.

സിനിമയിലെ ഏറ്റവും മികച്ച സീനുകളും  ഷോട്ടുകളും  ഏതെന്നു ചോദിച്ചാൽ ചൂണ്ടി കാണിക്കാൻ ഒരുപാടുണ്ടായിരിക്കാം. പക്ഷേ  മനസ്സിൽ ആഴത്തിൽ തങ്ങി നിൽക്കുന്ന  ചില രംഗങ്ങൾ ഉണ്ട്.

 • തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ആദ്യ സിനിമ, അതും താൻ നായികയായി അഭിനയിച്ച സിനിമ. ആ സിനിമ  ആദ്യ ഷോയിൽത്തന്നെ കാണണം എന്ന് ആഗ്രഹിച്ചു വരുന്ന റോസി തിയേറ്ററിനു മുന്നിൽ പ്രവേശനം കാത്തു നിൽക്കുകയാണ്. സവർണന്റെ മേൽക്കോയ്മ എല്ലായിടത്തും പ്രകടമാണ്. അത് തിയേറ്ററിൽ ഒന്നിച്ചിരുന്നു സിനിമ കാണുന്നിടത്തു പോലും പാലിക്കണം എന്ന് നിഷ്ക്കർഷിക്കപ്പെടുമ്പോൾ അവളുടെ മുഖം വാടുന്നു . സിനിമ കാണാൻ സാധിച്ചില്ല എന്ന് മാത്രമല്ല, ദളിത്‌ സ്ത്രീയായ അവൾ നായർ സ്ത്രീയുടെ വേഷം അഭിനയിച്ചു എന്ന കുറ്റത്തിന് ജാതി ഭ്രാന്ത്‌ മൂത്ത ചില നരാധമന്മാർ അവളുടെ മേൽ ചാടി വീഴുന്നു. ഭയചികിതയായ അവൾ സമൂഹത്തിൽ നിന്നും  ഇരുട്ടിലേക്ക് ഓടി മറയുകയാണ്. രംഗം മുഴുവൻ ഇരുട്ടിലാകുന്നു എങ്കിലും  നമ്മുടെയെല്ലാം മനസ്സിൽ നിന്നും അവൾ മാഞ്ഞു പോകുന്നുമില്ല.
 • ഡാനിയലിന് തീരെ വയ്യാതായിരിക്കുന്നു. ശ്വാസഗതിയിലും സംസാരത്തിലും  അത് പ്രകടമാണ്. കട്ടിലിൽ അവശ നിലയിൽ കിടക്കുന്ന അയാൾ ഭാര്യയായ ജാനറ്റിനോട് എന്തൊക്കെയോ അവ്യക്തമായി പറയുന്നുണ്ട്. മുറിയിലെ ചുമരിൽ ഒരു ജനലാകൃതിയിൽ നിലാവെളിച്ചമുണ്ട്. ആ വെളിച്ചത്തിൽ എന്തൊക്കെയോ നിഴലുകൾ ആടുന്നുണ്ട്. ജാനറ്റിനോട് സംസാരിക്കുമ്പോഴും അതിലേക്കാണ് അയാളുടെ നോട്ടം. ജനാലക്കരികിൽ നിൽക്കുന്ന ഏതോ ചെടിയുടെ ഉണങ്ങിയ ശിഖരങ്ങളുടെതായിരിക്കാം ആ നിഴലുകൾ. നിഴലുകൾ ആടുന്ന സമയത്ത് പശ്ചാത്തലത്തിൽ കരിയിലകൾ തമ്മിൽ ഉരസുന്ന ശബ്ദം കേൾക്കാം. ആ നിഴലുകളുടെ ചലനം അയാളെ ഓർമപ്പെടുത്തുന്നത് വിഗതകുമാരനെയാണ്. സ്ക്രീനിൽ  സിനിമ കാണുന്ന കൌതുകത്തോടെ അയാൾ അത് ജാനറ്റിനോട് പറയുന്നു. അത് വിഗതകുമാരനല്ലേ എന്ന് ചോദിക്കുന്ന സമയം നിഴലുകൾ കരിയില ശബ്ദം ഉണ്ടാക്കി കൊണ്ട് വേഗത്തിൽ ആടുകയാണ്.  ഡാനിയലിന്റെ ശ്വാസഗതിയും അത് പോലെ വേഗത്തിലാകുന്നു. പിന്നെ പെട്ടെന്ന് നിലക്കുന്നു. ആ സമയം കരിയിലകളുടെ ശബ്ദവും നിഴലുകളുടെ ആട്ടവും നിലക്കുകയാണ്. മരണത്തിന്റെ നിഴലുകളിൽ വരെ സിനിമയെ കാണാൻ സാധിച്ച ഡാനിയലിന്റെ ജീവിത കഥ അവിടെ അവസാനിക്കുന്നു. ചരിത്രം തുടങ്ങുകയും ചെയ്യുന്നു.

വിഗതകുമാരന്റെയും മലയാള സിനിമയുടെയും  പിതാവായ ജെ. സി. ഡാനിയലിന് വളരെ വൈകിയ വേളയിലെങ്കിലും ഒരു സിനിമയിലൂടെ കൊടുക്കുന്ന പൂർണ ആദരവും സമർപ്പണവും കൂടിയാണ് കമലിന്റെ സെല്ലുലോയ്ഡ് എന്ന് പറയാതെ വയ്യ.  ആ അർത്ഥത്തിൽ, മലയാള സിനിമാ ചരിത്രത്തെ  തികഞ്ഞ ആത്മാർത്ഥതയോടെ, അതിന്റേതായ മികവോടെ അഭ്രപാളിയിൽ ആവിഷ്ക്കരിക്കുകയും, അതോടൊപ്പം ഈ സിനിമ നിർമ്മിക്കുന്നതിനും കൂടി സന്മനസ്സ് കാണിക്കുകയും ചെയ്ത കമൽ തന്നെയാണ് മലയാള സിനിമയുടെ എന്നെന്നത്തെയും ചരിത്രകാരൻ.

* ഇ മഷി മാഗസിന്‍ ലക്കം എട്ടിൽ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി . 

-pravin-

58 comments:

 1. ഒരു സിനിമയുടെ മിക്കവാറും എല്ലാ സാങ്കേതിക വശങ്ങളെയും സ്പര്‍ശിച്ചുകൊണ്ടുള്ള നല്ലൊരു വീക്ഷണം. വളരെ നന്നായി എഴുതി. ആശംസകള്‍

  ReplyDelete
  Replies
  1. ഈ വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി രോസ്ലി ചേച്ചീ ..

   Delete
 2. നന്നായി എഴുതി എന്ന് താങ്കളുടെ എല്ലാ എഴുത്ത് വായിച്ചാലും കമാന്റാൻ തോന്നും, പക്ഷെ അത് പറയാതിരിക്കാനും വയ്യ,
  ഇത്ര നന്നായി എഴുതിയ മറ്റൊരു റിവ്യു ഈ സിനിമയെ കുറിച്ച് ഞാൻ വായിച്ചിട്ടില്ല.

  ആശംസകൾ

  ReplyDelete
  Replies
  1. ഹൃദയം നിറഞ്ഞ നന്ദി ഷാജു ..

   Delete
 3. നല്ലൊരു പഠനം, നല്ല ഭാഷയിൽ പ്രവീൺ അവതരിപ്പിച്ചു. സെല്ലുലോയ്ഡ് എന്ന സിനിമയുടെ വിവിധവശങ്ങൾ അക്കമിട്ട് വിശകലനം ചെയ്തുകൊണ്ട് ഒരു സിനിമയെ കാണുന്നത് എങ്ങിനെ ആയിരിക്കണം എന്നുകൂടി പ്രവീൺ ഇവിടെ പറഞ്ഞുതരുന്നു.....

  സാധാരണ ബ്ലോഗ് പോസ്റ്റുകളുടെ ശൈലിയിൽ നിന്നും ഏറെ ഉയരത്തിൽ നിൽക്കുന്ന ഈ ലേഖനം മുഖ്യധാരാമാധ്യമങ്ങളിൽ സാധാരണയായി കണ്ടുവരാളുള്ള സിനിമാനിരീക്ഷണങ്ങളേക്കാൾ ഏറെ നിലവാരം പുലർത്തുന്നു. സൈബർ സ്പേസിലെ വായനയും കടന്ന് വിപുലമായ ഒരു വായനാസമൂഹത്തിനുമുമ്പിൽ അവതരിപ്പിക്കേണ്ടതാണ് ഈ ലേഖനം എന്നാണ് എന്റെ അഭിപ്രായം

  ReplyDelete
  Replies
  1. സത്യത്തിൽ ഇതെഴുതുന്ന സമയത്ത് ഇങ്ങിനൊരു അഭിപ്രായമോ വിലയിരുത്തലുകളോ ഒന്നും പ്രതീക്ഷിച്ചല്ല ഞാൻ എഴുതിയത് . സാധരണ നമ്മൾ ബ്ലോഗുകളിൽ കഥയും കവിതയും ലേഖനവും എഴുതുമ്പോൾ നല്ല അഭിപ്രായങ്ങൾ കേൾക്കാൻ കൊതിക്കാറുണ്ട് .. പക്ഷെ എന്റെ ഈ ബ്ലോഗിലെ ഒരു പോസ്റ്റ്‌ എഴുതുമ്പോഴും ആ ചിന്ത എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല . ഒരു സിനിമയെ കുറിച്ചുള്ള നമ്മുടെ വ്യക്തിപരമായ അഭിപ്രായം അല്ലെങ്കിൽ നിരീക്ഷണം പങ്കു വക്കാനുള്ള ഒരിടം മാത്രമായാണ് ഈ ബ്ലോഗിനെ ഞാൻ ഉപയോഗിച്ചിട്ടുള്ളത് . അഭിപ്രായങ്ങൾക്ക് പകരം സിനിമ കണ്ട ഒരാളെങ്കിൽ ഒരാൾ അതെ കുറിച്ച് സമാനമായതോ വിപരീതമായതോ ആയ നിരീക്ഷണങ്ങൾ പങ്കു വച്ചിരുന്നെങ്കിൽ എന്ന് മാത്രമാണ് ഇതിലൂടെ ഞാൻ ആഗ്രഹിച്ചത്‌ .

   ഇ മഷി മാഗസിനിലേക്കു കുറെ തവണയായി സിനിമാ നിരീക്ഷണങ്ങൾ പങ്കു വച്ചിരുന്നു . കഴിഞ്ഞ തവണ ഒരു വായനക്കാരന്റെ പ്രത്യേക നിർദ്ദേശ- അഭിപ്രായ പ്രകാരമാണ് അൽപ്പം കൂടി വിപുലമായി എഴുതാൻ തീരുമാനിച്ചത് .. അത് വരെ എഴുതിയിരുന്നതിൽ കഥയും കഥാപാത്രങ്ങളുമാണ് കൂടുതൽ വിലയിരുത്തപ്പെട്ടിരുന്നത് . മറ്റു വശങ്ങളെ കുറിച്ച് എഴുതിയാൽ അതെത്രത്തോളം അളവിൽ വായനക്കാർക്ക് ആസ്വാദനാജനകമാകും എന്ന ആശങ്ക ഉണ്ടായിരുന്നതു കൊണ്ട് പലപ്പോഴും പഴയ രീതി തന്നെ തുടരേണ്ടി വന്നു .. ഇത്തവണത്തെ എഴുത്ത് ഒരു പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയതാണ് .. അത് എല്ലാവർക്കും ഇഷ്ടമായി എന്നറിയുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ..

   ആഗ്രഹിക്കാതെ കിട്ടുന്ന സൗഭാഗ്യം പോലെ , പ്രദീപേട്ടന്റെ ഈ അഭിപ്രായവും നിരീക്ഷണവും എന്നെ ഇന്ന് മത്തു പിടിപ്പിച്ചു .. ഞാൻ ഇങ്ങിനെ നന്നായി എഴുതിയോ എന്ന് എനിക്ക് ഇപ്പോഴും തൊന്നുന്നില്ല.. അങ്ങിനെ സംഭവിച്ചു പോയതായിരിക്കാം.. എന്നാലും ഇക്കൂട്ടത്തിൽ പ്രദീപേട്ടൻ തന്ന ഈ അഭിപ്രായത്തെ ഈ ബ്ലോഗിന് കിട്ടിയ അവാർഡ് പോലെ ഞാൻ കരുതുന്നു ..

   പറഞ്ഞാൽ തീരാത്ത അത്രക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു പ്രദീപേട്ടാ ..

   Delete
 4. വളറെ ഉന്നത നിലവാരം പുലര്‍ത്തുന്നു ഈ ലേഖനം. അഭിനന്ദനങ്ങള്‍.

  ReplyDelete
  Replies
  1. ഈ വായനക്കും നല്ല അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി എച്മൂ ..

   Delete
 5. പ്രദീപ്‌ മാഷ്‌ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്ത ലിങ്കിലൂടെ ഇവിടെ എത്തി.

  വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ച സിനിമാ വിശകലനം. തികച്ചും നന്നായി എഴുതിയ ഈ വിശകലനം പ്രദീപ്‌ മാഷ്‌ പറഞ്ഞ പോലെ വിപുലമായ വായന ആവശ്യപ്പെടുന്നു.

  അഭിനന്ദനങ്ങള്‍ ..പ്രവീണ്‍

  ReplyDelete
  Replies
  1. ഇ മഷിക്കു വേണ്ടി എഴുതിയതാണ് ഈ ലേഖനം . മനസ്സിൽ തോന്നിയ പോലെ എഴുതി .. അത് ഇത്രയ്ക്കു നന്നായെന്നു പറയുമ്പോൾ വളരെയധികം സന്തോഷം .. ഇത് പോലുള്ള അഭിപ്രായങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ എഴുതിയത് കൊണ്ടാകാം ഇങ്ങിനെ നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ട് .. നന്ദി വേണുവേട്ടാ ..

   Delete
 6. അഭിനന്ദനങ്ങൾ പ്രവീണ്‍.. അത്രയും നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറഞ്ഞു.

  ReplyDelete
 7. മുകളിൽ പലരും സൂചിപ്പിച്ച പോലെ എത്ര വസ്തുനിഷ്ടമായി എഴുതിയിരിക്കുന്നു .
  കൂടുതൽ പേര് വായിക്കട്ടെ എന്ന് ആശംസിക്കുന്നു

  ReplyDelete
 8. സൂക്ഷ്മമായ നിരീക്ഷണം. നല്ലയിൽ ഭാഷയിൽ എഴുതിയ ലേഖനം മികച്ച നിലവാരം പുലർത്തി.

  അഭിനന്ദനങ്ങൾ പ്രവീണ്‍

  ReplyDelete
 9. പല മാധ്യമങ്ങളിലും ഈ സിനിമയെ കുറിച്ച് വന്ന ലേഖനങ്ങൾ വായിച്ചിരുന്നു . പക്ഷേ അതിൽ എല്ലാം സിനിമയുടെ ഏതെങ്കിലും ഒരു പ്രത്യേകതയെ കുറിച്ച് മാത്രമാണ് പ്രദിപാദിചിരുന്നത് . അതിൽ നിന്നും വ്യത്യസ്ഥമായി സിനിമയുടെ സമഗ്ര അവലോകനം നടത്തിയിട്ടുണ്ട് പ്രവീണ്‍ . തീർച്ചയായും ഇത് ബ്ലോഗിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടുന്ന ലേഖനമല്ല . ഭാഷയുടെ കാര്യത്തിലും വളരെ പക്വമായ സമീപനം സ്വീകരിച്ചിരിക്കുന്നു . തുടരുക .

  ReplyDelete
  Replies
  1. ഇവിടെ ഈ സിനിമ റിലീസ് ആവാൻ ഒരിത്തിരി വൈകി .. അത് കൊണ്ട് തന്നെ കാണാനും വൈകി .. ചില സിനിമകൾ തിയേറ്ററിൽ പോയി കാണുന്ന സമയത്ത് ശരിക്കും സിനിമയിലേക്ക് നമ്മൾ അലിഞ്ഞു പോകും വിധമുള്ള സീനുകൾ ഉണ്ടാകാറുണ്ട് .. ഈ സിനിമയിൽ എനിക്കത് കാര്യമായി അനുഭവപ്പെട്ടത് കൊണ്ടാകാം ഒരു പക്ഷെ നന്നായി എഴുതാൻ കഴിഞ്ഞതെന്ന് വിശ്വസിക്കുന്നു ..

   എന്തായാലും സന്തോഷമുണ്ട് .. ഈ ആസ്വാദന കുറിപ്പ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ .. നന്ദി വിനീത

   Delete
 10. അഭിനന്ദനങ്ങൾ പ്രവീണ്‍..

  ReplyDelete
 11. വളരെ നല്ല ലേഖനം

  ReplyDelete
 12. സിനിമ കണ്ടിരുന്നു.
  കൃത്യമായ നിരീക്ഷണം. നല്ല അവലോകനം.
  വിശദമായി എല്ലാ ഭാഗവും പരാമര്‍ശിച്ചു. പലരും എഴുതുന്നതുപോലെ, അത് ചെയ്യാമായിരുന്നു, ഇതുകൂടി ആവാമായിരുന്നു, എങ്കില്‍ കുറേക്കൂടി നന്നാക്കാമായിരുന്നു എന്നൊന്നും പറയാതെ, ഉള്ളതില്‍ നിന്ന് നല്ലതും മെച്ചെപ്പെടേണ്ടതും വേര്‍തിരിച്ചുകാണിക്കുന്നു. ആ നിഴല്‍ ചലനങ്ങള്‍ ചിത്രം കണ്ടപ്പോള്‍ ശരിക്കും മനസ്സില്‍ തട്ടിയിരുന്നു. അഭിനന്ദനങ്ങള്‍.

  ReplyDelete
  Replies
  1. നന്ദി സോണി ചേച്ചീ .. ഈ നല്ല വാക്കുകൾക്കും അഭിപ്രായത്തിനും .. സിനിമയിലെ ആ സീനുകൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു .. അത് മനസ്സിൽ തട്ടും വിധം തന്നെ കമൽ ചിത്രീകരിച്ചിട്ടും ഉണ്ട് ..

   Delete
 13. അവലോകനം നന്നായി!

  മലയാള സിനിമയുടെ പിതാവ് ജെ.സി.ദാനിയല്‍ ആണെന്ന് മുന്നേ കേട്ടിരുന്നു. പക്ഷെ അദ്ദേഹം ജീവിച്ച, ആദ്യത്തെ സിനിമ നിര്‍മിച്ച, പ്രദര്‍ശിപ്പിച്ച അതേ മണ്ണില്‍ ചവിട്ടിയാണ് ഞങ്ങള്‍ നിത്യവും നടക്കുന്നതെന്ന് കേട്ടത് ഒരു ഞെട്ടലോടെ ആയിരുന്നു.

  തിരുവനന്തപുരത്ത് ആണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ "ശാരദാവിലാസം" സ്റ്റുഡിയോ ഇന്നത്തെ പട്ടം പി.എസ്.സി ഓഫീസിനു എതിര്‍വശത്തുള്ള "നികുഞ്ജം സരസ്സ്" എന്ന ഷോപ്പിംഗ്‌ കോമ്പ്ലെക്സ് നില്‍ക്കുന്നിടതാണ് ഉണ്ടായിരുന്നത്. ആരും സംരക്ഷിക്കാന്‍ ഇല്ലാതിരുന്ന്, രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ആ കെട്ടിടം പൊളിച്ചുമാറ്റിയാണ് ഇപ്പോള്‍ ഷോപ്പിംഗ്‌ കോമ്പ്ലെക്സ് നിര്‍മിച്ചിരിക്കുന്നത്.

  കാപിറ്റോള്‍ തീയേറ്റര്‍ ഉണ്ടായിരുന്നത് ഇന്നത്തെ സ്റ്റാച്യൂവിലെ ഏജീസ്‌ ഓഫീസിനു പടിഞ്ഞാറ് ഭാഗത്തും. ഇപ്പോള്‍ ആ സ്ഥലത്തുകൂടിയാണ് എം.ജി റോഡ്‌ പോകുന്നതെന്ന് കരുതുന്നു.

  ഇപ്പോള്‍ ഈ സ്ഥലങ്ങളിലൊക്കെ പോകുമ്പോള്‍ പഴയ ചരിത്രം കണ്ണിന് മുന്നില്‍ തെളിയുകയാണ്... എത്രയൊക്കെ സഹിച്ചാണ് നമ്മുടെ പൂര്‍വികര്‍ നമുക്ക്‌ ഈ ഭാഗ്യമെല്ലാം കൊണ്ടുതന്നത്...!

  എല്ലാം ഓര്‍ക്കാന്‍ സെല്ലുലോയിഡ് ഒരു കാരണമാകുന്നു.

  ReplyDelete
  Replies
  1. ഈ കുറിപ്പിനും അഭിപ്രായത്തിനും എല്ലാം ഒരുപാട് നന്ദി വിഷ്ണൂ ..

   Delete
 14. രീതി മാറ്റി എഴുതിയപ്പോൾ നല്ല സുഖമുണ്ട് വായിക്കാൻ.., പഴയവ ഞാനൊന്നു ഓടിച്ചു വായിക്കാറേ ഉണ്ടായിരുന്നുള്ളൂ.. പക്ഷേ ഈ ലേഘനം എന്നെ ഇരുത്തി വായിപ്പിച്ചു കളഞ്ഞു. ഞാനിവിടെ തിയേറ്ററിൽ പോയി കണ്ട സിനിമയാണിത്, എങ്കിലും അതിലും നല്ലൊരു ഫീൽ നൽകാൻ പ്രവീണിനു കഴിഞ്ഞു... അഭിനന്ദനങ്ങൾ...

  ReplyDelete
 15. സിനിമ എനിക്ക് കാണാനിതു വരെ സാഹചര്യം ഒത്ത് വന്നില്ല. ഇ മഷിയിൽ ഈ ലേഖനം വന്നപ്പോൾ തന്നെ സിനിമ കാണണമെന്ന് വിചാരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പല സിനിമകളും ഞാൻ കാണുന്നത് തന്നെ പ്രവീണിന്റെ ബ്ലോഗ് വായിച്ചിട്ട് തന്നെയാണു. എല്ലാത്തവണത്തേക്കാളും മികച്ച് നിൽക്കുന്ന ഒരു നിരൂപണമാണിത്തവണത്തെ എന്നത് കമന്റുകളിൽ നിന്നു തന്നെ വ്യക്തമാണല്ലോ. എഴുത്തുകാരന്റെ ഉത്തരവാദിത്വം വർദ്ധിക്കുന്നുവെന്നത് തൂലികയ്ക്ക് ഭാരം കൂട്ടാനിടയാക്കരുത്. വ്യത്യസ്തമായ വഴികളിൽ കൂടെ സഞ്ചരിക്കുമ്പോഴാണു പലതും കണ്ടെടുക്കാൻ സാധിക്കുന്നത്. വഴിമാറി നടന്ന് മുത്തും പവിഴങ്ങളുമൊക്കെയായി ഇനിയും പ്രവീണിന്റെ ബ്ലോഗ് നിറക്കൂ..എല്ലാ വിധ ആശംസകളും..

  ReplyDelete
  Replies
  1. എന്റമ്മോ .. മുത്തും പവിഴവുമൊ .. ഹി ഹി .. എനിക്ക് വയ്യ ... നവാസ് ഭായ് .. എന്റെ എഴുത്ത് എങ്ങിനെ ഇങ്ങിനെയൊക്കെ ആയിപ്പോയി എന്നാണു ഞാൻ ഇപ്പോഴും ചിന്തിക്കുന്നത് .. എന്തായാലും ഇനി മുതൽ ഗൌരവമായി എടുക്കുന്നു ... നന്ദി നവാസ് ..

   Delete
 16. ഉന്നത നിലവാരം പുലര്‍ത്തുന്നു ഈ ലേഖനം. അഭിനന്ദനങ്ങള്‍.

  റോസിയായിരുന്നു സവര്‍ണരുടെ മുഖ്യ ശത്രു. ദലിത് സ്ത്രീ സവര്‍ണ സ്ത്രീയായി അഭിനയിച്ചുവെന്നതു മഹാപാതകമായി സവര്‍ണര്‍ കണ്ടു. മൂന്നാം ദിവസം നവംബര്‍ 10നോ മറ്റോ രാത്രി റോസിയുടെ വീട് സവര്‍ണര്‍ കത്തിച്ചു. ജീവന്‍ രക്ഷിക്കാനായി കരമന പാലം വരെയാണു രാത്രി ഇവരോടിയത്.

  കരമന എത്തിയപ്പോള്‍ തിരുവനന്തപുരത്തേക്കു വന്നൊരു ലോറിക്കു മുമ്പില്‍ രണ്ടു കൈയുമുയര്‍ത്തി അഭയാര്‍ഥിയെപ്പോലെ നിന്നു. റോസി തമിഴ്നാട്ടിലെ ബനിയന്‍ കമ്പനിയിലും നെയ്ത്തുശാലയിലും ജോലി ചെയ്തിരുന്നു. രാജമ്മാള്‍ എന്നായിരുന്നു പിന്നീടുള്ള പേര്. തമിഴ്ചേലയൊക്കെ ചുറ്റിയാണ് അവിടെ താമസിച്ചിരുന്നത്. അഞ്ചു മക്കളില്‍ മൂന്നുപേരും മരിച്ചു. പത്മ മധുരയിലാണ്. ഈ പ്രശ്നങ്ങള്‍ കാരണം ഭാര്യയുടെ നാട്ടിലാണു താമസിക്കുന്നത്. ഡാനിയല്‍ മരിക്കുമ്പോള്‍ ഈ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 2001നു ശേഷമാണു വിവരങ്ങള്‍ പുറത്തുവന്നുതുടങ്ങിയത്.

  ReplyDelete
  Replies
  1. നന്ദി ഇടശ്ശേരിക്കാരാ .. അഭിപ്രായത്തിൽ ഉപരി നല്ലൊരു കുറിപ്പ് സമ്മാനിച്ചതിന് .. റോസി സിനിമയുടെ മാത്രം വേദനയല്ല ചരിത്രത്തിന്റെ കൂടി വേദനയാണ് ..

   Delete
 17. നല്ലൊരു ലേഖനം തന്നെ...സെല്ലുലോയിട് എന്ന സിനിമയുടെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയ ഒരു നിരൂപണം ..സാധാരണയില്‍ നിന്നും വ്യത്യസ്തമാക്കി എഴുതിയ ഈ അവതരണത്തിനു ആശംസകള്‍.. കേട്ടാ അതെന്നെ..

  ReplyDelete
  Replies
  1. ഹൃദയം നിറഞ്ഞ നന്ദി ഇമ്തീ .. ഈ വായനക്കും അഭിപ്രായത്തിനും .

   Delete
 18. അഭിനന്ദനങ്ങള്‍ ...

  ReplyDelete
 19. പ്രവീണ്‍ ശേഖര്‍ നല്ല അവലോകനം ...ആശംസകൾ ......ഇതിന്റെ എഡിറ്റിംഗിന്റെ കാര്യത്തിൽ,സീൻ ഓഡർ ശരിയാക്കുന്നതിൽ സംവിധായകന്റെയും നിർദ്ദേശവും അഭിപ്രായവും ഉണ്ടാകും കേട്ടോ...ഒരു സീൻ എവിടെ വരണം എന്ന് സംവിധായകനാ തീരുമാനിക്കുന്നത്...അപ്പോൾ അതിന്റെ ക്രേഡിറ്റ് ഇരുവർക്കുക്ം കൂടിയാണ്‌....

  ReplyDelete
  Replies
  1. തീർച്ചയായും യോജിക്കുന്നു . സംവിധായകൻ തന്നെയാണ് കപ്പിത്താൻ . എങ്കിൽ പോലും എഡിറ്റിങ്ങിൽ creative ആയി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് സംവിധായകനെ ആദ്യം convince ചെയ്യിക്കുന്നത് എഡിറ്റർ തന്നെയാകുമല്ലോ . പിന്നീടുള്ള അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ചർച്ചകൾക്കും ശേഷമല്ലേ അത് വേണ്ടെന്നോ വേണമെന്നോ സംവിധായകൻ തീരുമാനിക്കുന്നത് ? അങ്ങിനെയെങ്കിൽ എഡിറ്റർക്കും സിനിമയിൽ വ്യക്തമായ റോൾ ഇല്ലേ .. എന്റെ കുറഞ്ഞ അറിവിലാണ് ഞാൻ പറയുന്നത് .. ചന്തുവേട്ടന്റെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു .

   Delete
 20. "ഹാരിസ് ഡാനിയലിന്റെ രംഗ പ്രവേശവും അനുബന്ധ സംഭാഷണങ്ങളും സിനിമയുടെ അവസാന ഭാഗത്തേക്ക് വെട്ടി മാറ്റിയത് ഉചിതമായ തീരുമാനമാണ്. ഇതല്ലാത്ത മറ്റൊരു രീതിയിൽ കത്രിക ചലിപ്പിക്കാൻ രാജഗോപാൽ തയ്യാറായിരുന്നെങ്കിൽ പ്രേക്ഷകന് ഹാരിസ് ഡാനിയൽ എന്ന കഥാപാത്രത്തെ ആദ്യമേ പരിചയപ്പെടേണ്ടി വന്നേനെ. തന്മൂലം ആ കഥാപാത്രത്തിനു സിനിമയുടെ അവസാനത്തിൽ ഇത്ര കണ്ടു സജീവമായി ഇടപടാനും സാധിക്കുമായിരുന്നില്ല. ആ തലത്തിൽ നോക്കുമ്പോൾ രാജഗോപാലിന്റെ കത്രിക മികച്ച ഒരു തീരുമാനം തന്നെയാണ് കൈക്കൊണ്ടതെന്ന് പറയാം." ഈ സീൻ ഇങ്ങനെ തന്നെ തിരക്കഥയിൽ ഉള്ളതാണ്.സംവിധായകൻ തന്നെയാണ് തിരക്കഥാ രചയിതാവും..എഡിറ്റർ അതുപൊലെ തന്നെ അതു എഡിറ്റ് ചെയ്തു ചേർക്കുന്നൂ...ഇനി എഡിറ്ററുടെ രോൾ... ഒരു സീൻ,അല്ലെങ്കിൽ ഷോട്ടുകൾ മൂന്നും നാലും,ചിലപ്പോൾ പത്ത് തവണയെങ്കിലും എടുക്കേണ്ടതയി വരും...ചിലപ്പോൾ അഭിനയം ശാരിയായില്ലാ എന്ന് സംവിധായകനു തോന്നിയാൽ,അല്ലെങ്കിൽ വേറെ വേറെ ആങ്കിളുകളിൽ വച്ചു എടുത്തിട്ടുള്ളത്,അതുമല്ലെങ്കിൽ മൂന്നോ നാലോ ക്യാമറകൾ വച്ച് ചിത്രീകരിച്ചത്..... ഇതിൽ നല്ലതേതെന്നും,അല്ലെങ്കിൽ കഥക്ക് ‘സുന്ദര ഭാവം”കൈ വരുവാൻ എതുഷോട്ടാണോ നല്ലത് എന്ന് തീരുമനിക്കുന്നത് എഡിറ്റർ ആണ്‌.അവിടെയും സംവിധായകൻ കൂടെ ഉണ്ടാകും....ഒരു സംവിധായകന് എഡിറ്റിംഗിന്റെ സാങ്കേതിക വശം അറിഞ്ഞിരിക്കണം എന്നില്ലാ..എന്നാൽ അതു അറിയാവുന്ന എഡിറ്ററുടെ സാങ്കേതിക വശത്തിലല്ലാ മറിച്ച് കഥ ഗതിയുടെ പോക്ക് തീരുമാനിക്കുന്നത് സംവിധായകൻ തന്നെ പ്രെത്യേകിച്ച് ഇത്തരം സിനിമകളിൽ...സ്റ്റണ്ട്,പാട്ട് സീനുകളിൽ മിക്കവാറും എഡിറ്റർമാരുടെ കരവിരുതിൽ ചില സംവിതായകർ ഇടപെടാറീല്ലാ.....പിന്നെ എഡിറ്ററിന്റെ ചില നല്ല അഭിപ്രായങ്ങൾ സംവിധായകർ അംഗീകരിക്കുകയും ചെയ്യാറുണ്ട്......creative ആയി എന്തെങ്കിലും ഉപയൊഗീക്കുന്ന എഡിറ്റർമാരും നമുക്കുണ്ട്...പിന്നെ കമലിനെ പോലെയുള്ള ഒരു സംവിധായകൻ...ഓരോ ഷോട്ടും തന്റെ ഇഷ്ടത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്..... ഞാൻ പറഞ്ഞത്..പ്രവീണിനു മനസിലായെന്ന് വിശ്വസിക്കുന്നൂ.....

  ReplyDelete
  Replies
  1. മനസിലായി ചന്തുവേട്ടാ .. വളരെ വ്യക്തമായി വിശദീകരിച്ചു പറഞ്ഞതിന് ഒരായിരം നന്ദി . ഇപ്പോൾ ഈ സിനിമയിൽ നമ്മൾ പറഞ്ഞ സീനിന്റെ കാര്യത്തിൽ ഒരു സംശയം കൂടിയുണ്ട് . തിരക്കഥയിൽ ആ സീൻ അങ്ങിനെ തന്നെയാകും എന്ന് നമുക്ക് ഉറപ്പു പറയാമോ ?

   ഒരു പക്ഷെ തിരക്കഥയിൽ പറയുന്നത് മറ്റൊരു രീതിയിൽ ആണെങ്കിലോ ? അതായത് , ആദ്യ സീനിൽ മധ്യവയസ്ക്കാനായ ഹാരിഷ് ബസിന്റെ ജനാലയിലൂടെ പുറത്തെ തിയേറ്ററിലെ വാദ്യഘോഷങ്ങൾ ശ്രദ്ധിക്കുന്നു . അതിനു ശേഷം ചേലങ്ങാട്ട് സദസ്സിനെ അഭിമുഖീകരിക്കുന്ന സീൻ , ഡാനിയലിനെ കുറിച്ചുള്ള ഒരു ചെറു വിവരണത്തിന് ശേഷം മുഖ്യാതിഥിയായ ഹാരിഷിനെ സ്റ്റെജിലേക്ക് ക്ഷണിക്കുന്നു .. കട്ട് .. പിന്നീട് ഫ്ലാഷ് ബാക്കിലേക്ക്‌ പോകുകയോ മറ്റോ ചെയ്യുന്നതായാണ് തിരക്കഥ എങ്കിൽ .. അവിടെ ഹാരിഷ് ആരാണ് എന്ന് പറയാതെ തന്നെ മറ്റൊരു രീതിയിൽ സസ്പെന്സ് നില നിർത്താനാണ് തിരക്കഥാകൃത്ത് ആഗ്രഹിച്ചിരുന്നതെങ്കിൽ .. ആ നിലക്ക് നോക്കുമ്പോൾ എഡിറ്റർക്ക് വേണമെങ്കിൽ അതിൽ നല്ല നിർദ്ദേശം സംവിധായകനുമായി പങ്കു വച്ച് കൂടെ ? അത്തരത്തിലുള്ള ഘട്ടങ്ങളിൽ ഒരു പക്ഷെ സംവിധായകനെക്കാൾ കൂടുതൽ ഉൾക്കാഴ്ച എഡിറ്റർക്കും ഉണ്ടായിക്കൂടെ .. ആ രീതിയിലാണ് ഈ സിനിമയിൽ സംഭവിച്ചതെന്ന് ഞാൻ അനുമാനിച്ചതാണ് കേട്ടോ .. അത് കൊണ്ടാണ് അത്തരത്തിൽ എഡിറ്റർക്ക് ഒരൽപ്പം പ്രാധാന്യം നല്കി കൊണ്ട് എഴുത്തിൽ പരാമർശിച്ചത് .

   ചന്തുവേട്ടനെ പോലുള്ളവർ ഇത്തരം കാര്യങ്ങൾ ഞങ്ങൾക്ക് മനസിലാക്കി തരുമ്പോൾ കൂടുതൽ പഠിക്കാൻ ഉള്ള അവസരവും കൂടി കിട്ടുകയാണ് . ആരഭിയിൽ അങ്ങിനെയുള്ള ലേഖനങ്ങൾ രണ്ടു തവണ ഞാൻ വായിച്ചിരുന്നു . ഇനിയും പ്രതീക്ഷിക്കുന്നു .. നന്ദി ചന്തുവേട്ടാ

   Delete
 21. പൂർണ്ണതയുള്ള ഒരു സിനിമയിൽ ഏതൊരു സംവിധായകനും,മുഴുവൻ തിരക്കഥ എഴുതിക്കഴിഞ്ഞിട്ടേ അത് ക്യാമറയിൽ പകർത്തൂ... ചിലപ്പോൾ ചിത്രീകരണം നടക്കുമ്പൊൽ തന്നെ പുതിയ ഒരു സീൻ ക്രീയേറ്റ് ചെയ്തെന്നിരിക്കും എന്നാലും ആ സീൻ സിനിമയിൽ എവിടെ ഉൾക്കൊള്ളിക്കണം എന്ന് അപ്പോൾ തന്നെ സീൻ നമ്പർ ഇട്ട് വയ്ക്കും....ആ സീൻ ഓഡറാണ് പിന്നെ എഡിറ്ററുടെ റ്റേബിളിൽ എത്തുന്നത്... സീൻ നന്മ്പർ ക്ലാപ്പ് ബോർഡിൽ എഴുതി ഓരോ സീൻ എടുക്കുന്നതിനു മുൻപേ ഷൂട്ട് ചെയ്യുന്നത് ശ്രധിച്ചിരിക്കുമല്ലോ... ആ നമ്പറൂം,എഡിറ്ററൂടെ റ്റേബിളിൽ എത്തുന്ന തിരക്കഥയും ഒത്ത് നോക്കി മാത്രമേ ഒരു എഡിറ്റർക്ക് എന്തും ചെയ്യാൻ സാധിക്കുകയുള്ളൂ..... പിന്നെ ചില സ്റ്റോക്ക് ഷോട്ടുകൾ എഡിറ്റർ തന്റെ ഭാവനക്കനുസരിച്ച് ഉപയോഗിക്കറൂണ്ട്..... നമ്മൾ ഷൂട്ട് ചെയ്തു കൊണ്ടീരിക്കുമ്പോൾ അസ്തമയമായി എന്നു വിചാരിക്കുക.... ക്യാമറാമാൻ അതു ചിലപ്പോൾ ക്യാമറയിൽ പകർത്തും...അങ്ങനെയുള്ളവയും,ചിലപ്പോൾ എഡിറ്റർ അത് സിനിമയിലേയ്ക്കു ഉപയോഗിക്കാറുണ്ട്..................

  ReplyDelete
  Replies
  1. നന്ദി ചന്തുവേട്ടാ .. എന്റെ സംശയങ്ങൾ തീർക്കാൻ വീണ്ടും സമയം കണ്ടെത്തിയതിന് . ഇത് എന്നെ പോലെ മറ്റു വായനക്കാർക്കും ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു .
   ...

   അപ്പോൾ സംവിധായകൻ തിരക്കഥ എഴുതുന്ന സമയത്ത് തന്നെ സീൻ ഓർഡർ ചെയ്തു വച്ചിട്ടുണ്ടാകും . അല്ലെ . സീൻ നമ്പർ 1 a , b , c , സീൻ 2 എന്നിങ്ങനെ എഴുതുന്ന രീതിയിൽ തന്നെയാണ് എഡിറ്റിംഗ് നടക്കുന്നത് എന്ന് തന്നെയല്ലേ ചന്തുവേട്ടൻ ഉദ്ദേശിച്ചത് ? എഡിറ്റ്‌ ചെയ്യുന്ന സമയത്ത് സംവിധായകന്റെ നിർദ്ദേശം അനുസരിക്കുക എന്നത് മാത്രമാണോ എഡിറ്ററുടെ ജോലി . നല്ല നിർദ്ദേശങ്ങൾ സംവിധായകർ സ്വീകരിക്കില്ലെ ? ബെസ്റ്റ് എഡിറ്റിംഗ് അവാർഡ് കൊടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് ?

   സ്റ്റോക്ക് ഷോട്ടുകൾ എന്ന് പറഞ്ഞപ്പോൾ എനിക്ക് ഓർമ വരുന്നു . പലപ്പോഴും സിനിമയുടെ ഇടയിൽ കടന്നു വരുന്ന സീനുകൾ അങ്ങിനെ എടുത്തത് തന്നെയായിരിക്കും ല്ലേ . അത് ചില സിനിമകളിൽ മികച്ചതായി തോന്നാറുണ്ട് .

   Delete
 22. ഒരു സംവിധായകൻ പ്രാക്റ്റിക്കലയി എഡിറ്ററുടെ ജോലി അറിഞ്ഞിരിക്കണം എന്നില്ല... ഉദാ: ഒരു കമ്പ്യൂട്ടർ സ്ഥപനത്തിന്റെ അധിപനാണ് ഞാൻ... എനിക്ക് കമ്പ്യൂട്റ്റർ ഹാർഡ് വെയർ,അല്ലെങ്കിൽ അതിന്റെ അസംബ്ലിംഗ് ജോലി അറിഞ്ഞിരിക്കണം എന്നില്ലാ... അതുപോലെ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന്തും ഞാൻ ആയിരിക്കില്ലാ...എന്നാൽ സിലബസ് എന്തൊക്കെയാണെന്നും, എനിക്കായ് ഉണ്ടാക്കുന്ന കമ്പ്യൂട്ടറിൽ RAM, HARD DISC എന്നിവ ഏതൊക്കെ കോൺഫികറേഷനിൽ വേണമെന്നു തീരുമാനിക്കുന്നത് ഞാനാണ്.ഇതാണ് സംവിധായകനും ചെയ്യുന്നത്... തിരക്കഥാ രചയിതാവ് ,രചൻ നിർവ്വഹിച്ച് കഴിഞ്ഞാൽ..അത് സംവിധായകനുമായി ചർച്ച ചെയ്യും..സംവിധായകന്റെ ചില നിർദ്ദേശങ്ങൾ തിരക്കതാകാരൻ ചിലപ്പോൾ സ്വീകരിക്കും...അങ്ങനെ ചർച്ച കഴിഞ്ഞ് തിരക്കഥയുടെ ഫൈനൽ ആയിക്കഴിഞ്ഞാൽ പിന്നെ അസോസി യേറ്റ് ഡിറക്റ്റർ,സംവിധാന സഹായികൾ എല്ലാവരും ഒരുമിച്ചിരുന്നു ഒരു ഷൂട്ടിംഗ് സ്ക്രിപ്റ്റ് ഉണ്ടാക്കും...അവയിൽ രംഗത്ത് അഭിനേതാക്കൾ ധരിക്കേണ്ട വേഷങ്ങളും,സീനിൽ കാണീക്കേണ്ട പ്രോപ്രർട്ടി മുതൽ എല്ലാം എഴുതി വക്കും..എന്നിട്ടാണു ഷൂട്ടിംഗ് നടത്തുന്നത്... ഒരു വീട്ടിൽ നടക്കുന സംഭവങ്ങൾ...പല സീനിലുമായിട്ടായിരിക്കും ചിതറിക്കിടക്കുന്നത്... ഇപ്പോൾ ഡാനിയലിന്റെ വീട് കാണീക്കുമ്പോൾ,5,9,20,60 എന്നീ സീനുകളിലായിട്ടായിരിക്കും.. അത് ആലൊക്കേഷനിൽ ചിത്രീകരിക്കുന്നൂ. എഡിറ്റർ അവയെ തിരക്കഥയുടെ ക്രമം അനുസരിച്ചു എഡിറ്റ് ചെയ്ത് ചേർക്കും... ആ ചേർക്കലിന്റെ കഴിവാണ് നല്ല എഡിറ്റർ എന്ന് അനുമാനിക്കുന്നത്...ഇതൊക്കെ എന്റെ “തിരക്കഥയുടെ പണിപ്പുരയിൽ” പറയുന്നുണ്ട്...എങ്കിലും തന്റേതായ ചില തീരുമാനങ്ങൾ എഡിറ്റർക്കും ഉണ്ടാകും..സത്യത്തിൽ ,സംവിധായകനും,ചിത്ര സംയോജകനും,ക്യാമറാമാനും,അഭിനേതാക്കളൂം ഒക്കെ ഒത്തു ചേർന്ന ഒരു കൂട്ടയ്മയാണ് സിനിമ..........

  ReplyDelete
  Replies
  1. ഇപ്പോൾ കാര്യങ്ങൾ ഒന്ന് കൂടി വ്യക്തമായിരിക്കുന്നു ചന്തുവേട്ടാ .. ഇനി ഒരു സംശയം കൂടിയുണ്ട് ..

   ചില സിനിമകളിലെ സീനുകളിൽ ക്ലോസപ്പ് ഷോട്ടുകൾ , ലോങ്ങ്‌ ഷോട്ടുകൾ ഒക്കെ സംഭാഷണത്തിനിടെ മാറി മാറി കാണിക്കില്ലേ , അത് സ്ക്രിപ്റ്റിൽ പറഞ്ഞ പ്രകാരം ആണോ ? ഉദാഹരണത്തിന് വില്ലൻ ഒരാളെ കൊല്ലുന്ന സീൻ ആണ് എന്ന് കരുതുക . ആദ്യം വില്ലന്റെ കാലു കാണിക്കുന്നു .. അയാള് ഇരയുടെ അടുത്തേക്ക്‌ നടന്നു നീങ്ങുന്ന ഷോട്ട് പിന്നിൽ നിന്ന് കാണിക്കുന്നു .. അയാളുടെ ചോരക്കണ്ണ്‍ കാണിക്കുന്ന സമയത്ത് തന്നെ ഇരയുടെ പേടിച്ചരണ്ട കണ്ണുകളും കാണിക്കുന്നു . അതിങ്ങനെ മാറി മാറി കാണിക്കുന്നു ,. ആ സമയത്തുള്ള സീനുകൾ ചിലപ്പോ ഇത്ര മാത്രമായിരിക്കും എന്ന് വക്കുക . എഡിറ്റിംഗ് സമയത്ത് , അതിൽ ഉള്ള സീനിനെ വീണ്ടും കട്ട് ചെയ്തു മിക്സ് ചെയ്തു കാണിക്കാൻ എഡിറ്റർക്ക് അധികാരമുണ്ടോ ?

   Delete
  2. ഷോട്ടുകൾ ഡിവൈഡ് ചെയ്യുന്നത് സംവിധായകനാണ്....സ്ക്രിപ്റ്റിൽ ഷൊട്ടുകളുടെ കാര്യം തിരക്കഥാ രചയിതാവ് എഴുതാറില്ലാ... ഇവിടെ രഗം ചടുലമാക്കാനും,കൂടുതൽ ഇഫക്റ്റ് നൽകാനും പൂർണ്ണ അവകാശം എഡിറ്റർക്കാണ്... അവിടൊക്കെയാണ് എഡിറ്ററുകളൂടെ കഴിവു പ്രകടമാക്കുന്നത്..

   Delete
  3. ഓക്കേ .. ഇപ്പോൾ ആ ഭാഗം പൂർണമായും മനസിലായി . അതായത് പറഞ്ഞു വരുമ്പോൾ സിനിമയിലെ ഒരു സീൻ എങ്ങിനെ എപ്പോൾ എന്നത് തിരക്കഥാകൃത്തിന്റെ രചനാ സ്വാതന്ത്ര്യം ആണ് . സ്ക്രിപ്പ്റ്റിലെ സീനുകൾ ഷോട്ടുകളാക്കി ഡിവൈഡ് ചെയ്യുന്നത് സംവിധായകൻ . അതിൽ തന്നെ ഉള്ള ഷോട്ടുകളെ നല്ല രീതിയിൽ മിക്സ് ചെയ്യാൻ എഡിറ്റർക്ക് സാധിക്കണം . അതെ സമയം സീനുകളുടെ നിലവിലുള്ള ഓർഡർ മാറ്റാൻ എഡിറ്റർക്ക് അവകാശമില്ല താനും .. അങ്ങിനല്ലേ ചന്തുവേട്ടാ ..

   ഇത്രയും വ്യക്തമായ വിശദീകരണം തരുകയും , സാങ്കേതിക വശങ്ങളെ ലളിതമായ ഭാഷയിൽ പറഞ്ഞു തരുകയും ചെയതതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ പറയുന്നു . എഡിറ്റിംഗ് സംബന്ധമായ ചില തെറ്റിദ്ധാരണകൾ ഈ വിശദീകരണങ്ങൾ കൊണ്ട് എനിക്ക് മാറ്റിയെടുക്കാൻ സാധിച്ചു എന്നതാണ് ഈ ചർച്ച കൊണ്ട് എനിക്കുണ്ടായ നേട്ടം .

   Delete
 23. Replies
  1. ഇരിപ്പിടം വാരികയിലെ ഈ വിലയേറിയ പരാമർശത്തിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു .

   Delete
 24. ഈ നിരൂപണം കണ്ട് അത്ഭുതപ്പെട്ടു പോയി. പുതിയൊരു പ്രവീണിനെ പരിചയപ്പെട്ടതു പോലെ..

  മനോഹരമായ ഒരു നിരൂപണം..സിനിമ കാണാനാവാതെ തന്നെ ഇതാസ്വദിക്കാനാവുന്നു.

  ആശംസകൾ

  ReplyDelete
  Replies
  1. നന്ദി വിഡ്ഢി മാൻ .. ഹി ഹി സത്യം പറഞ്ഞാൽ ഇങ്ങിനൊക്കെ അഭിപ്രായം കേൾക്കുമ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ പേടിയാണ് തോന്നുന്നത് ,. ഞാൻ ഇതിങ്ങനെ എഴുതി എന്ന് എനിക്ക് തന്നെ ഇപ്പൊ ഒരു പിടീം ഇല്ല . ഇനിയും ഇത് പോലെ എഴുതാൻ പറ്റുമോ ഇല്ലയോ എന്നുള്ളതാണ് ഇപ്പോഴത്തെ പേടി .

   എല്ലാ തവണയും എഴുതുനതിനേക്കാൾ മാറ്റി എഴുതാൻ ഞാൻ ഇത്തവണ നിർബന്ധിതനായി എന്നതാണ് സത്യം . അതിനു ഇ മഷി എഡിറ്റോറിയൽ ടീം തന്ന പ്രോത്സാഹനം ചെറുതല്ല എന്നും കൂടി ഞാൻ പറയട്ടെ ..

   Delete
 25. മനോഹരമായി വസ്തുനിഷ്ടമായി സമീപിച്ചിരിക്കുന്നു പ്രവീണ്‍. അഭിനന്ദനങ്ങള്‍...

  ReplyDelete
 26. ഇ-മഷിയില്‍ വായിച്ചപ്പോള്‍ ഇത്ര മനോഹരമായി തോന്നിയില്ല.
  എന്തും ബ്ലോഗര്‍ ഇന്റര്‍ഫേസില്‍ വായിയ്ക്കുമ്പോള്‍ അതിനൊരു ഭംഗി കൂടുമായിരിയ്ക്കും

  (ഷെരിഫ് കൊട്ടാരക്കരയുടെ ബ്ലോഗില്‍ ജെ സി ഡാനിയലിനെത്തേടി അവര്‍ നടത്തിയ യാത്രയുടെ ഒരു വിവരണമുണ്ട്.)

  ReplyDelete
  Replies
  1. ഷരീഫ്ക്കാ യുടെ ആ പോസ്റ്റ്‌ ഞാനും വായിച്ചിരുന്നു അജിത്തെട്ടാ .. സൂപ്പർ പോസ്റ്റായിരുന്നു അത് . നല്ല വിവരണം .

   Delete
 27. ഉഗ്രന്‍ നിരൂപണം. പ്രവീണിന് ചേരുന്ന പണി ഇതുതന്നെയാണ് എന്ന് തോന്നുന്നു.
  പടം കണ്ടില്ല. എന്നാല്‍ പത്രങ്ങളില്‍ വന്ന മിക്ക റിവ്യൂവും വായിച്ചു. അതില്‍ നിന്നൊക്കെ എത്രയോ മുകളിലാണ് ഈ ലെഖനത്തിന്റെ സ്ഥാനം.

  ReplyDelete
  Replies
  1. ഹി ഹി .. ജോസ്സൂ .. താങ്കു താങ്കു .. സത്യത്തിൽ ഈ എഴുത്ത് ഞാൻ പോലും അറിയാതെ എങ്ങിനെയോ സംഭവിച്ചതാണ് . ഇ മഷിക്കു വേണ്ടി എഴുതിയതാണ് . അന്ന് കുറെയധികം വിമർശനങ്ങൾ ഉണ്ടായിരുന്നു ,. അതിൽ നിന്നുണ്ടായ ഊർജ്ജം തന്നെയാണ് ഈ എഴുത്തിന്റെ മാറ്റത്തിനും കാരണമായത് .

   Delete
 28. ഇന്നലെയാണ് സിനിമ കണ്ടത്. നിന്റെ റിവ്യൂ ഒന്നുകൂടി വായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
  താങ്ക്സ്‌. :)

  ReplyDelete